Slider

നരവീണ സ്വപ്നങ്ങൾ..

0

എനിക്ക് ഒരു വീട് വയ്ക്കണം. പുഴക്കരയിൽ മതി. അതാകുമ്പോൾ വ്രിശ്ചികമാസത്തിലെ രാത്രിയിൽ നല്ല കാറ്റ് കിട്ടും.മുറ്റം നിറയെ വെള്ളാരംകല്ലുകൾ പാകണം.ചുറ്റിനും വാകമരങ്ങൾ നടണം.മെയ്മാസത്തിലെ തണുത്ത പ്രഭാതങ്ങളിൽ മുറ്റത്ത് വീണു കിടക്കുന്ന വാകപ്പൂക്കൾ. ഹാാ...അങ്ങനെ ഒരു കൊച്ച് വീട്. അവിടെ ഞാനും അമ്മയും മാത്രം "
"ഉം" പതിയെ ഒരു മൂളൽ
"അമ്മ ഉറങ്ങിയോ" കണ്ണുകൾ മുകളിലേക്കുയർത്തി ഞാൻ ചോദിച്ചു.
" എയ് ഇല്ല"
അമ്മ കണ്ണുകൾ അടച്ച് മൺഭിത്തിയിൽ ചാരിയിരുന്നു. മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ അമ്മയുടെ മുഖം മാലഖയെ പോലെ തിളങ്ങി.അമ്മ സുന്ദരിയാണു. മടിയിൽ മുഖമമർത്തി ഞാനും കിടന്നു. അമ്മയുടെ സാരിയിൽ നിന്ന് അലക്കുസോപ്പിന്റെ മണം. അമ്മയുടെ ഇളം ചൂട് പറ്റി ഞാൻ കിടന്നു. ഒരു കുഞ്ഞിനെപോലെ. അമ്മയുടെ ശരീരത്തിനു രാമച്ചത്തിന്റെ മണമാണു.
ഞങ്ങളുടെ വീടിന്റെ പിന്നിലായീ ഒരു കാവുണ്ട്. നിറയെ ആൽമരങ്ങൾ വളർന്ന് നിൽക്കുന്ന, കുന്നികുരുവിന്റെ വള്ളികൾ പടർന്ന് കിടക്കുന്ന ഒരു കാവ്.കാവിനോട് ചേർന്ന് ഒരു കുളം.കുളത്തിന്റെ അരികിലായി നിറയെ രാമച്ചവും. അതിന്റെ വേരുകൾ കുളത്തിലേക്ക് പടർന്ന് കിടപ്പുണ്ട്.അതിലെ കുളികൊണ്ടാവും അമ്മയ്ക്ക് രാമച്ചത്തിന്റെ മണമായത്.
കാവിൽ അപ്പുപ്പനുണ്ടെന്നാണു വിശ്വാസം. ആഗ്രഹസഫലീകരണത്തിനു പലരും അവിടെ വെറ്റില വയ്ക്കാറുണ്ട്.ചെറുപ്പത്തിലെ വെറ്റില മുറുക്ക് അവിടെ നിന്നാണു തുടങ്ങിയത്.പലർക്കും വേണ്ടി ഞാൻ അവിടെ നിന്ന് മുറുക്കിയിട്ടുണ്ട്. ആഗ്രഹങ്ങൾ സഫലീകരിച്ചോ? അറിയില്ല. എനിക്ക് വേണ്ടി വച്ച വെറ്റിലകൾ പലതും വെയിലേറ്റ് കരിഞ്ഞിരിക്കുന്നു. പൂർത്തിയകാത്ത ആഗ്രഹങ്ങളുടെ ആകെ തുകയാണു ഞാൻ.
‌ ‌‌‌‌‌‌ പകൽ സമയങ്ങളിലെ കുളത്തിലെ കുളി രസമാണു. കുന്നികുരുകൾ വീണ കുളത്തിലെ വെള്ളം കണ്ണുനീരുപോലെ തിളങ്ങിയിരുന്നു.കുയിലിന്റെ കളനാദം, പാമ്പുകളുടെ ചീറ്റൽ, പക്ഷികളുടെ ചിറകിട്ടടി. ആകെ ഒരു പ്രകൃതിമയം .രാത്രികാലങ്ങൾ നിശബ്ദമായിരുന്നു.പകലിലെ കുളിയേക്കാൾ ഞാൻ രത്രിയിലെ നിശബ്ദത ഇഷ്ടപ്പെടുന്നു. ചില രാത്രികളിൽ ഞാനവിടെ തനിച്ചിരിക്കാറുണ്ട്.അന്നാണു എനിക്ക് മനസിലായതു, ആസ്വദിക്കാനറിയാമെങ്കിൽ ഏകാന്തതയാണു നല്ലതെന്ന്.
" നീ ആകെ നരച്ചിരിക്കുന്നു" ചിന്തകൾക്ക് മേലേ ഉണർത്ത് പാട്ടുപോലെ അമ്മയുടെ ചോദ്യം.
" അമ്മയും നരച്ചിരിക്കുന്നു" ഞാൻ മുഖമുയർത്തി നോക്കി പറഞ്ഞു.
" ഞാൻ വയസായില്ലേ"
‌‌‌‌ ‌ മനസുകൊണ്ട് ഞാൻ വയസ്സായി എന്നു പറയെണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.
" അവരും കുട്ടികളും വരുമോ"
" വരുമായിരിക്കും"
‌ ‌ അതെന്റെ ആഗ്രഹമാണു. തിരിച്ച് മരുഭൂമിയിലെ പ്രവാസത്തിലേക്ക് പോകുമ്പോൾ സഹോദരങ്ങളും കുട്ടികളും വരണമെന്ന്.മൺഭിത്തിയുള്ള വീട്ടിലേക്ക് അവർ വരുമോ? വരുമായിരിക്കും. കാരണം മൺഭിത്തിയുള്ള വീട്ടിലെ ചിമ്മിനിവെളക്കിന്റെ വെട്ടത്തിൽ പടിച്ച്, കാവിലെ കുളത്തിലെ തണുത്ത വെള്ളത്തിൽ കുളിച്ചാണു ഞങ്ങൾ വളർന്നത്.ഓർമകൾക്ക് ഇപ്പോഴും കുളിരാണു.
കുട്ടികളെ എനിക്ക് ഇഷ്ടമാണു. കളങ്കമില്ലാത്തവർ. ഒരിക്കൽ ഏട്ടന്റെ കുട്ടിയെ തോളിലിട്ട് ഉറക്കുന്നത് കണ്ട് അമ്മ ചോദിച്ചു.
" നീ എന്നാണു" ചോദ്യം മുഴുവിച്ചില്ല. കണ്ണുകൾ ഈറനണിഞ്ഞു.
* * * * * * * * * * * *
" രതീഷ് ഞാൻ പോകുന്നു."
അവൾ പറഞ്ഞു. ഞാൻ കുനിഞ്ഞ് കല്പടവിലിരുന്നു.ചുറ്റിലും നിൽക്കുന്ന വാകമരത്തിലേക്ക് ഒരു കുഞ്ഞികാറ്റു വീശീ..കുറച്ച് പൂക്കൾ ആ പടവിലേക്ക് പൊഴിഞ്ഞു വീണു.
" നീ സ്വപ്നങ്ങളിൽ ജീവിക്കുന്നു. ഞാൻ യാതാർത്യത്തിലും. നീ തിരിച്ചറിവില്ലാത്തവനാണു. സ്വപ്നങ്ങളും യാതർത്യവും തമ്മിൽ നിനക്ക് തിരിച്ചറിയില്ല. ഞാൻ പോകുന്നു. നൽകിയ പ്രണയത്തിനു നന്ദി.മറക്കുക"
അവൾ കല്പടവുകൾ നടന്ന് കയറി. അവളുടെ പാദസ്പർശമേറ്റ് വാകപ്പൂക്കൾ ഞെരിഞ്ഞമർന്നു.എന്റെ സ്വപ്നങ്ങളും. അവൾ മായുന്നത് കാണാൻ കണ്ണുനീർ നിന്നില്ല.അവ എന്റെ കണ്ണുകളെ നിറച്ചുകൊണ്ട് ഒലിച്ചിറങ്ങി.വാഗ്ദാനങ്ങൾ നടത്താത്ത എന്റെ പ്രണയം അവസാനിക്കുന്നു.വാകപ്പൂപോലെ അവ ഞെരിഞ്ഞമർന്നിരിക്കുന്നു.
* * * * * * * * *
" നീ കരയുകയാണോ" 
അമ്മയെന്റെ മുഖമുയർത്തി ചോദിച്ചു.കണ്ണീരിന്റെ ഇളം ചൂട് മടിയിലേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു.
" എയ് ഞാൻ എന്തോ ആലോചിച്ച് കണ്ണ് നിറഞ്ഞുപോയി" 
" പെട്ടിയിൽ എല്ലാം വച്ചോ"
" ഉം " ഞാൻ പതിയെ മൂളി.
കൊണ്ട് പോകാൻ ഒന്നുമില്ല. അമ്മയുടെ സ്നേഹമല്ലാതെ. ചിലപ്പോൾ കാച്ചെണ്ണ, ചിലപ്പോൾ കടുമാങ്ങ. പിന്നെ ഒരിക്കലും പുറത്തെടുക്കാത്ത പെട്ടിയിലെ സ്തിരതാമസക്കാരായ തുണികൾ....
ഞാൻ അമ്മയുടെ വയറിൽ ചുട്ടിപ്പിടിച്ച് , മുഖമമർത്തി കിടന്നു.വീണ്ടുമൊരു യാത്രപറച്ചിൽ. വർഷങ്ങൾക്കപ്പുറം തിരിച്ചുവരണം.പെട്ടിനിറയെ സ്വപ്നങ്ങളുമായി.കുളത്തിലെ കുളി, കുയിലിന്റെ നാദം, പുഴക്കരയിലെ വീട്, വാകപ്പൂക്കൾ, അമ്മയുടെ മടിയിലെ ഉറക്കം, അങ്ങനെ പലതും. അതായിരുന്നു സമ്പാദ്യം. 
ഒരു പെട്ടി നിറയേ നര വീണ സ്വപ്നങ്ങളുള്ളവൻ.അതിൽ പങ്കുചേരാത്ത പ്രണയിനീ നിനക്ക് നന്ദീ....
( രതീഷ് കടയ്ക്കൽ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo