Slider

റബ്ബര്‍ പന്ത്

0

ഏതാനും ദിവസങ്ങൾക്കു മുൻപ് എന്‍റെ ഒരു സുഹൃത്ത്‌ കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ പറഞ്ഞ ഒരു സംഭവ കഥ ഇവിടെ കുറിച്ചിടണം എന്ന് തോന്നി!!
ആ കഥ ഇങ്ങിനെയായിരുന്നു ..............
സ്കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയാല്‍ കൂട്ടുകാരുമായി ക്രിക്കറ്റ് കളിച്ചുനടന്നിരുന്ന കാലം .റബ്ബര്‍ പന്ത് ആണ് കളിക്കാൻ ഉപയോഗിച്ചിരുന്നത് അതുകൊണ്ടുതന്നെ ഇടയ്ക്കിടെ പന്ത് പൊട്ടിപ്പോകും .പകരം പന്ത് വാങ്ങിക്കാന്‍ പണത്തിനു വേണ്ടി ബുദ്ധിമാനായ സുഹൃത്ത് ഒരു പോംവഴി കണ്ടെത്തി . .
സാധാരണ വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ കടയില്‍ നിന്ന് വാങ്ങിച്ചിട്ട് പണം മാസത്തില്‍ കൊടുക്കുന്ന രീതിയായിരുന്നു .എന്നാല്‍ പന്ത് ആവശ്യമുള്ള ദിവസങ്ങളില്‍ ആ കടയില്‍ പോകാന്‍ കഴിയില്ല എന്ന് വാശി പിടിച്ചു ,വീടിനു അടുത്തുള്ള കൃഷ്‌ണേട്ടന്റെ കടയില്‍ പോയി പണം കൊടുത്തു സാധനങ്ങള്‍ വാങ്ങാന്‍ ഉമ്മയെ കൊണ്ട് സമ്മതിപ്പിക്കും അന്നും ഇന്നും അതിബുദ്ധിമാനായ എന്‍റെ സുഹൃത്ത്‌.
ഒരു കിലോ വാങ്ങേണ്ടുന്ന പഞ്ചസാര 900 ഗ്രാമും , 2 കിലോ വാങ്ങാന്‍ പറയുന്ന അരി 1800 ഗ്രാമും ഒക്കെ വാങ്ങി പന്ത് വാങ്ങാനുള്ള പണം
വളരെ ബുദ്ധിപൂർവ്വം കൈക്കലാക്കും !! .ഇങ്ങിനെ വങ്ങുമ്പോള്‍ പലപ്പോഴും കടയിലെ കൃഷ്ണേട്ടന് കണക്കും തെറ്റും .അതുകൊണ്ട് പന്ത് വാങ്ങാനുള്ള പൈസ കൃത്യമായി കയ്യില്‍ വരും .കൃഷ്ണേട്ടന് തൂക്കവും തെറ്റിപ്പോകാറുണ്ട് . 900 gram തൂക്കാന്‍ അറിയാത്ത കൃഷ്ണേട്ടന്‍ 1 കിലോ തന്നെ കൊടുക്കും . അതുകൊണ്ട് വീട്ടിലും ഇത് അറിയുന്നില്ല .അങ്ങിനെ കണക്കറിയാത്ത പാവം കൃഷ്ണേട്ടനെ പറ്റിച്ചു എന്‍റെ സുഹൃത്തും കൂട്ടുകാരും കാലങ്ങളോളം ക്രിക്കറ്റ് ബോള്‍ വാങ്ങി. .
കാലങ്ങള്‍ കഴിഞ്ഞു ബാല്യം കൗമാരത്തിനു വഴിമാറി .സുഹൃത്തും കൂട്ടുകാരും കോളേജ് കുമാരന്മാരായി . ബുദ്ധിയോടൊപ്പം പക്വതയുംവളർന്നു .ആ ഇടയ്ക്കു ചില ഒഴിവു സമയങ്ങളിൽ കൂട്ടുകൂടി കൃഷ്ണേട്ടന്റെ കടയില്‍ പോയി ഇരുന്നു കഥകള്‍ പറയും .അങ്ങിനെ ഒരിക്കല്‍ ,ഒരു പശ്ചാത്താപം എന്ന നിലയില്‍ കൃഷ്ണേട്ടനോട്‌ പണ്ട് ചെയ്ത കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി
ഇവിടെയാണ്‌ എന്നെ ഈ കഥ ഇവിടെ കുറിച്ചിടാൻ പ്രേരിപ്പിച്ച കഥയുടെ മര്‍മ്മം തുടങ്ങുന്നത് !! കണക്കുതെറ്റുന്ന ,അളവ് കൃത്യമായി തൂക്കാന്‍ അറിയാത്ത കൃഷ്ണേട്ടന്റെ മറുപടിയില്‍ സുഹൃത്തുക്കള്‍ സത്യത്തില്‍ പകച്ചു പോയി .നിർദോഷകരമായ പലതിനും മുൻപിൽ പലരും കണ്ണടക്കുമ്പോൾ , കബളിപ്പിച്ചു എന്ന് തെറ്റിദ്ധരിച്ചു മിടുക്കരായി തീരുന്ന നമ്മൾ അറിയുന്നില്ല ആരാണ് യഥാർത്ഥത്തിൽ കബളിപ്പിക്കപ്പെട്ടതെന്നു .
1കിലോക്ക് പകരം 900 ഗ്രാം ചോദിക്കുമ്പോള്‍ തന്നെ കൃഷ്ണേട്ടന് കാര്യം പിടികിട്ടും .അതുകൊണ്ട് തന്നെ ഒന്നും പറയാതെ തൂക്കം 1 കിലോ കൊടുക്കുകയും , അവസാനം കണക്കു കൂട്ടിനോക്കുമ്പോള്‍പന്ത് വാങ്ങിക്കാൻ പൈസ ആയിട്ടില്ല എന്ന് കാണുമ്പോള്‍ മനപൂര്‍വ്വം കണക്കു തെറ്റിച്ചു പന്ത് വാങ്ങാനുള്ള വക ഉണ്ടാക്കിക്കൊടുക്കുകയുമായിരുന്നു ആ മനുഷ്യന്‍ ചെയ്തു കൊണ്ടിരുന്നത് !!പക്ഷെ കൃഷ്ണേട്ടന് ,തൂക്കവും ,കണക്കും അറിയില്ല എന്ന് എന്റെ സുഹൃത്തുക്കൾ വിശ്വസിച്ചു!! കൃഷ്ണേട്ടന്റെ മകനും ഇവരോടൊപ്പം കളിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ കുട്ടികളൊന്നും കൃഷ്ണേട്ടന് അന്യരുമായിരുന്നില്ല!!
ഞാനും നിങ്ങളും പലപ്പോഴും ജീവിതത്തില്‍ ഈ കൃഷ്ണേട്ടന്‍ ആകാറുണ്ട് !! നമ്മുടെ മക്കള്‍ക്ക്‌ മുന്‍പില്‍ ,സുഹൃത്തുക്കൾക്ക് മുൻപിൽ ചിലപ്പോള്‍ മറ്റു ചിലര്‍ക്ക് മുന്‍പില്‍!! പലതും മനപൂര്‍വ്വം നാം തെറ്റിക്കുന്നു !! അറിയാത്തത് പോലെ അഭിനയിക്കുന്നു , കാണാത്തത് പോലെ നടിക്കുന്നു .കൃഷ്ണേട്ടനെ എങ്ങിനെ മണ്ടനായി കണ്ടുവോ തുല്ല്യ വീക്ഷണത്തില്‍ ഞാനും ,നിങ്ങളും വിലയിരുത്തപ്പെടുന്നു !!
റിയാസ്.ബി. പി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo