നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മധുബനി ഭാഗം - 1


Image may contain: 6 people, people smiling

Read Full Part in Nallezhuth Android App

മഞ്ഞ് പുതഞ്ഞ റോഡിൽ ബസ് വേട്ടനായയെപ്പോലെ കിതച്ചു കൊണ്ട് നിന്നു .

'റോഡിനപ്പുറത്ത് കുറ്റിക്കാടുകൾക്കിടയിൽ അവളുടെ ഞരക്കം മാത്രം കേൾക്കാം.
അവ്യക്തമായ തന്റെ ബോധത്തിൽ അവളുടെ ശരീരം അവർക്ക് മുന്നിൽ പിടയുന്നത് കാണാനാവാതെ അയാളപ്പോൾ കണ്ണുകൾ മുറുക്കെ അടച്ചു.ശരീരത്തിനും തലയ്ക്കും മരവിപ്പ് വന്നതും മൂക്കിൽ നിന്നും വായയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നതും അയാളന്നേരം ഓർത്തില്ല. 
സൈഡ് ബാഗ് കീറിയിട്ടുണ്ട് .
ഒപ്പം തന്റെ മനസ്സും. അയാൾ പതിയെ എഴുന്നേറ്റു. 
ബാഗിൽ നിന്നും തന്റെ മൊബൈൽ എടുത്തു. 
എപ്പോഴോ വന്ന മെസേജ് ഇൻബോക്സിൽ കിടപ്പുണ്ട്. 
തന്നെ വിളിച്ച് കിട്ടാഞ്ഞപ്പോൾ അങ്ങ് ദൂരെ നിന്നും അയാൾക്ക് മാത്രം പ്രിയപ്പെട്ടവൾ അയച്ച മെസേജ്.
"മനസ്സിൽ വല്ലാത്ത ശൂന്യത ,നീ എന്തിനാ ഫോൺ സ്വിച്ച് ഓഫാക്കിയത്.ജീവിതത്തിന്റെ നിറമുള്ള പൂക്കളും വസന്തവും സ്വപ്നങ്ങളും ഞാനായിട്ട് തല്ലി കെടുത്തിയോ? നിറംകെട്ട് കൊണ്ട് നിന്നെ ഞാൻ ശല്യം ചെയ്യില്ല "

 മറുപടി അയക്കാനായി അയാൾ മെല്ലേ തുനിഞ്ഞു. "ഇവിടെ എനിക്ക് മുന്നിൽ നിറമുള്ള ഒരു പൂവ് വാടി വീണിരിക്കുന്നു." മെസേജ് അയച്ചപ്പോഴാണ് നോ നെറ്റ്വർക്ക് എന്ന് തെളിഞ്ഞത്.മടുപ്പോടെ അയാൾ മൊബൈൽ സ്വിച്ച് ഓഫാക്കി. 

അപ്പോൾ ഓരോന്ന് ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. 
ദർബംഗയിലേ യാത്രയേ കുറിച്ച് ... 
സമസ്തിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിനെക്കുറിച്ച് ... 
അപ്പോഴൊന്നും ഈ യാത്ര ഇങ്ങനെ ചില നിമിഷങ്ങളിൽ കൊണ്ടെത്തിക്കുമെന്ന് ഒരിക്കൽ പോലും... 
സ്റ്റേഷനിൽ അന്നരം നല്ല തിരക്കായിരുന്നു. 
ആളുകൾ പരസ്പരം അറിയാതെ അങ്ങോട്ടുമിങ്ങോട്ടും ... നല്ല ഒഴുക്കാണ്. യാന്ത്രികമായ ഒരോട്ടം മനസ്സുകൾ മാത്രം വായിക്കപ്പെടാതെ പോകയാണ്. 
നീണ്ട യാത്രകൾ പലപ്പോഴും തന്നെ അസ്വസ്ഥമാക്കിയിരുന്നെന്ന് അയാൾ അന്നേരം ഓർത്തു 
വികാരങ്ങളില്ലാത്തവരുടെ കൂടാരമാണ് ട്രെയിനിന്റെ കമ്പാർട്ട്മെൻറുകൾ!
അതിരുകളില്ലാത്ത ഇടങ്ങളിലേക്ക് മനുഷ്യന്റെ മനസ്സിനെയും വഹിച്ചുകൊണ്ട് പോകയാണ് തീവണ്ടികൾ .തനിക്കെപ്പോഴും ചെറിയ റെയിൽവേ സ്റ്റേഷനുകളിലെ ചാരു ബഞ്ചുകളിലിരിക്കാനാണ് താല്പര്യമെന്ന് അയാളോർത്തു. വലിയ ബഹളങ്ങൾ  കുറവാണ്. 
ഒരു പാട് മനസ്സുകളെയും വഹിച്ച് കൊണ്ട് പോകുന്ന തീവണ്ടികൾ കാണുമ്പോൾ മനസ്സിലെ ടെൻഷൻ ആതീവണ്ടിയാത്രക്കാർക്കൊപ്പം ദൂരെക്ക് സഞ്ചരിക്കും. അയാളോട് അവൾ പറയുമായിരുന്നു.
'നിനക്ക് കിട്ടിയ കഴിവുകളെ നീ ഉപയോഗിക്കാതെ എന്തിനാ അലസനായി റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്നു ജീവിതത്തെ ബോറടിപ്പിക്കുന്നത്.' 
ശരിയാണ് അവൾ പറയുന്നതിലും ഒരു ലോജിക്കുണ്ട്. 
ഓർക്കുമ്പോൾ അയാൾക്ക് ചിരി വന്നു. 
ഓർമ്മയിൽ അപ്പോഴും അവളുടെ ചുണ്ടിന്റെ നനവ് തന്നെ പൊതിയുന്നതായി അയാൾക്ക് തോന്നി. എത്ര ദൂരെയാണേലും അവളുടെ ഗന്ധം വിയർപ്പിൽ പറ്റി ദേഹത്ത് അലിഞ്ഞ് കിടക്കുകയാണ്.
" ദെയ് വോൺ ബിക്കോസ് ദെയ് റെഫ്യൂസ്ഡ് ടു ബി ക്കം ഡിസ്കറേജ് ബൈ ദേർ ഡിഫീറ്റ്സ്'' 

ആരോ പറഞ്ഞ വലിയ വാചകവും ഓർത്ത് കൊണ്ട് സമസ്തിപ്പൂർ സ്റ്റേഷൻറെ പുറം ലോകത്തേക്ക് .
ദർബംഗയിലെത്തിയാൽ തന്റെ പല സുഹൃത്തുക്കളും അവിടെ കാണും. ഏറണാകുളത്ത് കാരൻ ജോ ഫിൻ, ചെന്നൈ മീഡിയാ സെൻറർ പ്രൊമോട്ടർ ജോസഫൈൻ ഡേവിഡ്, പൂനെയിൽ നിന്ന് അജിത് മഹാജൻ.അങ്ങനെ കുറെ പേരുടെ ഒത്ത് കൂടൽ കൂടിയാണ്. 
അവർക്കിടയിൽ തന്റെ ഹ്രസ്വചിത്രവും സെലക്ടഡ് ആണ്.
സ്ത്രീത്വത്തിന്റെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന, "അപരാജിത " ഡെലിഗേറ്റ്സിന് മുന്നിൽ.
ദർ ബംഗ ഇന്റർനേഷണൽ ഫിലിം ഫെസ്റ്റിന് നല്ല പബ്ലിസിറ്റി യുണ്ട്. 
ആൾകൂട്ടത്തിന് മുന്നിൽ രണ്ട് വാക്ക് സംസാരിക്കുക. ഓർത്തപ്പോൾ വല്ലാത്തൊരു ഹരം.നഗരം തിരക്കേറുകയാണ്. 
ഇറുകിയ ജീൻസും ടീ ഷർട്ടുമിട്ട്‌ പോകുന്ന കോളേജ് കുമാരികൾ ,ഷോപ്പിംഗ് മാളുകളിലേക്ക് തിക്കിതിരക്കി നടക്കുന്ന യുവമിഥുനങ്ങൾ, ശീതികരിച്ച മുറിയിൽ ശരീരത്തിൽ ചൂട് ആവാഹിക്കുന്ന വി.ഐ.പികൾ, ' ആരെയൊക്കെയോ കാത്തിരിക്കുന്ന തെരുവ് വേശ്യകൾ.എല്ലാ നഗരങ്ങൾക്കും ഒരേ മുഖഛായയാണ്. എന്തും ഞൊടിയിടയിൽ ഒന്ന് കൈ കൊട്ടി വിളിച്ചാൽ പറന്ന് വരുന്ന വിസ്മയങ്ങൾ നിറച്ച വലിയൊരു മാന്ത്രീക കുടമാണ് നഗരം. 
കൊട്ടേഷൻ സംഘങ്ങളുടെ നഗരം, ഇരകളുടെ നഗരം, കൂട്ടികൊടുപ്പുകാരന്റെ നഗരം, ലഹരിയുടെ നഗരം.നഗരത്തിന് വിവിധ വേഷങ്ങളാണ്. ഓരോ ദിവസവും അതങ്ങനെ കൊതിപ്പിച്ചു കൊണ്ടേ യിരിക്കുന്നു.

മധുബനിയിലേക്കാണ് ബസ് കയറേണ്ടത്.ഇന്ന് അനൂപിന്റെ കൂടെ .നാട്ടിൽ ഒന്നിച്ച് പഠിച്ച് വളർന്നവർ .അയാൾ മുന്നോട്ട് നടന്നു.ഉച്ചവെയിലിന് നല്ല തിളക്കം .വല്ലാത്ത ആർത്തിയും. അയാൾ കുപ്പി തുറന്ന് വെള്ളം വായിലേക്ക് കമിഴ്ത്തി. ബസ്സുകൾ കുറെയെണ്ണം നിർത്താതെ മുന്നിലൂടെ കടന്നു പോയി. ഒന്നും കൈ കാണിച്ച് നിർത്തുന്നുമില്ല.
പാതയോരങ്ങളിൽ വലിയ ഫ്ലക്സ് ബോർഡുകളിൽ ലല്ലു പ്രസാദ് യാദവും നിതീഷ് കുമാറും നിറഞ്ഞ് നിന്ന് ചിരിക്കയാണ്. അതിനെ കവച്ച് വെച്ച് കൊണ്ട് നരേന്ദ്ര മോദിയുടെ ചിത്രമുള്ള കൂറ്റൻ ബോർഡുകൾ. ബീഹാറിയിലെഴുതിയത് കൊണ്ട് തനിക്കൊന്നും മനസ്സിലായില്ലെന്ന് അയാളപ്പോൾ ഓർത്തു. എന്തെഴുതിയാലും പാവങ്ങളുടെ മനസ്സിന്റെ ഭാഷ മാത്രം ഒരു ബോർഡിലും കാണാൻ കഴിയില്ലെന്ന ചിന്ത അന്നേരവും അയാളെ അസ്വസ്ഥനാക്കി.
അടുത്തേക്ക് വന്ന ഒരു ബസ്സിന് കൈ കാണിച്ചു.
ഭാഗ്യം ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയിരിക്കുന്നു. മുന്നിലേ ഡോർ വഴി അകത്തേക്ക്. പതിവ് കാഴ്ചയ്ക്ക് വ്യത്യസ്ഥമായി ഒരു പെൺകുട്ടിയായിരുന്നു അതിലെ ഡൈവർ. കാഴ്ചയിൽ നല്ല സുന്ദരി.


അയാൾ ശബ്ദം താഴ്ത്തി അവളോടായി പറഞ്ഞു.
" ബഹുത് ശുക്രിയാ "
"ഒ.കെ.ടേക്ക് യുവർ സീറ്റ് '
മാന്യമായി അവൾ പറഞ്ഞു.
അയാൾ തല കുലുക്കി ഡ്രൈവർക്ക് അടുത്തുള്ള കാബിനിൽ ഇരുന്നു ലഗേജുകൾ സീറ്റിനടിയിലേക്ക് തിരുകി കയറ്റി. അവൾക്ക് ഏകദേശം ഇരുപത് വയസ്സ് പ്രായം കാണും. നല്ല പക്വത .അവളപ്പോൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.
' എവിടെ പോകുന്നു, എവിടെ നിന്ന് വരുന്നു' എന്നൊക്കെ.
എ.സി.യുണ്ടായിട്ടും അയാൾ വിയർത്തു. നിർത്താതെ സംസാരിക്കുന്ന അവളുടെ ഇംഗ്ലിഷ് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.


ബസിലിപ്പോൾ അൻപതോളം യാത്രക്കാരുണ്ടായിരുന്നു'സ്ത്രികളും കുട്ടികളും മുതിർന്നവരുമൊക്കെയായി കുറെപ്പേർ .അവൾ സ്റ്റീയറിങ്ങിൽ പതിയെ താളം കൊട്ടുന്ന ണ്ടായിരുന്നു. ജിവിതത്തിലെ നല്ല നിറക്കൂട്ടുകളെ കുറിച്ചുള്ള സ്വപ്നങ്ങളാവാം ഒരു പക്ഷേ ആ താളത്തിന് പിറകിൽ..... അതിന് ശ്രുതിയുണ്ട്...... ലയമുണ്ട്...... പിന്നെ പ്രതീക്ഷകളുമുണ്ട്.പ്രകാശമാനമായ ജീവിതത്തിന്റെ യാത്രയിലേക്കുള്ള ഒരു ഉണർത്ത് പാട്ടാകാം അത്.
" എ സ്മൈൽ കോസ്റ്റസ് ന തിങ്ങ് ,ബട്ട് ഇറ്റ്സ് ക്രീയേറ്റ്സ് മച്ച് "
അയാൾ അവളുടെ ചെറുചിരിയിൽ ലയിച്ച് പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു.നേരം സസ്യയോടടുത്തു. ബസ് മുന്നോട്ട് നീങ്ങുകയാണ്.ശരീരത്തിനിപ്പോൾ വല്ലാത്ത നീറ്റൽ. ഓർമ്മകൾക്ക് സ്ഥാനഭ്രംശം വരുന്നത് അയാളറിഞ്ഞു. ഇളം ശരീരത്തിന്റെ പിടച്ചിൽ വല്ലാതെ മനസ്സിനെ പിടിച്ചുലയ്ക്കുകയാണ്.മൂക്കിൽ നിന്നും പൊടിയുന്ന ചോര അയാൾ തന്റെ ഷർട്ടിൽ തുടച്ചു.
എപ്പോഴാണ് ആ യാത്രയിൽ ഇരുട്ട് വന്ന് മൂടിയത് ? ഇടയ്ക്ക് എപ്പോഴാണ് രണ്ട് പേർ ബസിലേക്ക് ചാടി കയറിയത്?

(തുടരും)

Aneesh Narath

3 comments:

  1. നല്ലെഴുത്തിൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യ കഥയാണിത് എല്ലാവരും വായിക്കുമല്ലോ 'ഇതിന് നാല് ഭാഗങ്ങളായാണ് കൊടുത്തിരിക്കുന്നത്. അഭിപ്രായം പറയണമെന്ന അഭ്യർത്ഥിക്കുന്നു. ഉണ്ണി മാധവനും ടീമിനും നന്ദി സ്നേഹപൂർവ്വം. ഏവർക്കും ക്രിസ്തമസ് പുതുവത്സരാശംസകൾ

    ReplyDelete
  2. വളരെ നല്ല കഥ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot