കഥ : അഹം ശവസ്
[ഒരു മനോരോഗവിദഗ്ദ്ധയുടെ ദിനക്കുറിപ്പ് ]
******************************
[ഒരു മനോരോഗവിദഗ്ദ്ധയുടെ ദിനക്കുറിപ്പ് ]
******************************
ദർശൻ മാത്യു. വയസ്സ് 32. സസ്‌പെക്ടഡ് ഡിലൂഷനൽ സൈകോസസ്. നോൺ-വൈലൻറ്റ്.
Dr. മാത്തൻ്റെ റിഫർൽ നോട്ട് വായിച്ചതിന്ന് ശേഷം ഞാൻ മുന്നിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി.
നിദ്രാവിഹീനതയുടെ നിറഭേദങ്ങൾ നിഴലിക്കുന്ന കണ്ണുകൾ.
ഉലഞ്ഞമുടി.
കുറ്റിത്താടി.
അഴുക്കുപുരണ്ട നഖങ്ങൾ. അവൻ്റെ നോട്ടം ദിശാബോധമില്ലാത്ത പട്ടം പോലെ എന്നിലൂടെ കയറിയിറങ്ങി അങ്ങ് ദൂരെയെവിടയോ ഒടക്കി നിൽക്കുന്നു. ഇടക്കിടെ അവൻ തൻ്റെ രണ്ട് കൈകളും മാറി മാറി ചൊറിയുണുണ്ട്.
"ദർശന് എന്നോട് എന്തോ പറയാനുണ്ടല്ലോ, മടിക്കാതെ പറഞ്ഞോളൂ. വാട്ട് ഈസ് ബൊതെറിങ് യു?".
"പ്ളീസ്......പ്ളീസ് ഹെൽപ് മീ .........നിങ്ങളെങ്കിലും എന്നെയൊന്ന് വിശ്വസിക്കൂ......പ്ളീസ്........ഐ ക്യാണ്ട് ബെയർ ദിസ് എനിമോർ......." ദയനീയത നിറഞ്ഞ പതിഞ്ഞ ശബ്ദം. ചെറിയ വിറയലും. കണ്ണുകൾക്കപ്പോഴും ഒരു നിർലക്ഷ്യത.
"തീർച്ചയായും എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. പറയൂ, ദർശനെ അലട്ടുന്നത് എന്തായാലും എന്നോട് തുറന്ന് പറയൂ."
ചൊറിച്ചിൽ നിർത്തി രണ്ട് കൈകളും മണപ്പിക്കുന്നു. മുഖത്ത് അറപ്പ് പ്രതിഫലിക്കുന്നു. പിന്നെയും ചൊറിച്ചിൽ തുടർന്നതല്ലാതെ അവൻ ഒന്നും പറയാൻ ഭാവമില്ലെന്ന് മനസിലായതുകൊണ്ടു ഞാൻ പിന്നെയും ചോദിച്ചു ,
"ആക്സഡൻറ്റ് നടന്നിട്ട് ഇപ്പോൾ എത്രനാളായി?"
"മൂന്ന് മാസം. രണ്ടാഴ്ച്ച . നാല് ദിവസം................" നിർത്തി കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്കൊന്ന് നോക്കിയിട്ട് തുടർന്നു "...................അഞ്ചു മണിക്കൂർ . പത്തു മിനറ്റ്. 20 സെകൻഡ്."
തീയതി ശരിയാണ് . എൻ്റെ മുന്നിലിരിക്കുന്ന മെഡിക്കൽ റകോർഡ്സ് അത് ശരിവെക്കുന്നു.
"ദർശൻ്റെ വീട്ടിൽ ആരൊക്കെയുണ്ട് ?"
"അപ്പച്ചൻ .....അമ്മച്ചി.....അനിയൻ"
"ദർശൻ ആഹാരം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അമ്മച്ചി പറഞ്ഞല്ലോ.....അതെന്താ അങ്ങനെ?"
അയാൾ കണ്ണടച്ച് ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട് നിരാശയോടെ തല കുലുക്കി. പ്രതീക്ഷിച്ചത് പോലെ മറുപടിയൊന്നും വന്നില്ല.
അവനെ സഹായിക്കാൻ ഞാൻ പ്രാപ്തയാണെന്ന് അവന് ബോധ്യപ്പെട്ടിട്ടുണ്ടാവണം. നേരത്തെ നടത്തിയ സഹായാഭ്യർത്ഥന അതിൻ്റെ സൂചനയാണ് , അല്ലെങ്കിൽ ആശയറ്റ മനസ്സ് പിടിവള്ളി തേടിയതാകാം.
അവൻ്റെ അടഞ്ഞ മനസ്സിലേക്കുള്ള താക്കോൽ...........
അവൻ്റെ രൂഢമൂലമായ വ്യാകുലതകളെയും അരക്ഷിതത്വത്തെയും പുറത്തു കൊണ്ടുവരണമെങ്കിൽ അവന് എൻ്റെ വിശ്വാസ്യത ബോധ്യപ്പെടണം. ഒരു മനോരോഗ വിദഗ്ദ്ധയുടെ മുഖപ്പ് എന്നിൽ അവൻ കാണാൻ പാടില്ല.
ഒരു സുഹൃത്തോ അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം അവനോട് അനുതാപമുള്ളയൊരു പരിചിതയോ ആയി അവൻ എന്നെ കണ്ട് തുടങ്ങുമ്പോൾ അവൻ്റെ മനസ്സിലെ മതിഭ്രമത്തിൻ്റെ കവാടം എനിക്കായി തുറക്കപ്പെടും.
അതിൻ്റെ ആദ്യം പടി , ഞാൻ തെറ്റുകൾ പറ്റാവുന്ന ഒരു സാധാരണ സ്ത്രീയാണെന്ന് അവന് തോന്നണം.
ഞാൻ മഗ്ഗിൽ നിന്നും കുറച്ചു കോഫി നുകർന്നിട്ട് , തിരിച്ചു വയ്ക്കുമ്പോൾ എൻ്റെ ടോപ്പിലും മേശമേലും സോദ്ദേശ്യമായി തുളുമ്പി.
"ഓ ...ഐ ആം സോറി. വൺ മിനിറ്റ് ദർശൻ , പ്ളീസ് എസ്ക്യൂസ് മീ. ഞാൻ ഇപ്പോൾ വരാം."
വാഷ് എരിയയുടെ സൈഡിൽ നിന്നും ഞാൻ അവനെ ശ്രദ്ധിച്ചു. അവൻ മെല്ലെ ടിഷ്യു എടുത്ത് മേശപ്പുറം തുടച്ചു. ആദ്യത്തെ കടമ്പ കടന്ന സന്തോഷം ഉള്ളിലൊതുക്കി ഞാൻ തിരിച്ചുവന്നിരുന്നു.
"പറയൂ ദർശൻ. എന്താണ് ആഹാരം കഴിക്കാൻ കൂട്ടാക്കാത്തത് ?"
"ആരും എന്നെ വിശ്വസിക്കുന്നില്ല ഡോക്ടർ. എൻ്റെ അമ്മച്ചി പോലും......."
"എന്ത് വിശ്വസിക്കുന്നില്ല?"
അവൻ മുന്നോട്ടാഞ്ഞു സ്വരം താഴ്ത്തി പറഞ്ഞു , "ഡോക്ടർ, ഞാൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൻ്റെ മസ്‌തിഷ്‌കം പ്രവർത്തനരഹിതമാണ്. എൻ്റെ ഹൃദയം ദ്രവിച്ചുപോയിരിക്കുന്നു."
"ഐ . സീ". അസ്തിത്വനിരസനം - ഡിനായൽ ഓഫ് എക്സിസ്റ്റൻസ്. ശ്രദ്ധയുടെയും ജിജ്ഞാസയുടെയും പ്രകടനം അവർ പ്രതീക്ഷിക്കും. ഞാൻ രണ്ടുമെടുത്ത് മുഖത്തണിഞ്ഞു.
"മരിച്ചവർ ആഹാരം കഴിക്കുമോ? അവർക്കു വിശപ്പുണ്ടാകുമോ?"
"ഇല്ല."
"പിന്നെ ഞാൻ എന്തിന് കഴിക്കണം? കഴിച്ചിട്ട് കാര്യമില്ല.......ഞാൻ മരിച്ചില്ലേ......" അവൻ്റെ കണ്ണുകൾ എൻ്റെ കണ്ണുകളിൽ എന്തോ തിരഞ്ഞു.
താദാത്മ്യം. സഹാനുഭൂതി. തന്മയീഭാവം. അതാണവർ തിരയുന്നത്. അതവർക്ക് കൊടുത്തേ മതിയാകൂ.
"ശരിയാണ്..............." , ഞാൻ കണ്ണട ഊരി മേശപ്പുറത്തു വെച്ചു. അവനെ ഗൗരവത്തോടുക്കുടി നോക്കി. ഡയറക്റ്റ് ഐ കോൺടാക്ട് , അത് അത്യന്താപേക്ഷികമാണ്.
തൻ്റെ യുക്തി സമർഥിച്ച രീതിയിൽ അവൻ മേശപ്പുറത്ത് മേലെ കൊട്ടി , എന്നിട്ട് കസേരയിൽ ചാഞ്ഞിരുന്നു , ഒരു വാദം ജയിച്ചവനെ പോലെ.
"വേരി ഇൻറ്റ്റസ്റ്റിങ്......പക്ഷേ ദർശനിതെങ്ങനെ മനസിലാക്കി?"
"മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരം അഴുകില്ലേ?
മാംസം ചീഞ്ഞ ഈ നാറ്റം .............
സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ...........
അവരോട് എന്നെയൊന്ന് കുഴിച്ചുമൂടാൻ പറയൂ............
.ആരും എന്നെ വിശ്വസിക്കുന്നില്ല ..........ആരും...."
ചിലസമയങ്ങളിൽ വാചികമായ പ്രതികരണതേക്കാൾ ജാഗരൂകമായ മൂകതയാവും ഗുണം ചെയുക.
അവൻ തുടർന്നു , "ഞാൻ മരിച്ചിട്ടില്ല പോലും.......ഡോക്ടർക്കറിയില്ലേ .....ഹൃദയവും മസ്‌തിഷ്‌കവുമില്ലാതെ ഒരു മനുഷ്യന് എങ്ങനെ ജീവിച്ചിരിക്കാൻ പറ്റും ? വിഡ്ഢികൾ........പ്ളീസ്........എന്നെ കുഴിച്ചിടണം.......കുഴിച്ചു മൂടണം....... അപ്പോൾ അവറാച്ചൻ പറഞ്ഞത് പോലെ എല്ലാം ശരിയാകും." ചൊറിച്ചിലിൻ്റെ വേഗത കൂടി.
"ആരാ അവറാച്ചൻ?'
മൗനം. മൗനവും അനുവദനീയമാന്ന് . മൗനത്തിന് പല വ്യാഖ്യാനങ്ങൾ ഉണ്ടാവാം - ശോകം, ക്ലേശം, രോഷം,ആത്മാവലോകനം. ഇതിൽ ഏതായിരിക്കും അവനിൽ ഇപ്പോൾ......?
"അവിടെ.... സെമിത്തേരിയിൽ .........എന്നോട് വലിയ കാര്യമാ. അവറാച്ചന് മാത്രമല്ല, മേരിചേട്ടത്തിക്കും, പൗലോസച്ചായനും, എബിനും , എറിനും ഒക്കെ എന്നെ ഇഷ്ട്ടമാ...........എബിനും എറിനും ഇരട്ടകളാ....."
"അതെയോ? എന്നിട്ട്?"
"അവർക്ക് എന്നെ മനസ്സിലാവും .......
അവിടെ ഇരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം ........
.ഈ ചീഞ്ഞ ഗന്ധം ഇല്ല ........ എന്നെ അവിടെ അടക്കിയാൽ മതി ....പ്ളീസ്........അവരോടൊന്ന് പറയൂ......"
"എനിക്ക് മനസ്സിലാവുന്നുണ്ട് നിങ്ങളെ ദർശൻ." ഞാൻ എന്തോ കാര്യമായി ആലോചിക്കുന്നതുപോലെ താടിക്ക് കൈയും കൊടുത്തിരുന്നു .
"പക്ഷേ ഇതൊന്നും പറഞ്ഞാൽ ദർശൻ്റെ വീട്ടുകാർക്ക് മനസ്സിലാവില്ലല്ലോ. വി ഹാവ് ട്ടു പ്ലാൻ ദിസ് പ്രോപ്പർലി. "
"വാട്ട് ക്യാൻ വി ഡു, ഡോക്ടർ ?", അവൻ്റെ കണ്ണുകളിൽ ആകാംഷ.
ഞാനും മുന്നോട്ടാഞ്ഞു ഏതോ ഗൂഢാലോചന നടത്തുന്നത് പോലെ സ്വരം താഴ്ത്തി , "ദർശന് കുറച്ചു നാൾ ഇവിടെ വന്ന് നിൽക്കാമോ, എൻ്റെ കൂടെ?
ദർശനെ ഞാൻ ചികിത്സിക്കുകയാന്നെന്ന് അവർ വെറുതേ വിചാരിച്ചോട്ടെ. അപ്പോൾ നിങ്ങളെ ആരും ശല്യം ചെയ്യില്ല.
നമ്മുക്ക് ശവസംസ്ക്കാരം ഇരുചെവിയറിയാതെ പ്ലാൻ ചെയ്യാനും പറ്റും. എന്ത് പറയുന്നു? "
"അതുവരെ ഈ നാറ്റം.........അത് ഞാൻ എങ്ങനെ സഹിക്കും.......?" കൈകൾ മണപ്പിക്കുന്നു. ചൊറിച്ചിൽ തുടരുന്നു.
"ആ കാര്യം ഞാൻ ഏറ്റു. ദർശന് എന്നെ വിശ്വാസമില്ലേ?"
ചൊറിച്ചിൽ സാവകാശത്തിലായി.
ഞാൻ ബെല്ലടിച്ചു നഴ്സിനെ വരുത്തി , "പുതിയ അഡ്മിഷൻ ആണ് . പുറത്തു നിൽക്കുന്ന ആളെ അകത്തേക്ക് വരാൻ പറയു".
ഞാൻ അവനെ നോക്കി കണ്ണിറുക്കി. അവൻ തിരിച്ചും. തങ്ങൾക്കു മാത്രം അറിയാവുന്ന ഏതോ ഗർവ്വിതമായ രഹസ്യം കാക്കുന്ന രണ്ട് കൊച്ചു കുട്ടികളേ പോലെ ഞങ്ങൾ പരസ്പരം നോക്കി ഗാഢമായി പുഞ്ചിരിച്ചു.
രോഗനിർണ്ണയകോളത്തിൽ ഞാൻ എഴുതി :
കൊറ്റാർഡ്സ് സിൻഡ്രോമ് [Cotard’s Syndrome] . സ്റ്റേജ് 2 (ബ്ളൂമിംഗ്).
കൊറ്റാർഡ്സ് സിൻഡ്രോമ് [Cotard’s Syndrome] . സ്റ്റേജ് 2 (ബ്ളൂമിംഗ്).

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക