Slider

അമ്മ

1

വീണ്ടും ഫോൺ റിങ് ചെയ്തു..അമ്മയാണ്..
ഇതിപ്പോ മൂന്നാമത്തെ തവണയാണ് ഇന്ന് വിളിക്കുന്നത്..
പേന മേശപുറത്തിട്ടു ഞാൻ ഫോണെടുത്തു..
"അമ്മെ..വൈകുന്നേരം വിളിക്കാം ഇനി ഞാൻ."
എനിക്കാകെ അസ്വസ്ഥത
ആവുന്നുണ്ടായിരുന്നു..
"വയ്ക്കല്ലേ മോളെ..അച്ഛൻ
പറഞ്ഞിട്ടാ പിന്നേം വിളിച്ചത്..അച്ഛൻ പറഞ്ഞു..
സാരോല്ല അടുത്തവർഷം പോകാമെന്നു..
മോള്
അതാലോചിച്ചു വിഷമിക്കുന്നുണ്ടാവുമെന്നു
പറഞ്ഞു ഒരേ നിർബന്ധം...
അതാ വിളിച്ചതിപ്പോൾ
തന്നെ.."
പെട്ടന്ന് എനിക്കൊന്നും പറയാൻ കിട്ടിയില്ല..
"ശരിയമ്മാ..
ഞാൻ വിളിക്കാം."
പറഞ്ഞു
ഫോൺ കട്ടാക്കി.
മനസാകെ അസ്വസ്ഥമാണ്..
ഇന്നലെ അമ്മയുടെ
വിളി വന്നതിനു ശേഷം..
കഴിഞ്ഞ വർഷം അച്ഛന്
അറ്റാക്ക് വന്നപ്പോൾ ഐ സി യു വിനു പുറത്തുവച്ചു അമ്മ നേർന്നതാണ് 'അറുപതാം
പിറന്നാളിന് ഗുരുവായൂരിൽ തുലാഭാരം..'
പിറന്നാള് കഴിഞ്ഞപ്പോളാണ് അച്ഛൻ ഡിസ്ചാർജ്
ആയതു..
എങ്കിലും എത്രയും പെട്ടന്ന് പോകണം
എന്ന് പറഞ്ഞു..
ഒരു വർഷം കഴിഞ്ഞു
ഈ പിറന്നാളിനെങ്കിലും പോകണമെന്നാണ് രണ്ടു
പേരുടെയും ആഗ്രഹം..
നാട്ടിലെ അമ്പലക്കമ്മിറ്റി
സംഘടിപ്പിച്ച തീർത്ഥയാത്രയിൽ പേര് രജിസ്റ്റർ
ചെയ്തോട്ടെ ചോദിക്കാനാണ് 'അമ്മ വിളിച്ചത്.
എങ്ങനെപോയാലും പതിനായിരം രൂപയെങ്കിലും
വേണം..
ഒരാഴ്ചത്തെ പരിപാടിയാണ്..ഞാൻ
ആണെങ്കിൽ ഈ മാസത്തെ ശമ്പളം കിട്ടിയിട്ട്
വീടുപണിക്ക് ബാക്കിയുള്ള സിമന്റിറക്കാൻ
തീരുമാനിച്ചിരിക്കുകയായിരുന്നു..
ഏട്ടനെ കൊണ്ട്
മാത്രം ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല..ഈ വർഷമെങ്കിലും പാലുകാച്ചു നടത്തണം എന്ന്
ആശിച്ചിരിക്കയാണ് ഞങ്ങൾ..
അതുകൊണ്ടാണ്
അമ്മയോടതു സൂചിപ്പിച്ചതു..അപ്പോൾ 'അമ്മ
തന്നെയാണ് എങ്കിൽ അടുത്തവർഷം ആവാം
എന്ന് ആശ്വസിപ്പിച്ചത്..
എങ്കിലും മനസ്സിൽ ഒരു
വിഷമം..
സാരമില്ല അച്ഛനുമമ്മയുമല്ലേ..
അവർക്കു മനസ്സിലായില്ലെങ്കിൽ വേറാർക്കു
മനസ്സിലാവും എന്നെ.എങ്കിലും ഒരു വിങ്ങൽ ഉള്ളിൽ ബാക്കി കിടക്കുന്നു
ആകെയൊരു ഉന്മേഷമില്ല..അതുകൊണ്ടു നേരത്തെ കിടന്നു..മോൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്..
അവനിന്നു പതിവില്ലാത്ത
സന്തോഷവും..
അതല്ലേലും അങ്ങനെയാണല്ലോ..
അവനെന്തറിയാം എന്റെ മനസിലെ അസ്വസ്ഥത..
ഏട്ടനെ വിളിച്ചു പറഞ്ഞാലോ എന്നാലോചിച്ചു..
പിന്നെ തോന്നി..
വേണ്ട..
കാരണം ഏട്ടൻ എതിര്
പറയും..
തല്ക്കാലം അമ്മയുമച്ഛനും പോയി
വരട്ടെ എന്നേ പറയു..
സാരോല്ല..
ഇനിയും ഇങ്ങനെ
നീട്ടിക്കൊണ്ടുപോയാൽ വീടുപണി ഈക്കൊല്ലവും
തീരില്ല..
അമ്പലത്തിൽ അടുത്ത വർഷം ആയാലും
പോകാം..
ദൈവം എന്നും അവിടുണ്ടല്ലോ.
ഓരോന്നാലോചിച്ചുകിടന്നു എപ്പോളോ ഉറങ്ങി.
മോന്റെ വിളി കേട്ടാണ് കണ്ണ് തുറന്നതു..
നല്ല
ഇരുട്ടാണ്..
ചാടി എണീറ്റു,ഈശ്വരാ അവനു ഉറക്കത്തിൽ എണീറ്റ് നടക്കുന്ന ശീലമുണ്ട്..
അതുകൊണ്ടു തന്നെ ബോധം കെട്ടുറങ്ങുന്ന
ശീലമൊക്കെ മാറിയതാണ്..
ഇരുട്ടിൽ
സ്വിച്ചിനടുത്തേക്കു ഓടും മുന്നേ ഉച്ചത്തിൽ
വിളിച്ചു..
"മോനെ...എവിടെയാണ് നീ"?...
പെട്ടന്നു വെളിച്ചം വന്നു..നോക്കിയപ്പോൾ
മോനു ലൈറ്റ് ഇട്ടതാണ്..ആശ്വാസമായി.
കുഴപ്പമൊന്നുമില്ലവനു..
പിന്നെ ദേഷ്യമാണ്
വന്നത്..
വെറുതെ പാതിരക്കു മനുഷ്യനെ
പേടിപ്പിക്കാൻ..
ഒന്ന് വഴക്കു പറയാൻ എണീറ്റതാണ്..
പെട്ടന്നാണ് അവനൊരു പുഞ്ചിരിയോടെ മുന്നിലേക്കുവന്നത്..
കയ്യിലെന്തോ ഒളിച്ചുപിടിച്ചിട്ടുണ്ട്.പുറകിൽ...
അടുത്തുവന്നു കൈകൾ ഉയർത്തി കയ്യിലുള്ള
പാക്കറ്റ് എനിക്ക് നീട്ടി.അവൻ പറഞ്ഞു..
"ഹാപ്പി ബർത്ഡേ ..അമ്മാ..".
ഒരുനിമിഷം ..കണ്ണൊന്നു പൊടിഞ്ഞു.
എനിക്കൊർമവന്നു..
ശരിയാണ് നാളെയാണെന്റെ പിറന്നാൾ..
ഈയിടെയായി
അതൊന്നും ഓർക്കാറേയില്ല..
ഏട്ടന് ലീവുള്ളപ്പോ
മാത്രാണ് ആഘോഷമൊക്കെ..അല്ലെങ്കിൽ 'അമ്മ
വിളിക്കും അത്രതന്നെ..
ഞാൻ ഉറക്കച്ചടവിൽ
ആലോചിച്ചുനിൽക്കേ അവൻ പാക്കറ്റ് എന്റെ
കയ്യിൽ വച്ച്..കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ച്..
എന്നിട്ടു പറഞ്ഞു..
"അമ്മാ.കവർ ഓപ്പൺ ചെയ്യൂ"
ഞാനതു തുറന്നുനോക്കി..
പിങ്ക് നിറത്തിൽ നല്ല
ഒരു ചുരിദാറാണ്..
നല്ല വില ഉണ്ടെന്നു കണ്ടാൽ
തന്നെ അറിയാം..
"ഹൌ ഈസ് ഇറ്റ് അമ്മാ"?
ഞാനവനെ നോക്കി
എന്തോ സ്വർഗം കിട്ടിയ സന്തോഷമാണ് അവന്റെ
കണ്ണുകളിൽ..
ഞാൻ മെല്ലെ ചോദിച്ചു.
"മോന്..
കാശെവിടുന്നു കിട്ടി ?"
കാരണം ഞാൻ അവനു
പണം കൊടുക്കാറില്ല..
"അമ്മാ..അതെനിക്ക്
നാട്ടിൽ പോയപ്പോൾ മേമയും..അമ്മമ്മയും
തന്ന പോക്കറ്റ് മണി ആണ്..അത് ഞാൻ സൂക്ഷിച്ചു വച്ചതാണ് അമ്മക്ക് ഗിഫ്റ് വാങ്ങാൻ."
എനിക്ക് കുറച്ചുനേരത്തേക്കു പിന്നൊന്നും പറയാൻ കഴിഞ്ഞില്ല..സന്തോഷം കൂടിയിട്ടാവാം
എന്റെ തൊണ്ടയിൽ ഒരു വിങ്ങൽ വന്നമർന്നു.
കണ്ണിൽ പൊടിഞ്ഞ നീർ തുടച്ചു ഇടറിയ ശബ്ദത്തിൽ
ഞാൻ പറഞ്ഞു..
"വേണ്ടായിരുന്നു
മോനു..നിനക്ക് എന്തെങ്കിലും വാങ്ങാൻ അല്ലെ
അവരീ കാശ് തന്നത്."..
അവനെന്റെ രണ്ടു
കവിളിലും കൈ ചേർത്ത് പറഞ്ഞു.."എനിക്ക്
അമ്മയുടെ ചിരി വാങ്ങാനാണ് ഏറ്റവും ഇഷ്ടം."
ഇറ്റ്സ് മൈ റൈറ്റ്.."..
അതിനാണ് ഞാൻ ഉറങ്ങാതെ 12മണിയാവാൻ കാത്തിരുന്നത്..
എന്റെ നെഞ്ചിലെ സന്തോഷത്തിന്റെ വിങ്ങൽ
കണ്ണിലൂടെ പ്രവഹിക്കുന്നത് അവൻ കാണാതിരിക്കാൻ ഞാനവനെ എന്റെ നെഞ്ചിൽ
ചേർത്ത് മുറുക്കെ പുണർന്നു..
സന്തോഷം
കൊണ്ട് എന്റെ ഹൃദയം തുളുമ്പുന്നുണ്ടായിരുന്നു..
വെറും ഒൻപതു വയസ്സാണവന്..ഇത്രയും ചിന്തിക്കാൻ അവൻ വളർന്നിരിക്കുന്നു.
"അമ്മക്ക് സന്തോഷായി മുത്തേ.." ഞാനവന്റെ
ചെവിയിൽ പറഞ്ഞു...
അപ്പോൾ അവന്റെ മുഖവും സന്തോഷം കൊണ്ട് തുടുത്തിരുന്നു.,
ഒറ്റ റിങ്ങിൽ തന്നെ 'അമ്മ ഫോണെടുത്തു..
" എന്താ മോളെ..
ഈ നേരത്തു.."?
ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു."അമ്മാ..
രാവിലെ പത്തുമണിക്ക് പോയി കാശെടുത്തു..
നേരെ അമ്പലത്തിൽ പോയി.പേര് രെജിസ്റ്റർ
ചെയ്തോളു..ഞാൻ കാശിട്ട ഉടനെ വിളിക്കാം.."
അമ്മ എന്നോടോ ഞാൻ അമ്മയോടോ ഒന്നും
സംസാരിച്ചില്ല പിന്നെ..
അമ്മയുടെ നെടുവീർപ്പിനിടെ ഞാൻ ഫോൺ വച്ചു ..
കാരണം...
കണ്ണീരിനിടയിൽ എനിക്ക്
മനക്കണ്ണിൽ കാണാമായിരുന്നു ആഹ്ലാദത്തിന്റെ
വിങ്ങലിൽ കണ്ണിൽ തുളുമ്പിയ നീര് തുടച്ചു കളഞ്ഞു സന്തോഷം തുളുമ്പുന്ന ആ മുഖം.
കുറച്ചു മുന്നേ ഞാനായിരുന്നു അത്.
"മാതാപിതാക്കളുടെ സന്തോഷത്തിനു
നമ്മൾ കാരണമാവുന്നതിനേക്കാൾ
വലുതല്ല ഏതു സ്വർഗ്ഗവും...."
Vineetha Anil
1
( Hide )
  1. ചിതറിപ്പോയ ചിന്തകളിൽ
    അങ്ങിങ്ങ് ചില പൊരുത്തക്കേടുകളുള്ളതൊഴിവാക്കിയാൽ,
    കഥ നന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo