Slider

പഴങ്കഞ്ഞി

0
Image may contain: one or more people, selfie and closeup

ആഴ്ച്ചയിലാറു ദിവസ്സം പിന്നി-
ട്ടാര്‍ത്തി പെരുത്തൊരു ഞായര്‍ വരവേ,
പുത്രകളത്രാദികളോടൊപ്പം
ഒത്തുരസിക്കാനാഗ്രഹമായീ..
രാവിലെ ചന്തയിലെത്തിയൊരുഗ്രന്‍
കോഴിയെ വാങ്ങിയുരുപ്പടിയാക്കീ..
ഭാര്യ കുറിച്ചൊരു വ്യഞ്ജനമൊക്കെ
വാരി വലിച്ചൊരു സഞ്ചിയിലാക്കീ..
പത്തുമണിക്കു തുറക്കും നമ്മുടെ
മദ്യമടുക്കിയ ഷോറൂമില്‍ച്ചെ-
ന്നിഷ്ടപ്പെട്ടൊരു കുപ്പിയെടുത്തതു
കഷ്ടപ്പെട്ടു മറച്ചു, മടങ്ങീ..
ചിക്കന്‍കറിയുടെ മണമേല്‍ക്കുമ്പോള്‍
വെക്കം, കുപ്പിയില്‍ നിന്നു പകര്‍ത്തിയ
പെഗ്ഗില്‍ സോഡയൊഴിക്കും നേരം
മുറ്റത്തെന്തോ കാല്‍പ്പെരുമാറ്റം..!
വാതിലു മെല്ലെ തുറക്കും നേരം
വായ പൊളിച്ചു ചിരിച്ചും കൊണ്ടെന്‍
ഭാര്യയുടാങ്ങള നില്‍ക്കുന്നുണ്ട്
കൂടൊരു നാലാള്‍ വേറെയുമുണ്ട്..
അളിയാ, പൊന്നേയെന്നുര ചെയ്തും
അടിവച്ചടിവച്ചുള്ളിലണഞ്ഞും
അവരഞ്ചാളും റൂമിലിരിയ്ക്കെ,
അവതാളത്തിലുലഞ്ഞു ഞാനും.!
പിന്നെ, ചടങ്ങുകള്‍ പെട്ടെന്നായീ
പിഞ്ഞാണത്തില്‍ കോഴിയുമെത്തീ..
അഞ്ചു മിനിറ്റിന്നുള്ളില്‍ കുപ്പിയി-
തഞ്ചാളും ചേര്‍ന്നവരുടെതാക്കീ...!!
വയറും കാഞ്ഞു വിശക്കും നേരം
പതിയെ അടുക്കള പൂകുന്നേരം
പഴയകലത്തിന്നുള്ളിലിരുന്ന
പഴങ്കഞ്ഞിയ്ക്കു പ്രണാമം,സ്വസ്തി.!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo