Slider

ചുവപ്പ്

1


ചുവപ്പ്.... 
അതെന്നും എനിക്ക് പേടിസ്വപ്നമായിരുന്നു.പിറന്നുവീണപ്പോൾ കൺപോളകളിൽ പറ്റിപ്പിടിച്ചിരുന്ന ചോരത്തുള്ളികളുടെ ചുവപ്പിൽ തുടങ്ങിയ ഭയം ഇപ്പോഴും എന്നെ വിട്ടൊഴിയാതെ പിന്തുടരുന്നു.
ഓർമ്മവച്ചശേഷം ആദ്യമായി ചുവപ്പിനെ ഭയന്നത് പട്ടുടുത്ത് ഉറഞ്ഞുതുള്ളുന്ന കോമരത്തെ കണ്ടപ്പോഴാണ്.കയ്യിൽ ഉടവാളുമായി ഉറഞ്ഞുതുള്ളുന്ന കോമരത്തിൻ്റെ രൂപം എത്രയോ രാത്രികളിൽ എൻ്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.മുഖത്തെ രൗദ്രഭാവത്തെക്കാൾ എന്നെ ഭയപ്പെടുത്തിയത് കണ്ണുകളിലേക്ക് തുളച്ചുകയറുന്ന ആ ചുവന്ന പട്ടായിരുന്നു.ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് കണ്ണുതുറക്കുമ്പോഴും സ്വപ്നത്തിൽകണ്ട ആ പട്ടിൻ്റെ ചുവന്ന നിറം കണ്ണുകളിൽ ബാക്കിയുണ്ടാകും.ഭയന്നുവിറച്ച് അമ്മയോടു ചേർന്നുകിടന്ന് കണ്ണുകൾ പൂട്ടിയടയ്ക്കുമ്പോഴും ചുവന്ന പട്ടുടുത്ത കോമരം ഉള്ളിൽ ഉറഞ്ഞുതുള്ളുന്നുണ്ടാവും.
ബാല്യം കടന്ന് കൗമാരത്തിലെത്തുമ്പോഴും ചുവപ്പിനോടുള്ള ഭയം ഉള്ളിൽ ബാക്കിനിന്നു.അതൊരു മാർച്ച് മാസമായിരുന്നു.കാവിലെ ഉൽസവ സമയം.സ്കൂൾവിട്ട് അനിയൻ്റെ കെെയും പിടിച്ച് ഏതോ മാവിൽനിന്നും എറിഞ്ഞിട്ട പച്ചമാങ്ങയും കടിച്ച് മൂളിപ്പാട്ടും പാടി വരുമ്പോഴാണ് എതിരെ ഉറഞ്ഞുതുള്ളി കോമരത്തിൻ്റെ വരവ്.ഉൽസവത്തിൻ്റെ പറയെടുപ്പിനു വരുന്നതാണ്.പിന്നെ അനിയൻ്റെ കെെയ്യും പിടിച്ച് ഊടുവഴികളിലൂടെ ഒറ്റയോട്ടമായിരുന്നു.വീടിൻ്റെ ഉമ്മറപ്പടിയിൽ ഇരുന്ന ശേഷമാണ് ശ്വാസം കഴിച്ചതുപോലും.
കോമരത്തെ കണ്ട ഭയവും ഉള്ളിലിട്ടാണ് കുളിക്കാൻ കയറിയത്.യൂണിഫോമിൻ്റെ പാവാട ഊരിയപ്പോഴാണ് അത് കണ്ടത്.വെള്ളപെറ്റിക്കോട്ടിൽ ചായം തേച്ചപോലെ ചുവപ്പ് പടർന്നിരിക്കുന്നു.പെട്ടെന്ന് മനസ്സിൽ വന്നത് ഉറഞ്ഞുതുള്ളുന്ന കോമരത്തിൻ്റെ രൂപമാണ്.പിന്നെ അമ്മേ എന്നൊരു അലർച്ചയായിരുന്നു.
ബോധം വരുമ്പോൾ ചുറ്റിനും അമ്മയും വല്യമ്മയും അമ്മായിമാരും എല്ലാരും ഉണ്ടായിരുന്നു.എല്ലാരുടെയും മുഖത്ത് ഇതുവരെയില്ലാത്ത അർത്ഥം വച്ച ചിരി."ഇനി നിൻ്റെ കുട്ടിക്കളിയും മരം കേറ്റവും ഒന്നും നടക്കില്ല.അടങ്ങി ഒതുങ്ങി നടക്കണം.വലിയ പെണ്ണായി നീ."കൂട്ടത്തിൽ ഇച്ചിരി കുശുമ്പുള്ള ചെറിയമ്മായി എനിക്കിട്ടു പണി തന്ന സന്തോഷത്തോടെ പറഞ്ഞു.ഏഴുദിവസത്തെ മുറിക്കകത്തെ അടച്ചിരിപ്പും പച്ചമുട്ടയുടെയും നല്ലെണ്ണയുടെയും ചവർപ്പും എല്ലാം കൂടിയായപ്പോൾ ഞാനാ ചുവപ്പിനെ കൂടുതൽ വെറുത്തു.ഒക്കെയും കഴിഞ്ഞ് ഏഴാം നാൾ പുറത്തിറങ്ങിയപ്പോഴാണ് ഞാനാ സത്യം തിരിച്ചറിഞ്ഞത്,അതുവരെയും ഞാൻ അനുഭവിച്ച സ്വാതന്ത്ര്യം,സന്തോഷം,കളിചിരികൾ ഒക്കെയും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.ഞൊറികളുള്ള എൻ്റെ പ്രിയപ്പെട്ട അരപ്പാവാടയും മാലാഖമാരുടേതു പോലുള്ള ഫ്രോക്കുകളും മാറ്റി അലമാരയിൽ നിറയെ ചുരിദാറുകൾ സ്ഥാനം പിടിച്ചിരുന്നു.
പ്രിയപ്പെട്ടത് എന്തൊക്കെയോ നഷ്ടപ്പെട്ട വേദനയോടെയാണ് ഉണ്ണിയോടൊപ്പം ക്രിക്കറ്റുകളിക്കാൻ പറമ്പിലേക്കിറങ്ങിയത്.അപ്പോഴും വന്നു മുത്തശ്ശിയുടെ വിളി.പിന്നെ പിടിച്ചിരുത്തി കുറേ ഉപദേശങ്ങളായിരുന്നു.നീ പഴയ അമ്മു അല്ല,വലിയ പെണ്ണായി ഇപ്പോൾ,ആൺകുട്ടികളോടൊപ്പം മരം കേറാൻ നടക്കരുത്,അടങ്ങിയൊതുങ്ങി നടക്കണം.....അങ്ങനെ നീണ്ടു ഉപദേശം.കുറേ കേട്ടപ്പോൾ തലവേദനിക്കാൻ തുടങ്ങി.ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.മുറിയിൽ മേശമേൽ തലചായ്ച്ച് കിടക്കുമ്പോഴേക്ക് എനിക്കൊരു കാര്യം മനസ്സിലായിരുന്നു.ഞാൻ പഴയ അമ്മു അല്ല.എനിക്കുചുറ്റും ഒരു മതിൽ ഉയർന്നിട്ടുണ്ട്,ചുവന്ന ചായം പൂശിയ വലിയൊരു മതിൽ.ഇനിയൊരിക്കലും ആ മതിൽക്കെട്ടിൽ നിന്ന് മോചനമില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി. മേശപ്പുറത്തിരുന്ന ചുവന്ന മഷിക്കുപ്പി തുറന്ന് അവിടെ ചിതറിക്കിടന്ന വെള്ള പേപ്പറിലേക്ക് ഒഴിക്കുമ്പോഴേക്ക് ചുവപ്പിനോടുള്ള ഭയം മാറി ഉള്ളിൽ വല്ലാത്തൊരു നിസഹായത കൂടുകൂട്ടിയിരുന്നു.
കൗമാരം കടന്ന് യൗവ്വനത്തിലെത്തുമ്പോഴേക്ക് ചുവപ്പ് എൻ്റെ പ്രിയപ്പെട്ട നിറമായി മാറിയിരുന്നു.കാരണം എൻ്റെ പ്രിയപ്പെട്ടവൻ്റെ കയ്യിൽ എപ്പോഴും ചുവപ്പ് കൊടിയുണ്ടായിരുന്നു.കോളേജിൽ ആദ്യമെത്തിയപ്പോൾ ചുവന്ന കൊടിയും പിടിച്ച് നവാഗതരെ സ്വാഗതം ചെയ്യാൻ നില്ക്കുന്നവരെ കണ്ടപ്പോൾ ഭയമാണ് തോന്നിയത്.പക്ഷേ കൂട്ടത്തിലെ വെളുത്തു മെലിഞ്ഞ നേതാവിനെ കണ്ടപ്പോൾ എന്തോ ഒരിഷ്ടം തോന്നി.മാസങ്ങൾക്കുശേഷം ഒരു ചുവന്ന റോസാപുഷ്പവുമായി വന്നു അവൻ തൻ്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ മുതൽ ഞാനാ ചുവപ്പിനെ പ്രണയിക്കാൻ തുടങ്ങി.
അവൻ്റെ പ്രണയം മഴവില്ലുപോലെയായിരുന്നു.ഏഴുനിറങ്ങളും കൊണ്ട് അതെന്നെ മൂടുകയായിരുന്നു. ആ ചുരുങ്ങിയ ദിവസംകൊണ്ട് ചുവപ്പ് എൻ്റെ പ്രിയപ്പെട്ട നിറമായി മാറിയിരുന്നു.ചുവപ്പ് കുപ്പിവളകളും ദാവണിയുമൊക്കെ എന്നെ കൂടുതൽ സുന്ദരിയാക്കുന്നതു ഞാനറിഞ്ഞു.പക്ഷേ എൻ്റെ ആ ഇഷ്ടത്തിന് വലിയ ആയുസില്ലായിരുന്നു.പഴയതിലും ശക്തിയോടെ ചുവപ്പിനോടുള്ള ഭയം എൻ്റെയുള്ളിൽ കൂടുകൂട്ടുമ്പോഴേക്ക് എനിക്ക് നഷ്ടപ്പെട്ടത് അവൻ്റെ സ്നേഹമായിരുന്നു.മഴവില്ലു മായുംപോലെ അവൻ എൻ്റെ ജീവിതത്തിൽനിന്ന് മാഞ്ഞുപോകുന്നത് നിർവ്വികാരതയോടെ നോക്കിനില്ക്കാനേ എനിക്കായുള്ളു.
അതുമൊരു മാർച്ച് മാസമായിരുന്നു.കാമ്പസിലാകെ വാകമരങ്ങൾ പൂത്തുലഞ്ഞു നിൽപ്പുണ്ടായിരുന്നു.നിറയെ പൂക്കളുള്ള ഒരു വാകമരച്ചുവട്ടിൽ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് അവർ വന്നത്.അവൻ്റെ ചുവന്ന കൊടിയുടെ ശത്രുക്കൾ.എൻ്റെ മുൻപിലിട്ട് അവർ അവനെ ചുവപ്പിൽ കുളിപ്പിച്ചു.അവനു ഏറെ പ്രിയപ്പെട്ട ചുവപ്പ് അവൻ്റെ ദേഹത്തിലൂടെ ഒഴുകിയിറങ്ങി.ഓരോ വെട്ടിലും ചിതറിത്തെറിച്ച ചോരത്തുള്ളികൾ എൻ്റെ മുഖത്തും പടർന്നിരുന്നു.ഒക്കെയും കഴിഞ്ഞ് അവർ പോകുമ്പോഴും ഒന്നുറക്കെ കരയാൻ പോലുമാകാതെ മരവിച്ചു നില്ക്കയായിരുന്നു ഞാൻ.നിലത്തു കൊഴിഞ്ഞുകിടക്കുന്ന വാകപ്പൂക്കളുടെ ഇടയിൽ വലിയൊരു ചുവന്ന പുഷ്പംപോലെ അവൻ അപ്പോഴും കിടപ്പുണ്ടായിരുന്നു.
ആ മരവിപ്പിൽ നിന്നും മുക്തയാകാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു.പക്ഷേ അപ്പോഴേക്കും വീട്ടുകാർ എൻ്റെ വിവാഹം നിശ്ചയിച്ചിരുന്നു.എൻ്റെ കണ്ണുനീരിനും പ്രതിഷേധത്തിനും മാറ്റാൻ കഴിയാത്തതായിരുന്നു അവരുടെ തീരുമാനം.കതിർമണ്ഡപത്തിൽ മരവിച്ച മനസ്സുമായി ഇരിക്കുമ്പോഴും ഞാനെൻ്റെ ഭർത്താവിൻ്റെ മുഖം കണ്ടിട്ടില്ലായിരുന്നു.എന്നാൽ താലികെട്ടിയ ശേഷം അയാൾ തന്ന പുടവ ചുവന്നതായിരുന്നു,രക്തത്തിൻ്റെ ചുവപ്പായിരുന്നു അതിന്.പുടവ കയ്യിൽ വാങ്ങുമ്പോഴും വാകപ്പൂക്കളുടെ നടുവിൽ മരിച്ചുകിടന്ന അവൻ്റെ രൂപമായിരുന്നു മനസ്സിൽ.ആരൊക്കെയോ ചേർന്ന് ആ പുടവ അണിയിക്കുമ്പോഴും എൻ്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.പക്ഷേ ചോരപോലെ ചുവന്ന പുടവയിൽ വീണ ആ കണ്ണുനീർതുള്ളികൾ ആരും കണ്ടില്ല.
അന്നുരാത്രി ഒരുവാക്കുപോലും മിണ്ടാതെ ഒരു മൃഗത്തിൻ്റെ കരുത്തോടെ എൻ്റെമേൽ ചാടിവീണ് വസ്ത്രങ്ങൾ ചീന്തിയെറിയുമ്പോൾ അയാളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു.മദ്യത്തിൻ്റെ ഗന്ധത്തോടെ ഓരോ പ്രാവശ്യവും അയാൾ എൻ്റെമേൽ ചാടിവീഴുമ്പോഴും മനസ്സിനൊപ്പം ശരീരവും മരവിക്കയായിരുന്നു.പലപ്പോഴും അയാളെ സ്നേഹിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും ആ സത്യം എനിക്ക് വ്യക്തമാകുകയായിരുന്നു,രാത്രിയുടെ ഇരുട്ടിൽ കാമം തീർക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിരുന്നു അയാൾക്ക് ഞാൻ.അക്കാര്യം തിരിച്ചറിഞ്ഞ അന്നുമുതൽ ഉള്ളിൽ തോന്നിയ ആ മരവിപ്പ് എന്നിൽനിന്ന് ഒരിക്കലും വേർപെടാൻ കൂട്ടാക്കിയില്ല.
ഇന്ന്, ഞാൻ ആദ്യമായി ചോരകണ്ട ലേബർറൂമിൽ എൻ്റെ കുഞ്ഞിൻ്റെ വരവും കാത്തുകിടക്കുമ്പോൾ ഉള്ളിൽ ഒരു പ്രാർത്ഥനയേ ഉള്ളൂ,ഈശ്വരാ ജനിക്കാനിരിക്കുന്നതൊരു പെൺകുഞ്ഞാണെങ്കിൽ അവൾ ഒരിക്കലും ചുവപ്പിനെ ഭയക്കരുതേ.
1
( Hide )
  1. സത്യത്തിലീ‍ ചുവപ്പിനെ ഭയപ്പെടുന്നു...!
    പക്ഷെ, വ്യത്യസ്ഥത എഴുത്തിൽ പുലർത്തണം.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo