റൂം മാറിയത് ഈ അടുത്താണ് . അത് വരെ സ്വയം വാചകമടിച്ചു പാചകം ചെയ്തു നില നിർത്തിയതായിരുന്നുഎന്റെ ശരീരം , കാലം മടിയനാക്കിയത് കൊണ്ടാകാം തൊട്ടടുത്തുള്ള ഹോട്ടലിലെ മെസ്സിൽ ചേരാൻ എന്നിൽ സമ്മര്ദം ചെലുത്തി . ആദ്യത്തെ ദിവസങ്ങളിൽ സംഭവ ബഹുലമായിരുന്നു അവിടം . മേശപ്പുറത്ത് ഞങ്ങള്ക്കായി എടുത്തു വെച്ച വിഭവങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു .
'' ഇത് കൊള്ളാമല്ലോ .. ഹോ ഇതൊക്കെ കഴിച്ചു തടി കൂടുമെന്നാണ് പേടി . ഹാ എന്തായാലും അടുത്ത ആഴ്ച മുതൽ ദിവസവും ഒരു മണിക്കൂർ ജിമ്മിനും പോകാം .. എന്താ ഹനി ?. ''
ഞാൻ കൂട്ടുകാരൻ ഹനിയോട് ചോദിച്ചു.
അതിനകം ഭക്ഷണം അകത്താക്കാൻ തുടങ്ങിയ അവൻ അവനെ കൊണ്ട് കഴിയുന്ന താളത്തിൽ മൂളി സമ്മതം അറിയിച്ചു .
രണ്ടു മൂന്നു നാളുകൾക്ക് ശേഷം ഭക്ഷണം കഴിക്കാൻ ഞങ്ങൾ അവിടെ ചെന്നപ്പോൾ ഞങ്ങളെ കണ്ടതും ഹോട്ടൽ മുതലാളി ഇബ്രാഹീംക്ക അകത്തേക്ക് വിളിച്ചു പറഞ്ഞു .
'' എടാ സുലൈമാനേ രണ്ടു മെസ്സ് കറി ... റീ ...റീ...റീ......റീ ......''
'' മുൻപ്ദാസേട്ടന്റെ ഹരി മുരളീരവത്തിനു മാത്രമേ ഇത്രയും നീളം കേട്ടിട്ടുള്ളൂ .... കാശ് കൌണ്ടരിന്റെ ഉള്ളിൽ കുടുങ്ങി കിടക്കുന്ന കലാകാരൻ തന്നെ ഇബ്രാഹീമ്ക്ക ..തിരക്കില്ലാത്ത സമയത്ത് മൂളി പാട്ടും പാടി കാശ് കൌണ്ടറിന്റെ മേൽ താളം പിടിച്ചിരിക്കുന്ന ഇബ്രഹീമ്ക്ക ഇന്നെത്ര നല്ല ഈണത്തിലാണ് നമ്മളെ കണ്ടപ്പോൾ വരവേറ്റത് . എല്ലാം നമ്മുടെ ഭാഗ്യം ... ''
പരസ്പരം ഇബ്രാഹീംക്കയുടെ ഗുണ ഗണങ്ങൾ വിവരിക്കവെ ഞങ്ങൾക്ക് കഴിക്കാനായി മീൻ കറിയും ചപ്പാത്തിയും തീൻ മേശയിലെത്തി . ഒരു സ്പൂണ്‍ എടുത്തു പാത്രത്തിലേക്ക് ഒഴിക്കുമ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞു അടുക്കള ചുമരുകൾക്കുള്ളിൽ കുടിയിരിക്കുന്ന മറ്റൊരു കലാകാരനെ ....സുലൈമാനിക്ക . ഇബ്രാഹീംക്കായുടെ ഹൈ പിച്ച് ഈരടികൾ എന്ന സൂചന അനുസരിച്ച് മീൻ കറിയിൽ വെള്ളം കൊണ്ട് തിരയിളക്കം ശ്രിഷ്ടിച്ച്ച്ച മഹാ പ്രതിഭ .
ഭക്ഷണം കഴിച്ചു എണീക്കുമ്പോൾ ഞാൻ ഇബ്രാഹീംക്കയോട് ചോദിച്ചു .
''അല്ല ഇബ്രാഹീമ്ക്ക .. നിങ്ങള് ഈ ഷോപ്പിനു എത്രയാണ് റെന്റ് കൊടുക്കുന്നത് ? ''
'' അത് മോനെ നാലായിരം ദിർഹം .. കറെന്റും വെള്ളവുമെല്ലാം ഫ്രീയാണ് .. അതൊക്കെ വാടകയിൽ പെടും .... ഹി ഹി ഹി .. ''
അവസാനത്തെ ആ ചിരിയിൽ ഗൂഡമായ പലതും ഇല്ലേ എന്ന തിരിച്ചറിവിനിടെ , കൈ കഴുകാൻ വാഷ് ബേസിനടുത്തേക്കടുക്കുമ്പോൾ കണ്ണാടി ചുമരിനു താഴെ പതിച്ചു വെച്ച ചെറിയ പോസ്റ്റർ ഞാൻ വായിച്ചെടുത്തു .
'' SAVE WATER ''
ഒന്നും മിണ്ടാതെ ഞങ്ങൾ മടങ്ങി നാളെ മറ്റൊരുകറിയിലെ വെള്ളപൊക്കത്തെ വരവേൽക്കാനായി
By: HafiHafzal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക