Slider

ഒരു നോക്കു കാണാൻ

0

Image may contain: 1 person, beard and closeup

ദേ.... നീ ഒന്നു വേഗം ഒരുങ്ങി വന്നെ.... അല്ലെങ്കിൽ നമുക്ക് ടിക്കറ്റ് കിട്ടില്ല ട്ടോ....'
'എനിക്ക് അത്ര ഒരുങ്ങാനൊന്നുമില്ല... ഒരു സെറ്റുമുണ്ട് ഉടുക്കാനാണോ ഇത്ര സമയം...?'
'ആ... പറയുമ്പൊ എപ്പഴും അത്രേ ഉള്ളൂ.. എന്നാലോ ഏതെങ്കിലും ഒരു ദിക്കിലേക്ക് നേരത്തിന് പോകാൻ പറ്റില്ല...'
'നിങ്ങൾ വെറുതെ ഇവിടേം തല്ല് പിടിക്കണ്ട... അതും ഇത്രയും നല്ല ഒരു ദിവസായിട്ട്...'
'ഞാൻ തല്ല് പിടിക്കണതല്ല... വേഗം പോകാൻ വേണ്ടി പറഞ്ഞതാണ്. ..'
'അത് എനിക്ക് മനസ്സിലായി. .. പിന്നെ ഇന്ന് എന്തായാലും ഒന്നു ഒരുങ്ങി തന്നെ പോകണം... നമ്മുടെ മക്കളെ കാണാൻ പോകുന്നതല്ലെ.... എത്ര കൊല്ലായി കണ്ടിട്ട്... അതൊക്കെ അങ്ങട് ആലോചിച്ചിട്ട് എനിക്ക് ഒന്നും വെച്ച ദിക്കിൽ കാണാത്തതുപോലെ... അതാ നേരം വൈകുന്നത്....'
'നീ വെപ്രാളപ്പെടേണ്ട..... വെപ്രാളം കൂട്ടിയാ ഒന്നും കാണില്ല.... അത് അങ്ങനെയാണ്...'
'നിങ്ങൾ യാത്രയായോ...?
'ഞാൻ എപ്പോഴേ റെഡി...'
'ആ... ഞാനും എത്തി... എങ്ങനെ ഉണ്ട്. .. നല്ല ഭംഗിയില്ലേ എന്നെ കാണാൻ....'
'അതുപിന്നെ പറയണോ... കെ. ആർ. വിജയയല്ലേ....'
'അത്രക്കൊന്നും ഇല്ലെങ്കിലും ഞാൻ അത്ര മോശമൊന്നും അല്ല എന്ന് എനിക്കറിയാം...'
'ഞാൻ തമാശ പറഞ്ഞതല്ല... സത്യാടീ...'
'ആണോ.... ശ്ശൊ ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു...'
'ആ.. മതി പോകാം.. വേഗം പോയി ടിക്കറ്റ് എടുക്കണം.... നീ എടുത്താമതി.... പെണ്ണുങ്ങൾക്ക് വേഗം ടിക്കറ്റ് കിട്ടും..'
'ആ സിനിമാ ടാക്കീസിൽ പണ്ട് ടിക്കറ്റ് എടുപ്പിച്ചതുപോലെ ഇവിടേം... അല്ലേ...?'
'വേണങ്കി മതി... ആദ്യം ടിക്കറ്റ് എടുത്ത് സീറ്റ് പിടിച്ചാൽ മുമ്പിൽ തന്നെ സീറ്റ് കിട്ടും... അല്ലെങ്കിൽ പൊറകിലിരുന്ന് ആലുവയിൽ എത്തുമ്പോഴേക്കും നടു ഒടിയും... അത്രേ ഉള്ളൂ....'
'അയ്യോ.... വേണ്ട.... വേണ്ട.... ആകെക്കൂടി കൊല്ലത്തിൽ ഒരിക്കൽ ഒരു യാത്ര ഉള്ളതാണ്. .. അത് മോശമാവണ്ട...'
..........................................................
'ടിക്കറ്റ് കിട്ടി....'
'എവിടെ.... നോക്കട്ടെ... നമ്പർ എത്രയാണ് എന്ന്...'
'ദാ.... നോക്ക്.... എനിക്ക് വായിക്കാനും എഴുതാനും ഒന്നും അറിയില്ലല്ലാ...'
'ങാ.... കൊഴപ്പമില്ല... 15... 16.. നല്ല സീറ്റ് ആയിരിക്കും... വാ ... നോക്കാം...'
'ഹൊ.... എന്താ തെരക്ക്.... ഇത്രയും തെരക്ക് ഉണ്ടാവും എന്ന് ഞാൻ കരുതിയില്ല....'
'പിന്നെ എന്താ കരുതിയത്.... ഓരോ കൊല്ലം കഴിയും തോറും തിരക്ക് കൂടി വരും... അല്ലാതെ കുറയില്ല...'
'കൃഷ്ണേട്ടനേം മാലതീനേം കണ്ടു ഞാൻ... അവരും ഈ വണ്ടിയിൽ തന്നെയുണ്ട്.... പിന്നെ ഗോപാലനും രമണിയും... '
'പാവം... ഗോപാലനും രമണിയും....'
'അതെ... തീരെ പ്രതീക്ഷിക്കാതെയല്ലെ...! ഒക്കെ വിധി...'
'ദേ... നമ്മുടെ സീറ്റ്.... നീ അറ്റത്ത് ഇരുന്നോ... സുഖമില്ലാതെ ഇരിക്കായിരുന്നില്ലേ കൊറച്ചു കൊല്ലായിട്ട്... വഴിയോരക്കാഴ്ചകളൊക്കെ കണ്ടു പോകാം....'
'അതെ... പിന്നെ ഛർദ്ദിക്കുകയും ചെയ്യാലോ..'
'ദേ... അമ്പത് പൈസ കവറൊന്നും ഇവിടെ ഇല്ല കേട്ടോ. .. എന്റെ മേലൊന്നും ചീത്താക്കരുത് പറഞ്ഞേക്കാം...'
'നിങ്ങൾ പേടിക്കേണ്ട. ... ഞാൻ ഒരു പഴയ പേപ്പർ എടുത്തിട്ടുണ്ട്... പേപ്പറിൽ ഇരുന്നാൽ ഛർദ്ദിക്കില്ലാന്ന് രാധ ഇന്നലെ പറഞ്ഞു....'
'ആ... നോക്കാം....'
'വണ്ടി ഇപ്പോൾ പോകും.... ഒരു കുപ്പി വെള്ളം വാങ്ങാൻ മറന്നു....'
'സാരമില്ല ചേച്ചി... ഞങ്ങൾ കൂടുതൽ കരുതിയിട്ടുണ്ട്....'
പുറകിലെ സീറ്റിൽ നിന്ന് ഒരു പരിചയം ഉള്ള ശബ്ദം...
ശ്രീദേവി ടീച്ചറും ശങ്കരൻ മാഷും ഒപ്പം തിരിഞ്ഞു നോക്കി....
'ആ... സരോജിനീം വിശ്വനും.... നിങ്ങൾ ഈ വണ്ടിയിൽ ഉണ്ടായിരുന്നോ....?'
'ആ ... ചേച്ചി.... ടിക്കറ്റ് എടുക്കുന്ന സമയത്ത് ഞാൻ കണ്ടിരുന്നു ചേച്ചിയെ... പക്ഷേ ആ തെരക്കിൽ വിളിക്കാൻ പറ്റീല....'
'അത് സാരമില്ല... എന്തായാലും ഒരു കൂട്ടായല്ലോ...'
'അതെ... ഞാനും അത് തന്നെ വിചാരിച്ചത്.... അവിടെ എത്തിയാൽ വിശ്വേട്ടനല്ലെ ആള്... അങ്ങേരുടെ പഴയ കൂട്ടുകാരെ ആരെയെങ്കിലും കണ്ടാൽ പിന്നെ എന്റെ കാര്യം മറക്കും...'
'ഇവിടെ ഒരാളും അത്ര മോശക്കാരനൊന്നുമല്ല...'
ശ്രീദേവി ടീച്ചർ മാഷിനെ പതുക്കെ ഒന്നു മുട്ടി...
'എനിക്ക് മനസ്സിലായി.. നീ എന്താ ച്ചാ പറഞ്ഞൊ..'
'ഞാൻ ചുമ്മാ പറഞ്ഞതാ മാഷെ...'
'ആ.... വണ്ടി പുറപ്പെടായി... എപ്പോഴാണാവോ തിരിച്ചു പോരുന്നത്....?'
'നാളെ വെളുപ്പിന് ആറുമണിക്ക് മുമ്പ് പോരും എന്നാ പറഞ്ഞത്...'
'ആ... പിള്ളേരൊക്കെ വേഗം വന്നാൽ മതിയായിരുന്നു...'
'മാഷിന് തെരക്കായോ.... കാണാൻ....'
'എന്തേ... നിനക്ക് തെരക്കില്ലേ....?'
'ഇല്ല്യാതെ അല്ല മാഷെ... മാഷിന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ ചോദിച്ചു പോകുന്നതാ....'
'ങാ... ശരിയാ.... ഇതിപ്പോൾ ഏഴാമത്തെ തവണയാണ് നമ്മൾ അവരെ കാണാൻ പോകുന്നത്.... കഴിഞ്ഞ ആറു തവണയും നമ്മൾ വേദനയോടെയാണ് തിരിച്ചു പോന്നത്....'
'ഇത്തവണ അങ്ങനെ ആവില്ല മാഷെ... മക്കൾ വരും... നമ്മൾ അവരെ കണ്ണു നിറയെ കാണും.... അവരുടെ കൈ കൊണ്ടു തരുന്ന ഒരുപിടി ചോറ് നമ്മൾ കഴിക്കും... പിന്നെ നമ്മൾ ഇങ്ങനെ ഇങ്ങോട്ട് വരില്ല... എല്ലാ ആഗ്രഹങ്ങളും അതോടെ പൂർത്തിയാകും....'
'ങാ....'
'മോൻ വരുമ്പോൾ കുട്ടികളെ കൊണ്ടു വരുമോ ആവോ...'
'ചിലപ്പോൾ വരില്ലായിരിക്കാം... തിരക്കല്ലെ...'
'എനിക്ക് അവരെ ഒന്നു കാണാൻ കൊതിയാകുണു മാഷെ...'
'നീ വിഷമിക്കേണ്ട... ചിലപ്പോൾ കാണാൻ പറ്റും....'
'ഹരിക്കുട്ടൻ മുത്തച്ഛന്റെ തനി പകർപ്പാണെന്നാ നിർമ്മല വന്നപ്പോൾ പറഞ്ഞത്... അവര് കണ്ടിട്ടുണ്ടല്ലോ...'
'ങാ... ഞാനും കേട്ടിരുന്നു... കാണണമെന്ന് മോഹം തോന്നുണു....'
'മാഷെ..... മാഷ് കരയുന്നുണ്ടോ....?'
'ഏയ്.... ഇല്ല.... '
'വേണ്ട മാഷെ... എനിക്ക് മനസ്സിലായി...'
'ഞാൻ ഓരോന്നും ആലോചിച്ച്....'
'കഴിഞ്ഞതൊന്നും ഓർത്ത് വിഷമിക്കേണ്ട... അതൊക്കെ നമ്മുടെ വിധി....'
'ശരിയാ.... ഇല്ലെങ്കിൽ ഇത്രയും നേരത്തെ നമ്മൾ ഇവിടെ എത്തുമായിരുന്നോ...?'
'ഒന്നും ഓർക്കണ്ട.... ഇന്ന് നമുക്ക് അവരെ കാണാലോ...'
'ഉം....'
'ആ.... ദേ ആലുവ ആയീന്നാ തോന്നണത്... റോഡുകൾ നിറയെ വണ്ടിയും ജനങ്ങളും നിറഞ്ഞിരിക്കുന്നു....'
'ശരിയാ... ദേ... വണ്ടി നിർത്തി.... ആ ടിക്കറ്റ് സൂക്ഷിച്ചു വെച്ചൊ... തിരിച്ചു വരുമ്പോൾ ബുദ്ധിമുട്ടാവേണ്ട....'
'ഇല്ല.... അത് ഞാൻ സൂക്ഷിച്ചിട്ടുണ്ട്...'
'നീ എന്റെ കൈയിൽ തന്നെ പിടിച്ചു നടന്നോ... പണ്ടത്തെ പോലെ കൂട്ടം തെറ്റി പോകേണ്ട.....'
'ഇല്ല... ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട്...'
..................................................
ആലുവ ശിവരാത്രി...!
പിതൃ തർപ്പണത്തിനായി ഒരിക്കലും നോറ്റ് മരിച്ചു പോയ തങ്ങളുടെ ഉറ്റവർക്കായി ഒരുപിടി ബലിച്ചോറ് നൽകുവാൻ ഓരോ വർഷവും അനേകായിരങ്ങൾ ആ പുണ്യ തീരത്തെത്തുന്നു...
ഒരുപിടി ഓർമ്മകൾ പങ്കുവെച്ച്... അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്തു മരിച്ചുപോയവരിൽ നിന്നും അനുഗ്രഹം നേടി അവർക്ക് മോക്ഷമേകാൻ...
അതുപോലെ കോടിക്കണക്കിന് ആത്മാക്കളും അന്ന് അവിടെ എത്തിച്ചേരുന്നു...
തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുവാൻ പരലോകത്തുനിന്നും വർഷത്തിലൊരിക്കൽ ആത്മാക്കളും അവിടെ എത്തുന്നു എന്നാണ് വിശ്വാസം....
നമുക്ക് ശ്രീദേവി ടീച്ചറുടേയും മാഷിന്റെയും കൂടെ പോകാം....
'മാഷിന് ഓർമ്മയില്ലേ... നമ്മൾ പണ്ട് ആലുവയിൽ ശിവരാത്രിക്ക് വരണത്..?'
'പിന്നെ ഇല്ലാതെ...'
'അന്നൊക്കെ എത്ര കഷ്ടപ്പെട്ടാണ് നമ്മൾ അവിടെ എത്താറുള്ളത്... കുറെ ബസിലും പിന്നെ നടന്നും തിക്കി തിരക്കി... ഹൊ...'
'ഇപ്പോൾ അങ്ങനെ ഒന്നും അല്ല... എല്ലാ വീട്ടിലും കാറൊക്കയായില്ലേ....'
'ങാ...'
'നമുക്ക് ആ ശിവക്ഷേത്രത്തിനടുത്ത് പുഴയുടെ തീരത്തിനടുത്തായി കാത്തിരിക്കാം... എന്താ....?'
'ആ ... അതു മതി...'
'പുറത്ത് വഴിയിൽ എത്ര തിരക്കായാലും മക്കൾ വന്ന് ബലിയിടുന്നത് പുഴയുടെ തീരത്തല്ലെ... അപ്പോൾ എന്തായാലും വേഗം കാണാം...'
'ശരി മാഷെ....'
അവർ രണ്ടു പേരും അന്തരീക്ഷത്തിലൂടെ അവിടേക്ക് നീങ്ങി...
'ഇവിടെ ഇരുന്നു നോക്കുമ്പോൾ എന്താ ഭംഗി അല്ലെ മാഷെ....?'
'അതെ... നോക്കൂ.... നല്ല തിരക്കിലാണ് എല്ലാവരും...'
'ആ.... സമയം എത്രയായിക്കാണും മാഷെ...?'
'നീ തിരക്ക് പിടിക്കാതെ... 12 മണി കഴിയാതെ നമുക്കുള്ള ചോറ് വിളമ്പില്ല...'
'ആ... ശരിയാ... എന്നാലും ഒരു കൊതി...'
'ചേച്ചി.... ദേ ഞങ്ങൾ താഴേക്ക് പോകാൻ പോകുവാട്ടോ....'
'എന്തെ ഇത്ര നേരത്തെ...?'
'അതല്ല... ദാ.. നൊക്കിയേ.... സജീവനും ദിനേശനും വരുന്നത് കണ്ടില്ലെ. .. അവര് സമയം ഒന്നും നോക്കി കാത്തിരിക്കില്ല ചേച്ചി... ഇതൊക്കെ ഒരു വഴിപാടല്ലെ എന്ന മട്ടിലാണ്... അവർക്ക് അറിയില്ലല്ലൊ ഈ ഒരുപിടിച്ചോറിനായി ഓരോ വർഷവും നമ്മൾ കാത്തിരിക്കുന്ന കാര്യം. ..!
'ശരിയാ....'
'ഞങ്ങൾ പോയി നോക്കട്ടെ... 12 മണിയാവാതെ അതിന് മുമ്പേ അവര് ബലിയിട്ടാൽ ആ ചോറ് ഞങ്ങൾക്ക് കഴിക്കാൻ കിട്ടില്ല... എന്നാലും പോയി നോക്കാം....'
'ശരി... പോയി വാ... '
..................................................
'മാഷെ...'
'എന്തേ... നീ ഉറങ്ങീന്നാ ഞാൻ കരുതിയത്... അതാ വിളിക്കാതിരുന്നത്...'
'സമയം എത്രയായി....?'
'കുറെ ആയി... വെളുപ്പിന് നാലരകഴിഞ്ഞു...'
'നമ്മുടെ മക്കളെ കണ്ടില്ലല്ലോ മാഷെ...'
'ഇനിയും ഇല്ലെ ഒന്നര മണിക്കൂർ... നമുക്ക് നോക്കാം.... അവര് വരും...'
'നമ്മുടെ കൂടെ വന്നവരൊക്കെ എന്തേ മാഷെ...?'
'അവരൊക്കെ തിരിച്ചു വണ്ടിയിൽ കയറാൻ പോയി.... നമ്മളെ വിളിച്ചതാ... ഞാൻ പറഞ്ഞു കുറച്ചു കഴിഞ്ഞ് വരാന്ന്.... ഇവിടെ എല്ലാം ഒന്നു കറങ്ങി കണ്ടിട്ടു വണ്ടി പുറപ്പെടുന്ന സമയത്ത് എത്താമെന്ന് പറഞ്ഞു... മക്കൾ വരാൻ വൈകിയത് പറഞ്ഞില്ല... നാണക്കേടല്ലെ...'
'അവര് വരില്ലെ മാഷെ...?'
'വരും.. നമ്മൾ അവരെ അത്രയ്ക്ക് സ്നേഹിച്ചതല്ലെ.... ഒരു ജീവിതകാലം മുഴുവനും അവർക്കു വേണ്ടി കഷ്ടപ്പെട്ട് നല്ലൊരു ജീവിതം അവർക്ക് നേടിക്കൊടുത്തതല്ലെ... അവര് വരാതിരിക്കില്ല...'
'എനിക്ക് വല്ലാത്ത ദാഹം മാഷെ...'
'കുറച്ചു കൂടെ ക്ഷമിക്ക്... അവര് നിന്റെ ദാഹം തീർത്തുതരും....'
.................................................
'എനിക്ക് തീരെ വയ്യ മാഷെ....'
'സാരമില്ല.... നീ പതുക്കെ എണീറ്റ് വാ... വണ്ടി പോകാറായി തുടങ്ങി...'
'എന്നാലും അവരെന്തെ മാഷെ വരാതിരുന്നത്.... അത്രയ്ക്ക് വേണ്ടാതായോ നമ്മളെ...?'
'സാരമില്ല.... അവര് കുട്ടികളല്ലെ... അവർക്ക് സമയം കിട്ടി കാണില്ല...'
'മാഷെ.... ഒന്നു ഇങ്ങോട്ട് നോക്കിയെ..'
'വേണ്ട... നീ നടക്കൂ....'
'മാഷിന് വിഷമമില്ലെ...'
'എന്തിനാ വിഷമം....'
'എന്റെ മോനെ ഒന്നു കണ്ടില്ലല്ലോ....'
'ഇനിയും വരും ശിവരാത്രി... നമുക്ക് വീണ്ടും വരാം.... പതിവുപോലെ... അന്നും...'
.........
.............
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo