നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശുഭാംഗി

Image may contain: 1 person, closeup
* * * * *
ശുഭാംഗീ .....
ആ നിമിഷങ്ങളിൽ നീ എന്താണ് ആലോചിച്ചത്??
നിന്റെ നീണ്ടു നേർത്ത കണ്ണുകളുടെ കൂർമ്മതയിലേക്ക് നോക്കുമ്പോൾ എനിക്ക് വല്ലാത്തൊരു അധൈര്യം തോന്നുന്നുണ്ട്.
പക്ഷേ ശുഭാംഗീ ...,
എനിക്ക് അതറിയണം ... !
മരവിപ്പ് ബാധിച്ച , കൺമഷി എഴുതാത്ത കണ്ണുകളിൽ ഒരു ചോദ്യം ഞാൻ കാണുന്നുണ്ട്.
ആ ചോദ്യം മനസ്സിലിട്ട് നീറ്റിയാണ് ഞാൻ നിന്റെ ഉത്തരം തേടിയലയുന്നത് ...
കറുപ്പും വെളുപ്പും ഇടകലർന്ന നിഴൽ ഛായയിൽ നിന്ന് തെളിവാർന്ന ഓർമ്മയിലേക്ക് പാദങ്ങൾ പെറുക്കി വെച്ച ഇനിയും വൈദുതിയെത്താത്ത നിന്റെ ഗ്രാമത്തിന് എന്തെല്ലാം അഴകു നിറങ്ങൾ ഉണ്ടായിരുന്നുവെന്ന് നീയോർത്തോ... ?
കൊഞ്ചി കിലുങ്ങുന്ന മണികൾ കൊരുത്ത വെള്ളി പാദസരങ്ങളെ ചിരിപ്പിച്ചുകൊണ്ട് നീ ഓടി നടന്ന ചെറിയ മൺവീടിന്റെ ചുവന്ന തറകളെക്കുറിച്ച് നീ ഓർത്തുവോ ...?
കേട്ടു വളർന്ന രജപുത്ര വീരകഥകളെക്കുറിച്ച് ...?
പകൽമുഴുവൻ ഗോതമ്പു പാടത്ത് പണിയെടുത്ത് ക്ഷീണിച്ച് , കരുവാളിച്ച് , നിനക്കും നിന്റെ ചേച്ചിമാർക്കുമായി വഴിയരികിൽ നിന്ന് വിലകുറഞ്ഞ മിഠായികളും മധുരമൂറുന കരിമ്പുമായി വരുന്ന എല്ലുന്തിയ നിന്റെ ബാബയെ നീ ഓർത്തിട്ടുണ്ടാവില്ല.
ഒരു ആൺകുട്ടിക്കുവേണ്ടി അഞ്ചാമതും അനുഭവിച്ച ഈറ്റുനോവിനെ കരയിച്ചു കൊണ്ട് പെണ്ണായിത്തന്നെ പിറന്നു വീണ നിന്നോട്, കരയാതെ , പിണങ്ങാതെ, വാരിയെടുത്തുമ്മ വച്ച് പാലൂട്ടി വളർത്തിയ , മെലിഞ്ഞ് ചൈതന്യം നഷ്ടമായിട്ടും രാവന്തിയോളം നിനക്ക് വേണ്ടിക്കൂടി പണിയെടുത്തിരുന്ന, ചെരുപ്പിടാത്ത , നിറം മങ്ങിയ സാരിയുടുത്ത , പ്ലാസ്റ്റിക് വളകൾ ഇടുന്ന , മുറുക്കാൻ കറയുള്ള പല്ലുകൾ കാട്ടി ചിരിക്കുന്ന , നിഷ്കളങ്കമായ സ്നേഹത്തെ നീ ഓർത്തുവോ ശുഭാംഗീ ....?
'മാജീ ' എന്ന് നീ വിളിച്ചില്ലല്ലോ ആ നിമിഷങ്ങളിൽ....! എന്തുകൊണ്ടോ നീയതോർത്തില്ല എന്ന് വിശ്വസിക്കാനാണ് ശുഭാംഗീ എനിക്കിഷ്ടം.
നീയെന്ന വേദനയുടെ കൽച്ചൂളയിൽ ഇനിയുള്ള കാലം നിന്റെ മാജി നിന്നെയോർത്തുരുകും ശുഭാംഗീ....!
കാളീ ഘട്ടിലെ പൗർണ്ണമിയുൽസവത്തിന് ആശിച്ചു വാങ്ങിയ ദുപ്പട്ടകൾ വെട്ടി നിനക്ക് വർണ്ണ കുപ്പായം തുന്നിയ നിന്റെ ദീദിമാരുടെ നിറം മങ്ങിയ കണ്ണുകൾ നിന്റെ ഓർമ്മയിലെത്തിയോ ..?
ഇഴപിന്നിമെടഞ്ഞ തലപ്പാവുവച്ച സർപ്പഞ്ചിന്റെ വീടിനടുത്തുള്ള പൊട്ടിപ്പൊളിഞ്ഞ വിദ്യാലയത്തിലേക്ക് മധുരപ്പുളി കടിച്ച് കൂട്ടുകാർക്കൊപ്പം നടന്ന മൺ വഴികളോ കാറ്റടിക്കുമ്പോൾ മറിഞ്ഞു വീഴുന്ന നരച്ച് വെളുത്ത മുക്കാലൻ ബോർഡോ നീയോർത്തിട്ടുണ്ടാവില്ല അല്ലേ ...?
അല്ലെങ്കിലും ആ നിമിഷങ്ങളിൽ ആരാണ് ഇതൊക്കെയോർക്കുക?
നിന്റെ ഋതുമതിയാഘോഷച്ചടങ്ങിൽ അരുണാഭമായ കവിൾത്തടങ്ങളിൽ മഞ്ഞൾ ചന്ദനക്കുഴമ്പ് പൂശിയ മുത്തശ്ശിമാരുടെ തേഞ്ഞു മെലിഞ്ഞ വിരൽത്തുമ്പുകളിലെ ജീവിതവൈരുദ്ധ്യങ്ങളുടെ തെളിവോർമ്മകൾ നിന്നെ അസ്വസ്ഥയാക്കിയോ ശുഭാംഗീ...?
എനിക്കറിയാം , നീയതൊന്നും ഓർത്തിട്ടുണ്ടാവില്ല. ...
നോക്കൂ ശുഭാംഗീ.....,
ഞാൻ നിന്റെ ജീവിതം ചികയുകയല്ല; ആ നിമിഷാർദ്ധത്തിലെ നിന്റെ ചിന്തകളുടെ ചൂര് ചികയുകയാണ്...
നീയെന്താണ് ചിന്തിച്ചതെന്നു മാത്രം തിരയുകയാണ് ....
വിളഞ്ഞ ഉരുളക്കിഴങ്ങ് പാടത്തെ ഉളളിപ്പൂവു നിറഞ്ഞ വരമ്പിലൂടെ നീ നടന്നയന്നല്ലേ മൈലാഞ്ചി തേച്ച് ചുവപ്പിച്ച കോലൻ മുടിയുള്ള ഒരു നനുത്ത പൊടിമീശപ്പുഞ്ചിരി നിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി നങ്കൂരമിട്ടത് ...?
നീയതും മറന്നല്ലേ ....
നിനക്ക് വേണ്ടി ,നിന്റെയൊരു നോട്ടത്തിനു വേണ്ടി , പുഞ്ചിരിക്ക് വേണ്ടി, അവൻ കാത്തു നിന്ന തണൽ മരച്ചുവടുകളെ നീയെന്നേ മറന്നിട്ടുണ്ടാവും ...!
തീരിഞ്ഞൊന്ന് നോക്കിയിരുന്നെങ്കിൽ ഒന്ന് പുഞ്ചിരിച്ചിരുന്നെങ്കിൽ ഒരു മറുപടി നൽകിയിരുന്നെങ്കിൽ എനിക്കിത്ര ആകുലതപ്പെടേണ്ടി വരുമായിരുന്നില്ല.
ആ നിമിഷങ്ങളിലെ നിന്റെ ചിന്തകളുടെ ആഴം തിരഞ്ഞ് ഉരുകേണ്ടി വരുമായിരുന്നില്ല ...
അല്ല; ആ നിമിഷങ്ങളേ ഉണ്ടാകുമായിരുന്നില്ല.
എണ്ണമറ്റ കാലികൾക്കും പരന്നു കിടക്കുന്ന കൃഷിയിടങ്ങൾക്കും നടുവിൽ അദ്ധ്വാനിച്ചിട്ടായാലും നീയിപ്പോ പുഞ്ചിരിച്ചേനെ ...
ബാംഗ്ലൂർ എന്ന വലിയ നഗരത്തിൽ നിന്ന് , അതും ഒരു എഞ്ചിനിയർ താലങ്ങളുമായി നിന്നെ കാണാൻ വന്നയന്ന് നിന്റെ പതിനെട്ടാം പിറന്നാൾ ആയിരുന്നു അല്ലേ ...?
മോര് പകർന്ന് നൽകിയ മൺകോപ്പയുടെ വിളുമ്പുവരെ മാത്രമേ നിന്റെ നോട്ടം നീണ്ടുള്ളുവെന്ന് നീയാരോടും പറയാത്തതെന്താണ് ??
കാര്യമൊന്നുമില്ല ...!
ഒരാളുടെയും ഹൃദയത്തെ ചൂഴ്ന്നെടുക്കാനുള്ള പിച്ചാത്തി മൂർച്ചയൊന്നും സാധാരണ പെൺ മിഴികൾക്ക് ഉണ്ടാവാറില്ല.
പുഞ്ചിരിക്ക് പുറകിൽ താഴിച്ച് പൂട്ടിയ ക്രൗര്യത്തെ കണ്ടെടുത്താലും വിശേഷമൊന്നുമില്ല.
മഹാനഗരത്തിലെ ജോലിയുടെ പ്രൗഢിയിൽ , ചില പാഴ് വാക്കുകളുടെ പൊള്ളയായ പൊലിമയിൽ പെരുംനുണ വാഗ്ദാനങ്ങളിൽ നിന്റെ ബാബ വീണു പോയിരിക്കും അല്ലേ ...?
നിന്റെ ബാബ വാങ്ങിയ വർണ്ണ വസ്ത്രങ്ങളോ ആഭരണങ്ങളോ നീയോർത്തിട്ടുണ്ടാവില്ല.
മുഖം മറഞ്ഞു കിടന്ന ശിരോവസ്ത്രത്തിനിടയിലൂടെ നീ കണ്ട മാജിയുടെ നെടുനിശ്വാസങ്ങളുടെ ആയമോ ബാബയുടെ കിതപ്പിന്റെ താളമോ നീയോർക്കരുത് ....
ആ നിമിഷങ്ങളിൽ പ്രത്യേകിച്ചും ....!
ഓർത്തിരുന്നുവെങ്കിൽ ശുഭാംഗീ , കല്ലറകളിൽ ശാപമോക്ഷം കാത്തു കിടക്കുന്ന വേദനകളല്ലാതെ മറ്റൊന്നും അവ സമ്മാനിക്കില്ല ; നിന്റെ പ്രിയപ്പെട്ടവർക്ക് .....
മുതിർന്ന സ്ത്രീകൾ പഠിപ്പിച്ച മര്യാദയുടെ പാഠങ്ങളോ, മണവാളന് മുന്നിൽ ലജ്ജിക്കേണ്ടതെങ്ങനെയെന്ന് ചെവിയോരത്ത് കുസൃതി പറഞ്ഞ തോഴിമാരുടെ മുഖങ്ങളോ , യാത്ര പറഞ്ഞ് പഴയൊരു കാറിന്റെ പിൻസീറ്റിലേക്ക് നീ കയറിയപ്പോൾ കരഞ്ഞുകൊണ്ട് ചുറ്റിത്തിരിഞ്ഞ നിന്റെ വളർത്തു പൂച്ചയുടെ ഓമന മുഖമോ ആ നിമിഷങ്ങളിൽ നിന്റെ ഓർമ്മകളാവുകയില്ലെന്ന് എനിക്കുറപ്പുണ്ട് ശുഭാംഗീ ....
പുതുമോടിയോടെ നിന്റെ ഭർത്താവിന്റെ പിന്നാലെ തികച്ചും അപരിചിതയായ ഈ നഗരസുന്ദരിയുടെ നിറം മങ്ങിയ പ്രാന്തപ്രദേശത്തെ പഴയ ഫ്ലാറ്റിലേക്ക് നീയെത്തിയ അന്നു മുതൽ ഞാൻ നിന്നെ കാണുന്നുണ്ട് , നീ പോലുമറിയാതെ ....
എന്റെ കണ്ണാടി ജനലിനപ്പുറം ആദ്യമൊക്കെ നീയെനിക്കൊരു കാഴ്ച മാത്രമായിരുന്നു .
നിന്റെ ദിനചര്യകളിലൂടെ കണ്ണുനട്ടിരുന്നപ്പോൾ എന്റെ സമയ സൂചി നീയായി മാറി.
ഈ വീൽച്ചെയറിലിരുന്നു കൊണ്ട് അഴികളില്ലാത്ത എന്റെ ജനലിലൂടെ എനിക്ക് കാണാവുന്ന പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച്ച .
ചെമ്പിച്ച മുടി വാരിക്കെട്ടി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് പല്ലു തേയ്ക്കുന്ന നിന്റെ അപരിചിതത്വവും കൗതുകവും നിറഞ്ഞ മിഴികളായിരുന്നു ആ ദിനങ്ങളിൽ എന്റെ കണിയെന്നും നീയറിഞ്ഞിരിക്കില്ല.
പക്ഷേ ,അവിടെയും ഒരു വീൽച്ചെയർ ജന്മമുണ്ടെന്ന് എനിക്കറിയാമായിരുന്നു ,
വളരെ മുൻപേ തന്നെ .
ബാൽക്കണിയിലേക്ക് നിന്റെ പിന്നാലെ ചിതറി വീഴുന്ന ഭർസനങ്ങളുടെ തീവ്രതയളക്കുന്നൊരു യന്ത്രം നിന്റെ മുഖഭാവങ്ങളിലേക്ക് ഞാൻ ഫോക്കസ് ചെയ്തത് ആ ദിനങ്ങളിലാണ് ...
നീ തുണിയലക്കുന്നതും തറ തുടയ്ക്കുന്നതും വീൽച്ചെയറിലായ സാസുമയെ പരിചരിക്കുന്നതും ബാൽക്കണിയിൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതും കടലാസു തോരണങ്ങൾ തൂക്കുന്നതും ഞാൻ കണ്ടു .
പിന്നെപ്പിന്നെ വിഷാദ ചിത്തയായി സന്ധ്യകളിൽ എങ്ങോ നോക്കി നിൽക്കുന്നതും അപൂർവ്വമായി പുഞ്ചിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് .
എന്റെ ജീവിതത്തിൽ എന്നോ നഷ്ടമായ ചില സുന്ദര നിമിഷങ്ങളെ നീയോർമ്മിപ്പിച്ചപ്പോൾ ,ചിലപ്പോഴൊക്കെ എനിക്കു നിന്നോട് അസൂയ പോലും തോന്നി .
പിന്നെ ചില രാത്രികളിൽ , ലൈറ്റണയാത്ത നിന്റെ ബെഡ്റൂമിൽ നീ വിചാരണകൾ നേരിടുന്നതും കേണു കരയുന്നതും ഞാൻ കണ്ടിരുന്നുവെന്നും നിനക്കറിയില്ലല്ലോ അല്ലേ ..
അതാദ്യമായി കണ്ട രാത്രിയിൽ ഒരു മരവിപ്പോടെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
നീ ഞാൻ തന്നെയാകുന്ന വേദനയിൽ ഞാനെന്റെ ജനൽക്കാഴ്ചകളെപ്പോലും വെറുത്തു തുടങ്ങി .
നിന്റെ സമീപത്തെ ഫ്ലാറ്റുകളിലെ പാർട്ട് ടൈം ജോലിക്കാരി എനിക്ക് ഒരു പാട് വാർത്തകൾ കൊണ്ടു തന്നിരുന്നു .
നിന്റെ മനോഹരമായ പേര് ...
നിന്റെ ഗ്രാമീണ നിഷ്ക്കളങ്കതകൾ ....
അബദ്ധങ്ങൾ ....
സാസുമയോട് നിനക്ക് സ്നേഹമില്ലെന്നും നന്നായി പരിചരിക്കുന്നില്ലെന്നുമുള്ള സംശയത്താലാണ് നീയെന്നും മർദനമേൽക്കുന്നതെന്നും
രാവെളുക്കുവോളം വിചാരണകൾ നേരിടുന്നതെന്നും അവൾ പറഞ്ഞപ്പോൾ മൗനമായ് ഞാൻ പൊട്ടിച്ചിരിച്ചത് നീ കേട്ടുവോ ശുഭാംഗീ ....
നീയെന്നോട് കലമ്പണ്ട പെണ്ണേ ...
നിന്റെ സാസുമയ്ക്ക് നിന്നെ വലിയ ഇഷ്ടമാണെന്നു കൂടി അവൾ പറഞ്ഞു കേട്ടോ ...
അമ്മായിയമ്മ എനിക്കു വേണ്ടി ഗ്യാസ് സ്റ്റൗ തുറന്നു വച്ചൊരുക്കിയ കെണിയിൽ കരിഞ്ഞു പോയത് എന്റെ രണ്ടു കാലുകൾ മാത്രമല്ല ശുഭാംഗീ ....
അടിവയറിലൂറിത്തുടങ്ങിയ തുടികൊട്ടുന്നൊരു സ്വപ്നം കൂടിയായിരുന്നു .
ഈ ജനലരികിലിരുന്ന് വലതു കയ്യിൽ അവശേഷിച്ച രണ്ട് വിരളുകളിൽ മാത്രം ബ്രഷിറുക്കിപ്പിടിച്ച് ഞാൻ വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നിരാശയുടെ ചാരനിറമാണെന്ന് ഒരിക്കലെന്നോട് പറഞ്ഞത് നിന്റെ ഭർത്താവാണ് ...
മോശം പറയരുതല്ലോ , അയാളൊരു നല്ല കലാസ്വാദകനാണ് ...!
നീ ഞെട്ടി അല്ലേ ..?
പക്ഷേ നീയെന്ന വിസ്മയ സൃഷ്ടിയെ മനസ്സിലാക്കാൻ അയാൾക്ക് കഴിയാതെ പോയി .
ജീവിതം തന്നെ സ്പന്ദിക്കുന്ന കലയാണെന്ന് തിരിച്ചറിയാതെ അചേതനമായ ചിത്രങ്ങളിൽ ജീവന്റെ തുടിപ്പ് തിരയുന്ന കലാസ്വാദനത്തിന്റെ ബുദ്ധിയില്ലായ്മയെ ഞാൻ പണ്ടേ തിരിച്ചറിഞ്ഞതാണ് ശുഭാംഗീ ...
നിനക്കിതെല്ലാം മടുത്തുവെന്ന് ഉറക്കെപ്പറഞ്ഞ് നീ ഉച്ചത്തിലലറിയ രാത്രിയിലും എന്റെ ജനാല തുറന്നാണ് കിടന്നത്, ഞാൻ ഉറങ്ങിയിരുന്നുമില്ല.
ഞാൻ പറഞ്ഞില്ലേ എനിക്ക് ജീവിക്കാൻ കൊതിയാണെന്ന് ..
നക്ഷത്രങ്ങളോടും ചന്ദ്രനോടും മേഘങ്ങളോടും മൗനമായി സംവേദിച്ച് പരിധികളില്ലാത്ത സ്വപ്നങ്ങളുടെ , എനിക്കെത്താനാവാത്ത ലോകങ്ങളിൽ ഞാൻ വിഹരിച്ചിരുന്നതൊക്കെയും രാത്രികളിൽ എന്റെ ജനാലയുടെ ഇത്തിരി ആകാശത്തിലൂടെ ആയിരുന്നു .
നിന്റെ സമീപ ഫ്ലാറ്റുകളിൽ ലൈറ്റുകൾ തെളിയുന്നതും പതിവ് കാഴ്ചകൾക്കും കേൾവികൾക്കും നേരെ നിസംഗതയോടെ കണ്ണടയ്ക്കുന്നതും ഞാൻ കണ്ടിരുന്നു .
കുടുംബ കലഹങ്ങളിലെ ക്ലീഷേ പരാതികൾ നിന്റെ ഭർത്താവ് പറഞ്ഞു തുടങ്ങിയെന്ന് ഞാൽ അറിഞ്ഞിരുന്നു.
അതിനെനിക്ക് ഒരു സഞ്ചരിക്കുന്ന വാർത്താ മാധ്യമം ഇവിടുണ്ടെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ ...?
നിനക്ക് പരിഷ്ക്കാരമില്ലത്രേ ...
നിനക്ക് വിയർപ്പുനാറ്റമുണ്ടുപോലും...
നീ ചമച്ചുണ്ടാക്കുന്ന ആഹാരങ്ങളൊന്നും അയാളുടെ അതിഥികൾക്ക് വിളമ്പാൻ കൊള്ളില്ലന്ന്......
സ്ത്രീ ധനം പോരെന്നും നിനക്ക് സൗന്ദര്യം പോരെന്നും കൂടി ഞാൻ കേട്ടു.....
നീ ചിരിക്കുകയാണോ...?
അല്ലേ?
കരയരുത് ശുഭാംഗീ......
ഞാൻ കരഞ്ഞേറെ തളർന്നവളാണ്.....
കണ്ണുനീർ എനിക്കൊന്നും തന്നില്ല, വീണ്ടും കണ്ണ് നീരല്ലാതെ......
അതു തിരിച്ചറിഞ്ഞയന്ന് എന്റെ കണ്ണു നീർ തിളച്ചു വറ്റിയതാണ്...
ഞാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങി......
മോഹിച്ചു തുടങ്ങി...
നീയെന്ന കാഴ്ചയാണ് എന്നിൽ വീണ്ടും കണ്ണീരുറവയെ ജനിപ്പിച്ചത്.
എങ്കിലും ശുഭംഗീ, നീയെന്തിനാണ് ആ അർദ്ധ രാത്രിയിൽ ഒറ്റക്ക് ബാൽക്കണിയിൽ വന്നു നിന്നത്?
കരയുകയായിരുന്നിരിക്കും അല്ലേ ....?
ഇത്രയേറെ അടുത്തായിരുന്നിട്ടും , മഞ്ഞ വെളിച്ചം വിതറി സോഡിയം ലാമ്പെന്നെ സഹായിച്ചിട്ടും നിന്റെ ഇരുൾ പുരണ്ട രൂപമല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
എനിക്കറിയാമായിരുന്നു ശുഭാംഗീ , നിന്റെ കണ്ണുകൾ എരിഞ്ഞു നീറുന്നുണ്ടെന്ന് ...
നൊമ്പരം ഒഴുകിയിറങ്ങിയ കവിളുകൾ തണുത്തുറഞ്ഞിട്ടുണ്ടാവുമെന്ന് നെഞ്ചകം തീവ്രകദനത്തിന്റെ ചിറകടികളാൽ ശിഥിലമാകുന്നുണ്ടാവുമെന്ന് ...
ഞാനും കരഞ്ഞു ശുഭാംഗീ ....,
അരുതെന്ന് കരുതിയിട്ടും .
ഞാൻ നടന്ന അതേ നൊമ്പര വഴികൾ നീയെന്റെ മുന്നിൽ ജീവിച്ചോർമ്മിപ്പിക്കുമ്പോൾ കരയുകയല്ലാതെ ഞാനെന്തു ചെയ്യാനാണ് ...?
ഹൊ .....
നടുക്കം മാത്രമാണ് ശു ഭാംഗീ...
നിന്റെ പിന്നിൽ മറ്റൊരു ഇരുൾ രൂപം തെളിഞ്ഞതും നീ താഴേക്ക് തെറിച്ചു വീണതും ഒരേ നിമിഷത്തിലായിരുന്നു.
അലറി വിളിക്കുവാൻ എന്റെ മനസ്സിന് മാത്രേ ശബ്ദമുള്ളുവെന്ന് നിനക്കറിയില്ലായിരുന്നുവെന്ന് എനിക്കറിയാം .
വീണ്ടും ഞാൻ ചോദിക്കട്ടേ ....
ജീവിതത്തിനും മരണത്തിനുമിടയിലെ ആ നിമിഷങ്ങളിൽ നീയെന്താണ് ചിന്തിച്ചത് ?
മരിക്കാൻ പോവുകയാണല്ലോ എന്ന് നീയൊരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.
കൈ കൂപ്പി കരഞ്ഞു വിളിച്ച ഏതെങ്കിലും ദൈവത്തിന്റെ മുഖത്തെ മനസ്സിലോർത്ത് രക്ഷിക്കണേയെന്ന് നീയലറിയോ....?
ഇല്ല ....!
നീ താഴേയ്ക്ക് പറന്നപ്പോൾ കാറ്റിന്റെ ശബ്ദം മാത്രമേ ഞാൻ കേട്ടുള്ളു ....
ഭൂമി നിന്നെയേറ്റു വാങ്ങിയപ്പോൾ മാനത്തെപ്പിളർന്ന് മണ്ണിലേക്കു തുളഞ്ഞിറങ്ങിയ ഈർച്ചവാൾ മിന്നലിനൊപ്പം ഹൃദയഭേദകമായ ഒരിടിയും വീണു ....
ആ ഒരു നിമിഷത്തിലാണ് എനിക്ക് തോന്നിയത് നിന്റെ പേര് സീത എന്നാവണമായിരുന്നു എന്ന് ....
നിന്റെ സഹനങ്ങൾ കണ്ട് സഹിക്കവയ്യാതെ ഭൂമിദേവി നിന്നെയേറ്റു വാങ്ങിയതാവുമെന്ന് ......
ആ നിമിഷമാണ് ,എന്റെ ചിന്തയിലേക്ക് ഒരു മുരൾച്ചയോടെ അലച്ചു തല്ലുന്ന അസ്വസ്ഥതയായി ആ ചോദ്യമെറിഞ്ഞു തന്നത് .
ആ നിമിഷങ്ങളിൽ നീയെന്താണ് ചിന്തിച്ചത് ...?
കാലു വഴുതി വീണുവെന്നും ആത്മഹത്യയാണെന്നുമുള്ള പ്രചാരണങ്ങൾ ആദ്യം അഴിച്ചുവിട്ടത് നിന്റെ ഭർത്താവായിരിക്കില്ല .
കോൺക്രീറ്റ് തറയുടെ പരുപരുത്ത കാഠിന്യം നിന്നെയേറ്റു വാങ്ങിയപ്പോഴേ ഒരു കണ്ണീർ നായകന്റെ ,സർവ്വം നഷ്ടമായവന്റെ സുരക്ഷിതമായ പരിവേഷം അയാൾക്ക് നാട്ടുകാർ നൽകിക്കഴിഞ്ഞിരുന്നല്ലോ ...
ഞാനിവിടെ നിശബ്ദ സാക്ഷിയായി ഉഴറി ....
ഉരുകി ....
ഭയന്നു ....
നിന്റെ ഘാതകനെ ചൂണ്ടിക്കാണിക്കാനാവാതെ ...!
എന്റെ ജോലിക്കാരി വരും വരെ എനിക്കിത് തടവറയാണെന്ന് നിനക്കറിയാമോ ....?
മണിക്കൂറുകൾക്കകം നിന്റെ ഭർത്താവ് വിലങ്ങണിഞ്ഞ കൈകളുമായി ജനമദ്ധ്യത്തിൽ തല താഴ്ത്തി നിന്നപ്പോൾ ജനറലാശുപത്രിയിലെ മരവിച്ച നിശബ്ദതയിൽ നീ പുഞ്ചിരിച്ചുവോ ശുഭാംഗീ ....
ഇല്ല ...
നീ പരാജയപ്പെട്ടവളാണ് ....
നീയെങ്ങനെ പുഞ്ചിരിക്കും ...?
അവനെ നൊന്തു പെറ്റ അമ്മ കരഞ്ഞില്ലത്രേ ....
അവനിലെ അസുരനെ ആ അമ്മ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടാവും ....
നിന്റെ ഇന്നലെകളിൽ എത്രയോ പുരുഷ ജീവിതങ്ങൾ നീ കണ്ടിട്ടില്ലേ ....
മാധ്യമങ്ങൾ തരാതരം പുരുഷ പരിചയങ്ങൾ വാർത്തകളിൽ നിറച്ചിരുന്നതൊന്നും നീയറിഞ്ഞിട്ടില്ലേ .....
നീയെന്തുകൊണ്ടാണ് നിന്റെ ഭർത്താവിന്റെ ദംഷ്ട്രകൾ കാണാതെ പോയത് ..?
കുടുംബത്തെ മുഴുവൻ നെഞ്ചോടു ചേർത്തു സ്നേഹിച്ച ബാബയെ പോലാണ് ലോകത്തിലെ സകല പുരുഷൻമാരുമെന്ന് നീ തെറ്റിദ്ധരിച്ചതെന്തിനാണ് ??
താഴത്തെ പാർക്കിംഗ് ഏരിയയിൽ നീ വെള്ളപുതച്ച് വന്നിറങ്ങിയപ്പോൾ ഞാനീ ജനലരികിൽ തന്നെ ഉണ്ടായിരുന്നു. ഇലക്ട്രിക് ശ്മശാനത്തിലേക്ക് നീ പോയപ്പോഴും .....
കരയണമെന്ന് എനിക്ക് തോന്നിയില്ല .
ഇനി മരവിക്കാൻ നീയെനിക്ക് തന്ന നെഞ്ച് പിളർത്ത നടുക്കം മാത്രമേ ബാക്കിയുള്ളു ...
ശുഭാംഗീ .....
നീയിത് കണ്ടോ ...?
ഇന്നത്തെ ഇംഗ്ലിഷ് പത്രമാണിത് .
നിന്റെ ഉദരത്തിൽ മൂന്നു മാസമെത്താത്ത ഒരു ജീവനുണ്ടായിരുന്നുവെന്ന് ...
എന്നിലേക്കലയടിച്ചിരുന്ന ചോദ്യത്തിന്റെ ചുവട്ടിലേക്ക് കണ്ണുനീരോടെ ഞാൻ ഊർന്ന് വീണുപോയി ...
കരഞ്ഞു പോയി ....
ശബ്ദം മരിച്ചു പോയ എന്റെ തൊണ്ടക്കുഴിയിൽ എണ്ണമില്ലാത്ത ഏങ്ങലടികൾ കുമിഞ്ഞു കൂടി ....
ആ നിമിഷങ്ങളിൽ നിന്റെ ഉദരത്തിന്റെ നിലവിളി നീ കേട്ടിട്ടുണ്ടാവണം
നീയതല്ലാതെ മറ്റൊന്നും കേട്ടിട്ടുണ്ടാവില്ല.....
കേട്ടിട്ടുണ്ടാവില്ല ....
ആയിരം സാരണികളിലൂടെ ഞാനാ ചോദ്യത്തെ ഒഴുക്കിവിടുകയാണ് .....
ശുഭാംഗീ ....
ആ നിമിഷങ്ങളിൽ നീ ചിന്തിച്ചതെന്തായിരുന്നു ....?
നീ എന്തെങ്കിലും ചിന്തിച്ചുവോ , നിന്റെ ഉദരത്തിലെ നൊമ്പര നിലവിളിക്ക് കാതോർത്തതല്ലാതെ ....!
Dr ശാലിനി CK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot