നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസം - Part 7 - House Driver


'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
Part 7
അവധിക്ക് നാട്ടിൽ പോയ ഓരോരുത്തരായി റൂമിൽ തിരിച്ചു വന്നു കൊണ്ടിരുന്നു ഓരോരുത്തരുമായും ഞാൻ കൂടുതൽ അടുത്തു. പഴയ കാല പ്രവാസത്തെ ഓർമിപ്പിക്കുന്ന ചില അടയാളങ്ങൾ ഇന്നത്തെ സാഹചര്യത്തിലും ഞങ്ങളുടെ റൂമിൽ ഉണ്ടായിരുന്നു അതിൽ പ്രധാനപ്പെട്ടത് വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയുടെ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കുന്നതാണ് പണ്ടു കാലങ്ങളിൽ എല്ലാ പ്രവാസികളുടെ കട്ടിലിനടുത്തും കാണുമായിരുന്നു ഇങ്ങനെയുള്ള ഒരു ഫോട്ടോ. നാട്ടിൽ നിന്ന് ഫോട്ടോയെടുത്ത് ഫിലിം ഇവിടെ കൊണ്ടുവന്ന് സ്റ്റുഡിയോയിൽ പോയി കഴുകി ഫോട്ടോ ആക്കി ഫ്രെയിം ചെയ്യുന്ന കാലമൊക്കെ ഇന്നു മാറി ഇപ്പോൾ എല്ലാവരുടെ കയ്യിലെ മൊബൈലിലും ദിവസവും പുതിയ പുതിയ ഫോട്ടോകൾ വരാൻ തുടങ്ങി എങ്കിലും എന്റെ റൂമിലെ ചില ആളുകളുടെ കട്ടിലിനടുത്ത് ഉണ്ടായിരുന്നു പഴയ കാലത്തെ ഓർമിപ്പിക്കുന്ന ഇത്തരം ഫ്രെയിം ചെയ്ത ഫോട്ടോകൾ ആദ്യകാലങ്ങളിൽ തലയിണക്കടിയിലും ഉണ്ടാവും ഇതുപോലെ ഒരു ഫോട്ടോ അതിൽ തന്റെ ഭാര്യയുടെ ഫോട്ടോ ആയിരിക്കും ഉറങ്ങാത്ത രാത്രികളിൽ പലരും ആ ഫോട്ടോ നോക്കി തന്റെ സങ്കടങ്ങളും മറ്റും പറഞ്ഞ് ആശ്വസിക്കും ചുരുക്കം ചിലർ ആ ഫോട്ടോ നോക്കി ആശ്വസിക്കും മരുഭൂമിയിൽ വന്നു കഷ്ടപ്പെട്ടാലും ഫോട്ടോയിലുള്ള വ്യക്തിയിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്നാവും അവരുടെ ചിന്ത.
അതുപോലെതന്നെയാണ് റൂമിലെ ഫോൺ ചെയ്യലുകളും ഒരാൾ തന്റെ ഭാര്യയോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് റൂമിലെ മറ്റുള്ളവർക്കൊക്കെ നന്നായിട്ട് അറിയാം കാരണം ഫോൺ വിളിക്കുമ്പോൾ എല്ലാവരും പരസ്പരം കേൾക്കുമല്ലോ ചിലർ വളരെ ലോലന്മാർ ആയിരിക്കും എത്ര പ്രായമായി എങ്കിലും ദിവസം രണ്ടും മൂന്നും തവണ പഞ്ചാര കലർന്ന സംസാരമായിരിക്കും ചിലർ ഫോൺ വിളിച്ച് ഒന്നോ രണ്ടോ മിനിറ്റ് കഴിയുമ്പോഴേക്കും വഴക്ക് ആയിരിക്കും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല നീ നന്നാവൂല എന്നൊക്കെ പറയുന്നത് കേൾക്കാം ഇങ്ങനെ ഭാര്യമാരോട് വഴക്കിടുന്ന വരിൽ പ്രധാനിയായിരുന്നു റൂമിലെ ഏറ്റവും തലമുതിർന്ന കാരണവർ എന്റെ എണ്ണയും ബ്രെഷും എടുത്തു എറിഞ്ഞു എന്ന് സംശയിക്കുന്ന ആൾ റൂമിൽ തന്നെ അയാൾ ഒരു പ്രത്യേക ചിട്ട ഉള്ള ആളാണ്‌ സ്വന്തമായി പലതും ചെയ്യണം പലതും പറ്റില്ല പലതിലും കൂടില്ല ഇങ്ങനെ സ്വഭാവക്കാരനാണ്. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഗൾഫ് നിർത്തി പോവുകയാണെന്ന് അറിഞ്ഞു അയാളുടെ ഭാര്യയുടെ കഷ്ടകാലം ചിലർ ഫോൺ എടുത്താൽ പിന്നെ പ്രാരാബ്ദത്തിന്റെ കണക്ക് ആയിരിക്കും ബാങ്കിലെ ലോണ് അപ്പുറത്തെ കടം ഇങ്ങനെ പോകും ഫോൺവിളി ചുരുക്കം ചിലർ മാത്രം എന്നെ പോലെ വീട്ടുകാരോട് വളരെ മയത്തിൽ സംസാരിക്കുന്ന നിർമ്മല ഹൃദയരും നിസ്വാർത്ഥ മതികളും നിരക്ഷരകുക്ഷികളും ആയിരിക്കും
എന്റെ കൂടെ താമസം ഉള്ള 13 പേരിൽ പകുതിയിൽ അധികം പേരും വസ്ത്ര നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരാണ് ടൈലർമാർ, കട്ടിങകാർ, ഇസ്തിരി ഇടുന്നവർ, കമ്പനിയിലെ മറ്റു സ്റ്റോർ കീപ്പർമാർ തുടങ്ങിയവർ ഇതിൽ ടൈലർമാരും മറ്റും കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരാണ് പ്രവാസികളുടെ കൂട്ടത്തിൽ ഭാഗ്യം ചെയ്തവർ എന്ന് അവരെ കുറിച്ച് പറയാം ദിവസം എട്ടു മണിക്കൂർ ജോലി ആഴ്ചയിൽ ഒരു ദിവസം ലീവ് പിരിഞ്ഞുപോകുമ്പോൾ ജോലി ചെയ്ത വർഷം കണക്കാക്കി ബോണസ് ഇതിനെല്ലാം പുറമേ കമ്പനിയിലെ ജോലി കഴിഞ്ഞാൽ റൂമിന്റെ അടുത്തുള്ള ചെറിയ ചെറിയ യൂണിറ്റിലേക്ക് പാർട്ട് ടൈം ജോലിക്കു പോവാനും അവർക്ക് സൗകര്യം ഉണ്ടായിരുന്നു അങ്ങനെ ഒരു ദിവസം തന്നെ രണ്ടും മൂന്നും സ്ഥലത്ത് ജോലി ചെയ്യുന്നവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു ചെയ്യുന്ന ജോലിയുടെ കണക്കനുസരിച്ചുള്ള വേദനം ആയതിനാൽ അവർക്ക് ഒരു മാസം ഏകദേശം ഒരു ലക്ഷം രൂപയോളം ശമ്പളം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു ജോലി കൂടുതലുള്ള സീസണുകളിൽ മറ്റും അത് ഏറിയും കുറഞ്ഞു കൊണ്ടിരിക്കും
ടൈലർ വിഭാഗത്തിൽ പെട്ട ആളാണ് കോരൻ ജോലികൾ രണ്ടും മൂന്നും ഒക്കെ ആണെങ്കിലും കോരന്റെ സംസാരം മുഴുവനും പ്രാരാബ്ദം നിറഞ്ഞതായിരുന്നു സംസാരം മാത്രമല്ല പ്രവർത്തിയും നാട്ടിൽ നിന്നും പലരും കൊണ്ടുവരുന്ന, പലർക്കും കൊടുത്തയക്കുന്നതുമായ സാധനങ്ങളിൽ മുക്കാൽ പങ്കും കോരൻ തിന്നും നാലു മണിക്ക് ചായയും ഉണ്ടാക്കി കോരന് 3 റൂമിലും ആയി ഒരു കറക്കം ഉണ്ട് പുതിയതായി വന്ന ആളുടെ കട്ടിലിനടിയിലും നാട്ടിൽ നിന്നും കൊടുത്തയക്കപെട്ട സാധനങ്ങൾ ഉള്ളവരുടെ കട്ടിലിനടിയിലും തപ്പി എവിടെനിന്നെങ്കിലും അന്നത്തെ ക്കുള്ള വക കോരൻ ഉണ്ടാക്കും പിന്നെ പിന്നെ സാധനങ്ങൾ വന്നാൽ ആളുകൾ അത് രണ്ടു വീതം ആക്കി 1 കോരൻ കാണാതെ എടുത്തുവെക്കും പിന്നെ ഒന്ന് ചെറിയ പാത്രത്തിൽ ആക്കി പുറത്ത് എല്ലാവരും കാണുന്ന സ്ഥലത്ത് വെക്കും പാവം കോരൻ ചെറിയ പാത്രത്തിൽ ഉള്ളത് തീർന്നാൽ പിന്നെ മറ്റു സ്ഥലങ്ങളിലേക്ക് അന്വേഷിക്കാൻ തുടങ്ങി ആദ്യദിവസങ്ങളിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന കുറച്ചു സാധനങ്ങൾ എന്റെ കൈയിലുമുണ്ടായിരുന്നു മാത്രമല്ല റൂമിൽ വന്നു പരിചയപ്പെട്ടു വരുന്നതുവരെ പലപ്പോഴും ഞാൻ പുറത്തു നിന്നും പലതും വാങ്ങി വരുമായിരുന്നു ഈ വക കാര്യങ്ങൾ ഒക്കെയാണ് ആദ്യകാലങ്ങളിൽ കോരനെ എന്നോട് അടുപ്പിച്ചത് എനിക്ക് 50 റിയാൽ കടം തരാത്ത തോടെ കോരൻ സ്വയം എന്നിൽ നിന്നും അകലാൻ തുടങ്ങി അതിൽ എനിക്കൽപ്പം ആശ്വാസമാണ് തോന്നിയത് ഒരു ദിവസം തന്നെ രണ്ടും മൂന്നും സ്ഥലത്ത് ജോലി ചെയ്ത് ഭീമമായ സംഖ്യ മാസം ശമ്പളം വാങ്ങിയിട്ടും എന്നും ഇല്ലായ്മയുടെ കണക്കുകൾ മാത്രം പറയുന്ന അയാളോട് കടം ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോന്നി
റൂമിൽ ബാക്കിയുള്ള പകുതി പേരിൽ കൂടുതൽ ആളുകളും വാഹനങ്ങളുടെ സ്പെയർ പാട്സ് വിൽക്കുന്ന കടകളിൽ ജോലി ചെയ്യുന്നവരായിരുന്നു ഒരുപാട് കാലം ഒരെ കടയിൽ ജോലി ചെയ്തത് കാരണം മോശമല്ലാത്ത ശമ്പളം അവർക്കും ഉണ്ടായിരുന്നു വെള്ളിയാഴ്ച അവർക്കും അവധിയായിരുന്നു ബാക്കി ഒരാൾ എസി മെക്കാനിക്ക് ആയിരുന്നു അയാളുടെ ജോലി സ്വന്തമായി കണ്ടെത്തി ചെയ്യണമായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കഷ്ടപ്പാട് ഉള്ള ജോലിയും എന്നാൽ ഏറ്റവും കൂടുതൽ ശമ്പളം കിട്ടിയിരുന്ന ജോലിയും അയാളുടെ തായിരുന്നു ഹൗസ് ഡ്രൈവർ ജോലി ചെയ്യുന്ന റൂമിലെ ഏക ആൾ ഞാൻ മാത്രമായിരുന്നു കാരണം ഹൗസ് ഡ്രൈവർമാർക്ക് സ്വന്തമായി റൂം ഉണ്ടാവേണ്ടതാണ് എന്റെ കഫീലിന്റെ ഇപ്പോഴത്തെ ഫ്ളാറ്റിൽ ഡ്രൈവർ റൂം ഇല്ലാത്തതുകൊണ്ടും പുതിയ ഫ്ളാറ്റിന്റെ പണി കഴിഞ്ഞിട്ടില്ലാത്തതു കൊണ്ടും തൽക്കാലത്തേക്ക് ഞാനിവിടെ ഇവരോടൊപ്പം കൂടുകയായിരുന്നു . ആഴ്ചയിലോ മാസത്തിലോ ഒന്നും ഒരു ലീവ് പോലും ഇല്ലാത്ത ആളും റൂമിൽ നിന്ന് രാവിലെ ആദ്യമായി ജോലിക്ക് പോകുന്ന ആളും, രാത്രി അവസാനമായി തിരിച്ചുവരുന്ന ആളും, കൂട്ടത്തിൽ ഏറ്റവും ശമ്പളം കുറവ് വാങ്ങുന്ന ആളും, എല്ലാം ഞാൻതന്നെ ആയിരുന്നു അതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് എന്നോട് സഹതാപമായിരുന്നു എന്റെ കഷ്ടപ്പാടുകൾ കേട്ട് പലരും എന്റെ സങ്കടത്തിൽ എന്നോടൊപ്പം പങ്കുചേർന്നു കൂട്ടത്തിൽ ഒരാൾ പറഞ്ഞ വാക്കാണ് എന്റെ മനസിന് ഏറ്റവും സന്തോഷവും സമാധാനവും തന്നത് 'മുതലാളിമാരോടും മറ്റും നമ്മൾ ക്ഷമിക്കുമ്പോൾ നമ്മളറിയാതെ തന്നെ അല്ലാഹുവിൽ നിന്ന് നമ്മൾ വലിയ പ്രതിഫലമാണ് വാങ്ങുന്നത് കുടുംബം നോക്കാൻ വേണ്ടി മറ്റുള്ളവരുടെ മുന്നിൽ തോൽക്കുന്നതും ക്ഷമിക്കുന്നതും എല്ലാം സത്യത്തിൽ നമുക്കുതന്നെയാണ് ഉപകാരപ്പെടുന്നത്' ഈ വാക്കുകൾ എന്നെ വളരെ സന്തോഷിപ്പിച്ചു എന്റെ കൂടെ സങ്കടപ്പെടുന്നവരെക്കാൾ ഞാൻ ആഗ്രഹിച്ചതു ഇതുപോലെയുള്ള വാക്കുകൾ കേൾക്കാൻ ആയിരുന്നു
അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ ഞാൻ തീരുമാനിച്ചു സമയം കിട്ടുമ്പോഴൊക്കെ പള്ളിയിൽ പോയിരുന്ന പ്രാർത്ഥിച്ചു എനിക്ക് അവൻ നൽകിയ വിധിയിൽ സന്തോഷിച്ചു എന്നെക്കാൾ കഷ്ടപ്പെടുന്ന അനേകായിരങ്ങൾ ഈ മരുഭൂമിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ട് അവരോട് ചേർത്തി നോക്കുമ്പോൾ എനിക്കു യാതൊരു കഷ്ടപ്പാടും ഇല്ലെന്നു തോന്നി ജോലിയും ശമ്പളവും നാട്ടിൽ നല്ല നിലയിൽ കഴിയുന്ന ഒരു കുടുംബവും എനിക്ക് അവൻ തന്നല്ലോ അവനു തന്നെയാണ് സർവ്വസ്തുതിയും ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മാനസിക പീഡനം ഇത് അള്ളാഹുവിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കാൻ വേണ്ടി, എന്റെ പാപങ്ങൾ പൊറുക്കാൻ വേണ്ടി, അവൻ തന്നെ തന്ന കുറച്ചുകാലത്തെ പരീക്ഷണങ്ങൾ ആകും ഈ പരീക്ഷണങ്ങൾ കടന്ന് കഷ്ടപ്പാടുകളും കടങ്ങളും തീർന്നു തിരിച്ചു നാട്ടിലേക്ക് , കുടുംബത്തിലേക്ക് കയറി ചെല്ലുന്ന നല്ല ദിവസത്തെ പ്രതീക്ഷിച്ച് ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു
എല്ലാ പ്രവാസി റൂമിലേയും പോലെ ഞങ്ങളുടെ റൂമിലും ഉണ്ടായിരുന്ന എല്ലാവരും പാലിക്കേണ്ട നിയമങ്ങൾ അതിൽ ചിലത്. ഓരോ മെമ്പർമാർ ഇടവിട്ട് ഇടവിട്ട് ഓരോ മാസം മെസ്സ് നടത്തണം റൂമിന്റെ വാടക കൊടുക്കുക, ആ മാസം മുഴുവനും വേണ്ട ഭക്ഷണത്തിനുള്ള സാധനങ്ങൾ കൊണ്ടു വരിക, വെള്ളം തീരുമ്പോൾ വെള്ളമടിക്കുക, ലൈനിൽ വെള്ളം വരുമ്പോൾ എല്ലാ ഭാഗങ്ങളിലേക്കും വെള്ളം നിറക്കുക, ഗ്യാസ് നിറക്കുക, തുടങ്ങി ഒരുമാസം റൂമിലേക്കും ഭക്ഷണത്തിലേക്കു ആവശ്യമായ എല്ലാ കാര്യങ്ങളും അയാൾ ചെയ്യണമായിരുന്നു അതിനായി എല്ലാവരും ആ മാസത്തെ മാനേജർക്ക് അഡ്വാൻസായി 200 റിയാൽ തുടക്കത്തിലെ കൊടുക്കും ചിലർ അതിൽ അധികവും കൊടുക്കും മാസം തീരുന്ന രാത്രി മാനേജർ കണക്കുകളൊക്കെ കൂട്ടിയും ഗുണിച്ചും ഓരോരുത്തർക്കും ഓരോ ടോക്കൺ കൊടുക്കും. ഒരു മാസത്തെ റൂമിന്റെയും ഭക്ഷണത്തിന്റെയും സംഖ്യ എഴുതിയ ടോക്കൺ എല്ലാവർക്കും കിട്ടുന്നതോടെ മാനേജർ സ്ഥാനവും കണക്കു ബുക്കും അടുത്ത ആൾ ഏറ്റെടുക്കും
അടുത്ത നിയമം ക്ലീനിങ് ആണ് 2 കക്കൂസ്, ഹാള്, വാഷ് ബേസ്, കോണിപ്പടികൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളൊക്കെ വൃത്തിയാക്കണം അത് എല്ലാ വ്യാഴാഴ്ചയും ആണ് ചെയ്യേണ്ടത് അത് ഓരോരുത്തരും മാറിമാറി ചെയ്യണം ഒരു റൂമിലെ മുഴുവനാളുകളും ചെയ്തു കഴിഞ്ഞാൽ അടുത്ത റൂമുകൾക്ക് അറിയിപ്പ് കിട്ടും പിന്നെ ആ റൂമിൽ ഉള്ള ഓരോരുത്തർ ചെയ്യണം അങ്ങനെ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും റൂം മാനേജർ ആവുകയും രണ്ടുമാസത്തിലൊരിക്കൽ ക്ലീനിങ് ചെയ്യുകയും വേണം ഇനിയുമുണ്ട് നിയമങ്ങൾ ഇവിടെ ഇതൊക്കെ സാധാരണയാണെങ്കിലും ഒരു അതിഥിയുടെ കണ്ണുകൾ കൊണ്ടു നോക്കുമ്പോൾ രസമുള്ളതായ നിയമങ്ങൾ ഉദാഹരണത്തിന് വാതിൽ അടക്കുമ്പോൾ വാതിലിന്റെ പിറകിൽ ഒരു ചെറിയ കുറിപ്പ് കാണാം 'വാതിൽ അടഞ്ഞു എന്ന് ഉറപ്പുവരുത്തുക' ഇങ്ങനെ ഞങ്ങളുടെ റൂമിൽ ഉണ്ടായിരുന്നു ചില കുറിപ്പുകൾ ഞാൻ താഴെ കുറിക്കാം
'' വെള്ളം കുറവാണ് എല്ലാവരും മുകളിലെ ബാത്റൂമിൽ പോകുക''
'' മുകളിൽ കാലിയാണോ എന്ന് നോക്കുക ''
"വെള്ളം കുറവാണ് എല്ലാവരും സഹകരിക്കുക ദിവസം ഒരു കുളിയിൽ ഒതുക്കുക"
"വാതിൽ അടക്കാൻ മറക്കരുത് പൂച്ച കിച്ചണിൽ വരുന്നുണ്ട് "
ഇങ്ങനെ പോകുന്നു റൂമിലെ വിശേഷങ്ങൾ ദൂരങ്ങൾ താണ്ടി മറുനാട്ടിൽ വന്ന കഷ്ടപ്പെടുന്ന പല സ്വഭാവക്കാരായ പല ജോലിക്കാരായ പല ശീലങ്ങളിൽ വളർന്നുവന്നവർ പരസ്പരം ഒത്തൊരുമയോടെ മുന്നോട്ടുപോകാൻ സ്വയം ഉണ്ടാക്കിയ കുറെ നിയമങ്ങൾ. എന്റെ ജോലിക്കിടയിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഞാൻ മറന്നിരുന്നത് റൂമിലെ സൗഹൃദത്തിലായിരുന്നു സ്വന്തം നാട്ടുകാരോട് ഒത്തു അവരോട് ഇടപഴകി സംസാരിച്ചു കഴിയുമ്പോൾ മറ്റെല്ലാ ദുഃഖങ്ങളും ഞാൻ സ്വയം മറക്കാൻ ശ്രമിച്ചു ഒറ്റക്ക് ഒരു റൂമിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജോലി കളഞ്ഞ് ഞാൻ എന്നേ എന്റെ വഴിക്ക് പോയെനെ
എണ്ണ അടിക്കാനുള്ള മാഡത്തിന്റെ പിശുക്ക് കൂടി കൂടി വന്നു പലപ്പോഴും എണ്ണ തീരാറാകുമ്പോൾ കഫീലിന്റെ ഓഫീസിൽ ചെന്ന് പത്തോ ഇരുപതോ റിയാൽ വാങ്ങി എണ്ണ അടിക്കാറാണ് പതിവ്. പലപ്പോഴും ആ വിഷയത്തിൽ അവർ തമ്മിൽ തർക്കിക്കാരുണ്ടയിരുന്നു അറുപിശുക്കി ആയ മാഡത്തിന് ഡ്രൈവറെ കിട്ടിയതോടെ ഒരു ചിലവുമില്ലാതെ ലോകം മുഴുവൻ കറങ്ങണമായിരുന്നു അപ്പോഴാണ് പുതിയ പ്രശ്നം ഭർത്താവിനോടൊത്ത് പോകുമ്പോൾ എണ്ണയോ മറ്റു ചിലവുകളും ഒന്നും അവൾക്ക് അറിയേണ്ടിയിരുന്നില്ല എന്നാൽ ഡ്രൈവറുടെ കൂടെയാകുമ്പോൾ വണ്ടി എണ്ണ തീർന്നാൽ പിന്നെ എണ്ണ അടിക്കുക യല്ലാതെ അവൾക്ക് വേറെ വഴികളില്ലാതെ വന്നു ആ കാരണം കൊണ്ടാണ് എന്നോട് ദേഷ്യപ്പെടുന്നതും ഭർത്താവിനോട് പരാതി പറയുന്നതും
സാധാരണ സൗദി വീടുകളിൽ ഡ്രൈവർമാരാണ് എണ്ണ അടിക്കുന്നത് അതിനുള്ള പണം വീട്ടിലെ ആണുങ്ങൾ ഡ്രൈവർമാരുടെ കയ്യിൽ കൊടുത്തിട്ടുണ്ടാകും എണ്ണ അടിക്കലും വണ്ടി വർക്ക്ഷോപ്പിൽ കൊണ്ടുപോകാനും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങലും എല്ലാം ഡ്രൈവർമാർ തന്നെ അവരെ ഏൽപ്പിച്ച പണംകൊണ്ടാണ് ചെയ്യാറ് . അത് തീരുമ്പോൾ വീണ്ടും കൊടുത്തുകൊണ്ടിരിക്കും എല്ലാത്തിനും ബില്ലും മറ്റു കണക്കുകളും ഡ്രൈവർമാർ വാങ്ങി സൂക്ഷിക്കും. ഇവിടെ എന്റെ മുതലാളിമാർ വാരിക്കോരി ചിലവാക്കുന്ന വരും എന്നെ വലിയ വിശ്വാസവും ആയതുകൊണ്ട് ഒരു റിയാൽ പോലും എനിക്ക് കൈവിട്ടു തരാറില്ല വളരെ അപൂർവമായി അവർ വണ്ടിയിൽ ഇല്ലാത്ത സമയത്താണ് എനിക്ക് എണ്ണ അടിക്കേണ്ടി വന്നത് എങ്കിൽ പിന്നെ എപ്പോഴെങ്കിലും വണ്ടിയിൽ കയറിയാൽ മീറ്ററിലേക്ക് ആണ് ആദ്യം നോക്കുക അപ്പോഴേക്കും ഒരു പക്ഷേ ഞാൻ മണിക്കൂറുകൾ ഓടെണ്ടി വന്നിട്ടുണ്ടാകും പിന്നെ ഒരുപാടു ചോദ്യങ്ങളാണ് 'എണ്ണ അടിച്ചില്ലേ , എത്ര രൂപയ്ക്കാണ് അടിച്ചത്, ആരാ അടിക്കന്ന സമയത്തു വണ്ടിയിൽ ഉണ്ടായിരുന്നു ', എന്നൊക്കെ. ഇങ്ങനെ ഒക്കെ അനുഭവം ഉണ്ടായത് കൊണ്ട് ഞാൻ അവളെയും കൂട്ടി മാത്രമാണ് എണ്ണ അടിക്കാൻ പോവാറുള്ളത്
സാധനങ്ങൾ വാങ്ങാൻ കടയുടെ മുൻപിൽ ചെന്നാലും വണ്ടി നിർത്തി ഞാൻ ആദ്യം കടയിൽ പോയി അതിന്റെ വില അന്വേഷിച്ചു വരണം എന്നിട്ട് അവൾ പേഴ്സ് തുറക്കൂ അല്ലെങ്കിൽ ഞാൻ അവളെയും പറ്റിച്ചു മുങ്ങിയാലോ എന്ന ചിന്തയാകും എന്നെ തനിച്ച് വല്ല സാധനങ്ങൾ വാങ്ങാനും കടയിലേക്ക് പറഞ്ഞ് അയക്കുകയാണെങ്കിൽ ആ സാധനത്തിന്റെ വിലയിൽ നിന്നും രണ്ടോ മൂന്നോ റിയാൽ കുറച്ച് ആക്കിയാണ് എന്റെ കയ്യിൽ പണം തിരിക എന്റെ പണത്തിൽ നിന്നും തികയാത്തത് ഞാൻ ചേർത്തുവേണം സാധനങ്ങൾ വാങ്ങാൻ അത് പിന്നെ മടങ്ങി വന്നാൽ എനിക്ക് തരും തന്നില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങും . എണ്ണ അടിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് കഫീലിന്റെ സ്വസ്ഥത നഷ്ടപ്പെട്ടപ്പോൾ ഒരിക്കൽ അയാൾ എന്നോടു ചോദിച്ചു തനിക്ക് ഓട്ടോമാറ്റിക്ക് വാഹനങ്ങൾ അല്ലാതെ സാധാരണ വാഹനങ്ങൾ ഓടിക്കാൻ അറിയുമോ എന്ന് ഞാൻ ഏതുതരം വണ്ടിയും ഓടിക്കാം എന്ന് ഞാൻ പറഞ്ഞു അതുവരെ ഞാൻ ഓടിച്ചിരുന്നത് ഓട്ടോമാറ്റിക് ആയ വലിയ വണ്ടി ആയിരുന്നല്ലോ അങ്ങനെ മാഡത്തിന് എണ്ണ അടിക്കൽ കുറയാൻ വേണ്ടി അന്നുമുതൽ കഫീൽ ഓടിച്ചിരുന്ന ഗിയറുള്ള ചെറിയ കാർ എന്നെ ഏൽപ്പിച്ചു. എന്റെ ജോലിയിലെ ഏറ്റവും വലിയ മാറ്റം അന്നു തുടങ്ങുകയായിരുന്നു
നാലാളുകൾ ഇരിക്കുന്ന ഒരു ചെറിയ കാറായിരുന്നു അത് പതിനഞ്ചോളം വർഷങ്ങൾ പഴക്കമുള്ളത് . ഞാനിവിടെ ജോലി ചെയ്ത കാലങ്ങളിലൊന്നും ഗിയർ വണ്ടി ഓടിച്ചിരുന്നല്ല പക്ഷേ ഈ വണ്ടി അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഞാൻ വന്നതിനു ശേഷം ഒന്നുരണ്ടുപ്രാവശ്യം കഫീലിന്റെ അടുത്തുനിന്നും മറ്റു വണ്ടികളുമായി ഈ വണ്ടി ഇടിച്ചിരുന്നു ഞാൻ വല്ല ഓട്ടത്തിലും ആയിരിക്കുമ്പോൾ കഫീലിന്റെ വിളിവരും ഏതെങ്കിലും സ്ഥലത്തേക്ക് ചെല്ലാൻ പറയും ഞാൻ ചെല്ലുമ്പോൾ വണ്ടി ഇടിച്ചു ഒരു ഭാഗത്തേക്ക് വണ്ടി മാറ്റിയിട്ട് കഫീൽ എന്നെയും കാത്തിരിക്കുന്നുണ്ടാകും എത്ര കാത്തിരുന്നാലും കഫീൽ പത്ത് റിയാൽ ടാക്സിക്ക് കൊടുത്തു തിരിച്ചുപോന്നിരുന്നില്ല ഇങ്ങനെ ഇടിച്ച ഇടിയിൽ എല്ലാം ഉള്ള പരിക്കുകളൊന്നും വർക്ക് ഷോപ്പിൽ കയറി നേരെ ആക്കാതെ ഈ വണ്ടി ആകപ്പാടെ ഒരു പറക്കും തളിക ആയി മാറിയിരിക്കുന്നു
മുൻഭാഗത്തെ ബംബർ മൊത്തമായും അടർന്നു പോന്നിരുന്നു അത് മൂന്നോ നാലോ സ്ഥലത്ത് നൂൽ കമ്പികൾ ഉപയോഗിച്ച് ബോണറ്റ്ന്റെ ഉള്ളിലേക്ക് കെട്ടിയിട്ടിരിക്കുകയാണ് പിറകിലെ ബമ്പറും ബ്രേക്ക് ലൈറ്റും പൊട്ടിയിരിക്കുന്നു പിറകുവശം മൊത്തമായും ഏതുസമയവും അടർന്നു വീഴാൻ പാകത്തിൽ തൂങ്ങിയിരിക്കുന്നു . ഉള്ളു ഭാഗത്തുമുണ്ട് പൊട്ടലും പൊളിച്ചിലും ഇതുവരെ എഴുതിയത് വണ്ടിയുടെ ബോഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എന്നാൽ അതിനേക്കാൾ കഷ്ടമായിരുന്നു വണ്ടിയുടെ എഞ്ചിൻ. ഏസി ഓൺ ചെയ്താൽ വണ്ടി തനിയെ ഓഫാകും ഓടിക്കാൻ നന്നേ പ്രയാസം മുന്നോട്ടു വണ്ടി വിട്ടാൽ പിറകോട്ടാണ് വണ്ടി ഓടുന്നത് എന്ന് തോന്നിപ്പോകും ഇടയ്ക്ക് വണ്ടിക്ക് ഒരു തുമ്മൽ ആയിരുന്നു അത് കഴിഞ്ഞാൽ പിന്നെ പതിയെ പതിയെ മുന്നോട്ടു പോകും തിരക്കുള്ള സ്ഥലങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ വണ്ടി ഒരു നാല്പതോ അൻപതോ പ്രാവശ്യം ഓഫ് ആകുകയും ഞാൻ വീണ്ടും സ്റ്റാർട്ട് ആക്കുകയും ചെയ്തു കൊണ്ടിരുന്നു ഒരുദിവസം ഓടിക്കൊണ്ടിരിക്കെ ഡ്രൈവറുടെ ഭാഗത്തെ കണ്ണാടി കാറ്റിൽ റോഡിലേക്ക് അടർന്നുവീണു മാഡം ഉടനെ കഫീലിന് വിളിച്ചു അത് പെട്ടെന്ന് റോഡിൽനിന്നു എടുക്കാനാണ് അയാൾ പറഞ്ഞത് ഹൈവേയിൽ റോഡിൽ വീണ ഒരു വസ്തു നിമിഷനേരംകൊണ്ട് ചിന്നഭിന്നമായി പോയിട്ടുണ്ടാകും അങ്ങിനെ പിറകിലേക്ക് നോക്കാനുള്ള എന്റെ കണ്ണാടിയും പോയി
ഹെഡ് ലൈറ്റിന്റെ വെട്ടം വളരെ കുറവും മഞ്ഞയും ആയിരുന്നു ചില ഉൾ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മാത്രം ആ പ്രശ്നം സഹിക്കേണ്ടിവന്നു ഏറ്റവും വലിയ കുറവ് 4 സൈഡിലേക്ക് മുള്ള ഇൻഡിക്കേറ്റർ തെളിഞ്ഞിരുന്നില്ല എന്നതാണ് പിറകിലേക്ക് നോക്കാൻ കണ്ണാടിയും സൈഡിലേക്ക് തിരിയുമ്പോൾ സിഗ്നലും ഇല്ല എന്ന് പറയുന്നത് ഇവിടെ മരിക്കുന്നതിനു തുല്യമാണ് പതിനായിരക്കണക്കിന് വണ്ടികൾ ക്കിടയിലൂടെ കണ്ണാടി ഇല്ലാതെ സിഗ്നൽ ഇല്ലാതെ അടർന്നു വീഴാറായ മുൻഭാഗവും പിൻഭാഗവും ഉള്ള ഒരു പറക്കും തളികയും കൊണ്ട് വലിയ ശബ്ദവും ചെറിയ സ്പീഡ് മായി ഞാൻ പൊറുതാൻ തന്നെ തീരുമാനിച്ചു അതിനിടയിൽ മറ്റു വണ്ടിക്കാരെ ഒക്കെ വെറുപ്പിച്ചു കാരണം എനിക്ക് വ്യക്തമായി പിറകിലേക്ക് കാണില്ലായിരുന്നു മാത്രമല്ല ഞാൻ സൈഡിലേക്ക് തിരിയുന്നത് പിറകിലെ വണ്ടികളെ അറിയിക്കാൻ എന്റെ വണ്ടിക്ക് സിഗ്നലും ഇല്ല
റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ ഒരുപാട് തെറിവിളികൾ ഞാൻ സന്തോഷത്തോടെ ഏറ്റുവാങ്ങി 'യാ ഹിമാർ 'യാ ഹയവാൻ ' 'യാ ഖബി ' എന്നൊക്കെ ആളുകൾ എന്നെ മാറി മാറി വിളിച്ചു അവരൊക്കെ നിരപരാധികൾ ആയിരുന്നു ഞാൻ എന്റെ വണ്ടി കൊണ്ട് ചെയ്യുന്നത് ആരെയും ദേഷ്യം പിടിപ്പിക്കുന്ന രൂപത്തിലുള്ള പ്രവർത്തികൾ ആയിരുന്നല്ലോ പരമാവധി ഞാൻ എല്ലാം സഹിക്കാൻ ശ്രമിച്ചു അവരുടെ വേണ്ടിയല്ലേ എനിക്കിനി ഓടാൻ വയ്യ എന്ന് വണ്ടി സ്വയം പറയുന്നത് വരെ പോവുക തന്നെ എന്ന് ഞാൻ തീരുമാനിച്ചു സാധാരണ സൗദി സ്ത്രീ കൾ ഇത്തരത്തിലുള്ള മോശം കാറുകളിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യാറില്ല വണ്ടി ചെറുതായതുകൊണ്ടും വെയിലിനെ പ്രതിരോധിക്കാൻ കൂളിംഗ് ശരിക്ക് ഒട്ടിക്കാത്തത് കൊണ്ടും റോഡിൽ പോകുന്ന മറ്റെല്ലാ വണ്ടി ക്കാർക്കും ഞങ്ങളുടെ വണ്ടിയിലേക്ക് ശരിക്കും വ്യക്തമായി കാണാമായിരുന്നു മാത്രമല്ല വണ്ടിയോടിക്കുന്നത് വിദേശിയായ ഡ്രൈവറാണോ, സ്വദേശിയാണോ എന്നൊക്കെ ഡ്രൈവറുടെ വേഷവും ഇരിപ്പു കണ്ടാൽ ആർക്കും അറിയാം. ഡ്രൈവർമാരാണ് എങ്കിൽ സീറ്റു ബെൽറ്റ്‌ ഒക്കെ ശരിക്കും ഘടിപ്പിച്ചു മുന്നിലേക്കു മാത്രം നോക്കി പാവത്താൻ മാരായി ഇരിക്കുന്നവർ ആവും. സ്വദേശികൾ ആണെങ്കിൽ ഒരു കൈയിൽ മൊബൈലും മറുകയ്യിൽ കോഫിയും സിഗററ്റും വലിച്ച് അലക്ഷ്യമായി വണ്ടി ഓടിക്കുന്നവർ ആയിരിക്കും
ഈ വക കാര്യങ്ങളൊന്നും മാഡത്തിന് ഒരു പ്രശ്നമേ ആയിരുന്നില്ല ഒന്നോ രണ്ടോ റിയാലിന്റെ എണ്ണ ലാഭം പിടിക്കാൻ വേണ്ടി എന്റെ കൂടെ ഒരു സൈക്കിളിന്റെ പിറകിലിരുന്ന് യാത്ര ചെയ്യാനും അവൾ ഒരുക്കമായിരുന്നു ദിവസങ്ങൾ കഴിയുംതോറും കാര്യങ്ങൾ എന്റെ കൈ വിട്ടു പോകുന്നതായി എനിക്ക് മനസ്സിലായി ചെറിയ വണ്ടിയിൽ ചടഞ്ഞിരുന്ന് ക്ലച്ച് താങ്ങിത്താങ്ങി എന്റെ കാൽ മുട്ട് നന്നായി വേദനിക്കാൻ തുടങ്ങി ചവിട്ടിയാൽ താഴ്ന്നു പോകാൻ നന്നേ പ്രയാസം ഉള്ള ക്ലച്ച് ഒരു മരക്കഷണം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത് അതിൽ ചവിട്ടി ചവിട്ടി ഇടത്തേ കാലിന്റെ മുട്ടിന് വേദനയും കടച്ചിലും തുടങ്ങി എല്ലാത്തിനും പുറമേ എനിക്ക് ദിവസവും ചുരുങ്ങിയത് നാലു തവണ കടന്നുപോകേണ്ട റോഡിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ പാലംപണി നടക്കുന്നുണ്ടായിരുന്നു രണ്ടോ മൂന്നോ മിനുട്ടുകൊണ്ട് കടന്നുപോകാൻ കഴിയുന്ന അത്രയും ദൂരം റോഡ് പണി നടക്കുന്നത് കാരണം 20 മിനുട്ടും ചിലപ്പോൾ അരമണിക്കൂർ വേണ്ടിവന്നു
മുതുകുവേദന പണ്ട് ഓട്ടോ ഓടിച്ചിരുന്ന കാലത്ത് തുടങ്ങിയതാണ് അന്ന് എക്സറേ എടുത്തു ഡോക്ടറെ കണ്ടപ്പോൾ 15 ദിവസത്തെ മരുന്ന് തന്നു അതുകൊണ്ട് കുറവില്ലെങ്കിൽ മണൽ ചാക്ക് കാലിൽ തൂക്കി കിടക്കേണ്ടി വരും കാരണം ഡിസ്ക് ന് ചെറിയ തെറ്റൽ ഉണ്ട് എന്ന് പറഞ്ഞിരുന്നു അതിനുശേഷം ഓട്ടോ കൊടുത്ത് ടാപ്പിംഗ് ലേക്ക് മാറി എന്നതല്ലാതെ ആശുപത്രിയുടെ പരിസരത്തു പോലും പോയിട്ടില്ല കുത്തനെയുള്ള മലകയറി മൂന്നുവർഷത്തോളം ടാപ്പിംഗ് ചെയ്തതിൽ ബാക്കി കിട്ടിയതാണ് കാൽമുട്ടുവേദന അവ രണ്ടും കൂടിയാണ് ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത് സൗദിയിലേക്ക് ഡ്രൈവർ പണിക്ക് പോരുമ്പോൾ ഈ രണ്ടു വേദനകളെ കുറിച്ചും എനിക്ക് യാതൊരു വേവലാതിയും ഉണ്ടായിരുന്നില്ല കാരണം ഓട്ടോമാറ്റിക് വണ്ടി ഓടിക്കുമ്പോൾ ഇടത്തേ കാലിനു യാതൊരു ജോലിയും ഉണ്ടവില്ല വലിയ വണ്ടി ആകുമ്പോൾ ശരിക്കും നിവർന്നിരിക്കാൻ കഴിയുന്നതുകൊണ്ട് മുതുകു വേദനയും പേടിക്കേണ്ട എന്നാൽ ഈ പഴഞ്ചൻ വണ്ടി കയ്യിൽ വന്നതോടെ എല്ലാം താളം തെറ്റി അടിക്കടി ഓഫ് ആകുന്ന വണ്ടിയുടെ സ്വഭാവം കൂടി ആയപ്പോൾ എല്ലാം പൂർണമായി
റൂമിലെ ടൈലർ മാരുടെ കൂട്ടത്തിൽ പെട്ട ഒരു സുഹൃത്തിനോട് പറഞ്ഞു ചെറിയ തലയിണ ഉണ്ടാക്കി സീറ്റിന്റെ മുതുകിന്റെ ഭാഗത്ത് വച്ച് ഞാൻ ഒരു പരീക്ഷണം നടത്തി അത് ഒരു പരിധിവരെ വിജയിച്ചു . ക്ലച്ചു ചവിട്ടുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു ഗിയർ മാറ്റുന്നത് 1 2 3 4 5 എന്നുള്ളത് 1 3 5 എന്നാക്കി കുറച്ചു പക്ഷേ തിരക്കുള്ള സമയത്ത് കാലിന്റെ ജോലി കൂടി ക്കൂടി വന്നു അതുകൊണ്ടുതന്നെ കാലിന്റെ കടച്ചിൽ അങ്ങനെതന്നെ ബാക്കിയായി അതിനിടയിൽ ഞാൻ ഒരു സന്തോഷ വാർത്ത അറിഞ്ഞു 'മാഡം ഗർഭിണിയാണ്' ഈ വാർത്ത അറിഞ്ഞപ്പോൾ കഫീലിനെക്കാൾ സന്തോഷം ഡ്രൈവറായ എനിക്കായിരുന്നു കാരണം ഗർഭത്തിന്റെ അവശതയും റസ്റ്റും കാരണം എന്റെ ഓട്ടത്തിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് ഞാൻ സങ്കൽപ്പിച്ചു എന്നാൽ മറിച്ചായിരുന്നു അനുഭവം സ്വന്തമായി ഒരു ഡ്രൈവറെയും എണ്ണ ചിലവ് കുറഞ്ഞ ഒരു വണ്ടിയും കിട്ടിയത് മാഡം ശരിക്കും ആഘോഷിച്ചു ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഞങ്ങൾ പറന്നു കൊണ്ടിരുന്നു
ആഴ്ചയിൽ അഞ്ച് ദിവസം 7.30 മുതൽ 5 മണി വരെ ജോലി ഉണ്ടായതു കൊണ്ടും ഗർഭിണിയായതു കൊണ്ടും അവൾ വളരെ ക്ഷീണിതയായി കാണപ്പെട്ടു ജോലിക്ക് കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും വണ്ടിയിലിരുന്ന് കൂർക്കം വലിച്ച് ഉറങ്ങുമായിരുന്നു ഗർഭിണിയായത് കാരണം വാസനകൾ ഒന്നും പിടിക്കില്ല ഇടക്ക് ചുമച്ചു കൊണ്ടിരിക്കും ചുമച്ച് ചുമച്ച് തുപ്പാൻ വേണ്ടി വണ്ടിയിൽ പ്ലാസ്റ്റിക് കവർകൾ കരുതിവയ്ക്കും പുറത്തുനിന്നും പിടിക്കാത്ത വല്ല വാസനകളും വണ്ടിയിലേക്ക് വന്നാൽ അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി സ്പ്രേ ബോട്ടിൽ കയ്യിൽ കരുതി അങ്ങിനെ ഗർഭിണിയും ആവശയുമായ അവൾ തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോലെ എന്നെ ഓടിച്ചു കൊണ്ടേയിരുന്നു പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ശരീരത്തിന്റെ വേദനയും മനസ്സിന്റെ സങ്കടവും മറന്നു ഞാൻ ഓടിക്കൊണ്ടേയിരുന്നു.
(തുടരും)

Abdul Nasar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot