Slider

സ്വപ്നക്കൂട്

0

ഏറെ നാളുകളായി അടഞ്ഞുകിടന്നിരുന്ന ദിബ്ബയിലെ ഒരു അഡ്വർടൈസിംഗ് സ്ഥാപനം നടത്താനേറ്റെടുത്തത് വളരെയേറെ പ്രതീക്ഷകളോടെയായിരുന്നു. വളാഞ്ചേരിക്കാരൻ റഷീദിൽ നിന്നും ആ സ്ഥാപനം ഞങ്ങൾ രണ്ടു പേർ ഏറ്റെടുക്കുമ്പോൾ വെറും പൂജ്യമായിരുന്നു അത്.സുഹൃദ് ബന്ധത്തിന്റെ മറവിൽ അവൻ ഞങ്ങളെ കുറെയേറെ മുതലെടുത്തുവെന്ന് മനസിലായപ്പോഴാണ് ഞങ്ങൾ അവന് കൊടുത്ത പണത്തിന് എഗ്രിമെൻറ് ഉണ്ടാക്കുന്നതിനെക്കുറിച്ച്പോലും ചിന്തിച്ചു തുടങ്ങിയത്. ഒന്നുമില്ലായ്മയിൽ നിന്നും ഞങ്ങളുടെ കഠിനാധ്വാനം ഒന്നു കൊണ്ട് മാത്രം ബാലാരിഷ്ടതകൾ മാറി സ്ഥാപനം വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി.ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുവെച്ച് തുടങ്ങുന്ന ആ സമയത്താണ് അപ്രതീക്ഷിതമായ ആ ആഘാതം ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. 
നാട്ടിൽ നിന്ന് ലോണും കടങ്ങളും പണയപ്പെടത്തലുകളുമൊക്കെയായി സ്വരുക്കൂട്ടി നൽകി ബിസിനസ് ഷെയറെടുത്ത ഞങ്ങളെ ഒരു സുപ്രഭാതത്തിൽ വളരെ ഭംഗിയായി പറ്റിച്ചു കളഞ്ഞു റഷീദ്.അവന്റെ അടുത്ത പരിചയചയക്കാരനും അവൻ ജോലി ചെയ്യുന്ന തപാൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനുമായിരുന്ന ഖഫീലിനെ കൂട്ടു പിടിച്ച് സ്ഥാപനം ഞങ്ങളറിയാതെ ഒരു സുഹൃത്തിന് വിൽപന നടത്തുകയായിരുന്നു അവൻ. ഞങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി മനസിലായി വന്നപ്പോഴേക്കും വളരെ വൈകിയിരുന്നു.
കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ഞാനും കുടക് സ്വദേശി ഷെമീറും ചേർന്നായിരുന്നു. വെറും ജോലിക്കാർ മാത്രമായ ഞങ്ങൾ കടയിൽ പല സാമ്പത്തിക തിരിമറികളും നടത്തുന്നുണ്ടെന്നും നാട്ടിൽ വീടു പണി നടക്കുന്നതിനാൽ സാമ്പത്തികമായി അവൻ ബുദ്ധിമുട്ടിലാണെന്നും അറബിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു കട കണ്ണൂർ സ്വദേശിയായ ഇല്യാസിന് വിൽപന നടത്തിയത്.
അങ്ങനെ സ്വന്തം ചോരയും വിയർപ്പും നൽകി സ്ഥാപനത്തെ ഒന്നുമില്ലായ്മയിൽ നിന്നും നല്ലൊരു നിലയിലെത്തിച്ചതിന് അവൻ ഞങ്ങൾക്ക് നേരെ നീട്ടിയ ഔദാര്യം എന്തായിരുന്നെന്നറിയേണ്ടേ. 
നിങ്ങൾക്ക് വേണമെങ്കിൽ കടയിൽ ജോലിക്കാരായി തുടരാമെന്ന്. അവൻ പറഞ്ഞാൽ അറബി സമ്മതിക്കുമത്രെ. സ്വന്തം വിയർപ്പു കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ആ സ്ഥാപനത്തിൽ വെറുമൊരു ജോലിക്കാരനായിത്തുടരുന്നത് ഞങ്ങൾ രണ്ടു പേർക്കും ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.
ഞങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയ ലക്ഷങ്ങൾക്കൊന്നും ഒരുത്തരവും പറയാതെ അതെല്ലാം നഷ്ടക്കണക്കിലേക്ക് ചേർത്തു അവൻ.പ്രശ്നങ്ങൾ ഒരു കൂട്ടം മദ്ധ്യസ്ഥരുടെ മുന്നിൽ അവതരിപ്പിക്കാൻ ഞങ്ങളോടാവശ്യപ്പെട്ടത് ജലീൽക്ക യായിരുന്നു. ഞങ്ങൾ ദിബ്ബയിലെത്തിയതു മുതൽ ഞങ്ങളുമായി വളരെ അടുത്തിടപഴകിയിരുന്നൊരാളായിരുന്നു അദ്ദേഹം.ജലീൽക്കയടക്കമുള്ള ഒരു കൂട്ടം മദ്ധ്യസ്ഥർക്ക് മുന്നിൽ ഇതുവരെയുള്ള സ്ഥാപനത്തിന്റെ മുഴുവൻ വരവുചെലവു കണക്കുകളും ഞങ്ങൾ വ്യക്തമായി തന്നെ അവതരിപ്പിച്ചു. ഇതിനു മറുപടി ചോദിച്ച മധ്യസ്ഥൻമാരെ , നാട്ടിലെ തീവ്രവാദ പ്രസ്ഥാനത്തിന്റെ പ്രവർത്തകരായി ചിത്രീകരിച്ച് റഷീദ് അറബിയുടെ മുന്നിൽ പരാതിയുമായി ചെന്നതോടെ അവിടത്തെ നിയമ വ്യവസ്ഥകൾ വ്യക്തമായറിയുന്ന അവർക്ക് അതിൽ നിന്ന് പിൻമാറുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.
കുറെ പ്രശ്നങ്ങൾക്കും വാക്കേറ്റങ്ങൾക്കുമൊടുവിൽ ഞങ്ങൾ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് പോരാൻ തന്നെ തീരുമാനിച്ചു. ക്യാൻസലിന് ശേഷം ഒരു മാസം കൂടി ആവശ്യമെങ്കിൽ അവിടെ തങ്ങാൻ നിയമം അനുവദിക്കുന്നുണ്ട്.
ആ ഒരു മാസം കൊണ്ട് കഴിയുന്നത്ര പണിയെടുത്ത്, നാട്ടിൽ പോകാനും ഷോപ്പിംഗിനുമായി കുറച്ച് തുക സമ്പാദിക്കാമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു കൊണ്ട് ഒരു ദിവസം അറബിയുടെ കൽപന വന്നു.പുറത്ത് ഞാനറിയാതെ പണിയെടുക്കരുതെന്നും പണിയെടുത്ത് പിടിക്കപ്പെട്ടാൽ ഞാൻ ഒരു തരത്തിലും ഇത്തരവാദിയായിരിക്കില്ല എന്നുമായിരുന്നു അത്.അങ്ങനെ ആ വഴിയും അടഞ്ഞതോടെ പിന്നെ റൂമിലിരിക്കലായി പ്രധാന ജോലി.
സ്ഥാപനത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടിരുന്ന സുഹൃത്തുക്കളെന്ന് നടിച്ചിരുന്ന പലരും ഞങ്ങളോട് സംസാരിക്കാൻ പോലും മടിച്ചു. ഞങ്ങളെ കാണുമ്പോൾ അവർ പരസ്പരം കുശുകുശുക്കുന്നത് കാണാമായിരുന്നു.പലരും ഞങ്ങളുടെ തകർച്ച പരസ്യമായി ആഘോഷിക്കുന്നതും ഞങ്ങൾ കണ്ടു. എല്ലാം മലയാളികൾ തന്നെ.
ജലീൽക്കയും മധ്യസ്ഥൻമാരിലുണ്ടായിരുന്നവരും കൂടി ചുരുക്കം ചിലർ മാത്രമായിരുന്നു ആത്മാർത്ഥമായി കൂടെ നിന്നത്. മരുക്കാട്ടിൽ കോടികൾ നഷ്ടപ്പെട്ടു പോയവരുടെയും വീണിടത്ത് നിന്നുമുമെണീറ്റ് വീണ്ടും സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത കഠിനാധ്വാനികളുടെയും ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങൾ കാണിച്ചു തന്ന് ഞങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമായിരുന്നു ജലീൽക്ക.ദിബ്ബയിൽ അദ്ദേഹത്തിന്റെ AL ZAEEM CAFETERIA യുടെ മുന്നിൽ വെച്ച് എത്രയോ രാത്രികളിൽ തോളിൽ കൈയിട്ട് ഒരനിയനോടെന്ന പോലെ സമാശ്വസിപ്പിച്ചിട്ടുണ്ടദ്ദേഹം.
രണ്ട് മൂന്ന് ദിവസം കൊണ്ട് കൈയിലുള്ള കാശെല്ലാം തീർന്നു.ഇല്ലായ്മകളൊന്നും ആരെയും അറിയിക്കാനും പോയില്ല.കിട്ടാനുണ്ടായിരുന്ന ബാക്കി ദിർഹംസുകൾക്കായി പലരുടെയും മുന്നിൽ കെഞ്ചിയെങ്കിലും ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ മനസിലാക്കായ പലരും കൈമലർത്തുകയായിരുന്നു. സ്ഥാപനം ഞങ്ങളുടെ കൈയിൽ നിന്നും പോയതറിഞ്ഞു കൊണ്ടു തന്നെയായിരുന്നു അവരുടെയെല്ലാം ഇല്ലായ്മപ്പാട്ട്. 
വിശപ്പ് എന്താണെന്ന് ശരിക്കും മനസിലായ ദിവസങ്ങളായിരുന്നു പിന്നീട്.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅ നിസ്കാരം കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി രണ്ടാളുടെയും പഴ്സിലും വണ്ടിയിലുമെല്ലാം പരതിനോക്കിയിട്ടും ആകെ കിട്ടിയത് നാല് ദിർഹംസ് മാത്രം.വെള്ളിയാഴ്ചകളിൽ ഹോട്ടലിൽ ബിരിയാണി മാത്രമേ ഉണ്ടാവുകയുള്ളൂ. രണ്ട് ബിരിയാണിക്ക് പതിനാറ് ദിർഹംസ് വേണം. കുബൂസ് തന്നെ ശരണം. ഒരു പാക്ക് കുബൂസും ഒരു വാട്ടർബോട്ടിലും വാങ്ങി. സാധാരണ കുടിച്ചു കഴിഞ്ഞാൽ വലിച്ചെറിയാറുള്ള വാട്ടർബോട്ടിൽ അന്നാദ്യമായി കാറിൽ തന്നെ സൂക്ഷിച്ചു വെച്ചു. ചില അറബി വീടിന്റെ മുന്നിൽ വാട്ടർ കൂളറുകൾ വെച്ചിട്ടുണ്ടാവും. അവിടെ നിന്ന് വെള്ളമെടുത്തു വെച്ചാൽ രണ്ട് ദിർഹംസ് ലാഭിക്കാമല്ലോ.
ഒഴിവു സമയങ്ങളിൽ പലയിടങ്ങളിലും കറങ്ങാറായിരുന്നു പതിവ്. കാറിൽ നാല് ദിവസം മുമ്പ് അൻപത് ദിർഹത്തിന്റെ പെട്രോൾ അടിച്ചതാണ് .അതേതാണ്ട് തീരാറായിട്ടുണ്ടാവും. അതു കൊണ്ടു തന്നെ കാറുമായി കൂടുതൽ കറങ്ങാൻ വയ്യ.ഫ്ലാറ്റിന് താഴെ വാഹനം പാർക്ക് ചെയ്ത് അതിലിരുന്നു കുറെ നേരം. എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. പകൽ പോയി ഇരുട്ട് പരന്നത് ചിന്തകൾക്കിടയിൽ അറിഞ്ഞതേയില്ല.
സമയം എട്ടു മണിയായിരിക്കുന്നു. വിശപ്പ് വീണ്ടും തലപൊക്കിത്തുടങ്ങി. ദൈന്യത നിറഞ്ഞ ഒരു ചിരിയോടെ ഞാൻ ഷെമീറിനെ നോക്കി. അവനും ചിരിക്കുകയാണ്.കണ്ണീരിൽ കുതിർന്ന ചിരി.സിഗരറ്റ് വലിയിൽ ഓരോദിവസം തുടങ്ങാറുള്ള അവന് ഒരു സിഗരറ്റ് വാങ്ങാൻ പോലും ഗതിയില്ലാതായതിന്റെ സങ്കടം മറച്ചുവെച്ചില്ല.
സമയം പത്ത് മണിയോടടുത്തപ്പോഴാണ് ഷെമീറിന്റെ ഫോണിൽ ജലീൽക്ക വിളിച്ചത്.
" എവിടാ രണ്ടു പേരും. ഇന്നീ വഴിക്കൊന്നും കണ്ടില്ലല്ലോ"
"ഒന്നുമില്ല ജലീൽക്കാ.... ചെറിയ ഓരോരോ തിരക്കിലായിരുന്നു "
" എന്നാ തിരക്ക് കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് പോരീ "
അപ്പോഴാണ് ഞങ്ങളുമത് ഓർത്തത്. ദിവസം ഒരു പ്രാവശ്യമെങ്കിലും ഞങ്ങൾ ജലീൽക്കയെ കണ്ട് സംസാരിക്കാതിരിക്കാറില്ല. ഇന്ന് കാണാഞ്ഞിട്ട് വിളിച്ചതാവും. ഏതായാലും പോയി നോക്കാം. കൂടുതൽ നേരം സംസാരിച്ചിരിക്കാൻ വിശപ്പനുവദിക്കുമെന്ന് തോന്നുന്നില്ല. ഏതായാലും കുറച്ച് നേരം നിന്ന് കുശലം പറഞ്ഞ് എങ്ങിനെയെങ്കിലും ഊരിപ്പോരാമെന്നായിരുന്നു മനസിൽ.
കഫ്റ്റീരിയയുടെ മുന്നിൽ പാർക്കിംഗിന് സ്ഥലം കിട്ടാതിരുന്നതിനാൽ കുറച്ചകലെയാണ് ഞങ്ങൾ കാർ പാർക്ക് ചെയ്തത്. ഫുട്പാത്തിലുടെ ഞങ്ങൾ നടന്നുവരുന്നതും നോക്കി ജലീൽക്ക കടയുടെ മുന്നിൽ പാർക്ക് ചെയ്ത തന്റെ പ്രാഡോയിൽ ചാരി നിൽക്കുകയാണ്. ഞങ്ങളെക്കണ്ടപ്പോൾ പതിവ് ചിരിയും സലാം പറച്ചിലുമൊക്കെ കഴിഞ്ഞ് അദ്ദേഹം വണ്ടിയുടെ വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു.
"കയറിയിരിക്ക്. പുറത്ത് നല്ല തണുത്ത കാറ്റാ ഇവിടെയിരുന്ന് സംസാരിക്കാം."
വിശന്ന് ഗതി കെട്ടുനിൽക്കുകയായിരുന്നെങ്കിലും ജലീൽക്കയുടെ അടുത്തെത്തിയപ്പോൾ എന്തോ ഒരാശ്വാസം പോലെ. അയാൾ നമ്മോടു കാണിക്കുന്ന സ്നേഹം കൊണ്ടാകും ചിലപ്പാൾ അങ്ങനെ തോന്നുന്നത്.
സംസാരിച്ച് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു ട്രേയിൽ രണ്ട് കിംഗ്സ് ബർഗറും ജ്യൂസുകളും മറ്റുമൊക്കെയായി കടയിലെ സ്റ്റാഫ് മുസ്തഫ പ്രാഡോക്കരികിലെത്തി.
" ഇനി നിങ്ങളിതു കഴിക്കി... ഞാൻ കടയിലൊന്ന് കയറിയിട്ട് വരാം.എന്നിട്ടാകാം ബാക്കി സംസാരം"
ഇത്രയും പറഞ്ഞ് ജലീൽക്ക മുസ്തഫയുടെ കൈയിൽ നിന്നും ട്രേ വാങ്ങി ഞങ്ങളുടെ കൈയിൽ വെച്ചു തന്നിട്ട് വണ്ടിയിൽ നിന്നിറങ്ങി കടയിലേക്ക് കയറിപ്പോയി. ഞാൻ ഷെമീറിനെ നോക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊകുന്നത് ഞാൻ കണ്ടു.
ജലീൽക്ക തിരിച്ചു വന്നപ്പേഴും ഞങ്ങൾ ഓരോന്ന് ആലോചിച്ചിരിക്കുകയാണ്.
"ഇനിയും കഴിച്ചില്ലെ.അത് തിന്ന് കഴിഞ്ഞിട്ട് വേണം ഇന്ന് കുറെ കഥകൾ പറയാനുണ്ട്. പെട്ടെന്നാവട്ടെ."
"ഞങ്ങൾ ഭക്ഷണം കഴിച്ചതായിരുന്നു ." ഞാൻ ഇക്കയോട് പറഞ്ഞു.
"ആയിക്കോട്ടെ. അതിന്റെ കൂടെ ഇന്ന് ഇതും കൂടെ കിടക്കട്ടെ ".
ഇവിടെയീ മണലാരണ്യത്തിൽ തങ്ങളുടെ സ്വപ്നച്ചിറകുകൾ അരിയപ്പെട്ട് എല്ലാം ഉപേക്ഷിക്കേണ്ടി വന്ന നിരവധി പ്രവാസികളുടെ ജീവിതം അടുത്തറിഞ്ഞ ഒരാളുടെ മറുപടിയാണതെന്ന് ഞങ്ങൾക്ക് മനസിലായി. ഭക്ഷണത്തിന്റെ മുമ്പിൽ വെച്ച് ഒരിക്കലും കരയരുത്. അത് പടച്ചവൻ തരുന്ന അനുഗ്രഹമാണെന്നദ്ദേഹം പറഞ്ഞപ്പോഴാണ് അത് കഴിച്ചു തുടങ്ങിയത്.ഗൾഫിലെത്തിയതിന് ശേഷം ഇത്രയും സ്വാദേറിയ ഭക്ഷണം കഴിച്ച ഓർമ്മയില്ല. അത്രയും നല്ല ഒരിനമാണ് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കി വെച്ചത്.
ഞങ്ങൾ വിശന്ന് ഒരു കുബൂസ് വാങ്ങാൻ പോലും കാശില്ലാതെ വലഞ്ഞിരിക്കുമ്പോൾ തന്നെ ജലീൽക്കയെങ്ങനെ ഞങ്ങളെ വിളിച്ചു.
ഞാനത് മനസിൽ ചിന്തിച്ചപ്പോഴാണ് ജലീൽക്ക പറഞ്ഞു തുടങ്ങിയത്.
"ജോലിയെടുക്കാൻ കഴിയാതെ നിങ്ങളെങ്ങനെ ഭക്ഷണം കഴിക്കുമെന്ന് ഞാനിപ്പോഴാണ് ആലോചിച്ചത്."
സത്യത്തിൽ നിങ്ങൾ വിളിച്ചിരുന്നില്ലെങ്കിൽ ഞങ്ങളിന്ന് പട്ടിണി കിടന്നുറങ്ങിയേനെയെന്ന് ഷെമീർ പറയുമ്പോൾ അവന്റെ ശബ്ദം പതറിയിരുന്നു. എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. വിശന്നുവലയുന്നവന്റെ മുന്നിൽ അന്നമെത്തിച്ചു കൊടുക്കുന്നവനാണ് ദൈവമെന്നെനിക്ക് തോന്നിയ നിമിഷമായിരുന്നു അത്.
"ഇനി മുതൽ ഭക്ഷണം ഇവിടെ വന്ന് കഴിക്കുക.എന്ത് വേണമെങ്കിലും. അതിന് ഞാനുണ്ടോയെന്ന് നോക്കേണ്ടതില്ല.ഞാൻ മുസ്തഫയോട് പറഞ്ഞിട്ടുണ്ട്. ഒരു മടിയും കാണിക്കേണ്ട. നിങ്ങൾ വന്നില്ലെങ്കിൽ അവർ റൂമിൽ കൊണ്ടുവന്നു തരും. നിങ്ങളുടെ ഇഷ്ടം എന്താണെന്നു വെച്ചാൽ അതു പോലെ ചെയ്യാം."
ഇതെല്ലാം പറയുമ്പോൾ താനൊരു മഹാകാര്യമാണ് ചെയ്യുന്നതെന്നുള്ള ഒരു ഭാവവും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. അദ്ദേഹം ഞങ്ങളോട് കാണിച്ച കാരുണ്യത്തെക്കുറിച്ച് ഞാനിന്നും ചിന്തിക്കാറുണ്ട്. _________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo