Slider

ഒരിക്കൽ കൂടി

0
Image may contain: 2 people, people smiling, closeup

ലിഫ്റ്റ് താഴേക്ക് പോവുകയായിരുന്നു.
അവർ നാലു പേരും നാല്പതാമത്തെ നിലയിൽ നിന്നും കയറിയതാണ്. ഉള്ളിൽ ഇലക്ട്രോണിക് പാനലിൽ നിലകളുടെ നമ്പറുകൾ ക്രമമായി തെളിഞ്ഞു കൊണ്ടിരുന്നു.
"ഈ മൊബൈലിന് ഇവിടെയും റേഞ്ച് ഉണ്ടല്ലോ.", മൊബൈൽ കുത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ മധു പറഞ്ഞു.
അത് കേട്ടതും അരവിന്ദൻ കയ്യിലെ ഫോൺ എടുത്തു നോക്കി.
"എൻ്റെ മൊബൈലിൽ സിഗ്നൽ കാണിക്കുന്നില്ല ", അവൻ മൊബൈൽ ജീൻസിൻ്റെ പോക്കറ്റിലേക്ക് കയറ്റി വെച്ചു.
"വീട്ടിലേക്ക് വിളിച്ചിട്ട് രണ്ടു ദിവസമായി. അമ്മ ഉറപ്പായും വഴക്ക് പറയും.", അരവിന്ദൻ ഒരു ദീർഘ ശ്വാസം വിട്ടു.
കൂടെയുള്ള മറ്റുള്ളവരിൽ ഒരാൾ വടക്കേ ഇന്ത്യക്കാരനായ രൺബീറും മറ്റേയാൾ പാക്കിസ്ഥാൻകാരനായ അസ്ലമും ആയിരുന്നു. ഒരേ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്നവർ ആയിരുന്നു അവർ നാലു പേരും.
അവരെ കൂടാതെ ലിഫ്റ്റിൻ്റെ മൂലയിലായി താടി വളർത്തിയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അരവിന്ദൻ പറയുന്നത് കേട്ട് ചെറുപ്പക്കാരൻ ചെറുതായി ചിരിക്കുന്നത് മധു ശ്രദ്ധിച്ചു. അയാളും മലയാളി തന്നെ എന്ന് മധു അപ്പോൾത്തന്നെ ഉറപ്പിച്ചു.
പെട്ടെന്ന് ലിഫ്റ്റ് ഒരു ശബ്ദത്തോടെ നിന്നു. ഉള്ളിലെ പ്രകാശം മിന്നിക്കൊണ്ടിരുന്നു. മധു നോക്കിയപ്പോൾ ഇലക്ട്രോണിക് പാനലിൽ രണ്ട് വരകൾ മാത്രം.
അരവിന്ദൻ മധുവിൻ്റെ മുഖത്തേക്ക് എന്താ പറ്റിയേ എന്ന് ചോദിക്കുന്ന ഭാവത്തിൽ നോക്കി.
"ഇപ്പോ ശരിയാവും.", ഇതൊക്കെ എത്രയോ കണ്ടിട്ടുണ്ട് എന്ന പോലെ മധു പറഞ്ഞു. എന്നിട്ട് ലിഫ്റ്റിലെ എമർജൻസി അലാറത്തിൻ്റെ ബട്ടൺ അമർത്തി.
സമയം കടന്നു പോയി. ഒരു മിനിറ്റ് കഴിഞ്ഞു കാണും, ലിഫ്റ്റ് നിശ്ചലം ആയിട്ട്. ചൂടും കൂടിക്കൂടി വരുന്നു. എ സി ഓഫായതു പോലെ.
ചെറുപ്പക്കാരൻ താടിയിൽ ചൊറിഞ്ഞു കൊണ്ട് വാച്ചിൽ അക്ഷമയോടെ നോക്കി. രൺബീർ ഹിന്ദിയിൽ അസ്ലാമിനോട് എന്തൊക്കെയോ പറയുന്നു.
സമയം നീങ്ങുന്തോറും മധുവിന് എന്തോ ടെൻഷൻ തോന്നിത്തുടങ്ങി. സാധാരണ അങ്ങിനെയൊന്നും തോന്നാത്തതാണ്.
പെട്ടെന്ന് മധുവിൻ്റെ ഫോൺ റിംഗ് ചെയ്തു. നോക്കിയപ്പോൾ സുഹൃത്ത് മോഹൻ വിളിക്കുന്നു. ജോലി തീർക്കാൻ കൂടെ വരാം എന്ന് ഇന്നലെ വൈകുന്നേരം കണ്ടപ്പോൾ പറഞ്ഞിട്ട് രാവിലെ മുങ്ങിയ കക്ഷിയാണ്.
"നല്ലയാളാ. ഞങ്ങള്‍ കുറേ വെയിറ്റ് ചെയ്തു.", മധു ഫോൺ എടുത്തു.
"നിങ്ങള്‍ എവിടെയാ? തിരിച്ചു പോന്നല്ലോ അല്ലെ? "
"ഒന്നും പറയണ്ട. പെട്ടിരിക്കുവാ.", മധു നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന വിയർപ്പുതുള്ളി തുടച്ചു.
"എന്ത് പറ്റി? നിങ്ങള്‍ ഇറങ്ങിയില്ലേ?", മോഹൻ്റെ ശബ്ദത്തിൽ എന്തോ പ്രശ്നം ഉള്ളത് പോലെ.
"ഞങ്ങൾ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുവാ. അഞ്ചു മിനിട്ട് ആയിക്കാണും. അവിടെ എന്തെങ്കിലും പ്രോബ്ലം? ", മധുവിന് ആകാംക്ഷ.
അപ്പുറത്ത് നിശ്ശബ്ദത. പറയണോ വേണ്ടയോ എന്ന് സംശയിക്കുന്നത് പോലെ.
"എന്താ കാര്യം?", മധുവിന് അസ്വസ്ഥത കൂടി വന്നു.
"നിങ്ങൾ പണി ചെയ്യാൻ പോയ കെട്ടിടത്തിൽ തീ പിടിച്ചെന്ന് ടി വി യിൽ കാണിക്കുന്നു. അറിഞ്ഞപ്പോൾ തന്നെ നിങ്ങളെ വിളിച്ചതാ. പെട്ടെന്ന് താഴെ ഇറങ്ങാൻ നോക്ക്.", മോഹൻ്റെ ശബ്ദം ഇടയ്ക്കിടെ മുറിയുന്നുണ്ടായിരുന്നു.
"ലിഫ്റ്റ് അനങ്ങുന്നില്ല. ഞങ്ങൾ നാലഞ്ച് പേരുണ്ട്. എന്താ ചെയ്യണ്ടേ എന്ന് ഒരു പിടിത്തം ഇല്ല", മധുവിന് ആകെ വെപ്രാളമായി. അരവിന്ദൻ മധുവിൻ്റെ മുഖത്തേക്ക് നോക്കി. എന്തോ പ്രശ്നം ഉണ്ടെന്ന് അവന് പെട്ടെന്ന് മനസ്സിലായി.
"ഞാൻ ഇപ്പൊ വിളിക്കാം.", മോഹൻ ഫോൺ കട്ട് ചെയ്തു.
മധു എല്ലാവരോടും കാര്യം പറഞ്ഞു. എല്ലാവരുടേയും മുഖത്ത് പെട്ടെന്ന് ടെൻഷൻ കയറി.
അസ്ലമും രൺബീറും ലിഫ്റ്റിൻ്റെ വാതിലിൻ്റെ ഇടയിലൂടെ കൈ കടത്തി വലിച്ചു തുറക്കാൻ ശ്രമിച്ചു. അവർക്ക് കഴിയുന്നില്ല എന്ന് കണ്ടപ്പോൾ മധുവും അരവിന്ദനും ചെറുപ്പക്കാരനും കൂടെ കൂടി. എത്ര ശ്രമിച്ചിട്ടും വാതിൽ അനങ്ങിയില്ല.
ഇനി എന്ത് ചെയ്യും എന്ന് അവർ ആലോചിച്ചു നിൽക്കുമ്പോൾ മധുവിൻ്റെ ഫോണിലേക്ക് കാൾ വന്നു. നോക്കിയപ്പോൾ മോഹൻ വിളിക്കുന്നു.
"എന്തായി? ഇവിടെ ഞങ്ങൾക്ക് ലിഫ്റ്റ് തുറക്കാൻ പറ്റുന്നില്ല.", മധുവിൻ്റെ ശബ്ദം വിറച്ചു.
"പ്രശ്നം കുറച്ചു സീരിയസ് ആണ്. അവിടത്തെ പത്താമത്തെ നില മൊത്തമായി തീ പിടിച്ചു. ഫയർ ഫോഴ്സ്സിൻ്റെ കുറേ വണ്ടികൾ എത്തിയിട്ടുണ്ട്. എങ്ങിനെയെങ്കിലും ലിഫ്റ്റിൽ നിന്നും ഇറങ്ങാൻ നോക്കണം.", മോഹൻ ഫോണിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു.
"ആരെയെങ്കിലും വിളിച്ച് സഹായിക്കാൻ പറ്റുമോന്ന് നോക്ക്.", മധു ഫോൺ കട്ട് ചെയ്തു. ലിഫ്റ്റിനുള്ളിൽ ചൂട് കൂടിക്കൂടി വന്നു.
"എനിക്കൊന്ന് അമ്മയെ വിളിക്കണം.", അരവിന്ദൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
"നീ എന്തിനാ വിഷമിക്കുന്നെ. ഇതിപ്പോ ശരിയാവും.", അങ്ങിനെ പറഞ്ഞെങ്കിലും മധുവിൻ്റെ ഉള്ളിലും ചൂട് പടർന്നു തുടങ്ങിയിരുന്നു.
മധു ഫോൺ അരവിന്ദന് കൊടുത്തു. അവൻ ഫോണിലെ കീ പാഡിൽ നമ്പർ ടൈപ്പ് ചെയ്തു. മധുവിനെ നോക്കിക്കൊണ്ട് അവൻ ഫോൺ ചെവിയിലേക്ക് ചേർത്തു. സെക്കൻഡുകൾ കടന്നു പോയി. ചെറുപ്പക്കാരനും അരവിന്ദനെ നോക്കി നിന്നു. രൺബീർ ലിഫ്റ്റിൻ്റെ സീലിങ്ങിലേക്ക് അലക്ഷ്യമായി കണ്ണുകൾ പായിച്ചു.
"ആ, അമ്മേ, ഞാനാ.", അരവിന്ദൻ ഫോൺ ചെവിയിലേക്ക് അമർത്തിപ്പിടിച്ചു.
"ഇതേതാ നമ്പർ? പെട്ടെന്ന് മനസ്സിലായില്ല.", അമ്മയുടെ ശബ്ദം അങ്ങ് ദൂരെ നിന്ന് അവൻ്റെ മനസ്സിലേക്ക് വീണു.
"ഇത് മധുച്ചേട്ടൻ്റെ ഫോണാ. എൻ്റെ ഫോണിൽ റേഞ്ച് ഇല്ല. അതാ ചേട്ടൻ്റെ ഫോണീന്ന് വിളിക്കുന്നെ.", അവൻ എന്താ പറയേണ്ടെ എന്ന് ആലോചിക്കുന്നത് പോലെ കണ്ണുകൾ അടച്ചു നിന്നു.
"റൂമിലാണോ? ഭക്ഷണം ഒക്കെ കഴിച്ചോ? വിളിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞല്ലോ.", അമ്മക്ക് തിടുക്കമാണ്. എന്തെങ്കിലും ചോദിയ്ക്കാൻ വിട്ടു പോയാലോ എന്ന് കരുതിയാവണം.
"ഇന്ന് കുറച്ച് തിരക്കുള്ള പണി തീർക്കാൻ ഉണ്ടായിരുന്നു. കഴിഞ്ഞു. തിരിച്ചു പോവുകയാണ്.", അവൻ്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
"എന്താ ശബ്ദത്തിന് പറ്റിയെ? ജലദോഷം പിടിച്ചോ? സൂക്ഷിക്കണം എന്ന് എത്ര പ്രാവശ്യം പറഞ്ഞതാ.", അമ്മക്ക് അവൻ്റെ ഒച്ചയിലെ വ്യത്യാസം പെട്ടെന്ന് മനസ്സിലായി.
"ഏയ്, ഒന്നുമില്ല അമ്മേ.", അവൻ്റെ ടീ ഷർട്ട് വിയർപ്പിൽ കുതിർന്നു തുടങ്ങി.
"നാട്ടിലേക്ക് നീ എന്നാ വരുന്നേ എന്ന് ശ്രുതിമോൾ എന്നും ചോദിക്കും. അടുത്ത മാസം എന്ന് പറഞ്ഞു മടുത്തു.", അമ്മ പറഞ്ഞപ്പോൾ അവൻ അനിയത്തിയെ ഓർത്തു.
"ഉടനെ വരാൻ നോക്കാം. ലീവ് ഒക്കെ ശരിയാവണ്ടേ.", അവൻ മധുവിനെ നോക്കി. മധു ഒന്നും പറയാതെ ലിഫ്റ്റിൻ്റെ വാതിലിലേക്ക് നോക്കി നിന്നു.
"ശ്രുതിയെ അന്വേഷിച്ചെന്ന് പറയണേ. അമ്മേടെ ആരോഗ്യം ശ്രദ്ധിക്കണം.", അവൻ്റെ ശബ്ദം ഇടറിത്തുടങ്ങി.
"ഇനി ഉടനെ വിളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ പിന്നെ വിളിക്കാം അമ്മേ.", അവൻ ഫോൺ കട്ട് ചെയ്തു. കണ്ണുകൾ നിറഞ്ഞ് അവന് കാഴ്ച മങ്ങിയിരുന്നു. മധു ഫോൺ തിരികെ വാങ്ങി അവനെ ചേർത്ത് പിടിച്ചു.
മധു ഫോണും കൊണ്ട് ലിഫ്റ്റിൻ്റെ അരികിലേക്ക് നീങ്ങി. അപ്പോഴേക്കും രൺബീറും അസ്ലമും മധുവിൻ്റെ അടുത്തേക്ക് വന്നു.
"എനിക്കും ഒന്ന് വിളിക്കണം.", രണ്ടു പേരും ഒരുമിച്ചാണ് പറഞ്ഞത്. മധു ചെറുപ്പക്കാരനെ നോക്കി. അയാൾ നിസ്സംഗനായി മധുവിനെ നോക്കി.
മധു ഫോൺ രൺബീറിന് കൊടുത്തു.
രൺബീർ ആരെയോ വിളിച്ചു. വീട്ടിലേക്ക് ആയിരിക്കണം. കുറച്ചു നേരം സംസാരിച്ചു. ഫോൺ അവൻ അസ്ലമിന് കൈ മാറുമ്പോൾ അവൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു.
പാകിസ്താനിലേക്കുള്ള വിളിയും വ്യത്യസ്തമായിരുന്നില്ല. അസ്ലം ഉപ്പയോടാണ് സംസാരിച്ചത് എന്ന് തോന്നുന്നു.
മധുവിന് ഫോൺ തിരിച്ചു കിട്ടിയതും മോഹൻ്റെ കാൾ വീണ്ടും വന്നു.
"ഫയർ ഫോഴ്‌സുകാർ അകത്തേക്ക് കയറിയിട്ടുണ്ട് എന്ന് കേട്ടു. ടെൻഷൻ എടുക്കണ്ട. അവർ ഇപ്പോ അങ്ങോട്ട് എത്തും.സമാധാനമായി ഇരിക്ക്.", മോഹൻ ആശ്വസിപ്പിച്ചു.
പ്രകാശം മിന്നിക്കൊണ്ടിരുന്നു. വെളിച്ചം എപ്പോ വേണമെങ്കിലും പോകും എന്ന് മധുവിന് തോന്നി.
മധു വീട്ടിലേക്ക് വിളിച്ചു. സുമ മക്കൾ വരുന്നത് നോക്കി ഇരിക്കുകയായിരിക്കും.
"ചേട്ടൻ ഈ സമയത്ത് വിളിക്കാറില്ലല്ലോ.", സുമയുടെ ശബ്ദത്തിൽ അത്ഭുതം.
"നിന്നെ വിളിക്കണം എന്ന് തോന്നി. അമ്മു എത്തിയോ?", മധുവിന് എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു. ഒന്നും ശബ്ദമായി മാറുന്നില്ല.
"അമ്മു നേരത്തെ വന്നു. മഴ കാരണം സ്‌കൂൾ നേരത്തേ വിട്ടു. അവൾക്ക് കൊടുക്കാം.", സുമ ഫോൺ അമ്മുവിന് കൊടുത്തു.
"ഹലോ അച്ഛാ. ഇവിടെ ഭയങ്കര മഴ. അവിടെയോ?", എട്ടാം ക്ലാസ്സിൽ ആയെങ്കിലും കൊഞ്ചൽ മാറിയിട്ടില്ല.
"ഇവിടെ മഴയൊന്നും ഇല്ല. വല്ലോം പഠിക്കുന്നുണ്ടോ ?", അവൾ കിലുകിലാ ചിരിച്ചു.
"അമ്മ പറയുന്നത് ഒക്കെ കേട്ട് നടന്നോളണം. വഴക്കൊന്നും ഉണ്ടാക്കരുത്.", അവൾ തലയാട്ടുന്നത് അയാൾ മനസ്സിൽ കണ്ടു. ഫോണിലൂടെ ഒരു മൂളൽ മാത്രേ കേട്ടുള്ളൂ.
"അമ്മക്ക് കൊടുക്ക് ", മധു മോൾക്ക് ഫോണിലൂടെ ഒരു ഉമ്മകൊടുത്തു.
"ഇവിടെ മഴ കാരണം ആകെ ബുദ്ധിമുട്ടാണ്. ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞതല്ലേ.",സുമ പറഞ്ഞു. എല്ലാ ദിവസവും വിളിക്കുന്നത് കൊണ്ട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പലപ്പോഴും സംസാരിക്കുക.
മധുവിന് പിന്നെ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയായി.
"ഞാൻ വിളിക്കാം. ഇവിടെ കുറച്ച് തിരക്കുണ്ട്.", അയാൾ പറഞ്ഞൊപ്പിച്ചു. പിന്നെ എന്തിനാ ഇത്രേം തിരക്കിട്ട് വിളിച്ചേ എന്ന് സുമക്ക് തോന്നിക്കാണും എന്ന് അയാൾ ഓർത്തു.
ഉള്ളിൽ തികട്ടി വന്ന വിതുമ്പൽ അടക്കി അയാൾ മറ്റുള്ളവരെ നോക്കി. എല്ലാവരും അയാളെത്തന്നെ നോക്കി നിൽക്കുന്നു.
"ഫയർ ഫോഴ്സ് ഇപ്പൊ എത്തും.", അയാൾ പിറുപിറുത്തു. ഇപ്പോൾ നിൽക്കുന്നത് എത്രാമത്തെ നിലയിൽ ആണെന്നോ ഒന്നും അവർക്ക് അറിയില്ലായിരുന്നു. രൺബീറും അസ്ലമും ലിഫ്റ്റിൻ്റെ തറയിൽ ഇരുന്നു.
മധു ചെറുപ്പക്കാരനെ നോക്കി. എല്ലാവരും ഫോൺ വിളികൾ നടത്തിയിട്ടും ആ ചെറുപ്പക്കാരൻ മാത്രം അനങ്ങാതെ നിൽക്കുന്നു. മധു അയാളുടെ അടുത്തേക്ക് ചെന്നു.
"നിങ്ങൾക്ക് വിളിക്കണം എങ്കിൽ വിളിച്ചോളൂ. ഫോണിലെ ചാർജ് ഇപ്പോ തീരും.", മധു കയ്യിലെ ഫോൺ അയാളുടെ നേർക്ക് നീട്ടി.
അയാൾ ഒന്ന് പുഞ്ചിരിച്ചു. ശാന്തത കലർന്ന ഒരു മന്ദഹാസം.
"വാങ്ങിച്ചോളൂ. എല്ലാവരും വിളിച്ചു കഴിഞ്ഞു.", മധു ഫോൺ നീട്ടിപ്പിടിച്ച് നിന്നു.
"ആരെ വിളിക്കാനാ? എനിക്ക് വേണ്ടപ്പെട്ടവർ എന്ന് പറയാൻ ആരുമില്ല ചേട്ടാ.", ചെറുപ്പക്കാരൻ മധുവിൻ്റെ കൈയിൽ പതുക്കെ തലോടി.
മധു എന്താ ചെയ്യണ്ടേ എന്നറിയാതെ നിന്നു.
"നാട്ടിൽ അനാഥാലയത്തിലേക്ക് വേണമെങ്കിൽ ഒന്ന് വിളിക്കാം. പക്ഷെ അവിടെ പഴയ ആളുകൾ ഇല്ല ഇപ്പോ.", ചെറുപ്പക്കാരൻ സ്വയം പറഞ്ഞു.
ലിഫ്റ്റിൻ്റെ മുകളിലെ എ സിയുടെ ദ്വാരങ്ങളിലൂടെ പുകച്ചുരുളുകൾ അകത്തേക്ക് കടക്കുന്നത് പോലെ മധുവിന് തോന്നി. ശ്വാസമെടുക്കുമ്പോൾ തീയുടെ ഗന്ധം.
ചെറുപ്പക്കാരൻ പെട്ടെന്ന് എന്തോ തോന്നിയത് പോലെ ഫോൺ മധുവിൻ്റെ കയ്യിൽ നിന്നും വാങ്ങി. അരവിന്ദൻ്റെ അടുത്തേക്ക് ചെന്നു.
"ഞാൻ നിൻ്റെ അമ്മയെ ഒന്ന് വിളിച്ചോട്ടെ?", അരവിന്ദൻ്റെ കണ്ണുകൾ വിടർന്നു.
അരവിന്ദൻ ഫോൺ വാങ്ങി നമ്പർ ഡയൽ ചെയ്തു. എന്നിട്ട് ഫോൺ ചെറുപ്പക്കാരൻ്റെ കയ്യിലേക്ക് കൊടുത്തു.
ദൂരങ്ങൾക്കപ്പുറത്ത്, ഒരു അമ്മ മകൻ്റെ ശബ്ദത്തിന് കാതോർത്തു കൊണ്ട് ഫോൺ കയ്യിലെടുത്തു.
"ഹലോ മോനെ..", അമ്മയുടെ ശബ്ദം ചെറുപ്പക്കാരൻ്റെ ആത്മാവിലേക്കാണ് ചിതറിത്തെറിച്ചത്.
"അമ്മേ..", അയാൾ ഫോൺ കയ്യിൽ പിടിച്ച് വിതുമ്പിക്കൊണ്ട് നിന്നു.
ചൂടിൻ്റെ പുതപ്പ് അവരെ പൊതിയുവാൻ വെളിയിൽ അലയുന്നുണ്ടായിരുന്നു. 

By:swapna raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo