Slider

ഫ്.....ഫൂ....(കഥ)

0

പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ നൈറ്റ്‌ ഡ്യൂട്ടികൾ ഉണ്ടായിരുന്നതിനാൽ അച്ഛൻ ജോലിക്ക് പോകുമ്പോൾ രാത്രികളിൽ എട്ടു വയസ്സായ ഞാനും അഞ്ചു വയസ്സായ അനിയനും അമ്മയും ഒറ്റയ്ക്കായിരുന്നു വീട്ടിൽ. ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നത് കൊണ്ട് തൊട്ടടുത്ത് തന്നെ അച്ഛന്റെ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ താമസിച്ചിരുന്നു. അതുകൊണ്ട് നല്ല പേടി ഉണ്ടായിട്ടു കൂടി, അമ്മ ഞങ്ങളുടെ ധൈര്യത്തിൽ ഒറ്റയ്ക്ക്‌ നിന്നേക്കാം എന്ന തീരുമാനമെടുത്തു.
അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ
കള്ളന്മാരുടെ ശല്യം വളരെ കൂടുതൽ ആയിരുന്നു. വാതിലുകളും ജനലുകളും കുത്തിത്തുറക്കുക, ഓടു പൊളിക്കുക, കണ്ണിൽ മുളകുപൊടി എറിയുക, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി മോഷ്ടിക്കുക തുടങ്ങി ഡീസൽ നനച്ച ചണച്ചാക്ക് വെച്ച് വാതിൽ കത്തിച്ച് വീട്ടിൽ കയറുക, വളകൾ മോഷ്ടിക്കാൻ കൈ അറുക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങൾ വരെ നീളുന്ന കഥകൾ ധാരാളം കേട്ടിരുന്നു.
പല രാത്രികളിലും വീടിന്റെ വാതിൽ കുത്തിത്തുറന്നോ വാതിൽ കത്തിച്ചോ ഓടിളക്കിയോ ഒക്കെ വരുന്ന കള്ളന്മാരെ വീരോചിതമായ നേരിട്ട് അക്കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്ന പലക വണ്ടി വലിക്കാൻ കെട്ടിയിരുന്ന കയർ കൊണ്ട് വരിഞ്ഞു കെട്ടി പൊലീസിന് കൈമാറുന്നതായി പല രാത്രികളിലും സ്വപ്നം കണ്ടിരുന്ന എനിക്ക് കള്ളന്മാരൊക്കെ വെറും പുല്ലാണെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടും അമ്മയുടെ ഭയം കുറഞ്ഞില്ല.
എന്നും രാത്രിയിൽ പ്രധാന വാതിലിന്റെയും പുറകിലെ വാതിലിന്റെയും ഈരണ്ടു ടവർ ബോൾട്ടുകളും നീക്കുതണ്ടുകളും മക്കിടികളും ഇടുന്നത് പോരാതെ ഇടതു വശത്ത് നിന്നും വലതു വശത്തേക്ക് ഫുൾ കവർ ചെയ്യുന്ന ഒരു വലിയ ഇരുമ്പു പട്ടയും അതിന്റെ വലത്തെ അറ്റത്ത് ഒരു താഴിട്ട് പൂട്ടാനുള്ള സംവിധാനവും സെറ്റാക്കി വീടിനകത്തുള്ള സകലമാന വാതിലും പൂട്ടി കിടക്കുന്ന മുറിയിലെ വാതിലും പൂട്ടിയായിരുന്നു അന്നത്തെ ഞങ്ങളുടെ ഉറക്കം.
ബെഡ്റൂമിന് രണ്ടു ജനലുകളാണുള്ളത്. മൂന്ന് പാളി വീതമുള്ള മരത്തിന്റെ അഴികളുള്ള ജനലുകൾ. എല്ലാ പാളികളുടെയും മുകളിൽ ഒരു എക്സ്ട്രാ കിളിവാതിലും ഉണ്ടായിരുന്നു. മുറിയിൽ എല്ലാവർക്കും കൂടി കിടക്കാൻ കട്ടിലിൽ സ്ഥലം തികയാത്ത കാരണം പ്രധാന കട്ടിൽ കൂടാതെ ഒരു ബെഞ്ചിനെക്കാൾ അല്പം കൂടി വീതിയുള്ള ഒരു കുഞ്ഞിക്കട്ടിൽ കൂടി ഇട്ടിരുന്നു. ഒറ്റയ്ക്ക് കിടക്കാൻ സ്വമേധയാ ശക്തി ആർജ്ജിച്ചിരുന്ന ഞാൻ ആ കട്ടിലിൽ എന്റെ ലോകവുമായി മല്ലിട്ട് ഒറ്റയ്ക്ക് കിടന്നു പോന്നു. എന്റെ രഥവും, പറക്കും പരവതാനിയും, സൂപ്പർ കാറും, ജീനിയും, ഭൂതവും, മായാവിയും, ലുട്ടാപ്പിയും എല്ലാം ഈ കട്ടിൽ ആയിരുന്നു.
പതിവായി എന്റെ സപ്രമഞ്ചത്തിൽ വിരിച്ചിരുന്നത് ഒരു വലിയ ബെഡ് ഷീറ്റിനെ രണ്ടാക്കി മുറിച്ച് വക്കടിച്ച് സെറ്റ് ആക്കിയ ഒരു കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റ് ആയിരുന്നു. ഒരു പകുതി അലക്കുമ്പോൾ മറ്റേത് എന്ന മട്ടിൽ ബെഡ് എന്നും ഒരേ നിറത്തിൽ കിടന്നു. പുതയ്ക്കാനായി ഒരു പ്രത്യേക തരം ഫർ ക്ലോത്ത്‌ ഉണ്ടായിരുന്നു. പതിയെ കടിച്ചാൽ ഒരുതരം റബർ എഫക്ട് ഉണ്ടായിരുന്നത് കൊണ്ട് ഉറങ്ങും മുൻപ് കടിച്ചു കടിച്ച് ഞാൻ കാലക്രമേണ പുതപ്പിനെ അരിപ്പ പോലെയാക്കി..
വീട്ടിൽ ലഭ്യമായിരുന്ന പഞ്ഞിത്തലയിണകൾ എല്ലാം തന്നെ കട്ടിലിന്റെ വീതിയേക്കാൾ വലുതായിരുന്നു. പല ദിവസവും സ്വപ്നത്തിലെ യുദ്ധങ്ങളിൽ, തലയിണയുടെ വീതി കൂടുതൽ കാരണം ഗോദയുടെ ഡയമെൻഷൻ തെറ്റി ഞാൻ ക്രാഷ്ലാന്റ്‌ ചെയ്ത്‌ പരാജയപ്പെട്ടു. ഇതൊരു പതിവായപ്പോൾ, ഒരു ദിവസം അമ്മയുടെ ബന്ധുക്കൾ ആരോ വടക്കേ ഇന്ത്യയിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്ത്‌ വീട്ടിൽ വന്ന് വിരുന്നു നിന്ന ശേഷം തിരിച്ചു പോയപ്പോൾ ഉപേക്ഷിച്ച് പോയ, കാറ്റ്‌ നിറയ്ക്കുന്ന ഒരു തലയിണ (inflatable pillow) ഞാൻ വാശി പിടിച്ച് കൈക്കലാക്കി ഊതി‌ നിറച്ച് കട്ടിലിൽ വെച്ച് ആ പ്രശ്നം പരിഹരിച്ചു...
അങ്ങനെ ഒരു ദിവസം..
എല്ലാ വാതിലും ബന്തവസ്സാക്കി താക്കോൽ തലയിണക്കീഴിൽ വെച്ച് അനിയനെയും കൂടെ കിടത്തി പുതച്ച് മൂടി അമ്മയും അരിപ്പപ്പുതപ്പ് പുതച്ച് ഞാനും ഉറങ്ങാൻ കിടന്നു. കിടന്ന ഉടനെ ഉറങ്ങാൻ പാടില്ല. അന്നന്ന് സ്‌കൂളിലും മല്ലിക ചേച്ചിയുടെ അടുത്ത് നിന്നും പഠിച്ച അക്ഷരമാലയും ഗുണന പട്ടികയും നാളുകളും മാസങ്ങളും എല്ലാം പറഞ്ഞു കേൾപ്പിക്കണം. കഴിയുമ്പോഴേക്കും പൊതുവെ കംപ്ലീറ്റ് റിലേയും പോയി ഞാൻ ഉറങ്ങിപ്പോകാറാണ് പതിവ്. അന്നും അങ്ങനെ തന്നെ എല്ലാം പറഞ്ഞു കേൾപ്പിച്ചു കൊണ്ടിരിക്കെ ശബ്ദം നേർത്ത് നേർത്ത് അവസാനിക്കുന്നത് ശ്രദ്ധിച്ച അമ്മ സമാധാനത്തോടെ ഉറങ്ങി.
അൽപ സമയം കഴിഞ്ഞു കാണും. ആരോ ഗ്യാസ് കട്ടർ കൊണ്ട് എന്തോ കട്ട്‌ ചെയ്യുന്ന പോലെ ഒരു ശബ്ദം കേട്ട് തുടങ്ങി.
ഫ്‌ ഫൂ.....
അമ്മ ആകെ ഭയന്ന് കട്ടിലിൽ എഴുന്നെറ്റ്‌ ഇരുന്നു. ചെവി വട്ടം പിടിച്ചു. ഒച്ച നിന്നിരിക്കുന്നു. അൽപ സമയം ശ്രദ്ധിച്ച ശേഷം അമ്മ വീണ്ടും കിടന്നു. ഒന്ന് കണ്ണടച്ചു വന്നപ്പോഴേക്കും വീണ്ടും ശബ്ദം കേട്ടു തുടങ്ങി...
ഫ്‌ ഫൂ.....
ഇത്തവണ അമ്മ വെട്ടി വിയർത്തു. ആരോ വീടിന്റെ മുൻവാതിൽ കട്ടർ കൊണ്ട് മുറിച്ച് മാറ്റാൻ നോക്കുന്ന പോലെ... വാതിൽ മുറിച്ച് കഴിഞ്ഞാൽ അകത്ത് ലോക്ക് ചെയ്തിട്ടുള്ള ഇരുമ്പ് പട്ടയുണ്ട്. കട്ടർ കൊണ്ട് അതും കട്ട്‌ ചെയ്യും. താമസിക്കാതെ അയാൾ വീടിനകത്തെത്തും.... ആകെ ഭയന്ന അമ്മ ജനലിന്റെ പടിയിൽ കയറി മുകളിലെ കിളിവാതിലിൽ കൂടി മുൻ വാതിൽ കാണാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കി. ആരെയും കാണുന്നില്ല. ഉറക്കെ വിളിച്ചാൽ അപ്പുറത്തെ വീട്ടിൽ നിന്നും വലിയച്ഛനൊ അമ്മായിയുടെ മക്കളായ മുതിർന്ന ചേട്ടന്മാരോ വരും. പക്ഷെ കള്ളന്മാരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടെങ്കിലോ? അമ്മയുടെ ചിന്തകൾ അങ്ങനെ പോയി..
ഇതിനിടെ അമ്മ കിളിവാതിലിൽ കൂടി നോക്കിയ അതെ സമയത്ത് ആ ശബ്ദം നിന്നു..
കുറച്ച് സമയം അമ്മ ചെവി വട്ടം പിടിച്ചു. പിന്നെ, ഒട്ടും ഒച്ച കേൾക്കുന്നില്ല എന്നുറപ്പു വരുത്തി വീണ്ടും കിടന്നു.
പുതപ്പിനകത്ത് കയറി അനിയന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്ന് കണ്ണൊന്ന് പൂട്ടിയപ്പോഴേക്കും വീണ്ടും ശബ്ദം ആരംഭിച്ചു...
ഇത്തവണ ചാടിയെഴുന്നേറ്റ അമ്മ ആകെ നിസ്സഹായയായിരുന്നു... ഒരു ധൈര്യത്തിനായി എന്നെ വിളിക്കാൻ അമ്മ തീർച്ചപ്പെടുത്തി. കൈ എത്തിച്ച് എന്റെ അടുത്തേക്ക് അമ്മ എത്തിയതും ചെറുതായ ഒരു വേരിയേഷനോടു കൂടി ശബ്ദം വീണ്ടും നിന്നു.
ക് ട്‌ ഫ്‌ ഫൂ....ക്‌
പിൽക്കാലത്ത് യൂട്യൂബിൽ ക്രാഫ്റ്റ്‌ വീഡിയോകൾ കാണിക്കുന്ന ടൈം ലാപ്സ് സ്പീഡിലായിരുന്നു പിന്നീടുള്ള കാര്യങ്ങൾ..
ഒരൊറ്റ ചവിട്ടിൽ കട്ടിലിൽ നിന്ന് തെറിച്ചു വീണ എന്റെ രണ്ടു ചെവിയും ഒരുമിച്ച് പൊന്നാക്കിയതു കൂടാതെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് കൈയിൽ അന്നേരം കിട്ടിയ ചാരുകസേരയുടെ വടി കൊണ്ട് ഇരുചന്തികളും അമ്മ അടിച്ചു പഴുപ്പിച്ചു. അന്നേരം എവിടെ നിന്നാണെന്നറിയാതെ ആ ശബ്ദം വീണ്ടും ആരംഭിച്ചു.
കരയണോ ചമ്മണോ എന്നറിയാതെ മിഴുങ്ങസ്യാ എന്ന മട്ടിൽ ഞാൻ നിൽക്കുന്നതിനിടെ ആ ശബ്ദം പതിയെ നേർത്ത് നേർത്ത് അവസാനിച്ചു..
ഫ് ഫൂ.........സ്...........
അത് കൂടി കേട്ടതോടെ അമ്മ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് താഴെ വീണു കിടന്ന കാറ്റൊഴിഞ്ഞ തലയിണ ചുരുട്ടിക്കൂട്ടി ജനലിന്റെ കിളിവാതിലിലൂടെ പുറത്തേക്കെറിഞ്ഞു...
പിന്നെ എന്റെ നേരെ കൈ നീട്ടി.
തലയിണയിലെ കാറ്റ് പുറത്ത് പോകാതെ അടച്ചു വെക്കുന്ന സ്റ്റോപ്പർ, ഞാൻ അമ്മയ്ക്ക് കൊടുത്തു.
അതുകൂടി പുറത്തേക്കെറിഞ്ഞ്‌ അമ്മ വീണ്ടും ഉറങ്ങാൻ കിടന്നു..
-----------------------------
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo