
കോളിംഗ് ബെൽ അടിച്ച് രാജീവ് കാത്തു നിന്നു. ഫോണിൽ എന്തോ ചെയ്തുകൊണ്ടിരുന്ന ഹേമ അത് കേൾക്കാൻ അല്പം താമസിച്ചു. രണ്ടാം തവണ ബെൽ മുഴങ്ങിയപ്പോളാണ് അവൾ അത് കേട്ടത്. പതിയെ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. അപ്പോളേക്കും രാജീവിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു. രൂക്ഷമായി ഹേമയെ ഒന്ന് നോക്കിയിട്ട് അവൻ മുറിക്കകത്തേക്ക് കയറി.
രാജീവിന്റെ ഭാവം ഹേമയിൽ പ്രേത്യേകിച്ച് ഒരു വികാരവും ഉണ്ടാക്കിയില്ല. ഒരു നിസ്സംഗ ഭാവം ആയിരുന്നു അവൾക്ക്. അവൾ രാജീവിന് പിന്നാലെ മുറിയിലേക്ക് ചെന്നു. അവൻ അപ്പോളേക്കും വേഷം മാറി കഴിഞ്ഞിരുന്നു. അവളോട് ഒരക്ഷരം പോലും മിണ്ടാതെ അവൻ തിരികെ ഹാളിൽ വന്ന് ടിവി ഓൺ ചെയ്തു. ഹേമ രാജീവിന്റെ പ്രവൃത്തികൾ നോക്കിക്കൊണ്ട് അൽപ നേരം നിന്നു. പിന്നെ വീണ്ടും മൊബൈൽ കൈയിലെടുത്ത് തന്റെ പ്രവൃത്തികൾ തുടർന്നു.
ടിവിയിലേക്കാണ് നോക്കുന്നതെങ്കിലും അവന്റെ മനസ്സ് നിറയെ ഓഫീസിലെ കാര്യങ്ങൾ ആയിരുന്നു. ജോലിയിലെ ടെൻഷൻ അവനെ വല്ലാതെ തളർത്തിയിരുന്നു. വല്ലാത്ത തലവേദന തോന്നി രാജീവിന്. ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു. പക്ഷെ ഹേമയോട് ചോദിയ്ക്കാൻ അവന് മടി തോന്നി.
അൽപ നേരം കൂടി കഴിഞ്ഞപ്പോൾ തലവേദന അധികരിച്ചു. അവൻ മെല്ലെ തിരിഞ്ഞ് അവളെ നോക്കി. ഇപ്പോളും മൊബൈലിൽ എന്തോ കുത്തികൊണ്ടിരിക്കുന്നു. അതിൽ നോക്കി അവൾ പുഞ്ചിരിക്കുന്നു. രാജീവിന് വല്ലാതെ ദേഷ്യം തോന്നി. തന്റെ ടെൻഷൻ ഒന്നും ഇവൾ അറിയുന്നതേ ഇല്ല. എപ്പോളും ഈ കുന്തത്തിൽ നോക്കിയിരിപ്പാണ്. അത് വാങ്ങി വലിച്ചെറിയാൻ തോന്നിയെങ്കിലും അവൻ ചെയ്തില്ല.
ഹേമ... എനിക്കൊരു ചായ വേണം.
ഹേമ അത് കേട്ടില്ല. അവൾ മൊബൈലിനകത്തെ തമാശകളിൽ മുഴുകിയിരിക്കുകയായിരുന്നു. അതായിരുന്നു അവളുടെ ആശ്വാസവും സന്തോഷവും. രാജീവിന് പക്ഷെ ക്ഷമ നശിക്കുന്നുണ്ടായിരുന്നു. അവൻ ഒന്ന് കൂടി ഉച്ചത്തിൽ അല്പം ദേഷ്യത്തിൽ വിളിച്ചു.
ഹേമാ...
അവൾ തലയുയർത്തി രാജീവിനെ നോക്കി.
എനിക്കൊരു ചായ വേണം എന്ന് പറഞ്ഞത് നീ കേട്ടില്ലേ...?
തിരിച്ചെന്തെങ്കിലും പറയാൻ ഹേമ ആഗ്രഹിച്ചെങ്കിലും മിണ്ടിയില്ല. ഫോൺ താഴെ വച്ച് അവൾ അടുക്കളയിലേക്ക് പോയി. നെറ്റിയിൽ കൈത്തണ്ട വച്ച് അവൻ അൽപനേരം കണ്ണുകളടച്ചു കിടന്നു.
ചായ...
ചെറു മയക്കത്തിലേക്ക് വീണു തുടങ്ങിയ രാജീവ് ഹേമയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നു. ഹേമ രാജീവിനെ നോക്കി അൽപ നേരം നിന്നു. പിന്നെ വീണ്ടും പഴയ സ്ഥലത്ത് ചെന്നിരുന്നു. എന്തൊക്കെയോ ചിന്തകൾ അവളെ വേദനിപ്പിച്ചു. മനസ്സ് നിയന്ത്രണം വിട്ട് പോകുന്നു എന്ന് തോന്നിയപ്പോൾ അവൾ വീണ്ടും ഫോൺ കൈയിലെടുത്തു.
രാജീവ് ചായ ചൂടോടുകൂടി കുടിച്ചു. തലവേദനക്ക് അല്പം ആശ്വാസം കിട്ടിയത് പോലെ തോന്നി അയാൾക്ക്. ഹേമയുടെ സാമീപ്യവും സ്നേഹത്തോടെയുള്ള തലോടലും അല്പം കൂടി സമാധാനം ഉണ്ടാക്കിയേനെ എന്ന് തോന്നി അവന്. അവൻ ഹേമയെ തിരഞ്ഞു.
അവൾ പിന്നെയും ഫോണിൽ കുത്തികൊണ്ടിരിക്കുന്നത് കണ്ട രാജീവിന് വല്ലാതെ ദേഷ്യം വന്നു. കുറഞ്ഞു തുടങ്ങിയ തലവേദന വീണ്ടും ശക്തിയാർജ്ജിക്കുന്നത് അവനറിഞ്ഞു. നിയന്ത്രണം വിട്ടു പോയ രാജീവ് എഴുന്നേറ്റ് ചെന്ന് ഹേമയുടെ ഫോൺ വാങ്ങി നിലത്തെറിഞ്ഞു.
പെട്ടെന്ന് എന്ത് സംഭവിച്ചു എന്നറിയാതെ ഹേമ രാജീവിനെയും താഴെ വീണ് കഷ്ണങ്ങളായി കിടക്കുന്ന ഫോണിനെയും മാറി മാറി നോക്കി. ക്രുദ്ധനായി നിൽക്കുന്ന രാജീവിനെ കണ്ടപ്പോൾ അവൾക്ക് അല്പം ഭയം തോന്നിയെങ്കിലും തന്റെ ഏക ആശ്വാസമായി മൊബൈൽ എറിഞ്ഞുടച്ചതിൽ അവൾക്ക് അടക്കാനാവാത്ത കോപം ഉണ്ടാവുകയും ചെയ്തു.
ഞാനിവിടെ തലവേദനിച്ച് കിടക്കുമ്പോളും നിനക്ക് ഈ കുന്തത്തിൽ കുത്തിക്കൊണ്ടിരിക്കാനാ തിരക്ക് അല്ലെ?
ജ്വലിക്കുന്ന കണ്ണുകളോടെ ഹേമ രാജീവിനെ ഉറ്റുനോക്കി. ആ നോട്ടം അവന്റെ കോപം അനിയന്ത്രിതമായി വർദ്ധിപ്പിച്ചു.
നൂറു കൂട്ടം ടെൻഷനിടയ്ക്ക് വീട്ടിലേക്ക് വന്നു കയറുമ്പോ അല്പം ആശ്വാസം തരാൻ നിനക്ക് നേരമില്ല. ഇത് വാങ്ങി തന്ന എന്നെ പറഞ്ഞാ മതിയല്ലോ.
ടെൻഷൻ നിങ്ങൾക്ക് മാത്രമല്ല. ഞാനും ഒരു മനുഷ്യ ജീവിയാണ്. നിങ്ങളില്ലാത്ത നേരത്ത് എനിക്കുള്ള നേരമ്പോക്കാണ് ഈ തല്ലി തകർത്തിട്ടിരിക്കുന്നത്.
നിനക്ക് നേരംപോക്ക്... ഇവിടെ ജീവിതം രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ബാക്കിയുള്ളവർ പാട് പെടുമ്പോളാ അവളുടെ നേരംപോക്ക്..
ജീവിതം കൂട്ടി മുട്ടിക്കാൻ ഞാൻ എന്ത് ചെയ്യണമെന്നാ..?
നീ ഒന്നും ചെയ്യണ്ടേ...? ജോലി ചെയ്ത് ക്ഷീണിച്ച് വരുന്ന ഭർത്താവിന്റെ കൂടെ അൽപ നേരം ഇരിക്കണമെന്ന് നിനക്ക് തോന്നുന്നില്ലല്ലോ?
ജോലി ചെയ്ത് ക്ഷീണിച്ച് വരുമ്പോൾ മാത്രമേ ഭാര്യയുടെ ഓർമ്മയുള്ളു...? അല്ലാത്തപ്പോളും ഞാൻ ഇവിടെ തന്നെ ഉണ്ട്. എപ്പോളെങ്കിലും ഓർക്കാറുണ്ടോ? ടെൻഷൻ ഇല്ലാത്ത ദിവസങ്ങളിൽ ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോകുമ്പോളും ഞാൻ ഇവിടെ തന്നെ ഉണ്ട്. അപ്പോളും ഓർക്കാറില്ലലോ? പിന്നെ ഞാൻ മാത്രം എന്തിനോർക്കണം..?
ഞാൻ എന്റെ ഫ്രണ്ട്സുമായി കൂടുന്നിടത്തേക്ക് നിന്നെ കൊണ്ട് പോകാൻ പറ്റുമോ? അതോ... എങ്ങും പോകാതെ നിന്റെ കൂടെ അടയിരിക്കണമെന്നാണോ നീ പറയുന്നത്..?
നിങ്ങൾ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ... ഞാൻ ചോദിക്കാൻ വന്നില്ലലോ... അപ്പോഴൊക്കെ എനിക്ക് ഈ മൊബൈൽ മാത്രമേ ആശ്വാസത്തിന് ഉണ്ടായിരുന്നുള്ളു. അതും കൂടി നശിപ്പിച്ചപ്പോൾ സമാധാനമായല്ലോ?
ഉവ്വ്... കുറച്ച് നേരം നിന്റെ സാമീപ്യം ഞാൻ ആഗ്രഹിച്ചു. സുഖമില്ലാത്തപ്പോൾ ഭാര്യയുടെ സ്നേഹത്തോടെയുള്ള തലോടൽ, ഒരു നല്ല വാക്ക്... ഇതൊക്കെ കേൾക്കാൻ ഏത് ഭർത്താവും ആഗ്രഹിക്കും. അത് അത്ര വലിയ തെറ്റൊന്നുമല്ല...
അല്ല... പക്ഷെ ഞാനും മനുഷ്യനാണ്. എനിക്കും ഉണ്ട് മനസ്സ്. പലതിനും വേണ്ടി ആഗ്രഹിക്കുകയും വേദനിക്കുകയും ചെയ്യുന്ന മനസ്സ്. അതൊന്നും കാണാൻ രാജീവും മിനക്കെടാറില്ല. ഉണ്ടോ?
ഇല്ലേ... ഒരിക്കൽ പോലും നിന്റെ കൂടെ ഞാൻ നിന്നിട്ടില്ലേ...?
ഉണ്ട്.. അപ്പോഴൊക്കെ ഞാൻ രാജീവിന്റെ കൂടെയും നിന്നിട്ടുണ്ട്...
അതുകൊണ്ട് ഇപ്പോൾ നിൽക്കേണ്ടന്നാണോ?
അല്ല... അങ്ങോട്ട് ആഗ്രഹിക്കുന്നതും എനിക്കും ആഗ്രഹിച്ചുകൂടെ...?
നിന്റെ ഏതാഗ്രഹത്തിനാ ഞാൻ എതിര് നിന്നിട്ടുള്ളത്..?
ഒരു നിമിഷം മറുപടി പറയാൻ ഹേമ ഒന്നാലോചിച്ചു. ഈ വഴക്ക് നീണ്ടു പോകാൻ അവൾക്ക് ഒട്ടും താല്പര്യം തോന്നിയില്ല.
ഇല്ലാ... ഒന്നുമില്ല... എല്ലാ ആഗ്രഹങ്ങളും രാജീവ് നടത്തി തന്നിട്ടുണ്ട്. ഞാൻ സമ്മതിക്കുന്നു. പക്ഷെ എന്റെ മടുപ്പ്.. അത് മാറ്റാൻ ഇപ്പൊ രാജീവിന് പറ്റുന്നില്ല.
ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നിയപോലെ തോന്നി അവന്. ജീവിതം കൈവിട്ടു പോകുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. ഒരു മൗനത്തിന്റെ ഇടവേളക്ക് ശേഷം അവൻ വീണ്ടും സംസാരിച്ചു തുടങ്ങി.
എങ്കിൽ നമുക്ക് പിരിയാം...
ഇടിത്തീ പോലെയാണ് ആ വാക്കുകൾ അവളുടെ കാതുകളിൽ വീണത്. കേട്ടത് വിശ്വസിക്കാനാവാത്ത പോലെ അവൾ രാജീവിനെ നോക്കി. ആ മുഖത്തെ ഭാവങ്ങൾ വായിച്ചെടുക്കാൻ അവൾക്കായില്ല. അവൾ പോലുമറിയാതെ കണ്ണുനീർ കവിളിലെ തഴുകി. ഒരു വാശിയോടെ അവളും മറുപടി പറഞ്ഞു.
എങ്കിൽ ശരി. നമുക്ക് പിരിയാം. ഇങ്ങനെ ആർക്കും വേണ്ടിയല്ലാതെ ജീവിച്ച് എനിക്കും മടുത്തു.
ഉള്ളിൽ നിറഞ്ഞ വേദനയോടെ രണ്ടു പേരും രണ്ടു വശത്തേക്ക് തിരിഞ്ഞ് നിന്നു.
(തുടരും)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക