ഏകദേശം നാലരയോടു കൂടിയാണ് വീട്ടിൽ നിന്നുള്ള ഒരു ഫോൺ കോൾ മേഘയ്ക്കു വന്നത്. 'മേഘയുടെ രണ്ടാമത്തെ മകൻ അഞ്ചു വയസ്സുകാരൻ 'കുഞ്ഞൂസ് ' സൈക്കിളിൽ നിന്നു വീണു , ഭയങ്കര കരച്ചിലാണ്. അതു കേട്ടപ്പോൾ മേഘയ്ക്ക് വല്ലാത്ത ആധി കേറി.
ഞാൻ ഉടനെ വരാം.. എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്ത്, അവളുടെ ഭർത്താവിനെ വിളിക്കാൻ നമ്പർ എടുത്തപ്പോഴേക്കും, രാഹുലിന്റെ കോൾ വന്നു കഴിഞ്ഞു.
ഹലോ ചേട്ടാ... കുഞ്ഞൂസ് സൈക്കിളിൽ നിന്നും വീണു എന്നു പറഞ്ഞു അമ്മ വിളിച്ചിരുന്നു. ഞാൻ ചേട്ടനെ വിളിക്കാൻ നോക്കുവായിരുന്നു. മേഘ പറഞ്ഞു.
ങ്ഹാ...എന്നേയും അമ്മ വിളിച്ചു പറഞ്ഞിരുന്നു. നീ എത്രയും വേഗം ഓഫീസിന്റെ മുന്നിലുള്ള ഗേററിൽ വന്നു നില്ക്ക്. ഞാൻ കാറും കൊണ്ട് അപ്പോഴേക്കും എത്താം , എന്നു അവളോട് പറഞ്ഞു രാഹുൽ കോൾ കട്ടു ചെയ്തു.
മേഘ , അവളുടെ മാനേജരോട് വിവരം പറഞ്ഞു. മാനേജർ അവൾക്ക് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാനുള്ള അനുവാദം നല്കി.
താങ്ക് യു സാർ.... എന്നു പറഞ്ഞ് അവൾ വേഗം ഹാൻഡ് ബാഗും, ടിഫിൻ കാരിയറും പിടിച്ച് , ഓഫീസ് ഗേറ്റിന്റെ മുന്നിൽ രാഹുലിനേയും കാത്തു നിന്നു.
മൂന്നാലു മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും രാഹുൽ വന്നു. അവരൊരുമിച്ച് വേഗം വീട്ടിലെത്തി .
മൂന്നാലു മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും രാഹുൽ വന്നു. അവരൊരുമിച്ച് വേഗം വീട്ടിലെത്തി .
വീട്ടിലെത്തിയപ്പോൾ, കുഞ്ഞൂസ് കാർട്ടൂൺ ചാനൽ കണ്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ് അവർ കണ്ടത്.
അഛനമ്മമാരെ കണ്ട കുഞ്ഞൂസ്, 'എന്റെ കൈ വേദനിക്കുന്നേ.. എന്നു പറഞ്ഞു വിമ്മിക്കരയാൻ തുടങ്ങി. മേഘയും, രാഹുലും നോക്കിയപ്പോൾ വലതു കൈ മുട്ടിന് നീര് വച്ചിരിക്കുന്നു. പിന്നെ താമസിച്ചില്ല. മോനേയും കൂട്ടി അവർ ഹോസ്പിറ്റലിലേക്ക് പെട്ടെന്നു തന്നെ യാത്രയായി.
ഹോസ്പിറ്റലിലെ, അത്യാഹിത വിഭാഗത്തിൽ എത്തിയ അവർ അവിടെയുള്ള ഡോക്ടർമാരുടെ അടുത്ത് മോന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തി.
എക്സറേ എടുത്തപ്പോൾ കുഞ്ഞൂസിന്റെ വലതു കൈ മുട്ടിന് പൊട്ടൽ ഉണ്ടെന്നത് കണ്ടു പിടിച്ചു. ഡോക്ടർ അവരോട് പറഞ്ഞു, " കുട്ടിയുടെ കൈമുട്ടിന് പൊട്ടൽ ഉണ്ട്. അഞ്ചു വയസ്സുള്ള കുട്ടിയല്ലേ .. കൈയുടെ എല്ല് വളർന്നു വരുന്ന ഭാഗത്താണ് പൊട്ടൽ ഉള്ളത്. ഉടനെ സർജറി ചെയ്യണം. കമ്പി ഇടേണ്ടി വരും. ഇട്ടില്ലെങ്കിൽ ഭാവിയിൽ വളരുന്നതനുസരിച്ച് കൈ വളഞ്ഞു പോകും " .
ഹൃദയം തകരുന്നതുപോലെയായിരുന്നു, ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ രാഹുലിനും, മേഘയ്ക്കും തോന്നിയത്. സർജറിയ്ക്കായി പേപ്പറുകളെല്ലാം ഒപ്പിടുമ്പോൾ രാഹുലിന്റേയും , മേഘയുടേയും കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
പിന്നീട് കുഞ്ഞൂസിനെ സ്ട്രെക്ചറിൽ കിടത്തി ഓപ്പറേഷൻ തിയറ്റർ വരെ അവർ അനുഗമിച്ചു. ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിക്കാൻ മൂന്നു കവാടങ്ങൾ ഉണ്ടായിരുന്നു. സ്ട്രെക്ചറിൽ കിടന്നു വേദനിച്ചും, അതിലേറെ പേടിച്ചും കരയുന്ന കുഞ്ഞൂസിനെ കണ്ടിട്ട് , വെള്ളക്കുപ്പാഴമിട്ട മാലാഖമാർ , തിയറ്ററിന്റെ മുന്നിൽ വരെ വരാൻ മേഘയെ അനുവദിച്ചു.
അകത്തേക്ക് കടന്ന മേഘയോട് , മോനെ ഉറക്കിയിട്ട് അവരെ അറിയിക്കാൻ നിർദ്ദേശിച്ചു.
മേഘയുടെ ഹൃദയം നുറുങ്ങിയിരിക്കുക യായിരുന്നു.
അമ്മേ... അമ്മേ.. എന്നു വിളിച്ചു കരയുന്ന മോനെ കെട്ടിപ്പിടിച്ച് , എന്റെ കുഞ്ഞാവ യല്ലേ... കരയല്ലേ .. മരുന്ന് പുരട്ടുവാനല്ലേ.. എന്നു പറഞ്ഞു കുഞ്ഞൂസിനെ ആശ്വസിപ്പിക്കുമ്പോഴും, അവന്റെ നെറുകയിൽ ഉമ്മ വെച്ച് തലോടി , അവനെ ഉറക്കി കിടത്തിയപ്പോഴും, ഉറങ്ങിക്കിടക്കുന്ന മോനേയും കൂട്ടി ആ മാലാഖമാർ തിയ്യറ്ററിനുള്ളിലേക്ക് കൊണ്ടുപോവുന്നതും, ആ വാതിൽ അടയുന്നതും കണ്ട്, കുഞ്ഞൂസിനേക്കാൾ ഉച്ചത്തിൽ കരയുകയായിരുന്നു മേഘയുടെ അമ്മ മനം.
തിയ്യറ്ററിനു വെളിയിൽ ഇരിക്കുമ്പോൾ , അവൾ സകല ദൈവങ്ങളേയും വിളിച്ചു മനമുരുകി , കണ്ണീരോടെ പ്രാർത്ഥിക്കുക യായിരുന്നു.
രാഹുലിന്റേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവൻ തിയ്യറ്ററിന്റെ മുന്നിൽ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുകയായിരുന്നു. അതിനിടയിൽ മേഘയെ ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മേഘ പറഞ്ഞു, 'എനിക്കു വേണ്ട , വിശപ്പില്ല".രാഹുലിനും കഴിക്കാനും തോന്നിയില്ല
എത്ര നേരം കടന്നു പോയി എന്നറിയില്ല. ഏകദേശം അർദ്ധരാത്രിയോടു കൂടി സർജറി പൂർത്തിയാക്കി, കുഞ്ഞൂസിനെ കാണുവാനുള്ള അനുവാദം അവർക്ക് കിട്ടി. ആ കവാടങ്ങൾ കടന്ന് അവർ തിയറ്ററിന്റെ മെയിൻ കവാടത്തിന്റെ മുന്നിൽ നിന്നു. അൽപ്പ സമയം കഴിഞ്ഞ്, മെയിൻ വാതിൽ തുറന്ന് കുഞ്ഞൂസി നേയും വഹിച്ചുകൊണ്ടുള്ള സ്ട്രെക്ചർ വന്നപ്പോൾ, ഉറങ്ങിക്കൊണ്ടു അകത്തേക്കു പോയ കുഞ്ഞൂസ് തിരിച്ചു വന്നപ്പോൾ സ്ട്രെക്ചറിൽ നിന്നും തലയുയർത്തി ,പ്ലാസ്റ്ററിട്ട കൈ കാണിച്ച്, അമ്മേ.... എന്നു വിളിക്കുന്നതാണ് കണ്ടത്.
പിന്നീട് ആശുപത്രി മുറിയിലേക്ക് അവനെ കൊണ്ടുവന്നപ്പോൾ മേഘയേയും, രാഹുലിനേയും നോക്കി കുഞ്ഞൂസ് പുഞ്ചിരിച്ചു. ആ കുഞ്ഞു പുഞ്ചിരി കണ്ടോടുകൂടി, രാഹുലിനും, മേഘയ്ക്കും അതുവരെയുണ്ടായിരുന്ന പിരിമുറുക്കങ്ങൾക്ക് അയവു വന്നതു പോലെ അനുഭവപ്പെട്ടു.
NB:- അമ്മമാർ അങ്ങനെയാ അല്ലേ... കുഞ്ഞുങ്ങൾക്ക് പനി വന്നാൽ എന്താ അമ്മമാരുടെ ആധി. കുഞ്ഞിന് , സർജറി പോട്ടെ, ഇൻജക്ഷൻ എടുത്താൽ കുഞ്ഞ് കരയുന്നതിനേക്കാൾ കൂടുതൽ അമ്മമാരായിരിക്കും കരയുക. അമ്മയ്ക്ക് തുല്യം അമ്മ മാത്രം.
സുമി ആൽഫസ്
*****************
*****************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക