Slider

ജലാധിവാസം

0

കുടിച്ചു തീരാത്ത പെരുവിരൽ കൊണ്ട്
വെറുതെ വായുവിൽ തുഴഞ്ഞും കല്പാന്ത
ജലധിയിൽ നിനക്കിനി മത്സ്യ രൂപം
ജലധിയാഴത്തിൽ കലക്കമില്ലാതെ
വെയിലിറങ്ങുമ്പോൾ കരയിലേക്കുള്ള
കനവിൻ ചൂണ്ടയിൽ പകുതി കീറിയ
കുരലു നേദിച്ച് പിറന്നു കൂർമമായ്....
പുറന്തോടിന്നുള്ളിൽ പൊതിഞ്ഞു സൂക്ഷിച്ച
പ്രണയഗന്ധിയാമമര സ്പന്ദങ്ങൾ
അവ വളർന്നതും, ശിരോമുകുരമായ്
തെളിഞ്ഞു കൂർത്തതും....
തിരിച്ചെടുക്കുകീ വരാഹ വേദന
നൃസിംഹ ഗർജനം അലയടിക്കയായ്
ഹിരണ്യതാപത്തിലകം തിളക്കുന്ന
നിമിഷത്തൂണുകൾപിളർന്നുവീഴവേ
മനസു പാതാളപ്പടവിറങ്ങുന്നു
ബലിയൊടുങ്ങിയ തടവറ തേടി
രഹസ്യ യാനങ്ങൾ!
നടുവിലും പിന്നെയിടം വലങ്ങളിൽ
ത്രിവിധ രാമത്വം വരിഞ്ഞു കെട്ടുമ്പോൾ
ഹരേ കൃഷ്ണാ നിൻ്റെ ജ്വലിതനാഡിയിൽ
അസുര കാമനലയിച്ചു ചേർന്നുവോ?
പരസ്പരം വെട്ടിപ്പകുത്തവീഥികൾ
പകയും ദ്വേഷവുംപുകച്ചനാളുകൾ
അവതാരാർത്തിയിൽ ജപിച്ചിരിക്കവേ
കടൽപ്പെരുക്കങ്ങൾതിരയൊരുക്കങ്ങൾ
മഹാപ്രളയത്തിൻ സഹന കാലങ്ങൾ
മറികടക്കുവാൻപഴയൊരാലില
മറവിയല്ലത്, മരവിപ്പല്ലത്
ജലാധി വാസിയാം സ്മരണയാണത്
***** ********
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo