Slider

ഫ്രാങ്കിളിൻ FROM രാമക്കൽമേട്.

0
Image may contain: 1 person, selfie and closeup 

ഗ്ലാസ്‌ കാലിയാക്കി സ്റ്റീൽ പ്ലേറ്റിൽ ബാക്കി ഉണ്ടായിരുന്ന എരിവുള്ള കടല ഞാൻ വായിലേക്കിട്ടു. അരണ്ട വെളിച്ചത്തിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അയാൾ ഒരു യമഹ ബൈക്കിൽ എന്നേ കാത്തു നിൽപ്പുണ്ടായിരുന്നു. ആ ബൈക്കിന്റെ പിറകിൽ കയറണമോ എന്നത് ഒരു ചോദ്യചിഹ്നമായി മനസ്സിൽ ഉണ്ട്. പക്ഷേ അയാൾ പറഞ്ഞ ആശയം എന്നേ വല്ലാതെ പ്രലോഭിപ്പിക്കുന്നു .
പെട്ടെന്നെടുത്ത തീരുമാനത്തിൽ ഞാൻ ബൈക്കിന്റെ പിറകിലേ സീറ്റിലേക്ക് കയറി. മാൻഷൻ ഹൌസിന്റെ ഫുൾ ബോട്ടിലിന്റെ ചിത്രം കണ്ടപ്പോൾ വീണ്ടും അരണ്ട വെളിച്ചത്തിലേയ്ക്കു പോകാൻ മനസ്സ് പ്രേരിപ്പിച്ചെങ്കിലും എന്നെയും കൊണ്ട് ബൈക്ക് നീങ്ങി തുടങ്ങിയിരുന്നു.
ബൈക്ക് ഓടിക്കുന്ന ആൾ.. 'ദത്തൻ'.
ഒരു ബാംഗ്ലൂർ മലയാളി. അങ്ങനെയാണ് അയാൾ എന്നോട് പറഞ്ഞത്.
ഞാൻ 'ഫ്രാങ്കിളിൻ'..കേരളം -തമിഴ്നാട് അതിർത്തിപ്രദേശത്തുള്ള രാമക്കൽമേട് സ്വദേശി.അധ്വാനിച്ചു ജീവിക്കാൻ മടി ആയതിനാൽ ഒരു സർക്കാർ ജോലി സ്വപ്നം കണ്ട് നടന്ന ഒരു സാധാ ചെറുപ്പക്കാരൻ.
ഒരു മെയ്‌മാസത്തിലെ ഞായറാഴ്ച്ച പത്തുമണികുർബാന കഴിഞ്ഞ് ഇറങ്ങിയപ്പോൾ കൂട്ടുകാരൻ ജോസുകുട്ടിക്ക് ഒരാഗ്രഹം. രാമക്കൽമേട്ടിലെ ഏറ്റവും മുകളിലുള്ള ചാരുപാറയിൽ ഇരുന്ന് ഒരു ബിയർ അടിക്കണമെന്ന്. രാമക്കൽമേട്ടിൽ മുകളിൽ ചെന്നാൽ നല്ല തണുത്ത കാറ്റാണ്. താഴോട്ട് നോക്കിയാൽ കുന്നും, മലകളുമൊന്നുമില്ലാതെ പരന്നു കിടക്കുന്ന കമ്പവും, തേനിയുമൊക്ക കാണാം. ഇടുക്കിയിലെ ആ പ്രത്യേക കാറ്റിൽ ഇരിക്കുവാൻ ആരും കൊതിക്കും. താഴെ അഗാധമായ കൊക്കയാണ്. കാലൊന്ന് തെന്നിയാൽ പെറുക്കി കൂട്ടാൻ പോലും ഒന്നും കിട്ടില്ല.
ജോസുകുട്ടിയുടെ ആഗ്രഹവും, എന്റെ ആഗ്രഹവും ഒന്നായപ്പോൾ ഞങ്ങൾ നേരെ പൗലോസ് മുതലാളിയുടെ വീട്ടിലേക്കു വണ്ടി വിട്ടു. രാമക്കൽമേട്ടിൽ ആർക്കു സാധനം വേണമെങ്കിലും നെടുംകണ്ടത്ത്‌ ബാറുള്ള പൗലോസ് മുതലാളിയാണ് ആശ്രയം.
വീടിനോട് ചേർന്നുള്ള ബാർ മുറിയുടെ കാളിങ് ബെല്ലിൽ വിരലമർത്തി ഞങ്ങൾ കാത്തു നിന്നു. വാതിൽ തുറന്ന പുതു മുഖത്തെ കണ്ട് ഞാൻ കണ്ണു മിഴിച്ചു.ഒരു സുന്ദരിപ്പെണ്ണ്. കള്ള് കുടിക്കാതെ പരിസരം മറന്ന അവസ്ഥയിലായി ഞാൻ.
പൗലോസ് മുതലാളിക്ക് രണ്ട് ചെറിയ ആൺകുട്ടികൾ ആണുള്ളത്. അവളാരെന്നുള്ള അന്വേഷണത്തിന് ഉത്തരം കിട്ടാൻ രണ്ട് ദിവസമെടുത്തു. പൗലോസ് മുതലാളിയുടെ നാട്ടുമ്പുറത്ത്‌ കെട്ടിച്ച മൂത്ത പെങ്ങളുടെ മകൾ. പേര് അലീന. നെടുംകണ്ടം M E S കോളേജിൽ
പഠിക്കാൻ വന്നതാണ്.
മനസ്സിൽ കയറിപറ്റിയ അവളുടെ മനസ്സിൽ ഒന്ന് കയറിപ്പറ്റാൻ ഉള്ള പരിശ്രമങ്ങളായിരുന്നു പിന്നീട്.
പൂത്തുനിൽക്കുന്ന ഏലച്ചെടിയുടെ വാസനയിൽ ജോസുകുട്ടി കൊണ്ടുവന്ന വാറ്റ് കരിക്കിൻ വെള്ളത്തിൽ ചേർത്ത് സേവിക്കുമ്പോഴാണ് അവൻ എന്നെ ഒന്ന് കൊട്ടിയത് . അലീനയോട് ഇഷ്ടം തുറന്ന് പറയാത്ത ഞാൻ ഒരു പേടിത്തൊണ്ടനാണന്ന് പറഞ്ഞപ്പോൾ ഇപ്പോൾ തന്നെ പറഞ്ഞിട്ടേ ഉള്ളുവെന്നും പറഞ്ഞു ഞാൻ പൗലോസ് മുതലാളിയുടെ വീട്ടിലേക്ക് വിട്ടു.
അകത്തുള്ള വാറ്റിന്റെ ധൈര്യത്തിൽ അവളെവിടെ എന്ന് നോക്കി മുറ്റത്ത്‌ കൂടി അടിവെച്ചടിവെച്ചു നടന്നപ്പോൾ ആണ് ഒരു പാട്ടിന്റെ അലയൊലികൾ എന്റെ കർണ്ണപുടത്തിൽ പതിച്ചത്. പാട്ടിന്റെ ഉത്ഭവസ്ഥാനം നോക്കി ചെന്ന് നിന്നത് ബാത്‌റൂമിന്റെ വാതിൽക്കൽ. അലീന കുളിക്കുവാണ്‌. ഞാൻ ബാത്റൂമിന്റെ കതകിൽ ചെവി അടുപ്പിച്ചു വെച്ച് ആ സംഗീതം ആസ്വദിച്ചു കൊണ്ടിരുന്നപ്പോളാണ് പൗലോസ് മുതലാളി എവിടുന്നോ വന്ന് ചാടി വീണത്. പിന്നെയുണ്ടായ സംഘട്ടനത്തിൽ നിന്നും പത്തൊമ്പതാമത്തെ അടവായ ഓട്ടത്തിലൂടെ ഞാൻ തടി തപ്പി .
പക്ഷേ കാര്യങ്ങൾ ഒക്കെ കൈ വിട്ടു പോയിരുന്നു. അലീന കുളിക്കുന്നിടത്ത്‌ ഒളിഞ്ഞുനോക്കി എന്നും പറഞ്ഞ് അലീനയെക്കൊണ്ട് കേസ് കൊടുപ്പിച്ചു പൗലോസ് മുതലാളീ. പിന്നെ നാട്ടിൽ നിക്കാൻ പറ്റുമോ.. ?ജോസുകുട്ടിയോടു പോലും പറഞ്ഞില്ല. രായ്ക്കു രാമാനം കമ്പത്ത്‌ എത്തി. എങ്ങോട്ട് പോകണമെന്ന ആശയക്കുഴപ്പത്തിൽ നിക്കുമ്പോളാണ് അണ്ണാച്ചി കണ്ടക്ടർ ബാംഗ്ലൂർ എന്ന് ഉറക്കെ വിളിക്കുന്നത് കേട്ടത്.പണ്ട് തൊട്ടേ ആലോചിക്കുന്നതാ ഒന്ന് ബാംഗ്ലൂർ പോകണമെന്ന്. ഇങ്ങനെ ആയിരിക്കാം നിയോഗം.
ബാംഗ്ലൂർ വന്ന് ആദ്യം പരിചയപ്പെട്ട മലയാളി ഹോട്ടൽ നടത്തുന്ന പാലക്കാട്ടുകാരൻ വിജയൻ ചേട്ടനാണ്. ഉള്ള കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ വിജയൻ ചേട്ടൻ ഒരു ഓഫർ തന്നു. ഭക്ഷണവും, താമസവും ഫ്രീ. നാനൂറ് രൂപ ദിവസം കൂലി.ഒന്നും ആലോചിക്കാനില്ലാരുന്നു. അവിടെ അങ്ങ് കൂടി.
വൈകിട്ട് ആറുമണി ആകുമ്പോൾ ജോലി കഴിയും. നേരം ഇരുട്ടിത്തുടങ്ങുമ്പോൾ ഞാൻ റോഡിന്റെ എതിർവശത്തുള്ള നവരംഗ് ബാറിലേക്ക് പോകും.അരണ്ട വെളിച്ചത്തിലിരുന്ന് മാൻഷൻ ഹൌസിന്റെ കഴുത്ത് പൊട്ടിച്ച് മതിവരുവോളം പാനം ചെയ്യും.
അങ്ങനെ ഒരു ദിവസമാണ് ഞാൻ ദത്തനെ പരിചയപ്പെടുന്നത്. പല ദിവസം ഒരുമിച്ചിരുന്നു പാനം ചെയ്തപ്പോൾ ഞാൻ എന്നേക്കുറിച്ചെല്ലാം അയാളോട് പറഞ്ഞു. എങ്ങനേയും കുറേ കാശുണ്ടാക്കണമെന്ന എന്റെ ആഗ്രഹം കേട്ടപ്പോളാണ് ദത്തൻ ഒരു ഉപായം പറഞ്ഞത്.
എന്റെ നാട്ടിൽ ഒരു ദിവ്യനായി അവതരിക്കുക. നാട്ടിലുള്ളവരുടെ കാര്യങ്ങൾ എല്ലാം എനിക്ക് വള്ളി പുള്ളി വിടാതെ അറിയാം. അവരുടെ മുഖത്തു നോക്കി അവരുടെ കാര്യങ്ങൾ പറഞ്ഞാൽ അവർ ഞെട്ടും. ആ ഞെട്ടലിൽ അവർ നമ്മുടെ ദിവ്യ വലയിത്തിലാകും. വലയത്തിൽ നിന്നും അവർ പുറത്തുകടക്കുന്നതിനു മുൻപ് വലിക്കാൻ പറ്റുന്നത് വലിച്ച് നമ്മൾ മുങ്ങും.
ദത്തൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. വിവരവും, വിദ്യാഭ്യാസവും ഉണ്ടങ്കിലും മലയാളിയെ പറ്റിക്കാൻ വളരെ എളുപ്പമാണ്. ഇന്ന് ഏറ്റവും എളുപ്പം കാശുണ്ടാക്കാൻ പറ്റുന്ന മാർഗ്ഗം .
ദത്തൻ ബൈക്ക് നിർത്തിയപ്പോളാണ് ഞാൻ വർത്തമാനകാലത്തിലേക്കു തിരിച്ചു വന്നത്.
"ഇവിടുന്നു കുറച്ച് നടക്കാനുണ്ട് ".
പറഞ്ഞിട്ട് വേഗത്തിൽ നടന്ന അയാൾക്കൊപ്പം എത്താൻ പലപ്പോഴും എനിക്ക് സാധിച്ചില്ല.
ഒരു ചെറിയ വീടിനു മുൻപിലെത്തി കതക് തുറക്കുമ്പോൾ ഞാൻ ചുറ്റുപാടും നോക്കി. ഒരു സൈഡിൽ ഏതോ ആക്രിക്കടയുടെ ഗോഡൗൺ ആണെന്ന് തോന്നുന്നു. ചെറിയ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന പഴയ തുരുമ്പിച്ചതും, ദ്രവിച്ചതും രണ്ട് പേർ ചേർന്ന് ഒരു ലോറിയിലേക്ക് കയറ്റുന്നു.
"ഫ്രാങ്കിളിൻ ".
വിളി കേട്ട് ഞാൻ വീടിനുള്ളിലേക്ക് കയറി. അയാളുടെ പിറകെ അകത്തേക്ക് നടക്കുമ്പോൾ ദത്തന്റെ മുഖത്ത്‌ ഒരു ചിരി ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ ഓർത്തു.
"ഇവിടെ ഇരിക്ക് ".
ഒരു ഉയരമുള്ള സ്റ്റൂൾ കാണിച്ച് കൊണ്ട് ദത്തൻ പറഞ്ഞു. അയാൾ ഒരു പഴയ തടി കൊണ്ടുണ്ടാക്കിയ പെട്ടി തുറന്ന് കുറേ സാധങ്ങൾ പുറത്തെടുത്തു വെച്ചു.എന്നോട് കണ്ണടക്കാൻ പറഞ്ഞിട്ട് എന്റെ മുഖത്തു മുഴുവൻ വെള്ളം സ്പ്രേ ചെയ്തു. മുഖം അമർത്തി തിരുമ്മിയിട്ട് എന്റെ മുഖത്ത്‌ മുഖംമൂടി പോലെ എന്തോ ഒട്ടിക്കുന്നതായി എനിക്ക് തോന്നി. വീണ്ടും ഒട്ടിച്ചതിന്റെ മുകളിൽ കൂടി പലവട്ടം അയാൾ കൈകൾ അമർത്തി ഓടിച്ചു. ഇടക്ക് എന്നോട് കണ്ണ് തുറക്കാൻ ശ്രമിക്കരുതെന്ന് ഓർപ്പിച്ചു. തൊപ്പി പോലെ ഒന്ന് തലയിൽ അമരുന്നതായി എനിക്കനുഭവപ്പെട്ടു.
"കണ്ണ് തുറക്കൂ ".
ദത്തൻ പറഞ്ഞത് കേട്ട് ഞാൻ കണ്ണ് തുറന്നു. മുന്നിൽ ഒരു സാമാന്യം വലിപ്പമുള്ള കണ്ണാടിയുമായി ദത്തൻ. കണ്ണാടിയിലേക്കു നോക്കിയ ഞാൻ ശരിക്കും ഞെട്ടി. ഞാനല്ല ആ കണ്ണാടിയിൽ. വേറെ ഒരാൾ.തൊലിയുടെ അതേ നിറമുള്ള മുഖംമൂടി ഒട്ടിച്ചു വെച്ചിരിക്കുന്നതാണന്നു ഒരിക്കലും തോന്നില്ല. അൽപ്പം നീണ്ട താടിയും,തലയിൽ പതിപ്പിച്ച വിഗ്ഗിന്റെ മുടിയിഴകൾ ചെവിയും, കഴുത്തിന്റെ പിൻഭാഗവും മറച്ചിരിക്കുന്നതിനാലും ഒറിജിനൽ ആണെന്നേ കാണുന്നവർക്ക് മനസ്സിലാകൂ. അതിശയത്തോടെ ഞാൻ ദത്തനെ നോക്കി. ഇപ്പോൾ അയാളുടെ മുഖത്ത്‌ ഒരു ചെറിയ ചിരി ഞാൻ കണ്ടു.
"എന്ത് തോന്നുന്നു.. "?
"സമ്മതിച്ചു. എന്റെ രൂപം മാറ്റുമെന്ന് പറഞ്ഞെങ്കിലും.. ഇത് എന്റെ ബോധ മണ്ഡലത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. "
"ഇനിയും ആ സംസാരത്തിന്റെ ശൈലി കൂടി മാറ്റണം. കുറച്ച് ഗാംഭീര്യം വരണം. "
സ്കൂളിൽ പഠിച്ചപ്പോൾ മിമിക്രി ചെയ്തതിനാൽ അത് എളുപ്പമായിരുന്നു.
വീണ്ടും കണ്ണടക്കാൻ പറഞ്ഞിട്ട് ദത്തൻ എന്നേ പഴയ രൂപത്തിലാക്കി. മുഖത്തൊട്ടിച്ച കവറിങ് കണ്ടപ്പോൾ ഒരു സിനിമയിൽ കമലഹാസൻ ഇതുപോലെ വേഷം മാറിയത് എനിക്കോർമ്മ വന്നു.
തിരിച്ചു പോകാനിറങ്ങിയ എന്നോട് താമസിക്കുന്നിടത്തേക്ക് പോകാനുള്ള ബസ്സ്‌ നമ്പർ പറഞ്ഞു തന്നു.
"ബൈക്ക് എടുക്കാൻ വരുന്നുണ്ടോ ?."
ബസ്സ്‌ സ്റ്റോപ്പിലേക്ക് പോകുമ്പോൾ വഴി തെറ്റണ്ടല്ലോ എന്നോർത്ത് ഞാൻ ചോദിച്ചു.
"അത് എന്റെ ബൈക്കല്ല !!".
"പിന്നെ ?.
"ആരുടെയോ ഒരാളുടെ. അയാൾ ഇപ്പോൾ ബാറിന് മുൻപിൽ ഈ ബൈക്ക് അന്വേഷിക്കുന്നുണ്ടാവും. അവിടന്ന് ഇങ്ങോട്ട് വരാൻ ഒരു വണ്ടി വേണമായിരുന്നു. നമ്മുടെ ആവശ്യം കഴിഞ്ഞു.അപ്പോൾ ശരി.നാളെ കാണുമ്പോൾ രാമക്കൽമേട്ടിലേക്കു പോകാനുള്ള തീരുമാനം ഞാൻ പ്രതീക്ഷിക്കുന്നു. "
-------------------------------------------------------------
കമ്പംമെട്ട് ചെക്ക് പോസ്റ്റ്‌ കടന്നപ്പോളാണ് എന്റെ നെഞ്ചിടിപ്പ് കുറഞ്ഞത്. ഈ വണ്ടി ആരുടെയോ ആണ്. ഇത് നെടുംകണ്ടത്ത്‌ ഉപേക്ഷിക്കാനാണ് പ്ലാൻ. പിന്നെ മാൻഷൻ ഹൌസിന്റെ എട്ട് ഫുൾ ബോട്ടിലുകൾ സൈഡ് ഡോറിന്റെയും, ഡിക്കിയുടെയും പാഡിനുള്ളിലുണ്ട്. കർണ്ണാടകയിൽ വിലക്കുറവായതിനാൽ കൊണ്ട് വന്നതാണ്. ഞങ്ങൾ നേരെ നെടുംകണ്ടത്തെത്തി ഒരു ലോഡ്ജിൽ റൂമെടുത്തു. കുപ്പികൾ എടുത്തതിനുശേഷം കാർ ബസ്സ് സ്റ്റാൻഡിനു മുൻപിലെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ചു.
പിറ്റേ ദിവസം ഞാൻ പറഞ്ഞുകൊടുത്തതനുസരിച്ചു ദത്തൻ രാമക്കൽമേട്ടിൽ പോയി ഒരു വാടക വീട് ശരിയാക്കി. രണ്ട് ദിവസം കൂടി ഞങ്ങൾ നെടുങ്കണ്ടത് തങ്ങി.
രാമക്കൽമേട്ടിലെ ആസ്ഥാനത്ത്‌ എത്തി വേഷഭൂഷാധികൾ അണിഞ്ഞു ദിവ്യൻ ആയി. അടുത്ത പടി ജനങ്ങളെ ഇങ്ങോട്ട് ആകർഷിക്കണം.അതിനുള്ള ആശയവും ദത്തൻ പറഞ്ഞു തന്നപ്പോൾ ഇയാളെ കണ്ടുമുട്ടാൻ താമസിച്ചുപോയി എന്നെനിക്ക് തോന്നി.
ഞാനും, ദത്തനും കൂടി അടുത്തുള്ള ചായക്കടയിൽ പോയി പുട്ടും, കടലയും അകത്താക്കിക്കൊണ്ടിരുന്ന സമയം. രാവിലെ സാമാന്യം തിരക്കുണ്ട് രാമക്കൽമേടിലെ ഏക ചായക്കടയിൽ.
"ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ ?.
കാലിയായ കടലക്കറിയുടെ പ്ളേറ്റിലേക്ക് ഗ്രേവി മാത്രം ഒഴിക്കുന്നതിനിടെ രക്ഷാധികാരി സോമൻ ചോദിച്ചു.
"ഞങ്ങൾ പുതിയ ആൾക്കാരാ . കുറച്ച് നാൾ ഇവിടുണ്ടാകും. "
ദത്തൻ പറഞ്ഞു.
ദത്തൻ മറുപടി കൊടുത്തെങ്കിലും ആർക്കും അത് തൃപ്തി ആയില്ലെന്നു അവരുടെ മുഖഭാവങ്ങളിൽ തെളിയുന്നുണ്ട്. എല്ലാ കണ്ണുകളും എന്റെ മുഖത്തേക്കാണ്. എന്റെ വേഷം കണ്ടിട്ട് അവർക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്.
ശബ്ദം മാറ്റി ഞാൻ ചോദിച്ചു.
"സോമൻ എന്നല്ലേ പേര് ?.
"അതേ "?.
"സ്വന്തം വീട് കട്ടപ്പനയിൽ. ഇവിടെ വന്നിട്ട് ഇരുപത് വർഷം. ഒറ്റ പുത്രൻ മനോജ്‌ തമിഴ് നാട്ടിൽ ജോലി ചെയ്യുന്നു. "
ഞാൻ പറഞ്ഞത് കേട്ട് ചായ ഗ്ലാസ്സിലേക്കു പൊക്കി അടിക്കാൻ കൈ ഉയർത്തിയ സോമൻ കൈ താക്കാതെ ചോദിച്ചു.
"ഇതൊക്കെ എങ്ങനെ.. ?
"എല്ലാം എന്റെ മനക്കണ്ണിൽ തെളിയുന്നു. !!".
"പിന്നെ.. മനക്കണ്ണ്..നീ കുന്തം വിഴുങ്ങിയ പോലെ നിക്കാതെ ഒരു കുറ്റി പുട്ട് ഇങ്ങോട്ടെടുക്ക് സോമാ. "
ഞാൻ തിരിഞ്ഞു നോക്കി. വടക്കേലെ ഉലഹന്നാൻ ചേട്ടനാണ്. ക്രിസ്ത്യാനി ആണെങ്കിലും ഒരു അവിശ്വാസിയാണ് ഉലഹന്നാൻ ചേട്ടൻ.
"ഉലഹന്നാൻ എന്നല്ലേ പേര് ?.മകൻ അമേരിക്കക്ക് പോയിട്ട് അവിടെത്തന്നെ കൂടി അല്ലേ. ചേട്ടനും, ഭാര്യ ഗ്രേസിയും അതിന്റെ വിഷമത്തിൽ ആണല്ലോ "!!.
പുട്ടും, ഏത്തപ്പഴം പുഴുങ്ങിയതും വായിലുണ്ടായിരുന്ന ഉലഹന്നാൻ അത് കേട്ട് വിക്കിയപ്പോൾ പുട്ട് തലയിൽ കയറി. ഉലഹന്നാൻ കണ്ണ് മിഴിക്കുന്നതു കണ്ട് അടുത്തിരുന്ന ഹൈദർ ഇക്കാ ഉലഹന്നാൻ ചേട്ടന്റെ തലയിൽ ചെറുതായി തട്ടി തലമണ്ടയിൽ നിന്നും പുട്ട് താഴോട്ട് ഇറക്കാൻ ശ്രമിച്ചു.
ബാക്കി ഉണ്ടായിരുന്നവരുടെ പേരും, വിവരങ്ങളും കൂടി പറഞ്ഞതോടെ എല്ലാവരുടെയും കണ്ണുകളിൽ ബഹുമാനം മൊട്ടിട്ടു.
ഭക്ഷണം കഴിച്ചിട്ട് കാശ് മേടിക്കാതെ സോമൻ ചേട്ടൻ. അത് വേണ്ട കാശ് ഞാൻ കൊടുത്തോളം എന്ന് പറഞ്ഞ് ഉലഹന്നാൻ ചേട്ടൻ. അവിടെ കൊളുത്തിയ പടക്കത്തിന് തീ പിടിച്ചെന്ന് മനസ്സിലാക്കിയ ഞങ്ങൾ പതിയെ ആസ്ഥാനത്തേക്ക് നീങ്ങി.
ആസ്ഥാനത്തേക്ക് കയറുമ്പോളാണ് മീൻകാരൻ ഉസ്മാൻ അതുവഴി വന്നത്.പുതിയ കസ്റ്റമറെ കിട്ടുമോന്ന് അറിയാൻ ഞങ്ങളുടെ അടുത്തേക്ക് വന്ന ഉസ്മാനും കൊടുത്തു മനക്കണ്ണിൽ തെളിഞ്ഞത്.രണ്ട് മാസത്തിനുള്ളിൽ ഭാഗ്യം കടാക്ഷിക്കുമെന്ന് കേട്ട ഉസ്മാൻ അന്ന് മീൻ വിറ്റ കാശ്മുഴുവൻ എന്റെ മുന്നിൽ വെച്ചു. ആദ്യത്തെ കൈ നീട്ടം ഉസ്മാന്റെ വക. രാമക്കൽമേട്ടിലെ വീട് വീടാന്തരം കയറി ഇറങ്ങുന്ന ഉസ്മാൻ ഞങ്ങളുടെ പബ്ലിസിറ്റിക്ക് ഒരു മുതൽക്കൂട്ടാകുമെന്നു എനിക്ക് ഉറപ്പായിരുന്നു.
പിറ്റേദിവസം മുതൽ ആളുകളെ പ്രതീക്ഷിച്ച ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഉച്ച മുതൽ ആളുകൾ വന്നു തുടങ്ങി. അറിയില്ലാത്ത ആരും വരല്ലേയെന്നായിരുന്നു എന്റെ പ്രാർത്ഥന.
പകലും, രാത്രിയും വന്നു പോയി. പ്രബുദ്ധരായ ജനങ്ങളും. ഇഷ്ട്ടമായി തരുന്ന നോട്ടുകളുടെ എണ്ണവും കൂടി വന്നു.
ഒരാഴ്ച്ച കഴിഞ്ഞപ്പോളാണ് ജോസുകുട്ടി വന്നത്.ബഹുമാനപൂർവ്വം മുന്നിലിരുന്ന ജോസുകുട്ടിയെക്കണ്ട് എനിക്ക് ചിരി പൊട്ടി.
"ഫ്രാങ്ക്‌ളിൻ ആരാ ജോസുകുട്ടിയുടെ ?.
എന്റെ ചോദ്യം കേട്ട് ജോസുകുട്ടി ദീർഘനിശ്വാസം ഉതിർത്തു.
"എന്റെ ഉറ്റ കൂട്ടുകാരനാ അവൻ ".
"പക്ഷേ ആള് ഇപ്പോൾ ഇവിടെ ഇല്ലല്ലേ ?.
ജോസുകുട്ടി തല കുലുക്കി.
"ഒരു പോലീസ് കേസ് ഒക്കെ കാണുന്നുണ്ടല്ലോ ജോസുകുട്ടി. "
"ശരിയാ കേട്ടോ.. കുളിസീൻ കാണാൻ ഒളിഞ്ഞു നോക്കിയെന്നാ കേസ് ".
"അത് ശരിയല്ല ജോസുകുട്ടി. ഞാൻ കാണുന്നു മനക്കണ്ണിൽ. ഫ്രാങ്ക്‌ളിൻ അലീന കുളിച്ചു കൊണ്ടിരുന്നപ്പോൾ അവിടെ ചെന്നു എന്നത് നേരാ. അവൾ പാടുന്ന പാട്ട് ആസ്വദിച്ചു പുറത്ത് നിക്കുന്നതാ ഞാൻ കാണുന്നത്. "
"അതെയോ. ?എന്നാൽ പൗലോസ് മുതലാളിയോട് ഒന്ന് ചോദിക്കണമല്ലോ. അയാൾ കേസ് കൊടുത്തിട്ടാ ഫ്രാങ്ക്‌ളിൻ മുങ്ങിയത്. എന്നോട് പോലും പറഞ്ഞില്ല."
"പറയാതെ പോയതിൽ ഫ്രാങ്കിളിന് വിഷമം ഉണ്ട്. താമസിയാതെ ഫ്രാങ്ക്‌ളിൻ വിളിക്കും. ജോസുകുട്ടി സന്തോഷത്തോടെ പൊക്കോളൂ. ".
സന്തോഷത്തോടെ രണ്ട് മൂന്ന് നോട്ടുകൾ മുന്നിൽ നിക്ഷേപിക്കാൻ തുടങ്ങിയ ജോസുകുട്ടിയോടു കാശ് മേടിക്കാൻ എനിക്ക് തോന്നിയില്ല. നിർബന്ധിച്ചു അവനേ ഞാൻ പറഞ്ഞ് വിട്ടു.
പൗലോസ് മുതലാളിയോട് വിവരം ചോദിക്കാൻ ചെന്ന ജോസുകുട്ടി വായിൽ നിന്ന് ഒഴുകിയ വ്യാകരണങ്ങൾ അവിടെ പ്രയോഗിച്ചു. ഇതൊക്കെ മനസ്സിലാക്കിയത് ദിവ്യനിൽ നിന്നാണെന്ന് അറിഞ്ഞ അലീന കോളേജിൽ പോകുന്ന വഴി എന്റെ അടുത്ത് വന്നു.
അലീനയോട് അൽപ്പനേരം കണ്ണടക്കാൻ പറഞ്ഞിട്ട് ഞാൻ കണ്ണിമയ്ക്കാതെ അവളെ നോക്കിയിരുന്നു. ആദ്യം മനസ്സ് കവർന്നെടുത്തവൾ തൊട്ടുമുന്നിൽ.എന്റെ നിയന്ത്രണങ്ങൾ പരിധിക്ക് പുറത്ത് പോവുമെന്ന് തോന്നിയപ്പോൾ അവളോട്‌ കണ്ണ് തുറക്കാൻ പറഞ്ഞു.
അലീനക്ക് അറിയേണ്ടത് അന്നുണ്ടായ യഥാർത്ഥ സംഭവങ്ങൾ ആയിരുന്നു.എനിക്കറിയേണ്ടത് ഫ്രാങ്കിളിനേ അലീനക്ക് ഇഷ്ട്ടമായിരുന്നോ എന്നും.ഞാൻ കണ്ണടച്ച് മനക്കണ്ണിൽ വെളിവായത് വിവരിച്ചു.
അലീന ഫ്ലാറ്റ്!!.
"ഇപ്പോൾ എവിടെ ഉണ്ടന്ന് അറിയുമോ ?.
ഞാൻ കണ്ണടച്ച് തുറന്നു.
"എനിക്ക് കാണാം.. പക്ഷേ സ്ഥലം വ്യക്തമാകുന്നില്ല. "
"അലീനക്ക് ഇഷ്ട്ടമായിരുന്നോ ഫ്രാങ്ക്ളിനേ ?.
കവിളിൽ നുണക്കുഴി വിരിയിച്ചുകൊണ്ടു അവൾ ഒന്ന് ചിരിച്ചു .
എനിക്ക് ദിവ്യന്റെ വേഷമെല്ലാം ഊരി വലിച്ചെറിഞ്ഞ് അവളെ പൊക്കിയെടുത്തു ഡാൻസ് കളിക്കാൻ തോന്നി. സമയമായില്ല എന്ന തിരിച്ചറിവിൽ ഞാൻ അടങ്ങി.
"ഇടക്ക് ഒന്ന് ഇവിടെ വന്ന് പൊക്കോളൂ. മനക്കണ്ണിൽ പുതിയ വിവരങ്ങൾ തെളിഞ്ഞാൽ ഞാൻ അറിയിക്കാം. "
സന്തോഷത്തോടെ അവൾ പോകുന്നത് നോക്കി അതിലും സന്തോഷത്തോടെ ഞാനിരുന്നു.
-------------------------------------------------------------------
ഇന്നേക്ക് ഒരു മാസം തികഞ്ഞു ദിവ്യനായി വേഷം കെട്ടിയിട്ട്. ഒരാഴ്ചക്കുള്ളിൽ ഇവിടുന്ന് പോകണമെന്നാണ് ദത്തൻ പറയുന്നത്. അത്യാവശ്യം കാശ് കയ്യിൽ വന്നിട്ടുണ്ട്. ഇടക്ക് പല പ്രാവശ്യം വന്ന അലീനയോട് ഫ്രാങ്കിളിൻ ബാംഗ്ലൂരിൽ ഉണ്ടന്ന് അറിയിച്ചതനുസരിച്ച് അടുത്ത വെള്ളിയാഴ്ച്ച അലീന ബാംഗ്ലൂർക്ക് പോകുമെന്ന് പറഞ്ഞു. അന്ന് തന്നെ ഞങ്ങളും ഇവിടുന്ന് മുങ്ങാൻ തീരുമാനിച്ചു. റെയിൽേവ സ്‌റ്റേഷനിൽ വെച്ച് അലീനയുടെ മുൻപിൽ പ്രത്യക്ഷപ്പെടാം എന്ന് ഞാനും ദത്തനും കൂടി തീരുമാനിച്ചു.
------------------------------------------------------------------
ആറുമണിയോടെ ഞങ്ങൾ ആലുവയിൽ എത്തി. ട്രെയിനുകൾ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. ചൂളം വിളിച്ചുകൊണ്ട് ബാംഗ്ലൂർക്കുള്ള ട്രെയിനും വന്ന് നിന്നു. ഞാനും,ദത്തനും ട്രെയിനിൽ കയറി സീറ്റ് ഉറപ്പാക്കി.
"അലീന ഇപ്പോൾ വരുമാരിക്കും. നീ ഇറങ്ങി നിൽക്ക്. അവൾ നിന്നേ കണ്ട് ഞെട്ടട്ടെ. "
അത് ശരിയാണെന്നു എനിക്കും തോന്നി.
എന്റെ കണ്ണുകൾ അലീനയെ പരതി. ട്രെയിൻ പോകാൻ സമയം ആകുന്നു. ഇനി അവൾ വരില്ലേ.
പെട്ടന്നാണ് നാല് പേർ എന്റെ ചുറ്റും വന്നു നിന്നത്.
"ഫ്രാങ്ക്‌ളിൻ അല്ലേ ?.
അവരിൽ ഒരാൾ എന്നോട് ചോദിച്ചു.
"അതേ ".
"വാ പോകാം."
എന്റെ രണ്ട് കയ്യിലും പിടിച്ചുകൊണ്ട് അവർ പറഞ്ഞു.
"ആരാ നിങ്ങൾ ?.എന്റെ കയ്യിൽ നിന്ന് വിട്ടേ ആദ്യം. "
അവരിൽ ഒരാൾ ഐഡി കാർഡ് കാണിച്ചുകൊണ്ട് പറഞ്ഞു.
"കേരളാ പോലീസ്. നിങ്ങൾക്ക് എതിരെ ഒരു പരാതിയുണ്ട് നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ. ഒരാൾ ഫോൺ വിളിച്ച് രഹസ്യവിവരം തന്നതാ. മര്യാദക്ക് കൂടെ വന്നില്ലേൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും. "
ട്രെയിൻ പോകാനുള്ള അറിയിപ്പ് മുഴങ്ങി.
ഒരാശ്രയത്തിനെന്നോണം ഞാൻ ട്രെയിനിലേക്ക് നോക്കി. ദത്തന്റെ മുഖത്ത്‌ ഒരു ചെറിയ പുഞ്ചിരി ഞാൻ കണ്ടു. ട്രെയിൻ നീങ്ങി തുടങ്ങി.
അലീന ട്രെയിനിൽ കയറിയോ എന്നുള്ളതായിരുന്നു ദത്തൻ വഞ്ചിച്ചതിലും കൂടുതൽ എന്നിൽ ആശങ്ക ഉളവാക്കിയത്.
പോലീസ് ജീപ്പ് എന്നെയും കൊണ്ട് പുറത്തേക്കു പോകുമ്പോൾ പിന്നിലിരുന്ന് ഞാൻ കണ്ടു അലീന ഒരു ഓട്ടോയിൽ വന്നിറങ്ങുന്നത്.
പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയപോലെ ഞാൻ ഉറക്കെ വിളിച്ചു..
"അലീനാ..."
എന്റെ വിളി കേട്ട് പോലീസ് ജീപ്പ് പെട്ടന്ന് നിർത്തി.
"ആരാടാ അത്.. ?
"അതാണ് സാർ അലീന. ഈ കേസിലെ പരാതിക്കാരി ".
പോലീസ് ജീപ്പ് റിവേഴ്‌സ് ഗിയറിലേക്കിട്ടു.
അലീന ഓടി വരുന്നുണ്ടായിരുന്നു എന്റെ അടുത്തേക്ക്.
By.. ബിൻസ് തോമസ്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo