Slider

പ്രവാസം - Part 1

0
Image may contain: 1 person, text


Download Nallezhuth Android App from Google Playstore to read all parts

ഹൗസ് ഡ്രൈവർ 'എന്ന എന്റെ അനുഭവക്കുറിപ്പ്

2016 ജനുവരി 14 വ്യാഴം സമയം ഉച്ചകഴിഞ്ഞ് 2 30 നെടുമ്പാശ്ശേരി ഏർപോർട്ടിൽ വൈകീട്ട് നാല് 30ന് ജിദ്ദയിലേക്കുള്ള ഫ്ലൈറ്റ് പ്രതീക്ഷിച്ച് ബോർഡിംഗ് പാസ്സും കൈയിൽ പിടിച്ച് ഞാനിരുന്നു. യാത്രക്കാർക്ക് ഫ്ലൈറ്റ് പ്രതീക്ഷിച്ച് ഇരിക്കാനായി റൺവേയിലേക്ക് കാണാൻ പാകത്തിന് ഒരുപാട് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. ഇവിടെ എത്തിയവർക്ക് പിന്നെ ചെക്കിങ്ങും മറ്റും ബാക്കിയില്ല. വിമാനം വന്നാൽ ടിക്കറ്റ് കാണിച്ച് കയറിയിരുന്നാൽ മാത്രം മതി. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ആയി പോകാൻ വന്ന യാത്രക്കാർ കൂട്ടമായും ഒറ്റയായും സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നു. ഞാനും അവരിൽ ഒരാളായി അൽപനേരം ഒരിടത്ത് ഇരുന്നു.
ഇരുന്ന ഇരുപ്പിൽ ഇന്നത്തെ ദിവസം ഉറക്കമുണർന്നത് മുതലുള്ള എന്റെ പ്രവൃത്തികളിലേക്ക് വെറുതെ മനസ്സിനെ പറഞ്ഞു വിട്ടു. സുബ്ഹി നിസ്കരിക്കാൻ പള്ളിയിൽ പോകാൻ വേണ്ടി ബാങ്കു വിളിക്കുന്നതിന് മുൻപ് എഴുന്നേറ്റു. തലേദിവസംവരെ റബ്ബർ ടാപ്പിങ്ങിനു പോയതുകൊണ്ടഉം വിസ അടിച്ചു വന്ന രണ്ടാമത്തെ ദിവസം തന്നെ ടിക്കറ്റ് എടുത്തത് കൊണ്ടും മുൻപത്തെ 2 ദിവസവും ഒന്നു ശ്വാസം വിടാൻ പോലും സമയം കിട്ടിയില്ല. അതിന്റെ ക്ഷീണം ഉണർന്നപ്പോൾ ശരീരത്തിൽ ഉണ്ട് താനും. അത് വകവയ്ക്കാതെ കുളിയും മറ്റും കഴിഞ്ഞു പള്ളിയിലേക്ക് പോകാനൊരുങ്ങി വീട്ടിലെല്ലാവരും സജീവമായിട്ടുണ്ട് ചെറിയ ആങ്ങള മൂന്നാമതും ഗൾഫിൽ പോകുന്നത് വിളിച്ചുപറഞ്ഞപ്പോൾ തന്നെ ഓടിക്കിതച്ചുവന്നു എന്റെ നാലു പെങ്ങന്മാരും ഉമ്മയും മറ്റും അടുക്കളയിൽ അവരുടെ ജോലികളിൽ മുഴുകി യിരിക്കുന്നു. ഞാൻ വീട്ടിൽ നിന്നിറങ്ങിയാൽ ഉടനെ അവരും അവരുടെ വീടുകളിലേക്ക് പോകും. എല്ലാവരും ഇന്നലെ മക്കളെപ്പോലും കൂട്ടാതെയാണ് വന്നത്. എല്ലാവരും അവരവരുടെ നാടുകളിൽ കുട്ടികളുടെ സ്കൂളും മദ്രസയും ഒക്കെയായി സ്ഥിരതാമസം ആയവരാണ് ല്ലോ
വണ്ടിയെടുത്ത് ഞാൻ പള്ളിയിൽ പോയി നിസ്കാരം കഴിഞ്ഞു നേരെ ഭാര്യ വീട്ടിൽ പോകണം അവളെയും കുട്ടിയെയും അവിടെ ചെന്ന് കണ്ട് യാത്ര പറയണം. മോൾക്ക് പത്ത് ദിവസമേ പ്രായം ആയിട്ടുള്ളൂ. ഒരു മാസമെങ്കിലും ആയിരുന്നെങ്കിൽ ഞാൻ പോകുന്ന ദിവസം അവർ വീട്ടിൽ വരുമായിരുന്നു
ഭാര്യ വീട്ടിൽ പോയി അവളോടും കുട്ടിയോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ സങ്കടത്തെ ക്കാളേറെ ആശ്വാസമാണ് തോന്നിയത്. പ്രസവവും കഴിഞ്ഞ കുഞ്ഞിനെയും കണ്ട് കൊണ്ടാണല്ലോ ഈ പോക്ക്. പ്രസവത്തിനു മുൻപ് ആണെങ്കിൽ അതിന്റെ പ്രയാസവും കുഞ്ഞിനെ കണ്ടില്ല എന്ന സങ്കടവും ഒക്കെയാവും. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ എല്ലാവരും റെഡിയായിരിക്കുന്നു. ഞാൻ ചായ കുടിച്ചു എന്ന് വരുത്തി മുക്കറി ് ഇബ്രാഹിം കെ യുടെ ദുആ കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഒരു ചെറിയ യാത്ര പോകുന്നു പ്രതിതി യെ എനിക്ക് തോന്നിയുള്ളൂ. അല്ലെങ്കിലും പണ്ടത്തെപ്പോലെ കരച്ചിലും പിഴിച്ചിലും ആയി യാത്ര പറഞ്ഞിറങ്ങുംന്ന പ്രവാസികൾ ഇന്ന് കുറവാണ്. പണ്ട് തിരിച്ചുവന്നാൽ വന്നു, അതുപോലെ മുംബൈയിലും മറ്റും പോയി മാസങ്ങൾ കഴിഞ്ഞാണ് വിദേശത്ത് എത്തുന്നത്. അവിടെയെത്തി ഒരു കത്ത് വീട്ടിലേക്ക് അയച്ചാലോ പണം അയച്ചാലോ അത് കിട്ടാനും പിന്നെയും മാസങ്ങൾ. ഇന്ന് കഥയെല്ലാം മാറി നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്നപോലെ ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോവാൻ തുടങ്ങി. എയർപോർട്ടിൽ കൊണ്ടുവിട്ടവർ വീട്ടിൽ വന്നു ചായ കുടികുംപോയെകും മറ്റുള്ളവർ വിദേശത്ത് എത്തിയിരിക്കും. അങ്ങിനെ ഒന്നുരണ്ടുപ്രാവശ്യം ഞാനും പോയതാണല്ലോ, ആദ്യം പോയത് ഉംറ വിസകായിരുന്നു. പല പണികളും ചെയ്തു രണ്ടു വർഷവും ഒരു മാസവും കഴിഞ്ഞ് ജയിൽ വഴി തിരിച്ചു വന്നു. അന്ന് ഞാൻ വീട്ടിലേക്കു വന്നത് ഈസ്റ്റ് വെസ്റ്റ് എന്ന മിനി ബസിൽ ആയിരുന്നു. പിന്നീട് ഏഴ്‌വർഷം നാട്ടിൽ പല ജോലികളും ചെയ്തു ബസ്സിലെ കണ്ടക്ടർ പണിയും, ഫോട്ടോ ഓടിക്കലും, റബ്ബർ ടാപ്പിംഗ് ഒക്കെ പരീക്ഷിച്ചു അതിനിടയ്ക്ക് ഒരു കല്യാണവും കഴിച്ചു.
(അത് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് എന്ന എന്റെ അഭിപ്രായവും എന്നാൽ അങ്ങനെയല്ല നിർബന്ധം എനിക്കായിരുന്നു എന്ന പെങ്ങമ്മാരുടെ അഭിപ്രായവും )
ഏതായാലും കല്യാണത്തിന് ശേഷം ഒന്നര വർഷം കൂടി നാട്ടിൽ ടാപ്പിങ് കാരനായി തന്നെ കൂടി. അതിനിടയിൽ ഭാര്യ ഗർഭിണിയായി മൂന്നുമാസം ആയപ്പോഴേക്കും ഗർഭം അലസി. അതിന്റെ പേരിൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ടു ഞാൻ. എന്റെ സ്വഭാവ ദോഷം കൊണ്ടാണെന്നും, അവളെക്കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിച്ചതു കൊണ്ടാണെന്നും ഒക്കെ പറഞ്ഞു കുടുംബത്തിലും വീട്ടിലും ഉള്ളവർ എന്നെ ഒരുപാടു വിമർശിച്ചു അതിന് ഒരു പരിധിവരെ എന്റെ പക്വത കുറഞ്ഞ സ്വഭാവം കാരണമായെന്ന് വേണമെങ്കിൽ പറയാം. അങ്ങനെയിരിക്കെ അവൾ വീണ്ടും ഗർഭിണിയായി ഇത്തവണ എന്റെ കാരണം കൊണ്ട് ഒന്നും സംഭവിക്കേണ്ടതും വിചാരിച്ച് വലിയ അളിയാക്ക അയച്ചു തന്ന വിസക്ക് ഞാൻ റിയാദിലേക്ക് പോയി. അവിടെ ചെന്ന് അളിയക്ക യുമായി ചെറിയ സൗന്ദര്യ പിണക്കം ഒക്കെ ഉണ്ടായെങ്കിലും ജീവിതം ആശ്വാസകരമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടയിലാണ് രണ്ടാം തവണയും ഭാര്യക്ക് ഗർഭം അലസുന്നത.് അന്ന് ഡോക്ടർ പറഞ്ഞത് രണ്ടു തവണയും ഗർഭം അലസിയതു ഗർഭത്തിന് നിലനിൽക്കാനുള്ള കരുത്ത്, മിടിപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ്. ഇപ്പോൾ വിമർശകർ എന്തു നേടി.
എന്തായാലും അതിനുശേഷം എന്റെ ഒരു വല്ലാത്ത വിഷമം പിടികൂടി ഒന്നാമത് എനിക്ക് പ്രവാസം ഇഷ്ടമില്ലാഞ്ഞിടും പോന്നതാണ്. പിന്നെ കുട്ടികൾ ഉണ്ടാവാത്തതിന്റെ വേണ്ട ചികിത്സയും മറ്റും നോക്കാതെ ഇവിടെ കഴിഞ്ഞാൽ വർഷങ്ങൾ കടന്നുപോകും. അങ്ങനെ ഞാൻ അവിടെയുള്ള കഫീൽ നോട് സംസാരിച്ച് ഭാര്യയെ റിയാദിലേക്ക് കൊണ്ടുപോവാനുള്ള എല്ലാ വഴികളും നോക്കി നിരാശയായിരുന്നു ഫലം മനസ്സിന്റെ വിഷമവും, നാട്ടിലേക്ക് വിളിക്കുമ്പോൾ ഭാര്യയുടെ കരച്ചിലും, ജോലി വളരെ കുറവായതിനാൽ തനിച്ചു റൂമിൽ മണിക്കൂറുകൾ ഒറ്റക്കിരിക്കലും എല്ലാം കൂടിയായപ്പോൾ ഞാനൊരു തീരുമാനമെടുത്തു. നാട്ടിലേക്ക് തിരിച്ചു പോവുക തന്നെ ബാക്കിയെല്ലാം വരുമ്പോലെ വരും. അതിന് കാരണം അന്വേഷിച്ചു നടക്കുമ്പോൾ അവിടെ മാഡവുമായി ഒരിക്കൽ ചെറിയ രൂപത്തിൽ ഒന്ന് ഉടക്കി. ഉടനെ കഫീൽ എന്നോട് പറഞ്ഞു തനിക്ക് പണി വേണ്ടെങ്കിൽ താൻ പൊയ്ക്കോളൂ. ഉടനെ ഞാൻ എന്നെ എക്സിറ്റ് അടിച്ച് നാട്ടിലേക്കു വിടാൻ പറഞ്ഞു. എന്നാൽ അഞ്ചുമാസം കഴിഞ്ഞ ഉടനെ എക്സിറ്റ് അടിച്ച് തരാൻ വേണ്ടി ആവശ്യപ്പെട്ടതുകൊണ്ട് അയാൾക്ക് നഷ്ടപരിഹാരമായി പണം കൊടുക്കുകയും ടിക്കറ്റ് സ്വന്തം ചിലവിൽ എടുക്കുകയും ചെയ്യേണ്ടിവന്നു. എല്ലാംകൂടി അറുപതിനായിരം രൂപയോളം ചിലവു വന്നു ജേഷ്ഠന്റെ കയ്യിൽ നിന്നും രണ്ട് അളിയാക്കമാരുടെ കയ്യിൽ നിന്നും കടം വാങ്ങിയാണ് ആ തുക ഞാൻ കണ്ടെത്തിയത്. അതൊക്കെ നാട്ടിൽ വന്നിട്ട് വീട്ടാം എന്നു കരുതി അഞ്ചു മാസത്തെ ചുരുങ്ങിയ പ്രവാസം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് തിരിച്ചു. ഇത്തവണ വന്നത് സുഹൃത്തുക്കളായ മൊയ്ദീൻ നേയും കുഞ്ഞിപ്പ യെയും വിളിച്ച് ഓട്ടോയിൽ ആയിരുന്നു.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് അധികം ചികിത്സയൊന്നും ഇല്ലാതെ തന്നെ ഭാര്യ മൂന്നാമതും ഗർഭം ധരിക്കലും പ്രസവിക്കലും എല്ലാം പത്തുമാസം കൊണ്ട് കഴിഞ്ഞു. ആ കാലയളവിൽ നാട്ടിൽ ഞാൻ പല ജോലിക്കും ശ്രമിച്ചു. റബ്ബറിന്റെ വില കുറവായതുകൊണ്ട് ടാപ്പിംഗ് ജോലി കിട്ടാനില്ല. കൂലിപ്പണി വരെ കിട്ടാൻ പ്രയാസമുള്ള അവസ്ഥ. കിട്ടുന്ന ജോലികൾ ഒക്കെ ചെയ്തു. തൃശ്ശൂരിൽ പോയി ഒരു പരസ്യ വണ്ടിയിൽ ജോലി നോക്കി. നിസ്കരിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ അതും ഒഴിവാക്കി. അവസാനം നാട്ടിൽ ഒരു മീൻ കട വരെ പരീക്ഷിച്ചു. ഒരുമാസം വീട്ടിൽ നല്ല മീൻ കറിവച്ചു എന്നല്ലാതെ ആ പണിയിലും മിച്ചം കാണാൻ കഴിഞ്ഞില്ല. വീട്ടിലെ ചിലവും തിരിച്ചുവരാൻ വന്ന ചിലവും ഒക്കെയായി അപ്പോഴേക്കും ഞാൻ ഒരു ലക്ഷത്തിനു മുകളിൽ കടക്കാരനായി മാറിയിരുന്നു. ഇനിയും നാട്ടിൽ ജോലി അന്വേഷിക്കുന്നത് അർത്ഥമില്ല എന്ന് മനസ്സിലാക്കി കിട്ടിയ വിസക്ക് മൂന്നാമത് എന്നുകൂടി വിദേശത്തേക്ക് പോകാൻ തയ്യാറാവുകയായിരുന്നു പോരുന്നതിനു മുമ്പ് കുട്ടിയെയും കണ്ട് പോരാൻ ആഗ്രഹമുണ്ടായിരുന്നു. അത് പറഞ്ഞു ഒരിക്കൽ ഭാര്യയുമായി വഴക്കിട്ടു അതിൽ പ്രതിഷേധിച്ച് ഞാൻ പോവുന്നതിനു 10 ദിവസം മുമ്പ് തന്നെ അവൾ പ്രസവിച്ചു കാണിച്ചുതന്നു.
(അവൾ ആരാ മോൾ)
ഇത്തവണ അളിയക്കന്റെ സ്കൂട്ടിയിൽ ആണ് യാത്ര അത് മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ വരെ. ഞാൻ വീട്ടിൽ നിന്നിറങ്ങിയപ്പോൾ നേരം വൈകി ഞാനാണ് വണ്ടി ഓടിച്ചത് സമയത്തിന് എത്താൻ വേണ്ടി ഞാൻ വണ്ടി വലിച്ചു വിട്ടു. എന്റെ രണ്ടാമത്തെ അളിയൻ ആയതുകൊണ്ട് പാവം ഒന്നും മിണ്ടാതെ പിറകിലിരുന്ന. സ്റ്റേഷനിൽ എത്തി വണ്ടി ഒതുക്കിയിട്ടു അളിയാക്കിയും എന്റെ കൂടെ സ്വർണ്ണൂർ വരെ വരാം എന്നു പറഞ്ഞു. അപ്പോൾ മൂന്നാമത്തെ പെങ്ങളും അളിയനും കൂടി അവരുടെ സ്കൂട്ടിയിൽ അങ്ങയോടുള്ള അതീവ സ്നേഹം പ്രകടിപ്പിക്കാൻ അവിടെയെത്തി. വണ്ടിയെടുത്ത് ശേഷം അളിയക്കന്റെ എല്ലാ യാത്രകളും അതിലാണ്. വണ്ടി പഠിക്കുന്നതുവരെ മറ്റൊരാളോടൊപ്പം യാത്ര ചെയ്യുന്നതു വരെ പേടിയുള്ള ആളായിരുന്നു. ഏതായാലും എന്നെ യാത്രയാക്കാൻ 2 അളിയന്മാരും ഒരു പെങ്ങളുമായി. സാധാരണ ഞാൻ ഒറ്റക്കാണ് പോകാറുള്ളത് ഇത്തവണ ഇവരൊക്കെ വന്നതിന് രണ്ട് കാരണങ്ങളുണ്ട്. 1 ഇവരൊക്കെ വീട് റെയിൽവേ സ്റ്റേഷന്റെ അടുത്താണ്. 2 എന്റെ ഭാര്യ പ്രസവിച്ചു ആശുപത്രിയിൽ കിടന്നപ്പോൾ എന്റെ പെങ്ങന്മാരും ആരും അവിടെ ഒരു ദിവസം സഹായത്തിന് നൽകാത്തതിലുള്ള എന്റെ വിഷമം ഇന്നലെ ഞാൻ അവരെ അറിയിച്ചിരുന്നു
ട്രെയിൻ വന്നപ്പോൾ പെങ്ങളോടും അളിയാക്കാനോടും യാത്ര പറഞ്ഞ് ഞാനും മറ്റേ അളിയനും കൂടി ഷൊർണൂരിലേക്ക് പോയി. അളിയാക്കാനെ തിരിച്ചു വിട്ട് ഞാൻ അവിടെനിന്നും അങ്കമാലിയിലേക്ക് വണ്ടി കയറി. അങ്കമാലിയിൽ ഇറങ്ങി ഉച്ചഭക്ഷണവും നിസ്കാരവും കഴിഞ്ഞ് എയർപോർട്ടിലേക്ക് ബസ് കയറി. അകത്തു കയറുന്നതിനു മുമ്പ് ഒരു ചായയും കുടിച്ചു വീട്ടിലേക്ക് വിശദ വിവരങ്ങൾ ഒക്കെ വിളിച്ചുപറഞ്ഞു അകത്തു കടന്നു. അകത്തെ ചെക്കിങ്ങും മറ്റും കഴിഞ്ഞ് ഫ്ലൈറ്റ് വരുന്നതും കാത്തിരിക്കുന്ന ഇരിപ്പാണ് ഇത്.
രാവിലെ മുതലുള്ള കാര്യങ്ങൾ ഒക്കെ ചിന്തിച്ചു കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റ് അവിടെ മൊത്തത്തിലൊന്ന് നടക്കാൻ തുടങ്ങി അങ്ങിനെ കണ്ട ഒരു ബുക്ക്‌ സ്റ്റാളിൽ ഞാൻ വെറുതേ തിരയുന്നതിനിടയിൽ ബിൻയാമിന്റെ ആടുജീവിതം എന്ന പുസ്തകം കാണാനിടയായി. അതിനെക്കുറിച്ച് ഞാൻ മുൻപ് കേട്ടിരുന്നു. സൗദിയിൽ ചെന്ന് ആടിനെ നോക്കുന്ന ജോലിയെടുത്ത് കഷ്ടപ്പെടുന്ന ഒരു കഥ പറയുന്ന നോവൽ ആണ് അത്. ഞാൻ എന്റെ കയ്യിലുള്ള രൂപയെന്നു നോക്കി. 300 രൂപയാണ് കയ്യിലുള്ളത്. ഇവിടെ ഇനി ചിലവുകൾ ഒന്നും ഇല്ല. സൗദിയിൽ ചെന്നാൽ റിയാൽ കൊണ്ടല്ലേ കാര്യമുള്ളൂ. ബുക്കിന്റെ വില 170 രൂപ. ഞാൻ ബുക്ക് വാങ്ങി ശേഷം 30 രൂപക്ക് ഒരു കോഫിയും വാങ്ങി കുടിച്ചു ഒരു മൂലയിൽ പോയിരുന്നു ഇനി എന്റെ കയ്യിലുള്ളത100, 110 രൂപയാണ്.പിന്നെ അളിയക്ക എനിക്ക് തരാനായി പെങ്ങളുടെ കൈയ്യിൽ കൊടുത്ത ഏൽപ്പിച്ച ഒരു അമ്പത് റിയാൽ അവൾ തന്നതും എന്റെ കയ്യിലുണ്ട്. അതൊക്കെ മതി ഞാൻ പോകുന്നത് ഹൗസ് ഡ്രൈവർ വിസ ആയത് കൊണ്ട് അവിടെ ചെന്ന് ഇറങ്ങിയാൽ പിന്നെ അധിക ചിലവൊന്നും ഇല്ല. കിടക്കാനും മറ്റുമുള്ള കിടക്ക, പുതപ്പ്, സോപ്പ്, സോപ്പുപൊടി ഇതൊക്കെ നമ്മുടെ കഫീലോ കഫീലിന്റെ ഭാര്യയോ വാങ്ങിത്തരും. വട്ട ചിലവിനായി പുതിയതായി വരുന്നവർക്ക് നൂറോ ഇരുന്നൂറോ റിയാലും തരും. അല്ലെങ്കിലും എവിടേക്കെങ്കിലും പുറപ്പെടുമ്പോൾ കുറച്ച് അധികം പണം കയ്യിൽ കരുതുന്ന ശീലം എനിക്ക് പണ്ടേ ഇല്ല. അതിനു മാത്രം സാമ്പത്തികം എന്റെ കൈയിൽ ഉണ്ടാവാറില്ല. പണ്ട് ഞാൻ രണ്ടു വർഷത്തിലധികം സൗദിയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നത് നാട്ടിലെ വെറും 500 രൂപ ആയിരുന്നു. ജീവിതത്തിൽ ഒരിടത്തും അല്ലാഹു പ്രയാസപ്പെടുത്തി യിട്ടില്ല എന്നത് അവനോടുള്ള നന്ദിയോടെ ഓർക്കുന്നു.
പുസ്തകം വായിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. സമയം 4-20 എനിക്ക് പോവാനുള്ള എയർ ഇന്ത്യയുടെ വിമാനം പുറത്തു നിൽക്കുന്നു. ഞങ്ങൾക്ക് പ്രവേശിക്കാനുള്ള ഗേറ്റ് നമ്പർ മൂന്നിൽ ആളുകൾ വരിവരിയായി നിന്ന് ടിക്കറ്റും കാണിച്ച് വിമാനത്തിലേക്ക് കയറാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ഇരുത്തത്തിൽ തന്നെയാണ് വരിയിൽ ഉള്ളവരൊക്കെ കയറട്ടെ എന്നിട്ട് എഴുന്നേൽക്കാം എല്ലാവരെയും കയറ്റിയിട്ട് വണ്ടി പുറപ്പെടും. പിന്നെന്തിനു തിരക്കണം നമ്മുടെ സീറ്റിൽ മറ്റൊരാൾ ഇരിക്കുകയും ഇല്ല. ആളുകൾ ഏകദേശം തീരാറായി. ഞാനും എഴുന്നേറ്റു ടിക്കറ്റ് കാണിച്ച് അകത്ത് പ്രവേശിച്ചു. എയർഇന്ത്യയുടെ വലിയ ജംബോ വിമാനമാണ്. അതിൽ അതിനേക്കാൾ വലിയ പ്രതീക്ഷകളുമായി എന്റെ സീറ്റിൽ ഞാനിരുന്നു.
(തുടരും )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo