Slider

അല്ല പിന്നെ

0
അല്ല പിന്നെ

അല്ല പിന്നെ.......
"എടിയേ നിന്റെ മോനെന്താ ഇന്നൊരു പുതുമ"?
"എന്തോന്നാ മനുഷ്യാ"
"നീ തന്നെ വന്നെറങ്ങി നോക്ക്.. കാറ്റു കൊള്ളാൻ പോലും പറമ്പിലേക്കിറങ്ങാത്ത അവൻ ദാണ്ടെ തൂമ്പായെടുത്ത് തെങ്ങിന് തടം കോരുന്നു'' .....
''എവിടെ ഞാനൊന്നു കാണട്ടെ"?? ഭവാനിയമ്മ കരുണാകരേട്ടനെ വകഞ്ഞു മാറ്റി ചിമ്മിനിയടുപ്പിന്റെ മുകളിലുള്ള ജനലഴികളിലൂടെ നോക്കി ...
കല്യാണം കഴിച്ചിട്ട് ആഴ്ച്ച രണ്ടായി.. പത്രാസുകാർടെ കൂട്ട് ഊട്ടി കൊടൈക്കനാൽ മധുവിധുവൊന്നും പോകുവാനുള്ള കാശൊന്നും കണക്കെഴുത്തുകാരന്റെ കൊക്കിലൊതുങ്ങില്ല... വിരുന്നു പാർക്കലും കഴിഞ്ഞു .... "ചെക്കനിനിയും പണിക്കൊന്നും പോണില്ലേ?? ഇതങ്ങനെ വിടാമ്പാടില്യാലോ "... ഭവാനിയമ്മ അടുപ്പിൽ തിളച്ച കരിങ്ങാലി വെള്ളം വാങ്ങി വച്ച് തൊടിയിലേക്കിറങ്ങി ...
"അല്ലേ.. ഇതെന്തൊരു മറിമായമാടാ ശ്രീക്കുട്ടാ ഞാൻ കാണണേ?? നിനക്ക് ജോലിക്ക് കേറണ്ടേ "?
മിനിയേ.. കൊച്ചെന്നാത്തിനാ ഇവന്റെ നട്ട പ്രാന്തിനു കൂട്ടു നിക്കണേ... വെയിലു കൊള്ളാണ്ട് കേറിപ്പോ കുഞ്ഞേ...
"ഏട്ടൻ ഇവിടെ നിക്കാമ്പറഞ്ഞിട്ടാ അമ്മേ" .. മിനി നിന്നു പരുങ്ങി.
"എടാ"
"എന്താമ്മേ"?
"നിനക്കിതെന്നാ പറ്റിയേ..ജോലിക്ക് കേറുന്നില്ലേന്ന്"??
"ആ ഞാങ്കേറിക്കോളാം".. ശ്രീരാഗ് നീരസത്തോടെ തല ചെരിച്ച് അമ്മയെ നോക്കി..
"അയ്യട പെങ്കോന്തൻ".. !
"ദാണ്ടെ ചെവിക്കൊരു കിഴുക്കു തന്നാലുണ്ടല്ലോ".. ഭവാനിയമ്മ തമാശ രൂപേണ പറഞ്ഞു .
"എടാ കൊച്ചനേ നിന്റെ രാജകുമാരിയെ കാക്ക കൊത്തിക്കോണ്ടു പോവത്തും മറ്റുമില്ല... അതും ഞാനും നെന്റഛനുമിവിടുള്ളപ്പോൾ.. അതോണ്ട് മര്യാദക്ക് നാളെ മൊതല് കടേല് പോയിത്തുടങ്ങണം കേട്ടോ"...
"നിന്നോട് ചെലച്ചോണ്ട് നിന്നാ തവേല് വറക്കാൻ നെരത്തി വച്ച നെയ്മത്തി കരിയും.. ഞാമ്പോവ്വാ"..
നേര്യതും മുറുക്കി കൈയ്യിലിരുന്ന ഇരുമ്പു ചട്ടുകവും വീശി അമ്മ അടുക്കളച്ചായ്പ്പിലേക്ക് കയറി..
സത്യം പറഞ്ഞാ ജോലിക്ക് പോകാനൊരു ചെറിയ മടി... ആശിച്ചു മോഹിച്ച മുറപ്പെണ്ണിനെ ഭാര്യയായിക്കിട്ടിയെന്ന് ഇപ്പോഴും തനിക്ക് വിശ്വസിക്കുവാൻ സാധിക്കുന്നില്ല .. ശ്രീരാഗ് ഓർത്തു.
അവളെ വർഷങ്ങൾക്കൊണ്ടു താൻ കാണുവാൻ തുടങ്ങിയതെങ്കിലും .... അവൾ ഭാര്യയായപ്പോൾ ജീവിതത്തിനൊരർത്ഥം വന്നതു പോലെ...
അമ്മ ഒരായിരം വട്ടം പറഞ്ഞാൽ അനുസരിക്കാത്ത കാര്യങ്ങളാണ് അവളുടെ സ്നേഹം നിറഞ്ഞ വാക്കുകളും നോട്ടവും തന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് ...
ജീവിതത്തിനൊരു അടുക്കും ചിട്ടയും വന്നതു പോലെ... പത്തും ഇരുപതും വലിച്ചു പുകവിട്ടിരുന്ന സിഗരറ്റുകളൊക്കെ ആദ്യമേയവൾ തന്റെ മുറി തൂത്തുവാരിക്കിട്ടിയ കടലാസു കൂമ്പാരത്തിലിട്ട് കത്തിച്ചു ചാമ്പലാക്കി ..
അരവണ കഴിയ്ക്കുവാൻ പോലും അമ്പലത്തിൽ പോകാത്ത തന്നെ മൂന്നാം മണിയ്ക്കത്തെ നിർമ്മാല്യം വരെയവൾ കാണിച്ചു..
പണീം കഴിഞ്ഞ് തട്ടുപൊളിപ്പൻ കൂട്ടുകാർ ടെ കൂടെ കറങ്ങിത്തെറ്റി വെറും കൈയ്യോടെ വീട്ടിൽ വന്നു കേറിയിരുന്ന താനിപ്പോൾ പുറത്തു പോയി വന്നാൽ ഒരു ചെറു പലഹാരപ്പൊതി അമ്മയുടെ അല്ലെങ്കിൽ അഛന്റെ കൈയ്യിൽ കൊടുക്കുക പതിവായി... അതിനുള്ള കാരണവും അവൾ തന്നെ ..
ഉള്ളതു പറഞ്ഞാൽ തന്നെ ആകെ മൊത്തത്തിൽ അവളൊരു അഴിച്ചു പണി നടത്തിയിരിക്കുന്നു... ഇതെല്ലാം കണ്ട് അമ്മ പെങ്കോന്തനെന്നും വിളിച്ചോട്ടെ .. അതു കേൾക്കാനുമൊരു പ്രത്യേക സുഖാ..
അടുക്കും ചിട്ടേമില്ലാത്ത ഞങ്ങൾ പുരുഷ കേസരികളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണു വന്നു കഴിയുമ്പൊഴാണ് ഐശ്വര്യമുണ്ടാകുന്നത്.... വെട്ടുപോത്തിനെ വെള്ളരിപ്രാവാക്കുവാൻ പോന്ന എന്തോ മായാജാലമുണ്ട് ഈ പെണ്ണുങ്ങൾടെ കൈയ്യിൽ....
ആ എന്തുമാവട്ടെ അമ്മേടെ പെങ്കോന്തൻ വിളി കേട്ട് ...അവളെയും കണ്ട് കൊതി തീർത്ത് താനിനിയൊരു അഞ്ചു ദിവസം കൂടി വീട്ടിൽത്തന്നെ കാണും... അല്ല പിന്നെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo