രാവിലെ സ്റ്റാൻഡിൽ ഓട്ടോ പാർക്ക് ചെയ്യുമ്പോ തന്നെ ജീവൻ അയാളെ ശ്രദ്ധിച്ചിരുന്നു. ഒറ്റയ്ക്ക് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന ആ വൃദ്ധനെ.മുൻപ് എങ്ങും ഇന്നാട്ടിൽ കണ്ടിട്ടില്ല അയാളെ. വൃത്തിയായി വെട്ടിയൊതുക്കിയ മുടിയും താടിയും. കണ്ടാൽ തന്നെ കണിശക്കാരൻ ആയ ഒരു കാർന്നോരുടെ മുഖഭാവം, എഴുപത്തിന് മുകളിൽ പ്രായം ഉണ്ടാവും. ചുളിവ് വീഴാത്ത ഷർട്ടും മുണ്ടും. ഫസ്റ്റ് ബസ് വന്നിട്ടും അയാൾ അതിൽ കയറിയില്ല. ബസ് സ്റ്റോപ്പിൽ തന്നെ എന്തോ ഗാഢമായി ചിന്തിച്ചു ഇരുപ്പാണ്.ബസ് പോയതും ആ വൃദ്ധൻ ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റു പുറത്തു വന്നു പടിഞ്ഞാറോട്ട് നോക്കി കുറച്ചു നേരം നിന്നും എന്നിട്ട് നിരാശയോടെ വീണ്ടും പഴയ സ്ഥലത്തു തന്നെ പോയി ഇരുന്നു. ജീവൻ അയാളെ തന്നെ ശ്രദ്ധിച്ചു ഇരുപ്പാണ്. ഇടയ്ക്കു ഒരു ഓട്ടം കിട്ടിയപ്പോഴും ജീവൻ ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന അയാളെ ഒന്ന് തിരിഞ്ഞു നോക്കി ആണ് വണ്ടി എടുത്തത്.
സമയം ഏതാണ്ട് 4 മണി ആയി. ഇന്നേരത്തിനുള്ളിൽ അഞ്ചാറു നല്ല ഓട്ടം കിട്ടി ജീവന്. വണ്ടി സ്റ്റാൻഡിൽ ഒതുക്കി പാർക്ക് ചെയ്തു മമ്മദ്ക്കാന്റെ ഹോട്ടലിൽ പോയി ഒരു ചായേം കുടിച്ചു് ഒരു സിഗരറ്റിനു തീകൊളുത്തി എന്തൊക്കെയോ ചിന്തിച്ചു ഇരിക്കുന്നതിനിടയിൽ അവന്റെ കണ്ണുകൾ ബസ് സ്റ്റോപ്പ് നു ഉള്ളിലേക്ക് അറിയാതെ എന്തിനോക്കി. നോട്ടം പിഴച്ചില്ല ആ വൃദ്ധൻ അവിടെ തന്നെ ഇരുപ്പുണ്ട്.
ആരാണ് അയാൾ? എന്താണ് അയാൾ രാവിലെ മുതൽ ഇവിടെ ചെയ്യുന്നത്? എന്താണ് അയാൾ ഇടക്ക് വന്നു നോക്കി നിരാശയോടെ തിരിച്ചു പോവുന്നത്? അയാളുടെ കണ്ണുകളിൽ തളം കെട്ടി കിടക്കുന്ന ദയനീയതയുടെയോ നിരാശയുടെയോ കാരണം എന്താണ്? ഇനി ചിലപ്പോ പോക്കറ്റടിക്കപ്പെട്ടോ പണം നഷ്ടപ്പെട്ടോ ഇവിടെ വന്നു കുടുങ്ങിയതോ ആണോ? അയാളെ കുറിച്ചുള്ള ചോദ്യങ്ങൾ ജീവന്റെ മനസ്സിൽ ഒഴുകി നീങ്ങി. ഒരു സിഗരെറ്റ്‌നു കൂടെ തിരി കൊളുത്തി ജീവൻ അയാളെ തന്നെ ശ്രദ്ധിച്ചു ഇരുന്നു. അയാൾ അപ്പോളും ആരെയും ശ്രദ്ധിക്കാതെ എന്തൊക്കെയോ അവ്യക്തം ആയി പിറുപിറുക്കുന്നുണ്ടായിരുന്നു.
" ജീവേട്ടാ ഒന്ന് ടൗണിൽ പോവണം. കുറച്ചു ടൈം വെയിറ്റ് ചെയ്യേണ്ടി വരും." - മമ്മദ്ക്ക ന്റെ മകൻ ആണ്. ടൗണിൽ പോയി ഹോട്ടലേക്കു ഉള്ള സാധനങ്ങൾ വാങ്ങാൻ ആണ്. കയറിക്കോടാ നമുക്ക് പോയി വാരാംന്നു പറഞ്ഞു ജീവൻ വണ്ടി എടുത്തു. വണ്ടി നീങ്ങുന്നതിനിടയിൽ ജീവൻ ആ വൃദ്ധനെ ഒന്ന് തിരിഞ്ഞു നോക്കി. അയാൾ അപ്പോഴും പടിഞ്ഞാറോട്ടു നോക്കി നിരാശയോടെ നിൽക്കുന്നുണ്ടായിരുന്നു.
ഹോട്ടലിലേക്ക് ഉള്ള സാധനങ്ങൾ ഒക്കെ വേടിച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഇരുട്ടായിരുന്നു. വിശന്നു കുടല് കരയാൻ തുടങ്ങി ജീവന്. സാധനങ്ങൾ ഹോട്ടലിൽ എത്തിച്ചു എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. വീട്ടിലേക്കു പോവാൻ ഓട്ടോ എടുത്തപ്പോ അരണ്ട വെളിച്ചത്തിൽ ആ ബസ്റ്റോപ്പിൽ ഇരിക്കുന്ന വൃദ്ധനെ ജീവൻ വീണ്ടും കണ്ടു. ഇയാൾ ഇതുവരെ പോയില്ലേ ? എന്തായാലും ഒന്ന് അന്വേഷിക്കാം ഇനി പോവാൻ കാശു ഇല്ലാതെ ഇരിക്കുവാണെങ്കിലോ പാവം.ജീവൻ വണ്ടി ഓഫ് ചെയ്തു അയാളുടെ അടുത്തേക്ക് നീങ്ങി.
" ചേട്ടാ സമയം ഒരുപാടായല്ലോ എന്താ ഇവിടെ ഇരിക്കുന്നത്? ആരെങ്കിലും കാത്തു ഇരിക്കണോ?"
വൃദ്ധൻ: " അല്ല"
" പിന്നെ എന്താ ഇവിടെ ഞാൻ രാവിലെ മുതൽ കാണുന്നതാ . എങ്ങോട്ടാ പോവേണ്ടത്? വേണേൽ ഞാൻ കൊണ്ടുവിടാം "
വൃദ്ധൻ: വീട്ടിലേക്ക് പോവണം.
അതിനെന്താ ഞാൻ കൊണ്ട് വിടാം. എവിടാ സ്ഥലം? - ഒരു ചെറുപുഞ്ചിരിയോടെ ജീവൻ ചോദിച്ചു.
വൃദ്ധൻ: "അറിയില്ല" ഓർമ്മ കിട്ടുന്നില്ല. - അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വീണ്ടും എഴുനേറ്റു അയാൾ പടിഞ്ഞാറോട്ടു നോക്കി നിരാശയോടെ തിരിച്ചു വന്നു ഇരുന്നു.
ഇനി എന്ത് ചെയ്യും ന്നു അറിയാതെ ജീവൻ അയാളെ ദയനീയം ആയി നോക്കി നിന്നു.
"ചേട്ടാ വിഷമിക്കണ്ട നമുക്ക് വഴിയുണ്ടാക്കാം" ചേട്ടൻ എന്തേലും ഭക്ഷണം കഴിച്ചോ?
വൃദ്ധൻ: " അറിയില്ല, എനിക്ക് ഓർമ്മ കിട്ടുന്നില്ല, എനിക്ക് ഒന്നും ഓർമ്മ കിട്ടുന്നില്ല."
ജീവന്റെ നെഞ്ചിൽ ഒരു കല്ല് തടഞ്ഞു നിക്കുന്നത് പോലെ തോന്നി. ഭക്ഷണം കഴിച്ചോ ന്നു പോലും ഓർത്തെടുക്കാൻ പറ്റാതെ ഇയാൾ എങ്ങനെ വീട്ടുകാരുടെ അടുത്തെത്തും?
ഒരുപാട് നിർബന്ധിച്ചു അയാളെ മമ്മദ്കാന്റെ കടയിൽ കൊണ്ടുപോയി ഊണ് വേടിച്ചു കൊടുത്തു. കുറെ നേരം ചിന്തിച്ചിരുന് അയാൾ ഭക്ഷണം മുഴുവൻ കഴിച്ചു. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
"എടാ നീ ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിക്ക് അല്ലാതെ ഈ രാത്രി ഇവിടെ ഇരുത്തിയിട്ട് നമ്മൾ എന്ത് ചെയ്യാനാ അവരാവുമ്പോൾ എങ്ങനേലും അങ്ങോരുടെ അഡ്രസ്സ് കണ്ടു പിടിച്ചോളും. നീ വണ്ടി എടുക്ക് ഞാനും വരാം കൂടെ."
അതെ മമ്മദ്കാ പറഞ്ഞതാ ശെരി . അല്ലാതെ വേറെ എന്ത് ചെയ്യാനാ.
ജീവനും മമ്മദ്കായും കൂടെ ആ വയോധികനേം കൂട്ടി പോലീസ്‌സ്റ്റേഷനിൽ പോയി. അയാൾ അപ്പോഴും പുറത്തേക്കു നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.അയാളെ പോലീസ്‌കാരുടെ കയ്യിൽ ഏല്പിച്ച് തിരിച്ചു പോരുമ്പോൾ ജീവൻ തന്റെ ഓർമ്മകളിലേക്ക് മനസാൽ തിരിഞ്ഞു നോക്കി. തന്റെ കുട്ടിക്കാലവും, സ്കൂൾ ജീവിതവും കൂട്ടുകാരും വീട്ടുകാരും ചെറിയ തമാശകളും എല്ലാം ജീവന്റെ ഉൾകണ്ണിലൂടെ മിന്നിമാഞ്ഞുകൊണ്ടിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ഇന്നലെകൾ നമ്മുടെ നല്ല ഓർമ്മകൾ കൂടെ ആണ്. ഏതു സമയത്തും ഓർത്തെടുത്താൽ ചുണ്ടിൽ ചെറുചിരി പടർത്തുന്ന ഓർമ്മകൾ. അതിന്റെ വില ഇന്ന് മറ്റാരേക്കാളും ജീവന് നന്നായി അറിയാം. നെഞ്ചിൽ വിങ്ങലും നിറകണ്ണുകളും ആയി ജീവന്റെ ഓട്ടോ രാത്രിയുടെ ഇരുട്ടിലേക്ക് ഓടി കയറി, ഈ ദിവസം ഒരിക്കലും മറക്കില്ല എന്ന വിശ്വാസത്തോടെ......
- Dishnu Pradeep

കഥയാണോ സംഭവമാണോ,യെന്ന് വ്യക്തമല്ലെങ്കിലും
ReplyDeleteകഥാപാത്രത്തെ അർത്ഥപൂരിതമാക്കിയ ‘ജീവൻ’ കാണാൻ കഴിഞ്ഞു!
അഭിനന്ദനങ്ങൾ!!