Slider

റെബേക്ക എന്ന രാജകുമാരി - 1

1
റെബേക്ക എന്ന രാജകുമാരി.
********************************* ഭാഗം ഒന്ന്
Install Nallezhuth Android App from Google Playstore and visit "പുതിയ തുടർരചനകൾ " to read all chapters of long stories.

ഒരു കാറ്റ് ആരോടും ചോദിക്കാതെ തിരശ്ചീന മായി എന്റെ മുറിയിലേക്ക് പ്രവേശിച്ചു.പിന്നെ അനുവാദമില്ലാതെ ഇടതു വശത്തെ ജനാല കടന്നു വരുമ്പോൾ നേരെ മുന്നിൽ കണ്ട ഒരു ചുവന്ന മഷി കുപ്പിയുടെ അരക്കെട്ടിൽ ഒന്നും നോക്കാതെ ഒരുമ്മ വച്ചു കൊടുത്തു. ഒട്ടും പ്രതീക്ഷിക്കാതെ നടന്ന ഒരു സംഭവമായിരുന്നു അത്. അപമാനം സഹിക്കവയ്യാതെ കമഴ്ന്നു വീണുരുണ്ട കുപ്പിയുടെ ഹൃദയംപൊട്ടിയൊഴുകിയ ചുവന്ന നിറം മേശപ്പുറത്ത് നിവർന്നു കിടന്ന മാതൃഭൂമി പത്രത്തിന്റെ കറുത്ത അക്ഷരങ്ങൾ പതിയെ പതിയെ വിഴുങ്ങി തുടങ്ങി . എന്നാൽ അതൊന്നും ആ തെമ്മാടി കാറ്റ് ശ്രദ്ധിച്ചതേയില്ല.അതപ്പോൾ ഒന്നു തിരിഞ്ഞു പോലും നോക്കാതെ തൊട്ടടുത്ത് വെള്ള നിറത്തിൽ അട്ടിയട്ടിയായിട്ടി രുന്ന എ ഫോർ സൈസ് പേപ്പർ കെട്ടിന്റെ അടുത്തേക്ക് പാഞ്ഞു പോവുകയാണുണ്ടായത് . അവിടെയാകട്ടെ അൽപ നേരം എതിർത്തു നിന്നു പരാജയപെട്ട ഏറ്റവും മുകളിലെ മൂന്നു പേരെ തറയിലേക്ക് തള്ളിയിട്ട തെമ്മാടി മുറിയുടെ വലതുവശത്തെ ചെറിയ കിളിവാതിലിൽ കൂടി ആരോടും ഒന്നും പറയാതെ പുറത്തിറങ്ങി എങ്ങോട്ടേക്കോ പോയി മറഞ്ഞു. ഞാനുറങ്ങു മ്പോഴാണ് ഇത്രയും സംഭവങ്ങൾ ആ മുറിയിൽ നടക്കുന്നത്. മാത്രമല്ല ഞാനുണരും മുമ്പേ ഇതെല്ലാം വളരെ പെട്ടെന്നു കഴിഞ്ഞും പോയി.
ഉണർന്നപ്പോൾ കണ്ട കാഴ്ചകളിൽ ചിലത് ഇവയായിരുന്നു. കാൽ ഭാഗം എണ്ണയുണ്ടായിരുന്ന പാര ഷൂട്ടിന്റെ പ്ലാസ്റ്റിക്ക് കുപ്പി,തലേ ദിവസം കരണ്ടു പോയ ഒഴിവിലേക്ക് വൈകു ന്നേരത്തോടെ മുറിയിലെത്തി മാന്യമായി രാത്രി ഒരുപാടു നേരം പണിയെടുത്ത പത്തു രൂപയുടെ നല്ല വണ്ണമുള്ള ഒരു മെഴുകുതിരി എന്നിവർക്ക് കാര്യമായ പരിക്കുകൾ ഏറ്റില്ലെങ്കിലും ആ സാധനത്തിന്റെ വരവിൽ ശക്തമായി പ്രതികരിച്ചതിനാൽ അൽപ്പസ്വൽപ്പം സ്ഥാനചലനം സംഭവിച്ചിരുന്നു. ആവേശം കാറ്റുവിതറിയ മുറിയുടെ തനിരപ്പിൽ ചുമ്മാ പറന്നു കളിക്കുന്ന റോസാപ്പൂവിതളുകൾ. എന്നു വച്ചാൽ ഇളം റോസ് നിറമുള്ള രണ്ടു കുഞ്ഞിതളുകൾ. അവ പരാജയപ്പെട്ട വെള്ളക്കടലാസുകൾ തറയിൽ പരന്നു കിടക്കുമ്പോൾ അവയെ ആശ്വസിപ്പിക്കാനെ ന്നവണ്ണം അതിനു മുകളിൽ വട്ടമിട്ടു നിൽക്കുന്നു.അന്യായമായി കാറ്റ് എവിടെ നിന്നോ തട്ടി കൊണ്ടുവന്ന് ആ മുറിയിൽ തള്ളിയതാണ് .
അതു കൊണ്ട് ജനൽ കടന്നു പോയ തെമ്മാടി കാറ്റിന്റെയൊപ്പം പോകാൻ കൂട്ടാക്കാതെ തറയിൽ വീണ കടലാസുകളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയായിരുന്നു അവർ.
പിന്നെ എഴുന്നേറ്റ് കട്ടിലിൽ നിവർന്നിരുന്നപ്പോൾ നിലത്ത് കിടക്കുന്ന മൂന്ന് വെള്ള പേപ്പറുകളിൽ ചുവന്ന മഷിയിട്ട കുറേ അക്ഷരങ്ങൾ കാണാൻ പറ്റി.
“ദൈവമെ ഇന്നലെ എഴുതി കൂട്ടിയപേപ്പർ "
അതോർത്തപ്പോൾ പ്രാണൻ കൈയ്യിലെടു ക്കുന്നതു പോലെ ആ മൂന്നു കടലാസുകൾ വാരിയെടുത്ത് വേഗത്തിൽ മേശക്കു മുന്നിലെ കസേരയിൽ പോയിരുന്നു ഞാൻ കണ്ണു തിരുമി. ഒരു കഥ ഏറെ കുറെ അന്ത്യത്തോടടുക്കുന്ന സമയമാണ്. ഏതാനും വരികൾക്ക് മാത്രമപ്പുറം അതിന്റെ അന്ത്യം കുറിക്കാനിരിക്കുമ്പോൾ ഇന്നലെ ക്ഷീണം കൊണ്ട് അറിയാതെ മയങ്ങി പോവുകയായിരുന്നു. കൈയ്യിലെടുത്ത മൂന്നു കടലാസുകൾ ആ കഥയുടെ അവസാനത്തിന് തൊട്ടു മുൻപുള്ള അക്ഷരങ്ങൾ പതിഞ്ഞവയാണ്. ഒരു വലിയ കഥയുടെ അവസാനം ഈ ലോകത്തിന് നാളെ പറഞ്ഞു കൊടുക്കേണ്ട കടലാസുകൾ .അങ്ങനെയൊക്കെ യോർത്ത് അവ മുൻപ് ഇരുന്നിരുന്ന കെട്ടിലേക്ക് തിരികെ ചേർക്കാനായി ഞാൻ കൈയ്യിലെടുത്തു.
ഇതാ പ്രഭാതമാണ് വെളിയിൽ. ആദ്യത്തെ സൂര്യപ്രകാശത്തിന് ശക്തിയേറി വരുന്നതെയുള്ളു. ചെറിയ വെട്ടത്തിൽ വെറുതെ ആ വെള്ളക്കടലാസ് വെറും വെറുതെ ഒന്നു പരിശോധിച്ചുനോക്കി. ഒരു നിമിഷം ആ കാഴ്ച കണ്ട്ഞെട്ടി പോയി. വിശ്വസിക്കാനാവുന്നില്ല എഴുതിയതിൽ കുറേ അക്ഷരങ്ങൾ ഇതാ നഷ്ടപെട്ടിരിക്കുന്നു.
സത്യമാണോ അതോ സ്വപ്നം കാണുക യാണൊ ഒന്നുകൂടി കണ്ണു തിരുമി അതിലേക്ക് നോക്കി. ഇല്ല നഷ്ടപെട്ടത് ഏറെ കുറേ നഷ്ടപെട്ടത് തന്നെ. അത് ഉറപ്പായി കഴിഞ്ഞിരി ക്കുന്നു. എന്നാലും അതെങ്ങനെ ?.
ഇന്നലെ രാത്രി കഷ്ടപെട്ടെഴുതിയ ആറു പേജുകളിൽ മൂന്നെണ്ണം അലമാരയിൽ കയറി പോയതും മൂന്നെണ്ണം മേശപ്പുറത്ത് അടുക്കി വച്ചതും കൃത്യമായി ഓർക്കുന്നുണ്ട്. അവതന്നെ യാണ് മുന്നിൽ ഇരിക്കുന്നതും .എന്നാൽ അപ്പോൾ എഴുതിയിട്ട അക്ഷരങ്ങളിൽ ചിലത് നഷ്ടമായിരിക്കുന്നു. അത്ഭുതത്തോടെ അതു വിശ്വസിക്കാനാവാതെ തടി കസേരപ്പുറത്തിരുന്ന് വീണ്ടും വീണ്ടും പേപ്പർ നോക്കി .
ഒരു പ്രത്യേകതരം കാഴ്ചയാണ് കൊച്ചു വെളുപ്പാൻ കാലത്ത് മുന്നിലിരുന്ന മൂന്നു കടലാസുകളിൽ .ആദ്യ കടലാസിന്റെ ആദ്യ പുറത്ത് അര പേജ് വരുന്ന ഖണ്ഡിക അതേപോലെ തുടരുമ്പോൾ അടുത്ത പേപ്പറിന്റെ ഇരുപുറവും തലേന്നെഴുതിയിട്ടത് അപ്പാടെ നഷ്ടപെട്ടിരിക്കുന്നു. ശേഷം മൂന്നാം പേപ്പറിന്റെ ഒടുവിലെഴുതിയ ഒരു ചെറിയ പാരഗ്രാഫ് മാത്രം
അതിൽ ശേഷിക്കുന്നതായി കാണപ്പെട്ടു.
“ഇതെന്ത് മറിമായം "
ഉള്ളിൽ നിറഞ്ഞ ഭയവും കൗതുകവും കൊണ്ട് വീർപ്പുമുട്ടി കുറേ നേരം ആ തടിക്കസേരയിൽ ഒന്നും മിണ്ടാതെ താടിക്ക് കൈ കൊടുത്ത് അത് നോക്കിയിരുന്നു .ഭാഗ്യം ആദ്യത്തേതും അവസാനത്തേതുമായ ഖണ്ഡികകൾ പരിക്കില്ലാതെയുണ്ടല്ലൊ .അത് വലിയ ആശ്വാസം തന്നെ. തലയും വാലും ഉപേക്ഷിച്ച ശരീരം മാത്രമാണ് മുറിയിൽ നിന്നും രക്ഷപ്പെട്ട് പോയത്. അതിനെ തിരിച്ചു കൊണ്ടുവരാൻ ഒരു പക്ഷെ അതേ തലക്കും വാലിനുമാവുമായിരിക്കും.ബാക്കി വച്ച അക്ഷരങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ അങ്ങനെയൊക്കെ മനസ്സിൽ വിചാരിച്ചു. പക്ഷെ നിമിഷ നേരം കൊണ്ട് എല്ലാം തകിടം മറിഞ്ഞു അതിനു കാരണമായ ആദ്യഭാഗം ഇങ്ങനെയായിരുന്നു.
“....അന്ന് പതിവിലും താമസിച്ചാണ് അവൾ ചെടികൾ നനക്കാനെത്തിയത്. തലേ ദിവസത്തെ കാറ്റിൽ പറന്നു വീണ ഓലമെടൽ അംഗഭംഗം വരുത്തിയ ചെമ്പരത്തിയേയും സൂര്യകാന്തിയേ
യും കുഞ്ഞുകുട്ടികളെ പോലെ ശ്രദ്ധയോടെ അവൾ പരിപാലിക്കുന്നു. ഇത് ജെർമിയാസിന്റെ എക മകളായ റെബേക്ക. അവളുടെ സ്വയം പ്രഖ്യാപിത സാമ്രാജ്യമാണ് ആ പൂന്തോട്ടം. അവിടെ റബേക്ക ഒരു രാജകുമാരിയും ചെടികളും വണ്ടുകളും പൂമ്പാറ്റകളും അവളുടെ സഖിമാരുമാണെന്നാണ് സങ്കൽപ്പവും നിയമവും. അന്ന് അങ്ങനെ റബേക്ക രാജകുമാരിയുടെ സഖിമാർ നനഞ്ഞു കുളിച്ചു കൊണ്ടിരിക്കുമ്പോൾ അത് കാണാനെന്ന വണ്ണം വളരെ പെട്ടെന്ന് ഒരു പഴയ അബാസിഡർ കാർ ജർമ്മിയാസിന്റെ ഒരേക്കർ മുപ്പത്തഞ്ച് സെന്റ് വരുന്ന പുരയിടത്തിലേക്കുള്ള കരിങ്കൽ പാതയിൽ കൂടി ഓടി പാഞ്ഞ് കയറി വന്നു. അതു കണ്ടതും അതൊട്ടും ഇഷ്ടപ്പെടാത്ത മട്ടിൽ റെബേക്ക രാജകുമാരിയുടെ പിരികം റ പോലെ വളഞ്ഞു വരികയും അവൾ ദേഷ്യത്തോടെ എന്തോ പിറുപിറുക്കുകയും ചെയ്തു .എന്നാലവരെ ആ രാജ്യത്തിൽ നിന്നുംപുറത്താക്കാനാവില്ല .കാരണം അവർ ജെറ്മിയാസുമായി ഒരു വലിയ കച്ചവടത്തിനു വന്നവരാണ് .റെബേക്കയും അവളുടെ സാമ്രാജ്യവും അവൾ മാത്രം സ്വന്തമായുള്ള സഖിമാരും ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കച്ചവടത്തിന്...” ഇതായിരുന്നു ആദ്യഭാഗം
കർത്താവെ ഇതെന്ത് ചെയ്യും ഇങ്ങനെയൊരു തല വച്ച് എന്ത് കാട്ടി കൂട്ടാനാ എന്ന നിലവിളിയാണ് അത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നും ഉണ്ടായത്. ഒരു തരത്തിലും റെബേക്കയെ പൂരിപ്പിക്കാനുള്ള തൊന്നും മനസ്സിൽ തെളിയാതെ മൂന്നാംപേജിന്റെ അവസാനം കിടക്കുന്ന വാലിലേക്ക് തള്ളിയ കണ്ണുകൾ ഒരു വിധത്തിൽ കൊണ്ടുപോയി.
അതാവട്ടെ മറ്റൊരു ദുരന്തവും
“…..അയാൾ കാത്തു നിന്നു മുഷിഞ്ഞിരുന്നു. കഴിഞ്ഞു പോയ ഒന്നര മണിക്കുറിനിടയിൽ ഇത് പതിനാറാം തവണയാണ് ടൈറ്റന്റെ ആ പഴയവാച്ച് അയാൾക്ക് മാറുന്ന സമയം തുടർച്ചയായി കാണിച്ച് കൊടുക്കുന്നത്.
“ ഇവൾ ഇതെവിടെ കിടക്കുകയാണ് ... എന്ത് തേങ്ങയാണ് ഇവക്ക് വീട്ടുകാരോട് ഇത്രയും നീട്ടി പിടിച്ച് പറയാനുള്ളത് " ….. എന്നു തുടങ്ങി നിഘണ്ടുവിൽ ഉൾപ്പെടാത്ത പലതിന്റെയും വക അയാളുടെ കടിച്ചു പിടിച്ച പല്ലിന്റെ ഇടയിൽ കിടന്ന് പൊട്ടിതെറിക്കുന്നത് കേൾക്കാം. ഇതിനിടയിൽ അവർ രണ്ടു പേരെയും കാത്തിരുന്നു മടുത്ത് അറിയാതെ മയങ്ങി പോയ വലിയ ലതർ ബാഗ് തീവണ്ടിയാപ്പിസിലെ ഇരുമ്പു ബഞ്ചിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് മറിഞ്ഞു വീണ് ആകെ ചമ്മി നാശമായി.അതോടു കൂടി ആ മനുഷ്യന്റെ കൺട്രോൾ പോയി .അയാൾ ബാഗിനടുത്തെത്തി അതിനെ ഒറ്റകൈ കൊണ്ട് പൊക്കിയെടുത്ത് വീണ്ടും ബഞ്ചിലേക്കിട്ടു.
അതോടെ ആ പാരഗ്രാഫും കഴിഞ്ഞു.
എന്റെ കഥയും .
“ഇനിയെന്തായാലും പോയതുപോട്ടെ മാഞ്ഞു പോയ കഥ ഒന്നുടെ എഴുതുകയല്ലാതെ മറ്റുവഴികളില്ല " മറ്റൊന്നും മുന്നിൽ തെളിയാതെ പേരറിയാൻ വയ്യാത്ത ഈ പ്രതിഭാസത്തിനു മുന്നിൽ നിരുപാധികം മുട്ടുമടക്കി തുറന്ന ജനാലക്കപ്പുറത്തേക്ക് ഞാൻ കുറേ നേരം നോക്കിയിരുന്നു.പിന്നെ പോയ അക്ഷരങ്ങൾ അവസാനമായി ഒന്നു തിരയാൻ വേണ്ടി പുറത്തേക്കിറങ്ങി.
വിശാലമായ തെങ്ങിൻ തോപ്പിനു നടുവിൽ കൂടി ഒരു കാല് വച്ചാൽ തീർന്നു പോവുന്നത്ര മാത്രം വീതിയിൽ ഒരൊറ്റയടിപ്പാത നീണ്ടു കിടക്കുന്നു. പച്ച നിറത്തിനു നടുവിലെ ആ ചെമ്മണ്‍ വര അവസാനിക്കുന്നിടത്തു നിന്നാണ് പ്രസിദ്ധമായ ചോളവല്ലി തെരുവ് ആരംഭിക്കുന്നത്. തെരുവെന്നു പറഞ്ഞാൽ ഇരുപുറവും പലക തടികൾ കൊണ്ട് അടക്കപ്പെടുന്ന പീടിക മുറികൾ ഞെക്കി പിടിച്ചിരിക്കുന്ന ഒരു മൺവഴി. അവിടെ സൂര്യൻ മുകളിലേക്ക് കയറും മുമ്പേ എന്നും ആളനക്കമു ണ്ടാവും.
അരണമലയുടെ ചുരമിറങ്ങി വരുന്ന പാണ്ടി ലോറികൾ അവിടിവിടെയായി കുന്നുകൂട്ടു
ന്ന ചെണ്ടുമല്ലി പൂക്കളുടെ മണമാണ് എല്ലാ പ്രഭാതങ്ങളിലും ചോളവല്ലി തെരുവിന്. ആദ്യം തുറക്കുന്ന കടമുറികളുടെ മുൻഭാഗങ്ങളെല്ലാം പൂ കുട്ടകൾ നിരത്തി വച്ചിരിക്കും. പകൽ പൂത്തു തുടങ്ങുമ്പോൾ നടക്കുന്ന ഒരു തമിഴ് നാടൻ അധിനിവേശം.ഇന്ന് ഒന്നു രണ്ടു കടകൾ തുറന്നു കഴിഞ്ഞാണ് അവിടേക്കിപ്പോൾ ഞാൻ നടക്കുന്നത്.
ഏതാനും അമ്മച്ചിമ്മാർ വട്ടയിലയിൽ പൊതിഞ്ഞു പിടിച്ച മത്തി കുഞ്ഞുകളുമായി എതിരെ നടന്നു വരുന്നു. അതിന്റെ അർത്ഥം അടിവാരത്ത് ആദ്യത്തെ മീൻ വണ്ടി വന്നതിനു ശേഷമാണ് ഈ നടപ്പ് എന്നാണ് . ഇനി തെരുവിന് ഒരു പ്രത്യേക ഗന്ധമാവും, ജമന്തിപൂക്കളും മത്തി കുഞ്ഞു ങ്ങളും ചേർന്നു തയ്യാറാക്കിയ വിചിത്ര
മായ ആ ഗന്ധത്തിനിടയിൽ കൂടി അലാഹയുടെ പൂക്കടയിലേക്ക് കൈ വീശി ഞാൻ നടന്നു. തെരുവിന്റെ ഇടത്തെയറ്റത്ത് മൈനപ്പുഴയുടെ കുറുകെ പണിതിട്ട ഒന്നാമത്തെ ചെക്ക്ഡാമി നടുത്താണ് അലാഹയുടെ പൂക്കട. നടക്കുന്ന വഴികളിൽ മുഴുവൻ വീണു കിടക്കുന്ന ഉണക്ക തിരണ്ടിയുടെ ചിതമ്പലുകൾ ഭൂമിയിൽ വരച്ച വിവിധ തരം ചിത്രങ്ങൾ .എന്റെ ജീവിതത്തിൻ ഇന്നുവരെ ഒരു മീൻ മാർക്കറ്റിനോട് ഇത്രയും ചേർന്ന ഇതുപോലെ യൊരു പൂക്കട ഇതിനു മുൻപോ ശേഷമൊ ഞാൻ കണ്ടിട്ടില്ല. അതൊക്കെയോർത്ത് നടന്ന് ഇപ്പോൾ ആ പീടികക്ക് തൊട്ട് അടുത്തെത്തിയിരിക്കുന്നു.
“ .ഇതെടവിടുത്തെന്യായമാ കുഞ്ഞേച്ചായോ .ദേ കഴിഞ്ഞ ബുധനാഴ്ച മുതൽ ഇന്നലെ വരെ മിനിമം ആയിരത്തി മുന്നൂറ് രൂപയുടെ റോസ് മാത്രം ഇങ്ങോര് എന്റെ കൈയ്യിന്ന് വാങ്ങിട്ടുണ്ട് .അതവിടെ നിക്കട്ടെ. ഇന്നലെ അപ്പൻ ഇവിടെ കൊണ്ടുവന്ന് തന്ന ഗ്രേ ഐവറിടെ മൂന്ന് തൈ. ദേ കേട്ടോണം നിങ്ങടെ പെണ്ണും പിള്ള രണ്ടു ദിവസം എന്റെ പൊറകെ നടന്ന് കാല് പിടിച്ചിട്ടാ അത് കൊടുത്തുവിട്ടത് .ചോയിച്ചപ്പം അതിന്റെ കാശുമില്ല അവരെ പിന്നെ കാണുന്നുവില്ല .
അത് ചോയിച്ചതല്ലെ ഒള്ള് .പിന്നെ ഇതെന്നാ പുളിച്ച വർത്താനമാ നിങ്ങളീ കൊച്ചു വെളുപ്പാങ്കാലത്ത് പറയുന്നെ ?
എന്തോ വലിയ കശപിശ നടക്കുന്നതിനിടയിലാണ് ആ കടയിലേക്ക് ചെന്നു കയറിയത്. അയാൾ വന്നതു പോലും ശ്രദ്ധിക്കാതെ. ക്രീം കളറിൽ വലിയ ചുവന്ന പുള്ളിയുള്ള വില കുറഞ്ഞ ഒരു ചുരിദാറിൽ ചുറുചുറുക്കോടെ സംസാരിക്കുന്ന ഒരു ഇരുപത്തിരണ്ടുകാരി. അരക്കെട്ടോളം പോന്ന അവളുടെ കെട്ടിവയ്ക്കാത്ത തലമുടി അവൾ ഇടുന്ന ഓരോ ഒച്ചപ്പാടിനും ഒത്ത താളത്തിൽ ഇളകുന്നു.
“ ..റെബേക്കായെ എന്റെ പൊന്നുകൊച്ചെ ഞാനറിയാതെ ജയിംസ് കുട്ടി ചെയ്ത് പോയതാ .അല്ലെ തന്നെ സൂസമ്മ കാശ് കൊടുത്തില്ലെന്ന് വീട്ടിചെന്നപ്പഴാ ഞാനറിഞ്ഞത് അല്ലാതെ ജറിമിയാസിനോട് അവനങ്ങനെ ചെയ്യുവോ ? ഞങ്ങക്കറിയാമേലെ നിങ്ങടെ കഷ്ടപാട് .കാശ് വച്ചോണ്ട് ഇല്ലാന്ന് പറയുവോ ?.ദേ അപ്പറെ ബാങ്കൊന്ന് തൊറന്നോട്ടെ ഒരു പത്തരമണിയാവുമ്പം വാ അത് മൊത്തം തന്നേക്കാം .”
ഇതും പറഞ്ഞ് ആ കെളവൻ കച്ചവടക്കാരൻ പൂക്കടയുടെ ഉള്ളിലെ കസേരയിൽ ഇരുന്ന് ഒരു പഴയ ഇരുനൂറ് പേജിന്റെ ബുക്ക് നിവർത്തി.അത് കേട്ടതും അവളുടെ പിരികം വളഞ്ഞു കുത്തി വിയർത്തു എന്നാലും പിന്നെ അവൾ അവിടെ നിന്നില്ല അതേ ദേഷ്യത്തിൽ തിരിഞ്ഞു നടന്നു . “കണ്ട പാണ്ടികള് കൊട്ട കണക്കിന് ചീഞ്ഞ ചെണ്ടുമല്ലി കൊണ്ടുവന്ന് കമത്തുമ്പം ഏഹേ .എന്നാ നമ്മള് ചോയിച്ചാ ആഹാ .ആദ്യം നേരും നെറിയും പഠിക്കണം എന്നിട്ട് വേണം കച്ചോടം ചെയ്യാൻ .
ആ മറുപടി അത്ര ബോധിച്ചില്ല എന്നുറപ്പ് ഒട്ടും രസിക്കാത്ത മട്ടിൽ അയാളെ ഒന്നു നോക്കി തനിയെ മേൽ പറഞ്ഞ വാചകങ്ങൾ പറഞ്ഞിട്ടാണ് ആ ചാടി തുള്ളിയുള്ള പോക്ക്.
റെബേക്കാ …. ഞാൻ വിളിച്ചു. എന്നേ കടന്ന് കുറച്ച് ദൂരം മുന്നോട്ടു പോയ ആ പെൺകുട്ടി അതു കേട്ട് എനിക്കു നേരെ തിരിഞ്ഞു നിന്നു.
കൂട്ടുപിരികമുള്ള മുഖം തഴച്ച മുടി പോലെ നല്ല കട്ടിയും ഭംഗിയുമുള്ള പിരികം ദേഷ്യം വരുമ്പോൾ വല്ലാതെ വളയാറുണ്ട് .മുഖത്തെ കോപം മൂക്കിൻ തുമ്പ് വിയർപ്പിക്കുന്ന പെണ്ണ് അതായിരുന്നു റെബേക്ക .
പോവണ്ടെ നമുക്ക് ... എന്നേ നോക്കി നിൽക്കുമ്പോൾ ഞാൻ അവളോട് ചോദിച്ചു.
എങ്ങോട്ട് ..? അവൾ തിരിച്ചും ചോദിച്ചു.
അയാൾ കാത്തു നിൽക്കുകയാണ് തീവണ്ടി ആപ്പിസിൽ .നീ വരുന്നതും കാത്ത്. അങ്ങോട്ടേക്ക് പോവണ്ടെ…? ആ മറുപടി കേട്ടതും മുഖം ഒന്നുകൂടി ചുവന്നു .മൂക്ക് ഒന്നുകൂടി വിയർത്തു. ഇടത്തു കൈയ്യിൽ വട്ടയിലകൊണ്ട് ചുറ്റി പിടിച്ച മത്തി വലത്തു കൈയ്യിലെ പൂക്കുടയിലേക്ക് വീണു. പിന്നെ തിരിഞ്ഞ് നോക്കാതെ ഒരൊറ്റ നടപ്പ് .
പക്ഷെ എനിക്കങ്ങനെ അവളെ വിടാനാവില്ല. രണ്ടു പേജുകൾക്കപ്പുറം അവസാനിക്കേണ്ട കഥയാണ് അവളുടേത്. അതോർത്തപ്പോൾ അവളെ തീവണ്ടി ആപ്പീസിൽ എത്തിക്കേണ്ട നിമിഷങ്ങൾ മാത്രം എന്റെ മുന്നിൽ കൂടി കൂവി വിളിച്ച് കടന്നു പോയി. പിന്നെ അവൾക്ക് പിന്നാലെ ഓടുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും ഇല്ലായിരുന്നു.
ദേ റബേക്ക നിന്നേ …. പറയട്ടെ
അതു കേട്ട് അവൾ വീണ്ടും നിന്നു.
അപ്പോൾ നീ പോവില്ല എന്നാണോ ? ഞാൻ ചോദിച്ചു.
ഇല്ല പോവില്ല .അവൾ തീർത്തു പറഞ്ഞു.
“നിങ്ങൾക്കൊരു വിചാരമുണ്ട് നിങ്ങൾ എഴുതിവക്കുന്നത് മുഴുവൻ ശരിയാണന്ന്. ബാക്കിയുള്ളവർ മൊത്തം നിങ്ങടെ കളിപ്പാവകളാണെന്ന് .അങ്ങോട്ട് ചാടാൻ പറഞ്ഞാൽ അങ്ങോട്ട് ചാടും ഇങ്ങോട്ട് ചാടാൻ പറഞ്ഞാൽ ഇങ്ങോട്ട് ചാടും അങ്ങനെ തോന്നിയ പാട് ചാടുന്ന പാവ".
നിർബന്ധിക്കാനെന്ന വണ്ണം അവളുടെ കൂടെ കൂടിയ എന്നോട് അവൾ രാവിലെ വന്ന ദേഷ്യം മുഴുവൻ ഇറക്കിവിട്ടു. പിന്നെ വേഗത്തിൽ നടന്നു തുടങ്ങി.എന്നാൽ എനിക്ക് പിന്നാലെ നടക്കാതിരി
ക്കാനാവില്ല കാരണം രണ്ടു പേജുകൾ മാത്രമാണുള്ളത് അതു കഴിഞ്ഞാൽ അച്ചടിമഷി പുരളേണ്ട താമസം മാത്രം .അതോർത്തപ്പോൾ ഞാനവളുടെ പിന്നാലെ വച്ചുപിടിച്ചു. തലേന്ന് കഥ തീർക്കാതെ ഉറങ്ങി പോയ നിമിഷത്തെ അറഞ്ഞ് പ്രാകി
മനുഷ്യാ നിങ്ങൾക്കെന്താ വേണ്ടത് ?
തന്റെ പിന്നാലെയുള്ള നടപ്പ് സഹിക്കാതെ വന്നപ്പോൾ അവൾ വീണ്ടും തിരിഞ്ഞു നിന്നു.
“താൻ അയാളോടൊപ്പം പോവണം അതുമതി" വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു. അതു കേട്ടതും കാട്ടുതീ പോലെയുള്ള നോട്ടം തിരിച്ചു വന്നു. “സാധ്യമല്ല" .. അവൾ കട്ടായം പറഞ്ഞു.
നിനക്കെന്താ പോയാൽ ഞാൻ വീണ്ടും ചോദിച്ചു.
പറ്റില്ലാന്ന് പറഞ്ഞില്ലെ ഒരു കെഴങ്ങൻ കച്ചവടക്കാരനൊപ്പം പോവാൻ എനിക്ക് മനതില്ല
അല്ല പിന്നെ .നിങ്ങള് വേറെ ആളെ നോക്ക് .
അവൾ വീണ്ടും തിരിഞ്ഞ് നടക്കാൻ തുടങ്ങി.
“ഒരു മിനിറ്റ് നിന്നെ. ഒന്നു പറയട്ടെ ഇതുവരെ വളർത്തിയ നിന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നിന്റെ അപ്പൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമല്ലെ നിന്റെ കല്യാണം .എല്ലാം നിന്റെ നൻമക്കല്ലെ.?'’ എനിക്ക് അതിൽ തെറ്റ് തോന്നുന്നില്ല .ഞാൻ അവളെ വീണ്ടും തടഞ്ഞു.
" ..ഓ നൻമേടെ വെളിപാട് പുസ്തകം. അത് നിങ്ങടെ കൈയ്യിലും ഉണ്ടാർന്നോ .അല്ല മാഷെ എന്തോന്നാ ഈ നൻമ? കണ്ടവന്റെ കാശ് വാങ്ങി പോക്കറ്റിലിട്ടിട്ട് ഒരുത്തൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുത്തിയെ ഒരു ചരടും കെട്ടി ചൊമന്നോണ്ട് പോണതാണോ ഈ നൻമ.? എങ്കി പഷ്ട് .ഞാൻ കണ്ടടത്തോളം നമ്മള് അങ്ങോട്ട് കാശ് കൊടുത്തിട്ട് വീട്ടിന്ന് കളയുന്ന രണ്ട് സാധനങ്ങളെ ഒള്ള് .അതിലൊന്ന് വീട്ടിലെ വേസ്റ്റാ രണ്ടാമത്തേത് പെണ്ണും .രണ്ടും തലേന്ന് ഒഴിപ്പിച്ച് വിടുവാണല്ലൊ അതാവും ഈ നൻമ അല്ലെ….. "
അതു കേട്ട് ആ നടുറോഡിൽ അവൾ എന്നോട് ഒരു സർപ്പത്തെ പോലെ ചീറി .ആരെങ്കിലും അത് കേൾക്കുന്നുണ്ടോ എന്ന് ഞാൻ അറിയാതെ ചുറ്റും നോക്കി പ്പോയി. ഭാഗ്യം ആരും അടുത്തില്ല.
റബേക്കാ …. ആ വിളി ഒരുതരം അപേക്ഷയായിരുന്നു .അതിലവൾ അലിഞ്ഞു എന്നെനിക്കു തോന്നി. എന്നാലും പിന്നെയും കുറേ നേരം ഞങ്ങൾ മുമ്പിലും പിന്നിലുമായി നടന്നു .അങ്ങനെ നടന്ന് നടന്ന് ചെമ്മൻകല്ല് പാലത്തിന് നടുക്കെത്തിയിരുന്നു. ഇപ്പോൾ മൗനമാണ് അന്തരീക്ഷം നിറയെ . എന്റെ മുന്നിലാവട്ടെ ഇപ്പോഴുള്ളത് ദൂരെ ഉദിച്ചു പൊങ്ങി ചുവപ്പു നിറം നഷ്ടപ്പെട്ട സൂര്യനു നേരെ തിരിഞ്ഞു നിൽക്കുന്ന റബേക്കയാണ് .അവൾ മിണ്ടാതെയായിട്ട് ധാരാളം നിമിഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
ഞാൻ വരാം …. ഒടുവിൽ അവൾ പറഞ്ഞു.
സന്തോഷം എന്നാൽ നമുക്കു പോവാം .. ഞാൻ തിരിച്ചു പറഞ്ഞു. എന്നാൽ അതത്ര എളുപ്പമല്ല .. ആ നിൽപ്പിൽ തന്നെ അവൾ പറഞ്ഞു കൊണ്ടിരുന്നു. പിന്നെ ..? എനിക്ക് അവൾ പറഞ്ഞത് മനസ്സിലാകാതെ കുഴങ്ങി.
റബേക്ക എന്റെ നേരെ തിരിഞ്ഞു നിന്നു എന്നിട്ട്
പെട്ടെന്ന് ഇങ്ങനെ പറഞ്ഞു.
“എനിക്ക് നാലു വരങ്ങൾ തരണം.”
വരങ്ങളോ ? പെട്ടല്ലൊ കർത്താവെ .ഈ പെണ്ണിന് ശരിക്കും വട്ടാണൊ വരം കൊടുക്കാൻ ഞാൻ ദൈവമൊന്നുമല്ലലൊ എന്നൊക്കെ മനസ്സിൽ പറഞ്ഞ് മിണ്ടാതെ നിന്നപ്പോൾ അവൾ തന്നെ തുടർന്നു പറഞ്ഞു.
"ശ്ശെടാ നിങ്ങള് കണ്ണ് തള്ളി റോഡിലിടണ്ട .വരം എന്നു പറഞ്ഞാൽ നാല് ആഗ്രഹങ്ങൾ അത് സാധിച്ചു തന്നാൽ ഞാൻ നിങ്ങൾ പറയുന്നത് കേൾക്കാം. " ...അവൾ പറഞ്ഞു നിർത്തി.
അതു സമ്മതിക്കാതെ മറ്റുവഴിയില്ലായിരുന്നു.
“ എങ്കി നിങ്ങൾ ഇവിടെ നിക്ക് ഞാൻ വീട്ടിൽ പോയേച്ചും വരാം ഇത് വെട്ടി കഴുകി കറി വയ്ക്കട്ടെ മീൻചാറില്ലെങ്കി അപ്പന് ചോറ് എറങ്ങു കേല അത് ഒണ്ടാക്കി വക്കുന്ന താമസമൊണ്ട് അത് വരെ ഇവിടെ നില്ല്.” അതും പറഞ്ഞ് രാജകുമാരി പാലം കുലുക്കി അപ്പുറത്തേക്ക് പോയി മറഞ്ഞു.
Part 2
സൂര്യൻ ആനക്കയത്തിലെ വെള്ളത്തിൽ നിന്നും മുകളിലേക്ക് പൊങ്ങിയിട്ട് ഏറെക്കുറെ പത്ത് നാൽപ്പത് മിനിറ്റുകഴിഞ്ഞു. കുറേ നേരമായി പാലത്തിന്റെ ഇങ്ങേ അറ്റത്ത് കിഴക്കോട്ട് നോക്കിയിരിപ്പാണ് എന്റെ ജോലി.ആറ് മത്തിയും ഒരു കൂട് മുളകുപൊടിയുമായി ഉദ്ദേശം ഒരു മണിക്കൂർ മുമ്പാണ് ആ സാധനം അപ്പന് കറിവച്ചു കൊടുക്കാനായി ഒരുത്തി വീട്ടിലേക്ക് പോയത്. അവൾ വരാൻ വൈകുന്നതും വന്നു കഴിഞ്ഞാൽ സംഭവിക്കാൻ പോവുന്നതും ഓർത്ത് ചങ്ക് പട പട ഇടിക്കുന്നുണ്ട്.
“ഇതിന്റെ വല്ല കാര്യവുമുണ്ടോ രണ്ടു പേജുകൾ ഓർത്തെടുത്ത് എഴുതിയാൽ പോരെ ബെല്ലും ബ്രേക്കുമില്ലാത്ത ഇങ്ങനെ ഒരണ്ണത്തിനെ കാത്ത് ഒരന്തോം കുന്തോമില്ലാതെ കിഴക്കോട്ട് നോക്കി നിൽക്കേണ്ട വല്ല ആവശ്യവുമുണ്ടോ ? "
അങ്ങനെയൊക്കെ കുറേ നേരം കഴിഞ്ഞ് മനസ്സ് കാടുകേറി ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ദൂരെ നിന്നും ലൈലാന്റ് കമ്പനിയുടെ ഒരു പഴയ കൊമ്പനാന അനങ്ങി അനങ്ങി വരുന്നത് കണ്ടത്. കുറച്ചു നേരം കൊണ്ട് ഏന്തി വലിഞ്ഞ് എന്റെ തൊട്ടു മുന്നിൽ അയ്യോ വയ്യെ എന്ന ഭാവത്തിൽ ആ സർക്കാർ സ്ഥാപനം വന്നുനിന്നു കിതച്ചു. ഒരു വലിയ മല കയറാൻ പോവുന്ന എല്ലാ ആവലാതിയും പാവം അതിന്റ വയസ്സു ചെന്ന മുഖത്ത് കാണുന്നുണ്ട്. അൽപ നേരം മാത്രം . ബസിന്റെ ഒരു വശത്ത് കുറേ ആളുകൾ ഇറങ്ങുകയും കുറച്ചു പേർ കയറാൻ തയ്യാറെടുത്ത് നിൽക്കുകയും ചെയ്യുന്നു .പെട്ടെന്ന് എന്റെ വലതുകൈ ചുറ്റാനായി എവിടെ നിന്നോ ഒരിടതു കൈ എത്തി.
വാ ..കേറ്. ..
അതൊരു ശാസനയായിരുന്നു നോക്കിയപ്പോൾ ചുവന്നപുള്ളിയുള്ള മറ്റൊരു ചുരിദാറിൽ കയറി റബേക്ക രാജകുമാരി എന്റെ പക്കം ഹാജർ .അവൾ എന്നെ വണ്ടിയിലേക്ക് വലിച്ചു കയറ്റാൻ ആഞ്ഞു നിൽക്കുകയാണ്.
എങ്ങോട്ട് കൊണ്ടുപോകുവാ…?
ഇത്തിരി ദേഷ്യത്തിൽ തന്നെയാണ് ചോദിച്ചത് .എന്നാൽ അത് കേൾക്കാൻ കൂട്ടാക്കാതെ പിന്നെ പറയാം എന്നു പറഞ്ഞ് എന്നെ തള്ളി പിടിച്ച് അവള് വണ്ടിയിൽ കയറ്റി.
അധികം ആളുകൾ ഒന്നും ആ KSRTC യിൽ ഇല്ല.
ഉള്ളവർ തന്നെ ഡാമിന്റെ ചരുവിലെ ആദ്യ സ്റ്റോപ്പിൽ ഇറങ്ങി പോവാറാണ് പതിവ് പിന്നെ കാലിയായ വണ്ടി അരണമല ചുറ്റി മുകളിലേക്ക് ഏന്തി വലിഞ്ഞ് കയറി പോവും .ചുമ്മാതെ ഡീസൽ കത്തിക്കാൻ വേണ്ടി ഒരു പോക്ക്. ഒരു തരത്തിൽ പറഞ്ഞാൽ ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു സർക്കാർ തമാശ .
രണ്ട് നീലമുടി. ….
ഓരോന്നോർത്തിരുന്നപ്പോൾ തൊട്ടടുത്തു നിന്നും ടിക്കറ്റ് പറഞ്ഞത് കേട്ട് ഞാൻ അടപടലം ഞെട്ടിപ്പോയി. നീലമുടിയോ കർത്താവെ ഇവളിത് എന്ത് ഭാവിച്ചാണ് ഈ ബസിന്റെ അവസാന സ്റ്റോപ്പാണ് നീലമുടി .പതിനാറ് ഹെയർ പിൻ വളവുകൾ ചുറ്റി അരണ മലയുടെ നെറുകന്തലയിലേക്ക് പോവാനുള്ള ടിക്കറ്റാണ് പെണ്ണ് യാതൊരു ബോധവും ഇല്ലാതെ എടുത്തിരിക്കുന്നത്. എന്നാൽ അതൊന്നു മായിരുന്നില്ല കാണാൻ പോവുന്നത് എന്റെ ഞെട്ടൽ ആരംഭിച്ചു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു.
എനിക്ക് കപ്പതിന്നാൻ തോന്നുന്നു. …
അതു കേട്ട് ഞാൻ ദയനീയമായി അവളെ ഒന്നു നോക്കി. ഇവളല്ലെ ഇപ്പോ മീനും വാങ്ങി വീട്ടിൽ പോയത് . അന്നേരം ആയി കൂടായിരുന്നോ കപ്പ തീറ്റി .ആലോചിച്ച് മുഴുമിക്കേണ്ടി വന്നില്ല അപ്പോഴേക്കും സാമാന്യ വിചാരം തെറ്റിച്ച ഒന്നാമത്തെ വരം പൂക്കളുടെ രാജകുമാരി ചോദിച്ച് തുടങ്ങിയിരുന്നു. വരം ഒന്ന് അതിങ്ങനെപോവുന്നു
“ തൊണ്ണത്താംകുന്ന് ഷാപ്പീന്ന് എനിക്ക് കപ്പതിന്നണം. അതും ഷാപ്പി പോയിരുന്ന് കൊടം പുളിയിട്ട വറ്റമീൻ കറി കൂട്ടി ഇത്തിരി കള്ള് മോന്തിക്കോണ്ട് വേണം ” .
അത് പറഞ്ഞപ്പോൾ ഓൾക്ക് ഏതൊക്കെയൊ സിനിമകളിലെ ഉർവ്വശിയുടെ മുഖം.
“നിങ്ങള് വേണെ കള്ള് കുടിച്ചൊ ,ഇല്ലെങ്കി വേണ്ട, എന്തായാലും എനിക്ക് ഷാപ്പിലെ കപ്പ വേണം കൂടെ കള്ളും.” അവൾ കൈ രണ്ടും ഒരു വല്ലാത്ത രീതിയിൽ കമഴ്ത്തിക്കൊണ്ട് എന്നെനോക്കാതെ പറഞ്ഞു.
ബസിൽ ആരാണ്ടൊക്കെയൊ അതു കേട്ട് തിരിഞ്ഞു നോക്കി. അതു കണ്ട് ഞാൻ മുഖം താഴ്ത്തി .കർത്താവെ പരിചയക്കാര് വല്ലതും ആണോ. ? ആവല്ലെ എന്ന് പ്രാർത്ഥിച്ചു eപായി. കേട്ടപ്പോ എന്റെ കണ്ണിലാവട്ടെ ഇരുട്ടു കയറുന്നതു പോലെ ഒരു തോന്നലും. വല്ലാത്ത ഒരു ദിവസമായി പോയി .തന്നത്താനെ മനസ് നിറഞ്ഞ ഒരു പ്രാക്ക് ഉള്ളിൽ കിടന്ന് തികട്ടുന്നു. ഷാപ്പിൽ കയറിയിട്ടി ല്ലെന്നും അവിടെ കപ്പയുണ്ടൊ എന്ന് അറിയില്ലെ ന്നുമൊക്കെ ഒരുണ്ണിക്കുട്ടൻ സ്റ്റൈലിൽ പറയണ മെന്നു ണ്ടായിരുന്നു എന്നാൽ രാവിലെ അവളുടെ നാവിൽ നിന്നും കേട്ടതോർത്തപ്പോൾ ഒന്നിനും എന്റെ നാവു വഴങ്ങിയില്ല. തിരിച്ച് പുളിച്ച തെറി’ വന്നാലൊ. ഇത്രയും ആയ സ്ഥിതിക്ക് അത് വന്നേക്കാം . അതു കൊണ്ട് പിന്നെ ഒന്നും വരാതിരിക്കാൻ വേണ്ടി വന്നാൽ താങ്ങാനാവില്ല എന്നറിയാവുന്നതു കൊണ്ട് ഞാൻ ആ വാഹനം നിലക്കുവോളം വെളിയിലേക്ക് നോക്കി വെറുതെ മിണ്ടാതെയിരുന്നു. അല്ലാതെ മറ്റുവഴി ഒന്നും അപ്പോൾ മനസ്സിൽ തോന്നിയില്ല.
അരിഞ്ഞാണം പോലെയുള്ള വഴിയിൽ അരണമല ചുറ്റി കിടക്കുന്ന വളവുകൾ മുഴുവൻ വേച്ച് വേച്ച് കയറിക്കൊണ്ടിരിക്കുകയാണ് ആ വയസ്സൻ ആന. അത് മുകളിൽ ചെന്നപ്പോൾ സമയം ഉച്ചകഴിഞ്ഞു .ആ നേരം വരെ വലിയ വായിൽ വർത്തമാനം പറയുന്ന റെബേക്കയുടെ ചിലപ്പ് മാത്രമുണ്ടായിരുന്ന എന്റെ ചെവികൾ എപ്പോഴൊ ചൂട് തെക്കൻ കാറ്റ് നിറഞ്ഞ് അടഞ്ഞുപോയി. രണ്ടര മണിയായപ്പോൾ വണ്ടി തൊണ്ണത്താം കുന്ന് ഷാപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പായ ഇലുമ്പി മേട്ട് കവലയിൽ നിർത്തി .
" ..ഇതു വരയെ ഉള്ളു ഈ സർവീസ് ഇനി അങ്ങോട്ട് ജീപ്പ് മാത്രം പോവുന്ന വഴിയാണ് അതോണ്ട് വണ്ടിയിൽ നിന്നും എറങ്ങണം.. "
ഞാൻ രാജകുമാരിയോടുള്ള അപേക്ഷ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. അപ്പോഴാണ് ആ ചിലപ്പ് ഒട്ടൊന്ന് ശ്രമിച്ചത്. സകലരും ആ വണ്ടിയിൽ നിന്നും വെളിയിലിറങ്ങി. കൂടെ ഞങ്ങളും .
എന്നാലും ന്റ കൊച്ചൂഞ്ഞെ ഇതെന്നാ തീറ്റിയാടാ ഉവ്വേ .?
താടിക്ക് കൈയ്യും കൊടുത്ത് വായും പൊളിച്ചത് നോക്കി നിന്ന കൊച്ചുകുഞ്ഞിനോട് ഷാപ്പ് മൊതലാളി മത്തായിച്ചൻ ഏതാണ്ട് സമാന അവസ്ഥയിൽ നിന്നോണ്ട്തന്നെ ചോദിച്ചു.കൊച്ച് കേൾക്കാനും മാത്രം പതുക്കയാണ് അങ്ങോരത് പറഞ്ഞതെങ്കിലും റെബേക്ക യുടെ ആന ചെവി സംഗതി കേട്ടെന്നു വ്യക്തം. അത് കേട്ടതുകൊണ്ടാണോ എന്നറിയില്ല വെളുത്ത പ്ലേറ്റിലെ മഞ്ഞ നിറമുള്ള കപ്പ വേവിച്ചത് ഷാപ്പിലെ കുടം പുളിയിട്ട വറ്റമീൻ കറി വീണ് ഒരു പ്രാവിശ്യം കൂടി ചുവന്നു തുടുത്തു. തൊട്ടടുത്ത് അടിത്തട്ട് പറ്റിയ കള്ള് വെളുത്ത നിറത്തിൽ കുപ്പിച്ചുവടിൽ എതാണ്ട് കാൽ ഭാഗത്തോളം വട്ടം ചുറ്റി കെട്ടികിടക്കുന്നു. അതും കൂടി അകത്താക്കി അവൾ തല ആട്ടുംകുട്ടി ഇളക്കുന്നതു പോലെ ഒന്നിളക്കി .അന്നേരം താടിക്ക് കൈയ്യും കൊടുത്തു നിന്ന കൊച്ചു കുഞ്ഞിന്റേതുൾപ്പടെ മേശക്ക് കൈ കൊടുത്ത് ആ അസുലഭ നിമിഷം ധന്യമാക്കുവാൻ തൊണ്ണാത്താം കുന്ന് ഷാപ്പിൽ എത്തിച്ചേരുവാൻ ഭാഗ്യം സിദ്ധിച്ച സകല എണ്ണത്തിന്റെയും വായ പൊളിഞ്ഞുതന്നെ യിരിക്കുകയായിരുന്നു. അടുത്ത് മരച്ച് മഞ്ഞായ ഞാനും.
മകാളെ കഴിഞ്ഞില്ലെ... പോവണ്ടെ…? .ഞാൻ പതിയെ ചോദിച്ചു .
അവളത് കേട്ടോ ആ ആർക്കറിയാം. എന്തായാലും കക്ഷി വെളിയിലിറങ്ങി .പിന്നെ ഷാപ്പിന്റെ മുന്നിലെ ഒരു കറുത്ത ജാറിൽ വച്ചിരുന്ന വെള്ളമെടുത്ത് മുഖവും കൈയ്യും കഴുകി എന്നെ തരിമ്പും ശ്രദ്ധിക്കാതെ ഒരൊറ്റ നടപ്പ് .എന്നാൽ അവളെ മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഞാൻ കാശും കൊടുത്ത് അവളുടെ പിന്നാലെ തന്നെ ഓടി. നോക്കുമ്പോൾ ജീപ്പ് മാത്രം പോവുന്ന ചെറിയ കൽപാതയിൽ കൂടി രണ്ടു കുപ്പി കള്ളും വയറിലിട്ട് നീലമുടിക്ക് നെറുകന്തലയിലേക്ക് വച്ച് പിടിക്കുകയാണാ വിത്ത്.
ഡീ അവിടെ നിന്നെ ….. ഞാൻ പിറകെ ചെന്നെങ്കിലും ഒന്നും കേൾക്കാതെ അവൾ മുകളിലേക്ക് പോയി.
ഇനി നീല മുടി. അതിനെ കുറിച്ച് പറയാം .അതു പറഞ്ഞാൽ മതസൗഹാർദ്ദത്തിന്റെ മൂന്നര സെന്റ് ഭൂമിയാണ് ഈ മലയുടെ ഏറ്റവും ഉയരമുള്ള ഭാഗമായ നീലമുടി .നീലമുടിയെന്നാൽ ശിവന്റെ നീലമുടി .അതുകൊണ്ട് ഉറപ്പായും ഒരു ശിവക്ഷേത്രം അവിടെയുണ്ട് എന്നു മനസ്സിലായല്ലൊ .എന്നാ അതു മാത്രമല്ല ഉള്ളത് കുറേ കഴിഞ്ഞ് ഈ നാട്ടിൽ ശിവനെ ആരാധിച്ചു രസം പോയ ചിലർ ശിവനേ പോലെ നീണ്ട മുടിയുണ്ടായിരുന്ന യേശു കൃസ്തുവിനെ ആരാധിക്കാൻ തുടങ്ങിയപ്പോൾ അമ്പലത്തിനപ്പുറത്ത് ആര സെന്റ് ഭൂമിയിൽ ജറുസലേം കാരനായ കർത്താവിനെ അവർ കുരിശിൽ തറച്ചു വച്ചു. ചുമ്മാ ഒരു രസത്തിന് .ആർക്കും അതിൽ അന്നൊരു പരാതിയും ഉണ്ടായിരുന്നില്ല . അതിൽ പിന്നെ ഇന്നുവരെ ഈ രണ്ടു മുടി നീണ്ട ദൈവങ്ങളും ഒത്തൊരുമയോടെ നീലമുടിയിൽ താമസിച്ചു വരുന്നുണ്ട്. അതാണ് മത സൗഹാർദ്ദം എന്നു കവി ഉദ്ദേശിച്ചത്.
എത്ര മണിയായി. ?
ഇടക്ക് കിതച്ചു കൊണ്ട് റബേക്ക തിരിഞ്ഞു നിന്നു. എളിയിൽ കൈ കൊടുത്തുള്ള രാജകുമാരിയുടെ നിൽപ്പ് കണ്ട് സത്യത്തിൽ എന്റെ ഉള്ളിന്റയുള്ളിൽ ഒരു ചിരി പൊട്ടിയിരുന്നു .എന്നാൽ ഞാനത് പുറത്തു കാണിച്ചില്ല.
സമയം മൂന്നരയായി .മതി നടപ്പ് വാ തിരിച്ചു പോവാം .വീണ്ടും എനിക്ക് ദേഷ്യം വന്നു തുടങ്ങി.
പറ്റില്ല എനിക്ക് സൂര്യാസ്തമനം കാണണം.
ങ്ങഹേ എന്തോന്ന് അതൊന്നും പറ്റില്ല
അതിന് ഇനിയും എത്ര നേരമുണ്ട്
പറ്റത്തില്ല നമുക്ക് പോവാം .ഞാൻ ബഹളം വച്ചു.
“ ...പറ്റിയെ ഒക്കത്തൊള്ളു എനിക്കു കാണണം മുകളിൽ അമ്പലത്തിനും കുരിശിനും
നടുവിലിരുന്ന് എനിക്കത് മതിയാവോളം കാണണം. അങ്ങ് പോയെ പറ്റു.
വരം രണ്ട്.."
അവൾ വലത് കൈയ്യുടെ രണ്ടു വിരൽ ഉയർത്തി കാട്ടി.
ഇത്തവണ ആ ശബ്ദം വല്ലാതെ തണുത്തിരുന്നു അതിൽ ഒരു കുഞ്ഞിന്റെ ശാഠ്യവും കാമുകിയുടെ മോഹവും നിറഞ്ഞിരുന്നു .ഞാനവളെ തന്നെ നോക്കി.വല്ലാത്ത സ്വഭാവമാണ് ഈ പെണ്ണിന്റേത് മുമ്പ് പലപ്പോഴും അതെനിക്ക് തോന്നിയിട്ടുമുണ്ട്. ചെറിയ ചിരി വന്നപ്പോൾ അതടക്കി അവളുടെ പിന്നാലെ ഞാനും മുകളിലേക്ക് നടന്നു.
ഒരു മണിക്കൂറ് കൊണ്ട് തന്നെ ഞങ്ങൾ മുകളിലെത്തി. പക്ഷെ സൂര്യൻ അസ്തമിക്കാൻ ഇനിയുമുണ്ട് മണിക്കൂറുകൾ ബാക്കി. ഈ കുന്ന് പണ്ടൊരു കാടായിരുന്നു .പിന്നീട് പലരും ഇവിടേക്ക് കയറി വന്നു . വന്നവർ വന്നവർ ഇവിടം വെട്ടിതെളിച്ച് നല്ല കൃഷിയിടങ്ങളാക്കിമാറ്റി. കാലം കുറേ കഴിഞ്ഞ് അങ്ങനെ ചെയ്തവർ പലരും കൃഷി നഷ്ടമായപ്പോൾ താഴെ ഇറങ്ങി പോയി. ഒടുവിൽ അവർ ബാക്കി വച്ച ചാമ്പയും പേരയും ആഞ്ഞിലിയും മാത്രമാണ് ഇന്നീ ഭൂമിക്ക് സ്വന്തമായി ബാക്കിയുള്ളത്.
ഒരോ മരത്തിലും അവൾ ഊഴം വച്ച് കയറി.
അമ്പലത്തിനോട് ചേർന്ന മൂന്നു ചാമ്പ മരങ്ങൾ നിറയെ ചുവന്നു തുടുത്ത ചമ്പക്കായ്കൾ കണ്ടു കൊതി മൂത്താണ് പെണ്ണ് അള്ളി പിടിച്ച് ഓരോന്നിലും കയറിയത്. മരം കേറുന്ന പെണ്ണ് എന്നു കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു. ഇപ്പോ ഇതാ എന്റെ കണ്ണിന്റെ മുന്നിൽ ഒരു വികൃതി പിടിച്ച കുരങ്ങിൻ കുഞ്ഞിനെ പോലെ ചാടിച്ചാടി ഇപ്പം ഒടിയുമെന്ന കണക്ക് നിൽക്കുന്ന ചെറുചാമ്പ മരങ്ങളിൽ ഓടി കയറി നടക്കുകയാണ് ഒരു പെണ്ണ്.
വേണൊ ..? ഇടക്ക് താഴെ നിൽക്കുന്ന എന്റെ കാര്യം ഓർമ്മ വന്നതു കൊണ്ടാണൊ ആവോ ഒരു ചോദ്യം താഴേക്ക് വന്നിരുന്നു. ഞാൻ വേണ്ട എന്നു തലയാട്ടി. അങ്ങനെ കുറേ നേരം മുന്നോട്ടു പോയി.
ഒടുവിൽ സൂര്യൻ ഞങ്ങളെ തേടി ദൂരെ നമ്പ്യാം കുന്നിനു ചെരുവിലായി ഒരു വലിയ ചുവന്നവട്ടം
പോലെ വന്നു നിന്നു.
ദേ നിന്റെ ആള് പോണു ..
ഞാൻ കുരിശിന്റെ മുകളിലെ കർത്താവിനെ കുറേ നേരമായി അനങ്ങാതെ നോക്കി നിന്നിരുന്ന റബേക്കയോട് സൂര്യനെ ചൂണ്ടി വിളിച്ചു പറഞ്ഞു.
‘എന്തിയേ ..?
അതു കേട്ട് അവൾ ഓടി എന്റെ അടുത്തെത്തി
എന്റെ വലതു കൈയ്യിൽ അവളുടെ ഇടതു കൈ ചേർത്ത് റെബേക്ക ചുവന്ന സൂര്യനെ നോക്കി ഏറെ നേരം നിന്നു. ഇപ്പോൾ മലക്കും മലയിലെ ശിവന്റെ മുടിക്കും കുരിശിനും കുരിശിലെ കർത്താവിനുമെല്ലാം നല്ല ഇളം ചുവപ്പു നിറം മാത്രം .
തുടരും

Jyothilal
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo