Slider

പഴശ്ശിരാജാ-2 The Conclusion...

0
Image may contain: 1 person, sunglasses and beard

പേര് കേട്ടപ്പോൾ ഒന്ന് സംശയിച്ചു...ല്ലേ...സംശയിക്കണ്ട അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടില്ല..ഇറക്കാൻ ഹരിഹരനോ എംടിക്കോ ഉദ്ദേശമൊട്ടില്ല താനും..പക്ഷെ ആ സിനിമ തന്ന എട്ടിൻ്റെ പണിയെ കുറിച്ചാണ് ഈ കഥ..എട്ടിൻ്റെ പണി എന്നതിനെക്കാളും കൈയിലിരുപ്പിൻ്റെ കൊണം കൊണ്ട് വാങ്ങി കൂട്ടിയ പണി എന്ന് പറയുന്നതാണ് നല്ലത്.പഴശ്ശിരാജയ്ക്കും ഐസ്ക്രീമിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്ന് ചോദിച്ചാൽ വലിയ ബന്ധമുണ്ടെന്നേ ഞാൻ പറയു...അതാണ് ഈ കഥയുടെ ഒരു ബൂട്ടി...
പഴശ്ശിരാജാ ഇറങ്ങിയ സമയത്താണ് നമ്മുടെ ചങ്ക് ബ്രോയും(ഏട്ടൻ)ചങ്ക് ചെങ്ങായിയും അങ്ങ് ദുഫായിൽ നിന്ന് ലാൻ്റ് ചെയ്തത്..
അന്നൊരു ഞായറാഴ്ച.'വൈകിട്ടെന്താ പരിപാടി?നമുക്ക് പഴശ്ശിരാജക്ക് പോയാലോ? ചങ്ക് ചെങ്ങായിമാരുടെ ചോദ്യത്തിന് മുമ്പിൽ 'നോ'എന്ന് പറയാൻ പറ്റാത്തത് കൊണ്ട് രണ്ട് മുചക്ര വിമാനത്തിൽ ഞങ്ങൾ പത്ത് പേർ പഴശ്ശിരാജ കാണാൻ കച്ചകെട്ടി പുറപ്പെട്ടു...ഒരു വിമാനത്തിൻ്റെ പൈലറ്റ് ഈയുള്ളവൻ.സിനിമ പഴശ്ശിരാജ ആയത് കൊണ്ടും 'ഞായറാഴ്ച'എന്ന പ്രത്യേക ദിനമായത് കൊണ്ടും രണ്ട് മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം അല്പം മിനുങ്ങിയിട്ടുണ്ട്.. സിനിമാ കൊട്ടകയിൽ എത്തുമ്പോൾ തന്നെ ഒടുക്കത്തെ തിരക്ക്..അവിടെ അല്പം 'അലമ്പു'ണ്ടാക്കിയിട്ടാണെങ്കിലും നമ്മുടെ ചങ്ക്സ് ടിക്കറ്റെടുത്തു..നോട്ട് ദ പോയിൻ്റ് 'അലമ്പ്'നമ്പർ 1...
തീയേറ്ററിൻ്റെ അകത്തു കയറുമ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു..ആരുടെയോ ഭാഗ്യം കൊണ്ടും 'ചിലരുടെ'നിർഭാഗ്യം കൊണ്ടും പത്ത് പേർക്കും ഒരേ ലൈനിൽ ഇരിക്കാനുള്ള സീറ്റ് കിട്ടി...അതോടെ നമ്മളായി ആ തീയേറ്റിലെ രാജാക്കന്മാർ...
സിനിമ ഇടവേളയായി ഇനിയാണ് നമ്മുടെ സിനിമയുടെ കഥ തുടങ്ങുന്നത്..ഇടവേള വന്നാൽ പിന്നെ ഐസ്ക്രീമോ പോപ്പ്കോണോ നിർബന്ധം...എൻ്റെ അളിയൻ(അവനാണ് ഈ കഥയിലെ കോമേഡിയൻ)പുറത്ത് പോയി തിരിച്ചു വന്നത് ഐസ്ക്രീമും കൊണ്ടാണ്...പത്ത് പേർക്കും കൂടി ഒരെണ്ണം.. നമ്മളെ ബാക്കി ഒൻപത് പേരെയും നോക്കുകുത്തികളാക്കി കൊണ്ട് അവനാ ഐസ്ക്രീമിൽ മുത്തമിട്ടു..പെട്ടെന്നതാ ഐസ്ക്രീം വായൂവിലൂടെ പറക്കുന്നു.. നമ്മുടെ ചങ്ക് ചെങ്ങായിമാരിൽ ഒരാളുടെ സിസർക്കട്ട്...'ഗോൾ....'തൊട്ടു മുന്നിലിരിക്കുന്ന ഒരു കുട്ടിയുടെ തലയിലേക്ക് ആ ഐസ്ക്രീം കൃത്യമായി വീണു..നോട്ട് ദ പോയിൻ്റ് 'അലമ്പ്'നമ്പർ 2...
ആ കുട്ടിയോടും അവന്റെ കുടുംബത്തോടും സോറി പറയുമ്പോൾ പുറകിൽ നിന്നൊരുത്തൻ വെറുതെ ഒന്ന് ചൊറിഞ്ഞു...ആ ചൊറിഞ്ഞത് നമ്മൾക്ക് അത്ര രസിച്ചില്ല... അവൻ്റെ സീറ്റിലേക്ക് നോക്കി..അടുത്ത സീറ്റിൽ ഒരു ഫാമിലിയാണ് അവൻ ഒറ്റയ്ക്കേയുള്ളു നമ്മൾ പത്ത് പേരുണ്ട്.നമ്മളോടാ അവൻ്റെ കളി..അവനെ പേടിപ്പിച്ച് കവിളിലും തലയിലും ഓരോ 'തലോടലും'കൊടുത്ത് നമ്മൾ നല്ല പിള്ളേരായി പഴശ്ശിരാജയുടെ പുതിയ യുദ്ധമുറ കാണാനിരുന്നു...തീയേറ്റിലെ ലൈറ്റുകൾ അണഞ്ഞു...ഒരഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളുടെ കസേരയുടെ നേർക്ക് ഒരു ടോർച്ച് ലൈറ്റ്....
'ആരാടാ അത്' പത്ത് തലകളും ഒന്നിച്ചലറി...അല്പം കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങളുടെ നേർക്ക് ടോർച്ച് ലൈറ്റ് 'ആരുടെ അമ്മേനെ കെട്ടിക്കാനാടാ ഇങ്ങനെ ടോർച്ചടിക്കുന്നത്..ഓഫാക്കടാ....@#$+×&^÷?&മോനെ'എന്ന് വളരെ മാന്യമായ രീതിയിലുള്ള ഞങ്ങളുടെ പ്രതികരണം കണ്ടപ്പോൾ ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു...'ചേട്ടന്മാർ ഒന്ന് പുറത്തേക്ക് വരുമോ'അവൻ്റെ ക്ഷണം
'എന്തിനാ'
'ഒരു സമ്മാനം തരാനാ'
'ഞങ്ങൾക്കിപ്പോ വാങ്ങാൻ സമയമില്ല,അനിയൻ പോ'
'ആ സമ്മാനം നിങ്ങൾക്ക് മാത്രമുള്ളതാണ്... ഇവിടെയുള്ള എല്ലാർക്കും കൊടുക്കാൻ തികയൂലാ'
അവൻ്റെ സ്നേഹത്തോടെയുള്ള ക്ഷണം എങ്ങനെയാ നിരസിക്കുന്നത് എന്നോർത്ത് ഞങ്ങൾ ഓരോരുത്തരും എണീറ്റു..നമ്മൾ രണ്ട് മീശ വളർന്ന പിള്ളേരെ മാത്രം അവിടെയാക്കി ബാക്കി എട്ടുപേരും ആ സമ്മാനം വാങ്ങാൻ പോയി..ദുഷ്ടന്മാരെ നിങ്ങള് പോയി വാ എന്ന് ഞങ്ങളും...അല്പം കഴിഞ്ഞപ്പോൾ കൂടെയുള്ളവൻ്റെ മൊബൈലിലേക്ക് എന്തോ മെസേജ് വന്നപ്പോൾ അവനും പുറത്തേക്ക് പോയി...'നിങ്ങൾ സമ്മാനങ്ങളും വാങ്ങി എൻ്റെ വിമാനത്തില്ലല്ലേ കയറുക നിങ്ങള് ഇങ്ങ് വാ'എന്ന മട്ടിൽ ഞാനും...അല്പം കഴിഞ്ഞപ്പോൾ അവസാനം പോയവൻ ഓടി കിതച്ചു വരുന്നു..
'ബിജുവേട്ടാ സമ്മാനം തരാൻ അവര് നമ്മളെ അന്വേഷിക്കുന്നുണ്ട്...നമ്മളങ്ങോട്ട് പോയില്ലെങ്കിൽ അവരിങ്ങോട്ട് വരും'
'അവരെത്ര പേരുണ്ട് മോനെ'
'അവരൊരു ഇരുപത്തഞ്ച് പേരോളം ഉണ്ട്'
'എല്ലാവർക്കും സമ്മാനം കിട്ടിയോ'
'രണ്ടാള് സമ്മാനം വാങ്ങാൻ മടിച്ചിട്ട് ബാത്റൂമിൽ കയറി ഒളിച്ചിട്ടുണ്ട്'
'അതെതായാലും നന്നായി..ഞാനൊരു കാര്യം ചെയ്യാം ഈ എക്സിറ്റ് വാതിലിലൂടെ പുറത്ത് വരാം...ഏതായാലും എനിക്കു സമ്മാനം വേണ്ട..നീ വേണെങ്കിൽ വാങ്ങിക്കോ'
'നമ്മൾക്ക് സമ്മാനം വാങ്ങാനുള്ള യോഗമില്ല..പുറത്ത് പോലീസ് വന്നിട്ടുണ്ട്'
പുറത്തേക്ക് വന്നപ്പോൾ ഞാൻ കണ്ട കാഴ്ച വളരെ മനോഹരമായിരുന്നു...സമ്മാനത്തിൻ്റെ കാഠിന്യം താങ്ങാനാവാതെ കീറിയ ടീഷർട്ടും ഇട്ട് നടുവിന് കൈ കൊടുത്ത് കുത്തിയിരിക്കുന്ന എൻ്റെ ചങ്ക് ബ്രോ...മുഖത്ത് കിട്ടിയ സമ്മാനമായത് കൊണ്ട് ചളുങ്ങിയ മൂക്കുമായി ചങ്ക് ചെങ്ങായി...മറ്റുള്ളവരുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല..അപ്പോഴുണ്ട് ബാത്റൂമിലെ വാതിൽ തുറന്ന് 'ഇപ്പോൾ ഇവിടെ എന്താ ഇണ്ടായാ..ഇന്ന് വിഷുവാ'എന്ന് പറഞ്ഞ് കൊണ്ട് രണ്ട് പേർ ഇറങ്ങി വരുന്നു...
'പല്ല്ണ്ട്...പല്ല്ണ്ട്' എന്നാശ്വാസത്തോടെ അളിയൻ വായിൽ തപ്പിനോക്കുന്നു...
മറ്റേ വിമാനത്തിൻ്റെ പൈലറ്റിന് നടുവിന് കിട്ടിയ സമ്മാനം കാരണം വിമാനം ടേക്ക്ഓഫ് ചെയ്യാൻ പറ്റുന്നില്ല.. പതുക്കെ സ്റ്റാർട്ടാക്കി നീങ്ങുമ്പോൾ ധൈര്യശാലിയായ ഞാൻ എസ്ഐയെ നോക്കി പറഞ്ഞു...
'സാറെ ഇനിയൊരു സമ്മാനം വാങ്ങാൻ ഇവർക്ക് ശേഷിയില്ല..പിന്നെയുള്ളത് ഞങ്ങളാ.ഞങ്ങൾക്ക് ആ സമ്മാനം വേണ്ട..അതുകൊണ്ട് അവരിനിയും വന്നാൽ ഞങ്ങളെന്ത് ചെയ്യണം'
മഹാനും ധീരനുമായ എൻ്റെ അപേക്ഷ കേട്ടത് കാരണം ആ പോലീസ് ഏമാനും സംഘവും അദ്ദേഹത്തിന്റെ സ്റ്റേഷൻ പരിധി കഴിയുന്നത് വരെ ഞങ്ങൾക്ക് എസ്ക്കോട്ട് വന്നു..അവരുടെ സാമ്രാജ്യത്തിൻ്റെ അതിർത്തി കടന്നതോടെ ഞങ്ങൾ വീണ്ടും പഴയ പുലികളായി...അപ്പോൾ പുറകിൽ നിന്ന് ആരുടെയോ ആത്മഗതം അത് ഇത്തിരി ഉറക്കെയായി പോയി...'പഴശ്ശിയുടെ യുദ്ധം നിങ്ങളിനി കാണാൻ പോകുന്നതെയുള്ളു'
N.P: എന്തിനായിരുന്നു ഞങ്ങൾക്ക് അന്ന് അവരാ സമ്മാനങ്ങൾ തന്നതെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്...ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരുമോ?
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo