നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചേച്ചി


ചേച്ചിയുടെ വിവാഹം കഴിഞ്ഞു.. ഞാൻ വീട്ടിൽ ഒറ്റയ്ക്കായി... ചെറുപ്പം തോട്ടെ എല്ലാവരും പറയും അമ്മുവും ആര്യയും ചേച്ചിയും അനിയത്തിയുമല്ല നല്ല കൂട്ടുകാരാണെന്ന്...
ബി ടെക്ക് കഴിഞ്ഞു ഇരിയ്ക്കയായിരുന്ന ഞാൻ പുതിയ അധ്യായനവർഷത്തിൽ എം ടെക്കിന് ചേർന്നു.. അവിടെ വച്ചാണ് ഗസ്റ്റ് ലക്ചറർ ആയ രാജേഷ് സാറിനേ കാണുന്നത്... ഇരുപത്തെട്ടു വയസ്സു പ്രായം കാണും കണ്ടാൽ സുമുഖൻ, ആരോടും അങ്ങനെ മിണ്ടാത്ത പ്രകൃതം... സാറിന്റെ ക്ലാസ്സിൽ എല്ലായിപ്പോഴും പെൺകുട്ടികളുടെ ബഞ്ചുകൾ നിറഞ്ഞിരിയ്ക്കും.. സാറിനെ നോക്കാത്ത പെൺപിള്ളേര് ഇല്ല..
ആ കൂട്ടത്തിൽ ഞാനും കൂടി..
പക്ഷെ സാർ ആർക്കും പിടി കൊടുക്കുന്ന കൂട്ടത്തിലല്ല...
ഈ ഇടയ്ക്കാണ് കോളേജ് അവധിയിൽ ഞാൻ ചേച്ചിയുടെ വീട്ടിൽ പോയത്.. കാലത്ത് ഞാനും ചേച്ചിയും കൂടി അമ്പലത്തിൽ പോയി.. അവിടെ വച്ചാണ് യാദൃശ്ചികമായി രാജേഷ് സാറിനെ കണ്ടത്..
ഞാൻ ചേച്ചിയ്ക്ക് സാറിനെ പരിചയപ്പെടുത്തി.. പ്രതീക്ഷിയ്ക്കാതെ എന്നെ കണ്ട സാറിന്റെ മുഖത്ത് എന്താണ് ഇവിടെ...?? എന്ന ചോദ്യം നിഴലിച്ചിരുന്നു.. ചോദിയ്ക്കാതെ തന്നെ ഞാൻ അതിനുത്തരം നൽകി..
ഇത് എന്റെ ചേച്ചി അമ്മു.. ചേച്ചിയെ വിവാഹം കഴിച്ചു കൊണ്ടുവന്നത് ഇവിടെയ്ക്കാണ്.. കോളേജ് ലീവ് ആയതിനാൽ ഞാൻ രണ്ടു ദിവസം ചേച്ചിയുടെ കൂടെ നിൽക്കാൻ വന്നതാണ്..
നിങ്ങൾ സംസാരിയ്ക്ക് ഞാൻ പ്രസാദം വാങ്ങിയ്ക്കട്ടെ എന്ന് പറഞ്ഞു ചേച്ചി പോയി... ഞാനും സാറും കുറച്ചു നേരം സംസാരിച്ചു.. പിന്നീട് കുറച്ചു ധൃതിയുണ്ട് എന്ന് പറഞ്ഞു അദ്ദേഹം പോയി..
പിന്നീട് ചേച്ചി വഴിയാണ് ഞാൻ സാറിനെ കുറിച്ച് കൂടുതൽ അറിയുന്നത്.. രണ്ടുമൂന്ന് കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുന്നു രാത്രി പാരലൽ കോളേജിൽ പഠിപ്പിയ്ക്കാൻ പോകുന്നു, കൂടാതെ വീട്ടിൽ കുറച്ചു കൃഷിപ്പണിയും.. പ്രാരാബ്ധങ്ങൾ നിറഞ്ഞ കുടുംബം... അമ്മയ്ക്കും അച്ഛനും തീരേ വയ്യ, രണ്ടു അനിയത്തിമാർ ഉണ്ടായിരുന്നു അവരെ വിവാഹം കഴിച്ചു വിട്ടു.. എല്ലാം ആ സാറിന്റെ ഒറ്റ അധ്വാനത്തിൽ നിന്നും.. ഇപ്പോൾ വയസ്സായ അച്ഛനും അമ്മയും മാത്രമാണ് ആ വീട്ടിൽ ആവശ്യത്തിൽ ഏറെ സാമ്പത്തിക പ്രശ്നങ്ങളുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടികുകയാണ് പാവം.. ഈ നാട്ടിൽ ആ സാറിനെ അറിയാത്തവർ ആരുമില്ല എല്ലാവർക്കും വലിയ ബഹുമാനവും ആദരവുമാണ് അദ്ദേഹത്തോട്... ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു മനുഷ്യനെ കണ്ടുകിട്ടാൻ തന്നെ പാടാണ്..
ചേച്ചി പറഞ്ഞ സാറിന്റെ കഥകൂടി കേട്ടപ്പോൾ ഞാൻ സാറിനെ ഒത്തിരി ഇഷ്ടപ്പെടാൻ തുടങ്ങി.. പിന്നീട് അവധിയ്ക്കെല്ലാം അമ്മുവിന്റ വീട്ടിൽ പോകുന്നത് പതിവായി.. അവിടെ പോയാൽ അമ്പലവും സാറുമായുള്ള സ്ഥിരമായ കൂടികാഴ്ചകളും പിന്നീട് സൗഹൃദവും അത് പിന്നെ പ്രണയത്തിലേയ്ക്കും കലാശിച്ചു.. അടുത്തറിഞ്ഞപ്പോഴാണ് സാറ് വെറുമൊരു പാവമാണെന്നും മുഖത്തുള്ള ഗൗരവം വെറും മുഖംമൂടി മാത്രമാണെന്നും എനിയ്ക്ക് മനസിലായത്.. അങ്ങനെ ഒത്തിരി നാളുകൾ കഴിഞ്ഞു.. സാറിന്റെ അമ്മയുടെ അസുഖം കൂടി വന്നു വീട്ടിൽ ഒരാളില്ലാതെ കഴിയില്ലെന്നായി വിവാഹം കഴിയ്ക്കാൻ നിർബന്ധിക്കുന്നുണ്ടെന്ന് സാർ പറഞ്ഞു..
അമ്മയെ ശുശ്രുഷിയ്ക്കാൻ ഒരാൾക്ക് വേണ്ടി ആണോ സാർ എന്നെ വിവാഹം കഴിയ്ക്കുന്നത് എന്നൊരു ചിന്ത മനസ്സിൽ കടന്നുകൂടി.. ആ ഇടയ്ക്കാണ് വീട്ടിൽ ഒരു വിവാഹാലോചന വന്നത് ചെറുക്കൻ ഡോക്ടറാണ് അവശ്യത്തിൽ അധികം പണവുമുണ്ട്... എന്റെ വീട്ടുകാർക്കും അവരുടെ വീട്ടുകാർക്കും ഇഷ്ടമായി.. ഇനി തീരുമാനം എന്റെയാണ്.. ഞാൻ ചേച്ചിയോട് സാറിന്റെ കാര്യം പറഞ്ഞു..
ജീവിതം നിന്റെയാണ് തീരുമാനവും നിന്റെയാണ്.. ജീവിതത്തിൽ പ്രണയിക്കാത്തവർ കുറവാണ് പക്ഷെ വിവാഹം കഴിയ്ക്കുമ്പോൾ കുറച്ചു പ്രാക്ടിക്കലായും ചിന്തിക്കണം.. നീ കുട്ടി ഒന്നും അല്ല ചിന്തിച്ചു തീരുമാനം എടുക്കാം.. ചേച്ചിയുടെ ആ ഉപദേശം എന്റെ മനസ്സിൽ വിള്ളൽ വീഴ്ത്തി ഞാനും എല്ലാവരെയും പോലെ പ്രാക്ടിക്കലായി ചിന്തിച്ചു സാറിനെ തഴഞ്ഞു ഡോക്ടറെ സ്വീകരിച്ചു..
പിറ്റേ ദിവസം സാറിന്റെ കാൾ വന്നു എന്നും കാണാറുള്ള കോഫി ഹൗസിൽ വരണം എന്തോ സംസാരിയ്ക്കണം എന്നും പറഞ്ഞു.. ഞാൻ കൃത്യസമയത്തു തന്നെ ചെന്നു സാർ അന്ന് നല്ല സന്തോഷത്തിൽ ആയിരുന്നു.. ആ സന്തോഷം ഞാൻ ചിതകൂട്ടി ദഹിപ്പിച്ചു വിവാഹക്കാര്യം പറഞ്ഞു. പിന്നീട് മാഷ് ഒരക്ഷരം പറഞ്ഞില്ല.. ഞാൻ പതുക്കെ എഴുന്നേറ്റ് നടന്നു... പിറ്റേ ദിവസം മുതൽ സാർ ക്ലാസ്സിൽ വന്നിട്ടില്ല.. എനിയ്ക്കും അത് ഒരു ആശ്വാസമായിരുന്നു ഞാൻ കുറച്ചു സ്വാർത്ഥയായി ഞാൻ അന്വേഷിക്കാനും പോയില്ല..
അങ്ങനെ ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു.. കഴിഞ്ഞ ഒരാഴ്ച മുന്നേ ഒരിക്കൽ സാർ വിളിച്ചു എന്നല്ലാതെ വേറെ ഒരു ശല്യവും ഉണ്ടായില്ല.. ഡോക്ടറുമായുള്ള വിവാഹം ഉറച്ചപോലെയായിരുന്നു എന്നാൽ എന്നെക്കാളും നല്ല പഠിപ്പും പണവും ഉള്ള കുട്ടിയെ കിട്ടിയപ്പോൾ അവർ വാക്ക് മാറി.. അപ്പോഴാണ് ഞാൻ സാറിനോട് ചെയ്ത തെറ്റിന്റെ വേദന അറിഞ്ഞത്.. സാറിനെ ഒന്ന് കാണണം മാപ്പ് പറയണം.. മനസ്സിൽ അന്നാദ്യമായി കുറ്റബോധം തോന്നി.. വൈകീട്ട് സാറിനെ വിളിയ്ക്കണം എല്ലാം ഏറ്റു പറയണം മനസ്സിൽ ഉറപ്പിച്ചു...
എന്നാൽ അന്ന് ഉച്ചയ്ക്ക് പ്രതീക്ഷിയ്ക്കാതെ സാർ ക്ലാസ്സിൽ വന്നു..
നിങ്ങളോടെല്ലാം യാത്ര പറയാതെ പോയതിന് ക്ഷമ ചോദിയ്ക്കുന്നു.. ആ അവസരത്തിൽ അതിനു കഴിഞ്ഞില്ല.. എനിയ്ക്ക് ഇവിടെ ഒരു ഗവൺമെന്റ് കോളേജിൽ ലെക്ചറർ ആയി നിയമനം കിട്ടി ഇപ്പോൾ അവിടെ ക്ലാസ്സ് എടുക്കുന്നു.. എല്ലാം പെട്ടന്ന് ആയിരുന്നു.. പിന്നെ ഒരു വിശേഷം കൂടിയുണ്ട്. ഞാൻ നിങ്ങൾക്ക് ഒരാളെ കൂടി പരിചയപ്പെടുത്താം ഇത്‌ ദിവ്യ എന്റെ ഭാര്യയാണ്.. വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസമായി.. വലിയ ആർഭാടം ഒന്നും ഇല്ലായിരുന്നു വേണ്ടപ്പെട്ടവരും വീട്ടുകാരും മാത്രമുള്ള ചെറിയ ചടങ്ങിൽ ഗുരുവായൂരിൽ വച്ച് താലി കെട്ടി.. അങ്ങനെ സാർ എല്ലാവർക്കും ഭാര്യയെ പരിചയപ്പെടുത്തി കൂട്ടത്തിൽ എന്നെയും..
ആര്യയല്ലെ...!! സാർ എപ്പോഴും പറയും ആര്യയുടെ കാര്യം.. അവസാന ദിവസം ഓർമയില്ലേ നിങ്ങൾ കണ്ടുമുട്ടിയ അന്ന് സാർ ആര്യയെ കോഫീ ഹൗസിൽ വിളിച്ചത് എന്തിനാണ് എന്ന് അറിയോ.. !!
(മോതിരവിരലിൽ കിടക്കുന്ന ആ മോതിരം കാണിച്ചു) ഈ മോതിരം നിനക്ക് തരാനും പിന്നെ ജോലി കിട്ടിയ സന്തോഷം പങ്കിടാനും.. നിന്നോട് ഒത്തിരി നന്ദിയുണ്ട് വെറും പാവപ്പെട്ട വീട്ടിലെ എന്നെ പോലെ ഒരു കുട്ടിയ്ക്ക് ഇത് പോലെ ഒരു മനുഷ്യനെ തന്ന് സ്വയം ഒഴിഞ്ഞു പോയതിന്.. ഒരാഴ്ച മുന്നേ ആര്യയെ ഫോൺ വിളിച്ചത് ഞാനാണ് ഞങ്ങളുടെ വിവാഹത്തിന് ക്ഷണിയ്ക്കാൻ എന്നാൽ കുട്ടി ഫോൺ എടുത്തില്ല.. പക്ഷെ ആര്യയുടെ വിവാഹത്തിന് വിളിയ്ക്കാൻ മറക്കരുത്...
സാറിന്റെ ബൈക്കിന്റെ പിറകിൽ ഇരുന്ന് പോകുമ്പോൾ ദിവ്യയുടെ മുഖത്തെ പുഞ്ചിരിയും സന്തോഷവും എന്റെ നെഞ്ചിൽ ഒരു നഷ്ട ബോധത്തിന്റെ ചിത എരിയ്ക്കുന്നുണ്ടായിരുന്നു..
Sajith_Vasudevan(ഉണ്ണി...)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot