Slider

..അണയാത്ത തീ നാളങ്ങൾ..

0
..അണയാത്ത തീ നാളങ്ങൾ..
ഇരുട്ടു വീണു തുടങ്ങിയ ആ ഇടവഴിയിലൂടെ ഒരു ടോർച്ചിന്റെ വെളിച്ചം റോഡിലേയ്ക്കു അടുത്തടുത്തു വന്നു. ആദ്യം മുഖം ഒട്ടും വ്യക്തമായിരുന്നില്ല. എതിരേ പോയ ഏതോ വണ്ടിയുടെ ഹെഡ് ലൈറ്റിൽ ആ മുഖം തെളിഞ്ഞു കണ്ടു.
കുമാരൻ മാഷ്..
ബസ് സ്റ്റോപ്പിൽ ആരുമുണ്ടായിരുന്നില്ല. ആശുപത്രി കെട്ടിടത്തിന്റെ മതിലിനു പുറത്തു പച്ചക്കറികൾ വിൽക്കുന്ന തെരുവു കടയുടെ മുന്നിൽ കുറച്ചാളുകൾ എന്തോ പറഞ്ഞു ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
കൈയ്യിലെ വലിയ കാലൻ കുട തറയിലൂന്നി കുമാരൻ മാഷ് ബസ് സ്റ്റോപ്പിൽ നിന്നു. മെയിൻ റോഡിലെ തെരുവുവിളക്കുകളുടെ വെളിച്ചത്തിൽ
ഇപ്പോൾ മാഷിന്റെ മുഖം കൂടുതൽ വ്യക്തമായി കാണാം. കറുത്ത കട്ടി ഫ്രെയിമിലെ കണ്ണട. പകുതി നരച്ച തലയും താടിയും. മുഷിഞ്ഞ കുപ്പായം.
നഗരചത്വരങ്ങളിൽ സ്ഥാപിച്ച ഏതോ ഒരു പ്രതിമ പോലെ മാഷങ്ങനെ കുടയുമായി അനങ്ങാതെ മിണ്ടാതെ നിന്നു..
ഇരുട്ടു വീണു കഴിഞ്ഞിട്ടും എന്തിനാണ് മാഷ് അനങ്ങാതെ അവിടെ നിൽക്കുന്നത്? ആ ചോദ്യം കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി.
എഴുതി വച്ച പേപ്പറിൽ തെളിഞ്ഞു നിന്ന കുമാരൻ മാഷിനെ ഞാൻ വലതു കൈ കൊണ്ടു പൊത്തിപ്പിടിച്ചു.
പുഞ്ചിരിയോടെ ഭാര്യ പുറകിൽ. വാ വന്നു ഊണു കഴിക്കൂ..
സാധാരണ എഴുതി കഴിഞ്ഞ കഥ കളാണവൾക്കു വായിക്കാൻ കൊടുക്കുന്നത്. പുറകിൽ വന്നു ഒളിഞ്ഞു നിന്നു കുമാരൻ മാഷിനെ അവൾ ഞാനറിയാതെ വായിക്കുകയായിരുന്നു.. നെടു നിശ്വാസങ്ങൾ ഉതിർക്കുന്ന നെഞ്ചുമായി കുമാരൻ മാഷ് വെളുത്ത കടലാസ്സിലെ ചുളിവു വീണ വാക്കായി ആരെയോ കാത്തു നിന്നു.അകലെ ചുറ്റമ്പലത്തിലെ കത്തിത്തീരാറായ തിരിനാളങ്ങൾ ചെറുകാറ്റിൽ തലയിളക്കി മാഷിനെ എത്തി നോക്കി സാന്ത്വനിപ്പിക്കവേ ഞാൻ മാഷിനെ കടലാസിൽ ഉപേക്ഷിച്ചു മുറിയ്ക്കു പുറത്തേയ്ക്കു വന്നു.
ഊണുമേശയിലിരുന്നപ്പോൾ ടെലിവിഷനിലേക്കു കണ്ണയച്ചു. കൊലപാതകങ്ങളും ,പീഡനങ്ങളും ,പ്രകൃതിനാശങ്ങളും ,രാഷ്ട്രീയ തന്ത്രങ്ങളും ,കുറ്റപ്പെടുത്തലുകളും ഇടകലർത്തിയ ശബ്ദങ്ങൾ ഉറക്കെ കേട്ടു. ക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ ഘാതകനു വധശിക്ഷ എന്ന വാർത്ത വന്നപ്പോൾ പേടിയോടെ ടെലിവിഷൻ ഓഫ് ചെയ്തു.
മനക്കണ്ണിൽ ഞാൻ കാണുന്നു.
അകലേക്കു കണ്ണു നട്ടു അനങ്ങാതിരുന്ന കുമാരൻ മാഷ് അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും റോഡിലൂടെ നടക്കുന്നു. ഒരവസരത്തിൽ നിരാശനായി, തളർന്നു സ്വന്തം കാലൻ കുട ശക്തിയായി നിലത്തു കുത്തി ഒരു തേങ്ങലു പോലെ അദ്ദേഹം പറയുന്നു.
രാധേ... മുത്തിനെ ഫോണിൽ കിട്ടുന്നില്ല കേട്ടോ..
രാധ കുമാരൻ മാഷിന്റെ ഭാര്യയാണ്. മുത്ത് അദ്ദേഹത്തിന്റെ മകളെ വീട്ടിൽ വിളിക്കുന്ന ഓമനപേരാണ്.
എന്തുകൊണ്ടാവും മുത്തിനെ ഫോണിൽ കിട്ടാത്തത്?
എന്തായിരിയ്ക്കും മാഷിന്റെ ഭാര്യയും മുത്തിന്റെ അമ്മയുമായ രാധ പറഞ്ഞത്?
കഥയുടെ കതിരു തേടി ഞാൻ പുറത്തേയ്ക്കു നടന്നു. ഇരുട്ടിലേക്കു കണ്ണുകളയച്ചു മകളെ കാത്തു നിൽക്കുന്ന ഒരച്ഛന്റെ ഭീതി നിറഞ്ഞ കണ്ണുകൾ. വിറയ്ക്കുന്ന ചുണ്ടുകൾ..
പഴയ ഇടശ്ശേരിക്കവിത ഓർത്തു.
"ആറ്റിന്‍ കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ കളിക്കും പരല്‍ മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടി മറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീർപ്പുയർന്നു പോയീ "
ഇവിടെ ഇതാ ഒരച്ഛന്റെ മനസിലെ ആധിയുടെ കഥ വിരിയുന്നു.
കിഴക്കേ മാനത്തു തെളിഞ്ഞു നിന്ന നക്ഷത്രങ്ങൾ പഴയ ആ കഥ വീണ്ടും പറയുന്നു .
ഓടിയെത്തിയ ബസ്സിൽ നിന്നും മുത്തിറങ്ങി.ബസ്സ് സ്റ്റോപ്പിലെ വിറയാർന്ന ശരീരത്തെ നോക്കി അവൾ പയ്യെ വിളിച്ചു
അച്ഛാ...
ഒരു നിമിഷം മാഷ് വാക്കുകൾ മരവിച്ചു നിന്നു. പിന്നെ ഉച്ചത്തിൽ ചോദ്യമുയർന്നു.
" എന്തേ മുത്തേ നീ താമസിച്ചത്? എന്തേ നിന്നെ ഫോണിൽ കിട്ടാഞ്ഞേ ?"
ഓഫായി പോയതാ അച്ഛാ..
എന്നെ നീ തകർത്തു കളഞ്ഞല്ലോ മുത്തേ? പല പ്രാവശ്യം ഞാൻ....
ഇടവഴിയിലൂടെ നടക്കുമ്പോൾ മാഷ് എന്താക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ആദ്യമൊന്നും മകൾ ഒന്നും പറഞ്ഞില്ല. ഇരുട്ടു വീണ ഇടവഴികളിലൂടെ ടോർച്ചിന്റെ വെളിച്ചത്തിൽ കാലൻ കുടയൂന്നി നടന്ന മാഷിനു പിന്നാലെ അവൾ തല കുനിച്ചു നടന്നു. ദേഷ്യവും സങ്കടവും അതിരുകടന്നപ്പോൾ തെല്ലു റക്കെ അവൾ അവളുടെ അച്ഛനോടായി പറഞ്ഞു.
ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല.. എന്നെ നോക്കാൻ..
പകുതി വിഴുങ്ങിയ വാക്കുകൾ കേട്ടു കുമാരൻ മാഷ് ഒന്നു നിന്നു.
വെളുത്ത കടലാസ്സിൽ അക്ഷരങ്ങൾ ഇടയ്ക്കു വിട്ടു പോയ വാക്കുകളുടെ മൗനം തേടി ചരിഞ്ഞും , മറിഞ്ഞും കണ്ണു തുറന്നു കിടന്നു .പിന്നീടെപ്പോഴോ ഇന്നലെകളുടെ ഓർമ്മകളിൽ ഒരു നദിയായി ഒഴുകി .
ഉമ്മറത്തെ ചാരുകസേരയിൽ കുമാരൻ മാഷ് ഇന്നലെകൾ ഓർത്തു കിടന്നു. താരാട്ടിന്റെ മാധുര്യം ഒഴുകി വന്ന രാവുകൾ. കൊച്ചു പാവടയുമുടുത്തു അവൾ പിച്ചവച്ച ബാല്യത്തിന്റെ കാൽപാടുകൾ.
മോൾക്ക് ,എന്റെ മുത്തിന് ആരായാ ഏറ്റവും ഇഷ്ടം.?
കുഞ്ഞു വിരൽ നെഞ്ചിൽ കുത്തി അവൾ കൊഞ്ചി.. " അച്ഛനെ."
അച്ഛനെ മോൾക്ക് എത്ര മാത്രം ഇഷ്ടം?
വാതിൽക്കലെ വലിയ തെങ്ങിന്റെ ഉയരത്തിലേക്കു കൈ ചൂണ്ടി അവൾ ചിരിച്ചു. അത്രേം.. അത്രേം ഇഷ്ടം.
ചാരുകസേരയുടെ പുറകിൽ തൂക്കിയിട്ട മാഷിന്റെ പഴയ കാലൻ കുട കാലത്തിന്റെ പ്രതീകം പോലെ തൂങ്ങി നിന്നു. വാതിൽക്കലെ വലിയ തെങ്ങിന്റെ തെങ്ങോലകൾക്കിടയിലൂടെ രണ്ടു നക്ഷത്രങ്ങൾ താഴേയ്ക്കു എത്തി നോക്കി .
എന്തോ ഓർത്തിട്ടവണ്ണം കുമാരൻ മാഷ് അകത്തെ മുറിയിലേക്കു നടന്നു.പിന്നെ ഉറക്കെ വിളിച്ചു.
മുത്തേ...
പരിഭവത്തിന്റെ മുഖവുമായി മകളെത്തി. അവൾ അച്ഛന്റെ മുഖത്തു നോക്കാതെ നിന്നു.'
മാഷ് അവളുടെ തോളിൽ പിടിച്ചു. ആ ശബ്ദം ഇടറിയിരുന്നു..
മുത്തേ ഉള്ളിൽ തീയായിരുന്നു.. അതാ അച്ഛൻ...
പൊട്ടി പോയ ഒരു നീർകുമിള തടയാതെ അവൾ അച്ഛനെ ചേർത്തു പിടിച്ചു.
അപ്പോൾ..
വെളുത്ത കടലാസ്സിൽ, കറുത്ത കട്ടി ഫ്രെമുള്ള കണ്ണടയിലൂടെ , ഒരു ദീർഘനിശ്വാസമുതിർത്തു കുമാരൻ മാഷ് എന്നെ നോക്കി വിതുമ്പിക്കരയുകയായിരുന്നു..
..പ്രേം മധുസൂദനൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo