Slider

പെയ്തൊഴിയാത്ത കാർമേഘം

0

"ഏയ് റീമ... താനിതെവിടാ? ബുക്കും തുറന്നു വെച്ച് ആരെയാ സ്വപ്നം കാണണേ?"
എന്റെ ഒച്ചയുയർന്നപ്പോൾ റീമ ഞെട്ടി തിരിഞ്ഞു നോക്കി. അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ഭൂതകാലത്തിലേക് അവൾ സഞ്ചരിച്ചുവെന്നു മനസ്സിലായി.
തുറന്നു വച്ചിരിക്കുന്ന ബുക്കിലെ ടോപിക് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. റാബീസ്... ( പേപ്പട്ടി വിഷബാധ).
റീമയുടെ ചുണ്ടുകളിൽ വിഫലമായി പോവുന്ന ചിരിയുടെ നാമ്പുകൾ. കണ്ണുകളിൽ കടലോളം ദുഃഖം ഒളിപ്പിച്ചു പൊട്ടിച്ചിരിയുടെ അലകൾ തീർക്കുന്നവൾ.
"റീമ... താനതൊക്കെ വിട്ടു പഠിക്കാൻ നോക്ക്... നെക്സ്റ്റ് വീക്ക് എക്സാം സ്റ്റാർട്ട് ചെയ്യാണെന്നു മറക്കണ്ട."
റീമയുടെ മിഴികൾ തുളുമ്പുന്നത് കണ്ടപ്പോൾ ഞാനവളുടെ അടുത്ത് ചെന്നിരുന്നു.
"എന്താടോ താനിങ്ങനെ... ഇന്നെന്താ പതിവില്ലാതെ... താൻ ഇത്രേം അപ്സെറ്റ് ആവുന്നേ? "
എന്റെ കൈ അവളുടെ തോളിൽ വെച്ച് അവളുടെ തലയിൽ എന്റെ തല കൊണ്ട് പതിയെ ഒരു ഇടി കൊടുത്തു ഞാൻ ചോദിച്ചു.
പൊടുന്നനെ എന്റെ തോളിൽ തല ചായിച്ച് റീമ വിതുമ്പാൻ തുടങ്ങി.
"അലീന... തനിക്കറിയോ... ഇന്നെന്റെ പപ്പേടെ ചരമ വാർഷികമാണ്. എന്റെ കുഞ്ഞു നാളിലെ ചില ഓർമകളിൽ മാത്രം ഞാൻ അറിഞ്ഞ പപ്പ... പപ്പേടെ സ്നേഹം എന്താന്ന് എനിക്കറിയില്ല അലീന...
ജോലി കഴിഞ്ഞു വരുന്ന ഏതോ ദിവസാണ് പപ്പാ ആ നായകുട്ടീനേം അമ്മേം വീട്ടിൽ കൊണ്ട് വന്നത്. പപ്പക്ക് തോന്നിയ ദയ... മെരുങ്ങാത്ത തള്ളപ്പട്ടി പല തവണ പപ്പയെ കടിച്ചു. എന്നിട്ടും പപ്പാ സ്നേഹത്തോടെ അതിനെ പരിപാലിച്ചു. ഒരു ദിവസം കുളിക്കാൻ വേണ്ടി കുളത്തിലിറങ്ങാൻ നേരാണ് പപ്പക്കെന്തോ വയ്യായ്ക പോലെ... കുളത്തിലിറങ്ങാൻ ഒരു പേടി... കുളിക്കാതെ തിരിച്ചു വന്ന പപ്പയോട് കുളിമുറിയിൽ വെള്ളമെടുത്തു വച്ചിട്ടുണ്ടെന്ന് 'അമ്മ പറഞ്ഞു. പക്ഷേ ബക്കറ്റിലെ വെള്ളത്തിൽ നോക്കിയപ്പോഴും പപ്പക്കെന്തോ ഒരു പേടി... കുടിക്കാൻ വെള്ളം കൊടുത്തപ്പോഴും ചുണ്ടുകൾ ഭയത്താൽ കോടുന്ന കണ്ടപ്പോൾ എല്ലാവരും പകച്ചു.
പപ്പക്ക് പേപ്പട്ടി വിഷബാധയാണെന്നും വൈകി പോയെന്നും സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ വിധിയെഴുതി. ആ ആശുപത്രി കെട്ടിടത്തിനുള്ളിലെ ഇരുണ്ട സെല്ലുകളിൽ ഒന്നിൽ പപ്പ ഐസൊലേറ്റ് ചെയ്യപ്പെട്ടു.
കുട്ടികളായ ഞങ്ങൾക്കും വീട്ടിലെ മറ്റു അംഗങ്ങൾക്കും ഊട്ടിയിൽ നിന്നും പ്രത്യേകം കൊണ്ട് വന്ന ഇൻജെക്ഷൻ എടുത്തു.
അലീന... എനിക്കും കിട്ടീട്ടൊ വയറിൽ പൊക്കിളിനു ചുറ്റും 10 ഇൻജെക്ഷൻ. കുട്ടിയായ കാരണം 10 ൽ ഒതുങ്ങി... ബാക്കിയെല്ലാർക്കും 14 ആയിരുന്നെ..."
കണ്ണീരിനിടയിലും റീമ ചിരിക്കുന്നത് കണ്ടിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല. എന്റെ മുഖത്തോട്ട് നോക്കി ചിരിച്ചു കൊണ്ട് റീമ ചോദിച്ചു.
" പപ്പയെ കാണാൻ... പപ്പയെ അടച്ചിട്ടിരുന്ന സെല്ലിന് മുൻപിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന എന്റെ 'അമ്മ... അമ്മേടെ കയ്യിൽ ഒന്നുമറിയാതെ ഞാൻ. അഴികൾക്കുള്ളിലൂടെ കൈ നീട്ടി കരയുന്ന പപ്പാ... അടുത്ത് പോകണ്ട... നഖം കൊണ്ട് പൊറിയാലും ചിലപ്പോൾ.... പാതി പറഞ്ഞു നിർത്തി നേഴ്സ് കടന്നു പോകുമ്പോൾ എന്നെ ചേർത്തണച്ച് കരഞ്ഞുകൊണ്ട് തളർന്നു നിൽക്കുന്ന 'അമ്മ... തനിക്കത് ഇമാജിൻ ചെയ്യാൻ പറ്റോ അലീന?... "
മറുപടി പറയാനാവാതെ നിറഞ്ഞ കണ്ണും പിടയുന്ന ചങ്കുമായി ഞാനിരുന്നു.
" പപ്പേടെ മരണശേഷം പലപ്പോഴും കേട്ടു... എന്റെ ജന്മനക്ഷത്രത്തിന്റെ ദോഷാണത്രെ പപ്പേടെ ജീവനെടുത്തത്. തന്തയുടെ തലയെടുത്തവൾ എന്ന അമ്മൂമ്മയുടെ കുത്തുവാക്ക് കേട്ട് അന്തർമുഖിയായി ഞാൻ വളർന്നു. നിറമില്ലാത്ത എന്റെ ബാല്യവും കൗമാരവും... ഏട്ടന്റെ നെഞ്ചിന്റെ ചൂട് പറ്റി ഏട്ടന്റെ മകളായി ഞാൻ വളർന്നു. വർഷങ്ങൾക്കിപ്പുറവും എന്നിൽ അടിച്ചേല്പിക്കപെട്ട ശാപവചസ്സുകളും പപ്പേടെ ദൈന്യതയാർന്ന മുഖവും നീട്ടിയ കൈകളും... എന്റെ ഓർമകളിൽ തെളിയുമ്പോൾ.... ഈ ദിവസം തന്നെ ഈ ടോപിക് കണ്ടപ്പോൾ വീണ്ടും ഞാനറിയാതെ ഭൂതകാലത്തിലേക്കു...."
ബുക്കടച്ച് വെച്ച് ഡയറിയുമായി റീമ എഴുന്നേറ്റു പുറത്തേക്കു നടന്നിട്ടും പിടയുന്ന മനസ്സുമായി ഞാനവിടെ തന്നെ ഇരുന്നു. ഏട്ടനോ... പപ്പക്കോ ഉള്ള ഒരു ഡയറികുറിപ്പായി അവളെഴുതുന്ന വരികൾക്ക് അവളുടെ മനസ്സ് തണുപ്പിക്കാൻ കഴിയട്ടെ... അവളുടെ കണ്ണുകളിൽ ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ പെയ്യാതിരിക്കട്ടെ.

By: 
Saritha Danex
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo