വിശേഷാവസരങ്ങളിൽ മാത്രം അതിവിശിഷ്ടമായി കാണപ്പെടുന്ന, ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന,അയല്പക്കങ്ങളിലെല്ലാം ഓരോകോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി. അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികകൾ വീട്ടുവളപ്പിൽ തന്നെ ചിക്കിചികഞ്ഞു നടക്കുന്നവയായിരുന്നു .
പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട ! അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും. കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്ന, വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ അയ്മൂട്ടിമാപ്പിള വരുമായിരുന്നു ആഴ്ചയിലൊരിക്കൽ.
തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം. അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻപോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ.
പത്തുസെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളതുമെടുത്ത് ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേരസുഗന്ധം.
തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവയുണ്ടാവുമായിരുന്നു. പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞുനിൽക്കുമായിരുന്നു.
നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.
അമ്മ വയലിൽനടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി ചെറിയ കൂവൽ കൊത്തിക്കുഴിക്കുന്ന അച്ഛൻ. ചെറിയ മൺപാനികളിൽ വെള്ളം തൂക്കി നിരനിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും കയ്പയെയും വെണ്ടയെയും നനച്ചിരുന്നു. ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയും..
വൈകുന്നേരമൊരു പ്രധാനജോലിയുണ്ട് ! തലേന്ന് കത്തിച്ചുകരിപിടിച്ച കറുത്ത മണ്ണെണ്ണവിളക്ക് തുടച്ചുമിനുക്കി വയ്ക്കണം.
അതുകഴിഞ്ഞു കിണറ്റിൻകരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി. ഇറയത്തു പായവിരിച്ചിരുന്നുള്ള നാമജപം.
സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ ടോർച്ചുവിളക്ക്. കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ, ആത്മബന്ധത്തിന്റെ കരുതൽസുഖം .
മണ്ണെണ്ണപ്പുക വലിച്ചുകൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കുംവരെയുള്ള പുസ്തകവായന. കൂട്ടിനു വയലിൽനിന്നുമുള്ള പേക്രോം തവളകളുടെ മേളം. ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ.
കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടുകത്തിച്ചു വട്ടം കൂടിയിരുന്നു "ശീതംകായും"
ആ സമയത്തു മഞ്ഞുവീണു നനഞ്ഞ വൈക്കോൽക്കൂനയിൽനിന്നും വെളുത്ത പുകയുയരുന്നുണ്ടാകും
കുളീം ചായകുടീം കഴിഞ്ഞു മാധവി ബസ് വടക്കോട്ട് പോയാൽ ഒൻപതു മണി എന്ന കണക്കിൽ പുസ്തകക്കെട്ടിനു ഇലാസ്റ്റികും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റഓട്ടം സ്കൂളിലേക്ക്.
സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്. അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ കൂവയോ ചേമ്പോ പുഴുങ്ങുകയോ ആവും. അതുംകഴിച്ചു കണ്ടത്തിലേക്കൊരോട്ടമാണ് ! ഗോലികളി മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ.
പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ. ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന മലപ്പുറക്കാരും, വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും, തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടുതന്നിരുന്ന പാഞ്ചാലിയമ്മൂമ്മയും, കൂട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി പെണ്ണുങ്ങളെ മയക്കാൻ വന്നിരുന്ന വളച്ചെട്ടികളും, കെട്ടുകാരൻ എന്ന് വിളിക്കപ്പെട്ടിരുന്ന ആഴ്ചകൾ തോറും വന്നിരുന്ന തുണിക്കച്ചവടക്കാനും..
അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു.
അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു. എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.
അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലുമുണ്ടായാൽ മതിയായിരുന്നു.
എല്ലാവർക്കുമതിലവകാശമുണ്ടായിരുന്നു. വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു.
എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു. കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്ക് തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു. മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.
അടുത്തവർഷംവരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരികഗന്ധംതീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടിയുടുപ്പുകൾ.
മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചുകോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്ന, തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻപറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞുകൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്ക്കിയ, ഞങ്ങൾ ജീവിച്ചിരുന്ന.പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ കാലം.
ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും. ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി ! നമ്മളെയുമെടുത്തങ്ങ് പറക്കും..കാലങ്ങൾക്ക് പിറകിലോട്ട് ...
-വിജു കണ്ണപുരം-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക