Slider

നിഴലായ്‌ മാത്രം. - Part 31

0

അധ്യായം-31
പോലീസ് ജീപ്പ് മുറ്റത്തേക്ക് വന്നു നിന്നത് കണ്ട് തെല്ല് ആശ്ചര്യത്തോടെ വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി നോക്കി.
ദേവദത്തനും വേദവ്യാസും എഴുന്നേറ്റു.
ക്ഷണിക്കാത്ത അതിഥികളെ പോലെ സി.ഐ. പ്രകാശ് ലാലും രണ്ട് പോലീസുകാരും അവരുടെ അടുത്തേക്ക് വന്നു.
' ഇവിടത്തേക്ക് തന്ന്യാണോ വരവ്'
ഇരുന്ന ഇരുപ്പില്‍ നിന്നെഴുല്‍ന്നേല്‍ക്കാതെ വലിയേടത്ത് തിരക്കി.
' അതെ..' സി.ഐ പ്രകാശ് ലാല്‍ അല്‍പ്പം മുഷിഞ്ഞാണ് സംസാരിച്ചത്.
എന്നാല്‍ തെക്കേത്ത് വച്ചു കണ്ട ദുര്‍ഗ ഭാഗീരഥി എന്ന പെണ്‍കുട്ടിയുടെ ജീവിത ചുറ്റുപാട് അയാളെ അമ്പരപ്പിച്ചു.
സ്വത്തിനു വേണ്ടി അവള്‍ അഭിഷേകിനെ വകവരുത്താനിടയുണ്ടെന്നായിരുന്നു അയാളുടെ സംശയം.
എന്നാല്‍ അന്വേഷണത്തില്‍ കോടികള്‍ വിലമതിക്കുന്ന അമൂല്യ സ്വര്‍ണശേഖരവും ഭൂസ്വത്തും ഉള്‍പ്പെടെ അതിസമ്പന്നമായ ഒരു പശ്ചാത്തലത്തിലാണ് അവള്‍ ജീവിക്കുന്നത് എന്നറിഞ്ഞു.
പക്ഷേ അതിത്രയും പ്രൗഢ ഗംഭീരമായ ഒരു അന്തരീക്ഷത്തിലായിരിക്കുമെന്ന് അവര്‍ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല.
' ഇങ്ങടേക്കാണെങ്കില്‍ കയറി വന്ന് ഇരിക്കാം.'
പത്മനാഭന്‍ ഭട്ടതിരി ക്ഷണിച്ചു.
അയാള്‍ക്ക് അഭിമുഖമായി പോലീസുകാര്‍ വന്നിരുന്നു.
ദേവദത്തന്‍ അമ്പരപ്പോടെ വേദവ്യാസിനെ നോക്കി.
താനിതു പ്രതീക്ഷിച്ചിരുന്നു എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്.
' ഇനി പറയൂ.. ഇവിടുത്തേക്ക് പോലീസുകാരൊന്നും അങ്ങനെ കടന്നു വന്നിട്ടില്യാ ഇതുവരെ.. അതോണ്ട് എന്തിനാ വന്നതെന്ന് മനസിലായില്യാ'
വലിയേടത്ത് മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.
' അഭിഷേക് വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഞങ്ങള്‍'
സി.ഐ പരിചയപ്പെടുത്തി.
' ഏത്.. തെക്കേത്തെ രവിമേനോന്റെ മകളെ കൊന്ന ആ സാമദ്രോഹിയുടെ .. അല്ലേ'
വലിയേടത്തിന്റെ രോഷം പുറത്തുവന്നു.
' അതെ..' സി.ഐ പ്രകാശ് അല്‍പ്പം പുച്ഛത്തോടെയാണ് മറുപടി പറഞ്ഞത്.
' ആഹാ.. എന്തിനിാണിപ്പോള്‍ ഇവിടേക്കൊരാഗമനം.. രവിമേനോനെ കുറിച്ച് അന്വേഷിക്കാനാണോ..മരിച്ചെന്നും പലരെയും കൊന്നെന്നും പറയുന്ന ആ ചെറുപ്പക്കാരനെ കുറിച്ച് ഇവിടാര്‍ക്കും കൂടുതല്‍ അറിയില്യാ'
സി.ഐ. അര്‍ഥഗര്‍ഭമായി സഹപ്രവര്‍ത്തകരെ നോക്കി.
' അത് വലിയേടത്തിന്റെ തെറ്റിദ്ധാരണയാണ്. അഭിഷേകിനെ കൂടുതല്‍ അറിയുന്ന ഒരാള്‍ ഇവിടെയുണ്ട്'
പരിഹാസച്ചിരിയോടെയാണ് സി.ഐ പറഞ്ഞത്.
' ഇവിടെയോ.. ആര്..' വലിയേടത്ത് സംശയത്തോടെ ദേവദത്തനെ നോക്കി.
' ഞാന്‍ തന്നെ പറയാം.. മിസ് ദുര്‍ഗാ ഭാഗീരഥി.. ഭട്ടതിരിയുടെ അനന്തിരവള്‍'
വലിയേടത്തിന്റെ മുഖത്തൊരു നടുക്കമുണ്ടായത് പോലീസുകാര്‍ കണ്ടു.
' തങ്കമോ.. അവള്‍ക്കെങ്ങനെ അവനെയറിയാം'
അയാളുടെ സ്വരമിടറി.
തെക്കേത്തെ താമസിത്തിനിടയില്‍ അവനുമായി അടുത്തിടപഴകേണ്ട സാഹചര്യമുണ്ടായിട്ടുണ്ടാവാം എന്ന് ആറാമിന്ദ്രിയം ഓര്‍മ്മപ്പെടുത്തി.
വലിയേടത്തിന്റെ മുഖത്തെ പ്രസന്നത മാഞ്ഞു.
' ദുര്‍ഗയോട് അഭിഷേകിനെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്. വിസമ്മതിച്ചാല്‍ എനിക്ക് അവളെ കസ്റ്റഡിയിലെടുക്കേണ്ടി വരും. കാരണം അഭിഷേക് മരിക്കുന്ന ദിവസം അവര്‍ ഒരുമിച്ച് കാറില്‍ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്.'
സി.ഐ പ്രകാശ് ലാലിന്റെ വാക്കുകള്‍ എല്ലാവരെയും നടുക്കി.
ജീപ്പിന്‍രെ ശബ്ദം കേട്ട് ചുറ്റുവരാന്തയിലേക്ക് വരികയായിരുന്ന രുദ്രയും പവിത്രയും പിടിച്ചു െേകട്ടിയത് പോലെ നിന്നു പോയി.
ദുര്‍ഗ പുറകിലുണ്ടോ എന്ന് വേവലാതിയോടെ രുദ്ര തിരിഞ്ഞു നോക്കി
ഇല്ല.
' നിങ്ങള്‍ കുട്ടിയെ വിളിക്കണം.. അന്വേഷണവുമായി സഹകരിക്കണം.'
പരുക്കനായിരുന്നു സിഐയുടെ വാക്കുകള്‍
എന്തോ എതിരു പറയാന്‍ വന്ന വലിയമ്മാമ്മയെ ദേവദത്തന്‍ തടഞ്ഞു.
' സര്‍ ഇരിക്ക്.. ഞാന്‍ ദുര്‍ഗയെ ഇവിടേക്ക് വിളിക്കാം'
അവന്‍ പറഞ്ഞു.
' ഇവിടെ.. ഞങ്ങളുടെ സാന്നിധ്യത്തിലേ അവളെ ചോദ്യം ചെയ്യാന്‍ കഴിയൂ'
വലിയേടത്തിന്റെ ശാഠ്യം സി.ഐ പ്രകാശ് ലാല്‍ എതിര്‍ത്തില്ല.
' ഞാന്‍ ചെന്ന് ദുര്‍ഗയെ വിളിക്കാം'
വേദവ്യാസിനെ ഒന്നു നോക്കിയിട്ട് ദേവദത്തന്‍ അകത്തേക്ക് കയറിപ്പോയി.
അയാള്‍ ഇടനാഴിയിലൂടെ ചെല്ലുമ്പോള്‍ നടുവകത്തെ ജനാലയിലൂടെ പുറത്തെ കാഴ്ചയിലേക്ക് കണ്ണുനട്ടു നില്‍ക്കുകയായിരുന്നു ദുര്‍ഗ.
' തങ്കം'
ഏട്ടന്റെ വിളികേട്ട് അവള്‍ ഞെട്ടി തിരിഞ്ഞു.
' പൂമുഖത്തേക്കൊന്നു വരൂ.. നിന്നെ തേടി പോലീസ് വന്നിട്ടുണ്ട്'
ദേവദത്തന്റെ വാക്കുകള്‍ ദുര്‍ഗയെ ഞെട്ടിച്ചു കളഞ്ഞു
അവളുടെ പരിഭ്രമം ദേവദത്തന്‍ മനസുകൊണ്ട് തൊട്ടറിഞ്ഞു.
ഉള്ളില്‍ കള്ളം സൂക്ഷിക്കുന്നവരേ ഇത്തരത്തില്‍ നടുങ്ങുകയുള്ളു.
' നീ വാ.. പോലീസ് പുറത്തുണ്ട്.'
ദുര്‍ഗയുടെ ശരീരം കിലുകിലെ വിറച്ചു.
കാല്‍ചുവട്ടില്‍ നിന്നും ഭൂമി തെന്നിമാറുന്നത് പോലെ.
ഒടുവില്‍ അഭിഷേകിനെ കൊന്ന കേസില്‍ തന്നെ പോലീസ് അറസ്റ്റു ചെയ്യുമോ.
അവള്‍ ധ്വനിയെ ഓര്‍ത്തു
ഇല്ല .. പതിനാറാം ദിവസത്തിലെ ചടങ്ങുകള്‍ തീരാതെ അവളുടെ ആത്മാവിന് തെക്കേത്തു നിന്നും എവിടേക്കും വരാനാവില്ല.
തളര്‍ന്ന കാലടികളോടെ ദുര്‍ഗ ദേവദത്തന് പിന്നില്‍ നടന്നു.
വാതിലരികത്തു നിന്ന് രുദ്ര ഭയത്തോടെ അവളുടെ കൈപിടിച്ചു.
ദയനീയമായി രുദ്ര അവളെ നോക്കി.
നിലവിട്ട് രുദ്ര ഇപ്പോള്‍ പൊട്ടിക്കരയുമെന്ന് പവിത്രയ്ക്ക് തോന്നി.
പവിത്ര അവളുടെ കൈവിടുവിച്ചു
' ചെല്ല് തങ്കം.. അവര്‍ക്കെന്തോ സംശയമുണ്ട്.. അത്രേയുള്ളു .. ചോദിക്കുന്നതിനൊക്കെ സത്യസന്ധമായി മറുപടി പറഞ്ഞാല്‍ മതി'
ദുര്‍ഗയുടെ കാലില്‍ നിന്നൊരു പെരുപ്പ് ഉടലാകെ പടര്‍ന്നു.
ആദ്യമായിട്ടാണ് ഒരു കേസില്‍ പ്രതിസ്ഥാനത്തു നിന്നു കൊണ്ട് പോലീസിനരികിലേക്ക് ചെല്ലുന്നത്.
' തങ്കം വരണുണ്ട്..'
പത്മനാഭന്‍ ഭട്ടതിരി ചോര്‍ന്നു പോകാത്ത ആത്മവിശ്വാസത്തോടെ അവളെ നോക്കി
' തങ്കം.. ഇവിടെ വരൂ.. സാറുമാര്‍ക്ക് കുട്ട്യോടെന്തോ ചോദിക്കാനുണ്ടത്രേ.'
ഒരു സ്വ്പ്ന ലോകത്തെന്നത് പോലെ ദുര്‍ഗ അവര്‍ക്കരികിലേക്ക് ചെന്നു.
ദുര്‍ഗ ചെന്ന് പോലീസുകാര്‍ക്ക് അഭിമുഖമായി തൂണില്‍ചാരി നിന്നു.
' ദുര്‍ഗ ഇരിക്കൂ'
കൃത്രിമമായ സൗമ്യതയോടെ സി.ഐ. പ്രകാശ് ലാല്‍ പറഞ്ഞു.
ദേവദത്തന്‍ എഴുന്നേറ്റു മാറിയ ഇരിപ്പിടത്തില്‍ ്അവള്‍ ഇരുന്നു.
' പോലീസുകാരെ പേടിയാണോ.. ആകെ വിയര്‍ത്തല്ലോ'
സിഐ അല്‍പ്പം ഊന്നിയാണ് ചോദിച്ചത്.
അല്ലെന്ന് ദുര്‍ഗ ശിരസനക്കി.
' കുടുംബത്തില്‍ പിറന്നതിന്റെ ഭയമാണ്. ഞങ്ങള്‍ക്കങ്ങനെ പോലീസും കോടതിയും കേറി ശീലല്യാന്ന് വെച്ചോളൂ..
പോരെങ്കില്‍ തങ്കം ഒരു കുട്ടിയും' പത്മനാഭന്‍ ഭട്ടതിരിയ്ക്ക് മുഷിഞ്ഞു.
സിഐ പ്രകാശ് ലാല്‍ അത് കാര്യമാക്കിയില്ല.
' ദുര്‍ഗ മരിച്ചുപോയ അഭിഷേക് വിനയിനെ അറിയും അല്ലേ'
സി.ഐ അവളെ നോക്കി.
ദുര്‍ഗ ശിരസനക്കി.
' അറിയുമെന്നോ .. അതോ ഇല്ലെന്നോ'
അയാള്‍ അല്‍്പ്പം ശബ്ദമുയര്‍ത്തി
' അറിയാം സര്‍'
ദുര്‍ഗ ഭയം കലര്‍ന്ന മിഴികളുയര്‍ത്തി അയാളെ നോക്കി.
' നിങ്ങല്‍ തമ്മില്‍ വലിയ ഫ്രണ്ട്‌സായിരുന്നു അല്ലേ'
' അല്ല'
' സംസാരിച്ചിട്ടേയില്ല'
' ഉണ്ട്'
ദേവദത്തവന്‍ അനിയത്തിയെ ഉറ്റുനോക്കി നിന്നു.
' ഫോണിലോ.. നേരിട്ടോ'
' രവിയങ്കിളിന്റെ വീട്ടില്‍ വരുമ്പോള്‍ ഇടയ്‌ക്കൊക്കെ സംസാരിച്ചിട്ടുണ്ട്'
' ഫോണില്‍ സംസാരിച്ചിട്ടില്ല അല്ലേ'
ആ ചോദ്യത്തിലെ കൊളുത്ത് ദുര്‍ഗ തിരിച്ചറിഞ്ഞു
' സംസാരിച്ചിട്ടുണ്ട്.. മൂന്നാല് പ്രാവശ്യം മാത്രം'
' എന്തിനായിരുന്നു അങ്ങനെയൊരു സൗഹൃദം'
' അഭിയേട്ടന്‍ നല്ലൊരാളാണെന്നാണ് എല്ലാവരും കരുതിയത്. അങ്ങനെ ചെറിയൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നു'
ദുര്‍ഗയുടെ മനസ് ജാഗരൂകമായി
വലിയേടത്തെ രക്തഗുണത്തില്‍ നിന്നുണ്ടായ ജാഗ്രത.
' ഇറ്റ്‌സ് ഓകെ. അപ്പോള്‍ എപ്പോഴാണ് അഭിയേട്ടന്‍ നല്ലൊരാള്‍ അല്ലെന്ന് മനസിലായത്'
ദുര്‍ഗ ഒന്നു കുഴങ്ങി.
വേപഥുവോടെ അവള്‍ സി.ഐ. പ്രകാശ് ലാലിനെ നോക്കി
' പേടിക്കണ്ട .. പറഞ്ഞോളൂ'
പോലീസുകാരില്‍ ഒരാള്‍ പ്രോത്സാഹിപ്പിച്ചു
എന്താണ് മറുപടി പറയേണ്ടതെന്ന ഭയം ദുര്‍ഗയെ ഉലച്ചു
തന്റെ ഒരു വാക്കിന് ഒരു അണുവിസ്‌ഫോടനത്തിന്റെ ശക്തിയുണ്ട്.
' തങ്കം.. സത്യമെന്താണെന്ന് വച്ചാല്‍ അതങ്ങ് പറഞ്ഞ് കൊടുക്ക്.. അവര്‍ക്ക് തിരക്കുണ്ടാകും'
വലിയേടത്ത് അതൃപ്തിയോടെ പറഞ്ഞു,
ദുര്‍ഗ ദേവദത്തനെ നോക്കി
അയാള്‍ അതു കാണാത്തത് പോലെ നിന്നു.
വേദവ്യാസിലേക്ക് നോട്ടമെത്തിയതും മിന്നലേറ്റത് പോലെ ദുര്‍ഗ കണ്ണുകള്‍ പിന്‍വലിച്ചു.
' അഭിഷേക് നല്ലവനാണെന്നാണോ ദുര്‍ഗ വിശ്വസിച്ചിരുന്നത്'
വീണ്ടും ചോദ്യം വന്നു
' അതെ.'
ദുര്‍ഗ മുഖം താഴ്ത്തി.
' പിന്നീടാ വിശ്വാസം എപ്പോഴെങ്കിലും തെറ്റിയിരുന്നോ'
വീണ്ടും അതേ ചോദ്യമെത്തി.
പോലീസ് ജാസ്മിനെയും കൂട്ടുകാരെയും ചോദ്യം ചെയ്തിട്ടുണ്ടാകുമെന്ന് ദുര്‍ഗയ്ക്ക് തോന്നി.
അവര്‍ പറഞ്ഞതെന്താണെന്ന് തനിക്കറിയില്ല.
അവരോട് പറഞ്ഞ കള്ളം അതേപടി ആവര്‍ത്തിക്കുന്നത് മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കും.
ദുര്‍ഗ പതിയെ മുഖമുയര്‍ത്തി.
' അഭിഷേക് ഒരു ക്രിമിനല്‍ മൈന്‍ഡുള്ള ആളായിരുന്നു.'
അവളുടെ സ്വരമിടറി.
' ഓ.കേ.. അതെങ്ങനെ ദുര്‍ഗയ്ക്ക് മനസിലായി.. ശരി.. എങ്ങനെയോ മനസിലായി എന്നു വെക്കുക. ദുര്‍ഗ എന്തിനാണ് അയാള്‍ക്കൊപ്പം കാറില്‍ കയറിപ്പോയത്. അതും അയാള്‍ മരിച്ച ദിവസം തന്നെ'
ദുര്‍ഗ ഞെട്ടി്‌പ്പോയി.
പരദേവകളാണ് തന്നെ കാത്തത്.
ഇത്രയും ്അറിഞ്ഞു വെച്ചിട്ടായിരുന്നു സി.ഐ തന്നോട് ഒന്നുമറിയാത്ത മട്ടില്‍ ചോദ്യമെറിഞ്ഞത്.
ദേവദത്തനും വേദവ്യാസും വലിയേടത്തും അല്‍പ്പം അകലെ നിന്നിരുന്ന രുദ്രയും പവിത്രയും വരെ ഞെട്ടിപ്പോയിരുന്നു.
ദുര്‍ഗയുടെ മറുപടിയ്ക്കായി അവര്‍ നെഞ്ചിടിപ്പോടെ കാത്തു.
' കാറില്‍ കയറിപ്പോയത് സത്യമാണ്. അന്ന് പകല്‍ കോളജില്‍ പോകാനിറങ്ങിയപ്പോള്‍ സ്വാതിയുടെ കൈതട്ടി എന്റെ ചുരിദാറില്‍ ഐ ലൈനര്‍ മറിഞ്ഞു വീണു. അതില്‍ ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ അവര്‍ പിണങ്ങിപ്പോയി.ഞാനൊറ്റയ്ക്കാണ് കോളജിലേക്ക് പോകാനിറങ്ങിയത. സ്‌കൂട്ടറെടുക്കാന്‍ നോക്കിയപ്പോള്‍ അതില്‍ പെട്രോളുണ്ടായിരുന്നില്ല. പിന്നെ ഓട്ടോയ്ക്ക് പോകാമെന്ന് കരുതി. നടന്നു മെയിന്‍ റോഡിലെത്തിയപ്പോഴാണ് അഭിയേട്ടന്‍ തെക്കേത്തേക്ക് വരുന്നത് കണ്ടത്. കോളജില്‍ പോകാന്‍ ലേറ്റായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊണ്ടു വിടാമെന്ന് പറഞ്ഞു എന്നെ കാറില്‍ കയറ്റി'
' എന്നിട്ട്..'
' കാര്‍ വിയ്യൂര്‍ പവര്‍ഹൗസിനടുത്തെത്തിയപ്പോള്‍ കോളജ് റോഡിലേക്ക് കയറിയില്ല. വളരെ വേഗത്തില്‍ ്അഭിഷേക് ഓടിച്ചു കൊണ്ടുപോയി. നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല.'
വലിയേടത്ത് പോലും നടുക്കത്തോടെ ദുര്‍ഗയെ നോക്കിയിരുന്നു.
' എവിടേക്കാണ് കാര്‍ പോകുന്നതെന്ന് എനിക്കറിയി്ല്ലായിരുന്നു. പിന്നെ ചാനലിലൊക്കെ വാര്‍്ത്ത വന്നപ്പോഴാണ് അരയന്‍ കോളനിയിലേക്കായിരുന്നു എന്ന് മനസിലായത്. '
' പറയൂ ദുര്‍ഗ'
സസൂക്ഷ്മം അവളുടെ വാ്ക്കുകള്‍ കേള്‍ക്കുകയായിരുന്നു സി.ഐ.
' അവിടേക്കുള്ള വഴി വിജനമായിരുന്നു. ഞാന്‍ ബഹളം വെച്ചപ്പോള്‍ അഭിഷേക് കാര്‍ നിര്‍ത്തി. എന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ച് എന്നെ ഉപദ്രവിക്കാന്‍ നോക്കി. എന്നെ റേപ്പ് ചെയ്യുകയായിരുന്നു ഉദ്ദേശം.'
സി.ഐ പ്രകാശ് ലാല്‍ പോലും ഒന്നു നടുങ്ങിയെന്ന് വേദവ്യാസിന് തോന്നി.
ജാഗ്രതയോടെ ദുര്‍ഗയെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു അയാള്‍.
' അയാളെ എതിര്‍ത്ത് എങ്ങേെനാ ഡോര്‍ തുറന്ന് ഞാന്‍ പുറത്ത് ചാടി. അതോടെ വാശിയായി അഭിഷേകിന്. എന്നെ വലിച്ചിഴച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. അതിനിടയില്‍ ഞാന്‍ അയാളുടെ തോളില്‍ കടിച്ചു. വേദനയെടുത്ത് അയാള്‍ പിടിവിട്ടപ്പോ ഞാനോടി. എങ്ങനെയാ അത്രയും ദൂരം ഓടിയതെന്ന് എനിക്കറിയില്ല. ബോധമില്ലാത്ത ഒരവസ്ഥയായിരുന്നു. ജാസ്മിനും നേഹയും എങ്ങനെയോ എന്നെ പിന്തുടര്‍ന്ന് വന്നിരുന്നു. അവരുടെ അടുത്തേക്കാണ് ഞാനോടി ചെന്നത്. ഭയങ്കര മഴയായിരുന്നു. അവരാണ് സ്‌കൂട്ടറില്‍ എന്നെ തെക്കേത്തേക്ക് കൊണ്ടു വന്നത്.'
ദുര്‍ഗ കിതച്ചു
അവള്‍ക്ക് താങ്ങാനാകുന്നതിലേറെ ടെന്‍ഷന്‍ അനുഭവപ്പെടുന്നുണ്ടെന്ന് സിഐ പ്രകാശ് ലാലിന് തോന്നി.
' ഓ.കെ.. ദുര്‍ഗാ.. കൂള്‍ഡൗണ്‍'
സി.ഐ അവളെ നോക്കി ചിരിച്ചു
' ഞങ്ങള്‍ വെറുതേ ചോദിച്ചെന്നേയുള്ളു... ഓ.കെ. ഇയാള്‍ റെസ്‌റ്റെടുക്ക്.. ആവശ്യമുണ്ടെങ്കില്‍ മാത്രം ഞങ്ങള്‍ വീണ്ടും വരും.'
സി.ഐ എഴുന്നേറ്റു.
ജീപ്പ് മുറ്റം കടന്ന് പോയിട്ടും ദുര്‍ഗ മുഖമുയര്‍ത്തിയില്ല.
അതേ ഇരിപ്പില്‍ തന്നെ കൈത്തണ്ടയിലേക്ക് മുഖമണച്ച് അവള്‍ വിങ്ങിക്കരഞ്ഞു.
.................. .............. .......................
' ദുര്‍ഗയും കൂട്ടുകാരികളും പറഞ്ഞത് ഒരേ മൊഴി തന്നെയാണ് സര്‍'
സി.ഐ പ്രകാശ് ലാല്‍ ഐജിയുടെ മുഖത്തേക്ക് തെ്ല്ല് നിരാശയോടെയാണ് നോക്കിയത്.
' ഒരു വരി പോലും മാറ്റമില്ല.. മാത്രമല്ല.. അഭിഷേകിന്റെ ചുമലില്‍ ദുര്‍ഗയുടെ പല്ലിന്റെ പാടു തന്നെയാകാനാണ് സാധ്യത. കാരണം ചോദിക്കാതെ തന്നെ ദുര്‍ഗ അതിന് മറുപടി പറഞ്ഞു.'
' സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ദുര്‍ഗ തിരിച്ചു വരുന്നത് അവള്‍ പറഞ്ഞത് പോലെ കൂട്ടുകാരികള്‍ക്കൊപ്പമാണ്.. അല്ലേ'
' അതെ സര്‍.. മാത്രമല്ല.. നമ്മള്‍ സംശയിച്ചത് പോലെ സ്വ്ത്തിന് വേണ്ടിയുള്ള ഒരു കൊലപാതകം ഒന്നും ലക്ഷ്യമല്ല.. കാരണം ദുര്‍ഗയുടെ കുടുംബം രവിമേനോന്റെ കുടംബത്തെക്കാള്‍ സമ്പന്നമാണ്. പിന്നെ മനസിലാക്കിയിടത്തോളം ലളിതമായ ജീവിതം നയിക്കുന്ന ആളാണ് അവള്‍. വിവാഹം കഴി്ക്കാന്‍ തീരുമാനിച്ച മഹേഷ് ബാലന്‍ വലിയ പണമോ പ്രതാപമോ ഒന്നുമില്ലാത്ത ഒരു മിഡില്‍ ക്ലാസ് ഫാമിലി മെമ്പര്‍ മാത്രമാണ്'
' ദുര്‍ഗയുടെ ഫോണ്‍ പിടിവലികള്‍ക്കിടയില്‍ അഭിഷേകിന്റെ കാറില്‍ വീണതാകാം അല്ലേ.. ' ഐജി ചിരിച്ചു
' അതെ.. പക്ഷേ അപ്പോഴും ധ്വനിയെ കൊലപ്പെടുത്തുന്ന ആ വീഡിയോ അതൊരു അത്ഭുതമാണ്. ' '
' ഈ കേസില്‍ വിചിത്രമായത് പലതുമുണ്ട്..പ്രകാശ്'
ഐജി രതീഷ് ബിന്ദ്ര ശബ്ദം താഴ്ത്തി.
്അഭിഷേകിനെ അത്രയും ക്രൂരമായി കൊലപ്പെടുത്താന്‍ ഒരു യുവതിയ്ക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ധ്വനിയുടെ മരണം.. അതെപ്പോള്‍ നടന്നെന്ന് വൈദ്യ ശാസ്ത്രത്തിന് കണ്ടെത്താനായില്ല. അതല്ലെങ്കില്‍ കണ്ടെത്തിയത് വളരെ വിചിത്രം.. ധ്വനി മരിച്ചത് ഒന്നരവര്‍ഷം മുമ്പ്,.. അതായത് ആ പെണ്‍കുട്ടി മിസിംഗായ അന്നു തന്നെ... പക്ഷേ ആ ബോഡി ഒന്നരവര്‍ഷത്തിന് ശേഷം ലഭിച്ചപ്പോഴും കേവലം ഒരു മണിക്കൂര്‍ പഴക്കം പോലുമില്ലാതെ.'
' വൈദ്യ ശാസ്ത്രത്തിന് തെറ്റിയതല്ല. ഡോക്ടര്‍ ഇന്ദിരാദേവിയും നമ്മുടെ ഫോറന്‍സിക് സര്‍ജനും ഉറപ്പു പറയുന്നു മരണ സമയം.. കുളത്തിന്റെ വെള്ളത്തിന്റെ പ്രത്യേകതയാണെന്ന് പറഞ്ഞ് വിദഗ്ധരും ജിയോളജിസ്റ്റുമെല്ലാം വന്ന് പരിശോധിച്ചു.. ഒരു പ്രത്യേകതയുമില്ല.. ഇതൊക്കെ ജനങ്ങളോട് വെളിപ്പെടുത്താന്‍ പറ്റുമോ.. കേരള പോലീസിന് ഭ്രാന്താണെന്ന് അവര്‍ പറയും'
ഐജി രതീഷ് ബിന്ദ്ര സി.ഐ പ്രകാശ് ലാലിനെ നോക്കി
' മാത്രമല്ല സര്‍ ..' എ.എസ്.ഐ ജയകൃഷ്ണന്‍ ഇടയില്‍ കയറി
' സിസിടിവി ദൃശ്യങ്ങളില്‍ ഒരിടത്ത് നിന്നും മാത്രമേ ദുര്‍ഗയുടെ ചിത്രം ലഭിച്ചിട്ടുള്ളു. അവള്‍ ആ കാറില്‍ കയറിപ്പോകുന്നത് മാത്രം. അതുവെച്ച് ദുര്‍ഗയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല.. കാരണം ആ കുട്ടി തന്ന മൊഴിയില്‍ കാറില്‍ കയറിയെന്ന് സമ്മതിക്കുന്നുണ്ടല്ലോ.. പിന്നീടുള്ള മറ്റെല്ലാ ക്യാമറകളിലും കാര്‍ കടന്നു പോകുന്നത് കാണാം. പക്ഷേ അതിനകത്ത് ആരെയും കാണുന്നില്ല'
' കാണുന്നില്ലേ'
രതീഷ് ബിന്ദ്ര മനസിലാകാതെ നോക്കി
' അതെ സാര്‍.. വഴിയില്‍ പല വീടുകളിലും ക്യാമറയുണ്ട്. ഈ കാര്‍ അതില്‍പെട്ടിട്ടുമുണ്ട്. പക്ഷേ അകത്ത് ആരെയും കാണുന്നില്ല'
എല്ലാവരുടെയും നെറ്റി ചുളിഞ്ഞു.
' എനിക്കും പറയാനുണ്ട്'
സൈബര്‍ സെല്ലിന്റെ ചുമതലയുള്ള ഉസ്മാന്‍ പറഞ്ഞു
' ദുര്‍ഗയുടെ ഫോണില്‍ നിന്നു കണ്ടെത്തിയ ആ വീഡിയോ... ധ്വനിയെ അഭിഷേക് കൊലപ്പെടുത്തുന്നത്... അത് ആ ഫോണിലെടുത്ത വീഡിയോ അല്ല.. പക്ഷേ മറ്റേത് ഫോണില്‍ നിന്നാണ് ആ വീഡിയോ സെന്‍ഡ് ചെയ്തതെന്ന് കണ്ടുപിടിക്കാനാവുന്നില്ല. പക്ഷേ ആ വീഡിയോ എടുത്ത സമയം നമ്മെ ഞെട്ടിക്കും.. അഭിഷേക് മരിച്ച ദിവസം... ഒന്നരവര്‍ഷം മുമ്പ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ എടുക്കുന്നത് മൂന്നു ദിവസം മുന്‍പ് മാത്രം... അംതെങ്ങനെ സാധിക്കും'
' ഒരു റീ പോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യതയുണ്ടോ'
' ഇല്ല സര്‍.. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാമെന്നേയുള്ളു.. മരണ സമയത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് ഡോക്ടര്‍ അപ്പോഴേ ഉറപ്പു പറഞ്ഞിരുന്നു.. ഡോക്ടേഴ്‌സും ഇക്കാര്യത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ആര്‍ക്കും ഒരു വിശദീകരണവും നല്‍കാന്‍ വയ്യാ്ത്ത സ്ഥിതി'
' ദുര്‍ഗ ഭാഗീരഥി ഒരു മാന്ത്രിക കുടുംബത്തിലെ കുട്ട്ിയാണ്.. ഇനി ഇതിലെല്ലാം വല്ല മന്ത്രവും'
എ.എസ്.ഐ ജയകൃഷ്ണന്‍ തന്റെ ചിന്ത ഒളിച്ചു വെച്ചില്ല.
' എന്തു മണ്ടത്തരം..'
ഐജി രതീഷ് ബിന്ദ്ര തെല്ല് അമര്‍ഷത്തോടെ അയാളെ നോക്കി.
' മന്ത്രവും തന്ത്രവും മിസ്റ്റര്‍ ജയകൃഷ്ണന്‍ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. ശാസ്ത്രീയമായ വിശദീകരണമാണ് വേണ്ടത്.'
' സോറി സര്‍' അയാള്‍ തലകുനിച്ചു.
' എന്തായാലും പത്രക്കാരോട് ഒന്നും വിട്ടു പറയണ്ട.. അന്വേഷണം നടക്കുന്നു. അഭിഷേക് കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ചതാണെന്ന് തന്നെ സംശയിക്കുന്നു.. ഇത്രയും മതി'
' ഓ.കെ. സര്‍..' സി.ഐ പ്രകാശ് ലാല്‍ സമ്മതിച്ചു.
' ദുര്‍ഗയുടെ പല്ലു പതിഞ്ഞ പാടാണോ അഭിഷേകിന്റെ ചുമലിലുള്ളതെന്ന് പരിശോധിക്കണം.. ദുര്‍ഗയുടെ മൊഴിയില്‍ കടിച്ചതായി പറയുന്നത് കൊണ്ട് അതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഒരു തെളിവും വിട്ടുകളയണ്ട..'
' ഓ.കെ സര്‍'
അയാളെ സല്യൂട്ട് ചെയ്ത് ഇറങ്ങി വരുമ്പോള്‍ സി.ഐ പ്രകാശ് ലാലിന്റെ മുഖത്ത് ആശയക്കുഴപ്പം ബാക്കി നി്ന്നു.
.............. ....................... ...................
ദുര്‍ഗയെ തെക്കേത്തേക്ക് കൊണ്ടുവിടാനുള്ള ഒരുക്കത്തിലായിരുന്നു ദേവദത്തന്‍.
രുദ്ര അനിയത്തിയ്ക്ക് കൊണ്ടു പോകാനുള്ള സാധനങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് ബാഗില്‍ വെക്കുന്ന തിരക്കിലായിരുന്നു
അതിനിടയില്‍ ദേവദത്തന് ഭക്ഷണമെടുത്തുവെക്കാന്‍ അവള്‍ മറന്നു.
ദേവദത്തന്‍ വന്ന് ഊണ്‍മേശയ്ക്ക് മുന്നിലിരുന്നു.
വിവര്‍ണമായ മുഖത്തോടെ പവിത്ര അയാളെ നോക്കി നിന്നു.
ദത്തേട്ടന് വിളമ്പി കൊടുക്കുന്നത് കണ്ടാല്‍ അത് മതി രുദ്ര ഭദ്രകാളിയാവാന്‍.
' എന്താ നില്‍ക്കുന്നത്.. വല്ലതും കഴിക്കാനുണ്ടെങ്കില്‍ താ'
ദേവദത്തന്‍ അകത്തേക്ക് നോക്കി അവളോട് ശബ്ദമുയര്‍ത്തി.
പവിത്ര പെട്ടന്ന് ചായ നിറച്ചു വെച്ച മൊന്തയെടുത്തു.
' നീ ക്ഷീണിച്ചു പോയല്ലോ പവീ.. എന്തേ ഇവിടെന്നൊന്നും കഴിക്കാന്‍ കിട്ടണില്ലേ'
അവള്‍ ഇടിയപ്പവും സ്റ്റ്യൂവും വിളമ്പുന്നതിനിടെ ദേവദത്തന്‍ തിരക്കി.
' പൂജയും ഒരിക്കലുമൊക്കെയായിരുന്നില്ലേ .. അതിന്റെയാവും'
പവിത്ര സങ്കോചത്തോടെ മറുപടി പറഞ്ഞു.
' എന്തായി നൃത്തപരിശീലനം.. വിദേശത്തൊക്കെ അവതരിപ്പിക്കാന്‍ മാത്രം പഠിച്ചോ പവി'
' പഠിച്ചു വരുന്നു' പവിത്ര മന്ദഹസിച്ചു.
' ഇവിടെ നിന്നൊക്കെ പോകുമ്പോ ഞങ്ങളെയൊക്കെ മറന്നു പോകുമോ'
ദേവദത്തന്‍ സ്വയമറിയാതെയാണ് ആ ചോദ്യം പുറത്തു വന്നത്.
ചായ ഒഴിക്കുകയായിരുന്ന പവിത്രയുടെ കൈ വിറച്ചു
ചായ തുളുമ്പി മേശപ്പുറത്ത് വീണു.
ദേവദത്തനും വല്ലാതെയായി.
' അതല്ല പവീ.. ഇനിയിപ്പോള്‍ ലോകമറിയാന്‍ പോകുന്ന നര്‍ത്തകിയാവില്ലേ..'
എന്തെങ്കിലും പറഞ്ഞ് രക്ഷപെടാനുള്ള നീക്കം പവിത്ര അറിഞ്ഞു
അവളുടെ നോട്ടം ദേവദത്തന്റെ കണ്ണുകളുമായി ഉടക്കി.
' ഞാന്‍ ആരെയും മറക്കില്ല ദത്തേട്ടാ'
അവളുടെ ഉത്തരം നനുത്ത മഴത്തുള്ളികള്‍ പോലെ ദേവദത്തന്റെ മനസ് കുളിര്‍പ്പിച്ചു.
പവിത്ര മുഖം കുനിച്ചു
ദുര്‍ഗയുടെ ബാഗുമേന്തി അവിടേക്കു വന്ന രുദ്ര ആ നില്‍പ്പു കണ്ടു.
നൊടിയിടയില്‍ അവളുടെ മുഖത്ത് ദേഷ്യം പടര്‍ന്നു.
' ഭക്ഷണം എടുത്ത് തരണെങ്കില്‍ ദത്തേട്ടനെന്നോട് പറഞ്ഞാല്‍ പോരായിരുന്നോ'
അവള്‍ അടുത്തേക്ക് വന്നു.
' അതെന്താ പവി എടുത്തു തന്നാല്‍ എനിക്ക് കയ്ക്കുമോ' ദേവദത്തന്‍ ചിരിച്ചു
രുദ്ര ഒരു പിന്തുണയ്ക്കു വേണ്ടി പുറകില്‍ നിന്ന ദുര്‍ഗയെ ഒന്നു പാളി നോക്കി
അവളുടെ മുഖത്തും കുസൃതിച്ചിരി കണ്ട് രുദ്രയക്ക് ദേഷ്യം പിടിച്ചു
ബാഗ് നിലത്തേക്കിട്ടിട്ട് അവള്‍ അടുക്കളയിലേക്ക പോയി.
പിന്നെ കേട്ടത് അടുക്കള ഭാഗത്ത് നിന്ന് കോഴികളുടെ ഉറക്കെയുള്ള കലമ്പലാണ്.
' പോ .. കോഴീ പോ.. വന്ന് അടുക്കളേല്‍ തന്നെ കേറിക്കൂടിക്കോളും.. അശ്രീകരം'
അതിനേക്കാള്‍ ഉച്ചത്തില്‍ രുദ്രയുടെ ബഹളം കേട്ടു
' എന്നോടാണോ'
അടുത്ത് ചെന്ന് പവിത്ര ചിരിയോടെ ചോദിച്ചു.
' ഞാനീ അടുക്കളയില്‍ കേറിക്കൂടാനൊന്നും ഉദ്ദേശിച്ചിട്ടില്യാട്ടോ'
ആ കുസൃതി കേള്‍ക്കാന്‍ വയ്യാത്ത ്അസഹ്യതയോടെ രുദ്ര അവളെ കടന്ന് അകത്തേക്ക് പോന്നു.
ചിരിയോടെയാണ് ദേവദത്തനും പുറകേ ദുര്‍ഗയും ചുറ്റു വരാന്തയിലേക്ക് ചെന്നത്.
പൂജാമുറിയില്‍ നിന്നും മണിമുഴക്കം കേട്ടു.
വലിയമ്മാമ്മ പ്രഭാത പൂജയിലാണ്.
അത് കഴിയും വരെ ദേവദത്തനും ദുര്‍ഗയും കാത്തു.
ദേവദത്തന്‍ അരഭിത്തിയിലിരുന്ന് പത്രമെടുത്ത് നിവര്‍ത്തി.
ആദ്യ പേജിലേക്ക് നോട്ടമയച്ച ദേവദത്തന്‍ നടുക്കത്തോടെ ചാടിയെഴുന്നേറ്റു.
അഭിഷേകിന്റെ മരണം - അന്വേഷണം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനിയിലേക്ക്.
ഉരുണ്ട വലിയ അക്ഷരങ്ങളിലെ തലക്കെട്ട് ദുര്‍ഗയും കണ്ടു
തിളച്ച എണ്ണ ശിരസാകെ വീണതു പോലെ ദുര്‍ഗ ആകെ പൊള്ളി്പ്പിടഞ്ഞു
..... ......... തുടരും ....
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo