ഇന്നലെ, ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകിയിരുന്നു.അതു കൊണ്ടു തന്നെ, സ്ഥിരം വരാറുള്ള പാസഞ്ചർ ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു. ഒരു കാസർഗോഡൻ ചായയും കുടിച്ച്, ഫേസ് ബുക്കിൽ കയറി മാന്തലും, ചികയലുമൊക്കെക്കഴിഞ്ഞപ്പോൾ എക്സ്പ്രസിന്റെ വരവറിയിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് കേൾക്കാറായി. ഒരുവിധം ജനറൽ കോച്ചിൽ അള്ളിപ്പിടിച്ചു കയറി.വാരാന്ത്യമായതുകൊണ്ട് നല്ല തിരക്കായിരുന്നു. ഒരു മണിക്കൂർ ഒരേ നില്പ് ആലോചിക്കാവുന്നതിലുമപ്പുറമായിരുന്നു. സീറ്റിൽസുഖമായുറങ്ങുന്ന നാലിൽ ഒരുവനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തോണ്ടി നോക്കി. എരിതീയിൽ വീണവന്റെ വെപ്രാളത്തോടെ കൺ തുറന്ന അയാൾ അസഹിഷ്ണുത തുളുമ്പുന്ന ഭാവത്തോടെ എന്നെ നോക്കി. ഞാൻ കാര്യം ആംഗ്യ ഭാഷയിൽത്തന്നെ അവതരിപ്പിച്ചു.കൂടെ ഒരു ക്രിത്രിമ ചിരിയും പാസാക്കി. ഏതായാലും മൂപ്പിലാൻ ഒരു ചെറിയ തള്ള് സൃഷ്ടിച്ചു കൊണ്ട് എന്നെ പ്രതിഷ്ഠിക്കാൻ ഒരിത്തിരി സ്ഥലം അനുവദിച്ചു. നിദ്രാഭംഗം സംഭവിച്ചതിൽ നീരസം പൂണ്ട മറ്റു മൂന്നു പേർ അവ്യക്തമായി പിറുപിറുത്തു കൊണ്ട് വീണ്ടും നിദ്രാദേവിയെ പുൽകി. കൃത്യം 8 മണിക്കു തന്നെ ഞാൻ സ്റ്റേഷനിൽ ഇറങ്ങി. മേയാൻ, കൂട്ടിൽ നിന്നും തുറന്നു വിട്ട ആട്ടിൻ പറ്റങ്ങളെപ്പോലെ യാത്രക്കാർ പ്രധാന കവാടത്തിലൂടെ തിക്കിത്തിരക്കിക്കടന്നു പോയി. ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് ഓർത്തത്.. അടുത്ത ബസ് ഇനി അര മണിക്കൂർ കഴിഞ്ഞേ ഉള്ളൂ! ഏതായാലും ഒരു ചായ കൂടി വീശാമെന്നു വിചാരിച്ച് അടുത്തു കണ്ട ചായക്കടയിലെ ബെഞ്ചിൽ സ്ഥാനം പിടിച്ചു. സമോവറിൽ നിന്നും ആവി പറക്കുന്ന ചായ ഒഴുകിയെത്തി. അപ്പോഴാണ് കടയുടെ അരികുപറ്റി ഒരു വൃദ്ധൻ അവശനായി നടന്നു വരുന്നത് കാണുന്നത്.പതിവായി കാണുന്ന ഭിക്ഷ യാചിക്കുന്നവരിൽ നിന്ന് വിഭിന്നമായി ഏതോ ഒരു വ്യത്യാസം അയാളിൽ ദൃശ്യമായിരുന്നു. ഒരു എൺപത്തഞ്ചു വർഷമെങ്കിലും പിന്നിട്ട, കാലം ചുളിവുകൾ നെയ്തെടുത്ത ശുഷ്കിച്ച ശരീരം. വൃത്തിയും വെടിപ്പും പ്രകടമായ വേഷം. വെളുത്ത, അയഞ്ഞൊരു മുറിക്കൈയ്യൻ ഷർട്ടും, ഒരു കറുത്ത പാന്റുമാണ് വേഷം.തോളിലൊരു തുണി സഞ്ചിയും, വലതു കൈയ്യിൽ നിരന്തരമായ ഉപയോഗത്താൽ വളഞ്ഞു തേഞ്ഞ ഒരു മരവടിയും." ദൈവമേ, ഈ പ്രായത്തിൽ അവശനായി ഒരു മനുഷ്യൻ നടക്കാൻ പോലും ശേഷിയില്ലാതെ.. ഈ ബഹള പൂരിതമായ തെരുവിൽ ". സ്വാഭാവികമായ കാരുണ്യം എന്നിൽ നിന്ന് പുറത്തുചാടി. മനുഷ്യത്വം സടകുടഞ്ഞെഴുന്നേറ്റെന്നു പറഞ്ഞാ മതിയല്ലോ. ഞാൻ പുറത്തിറങ്ങി ആ മനുഷ്യനു നേരെ നീങ്ങി. ഓരോ കാൽവെപ്പും ഒരു ഭാരോദ്വഹനമായി തോന്നിച്ച അദ്ദേഹത്തിനു നേരെ ഞാൻ കൈ നീട്ടി. ഒരു നിമിഷം... അദ്ദേഹം എന്നെയും, കൈകളേയും മാറി മാറി നോക്കി. ഒരു ചെറുപുഞ്ചിരി ആ വരണ്ട ചുണ്ടുകളിൽ നിറഞ്ഞു. സഹായമാവശ്യമില്ലായെന്ന മട്ടിൽ തലയാട്ടി അദ്ദേഹം എന്നെയും കടന്ന് കടയിലേക്കു കയറി. കടയുടമ ഭയഭക്തിയോടെ, സ്നേഹത്തോടെ ഒരു ഒഴിഞ്ഞ കസേര അദ്ദേഹത്തിന് നീക്കിയിട്ടു. അതിലിരുന്ന് വിറയ്ക്കുന്ന കൈകളോടെ സസൂക്ഷ്മം തുണി സഞ്ചി തുറന്നു വച്ച് അതിൽ നിന്നും സിസേഴ്സിന്റെ പാക്കറ്റ് തുറന്ന് ഒന്നെടുത്ത് ചുണ്ടോടടുപ്പിച്ചു. അപ്പോഴേക്കും ചായക്കാരൻ കടും നിറമാർന്ന കട്ടൻ ചായ അദ്ദേഹത്തിനു നേരെ നീട്ടിയിരുന്നു. സിഗറും, ചായയും ഒരേ സമയത്തു തന്നെ പൂർണ്ണമാക്കി അദ്ദേഹം വേച്ചു വേച്ചെഴുന്നേറ്റു. ചായയുടെ കാശും കൊടുത്ത് പോകാൻ നേരത്ത്, ഒരു പഴകി ദ്രവിച്ച മുഷിച്ച കടലാസുകഷണം അദ്ദേഹം എന്റെ നേരെ നീട്ടി. അവ്യക്തമായ അക്ഷരങ്ങൾ ഞാൻ കൂട്ടിയോജിപ്പിച്ചു.എം.എൻ വേണുഗോപാലൻ നായർ, ടീച്ചർ, കേരള എഡുക്കേഷൻ ഡിപ്പാർട്ടുമെന്റ്. സ്തബ്ദനായി നിന്ന എന്നിൽ നിന്ന് കടലാസുകഷണം തിരികെ വാങ്ങി, അപ്പോഴേക്കും തിരക്കൊഴിയാൻ തുടങ്ങിയ പ്ലാറ്റ്ഫോമിന്റെ ഒഴിഞ്ഞ മൂല ലക്ഷ്യമാക്കി ആ മാന്യരൂപം നടന്നു നീങ്ങി
ശുഭം
dileepnambiar1978@gmail.com
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക