നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടിഞ്ഞൂൽ പൊട്ടൻ ( Short Story )

Image may contain: 1 person, smiling, selfie and closeup

കായലിനു മുകളിലൂടെ ഒരു പരുന്ത് അങ്ങ് താഴെ ജലപ്പരപ്പിൽ ഇരയെ തിരഞ്ഞുകൊണ്ട് വട്ടമിട്ടു പറക്കുന്നു.
കായലോരത്തെ അബാദ് അപ്പാർമെന്റിന്റെ എട്ടാം നിലയിലെ ബാൽക്കണിയിൽ മദ്യപിച്ചുകൊണ്ടിരുന്ന ശിവറാം, മുമ്പിലിട്ടിരുന്ന ടേബിളിൽ ആഞ്ഞു തൊഴിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു. മദ്യഗ്ലാസ്സും മിക്സർ പ്ലേറ്റും തെറിച്ചു വീണു ചിതറി.. അവൻ മറിയയുടെ നേരെ ചീറിയടുത്ത . മറിയ ഭയന്ന് പിറകിലോട്ടു ഒതുങ്ങി മാറി.
"എടീ , വാക്കിന് വിലയില്ലാത്ത നാറി , നല്ല ഫ്രഷ് പെങ്കൊച്ചിനെ കൊടുക്കാമെന്നു പറഞ്ഞു പോളച്ചന്റെ കയ്യീന്ന് കാശെണ്ണി വാങ്ങീട്ട് ആഴ്ച്ച ഒന്ന് കഴിഞ്ഞു. നിന്റെ മറ്റവന്മാര് ഇപ്പൊ ഒലത്തും എന്ന് പറഞ്ഞത് കേട്ടാ ഞാൻ പോളച്ചനോട് ഇന്നിങ്ങ് പോരാൻ പറഞ്ഞത്, അങ്ങേര് തൊടുപുഴേന്നു പുറപെടുകേം ചെയ്തു.. ഇപ്പൊ വന്നു നിന്ന് ഒരുമാതിരി ഞഞ്ഞാ പിഞ്ഞാ പറയുന്നോ .. ദേ അങ്ങേരു വരുമ്പോൾ കൊച്ചിവിടില്ലെങ്കിൽ വാങ്ങിച്ച കാശും തിരിച്ചു കൊടുക്കണം.. എന്റെഒരു നല്ല കസ്റ്റമറും പോകും.. എനിക്ക് കേക്കണ്ട നിന്റെ ന്യായങ്ങളൊന്നും.. നിന്റെ ചെക്കന്മാരെ വിളിച്ചവളെവിടെയുണ്ടെങ്കിലും പൊക്കാൻ പറ ... ഒരു മണിക്കൂറിനുള്ളിൽ ആളിവിടെ എത്തണം.."
ആജാനബാഹുവായ ശിവരാമിന്റെ മുമ്പിൽ മരട് മറിയം നിന്ന് വിറച്ചു. അവന്റെ കൈകൊണ്ട് ഒരടികിട്ടിയാൽ പിന്നെ ജീവൻ ബാക്കി ഉണ്ടാവില്ല.
" നമ്മുടെ ചെക്കന്മാരവളെ ശരിക്കും സ്കെച്ച് ചെയ്തതാ റാം സാറേ.. മരുന്ന് കുറെയധികം വെറുതെ കൊടുത്താ അവളെ അഡിക്റ്റാക്കിയത്.. ഇന്നലെ സ്റ്റഫ് ചോദിച്ചപ്പോൾ, ഇന്ന് രാവിലെ ക്ലാസ്സ് കട്ട് ചെയ്തു വന്നാൽ തരാമെന്ന് പറഞ്ഞു.. സ്റ്റഫിനു വേണ്ടി എവിടെ വേണമെങ്കിലും വരാൻ അവൾ തയ്യാറായിരുന്നു . പക്ഷെ ഇന്നലെ രാത്രി അവൾ ഹോസ്റ്റലിൽ വല്ലാണ്ട് വയലന്റായി.. ഹോസ്റ്റൽ വാർഡൻ വീട്ടുകാരെ വിവരമറിയിച്ചു.. രാത്രിക്ക് രാത്രി അവർ വന്നു കൂട്ടികൊണ്ടുപോയി. .. ഛെ എന്റെ കാശ് കുറേ വെറുതെ കളഞ്ഞു .. " മരട് മറിയം തന്റെ നിരപരാധിത്വം വ്യക്തമാക്കി.. ഒരു ഇര കൈപ്പിടിയിൽ നിന്നും രക്ഷപെട്ടതിൽ അവൾക്കും ഒരുപാട് നിരാശയുണ്ട്.
അവളുടെ റിക്രൂട്ടിങ് ചെക്കന്മാർക്കിതുവരെ പിഴവ് പറ്റിയിട്ടില്ല..
കോപം അല്പമൊന്ന് ശമിച്ചപ്പോൾ ശിവറാം പുതിയ ഒരു ഗ്ലാസ്സെടുത്തു മദ്യം പകർന്നു.. വെള്ളമൊഴിക്കാതെ ഒറ്റവലിക്ക് കുടിച്ചു തീർത്തു.. ചിറി തുടച്ചിട്ട് വാച്ചിൽ നോക്കി.. ഇനി മുക്കാൽ മണിക്കൂർ അതിനുള്ളിൽ പോളച്ചനെന്ന പണച്ചാക്ക് ഇവിടെയെത്തും. എന്ത് ചെയ്യുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.. അയാളെ പിണക്കാനും പറ്റില്ല..
മൊബൈൽ റിങ് ചെയ്യുന്നു പോളച്ചനാവല്ലേ എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഫോണിൽ നോക്കി ..
"റാഫേൽ ആൻഡ്രുസ് കാളിങ് ... "
നീല കണ്ണുള്ള അതീവ സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രം ഡിസ്പ്ലേയിൽ തെളിഞ്ഞു ..
"നാശം, അവൾക്ക് വിളിക്കാൻ കണ്ട നേരം .. "
ശിവറാം ഫോൺ കട്ട് ചെയ്തു.. എന്ത് ചെയ്യണം എന്നാലോചിച്ചുകൊണ്ട് ബാൽക്കണിയിലൂടെ വാലിനു തീപിടിച്ച പോലെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു..
വീണ്ടും ഫോൺ റിങ് ചെയ്യുന്നു.. മൊബൈലിൽ വീണ്ടും റാഫേലിന്റെ ചിത്രം തെളിഞ്ഞു. അവന്റെ കണ്ണുകളിൽ കുടിലമായ ഒരു തിളക്കം.
കായലിനു മുകളിൽ വട്ടമിട്ടു പറന്നു കൊണ്ടിരുന്ന പരുന്ത് ജലപ്പരപ്പിൽ ഒരു തിളങ്ങുന്ന മൽസ്യത്തെക്കണ്ടു, .. ഒരു നൊടിയിൽ അത് ആകാശത്തുനിന്ന് ഇരയെ ലക്ഷ്യമാക്കി താഴേക്ക് ഊളിയിട്ടു.
മറിയയോട് ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ചുകൊണ്ട് ശിവറാം ഫോൺ അറ്റൻഡ് ചെയ്തു
"ഹലോ ,.. ശിവറാം അങ്കിൾ ഇത് ഞാനാണ് റാഫേൽ.." രൂപം പോലെത്തന്നെ അവളുടെ ശബ്ദവും എത്ര മനോഹരം എന്ന് മനസ്സിലോർത്തുകൊണ്ട് ശിവറാം പറഞ്ഞു..
"സോറി മോളെ, അങ്കിൾ ഒരു പ്രൊഡ്യൂസറുമായി അടുത്ത സിനിമയുടെ ഡിസ്കഷനിൽ ആയിരുന്നു.. അതുകൊണ്ടാണ് ആദ്യം വിളിച്ചപ്പോൾ എടുക്കാതിരുന്നത്.." സംസാരത്തിനിടയിൽ അവൻ മറിയയെ കണ്ണിറുക്കി കാണിച്ചു.
"സോറി അങ്കിൾ ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം.. ഞാൻ അന്ന് അങ്കിളിനോട് ചോദിച്ച എമൗണ്ട് കിട്ടുമോന്നറിയാനാ.. അത്യാവശ്യമായിട്ടാണ്" റാഫേൽ മടിച്ചുമടിച്ചു പറഞ്ഞു.
"അയ്യോ, മോള് ചോദിച്ചാൽ അങ്കിളെങ്ങനെ ഇല്ലാന്ന് പറയും.. വന്നോളൂ ഞാൻ പണമെടുത്തു വെച്ചിട്ടുണ്ട്, വന്നു വാങ്ങിച്ചോളൂ , പിന്നെ അമ്മയേം കൂട്ടീട്ട് വരണം.. കുറേക്കാലമായില്ലേ അമ്മയെ കണ്ടിട്ട് .." ശിവറാമിന്റെ വാക്കുകളിൽ വാത്സല്യം തുളുമ്പി.
“മമ്മ ഹോസ്പിറ്റലിൽ ആണ് അങ്കിൾ നാളെയാണ് ഓപ്പറേഷൻ .. അന്ന് എമൗണ്ട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നല്ലോ .. " നേർത്ത ശബ്ദത്തിൽ റാഫേൽ പറഞ്ഞു .
" ഓ ഞാനതു മറന്നു എങ്കിൽ മോള് വരണ്ട.. അങ്കിള് കൊണ്ട് വന്നു തരാം.. എവിടെ വരണമെന്ന് പറഞ്ഞാ മതി " നിഷ്കളങ്കനായഭിനയിച്ചുകൊണ്ട് ശിവറാം ചോദിച്ചു.
"ഞാൻ വരാം അങ്കിൾ. ഇറ്റ്സ് നോട് ഫെയർ റ്റു ബോതർ യു സൊ മച്ച് " റാഫേൽ പറഞ്ഞു ..
"എങ്കിൽ ഞാൻ വെയിറ്റ് ചെയ്യാം മോളെ .. ആ പിന്നെ ഒരു അര മണിക്കൂറിനുള്ളിൽ എത്തിയാൽ നന്നായിരുന്നു. അങ്കിളിനെ കാണാൻ ഒരു ഗസ്റ്റ് വരുന്നുണ്ട് " ശിവറാം മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി..
"ദാ ഞാൻ പുറപ്പെട്ടു അങ്കിൾ, ട്രാഫിക് ബ്ലോക്കില്ലെങ്കിൽ ജസ്റ്റ് ഫിഫ്റ്റീൻ മിനിട്സ് " അവൾ ഫോൺ കട്ട് ചെയ്തു…
*********************************
വൈറ്റില ട്രാഫിക് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കുമ്പോൾ കാറിന്റെ പുറകിലെ സീറ്റിൽ പെട്ടെന്ന് ഒരാളനക്കം. റാഫേലിന്റെ ഉള്ളംകാലിൽ നിന്നും ഭയം ഒരാന്തലായി ഉച്ചി വരെയെത്തി. ഗിയർ ന്യൂട്രലാക്കി ഹാൻഡ് ബ്രേക്കിട്ടിട്ട് പതിയെ തിരിഞ്ഞു നോക്കി, ആരോ ഒരാൾ സീറ്റുകളുടെ ഇടയിൽ പതുങ്ങി ഇരിക്കുന്നു.
"ആരാ അത് .. " ധൈര്യം സംഭരിച്ചുചോദിച്ചു. മറുപടിയില്ല
ചുറ്റും ആളുകൾ ഉള്ള ധൈര്യത്തിൽ അവൾ വിറയ്ക്കുന്ന കൈകൊണ്ട് പതുങ്ങി ഇരുന്ന ആളിന്റെ മുടിയിൽ കുത്തിപ്പിടിച്ചു മുകളിലേക്കുയർത്തി.
"കുഞ്ഞാവേ ... പത്തിച്ചേ " - മുഖം മറച്ചുപിടിച്ചിരുന്ന കൈകൾ പതിയെ മാറ്റി,
എന്നിട്ട് ഒരു വലിയ തമാശ ഒപ്പിച്ച പോലെ അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു.
"നീ ഇതെപ്പോഴാടാ പൊട്ടാ കാറിനകത്ത് കയറിയത് .. ഇഡിയറ്റ് ..
ഒരിടത്തുപോലും സമാധാനമായി പോകാൻ സമ്മതിക്കില്ല - കടിഞ്ഞൂൽ പൊട്ടൻ "..
റാഫേലിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. കാറിനുളളിൽ നിന്നും ഉയർന്ന സ്ത്രീ ശബ്ദം കേട്ട് സിഗ്നലിൽ നിറുത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളിൽ നിന്ന് ആളുകൾ ശ്രദ്ധിക്കുന്നു. റാഫേൽ ഒരു നിമിഷം വല്ലാതായി,..
ഭാഗ്യം, സിഗ്നലിൽ ഗ്രീൻ ലൈറ്റ് തെളിഞ്ഞു അവൾ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു ദൂരെ മാറ്റി വണ്ടി സൈഡിൽ ഒതുക്കിയിട്ട് പുറകിലേക്ക് തിരിഞ്ഞു, നിഷ്കളങ്കമായ കുസൃതിച്ചിരിയോടെ മിക്കി എന്ന മിഖായേൽ ബാക്ക് സീറ്റിൽ ചമ്രം പടിഞ്ഞിരിക്കുന്നു.
അവൻ സ്വതവേയുള്ള കൊഞ്ചലോടെ പറഞ്ഞു - " പൊത്താന്ന് വിളിക്കല്ലേ കുഞ്ഞാവേ .. ഞാൻ നിന്റെ ഏത്തായി അല്ലെ , ഇനി അങ്ങിനെ വിളിച്ചാ ഞാൻ കുഞ്ഞാവയോട് മുണ്ടൂല "
"ഒരു ചേട്ടായി വന്നിരിക്കുന്നു .. ഒരുപകാരവും ഇല്ലാത്ത ജന്മം .. മനുഷ്യരിവിടെ തീ തിന്നുമ്പോളാ അവന്റെയൊരു പൊട്ടങ്കളി"
" അയെന്തിനാ തീ തിന്നണെ, ഞാൻ കുഞ്ഞാവയ്ക്കു മുട്ടായി വാങ്ങിത്തരാലോ " പോക്കറ്റിൽ നിന്നും ഒരു പഴയ അഞ്ചു രൂപ നോട്ടെടുത്തു വീശികാണിച്ചിട്ട് മിക്കി അവളെ നോക്കി.
അവൾ വിധിയെ ശപിക്കുന്നത് പോലെ തന്റെ ശിരസ്സ് കാറിന്റെ സ്റ്റിയറിങ്ങിൽ ഒന്ന് രണ്ടു തവണ ഇടിച്ചു. അത് കണ്ടപ്പോൾ മിക്കിയ്ക്ക് സങ്കടമായി.
"വേണ്ട കുഞ്ഞാവേ.. ഞാൻ വീട്ടീ പൊക്കോളാം .." അവൻ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങാനൊരുങ്ങി.
റാഫേൽ വേഗം അവനെ തടഞ്ഞു .. ഈ നഗരത്തിരക്കിൽ അവൻ ഇറങ്ങിപ്പോയാൽ പിന്നെ അന്വേഷിച്ചു കണ്ടുപിടിക്കാൻ താൻ തന്നെ കഷ്ടപെടണം.
" ഇങ്ങോട് നോക്ക് മിക്കി.. ഞാൻ ഒരാളെ അത്യാവശ്യമായി കാണാൻ പോകുവാ.
നീ അടങ്ങി ഒതുങ്ങി ഈ കാറിലിരുന്നോളണം .. എന്റെ കൂടെയെങ്ങാനും വരണം എന്ന് വാശി പിടിച്ചാൽ നല്ല പിച്ചു വച്ച് തരും കേട്ടോടാ പൊട്ടാ" ..
മിക്കി സമ്മതമെന്നോണം തലയാട്ടി. അവൾ കാർ മുന്നോട്ടെടുത്തു.
പനമ്പിള്ളി നഗർ അബാദ് റെസിഡൻഷ്യൽ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ അവൾ തന്റെ പഴയ മാരുതി 800 കാർ നിർത്തി..
പുറത്തിറങ്ങി കാർ ലോക്ക് ചെയ്യും മുമ്പേ പുറകിലേക്ക് നോക്കി വീണ്ടും താക്കീത് ചെയ്തു. പറഞ്ഞത് കേട്ടല്ലോ പുറത്തേക്കെങ്ങും ഇറങ്ങരുത്. ഇറങ്ങിയാൽ ദേ ആ പോലീസുകാര് നിന്നെ വെടി വെക്കും.. കുറച്ചു ദൂരെമാറി നിന്നിരുന്ന സെക്യൂരിറ്റി ഓഫീസേഴ്സിന്റെ നേരെ വിരൽ ചൂണ്ടി മിക്കിയെ വീണ്ടും താക്കീത് ചെയ്തിട്ട് അപ്പാർമെന്റിലെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു .
മിഖായേൽ അവൾ പോയ വഴിയേ കുറച്ചു നേരം നോക്കിയിരുന്നു. അവൾ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ വീണ്ടും ഒരു കുസൃതി ഒപ്പിക്കാനെന്നവണ്ണം കാറിന്റെ ഡോർ തുറന്ന് ഒരു കള്ളനെ പോലെ പതുങ്ങി പുറത്തിറങ്ങി.. അവനു സുപരിചിതമാണ് ആ അപാർട്മെന്റിന്റെ മുക്കും മൂലയും.. അവൻ കുട്ടികളുടെ പ്ലെയിങ് ഗാർഡനിലേക്ക് ഓടി.
*******************************************
“സ്വർഗ്ഗത്തിലെ മാലാഖമാരിൽ ചിലരെ ദൈവം അപൂർവ്വമായി ഭൂമിയിലേക്കയക്കും, അദ്ദേഹത്തിൻറെ വിശ്വസ്തരായവരുടെ അരികിലേക്ക്. അവരുടെ മക്കളായി ആ മാലാഖമാർ ഈ ഭൂമിയിൽ ജനിക്കും.
ആ മാലാഖക്കുഞ്ഞുങ്ങൾ മറ്റ് കുട്ടികളെപ്പോലായിരിക്കില്ല, നിഷ്കളങ്കരും ഈ ലോകത്തിന്റെ കാപട്യങ്ങളൊന്നും അറിയാത്തവരുമായിരിക്കും. അവിവേകികളായ മനുഷ്യർ അവരെ മെന്റലി ഡിസേബിൾഡ്, ബുദ്ധിമാന്ദ്യമുള്ളവർ എന്നൊക്കെ വിളിക്കും” തന്റെ നെഞ്ചത്ത് കമിഴ്ന്നു കിടന്നുറങ്ങുന്ന കുഞ്ഞിനെ മെല്ലെ തലോടിക്കൊണ്ട് ആൻഡ്രുസ് തുടർന്നു..
"നമുക്ക് ദൈവം തന്ന ഒരു സമ്മാനമാണിവൻ - നമ്മുടെ സ്വന്തം മിഖായേൽമാലാഖ- നമ്മിൽ ദൈവത്തിന് അത്രമേൽ വിശ്വാസമാണെന്നതിന്റെ തെളിവും. ആ വിശ്വാസം നമ്മൾ കാത്തുസൂക്ഷിക്കണം. ഇവന് ഒരിക്കലും ഒരു കുറവും ഉണ്ടാകരുത്. നമുക്കിവൻ മാത്രം മതി.. ഇനിയും കുട്ടികൾ ഉണ്ടായാൽ ഒരുപക്ഷെ നമ്മൾക്ക് ഇവനോടുള്ള സ്നേഹത്തിൽ കുറവുണ്ടാകും... ആലീസ് കേൾക്കുന്നുണ്ടല്ലോ ഞാൻ പറയുന്നത് "
കൺകോണുകളിൽ നിന്നും ഈറൻ തുടച്ചിട്ട് ആലീസ് പതിയെ ഭർത്താവിനോട് ചേർന്ന് കിടന്നു. അദ്ദേഹത്തിന്റെ നെഞ്ചിൽ പറ്റിച്ചേർന്നുറങ്ങുന്ന മിഖായേലിൻറെ നെറുകയിൽ മെല്ലെ തലോടി.
"ഒരു കുഞ്ഞു കൂടി വേണ്ടേ ഇച്ചായാ, വയസ്സാകുമ്പോൾ നമ്മളെ നോക്കാൻ, ഇവനോടുള്ള സ്നേഹത്തിന് ഒരിക്കലും ഒരു കുറവും വരാതെ നമ്മൾ നോക്കിയാൽ പോരെ" പറയുമ്പോൾ ആലീസിന് ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“ആ കുഞ്ഞിനും ഇതുപോലെന്തെങ്കിലും കുറവുണ്ടെങ്കിൽ പിന്നെന്ത് ചെയ്യും.. ഇന്നത്തെ കാലത്ത് അതിബുദ്ധിമാന്മാരായ പലരും സ്വന്തം മാതാപിതാക്കളെ നോക്കാറില്ലലോ. നമുക്ക് വേണ്ടത് ഞാൻ സമ്പാദിക്കുന്നുണ്ട്, വയസ്സാകുമ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരു വ്രദ്ധസദനത്തിൽ കൊടുക്കാനുള്ള തുക എപ്പോഴും ഞാൻ കരുതിയിരിയ്ക്കും. ഞാൻ പറഞ്ഞതാണ് ശരി. നമുക്കിവൻ മാത്രം മതി.. ആൻഡ്രുസ് തീർത്തു പറഞ്ഞു .
ആലീസ് പിന്നെ തർക്കിക്കാൻ നിന്നില്ല, അവൾക്കറിയാം തർക്കിച്ചിട്ടു കാര്യമില്ല എന്ന്.
പതിനഞ്ചു വർഷങ്ങൾ കടന്നു പോയി..
മിഖായേലിന്റെ ശരീരം നല്ല പുഷ്ടിയോടെ വളർന്നു. പക്ഷെ ബുദ്ധി അപ്പോഴും ഒരു മൂന്നു വയസ്സ്കാരന്റേതു മാത്രമായിരുന്നു. ജീവിത നൈരാശ്യം കാരണം ആലീസിന്റെ മാനസികനില വളരെയധികം തളർന്നു, ആരോഗ്യവും മോശമായി.
ഒടുവിൽ ഒരു മനോരോഗവിദഗ്ദ്ധന്റെ സ്നേഹപൂർവ്വമുള്ള ഉപദേശംമൂലം
ആൻഡ്രുസ് വീണ്ടുമൊരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആലീസിനെ അനുവദിച്ചു. അവർക്ക് നക്ഷത്ര കണ്ണുകൾ ഉള്ള സുന്ദരിയായ ഒരു പെൺകുട്ടി ജനിച്ചു. രോഗവും ദുരിതങ്ങളും തീർക്കുന്ന റാഫേൽ എന്ന മാലാഖയുടെ പേരാണ് ആൻഡ്രുസ് അവൾക്കിട്ടത്. ആലീസിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ ദിവസങ്ങൾ തിരികെയെത്തി.
ഏതൊരു പുതിയ കളിപ്പാട്ടവും, നിമിഷ നേരം കൊണ്ട് പൊളിച്ചടുക്കുന്ന മിഖായേലിന് - റാഫേൽ - പപ്പയും മമ്മയും അവനു വേണ്ടി പുതിയതായി വാങ്ങിയ ഒരു കളിപ്പാട്ടമായാണ് തോന്നിയത്. മിക്കപ്പോഴും അവൻ അവളെ മനസ്സറിയാതെ ഉപദ്രവിച്ചു. പല പാവകളുടെയും നീല കണ്ണുകൾ അവൻ കൈകൊണ്ട് തോണ്ടി പുറത്തെടുക്കുമായിരുന്നു. റാഫേൽ പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. അവന്റെ കൗതുകത്തോടെയുള്ള പിച്ചലും ചെറിയ അടികളുമെല്ലാം ചെറുപ്പം മുതൽക്കേ അവളിൽ അവനോട് അഗാധമായ വെറുപ്പും ഭയവും നിറച്ചു. മറ്റു കുട്ടികൾ വിളിക്കും പോലെ അവളും അവനെ
പപ്പയും മമ്മയും കേൾക്കാതെ വിളിക്കും
"കടിഞ്ഞൂൽ പൊട്ടൻ".
അപ്പോഴും മിഖായേലിനെ പപ്പയും മമ്മയും പഴയതുപോലെ തന്നെ സ്നേഹിച്ചു.
രണ്ടു വര്ഷം മുമ്പ് ഒരു രാത്രിയിൽ റാഫേലിന്റെ നിർബന്ധത്തിനു വഴങ്ങി അവരെല്ലാം ഒരു സെക്കന്റ് ഷോ സിനിമ കാണാൻ പോയി. ഒരു ഇഗ്ലീഷ് ആക്ഷൻ മൂവി.
സിനിമ കണ്ടിറങ്ങിയ മിഖായേൽ വളരെയേറെ സന്തോഷവാനായിരുന്നു.. അവന് ചറപറാ വെടിവെക്കുന്ന ആ സിനിമയിലെ ഹീറോയെ ഒരുപാടിഷ്ടമായി. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അവൻ ആ നായകനെ അനുകരിച്ചു.
ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന പപ്പയുടെ തലയുടെ പുറകിൽ കൈപ്പത്തി തോക്കു പോലെ മുട്ടിച്ചിട്ട് അവൻ ഉറക്കെ ഒച്ചവെച്ചു.
"ഠോ "
ആൻഡ്രുസിന്റെ ശ്രദ്ധ ഒരു നിമിഷം ഡ്രൈവിങ്ങിൽ നിന്ന് മാറി.. എതിരെനിന്നും അതിവേഗം വന്നുകൊണ്ടിരുന്ന ഒരു ടാങ്കർ ലോറിയുടെ അടിയിലേക്ക് അവരുടെ കാർ ഇടിച്ചുകയറി.
ആൻഡ്രുസ് സംഭവസ്ഥലത്തു വച്ച് തന്നെ ജീവൻ വെടിഞ്ഞു. ആലീസിന്റെ നില അതീവ ഗുരുതരമായിരുന്നു. ഐസിയുവിൽ തന്നെ പല മാസങ്ങൾ കിടന്നു.. റാഫേലും മിഖായേലും നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ആൻഡ്രുസ് നടത്തിക്കൊണ്ടിരുന്ന ഫിനാൻസ് സ്ഥാപനം പൊളിഞ്ഞു.
ഇടപാടുകാർ അവരുടെ മിക്ക സ്വത്തുക്കളും കൈക്കലാക്കി. ഒടുവിൽ ശേഷിച്ചത് അബാദ് അപ്പാർട്ടുമെന്റിലെ അവർ താമസിച്ചുകൊണ്ടിരുന്ന ആ വീട് മാത്രം. പിന്നെ ആലീസിന് വിവാഹ സമ്മാനമായികിട്ടിയ ഒരു പഴയ മാരുതി കാറും…. ബന്ധുക്കൾ എല്ലാവരും ഒന്നൊന്നായി കൈയൊഴിഞ്ഞു..
ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ അവർ ആ അപാർട്മെന്റ് വാടകയ്ക്ക് കൊടുത്തു.. പപ്പയുടെ ഫിനാൻസ് സ്ഥാപനത്തിലെ ഒരു സ്ഥിരം കസ്റ്റമർ ആയിരുന്ന ശിവറാം എന്ന സിനിമാ സംവിധായകന് - മാസം മുപ്പതിനായിരം രൂപക്ക്. നഗരത്തിനു വെളിയിൽ ഒരു കൊച്ചു വീട് മാസം അയ്യായിരം രൂപക്ക് വാടകയ്ക്കെടുത്തു. പപ്പയുടെ മരണത്തിനും, തങ്ങളുടെ ദുരിതങ്ങൾക്കും കാരണക്കാരനായ മിഖായേലിനോട് റാഫേലിന് അതി കഠിനമായ കോപമാണുണ്ടായിരുന്നത്.
ശിവറാം ഒന്ന് രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.. നിർമ്മാതാക്കൾക്ക് ഭാരിച്ച നഷ്ടം മാത്രം സമ്മാനിച്ച് അവയെല്ലാം എട്ടു നിലയിൽ പൊട്ടി.
ഇപ്പോൾ അയാൾ ആ നഗരത്തിലെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു പിമ്പ് ആണ്. സമൂഹത്തിലെ ഉന്നതർക്ക് രാ കൂട്ടൊരുക്കുന്നതാണ് അവന്റെ ഇപ്പോഴത്തെ ബിസിനസ് .
ശിവറാമിന്റെ ചിലന്തിവല നഗരം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. പല കോളേജ് വിദ്യാർത്ഥിനികളും പ്രണയം മൂലമോ , മയക്കു മരുന്നിനാലോ ആകർഷിക്കപ്പെട്ട് അവരുടെ വലയിൽ വീണു, ചിലപ്പോൾ പണത്തിന് വേണ്ടിയും. ഏറ്റവും വേണ്ടപ്പെട്ടവർക്ക് അവൻ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ തന്നെ മാംസ വിരുന്നൊരുക്കി. ചില സമയം മയക്കുമരുന്ന് പാർട്ടികളും. എട്ടാം നിലയിലെ ആ ഫ്ലാറ്റിന്റെ അടുത്തുള്ള മറ്റ് വീടുകളിൽ ആൾതാമസമില്ലാത്തത് അതിനൊക്കെ വളരെ സൗകര്യമായിരുന്നു.
********************************************
ലിഫ്റ്റിൽ എട്ടാമത്തെ ഫ്ലോറിലേക്ക് പോകുമ്പോൾ റാഫേലിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ചെറുപ്പം മുതൽ ഈ ലിഫ്റ്റിൽ എത്രെയോ തവണ സന്തോഷത്തോടെ വീട്ടിലേക്കു പോയിരിക്കുന്നു.
ഇന്ന് അതേ വീട്ടിലേക്ക് വാടകക്കാരന്റെ മുമ്പിൽ കുറച്ചു തുക കടം വാങ്ങാൻ വിധി തന്നെ അയക്കുന്നു. അന്നത്തെ ആ ആക്സിടെന്റിനു ശേഷം മമ്മയുടെ ശരീരത്തിൽ നാലഞ്ച് ഓപ്പറേഷനുകൾ നടത്തേണ്ടി വന്നു. ഇനി ഒന്ന് കൂടി ബാക്കി, ഒരു പക്ഷെ നാളത്തെ ഓപ്പറേഷൻ കഴിഞ്ഞാൽ മമ്മയ്ക്ക് വീണ്ടും പഴയതു പോലെ നടക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനും സാധിക്കും. തനിക്കൊറ്റയ്ക്ക് ഒരു വീട് നോക്കി നടത്താനുള്ള കഴിവില്ല, കഴിഞ്ഞ രണ്ടു വര്ഷം കൊണ്ട് ഒരുപാട് ജന്മങ്ങളുടെ ദുരിതങ്ങൾ ഒരുമിച്ചനുഭവിച്ചു. മമ്മയെങ്കിലും വേണം ഒരു തുണയ്ക്ക്.
തങ്ങളുടെ ജീവിതത്തിലെ സ്വർഗ്ഗതുല്യമായ ഒരു കാലഘട്ടം കഴിച്ചുകൂട്ടിയ ആ ഫ്ലാറ്റിന്റെ വാതിലിനു മുമ്പിൽ അൽപനേരം അവൾ എന്തൊക്കയോ ഓർത്തുകൊണ്ട് നിർന്നിമേഷയായി നിന്നു. പിന്നെ കാളിങ് ബില്ലിൽ വിരലമർത്തി. വേലക്കാരിയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ വന്നു കതകു തുറന്നു..
"റാഫേൽ മോളല്ലേ .. മുതലാളി പറഞ്ഞിരുന്നു.. വരൂ മോളെ " മരട് മറിയം അവളെ ഉള്ളിലേക്ക് ക്ഷണിച്ചു. മറ്റൊരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് കുറച്ചു ധൈര്യം നൽകി. അവൾ ഉള്ളിലേക്ക് കടന്നു. ആ വീടിനകത്തെ അപ്പോഴത്തെ അവസ്ഥ അവൾക്ക് ഉൾക്കൊള്ളാനായില്ല. പണ്ട് ഒരു പൊടി പോലും പറ്റാതെ മമ്മ പരിപാലിച്ചിരുന്ന വീട് ആകെ അലങ്കോലമായി കിടക്കുന്നു. അവിടവിടെ മാറാലയും ചിതലും. അഴുക്ക് തുണികൾ ചിതറിക്കിടക്കുന്നു... പണ്ട് കുന്തിരിക്കത്തിന്റെ സുഗന്ധം നിറഞ്ഞു നിന്ന വീടിനുള്ളിൽ മനംമടുപ്പിക്കുന്ന സിഗരിറ്റിന്റെയും മദ്യത്തിന്റെയും ദുർഗന്ധം. അവൾക്ക് സങ്കടം തോന്നി. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന യേശുവിന്റെയും മാതാവിന്റെയും ചിത്രങ്ങൾക്ക് പകരം ചില ഹോളിവുഡ് നടിമാരുടെ അർദ്ധനഗ്നമായ ചിത്രങ്ങൾ.
ഹാളിലെ സെറ്റിയിൽ ശിവറാം അങ്കിൾ ഇരിക്കുന്നുണ്ടായിരുന്നു, ആരോടോ ഫോണിൽ സംസാരിച്ചും കൊണ്ട്.
"പോളച്ചൻ സാറേ ഒരു പതിനഞ്ചു മിനുട്ട് സമയം കൂടി വേണം.. തിരക്കഥയിൽ ചില ചെറിയ മേക്കപ്പുകൾ ചെയ്യാനുണ്ട്.. സാറെന്തെങ്കിലുമൊക്കെ കഴിച്ചേച്ചും വന്നോളൂ നല്ലൊന്നാന്തരം തിരക്കഥ സാറിനു വേണ്ടി കാത്തിരിക്കുന്നുണ്ടാകും " ഫോൺ കട്ട് ചെയ്തിട്ട് ശിവറാം റാഫേലിനോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് അകത്തെ മുറിയിൽ പോയി അഞ്ഞൂറിൻറെ രണ്ടു കെട്ട് നോട്ട് എടുത്തുകൊണ്ടു വന്നു.
"പപ്പാ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.. ആ നന്ദി ഇപ്പോഴും എന്റെ മനസ്സിലുണ്ട്.. ഇതിൽ ഒരു ലക്ഷം രൂപയുണ്ട്.. മമ്മയുടെ ഓപ്പറേഷൻ നല്ല രീതിയിൽ നടക്കട്ടെ. ഞാനിത് വാടകയിൽ നിന്നും ഘഡുക്കളായി തിരികെ പിടിച്ചോളാം"
"ഒരുപാട് നന്ദി അങ്കിൾ, എഴുപത്തയ്യായിരം മതിയായിരുന്നു " അവൾ കൃതാർത്ഥതയോടെ ശിവറാമിനെ നോക്കി.
"ഹോസ്പിറ്റൽ കേസല്ലേ മോളെ .. എപ്പോഴാ കാശിന് ആവശ്യം വരിക എന്നറിയില്ലലോ തത്ക്കാലം കയ്യിൽ വച്ചോ.." ശിവറാം അവളെ സ്നേഹപൂർവ്വം നിർബന്ധിച്ചു.
റാഫേൽ നോട്ടുകെട്ടുകൾ തന്റെ ഹാൻഡ്ബാഗിനുള്ളിലാക്കി. പോകാനായി എഴുന്നേറ്റു.
"മോളിരിക്ക്, വന്നിട്ട് ഒന്നും കഴിക്കാതെ പോയാലെങ്ങനെയാ.. " അയാൾ പറയാൻ കാത്തിരുന്നത് പോലെ മറിയ രണ്ടു ഗ്ലാസിൽ നാരങ്ങാ ജ്യൂസുമായ് വന്നു.
" കഴിക്കൂ മോളെ .. എന്താ പുറത്തെ ചൂട് .. " മരട് മറിയം ഗ്ലാസ് അവളുടെ നേരെ നീട്ടി. റാഫേലിന് നിഷേധിക്കുവാനാകുമായിരുന്നില്ല.. അവൾ ഒരു ഗ്ലാസ് വാങ്ങി കുറച്ചു ജ്യൂസ് കുടിച്ചെന്നു വരുത്തി പോകാനായി എഴുന്നേറ്റു. വാതിലിന് നേരെ നടന്നു.. ഒരു വല്ലായ്ക..പെട്ടെന്ന് ശരീരത്തിന്റെ ഭാരം മുഴുവനും നഷ്ടമായ പോലെ. വേച്ചു വീഴാതിരിക്കാൻ അവൾ ചുവരിൽ ചാരി നിന്നു.
"എന്ത് പറ്റി മോളെ .. " ശിവറാം എഴുന്നേറ്റ് വന്നു
അവളുടെ ചുമലിൽ പിടിച്ചു നേരെ നിർത്താൻ ശ്രമിച്ചു. "ടീ മറിയേ, ദേ ഈ മോൾക്കെന്തോ ഒരു വയ്യായ്ക.. നീ ഇവളെ കൊണ്ടുപോയി കുറച്ചുനേരം ആ കട്ടിലിൽ കിടത്തിക്കേ "
മറിയ റാഫേലിനെ ചേർത്ത് പിടിച്ചു ബെഡ്റൂമിൽ കൊണ്ടുപോയി കിടത്തി. തിരികെ ഹാളിൽ വന്നപ്പോൾ ശിവറാം സന്തോഷത്തോടെ പറഞ്ഞു
" ഇത്രേം നല്ല ഒരു മൊതല് നീയൊന്നും തപസ്സിരുന്നാൽ പോലും കിട്ടില്ല .. ഇവളെ വച്ച് ഞാൻ ഇത്തിരി കളിക്കും.. ആ പിന്നെ ആ പോളച്ചൻ ഇപ്പൊ വരും നീയാ കൊച്ചിന്റെ ഉടുപ്പൊക്കെ മാറ്റി ഒരു നല്ല വെൽവെറ്റിന്റെ നൈറ്റി എടുത്തുടുപ്പിച്ചേ.. കുറച്ചു മേക്കപ്പും ഇട്ടോ ആദ്യത്തെ കച്ചവടം ഒരു മൂന്നു ലക്ഷത്തിനെങ്കിലും ഉറപ്പിക്കണം"
മറിയ റാഫേൽ ധരിച്ചിരുന്ന ജീൻസും ടീ ഷർട്ടും മാറ്റി. റാഫേലിന്റെ കത്തുന്ന സൗന്ദര്യം അവളെ അത്ഭുതപ്പെടുത്തി.. ഇത്രയ്ക്കു അഴകളവുകളും നിറവും ഒത്തു ചേർന്ന ഒരു പെൺകുട്ടിയെ അവൾ സിനിമകളിൽ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു സുതാര്യമായ നിശാവസ്ത്രം ധരിപ്പിച്ചു അവളുടെ മുഖം ഒരു ടൗവെൽ കൊണ്ട് തുടച്ചിട്ട് പുറത്തിറങ്ങി വാതിൽ ചാരി.
ശിവറാം മൂന്ന് ക്യാമറകൾ കൊണ്ടുവന്ന് ആ മുറിയുടെ പല കോണുകളിലായി ഒളിപ്പിച്ചു വെച്ചു. അവയെല്ലാം ഓൺ ചെയ്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.
വീഡിയോ റെക്കോർഡ് ചെയ്തുവെച്ചാൽ അതിന്റെ പേരിൽ ഈ കൊച്ചിനെ നാളെ വിളിപ്പുറത്തുവരുത്താം.. പിന്നെ പോളച്ചൻ തൊടുപുഴയിലെ ഉയർന്നു വരുന്ന ഒരു രാഷ്ട്രീയ നേതാവാണ്. നാളെ ഒരു മന്ത്രിയോ എംപിയോ ആയിക്കൂടായ്കയില്ല, ഇത് പോലൊന്ന് കയ്യിലുണ്ടെങ്കിൽ എന്നെങ്കിലും ഒരുകാലത്തു ഉപകാരപ്പെടും.
കാളിങ് ബെൽ ശബ്ദിച്ചു. ക്യാമറകളെല്ലാം ആരുടേയും ശ്രദ്ധയിൽ പെടില്ല എന്നുറപ്പുവരുത്തിയിട്ട് ശിവറാം പോയി ഡോർ തുറന്നു. പോളച്ചൻ.... ചുറ്റും കണ്ണോടിച്ച് അയാൾ ഉള്ളിലേക്കു കടന്നു.
" കിട്ടിയോ" ആകാംക്ഷയോടെയുള്ള ആർത്തി പൂണ്ട ചോദ്യം...
"പിന്നെ ഞാൻ ഏറ്റാൽ എന്നെങ്കിലും കിട്ടാതിരുന്നിട്ടുണ്ടോ .. " അൽപ്പം ഗർവ്വോടെ ശിവറാം ബെഡ്റൂമിന്റെ വാതിൽ തുറന്നു. ഉള്ളിൽ അപ്സരസിനെപ്പോലെ ഒരു പെൺകുട്ടി. നേർത്ത നിശാവസ്ത്രത്തിന്റെ സുതാര്യതയിൽ അവളുടെ അഴക് കണ്ട് പോളച്ചൻ വാ പിളർന്നു നോക്കി നിന്ന് പോയി. ..
"സാറെ ഇതേ ഐറ്റം വേറെയാ .. ആദ്യത്തെ ആളാ സാറ് .. റേറ്റ് ഇത്തിരി കൂടുതലാ അഞ്ചുലക്ഷം ..." ശിവറാം തന്റെ കച്ചവടതന്ത്രം പ്രയോഗിച്ചു. വിലപേശാനുള്ള ക്ഷമ പോളച്ചന് ഉണ്ടായിരുന്നില്ല.. അവൻ ബാഗിൽ നിന്നും പണക്കെട്ടുകൾ എടുത്ത് ശിവറാമിനെ ഏൽപ്പിച്ചു.. എന്നിട്ട് ഒരു മുയൽക്കുട്ടിയുടെ നേരെ പാഞ്ഞടുക്കുന്ന ചെന്നായെപോലെ റാഫേലിന്റ നേരേ തിരിഞ്ഞു.
റാഫേലിനെ കിടത്തിയിരുന്നത് അവളും പപ്പയും മമ്മയും മിക്കിയുമെല്ലാം പണ്ട് കിടന്നിരുന്ന അവരുടെ മാസ്റ്റർ ബെഡ്റൂമിൽ ആയിരുന്നു. കുട്ടികളായിരുന്നപ്പോൾ പപ്പ അവർക്കുവേണ്ടി സീലിംഗിൽ സൗരയൂഥത്തിന്റെയും നക്ഷത്രങ്ങളുടെയും സ്റ്റിക്കറുകൾ ഒട്ടിച്ചിരുന്നു. ലൈറ്റ് ഓഫ് ചെയ്യുമ്പോൾ അവ കുറേ നേരം തിളങ്ങും .. അത് കണ്ടാണ് പണ്ട് കുഞ്ഞായിരുന്നപ്പോൾ അവൾ ഉറങ്ങിയിരുന്നത്.. ഇന്ന് പാതി മയക്കത്തിൽ അവൾ മുകളിലേക്ക് നോക്കി, അവളെ കണ്ട് ആ നക്ഷത്രങ്ങൾ ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും തിളങ്ങി. അവൾ ഒരു സ്വപ്നത്തിലെന്ന പോലെ വിളിച്ചു "പപ്പാ" ...
അവളുടെ അരികിൽ കിടന്ന് ആ മനോഹരമായ സ്ത്രീ ശരീരം കണ്ട് ആസ്വദിച്ചുകൊണ്ടിരുന്ന പോളച്ചൻ അത് കേട്ടില്ല. പക്ഷെ അങ്ങ് നക്ഷത്രങ്ങൾക്കിടയിൽ നിന്ന് ഒരാൾ ആ വിളി കേട്ടു.
റാഫേൽ തന്റെ കണ്ണ് വീണ്ടും തുറക്കാൻ ശ്രമിച്ചു.. മുകളിൽ കറങ്ങുന്ന ഫാനിന്റെ വേഗത പലമടങ്ങായി വർദ്ധിച്ചുവോ. തന്റെ ശരീരത്തിന് മുകളിൽ ഒരു മനുഷ്യന്റെ ഭാരം.. അവൾ വീണ്ടും വിളിച്ചു.
" പപ്പാ "
മുകളിലെ നക്ഷത്രങ്ങൾക്കിടയിൽ ഒരു മാലാഖ. അവന്റെ കൈകളിൽ ദുഷ്ടരെ നിഗ്രഹിക്കുവാൻ ദൈവം കൊടുത്ത പടവാൾ.. അവന്റെ ചിറകുകളുടെ വെണ്മ ആ മുറിയെ പ്രകാശപൂരിതമാക്കി. ആ ചിറകുകൾ വീശി മാലാഖ അവളുടെ അടുത്തു വന്നു.
അവളുടെ ശരീരത്തിലേക്ക് അമർന്നു കൊണ്ടിരുന്ന പോളച്ചനെ മാലാഖ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തൂക്കിയെടുത്തു. പിന്നെ ചുമരിനോട് ചേർത്ത് നിർത്തി നാഭിയിൽ മുട്ടുകാലുകൊണ്ട് അതി ശക്തമായി ഇടിച്ചു.. വരിയുടച്ച കാളക്കൂറ്റന്റെ അമർച്ച ആ മുറിയെ പ്രകമ്പനം കൊള്ളിച്ചു.
അടുത്ത മുറിയിൽ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ശിവറാമിനെ തലയ്ക്കുമുകളിലേക്കുയർത്തി നിലത്തേക്കാഞ്ഞെറിഞ്ഞു. നട്ടെല്ല് പൊടിഞ്ഞു പോയ ശിവറാം ഒരു നായെയെ പോലെ ഉച്ചത്തിൽ മോങ്ങി.
എത്തിനോക്കിയ മരട് മറിയയുടെ ചെകിട്ടത്തു കിട്ടിയ അടിയിൽ രക്തം പൂക്കുല പോലെ ചിതറി. കൂടെ ഒന്ന് രണ്ടു പല്ലുകളും.
റാഫേലിനെ തന്റെ തോളിൽ തൂക്കി ആ മാലാഖ പതിയെ പുറത്തേക്ക് നടന്നു.. ആ ബലിഷ്ഠമായ തോളിൽ കിടന്ന് അന്നാദ്യമായി റാഫേൽ സ്നേഹത്തോടെ ആ മാലാഖയെ വിളിച്ചു.. " ചേട്ടായി "
മിഖായേൽ നിറഞ്ഞമനസ്സോടെ, സന്തോഷത്തോടെ ആ വിളി കേട്ടു " കുഞ്ഞാവേ" ...
"കുഞ്ഞാവയ്ക്കൊരു മിട്ടായി വാങ്ങി താ ചേട്ടായി " റാഫേൽ- അവന്റെ കുഞ്ഞുപെങ്ങൾ, ഒരു കൊച്ചു കുട്ടിയേപ്പോലെ ചിണുങ്ങി.
By
Saji. M.Mathew
16/12/2017.
Merry Christhmas and Happy new Year, friends. 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot