Slider

പദ പരിചയം - ഭാഷാ പരിചയം

2

“ഓണം സാമൂഹ്യജീവിതത്തിന്മേ-
ലോണപ്പൂക്കള്‍ വിടര്‍ത്തി വെല്ലുന്നൂ;
പാടിക്കൊള്ളുവിന്‍ പൈതങ്ങളേ, തേന്‍
പാതിപ്പെട്ടുള്ള പാട്ടുകള്‍ വീണ്ടും.” (പൂവിളി - ഇടശ്ശേരി)
ഓണക്കാലമെത്തി. അത്തം കഴിഞ്ഞു. മലയാളികളുടെ മനസ്സില്‍ (ചിലപ്പോള്‍ കേരളത്തിലുള്ള ബീഹാറിയുടെയും ബംഗാളിയുടെയും മനസ്സുകളിലും ) ഓണം പൂവിട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ പദപരിചയം ഓണത്തെ കേന്ദ്രമാക്കിയിട്ടാണ്. ഓണത്തിനു പിന്നിലെ ചാലകശക്തി കുട്ടികളാണെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? ഓണത്തെ ഓണമാക്കുന്നത് കുട്ടികളാണ്. ഒളപ്പമണ്ണയുടെ 'വിടരാത്ത ഓണപ്പൂക്കള്‍' എന്ന കവിത തുടങ്ങുന്നത് ഈ വരികളോടെയാണ്. 
"കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍
പൊട്ടവിടര്‍ന്നൂ പൊന്നോണം!”
ഏതു കുറ്റിക്കാട്ടിലും പൊന്നോണം വിടര്‍ത്തുന്നവരാണ് കുട്ടികള്‍. കുട്ടികള്‍ക്ക് ഇതിനു കഴിയുന്നത് അവര്‍ സന്തോഷം പരത്തുന്നവരായതിനാലാണ്. ആ സന്തോഷം അവര്‍ നമ്മളോടും നമ്മള്‍ അവരോടും പുലര്‍ത്തുന്ന സ്നേഹത്തില്‍നിന്ന് ഉദിക്കുന്നതാണ്. (സ്നേഹം എന്ന ആശയത്തെ അടിസ്ഥാനമാക്കി തുടങ്ങിയ പദപരിചയം ഓണത്തിലൂടെ മുന്നേറാന്‍ അങ്ങനെയും ഒരു കാരണമുണ്ട്.) ഒളപ്പമണ്ണ ഈ വരികളെഴുതിയപ്പോള്‍ മറ്റൊരത്ഭുതംകൂടി സംഭവിച്ചു. ഓസ്കാര്‍ വൈല്‍ഡ് രചിച്ച 'സ്വാര്‍ത്ഥിയായ രാക്ഷസന്‍' (The Selfish Giant) എന്ന കഥയുടെ അന്തസ്സത്തയാകെ ഒളപ്പമണ്ണയുടെ ഈ ഈരടിയിലേക്ക് ആവാഹിക്കപ്പെട്ടു! 
ഓണക്കാലം സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും കാലമാണ്. അതിലുപരി സ്നേഹക്കാലവുമാണ്. പി.കുഞ്ഞിരാമന്‍നായരാണ് ഓണത്തെക്കുറിച്ച് അതിമനോഹരമായ ഒട്ടേറെ കവിതകള്‍ എഴുതിയ കവി. അദ്ദേഹത്തിന്‍റെ ഈ കവിതാഭാഗം വായിക്കൂ...

താവിത്തുളുമ്പുന്നൊരാനന്ദത്താല്‍
പൂവിളിച്ചാര്‍ത്തു കിളിക്കിടാങ്ങള്‍.
കുഞ്ഞുങ്ങളച്ഛനില്‍ച്ചേര്‍ന്നുകൂടി,
പെണ്ണു കണവനോടൊത്തുകൂടി,
അച്ഛനു കുഞ്ഞിനെ കണ്ടുകിട്ടി,
അമ്മയ്ക്കു കുട്ടനെ വീണ്ടുകിട്ടി.
വീടുകള്‍ വീടുകളായിനിന്നു,
നാടുകള്‍ നാടുകളായി വന്നു.
ഉള്ളിലുറന്ന ദയ വഴിഞ്ഞു
വെള്ളിയും തങ്കവും രത്നങ്ങളും
ദാരിദ്ര്യമുണ്ണും ചെടികള്‍ക്കെല്ലാം 
വാരിക്കൊടുത്തു നടന്നിതോണം.
അന്തിയുഷസ്സുകള്‍ നീന്തുമാറില്‍
വഞ്ചി തുഴഞ്ഞു കളിച്ചിതോണം,
വീണുകിടക്കും കുടിലിലെല്ലാം
നൂണുകയറി കടന്നിതോണം.
കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരെ കിട്ടുന്നതും പെണ്ണിന് കണവനെ കിട്ടുന്നതും ഓണത്തിനാണ്. അങ്ങനെ വീടു വീടാവുകയും നാട് നാടാവുകയും ചെയ്യുന്ന കാലമാണ് ഓണനാളുകള്‍. ഈ കവിത എഴുതിയ കൂട്ടുകുടുംബകാലത്തേക്കാള്‍ ഇന്ന് ഈ കുടുംബസംഗമങ്ങള്‍ സാധാരണമാണ്, പ്രസക്തവുമാണ്. ഓണക്കാലത്ത് എവിടെനിന്നോ ഒരു സ്നേഹപ്രവാഹം എത്തുന്നു. ദാരിദ്ര്യമുണ്ണുന്നവരും അന്ന് ധനികരാകുന്നു. വീണുകിടക്കുന്ന കുടിലുകളിലെല്ലാം ഓണം നൂണകയറുന്നു. ഓണാഘോഷത്തിന്‍റെ വര്‍ണ്ണഭംഗി കലര്‍ന്ന പൂവുകള്‍ കോര്‍ത്തിട്ടുള്ളത് സ്നേഹച്ചരടിലാണ്. ആ ചരട് പൊട്ടിയാലോ?
എന്‍.വി.കൃഷ്ണവാരിയര്‍ ഏതാണ്ടു മുപ്പതു കൊല്ലം മുമ്പെഴുതിയ ഈ കവിതകൂടി വായിക്കൂ... ഇതും സമകാലികജീവിതത്തിന്‍റെ ചിത്രംതന്നെ.
ഓണം 1987

ഒരു ചെടിയും നട്ടുനനച്ചീ-
ലോണപ്പൂവെങ്ങനെ നുള്ളാന്‍?
ഒരു വയലും പൂട്ടിവിതച്ചീ-
ലോണച്ചോറെങ്ങനെയുണ്ണാന്‍?
ഒരു വാഴക്കന്നും നട്ടീ-
ലോണപ്പഴമെങ്ങനെ തിന്നാന്‍?
ഒരു കഴി നൂല്‍പോലും നൂറ്റീ-
ലോണത്തുണിയെങ്ങനെയണിയാന്‍?
ഒരു ഗാനം മൂളിപ്പഴകീ-
ലോണപ്പാട്ടെങ്ങനെ പാടാന്‍?
ഒരു കരളില്‍ സ്നേഹം പാകീ-
ലോണക്കളിയെന്തു കളിക്കാന്‍?
ഉള്ളത്തില്‍ കള്ളക്കര്‍ക്കട-
മെങ്ങനെ പൊന്നോണം പുലരാന്‍?
ഒളപ്പമണ്ണയും കുഞ്ഞിരാമന്‍നായരും പറഞ്ഞതിന്‍റെ എതിര്‍ദിശയിലാണ് ഈ കവിതയുടെ പോക്കെങ്കിലും എന്‍.വിയും പറയാന്‍ ശ്രമിക്കുന്നത് ഓണമെന്നാല്‍ കരളുകളില്‍ സ്നേഹം പാകി മുളപ്പിക്കലാണെന്നുതന്നെയാണ്. ഉള്ളത്തില്‍ നിറഞ്ഞുനില്ക്കുന്ന കള്ളക്കര്‍ക്കിടകത്തെ ആട്ടിപ്പായിച്ചാലേ പൊന്നോണം വന്നെത്തൂ. ഈ രണ്ടു കവിതകളും ഓണത്തെക്കുറിച്ചെന്നപോലെ, സ്നേഹത്തെക്കുറിച്ചുമുള്ള സന്ദേശം പകരുന്നവയാണ്. ഓണം നമുക്കു പകരുന്ന സന്ദേശം സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെ യുമാണ്. ഇനിയും ധാരാളം കവിതകളുദാഹരിക്കാനുണ്ട്. പിന്നീടാവാം. 
ഇനി ഓണവുമായി ബന്ധപ്പെട്ട പദങ്ങളും ചൊല്ലുകളും പരിചയപ്പെടാം.

ഓണം - ചിങ്ങമാസത്തിലെ തിരുവോണംനക്ഷത്രത്തിന് പത്തുനാള്‍ മുമ്പ് അത്തം ദിവസം ആരംഭിച്ച് ഉത്രട്ടാതിവരെ നീണ്ടുനില്‍ക്കുന്ന ആഘോഷം, കേരളത്തിലെ വിളവെടുപ്പുല്‍സവം, ഐശ്വര്യത്തിന്‍റെ കാലം, നല്ല കാലം, ആഘോഷകാലം. (എല്ലായിടത്തും ഓണത്തിന്‍റെ തുടക്കം അത്തംനാളിലാണെങ്കിലും ഓണാഘോഷം പൂര്‍ത്തിയാകുന്നതില്‍ ദേശഭേദങ്ങള്‍ കാണാം. തിരുവോണംവരെ ആഘോഷിക്കുന്നവരും ഉത്രട്ടാതിവരെ ആഘോഷം നീട്ടുന്നവരും ഉണ്ട്. സ്കൂളുകളുടെ ഓണാവധി കഴിയുംവരെയാണ് ഇപ്പോള്‍ ഓണക്കാലം!)

ഓണക്കളി, ഓണക്കോടി, ഓണത്തുമ്പി, ഓണപ്പന്തുകളി, ഓണപ്പാട്ട്, ഓണപ്പുടവ, ഓണക്കാലം, ഓണാശംസ, ഓണക്കച്ചവടം, ഓണസ്സദ്യ, ഓണപ്പതിപ്പ്, ഓണവിശേഷം, ഓണാവധി, ഓണപ്പൂവ്, ഓണക്കുല, ഓണസ്സമ്മാനം, ഓണനിലാവ്, പൂക്കളം, പൂവിളി, മാതേവര്‍, (തൃക്കാക്കരയപ്പന്‍ എന്നും പറയും. ചിലേടത്ത് വാമൊഴി 'മാതേര് 'എന്നാണ്) ഈ വാക്കുകളെല്ലാം വിശദീകരണം വേണ്ടാത്തവയാണ്. 

അത്തം പത്തോണം : ഓണനാളുകള്‍ - അത്തം, ചിത്ര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നിവയാണ് പത്ത് ഓണനാളുകള്‍. 'അത്തം പത്തോണം' എന്ന ചൊല്ലില്‍ ഇതാണ് സൂചിപ്പിക്കുന്നത്. തിരുവോണം കഴിഞ്ഞ് അവിട്ടം, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി വരെ ആഘോഷനാളുകള്‍തന്നെ. ആറന്മുളയിലെ ഉത്രട്ടാതി വള്ളംകളി തെക്കന്‍ നാടുകളില്‍ ഓണാഘോഷത്തിന്‍റെ പരിസമാപ്തി കുറിക്കുന്ന ഒരാഘോഷമാണ്. തൃശ്ശൂരില്‍ നാലോണത്തിന് നടത്തുന്ന പുലിക്കളിയാണ് സമാപനം കുറിക്കുന്നത്. ചിങ്ങമാസത്തെ ഒന്നാകെ കേരളീയര്‍ ഓണക്കാലമെന്നാണ് വിശേഷിപ്പിക്കുന്നത്. ഒരുമയുടെയും സംതൃപ്തിയുടെയും സന്തോഷത്തിന്‍റെയും കാലമെന്ന് ഓണക്കാലത്തിന് അര്‍ത്ഥമുണ്ട്. വന്നുവന്ന് ഇപ്പോള്‍ ഓണക്കാലം കച്ചവടക്കാലവുമായി!

ഓണക്കാഴ്ച – കുടിയാന്മാരായ കര്‍ഷകര്‍ ഓണത്തിന് ജന്മിക്ക് നേന്ത്രക്കുലയും മറ്റു കാര്‍ഷികവിഭവങ്ങളും കാഴ്ചയായി കൊടുക്കുന്ന പതിവുണ്ടായിരുന്നു.
ഓണക്കിളി - മഞ്ഞക്കിളി, ഓണക്കാലത്ത് സുലഭമായി കാണും. “കുഞ്ഞിച്ചുണ്ടിലെ പാട്ടുകള്‍ കേട്ടമ്മഞ്ഞപ്പൈങ്കിളി പാറിയെത്തുമ്പോള്‍" - ഇടശ്ശേരി
ഓണത്തപ്പന്‍ - മഹാബലി, മാതേവര്‍, തൃക്കാക്കരയപ്പന്‍ 
ഓണത്തല്ല് - ഓണക്കാലത്ത് നടത്താറുള്ള (മധ്യകേരളത്തിലെ) ഒരു കായികവിനോദം. രണ്ടു ദേശങ്ങളിലെ തല്ലുകാര്‍ തമ്മില്‍ തല്ലി മത്സരിക്കല്‍, വിജയികളെ കണ്ടെത്തല്‍.
ഓണത്താര്‍ - വടക്കന്‍ കേരളത്തില്‍ ഓണക്കാലത്ത് വീടു ചുറ്റുന്ന ഒരു തെയ്യക്കോലം.
ഓണവല്ലി - കൃഷിത്തൊഴിലാളികള്‍ക്ക് ജന്മി ഓണത്തിനു നല്‍കിയിരുന്ന പ്രത്യേക കൂലി (ബത്ത)
ഓണവില്ല് - മുളകൊണ്ടുണ്ടാക്കുന്ന വില്ല്. ഞാണും കൊട്ടാനുള്ള കോലമെല്ലാം മുളതന്നെ. ഓണവില്ലില്‍ സംഗീതാത്മകമായ സ്വരം ഉണ്ടാക്കാന്‍ കഴിയും. ഓണക്കാലത്ത് പൂക്കളമിട്ട്, മാതേവരെ പ്രതിഷ്ഠിച്ച് കുട്ടികള്‍ (മുതിര്‍ന്നവരും) വില്ലുകൊട്ടി പാടുകയും പൂവിളിക്കുകയും ചെയ്യും. ഓണവില്ല് ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്.
ഓണവേടന്‍ - ഒരു തെയ്യം (ഓണത്താര്‍)
ഓണാട്ടന്‍ - ഒരു നെല്ലിനം, ഈ വിത്ത് വിഷു കഴിഞ്ഞ് വിതച്ചാല്‍ ഓണത്തിനുമുമ്പ് കൊയ്യാം. ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി.

ഇനി ചില ഓണച്ചൊല്ലുകള്‍ നോക്കാം.
'അത്തം കറുത്താല്‍ ഓണം വെളുക്കും' - അത്തത്തിന് കാര്‍മേഘം മൂടിക്കെട്ടിയ ആകാശവും മഴയുമുണ്ടായാല്‍ തിരുവോണത്തിന് വെയില്‍ തെളിയും. പണ്ടുള്ളവര്‍ ഓണക്കാലത്തെ കാലാവസ്ഥ നിരീക്ഷിച്ച് രൂപപ്പെടുത്തിയ ഒരു അറിവായിരിക്കും ഇത്. അനിഷ്ടമായ ഒരു കാര്യം സംഭവിച്ചാലും അതിനെത്തുടര്‍ന്ന് ഒരു ശുഭകാര്യം വന്നുചേരും എന്നൊരു ശുഭാപ്തിവിശ്വാസം ഈ ചൊല്ലില്‍ അടങ്ങിയിട്ടുണ്ട്.
'ഓണം വരാനൊരു മൂലം വേണം' - മൂലം നാളിനെത്തുടര്‍ന്നാണ് തിരുവോണത്തിന്‍റെ വരവ്. മൂലമില്ലാതെ ഓണമില്ല. മൂലം എന്ന പദത്തിന് കാരണം എന്ന് അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥംകൂടി ചേര്‍ത്തു വായിക്കമ്പോഴാണ് ഈ ചൊല്ലിന്‍റെ പ്രസക്തിയും ഭംഗിയും തിരിച്ചറിയുന്നത്. ഏതൊരു നല്ല (സന്തോഷകരമായ) കാര്യത്തിനും യുക്തമായ ഒരു കാരണം ഉണ്ടായിരിക്കും എന്ന തിരിച്ചറിവ് ഈ ചൊല്ലിലടങ്ങുന്നു. കവിതയിലൊരു വിതയുണ്ട് എന്ന് കുഞ്ഞുണ്ണിമാഷ് പറയുന്നതിന്‍റെ സാരം പഴഞ്ചൊല്ലുകളിലും കാണാം.
'തിരുവോണം തിരുതകൃതി' - തിരുവോണനാളെത്തുമ്പോഴുള്ള ആഘോഷങ്ങളുടെയും അതിനായുള്ള ഒരുക്കങ്ങളുടെയും ആറ്റിക്കുറുക്കിയ രൂപം. തിരുതകൃതി എന്ന വാക്ക് ഉച്ചരിക്കമ്പോള്‍ ആ തിരക്കിന്‍റെ അനുഭവം ഉണ്ടാകുന്നു എന്നതാണ് ഈ ചൊല്ലിനെ ആകര്‍ഷകമാക്കകുന്ന ഘടകം. ശബ്ദംകൊണ്ട് അര്‍ത്ഥത്തിലേക്ക് പ്രവേശിക്കല്‍ വാമൊഴിയുടെ ഒരു കഴിവാണ്. 

'കാണം വിറ്റും ഓണം ഉണ്ണണം' – കയ്യിലുള്ള ഭൂമിയുടെ കൃഷി അവകാശം കൈമാറി അതില്‍നിന്ന് കിട്ടുന്ന പണംകൊണ്ട് ഓണം ആഘോഷിക്കണം. ജന്മിക്ക് മുന്‍‌കൂര്‍ പ്രതിഫലം കൊടുത്ത് കൃഷി ചെയ്യാനുള്ള അവകാശം നേടലാണ് കാണം. (ഭൂഉടമയ്ക്കു നിശ്ചിത അളവ് നെല്ല് ഓരോ വിളവിനും കൊടുക്കാന്‍ വ്യവസ്ഥയോടെ കൃഷി ചെയ്യുന്നത് പാട്ടം). സാധാരണക്കാര്‍ അല്പം കഷ്ടപ്പാട് സഹിച്ചും ആണ്ടറുതികള്‍ ആഘോഷിക്കണം എന്നൊരു സാമാന്യ വ്യാഖ്യാനം ഈ ചൊല്ലിനുണ്ട്. പക്ഷേ, ഇതിന്‍റെ ഉപജ്ഞാതാക്കള്‍ ഇങ്ങനെ കാണം വില്‍ക്കേണ്ടവരാകാന്‍ സാധ്യത ഇല്ല. ഓണാഘോഷത്തിന് കാണം വില്‍ക്കേണ്ടി വരുന്ന സാധാരണക്കാരന്‍ ഈ ചൊല്ലിനെ മനസാ അംഗീകരിക്കില്ല. 
'ഉള്ളതുകൊണ്ട് ഓണംപോലെ' - ഈ ചൊല്ല് ഇല്ലായ്മക്കിടയിലും അവനവന്‍റെ പരിമിതികള്‍ ക്കുള്ളില്‍നിന്ന് സന്തോഷിക്കാനും വരവിനനുസരിച്ച് ചെലവു ചെയ്യാനുമുള്ള മനസ്സിനെ കാണിക്കുന്നതാണ്. ഓരോരുത്തര്‍ക്കും അവരുടെ കഴിവനുസരിച്ചാണ് ആഘോഷങ്ങള്‍. 

'ഓണമുണ്ട വയറേ, ചൂളം പാടിക്കെട...'
'ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര'
'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി'
ഈ മുന്നു ചൊല്ലുകളും പണ്ടത്തെ (ഒരു പക്ഷേ, ഇന്നത്തെയും) ദരിദ്രരുടെ അവസ്ഥ സൂചിപ്പിക്കുന്നു. കാണം വിറ്റ് ഓണമുണ്ണാനുള്ള മേലാളന്മാരുടെ നിര്‍ദ്ദേശവും നാട്ടുനടപ്പുമനുസരിച്ച് ഓണമാഘോഷിച്ച പാവപ്പെട്ടവരുടെ ചിത്രമാണ് ആദ്യത്തെ രണ്ടു ചൊല്ലിലുമുള്ളത്. ഓണക്കാലത്തിന്‍റെ അവസാനം മറ്റൊരു പട്ടിണിക്കാലത്തിന്‍റെ തുടക്കമാണവര്‍ക്ക് വയറ് ചൂളംവിളിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ സ്വയം സമാധാനിക്കുന്നു. ഓണമുണ്ടതല്ലേ, ഇനി ചൂളംവിളിച്ചു കിടന്നോളൂ എന്ന്... അവരുടെ ഓലപ്പുരകള്‍ ഓട്ടപ്പുരകളായി മാറുന്നു. സമ്പാദ്യമെല്ലാം ആഘോഷങ്ങള്‍ക്കുമാത്രം ചെലവിടുമ്പോഴുണ്ടായേക്കാവുന്ന ഒരു അപകടവും ഈ ചൊല്ല് നമുക്ക് കാട്ടിത്തരുന്നുണ്ട്. ഓലപ്പുരക്കാരെയാണ് ആഘോഷങ്ങള്‍ ബാധിക്കുന്നത്; ഓട്ടുപുരക്കാരെയല്ല. മൂന്നാമത്തെ ചൊല്ല് യഥാര്‍ത്ഥത്തില്‍ ഓണത്തെപ്പറ്റി പറയുന്നതേയല്ല. അത് ദരിദ്രരുടെ എന്നത്തേയും അവസ്ഥയാണ്. ആനന്ദകരമായ ഏതവസരവും പാവങ്ങളുടെ നിത്യജീവിതത്തില്‍ യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല. കോരന്‍ എന്നും കുമ്പിളില്‍ കഞ്ഞിവാങ്ങാന്‍ വിധിക്കപ്പെട്ടവന്‍തന്നെ. പണ്ട് കുടിയാന്മാരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ജന്മിവീട്ടിലെ ആഘോഷങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. സ്വന്തമായി യാതൊരാഘോഷവും അവര്‍ക്കില്ല. ജന്മിയുടെ വീട്ടിലെ പിറന്നാളിന്‍റെയും അടിയന്തിരത്തിന്റെയും ബാക്കിമാത്രം അനുഭവിക്കുവാന്‍ വിധിക്കപ്പെട്ടവരുടെ പ്രതിനിധിയാണ് കോരന്‍.
ഉത്രാടപ്പാച്ചില്‍ ഒരു ശൈലിയാണ്. ഉത്രാടദിനം മണ്ടിപ്പാച്ചിലിനുള്ളതാണ്. പിറ്റേന്ന് ഓണമായി. എന്തെല്ലാം ഒരുക്കങ്ങള്‍ വേണം! അതിനെല്ലാം ഓടിനടക്കേണ്ടത് വീട്ടമ്മ മാത്രം... അവരുടെ ബദ്ധപ്പാടാണ് ഈ ശൈലിക്ക് നിദാനം. എല്ലാം ശരിയാക്കാനായി ഓടിയോടിത്തളരുന്ന ഒരു വീട്ടമ്മയുടെ ചിത്രം നമുക്ക് ഈ ശൈലിയില്‍ ഒളിച്ചിരിപ്പുണ്ട്.
ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകള്‍ ഇനിയും ഉണ്ട്. എല്ലാം ഇവിടെ പരാമര്‍ശിക്കുന്നില്ല. ഇപ്പോള്‍ത്തന്നെ ഈ പോസ്റ്റ് വായന ശ്രമകരമാക്കുന്ന വിധത്തില്‍ അതിദീര്‍ഘമായിട്ടുണ്ട്. ഭാഷയുടെ ചന്തവും കരുത്തും വെളിപ്പെടുത്തുന്ന ചില ചൊല്ലുകളെ വിശകലനം ചെയ്യുകമാത്രമാണ് ലക്ഷ്യം. ഓണം അതിനൊരു നിമിത്തംമാത്രം. 

എല്ലാ സുഹൃത്തുക്കള്‍ക്കം ഓണാശംസകള്‍!

By: 


Narayanan PM
2
( Hide )
  1. വളരെ വളരെ സന്തോഷവും നന്ദിയുമുണ്ട്.
    പദങ്ങൾ മാത്രമല്ല,
    ഓണത്തെ സംബന്ധിച്ച പല അറിവുകളും അങ്ങയുടെ ലേഖനത്തിൽ നിന്നും വായിച്ചെടുക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ, പോസ്റ്റ് നീണ്ടുപോയതായൊട്ടും തോന്നിയില്ല.
    ഹ്യദയം നിറഞ്ഞ ഓണാശംസകൾ!!

    ReplyDelete
  2. ഓണവുമായി ബന്ധപ്പെട്ട ഒരു മലയാള പദം താഴെ കൊടുത്ത അക്ഷരങ്ങളിൽ നിന്നു കണ്ട് പിടിക്കുക എന്ന് കാണിച്ചു കൊണ്ട് ഒരു സുഹൃത്തിന്റെ മെസ്സേജ് വന്നു.
    എനിക്ക് കഴിഞ്ഞില്ല. അക്ഷരങ്ങൾ താഴെ എഴുതുന്നു.
    ആരെങ്കിലും കണ്ട് പിടിക്കുകയാണെങ്കിൽ എന്നെയും അറിയിക്കുമല്ലൊ.
    AAACEELPRSSU

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo