ഇവിടെ മുറ്റത്തെ ഈ മരച്ചുവട്ടിലിരുന്ന് പുറത്തെ കാഴ്‌ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ മനസിന്റെ ഭാരം അൽപം കുറയുന്ന പോലെ.കുന്നിന്‍ചെരുവിലെ കൊയ്‌ത്തുകഴിഞ്ഞ പാടത്ത് കുട്ടികള്‍ പന്ത് കളിക്കുന്ന തിരക്കിലാണ്.ചിലർ പുഴയില്‍ മുങ്ങാംകുഴിയിട്ട് കളിക്കുന്നു.ഒഴിവുകാലമായത്‌കൊണ്ടാവണം മലയെ ചുറ്റിപ്പിണഞ്ഞ് കടന്നുപോകുന്ന നാടുകാണിചുരത്തിലൂടെ ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. അങ്ങകലെ മാനംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളെ സാക്ഷിനിർത്തി ഈ മരച്ചുവട്ടിലിരുന്ന് എന്തെല്ലാം സ്വപ്നങ്ങൾ നെയ്ത് കൂട്ടിയിരുന്നു താനും നജീബിക്കയും. കല്യാണം കഴിഞ്ഞ ശേഷം ഉപ്പ നൽകിയ ഈ സ്ഥലത്ത് ഒരു കൊച്ചു വീട് പണിത് ഇങ്ങോട്ട് താമസം മാറുകയായിരുന്നു.ഇക്കക്ക് പണ്ടേയുള്ള സ്വപ്നമായിരുന്നു ഈ കുന്നിൻ മുകളിൽ ഒരു വീടുവെക്കുക എന്നത്.ഇക്ക നാട്ടിലുണ്ടായിരുന്നപ്പോൾ ഒഴിവുള്ള വൈകുന്നേരങ്ങളിൽ പാറക്കൂട്ടങ്ങൾക്കിടയിലെ ഈ മരച്ചുവട്ടിൽ വന്നിരിക്കുമായിരുന്നു. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടി വരാൻ പോകുന്നുവെന്നറിഞ്ഞ ദിവസം ഇക്കയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളെ നോക്കി തന്റെ മടിയിൽ തല വെച്ച് കിടക്കവെ അന്ന് എന്തെല്ലാം സ്വപ്നങ്ങളാണ് ഇക്ക നെയ്തുകൂട്ടിയത്.
ദിവസങ്ങൾക്ക് ശേഷം ദൂരെയുള്ള ഒരു സുഹൃത്താണ് ജിദ്ദയിലേക്കുള്ള ഒരു ഡ്രൈവർ വിസയെപ്പറ്റി പറഞ്ഞത്. വിസക്ക് പണം വേണ്ടെന്നും ടിക്കറ്റ് വരെ ഫ്രീയാണെന്നു മറിഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിച്ചില്ല.നാട്ടിൽ സ്ഥിരവരുമാനമില്ലാത്തത് കൊണ്ട് ചുരുങ്ങിയത് രണ്ട് കൊല്ലമെങ്കിലും ഗൾഫിൽ ജോലി ചെയ്ത് വീട് പണിക്കായി പലരിൽ നിന്നായി വാങ്ങിയ കടങ്ങൾ വീട്ടിക്കഴിഞ്ഞാൽ പിന്നെ നാട്ടിൽ എന്തെങ്കിലും ചെയ്ത് മൂന്നോട്ട് പോകാമെന്നായിരുന്നു പ്രതീക്ഷ.
ഒരു മാസത്തിനകം വിസ വന്നു.പിന്നെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. തൽക്കാലത്തേക്കെങ്കിലും തന്നെ വേർപിരിഞ്ഞു പോകുന്നതിൽ ഇക്കക്ക് അതിയായ സങ്കടമുണ്ടായിരുന്നു. പോകുന്നതിന്റെ തലേ ദിവസം രാത്രി ഇക്കയെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു. തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കവെ ഇക്കയുടെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.
അന്ന് പുലർച്ചെ അഞ്ചുമണിക്ക് എയർപോർട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ അവസാനമായി ഇക്ക പറഞ്ഞത് ഒരിക്കലൂം മറക്കില്ല.
"നീ കരയരുത്...രണ്ട് വർഷമെന്നത് കണ്ണടച്ച് തുറക്കുമ്പോലെ കഴിഞ്ഞുപോകും.അപ്പോഴേക്കും ഞാനിവിടെ നിന്റെയരികിലെത്തും....''
കൂട്ടിപ്പിടിച്ച കൈകള്‍ വേർപിരിച്ചെടുത്ത് തിരിഞ്ഞുനോക്കാതെ കുന്നിറങ്ങുമ്പോള്‍ അതുവരെ കരയാതിരുന്ന ഇക്ക ആരുംകാണാതെ കണ്ണുകള്‍ തുടക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും താന്‍ കണ്ടു.
ജിദ്ദയിലിറങ്ങിയാല്‍ സൈനുത്തയുടെ വീട്ടിലേക്ക് വിളിക്കുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് എട്ടുമണിയായപ്പോള്‍തന്നെ ഇത്തയുടെ വീട്ടിലേക്ക് പോയി. ജിദ്ദയിലേക്കാണെന്നറിഞ്ഞപ്പോൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോകാൻ സൈനുത്തയുടെ ഭർത്താവ് വരാമെന്ന് പറഞ്ഞിരുന്നു.അവരുടെ ഭർത്താവും ജിദ്ദയിലാണ്.
തങ്ങളുടെ ഈ കുന്നിന്‍െചെരുവില്‍ ഫോണുള്ള ഒരേയൊരു വീടും ഇത്തയുടേതായിരുന്നു..കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കയറിച്ചെന്ന തന്നെ അവർ പലതും പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഫോണ്‍ ശബ്‌ദിച്ചു.അവരൂടെ ഭർത്താവായിരുന്നു.തമാശകള്‍ പറഞ്ഞ് സംസാരം തുടങ്ങിയ ഇത്തയുടെ ഭാവം മാറുന്നതും അവർ തന്നെത്തന്നെ ശ്രദ്ധിക്കുന്നതൂം കണ്ടു.അവരൂടെ സംസാരത്തിന്ന് താന്‍ തടസമകേണ്ടെന്ന് കരുതി മുറിയില്‍നിന്നും പുറത്തിറങ്ങി.അല്‍പം കഴിഞ്ഞ് പുറത്തേക്ക് വന്ന ഇത്ത മടിച്ചുമടിച്ച് ആ സത്യം പറഞ്ഞു.
ഇക്കയെ ജിദ്ദാ എയർപോർട്ടില്‍വെച്ച് മയക്കുമരുന്ന് കടത്തിയതിന് സൗദിപോലീസ് പിടികൂടിയത്രെ!
ആദ്യം ഒരു ഞെട്ടലായിരുന്നു. കാര്യത്തിന്റെ ഗൗരവത്തെപ്പറ്റി മനസ്സിലായതോടെ ഒന്നും പറയാനാവാതെ തളർന്നുവീഴുകയായിരുന്നു.
രണ്ട് വർഷം കൊണ്ട് കടങ്ങളെല്ലാം വീട്ടി തനിക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും കൈനിറയെ സമ്മാനങ്ങളുമായി പറന്നുവരുമെന്ന് പറഞ്ഞ ഇക്ക ഇങ്ങിനെ ചെയ്യില്ലെന്നുറപ്പുണ്ടായിരുന്നു.പിന്നെയെന്താണ് സംഭവിച്ചത്?
രണ്ടുമാസങ്ങള്‍ക്ക് ശേഷം ജയിലില്‍നിന്നും ഇക്കയുടെ കത്തുവന്നു.എയർപോർട്ടില്‍ നിന്നും കണ്ടൊരാള്‍ ജിദ്ദാ എയർപോർട്ടില്‍ കാത്തുനില്‍ക്കുന്ന ഒരാള്‍ക്ക് കൊടുക്കാനെന്ന് പറഞ്ഞ് ഒരു പൊതി ഏല്‍പിച്ചിരുന്നെന്നും ജിദ്ദയിലെ പരിശോധനയിലാണ് അത് മയക്കുമരുന്നാണെന്നറിഞ്ഞതെന്നും അതിലൂടെയാണ്.
നിരപരാധിത്വം തെളിയിക്കുന്നത് വരെ മാത്രം ജയിലിൽ കിടന്നാൽ മതിയെന്നും പിന്നെ ജോലിയിൽ കയറാൻ കഴിയുമെന്നും തനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നുമൊക്കെ കത്തിലുണ്ടായിരുന്നു.എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുമായിരുന്ന തന്റെ പാവം ഇക്കക്ക് വിധി കാത്തുവെച്ച സമ്മാനം.ആശ്വാസവാക്കുകൾക്ക് കൊതിച്ച തന്നെ പല ബന്ധുക്കളും കുത്തുവാക്കുകൾ കൊണ്ട് നോവിക്കുകയായിരുന്നു. പെട്ടെന്ന് പണക്കാരനാകാൻ മയക്കുമരുന്ന് കടത്തി കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു പലരുടെയും പരാതി.
മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി ഇക്കയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള സൗദി ഗവണ്‍മെന്റിന്റെ അറിയിപ്പെത്തിയപ്പോള്‍ ഒന്ന് പൊട്ടിക്കരയാന്‍പോലും ത്രാണിയുണ്ടായിരുന്നില്ല.
എത്രയോ രാത്രികളില്‍ ഭീകരസ്വപ്‌നങ്ങള്‍ മാത്രമായിരുന്നു കൂട്ട്.ഇക്ക ഗൾഫിലേക്ക് പോയതിൽ പിന്നെ ഇവിടെ തനിക്ക് കൂട്ടിന് താമസമാക്കിയ ഉപ്പയും ഉമ്മയും രാത്രികളിൽ ഉറക്കമിളച്ച് തനിക്ക് കാവലിരുന്നു.
നാട്ടുകാരെല്ലാം ചേർന്ന് ഇക്കയുടെ നിരപരാധിത്വം ഉന്നതങ്ങളിലറിയിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുണ്ടായിരുന്നു.പക്ഷേ ശരീഅത്ത് കോടതി ഇക്കയുടെ വധശിക്ഷ നടപ്പാക്കിയ വിവരമറിഞ്ഞപ്പോള്‍ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുവെട്ടിച്ച് എല്ലാം അവസാനിപ്പിക്കാനായി
നാടുകാണിപ്പാറയിലേക്കോടിക്കയറിയതാണ്.ഒന്നുമറിയാത്ത ഒരുപിഞ്ചുപൈതലും കൂടെ ഇല്ലാതാകുകയാണല്ലോ എന്നോർത്തപ്പോള്‍ അവിടെയും താൻ തോറ്റുപോയി. ഒടുവിൽ ആ കുഞ്ഞിനെയോർത്ത് ജീവിക്കാൻ തന്നെ തീരുമാനിച്ചു. താൻ കൊതിച്ചിരുന്നത് പോലെ തന്നെ ഒരാൺകുഞ്ഞ്.അവനിപ്പോള്‍ ഒന്നര വയസായി.ഇക്കയുടെ അതേ ഛായയാണവന്.
ഒരുവർഷം മാത്രം നീണ്ടുനിന്ന വിവാഹജീവിതത്തില്‍ ഒത്തിരി മധുരമാർന്ന ഓർമകള്‍ സമ്മാനിച്ച് ഇക്ക ഈ കുന്നിറങ്ങിപ്പോയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു.രണ്ടു വർഷമെന്നത് കണ്ണടച്ച് തുറക്കുന്നത് പോലെ കടന്നുപോകുമെന്നും പറഞ്ഞ്‌പോയിട്ട്......
"സജ്‌നാ നീയവിടെ എന്തെടുക്കയാ....മോന്‍ കരയണത് കേട്ടില്ലേ...?''
മുറ്റത്ത്‌നിന്ന് ഉപ്പയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാണ് സജ്‌ന ചിന്തയില്‍ നിന്നുണർന്നത്.നിറമിഴികള്‍ കൈത്തലം കൊണ്ട് തുടച്ച് തൊട്ടിലില്‍നിന്നും കുഞ്ഞിനെയുമെടുത്ത് വരാന്തയിലേക്കിറങ്ങി.പുറത്ത് നല്ല തണുപ്പാണ്.
കുന്നിന്‍ചെരുവില്‍ മേയാന്‍ വിട്ടിരുന്ന ആടുകളെയും തെളിച്ച് ഉമ്മ കുന്നുകയറിവരുന്നത് കണ്ടു.
നേരം സന്ധ്യയായിത്തുടങ്ങി. താഴ്വരയിലെ കുടിലുകളിൽ അന്തിവിളക്കുകൾ കൺമിഴിച്ചു.കൂടുംതേടി ആകാശത്തിലൂടെ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഇണക്കിളിയെ നഷ്‌ടപ്പെട്ട ഒരു പെണ്‍കിളിയുടെ കരച്ചില്‍ ഉയർന്നുകേള്‍ക്കുന്നുണ്ടായിരുന്നു......
**************
എം.പി.സക്കീർ ഹുസൈൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക