പത്രവിതരണക്കാരന്‍ പയ്യന്‍ എറിഞ്ഞിട്ടുപോയ പത്രം മുറ്റത്തെ മരക്കൊമ്പില്‍നിന്നും തോണ്ടിയെടുക്കാന്‍ ഒരു കമ്പുമായി ചാടുമ്പോഴാണ് പിന്നില്‍ നിന്ന് ഭാര്യയുടെ ചോദ്യം
" നിങ്ങളിന്ന് കല്ല്യാണത്തിന് പോകുന്നില്ലേ?''
അകന്ന പരിചയത്തിലുള്ള ഒരാളുടെ കല്ല്യാണക്കാര്യം അപ്പോഴാണ് ഓർമ വന്നത്.
ഉപ്പയും അനിയഌം വേറൊരു കല്ല്യാണത്തിന്ന് പോകുന്നുണ്ട്.ഞാനും കൂടി പോയാല്‍ ഭാര്യക്കും ഉമ്മക്കും മാത്രം ഭക്ഷണമുണ്ടാക്കിയാല്‍ മതിയല്ലോ.അതറിയാനായിരിക്കും രാവിലെത്തന്നെ ചോദ്യചിഹ്നവുമായി വന്നത്.
ഏതായാലും പോയിനോക്കാം.ഒരു കല്ല്യാണവീട്ടില്‍പോയി ചുടുനെയ്‌ച്ചോറും ബിരിയാണിയുമൊക്കെ കഴിച്ചിട്ട് ഇത്തിരി നാളായി. കല്യാണ വീട്ടിലെ ബിരിയാണിക്ക് കടയിൽ നിന്ന് കിട്ടുന്നതിനേക്കാൾ സ്വാദാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആലോചിച്ചപ്പോള്‍ തന്നെ വായിൽ വെള്ളമൂറാൻ തുടങ്ങി.നേരത്തെത്തന്നെ പോകാം. പതിവുള്ള പത്തുമണിച്ചായയും വേണ്ടായെന്നു വെച്ചു.ആ ഗ്യാപില്‍കൂടി ബിരിയാണി തട്ടാമല്ലോ.ഞാനാരാ മോന്‍. എന്നോടാ കളി.
പതിനൊന്ന് മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി.പത്തുമണിച്ചായ എത്താത്തതു കാരണം വയറ്റില്‍നിന്നും പഞ്ചവാദ്യം മുഴങ്ങാന്‍ തുടങ്ങിയിരുന്നു.
കല്ല്യാണവീട്ടിലെത്തിയപ്പോള്‍ അവിടെ ഒരു ജില്ലാസമ്മേളനത്തിന്നുള്ള ആളുണ്ട്.നേരെചെന്ന് കല്ല്യാണച്ചെക്കനെ കണ്ട് കുശലം പറഞ്ഞ് മുറ്റത്തിട്ടിരിക്കുന്ന കസേരയിലിരുന്നു. ദദാണല്ലൊ ദതിന്റെ ഒരു മര്യാദ.
ഭക്ഷണപ്പന്തലിന്റെ ഭാഗത്തേക്ക് ഇടംകണ്ണിട്ട് നോക്കിയപ്പോള്‍ അതിന്റെ കവാടത്തില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഒരുമിച്ച് നടക്കുന്നത് കണ്ടു.
വന്നയുടനെത്തന്നെ ഭക്ഷണം കഴിക്കാനിരിക്കുന്നത് മോശമല്ലേ.അല്‍പനേരം കഴിയട്ടെ.പന്തലില്‍ ഇരിപ്പിടം ഒഴിവുണ്ടായിട്ടാവണം ഒരു കാരണവർ വന്ന് ആളുകളെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നത് കണ്ടു.
ഞാനും എണീറ്റ് കൈ കഴുകി.ഉള്ളിലേക്ക് കയറാനായിതിരക്ക് കൂട്ടുന്നവരുടെയടുത്തെത്തിയപ്പോഴാണത് കേട്ടത്.
"സീറ്റ് ഫുള്ളായി.ഇനി അടുത്ത ട്രിപ്പിനിരിക്കാം''
തിരിച്ച് പഴയ ഇരിപ്പിടത്തിൽ തന്നെ പോയിരുന്നു.അടുത്ത തവണയൂം കൈ കഴുകി അല്‍പം മസിലു പിടിച്ച് തിരക്കിനിടയിലൂടെ ഊളിയിട്ട് കയറി പന്തലിനകത്തെത്തിയപ്പോഴേക്കും നേരത്തെപോലെ ഹൗസ്‌ഫുള്‍.
ആകെ ചമ്മല്‍സായി.ചാണകത്തില്‍ ചവിട്ടിയ മുഖഭാവവുമായി പുറത്തേക്കിറങ്ങുമ്പോള്‍ ഒരാള്‍ കരയുന്നത് പോലെ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു.
"ഞാന്‍ അഞ്ചാമത്തെ തവണയാ മടങ്ങുന്നത്''.
ആരും കാണാതെ നനഞ്ഞ കൈ ടിഷ്യുപേപ്പറെടുത്ത് തുടച്ച് പഴയ ഇരിപ്പിടത്തില്‍ തന്നെ വീണ്ടും വന്നിരുന്നു.
"ചോറ് തീരെ ശരിയായില്ല അല്ലെ..രണ്ടുമൂന്ന് പ്ലേറ്റ് തട്ടിയപ്പോഴേക്കും മടുത്തു''
അടുത്തിരിക്കുന്നൊരാള്‍ എന്റെ മുഖത്തേക്ക് നോക്കിപ്പറഞ്ഞു.ഞാന്‍ കൈതുടക്കുന്നത് കണ്ടിട്ട് വയറ്‌നിറച്ചും ബിരിയാണി തട്ടിയിരിക്കുകയാണെന്നാണ് പുള്ളിക്കാരന്റെ വിചാരം.കുടല് കരിയുന്ന മണം പുറത്തേക്ക് വരുന്നുണ്ടോ എന്ന സംശയത്തിലിരിക്കുന്ന എന്നോടാണ് പുള്ളിക്കാരന്റെ ബിരിയാണി നിരൂപണം.
"സക്കീറ് ചോറ് തിന്നല്ലോ അല്ലേ?''.വരന്റെ ഒരു ബന്ധുവാണ്.തലയില്‍ ഒരു ബിരിയാണിച്ചെമ്പ് വീണത്‌പോലെയാണ് എനിക്ക് തോന്നിയത്. എന്നെ ഒന്ന് രണ്ട് തവണ ഭക്ഷണപ്പന്തലിനടുത്ത് മൂപ്പർ കാണുകയും ചെയ്തിട്ടുണ്ട്.കഴിച്ചിട്ടില്ലെന്ന് പറയാന്‍ നാവുയർത്തിയപ്പോഴേക്കും അയാള്‍ തിരക്കിനിടയിലെവിടെയോ മറഞ്ഞു.
കല്ല്യാണത്തിന് വരുന്നവരെല്ലാം നേരെ ഭക്ഷണപ്പന്തലിലേക്കാണ് എഴുന്നള്ളുന്നതെന്ന് പിന്നെയാണ് മനസിലായത്.
അകത്തേക്ക് കയറാന്‍ കഴിയാത്തവർ സ്‌റ്റാന്‍ഡിംഗ് മെമ്പർമാരായി അവിടെത്തന്നെ കുറ്റിയടിച്ച് നില്‍ക്കുകയാണ്.വലത്ത് ഇടിച്ചുകയറി ഇടത്തുള്ളവനെ തട്ടിമലർത്തി വയറുനിറയെ ബിരിയാണിയും തട്ടി അങ്കം ജയിച്ച ചേകവരെപ്പോലെ,വായില്‍ ഒരുടൂത്ത്‌പിക്കും കടിച്ചുപിടിച്ചാണ് എല്ലാവരും വരന്റെയടുത്തെത്തുന്നത്.അടുത്തുള്ളവന്റെ മുഖത്തേക്ക് ഓരോ ഏമ്പക്കവും വിട്ട് കസേരകളില്‍ വെട്ടിയിട്ടത്‌പോലെ വീഴുന്നു.ആകൂട്ടത്തില്‍ വന്നിരിക്കുന്നത് കണ്ടിട്ടാവണം എന്നെയെല്ലാവരും ചോറ് തിന്നവരുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുകയാണ്.
സമയം ഒരുമണി കഴിഞ്ഞു.ഭക്ഷണപ്പന്തലിലേക്ക് ഞാനൊന്നുകൂടി നോക്കി. വയറിനകത്ത് ഇലഞ്ഞിത്തറ മേളം നടക്കുകയാണ്.ഇക്കണക്കിന് പോയാൽ വൈകുന്നേരം നാലുമണിയായാലും ഒരു വറ്റ് പോലും അകത്താക്കാൻ കഴിയുകയില്ല.അത്രക്കുണ്ടവിടത്തെ തിരക്ക്.
ഇനിയും ഇവിടെ നിന്നാല്‍ ശരിയാവില്ല.കല്യാണവീട്ടില്‍ ഒരാള്‍ തലകറങ്ങി വീഴുക എന്നൊക്കെപ്പറഞ്ഞാല്‍ അതവർക്കുമൊരു ബുദ്ധിമുട്ടാവില്ലേ..
യാത്ര പറയാനായി വരന്റെയടുത്തെത്തിയപ്പോള്‍ ചങ്കു പിളർക്കുന്ന അവന്റെ ഒരു ചോദ്യവും
"ബിരിയാണി എങ്ങിനെയുണ്ട്..?''
ഉഗ്രന്‍ എന്ന് മറുപടി കൊടുത്ത് പെട്ടെന്ന്‌തന്നെ ഇറങ്ങി നടന്നു.
വീട്ടില്‍ ഉമ്മക്കും ഭാര്യക്കും മാത്രമേ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടാവുകയുള്ളൂ.എങ്കിലും എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ വീട്ടിലേക്ക് വച്ചുപിടിച്ചു. വിശന്നിട്ട് നടന്നിട്ടങ്ങ് നീങ്ങുന്നുമില്ല.
വീട്ടിലെത്തിയപ്പോള്‍ രണ്ടുപേരും വരാന്തയില്‍തന്നെയിരിപ്പുണ്ട്. എന്തെല്ലാമൊ ബഡായിയും പൊട്ടി പത്തുമണിച്ചായപോലും കുടിക്കാതെ ആക്രാന്തം മൂത്ത് ബിരിയാണി കഴിക്കാൻ പോയ എനിക്ക് ബിരിയാണി കിട്ടിയില്ലെന്നറിഞ്ഞാല്‍ അതവർക്ക് ചിരിക്കാനുള്ള വകയാകും.എങ്കിലും പറയാതെ നിവൃത്തിയില്ല.ഇപ്പോള്‍ത്തന്നെ ആശുപത്രിയിൽ അഡ്മിറ്റാക്കി ഗ്ലൂക്കോസ് കയറ്റേണ്ട അവസ്‌ഥയാണ്.
എന്നെക്കണ്ടപ്പോള്‍ അവർക്കെന്തോ ഒരു സന്തോഷ വാർത്ത പറയാനുള്ളത്‌പോലെ. എന്നാൽ പിന്നെ അവരുടെ സന്തോഷ വാർത്ത കേട്ട കഴിഞ്ഞ ശേഷമാകാം എന്റെ ദുരന്ത വാർത്ത പറയുന്നത് എന്ന് തീരുമാനിച്ച് ഞാൻ അവർക്ക് കാതോർത്തു.
"ഇന്ന് നമ്മുടെ പഴയ അയല്‍വാസി താജിത്താത്ത വന്നിരുന്നു.കല്യാണം പറയാന്‍.നിന്നോട് പ്രത്യേകം പറയാന്‍ പറഞ്ഞിട്ടുണ്ട്.''
ഒരു കല്യാണത്തിന്ന് പോയതിന്റെ ക്ഷീണം തന്നെ തീർന്നിട്ടില്ല.അതിനിടയിലാ ഇനി മറ്റൊന്ന്.....
ചുളുവിൽ അടുക്കളയിലെ ചോറ്റുപാത്രം പരിശോധിക്കാന്‍ നീങ്ങവെ ഭാര്യയുടെ അടുത്ത ഡയലോഗ്.
"ഭാഗ്യത്തിന് കുറച്ച് ചോറ് ബാക്കിയുണ്ടായിരുന്നു.അതെടുത്ത് കൊടുത്തു അവർക്ക്.ഏതായാലും നിങ്ങളിരിക്കി.ഞാന്‍ കട്ടന്‍ചായയിട്ടു തരാം.ബിരിയാണിയൊക്കെ തിന്ന് വരികയല്ലേ. കട്ടൻ കുടിച്ചിട്ട് കിടന്നാ മതി".
അവള്‍ അടുക്കള ലക്ഷ്യമാക്കി നടക്കവെ,കരയണോ ചിരിക്കണോ എന്നറിയാതെ അവിടെത്തന്നെ നിന്നു പോയി ഞാൻ.
By: Sakkeer Hussain
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക