Slider

എന്റെ ഏട്ടൻ

0
Image may contain: 1 person, smiling

"ഇന്ന് ബാലവാടിയിൽ നിന്ന് വരുന്ന വഴി എന്തായിരുന്നെടാ?"
എന്ന അച്ഛന്റെ ചോദ്യവും പടക്കം പൊട്ടുന്ന പോലുള്ള അടി ട്രൗസറിട്ട തുട പഴുപ്പിക്കുമ്പോഴും ഏട്ടൻ മിണ്ടിയില്ല. ഏട്ടന്റെ കണ്ണുകൾ നിറഞ്ഞില്ല. നിറഞ്ഞത്‌ എന്റെ കുഞ്ഞി കണ്ണുകളായിരുന്നു.
"നിന്റെ അനിയത്തിയെ തരൂലെടാ ഞാൻ കൊണ്ടു പോകുവാന്ന്"
പറഞ്ഞതിനാ ആ ചേട്ടന്റെ കണ്ണിൽ ഏട്ടൻ മണൽ വാരിയിട്ടതെന്ന് എനിക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ..
ട്യൂഷൻ വിട്ട്‌ വരുന്ന വഴി പരാതിയുമായി വന്നവരുടെ മുന്നിൽ വച്ച്‌ പിടിച്ച്‌ കെട്ടി
കണ്ണിൽ മുളകെഴുതുമ്പോഴും ഏട്ടൻ കരയുന്നുണ്ടായിരുന്നില്ല.
സ്കൂൾ വിട്ട്‌ വരുമ്പോ
"നിന്റെ അനിയത്തിയെ തോട്ടിലൂടെ ഒലിച്ച്‌ പോകുമ്പോ നിന്റമ്മക്ക്‌ കിട്ടിയതാ, അല്ലാതെ കറുത്ത നിനക്കെവിടുന്നാ ഇത്രയും വെളുത്ത അനിയത്തിയെ കിട്ടണ്ടെ"
എന്ന് കളിയാക്കിയതിനാ ഏട്ടൻ ആ പശുവിനു പുല്ലരിയുന്ന ചേച്ചിയുടെ നെറ്റി എറിഞ്ഞ്‌ പൊട്ടിച്ചേന്നും എനിക്ക്‌ മാത്രമേ അറിയാരുന്നുള്ളൂ.
ബസ്സിലെ കിളിയെ തല്ലി എന്ന് പറഞ്ഞ്‌ യൂണിയൻകാർ വീട്ടിൽ വന്ന് ബഹളം വച്ചപ്പോ അവരുടെ മുന്നിലിട്ട്‌ പട്ടിയെ തല്ലുന്നത്‌ പോലെ തല്ലുമ്പോഴും ഏട്ടൻ കരഞ്ഞിരുന്നില്ല.
ബസ്സിൽ കയറുമ്പോ എന്നോട്‌ മോശമായി പെരുമാറിയത്‌ കൊണ്ടാ ഏട്ടൻ ആ കിളിയെ തല്ലിയതെന്ന് എനിക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ.
വിവാഹ ബ്രോക്കറെ കോളറിൽ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചെന്ന് അറിഞ്ഞ്‌
"അടക്കയായാൽ മടിയിൽ വെക്കാം അടക്കാ മരമായെലെന്ത്‌ ചെയ്യുമെന്ന"
അച്ഛന്റെ പ്രാക്കിലും ഏട്ടന്റെ കണ്ണു നിറഞ്ഞിരുന്നില്ല.
"പെണ്ണിനെ ചെക്കനു ഇഷ്ടായി,പക്ഷെ ഈ ചെറ്റക്കുടിലിൽ നിന്ന് പെണ്ണു കെട്ടാൻ ആരും വരും"
എന്ന് എന്റെ മുഖത്ത്‌ നോക്കി അയാൾ ചോദിച്ചതിനാ ഏട്ടൻ ആ ബ്രോക്കറെ അങ്ങനെ ചെയ്തേന്ന് എനിക്ക്‌ മാത്രമേ അറിയുമായിരുന്നുള്ളൂ..
"കൂലിപണിക്കാരനായൊരുത്തന്റെ കൂടെ അനിയത്തിയെ അയക്കുന്ന ലോകത്തിലെ ഏറ്റവും സ്നേഹനിധിയായ ഒരു വല്ല്യേട്ടൻ"
എന്ന് പറഞ്ഞ്‌ അച്ഛൻ മുറ്റത്തേക്കാഞ്ഞ്‌ തുപ്പി കളിയാക്കിയപ്പോളും ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നില്ല..
"ഏട്ടാ കൂലിപണിയായാലും എന്നെ പൊന്നു പോലെ നോക്കുമെന്നെനിക്കുറപ്പുണ്ട്‌.ഏട്ടൻ മറുത്തൊന്നും പറയരുതെന്ന് ഞാൻ കാലു പിടിച്ച്‌ കരഞ്ഞു പറഞ്ഞിട്ടാ"
ഏട്ടൻ ഈ കളിയാക്കലും കേൾക്കേണ്ടി വന്നതെന്നും എനിക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ..
കിട്ടുന്നിടങ്ങളിൽ നിന്നൊക്കെ കടം വാങ്ങി എന്നെ മാന്യമായൊരു കൊച്ചു വീട്ടിൽ നിന്ന് പടിയിറക്കി വിടുമ്പൊളാ ആ ഏട്ടന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞത്‌ ഞാൻ കണ്ടത്‌..
"ആരുടെ കൂടെയായാലും എന്റെ അനിയത്തിയെ രാജകുമാരിയെ പോലെ ഏട്ടൻ പറഞ്ഞയക്കും"
എന്ന് ഏട്ടൻ പറഞ്ഞതും എനിക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ..
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo