Slider

വാർക്കപ്പണിക്കാരി വാസന്തി( ഭാഗം 2)

0
Image may contain: 1 person, beard and closeup

എല്ലാവരോടും നന്ദി പറയുന്നു. വാസന്തിയെ മറന്നു കാണില്ലെന്ന വിശ്വാസത്തിൽ തുടരട്ടെ.....
..............................................................
അന്നൊരു ഞായറാഴ്ച ആയിരുന്നു. സാധാരണയായി ഞായറാഴ്ച അവധിയാണ്. പക്ഷേ ഈ ഞായറാഴ്ച അത്യാവശ്യമായി പൂർത്തിയാക്കേണ്ടത് ഒരു വീടിന്റെ അവസാന മിനുക്കുപണി ആയിരുന്നു.
അന്ന് പണിക്കാരും കുറവായിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് അല്പനേരത്തെ വിശ്രമത്തിലായിരുന്നു വാസന്തി.
കൂടെ സ്ത്രീകൾ ആരും ഇല്ലാതിരുന്നതിനാൽ മനോരാജ്യത്തിലൂടെ വെറുതെ അവളൊന്നെത്തി നോക്കി.
വർഷം പത്ത് കഴിഞ്ഞു ഈ ജോലിക്കിറങ്ങിയിട്ട്... രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചു. ഇനി താഴെ രണ്ടു സഹോദരന്മാരാണ്. അവർക്ക് താഴെയാണ് രണ്ടു കുഞ്ഞനുജത്തികൾ. അവർ സ്കൂളിൽ പഠിക്കുന്നവരാണ്. അതിനാൽ ഒരാശ്വാസമുണ്ട്. അവരുടെ കാര്യങ്ങൾ വരുമ്പോഴേക്കും എന്തെങ്കിലും കരുതുവാൻ സമയമുണ്ട്...
പക്ഷേ വീടിനു മാത്രം കാര്യമായി മാറ്റങ്ങൾ ഒന്നും വന്നില്ല. .. ങാ.... സമയമുണ്ട്. .. എല്ലാം ശരിയാക്കണം.....
'വാസന്തി....'
ആരുടേയോ ശബ്ദം അവളെ ചിന്തകളിൽനിന്നും ഉണർത്തി....
അവൾ നിലത്തു വിരിച്ച ഓലക്കീറിൽ നിന്നും മെല്ലെ എഴുന്നേറ്റ് ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി...
രവിയേട്ടനാണ്...
മേസ്തരിയുടെ മകൻ... ശാന്ത സ്വഭാവക്കാരനായ ചെറുപ്പക്കാരൻ...
മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മര്യാദയും സ്നേഹവും തന്നോട് കാണിക്കാറുള്ള ഒരു അവിവാഹിതൻ... പതിവില്ലാതെ എന്തിനാണാവോ തന്നെ ഇപ്പോൾ വിളിച്ചത്....
'എന്താ രവിയേട്ടാ....'
'വാസന്തിയുടെ മനോരാജ്യം നഷ്ടമായൊ...?'
'അത് സാരമില്ല... ഇനിയും ഉണ്ടല്ലോ ഇഷ്ടംപോലെ സമയം...'
'എന്നും ഇങ്ങനെ മനോരാജ്യം കണ്ടു കിടന്നാൽ മതിയോ... അതിൽ ഒരു ജീവിതം കൂടി വേണ്ടേ...?'
'അതൊക്കെ അങ്ങനെ പോകും... പിന്നെ ജീവിതം...! അത് ഞാൻ പതിമൂന്നാമത്തെ വയസ്സിൽ എന്റെ കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചതാണ്... അത് ഇപ്പോഴും അങ്ങനെ തന്നെ....'
'അതൊക്കെ ശരിയാണ്... അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് നിന്റെ കഥ.... നിനക്ക് വേണ്ടി ഒന്നു ജീവിക്കാൻ നീ ആഗ്രഹിച്ചിട്ടില്ലെ..?'
'അല്ല... രവിയേട്ടൻ എന്താ ഉദ്ദേശ്യം... എനിക്ക് പറയാനില്ല. രവിയേട്ടന് എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിൽ തുറന്നു പറയാം. .. വെറുതെ എന്തിനാ സമയം കളയുന്നത്...?'
'നിന്റെ ഒരു കാര്യം... നിന്നെ സമ്മതിച്ചു തരാതെ നിവൃത്തിയില്ല...'
'ശരിയാ.... കുറെ വർഷം ആയില്ലേ ഈ പണി ചെയ്യുന്നു.... '
'ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... നീ നല്ലപോലെ ആലോചിച്ച് പിന്നീട് മറുപടി പറഞ്ഞാൽ മതി. ....'
'ശ്രമിക്കാം.... ഏതായാലും കാര്യം എന്തിണെന്ന് പറയൂ ആദ്യം.....'
'ഞാൻ നിന്നെ കല്ല്യാണം കഴിക്കട്ടെ...?'
'ങേ...?'
അവളൊന്നു ഞെട്ടി.... ഇതുവരെ ആരും ചോദിച്ചിട്ടില്ലാത്ത ചോദ്യം തൊട്ടു മുന്നിൽ ഇരുന്ന് ഒരു സുമുഖനായ ചെറുപ്പക്കാരൻ... അതും മേസ്തരിയുടെ മോൻ....
'എന്താ ചോദിച്ചത്....?'
'കേട്ടില്ലേ.... ഞാൻ നിന്നെ കല്ല്യാണം കഴിച്ചോട്ടെ ഏന്ന്..... നിനക്ക് സമ്മതമാണോ എന്ന്.... സമ്മതമാണെങ്കിൽ നിന്റെ വീട്ടിൽ വന്നു നിന്നെ വിളിച്ചിറക്കി കൊണ്ടു വരട്ടെ എന്ന്... കേട്ടോ.... '
അവൾക്ക് അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. ..
ആദ്യമായി അവളിലെ സ്ത്രീ ഉണർന്നു...
എന്ത് പറയണം എന്നറിയാതെ അവൾ അല്പനേരം മൗനം ഭജിച്ചു....
പിന്നീട് പറഞ്ഞു....
'രവിയേട്ടൻ കാര്യമായിട്ടാണോ ചോദിച്ചത്...?'
'അതെ.. കുറെ നാളായി ചോദിക്കണം എന്ന് കരുതുന്നു. പക്ഷേ .. ഇപ്പോൾ ആണ് നിന്നെ തനിയെ കിട്ടിയത്...'
'കേൾക്കാൻ സുഖമൊക്കെയുണ്ട്... പക്ഷേ വേണ്ട.... എനിക്ക് സമ്മതമല്ല...'
'അത് എന്തുകൊണ്ടാണ് എന്ന് കൂടി പറയരുതോ....'
'പറയാം...
എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബമുണ്ട് എനിക്ക്. എന്റെ വരുമാനം മാത്രമാണ് ആ വീട്ടിലെ അഞ്ചു പേരുടെ ആശ്രയം. . അവരെ വിട്ട് ഞാൻ ഒരിടത്തേക്കും ഇല്ല... അങ്ങനെ ഒരു ജീവിതവും സുഖവും ഞാൻ ആഗ്രഹിക്കുന്നുമില്ല....
പിന്നെ രവിയേട്ടന് എന്നേക്കാൾ സുന്ദരിയായ നല്ലൊരു വീട്ടിലെ പെൺകുട്ടിയെ കിട്ടും.... എന്തിനാ വെറുതെ ഈ വിഴുപ്പ് ചുമക്കുന്നത്...'
'നീ അതൊന്നും നോക്കേണ്ടെ... എനിക്ക് വേണ്ടത് നിന്നെ മാത്രമാണ്... ആരും ഇതുവരെ ചേക്കേറിയിട്ടില്ലാത്ത നിന്റെ മനസ്സും....'
അവൾ എല്ലാം കേട്ട് മൗനമായിരുന്നു...
'രണ്ടു ദിവസം കഴിഞ്ഞ് നല്ലപോലെ ആലോചിച്ച് നീ മറുപടി പറഞ്ഞാൽ മതി...
നാളെ മുതൽ പത്തു ദിവസം പാലപ്പെട്ടി വേലയല്ലെ... കൂത്തമ്പലത്തിനു മുന്നിൽ ഏഴാം ദിവസം ഞാനും വരും. .. നിനക്ക് സമ്മതമാണെങ്കിൽ ഇതാ... (രവി മറച്ചു പിടിച്ച ഒരു വലിയ കവർ അവൾക്ക് നേരെ നീട്ടി ) .. നീ ഇതെല്ലാം അണിഞ്ഞ് അന്ന് വരണം.... ഈ കവറ് നീ വീട്ടിൽ പോയി തുറന്നു നോക്കിയാൽ മതി. ....
ശരി... ഞാൻ പോട്ടെ....
പിന്നെ മറ്റൊരു കാര്യം...
വിവാഹം കഴിഞ്ഞാലും നീ പണി ചെയ്തു നേടുന്ന രൂപയൊന്നും ഞാൻ ചോദിക്കില്ല. ..അതോർത്ത് നീ ഭയപ്പെടേണ്ട... അത് നിന്റെ വീട്ടിലെ ആവശ്യങ്ങൾക്ക് തന്നെ എടുത്തോ.... എന്നും ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല.... അത് മറക്കേണ്ട....'
വാസന്തി അയാൾ കൊടുത്ത കവറുമായി അല്പനേരം അവൾ കൂടി അവിടെ നിന്നു...
.................................
അന്ന് വീട്ടിൽ വന്നു ആദ്യംതന്നെ അവൾ കണ്ണാടിയെടുത്ത് തന്നെ നല്ലപോലെ ഒന്നു നോക്കി.... ഒന്നല്ല.... ഒരുപാട് തവണ....
തന്റെ മുഖം മുഴുവനും കാണുന്ന ഒരു വലിയ കണ്ണാടി ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആദ്യമായി ആശിച്ചു...
'എന്താ ചേച്ചി പതിവില്ലാതെ കണ്ണാടിയുമായി ഒരു സല്ലാപം....?' വിനോദ്... അവളുടെ സഹോദരൻ...
'നീ പോടാ...'
അവൾ അല്പം നാണം കലർന്ന പുഞ്ചിരിയോടെ പറഞ്ഞു....
'ഉം....ഉം... എനിക്ക് മനസ്സിലാവുന്നുണ്ട്... ഞാൻ ഇപ്പോൾ തന്നെ അമ്മയോട് പറയാൻ പോവാ.....
അമ്മേ....'
'വിനൂ. ... വേണ്ടാട്ടോ....'
അതിന് മറുപടി ഒരു സിനിമാ പാട്ടിന്റെ വരികൾ ആയിരുന്നു..
"മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺ സൂര്യൻ..............
...................................
അങ്ങനെ മൂന്നു മാസങ്ങൾക്ക് ശേഷം ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം നടന്നു....
അതുവരെ കാണാത്ത ജീവിതത്തിന്റെ മറ്റൊരു വീഥി കൂടി അവൾക്കു മുന്നിൽ തുറന്നു കിട്ടി....
സ്നേഹം കൊണ്ടു രവി അവളെ വരിഞ്ഞു മറുക്കി.... മറ്റെങ്ങും പോകാൻ ഇടവരാത്ത വിധം...
ജീവിതം എന്താണെന്ന് അവളറിഞ്ഞു....
സുഖങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവെച്ചും വേദനകളിൽ ആശ്വാസമായും പരസ്പരം മനസ്സിലാക്കി ഒരു പുതിയ ജീവിതം അവർ പടുത്തുയർത്തി....
വർഷം രണ്ടു കഴിയുന്നതിനിടയിൽ ദൈവത്തിന്റെ വരദാനമായ ഒരു മകനും അവർക്ക് പിറന്നു....
സുതീഷ് എന്ന് അവർ അവനെ വിളിച്ചു...
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണ് ഈ ഭൂമിയിലെ ജീവിതം എന്നവർക്കു തോന്നി...
സന്തോഷകരമായ അവരുടെ ജീവിതത്തിനിടയിൽ ഒരു ദിവസം രവി പറഞ്ഞു....
'വാസെ... പേർഷ്യക്കാരൻ സെയ്തുക്ക വന്നിട്ടുണ്ട് നാട്ടിൽ... ആള് പേർഷ്യക്ക് ആളെ കൊണ്ടോണുണ്ട് എന്ന് അറിഞ്ഞു.... 10000 ഉറുപ്പിക കൊടുത്താമതി എന്നാ അറിഞ്ഞത് വിസയ്ക്ക്....
നല്ല ശമ്പളം കിട്ടുമത്രെ....
ഞാൻ ഒന്നു പോയി സെയ്തുക്കയെ കാണട്ടെ....?'
'ഇപ്പോൾ എന്തെ ഇങ്ങനെ ചിന്തിക്കാൻ.... ഇവിടുത്തെ ജീവിതം മടുത്തോ ചേട്ടന്....?'
'അതല്ല.... നീ എഴുതാപുറം വായിക്കല്ലെ....
നമ്മൾ ഇപ്പോൾ രണ്ടു പേരല്ല... ചെലവുകൾ ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. .
മോൻ ആയതിന് ശേഷം നിനക്ക് പണിക്ക് പോകാൻ കഴിയുന്നില്ലല്ലോ.. എന്റെ കാശ്കൊണ്ടു മാത്രം ജീവിക്കാൻ പാടാണ്... കടങ്ങളും കൂടി വരുന്നു. .. അതാണ് ഞാൻ പറഞ്ഞത്... രക്ഷപ്പെടാൻ ഒരു വഴി ദൈവം കാണിച്ചു തരുന്നതാണെങ്കിലോ....'
'ചേട്ടൻ പറഞ്ഞതൊക്കെ ശരിയാണ്. . എനിക്ക് അറിയാഞ്ഞിട്ടല്ല... എന്നാലും. ...'
'ഒരു എന്നാലുമില്ല.... ഞാൻ എന്തിയാലും നാളെ അങ്ങോട്ട് പോകും... എന്താ പറയുന്നത് എന്നറിയാല്ലൊ....'
'എങ്കിൽ പിന്നെ ഞാൻ ഒന്നും പറയുന്നില്ല. .. ചേട്ടൻ പോയി സെയ്തുക്കയെ കണ്ടു നോക്ക്. ... ബാക്കി ദൈവം തീരുമാനിക്കട്ടെ....'
പിറ്റേന്ന് രവി സെയ്തുക്കയെ കണ്ടു കാര്യം സംസാരിച്ചു... അദ്ദേഹം രവിക്ക് വിസ കൊടുക്കാമെന്നും പറഞ്ഞു. .. 10000 രൂപ ആദ്യം കൊടുക്കണം...
ടിക്കറ്റ് ബോംബെയിൽ നിന്നാണ്.. അവിടെ വരെ ട്രെയിനിൽ പോകണം... രവിയെ കൂടാതെ ഒൻപത് പേർ വേറെയുമുണ്ട്. .പണം കൊടുത്താൽ ആറുമാസത്തിനകം എല്ലാം ശരിയാകും....
രവി എല്ലാ വിവരങ്ങളും വാസന്തിയോട് പറഞ്ഞു. .. കൂടെ വേറെയും ആളുകൾ ഉണ്ടെന്നറിഞ്ഞപ്പോൾ വാസന്തിക്ക് അല്പം ആശ്വാസം തോന്നി. ... അവൾ പറഞ്ഞു...
'എന്തായാലും ചേട്ടന്റെ ആഗ്രഹമല്ലേ... അത് നടക്കട്ടെ... എന്റെ ഈ താലിച്ചെയ്യിനും കമ്മലും മൂന്നു വളയും നമുക്ക് വിൽക്കാം. .. ബാക്കി എന്തെങ്കിലും ചെയ്യാം....'
'അതിനൊക്കെ സമയമുണ്ട്. .. അതൊന്നും വില്ക്കാതെ തന്നെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോന്ന് ഞാൻ നോക്കട്ടെ...'
.....................................................
അങ്ങനെ വിസക്കു വേണ്ടി ഉണ്ടായിരുന്ന പൊന്നെല്ലാം വില്ക്കപ്പെട്ടു... എന്നിട്ടും കടം ബാക്കിയായി....
ആറുമാസം കഴിഞ്ഞ് സ്വപ്നങ്ങളുടെ ചിറകുകൾ വിരിച്ച് ആ ഇണക്കിളികളിലൊന്ന് പറന്നകന്നു.. കുന്നോളം മോഹങ്ങളുമായി പെൺകിളി ഇക്കരെ......
ഒരു മാസം കഴിഞ്ഞ് വാസന്തിക്ക് ഒരു എഴുത്ത് വന്നു...
അത് ബോംബെയിൽ നിന്നും പോസ്റ്റ് ചെയ്തതായിരുനാനു...
വാസന്തി ആ കത്ത് പൊട്ടിച്ചു വായിച്ചു...
പ്രിയപ്പെട്ട വാസന്തിക്ക് രവിയേട്ടൻ എഴുതുന്നത്...
നിനക്കും മോനും സുഖംതന്നെ അല്ലേ... നിങ്ങളെ കാണാതെ ഉറങ്ങാൻ കഴിയണില്ല.. കണ്ണടച്ചാൽ മോന്റേം വാസേടേം മുഖം മാത്രാണ്. ...
നിങ്ങൾക്ക് അസുഖം ഒന്നും ഇല്ലല്ലോ... ഒരു മാസം മാത്രമേ കഴിഞ്ഞുള്ളൂ എങ്കിലും ഒരു വർഷം കഴിഞ്ഞതുപോലെ തോന്നുന്നു...
മോനെ ശ്രദ്ധിക്കണം... റോഡിൽ പോകാതെ നോക്കണം...
കുറെ എഴുതാനുണ്ട്. . പക്ഷേ ഇൻലൻഡിൽ സ്ഥലമില്ല...
വിസ ഇതുവരെ വന്നിട്ടില്ല..
പാസ്പോർട്ട് സെയ്തുക്കേടെ മേനേജർ വാങ്ങി വെച്ചു... രണ്ടാഴ്ച കഴിഞ്ഞ് ശരിയാവും എന്നാണ് പറയുന്നത്....
പ്രാർത്ഥിക്കണം...എല്ലാവരോടും ചോദിച്ചതായി പറയണം... ഇനി പേർഷ്യയിൽ ചെന്നിട്ടേ എഴുതൂ....
എല്ലാവർക്കും സുഖമായിരിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് കത്തു ചുരുക്കുന്നു...
എന്ന്,
സ്വന്തം രവിയേട്ടൻ...
കത്തു വായിച്ചു വാസന്തി ഒന്നും പറയാതെ കുറെ നേരം അവിടെ തന്നെ ഇരുന്നു. ..
പിന്നെ ആ കത്ത് നെഞ്ചോട് ചേർത്തു പൊട്ടിക്കരഞ്ഞു....
മോനെ വാരിയെടുത്ത് മടിയിൽ വെച്ച് ദൈവത്തോടായി മിഴികൾ ഉയർത്തി അവൾ പ്രാർത്ഥിച്ചു....
'ഈശ്വരാ.... എല്ലാം എത്രയും വേഗം ശരിയാവണേ....!!!
.................................................
ആഴ്ചകൾ മാസങ്ങൾ ആയി... പക്ഷേ രവിയുടെ കത്ത് വന്നില്ല.... ബോംബെക്ക് കൂടെ പോയവരിൽ ചിലർ തിരികെ പോന്നു... വിസ കിട്ടാതെ.... കിടക്കാൻ സ്ഥലമില്ലാതെ... കഴിക്കാൻ ആഹാരമില്ലാതെ....
എന്നിട്ടും രവിയും മറ്റു മൂന്നു പേരും തിരിച്ചു വന്നില്ല... വിസ കിട്ടാതെ വരില്ലെന്ന് പറഞ്ഞുവത്രെ....
കത്തെഴുതി ചോദിക്കുവാൻ വിലാസം ഇല്ലായിരുന്നു. ...
സെയ്തുക്ക നാട്ടിലും ഇല്ല....
എന്ത് ചെയ്യണം എന്നറിയാതെ വാസന്തി...
കാത്തിരിപ്പും നേർച്ചകളും അർത്ഥശൂന്യമെന്ന് തോന്നിയ വേളയിൽ അവൾ മറ്റൊരു തീരുമാനമെടുത്തു.... ഉറച്ച തീരുമാനം....
(അതെന്താണെന്ന് നാളെ പറയാം... എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo