Slider

പെയ്തൊഴിയാതെ

0
പെയ്തൊഴിയാതെ
******************
അമ്മൂ... എഴുന്നേല്ക്ക് അമ്മൂ... നമുക്ക് പള്ളിയിൽ പോകണ്ടേ..... മാർട്ടിൻ അമ്മുവിനെ വിളിച്ചു.
അമ്മു, പക്ഷേ എഴുന്നേറ്റില്ല... അതു കണ്ട മാർട്ടിൻ മനസ്സിൽ വിചാരിച്ചു, പാവം.. നല്ല ക്ഷീണമാണെന്നു തോന്നുന്നു. എന്നാൽ കുറച്ചു നേരം കൂടി അവൾ ഉറങ്ങട്ടെ. രാത്രി ഒരു പാട്‌ വൈകിയല്ലേ കിടന്നത്. പള്ളിയിൽ പോകാൻ ഇനിയും സമയമുണ്ടല്ലോ .. അപ്പോഴേക്കും എനിക്കു തന്നെ പ്രാതലിന് കഴിക്കാൻ ഉണ്ടാക്കാവുന്നതേയുള്ളൂ.
8 മാസക്കാരി ദിയമോൾ അപ്പോഴേക്കും എണീറ്റിട്ടുണ്ടായിരുന്നു. അവൾ അമ്മുവിന്റെ കുപ്പായത്തേൽ പിടിച്ചു വലിക്കാൻ തുടങ്ങി. അവളുടെ ആവശ്യം അമ്മിഞ്ഞ കുടിക്കണം.
അതു കണ്ട മാർട്ടിൻ അവളെ വാരിയെടുത്ത്, നെറുകയിൽ ഉമ്മവെച്ചിട്ട് പറഞ്ഞു, എന്റെ വാവേ... അമ്മ ഉറങ്ങട്ടെട്ടോ.... നീ രാത്രിയിൽ അമ്മയെ ഉറക്കീല്ലല്ലോ ... അല്ലെങ്കിൽത്തന്നെ നിന്റെ അമ്മ വൈകിയാണ് ഉറങ്ങിയതു തന്നെ . അപ്പ 'ഡെക്സോലാക്ക് ' കലക്കീത്തരാം ട്ടോ... വാടീ .. പെണ്ണേ.... എന്നു പറഞ്ഞു കൊണ്ട്, ദിയാമോളേയും കൊണ്ട് മാർട്ടിൻ അടുക്കളയിലേക്ക് പോയി.
അവിടെ , അടുക്കളയിൽ ഫ്ളാസ്ക് വച്ചിരിക്കുന്നത് അയാൾ കണ്ടു. അമ്മു എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് വെള്ളം ചൂടാക്കി ഫ്ളാസ്കിൽ ഒഴിച്ചു വയ്ക്കും. രാത്രിയിൽ ദിയാമോൾ വല്ലാതെ കരഞ്ഞാൽ പെട്ടെന്നു തന്നെ സെറിലാക്സ് കലക്കി കൊടുക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്.
അയാൾ ഫ്ളാസ്കെടുത്തപ്പോൾ , അതിന്റെ ഭാരം കൊണ്ട് നിറയെ ചൂടുവെള്ളം ഉള്ളതായി അയാൾക്കനുഭവപ്പെട്ടു. ഇന്നലെ രാത്രി ഏതായാലും ചൂടുവെള്ളം വേണ്ടി വന്നില്ല എന്നു തോന്നുന്നു.
ദിയാ മോളെ തറയിൽ ഇരുത്തി, അവൾക്ക് കളിക്കാൻ പാത്രവും, സ്പൂണും കൊടുത്തിട്ട്,
അയാൾ ഫ്ളാസ്കെടുത്തു.
ഒരു ഗ്ലാസിൽ അതിലെ ചൂടുവെള്ളം ഒഴിച്ചിട്ട്, ഫ്ളാസ്ക് അടച്ചു വച്ചു. എന്നിട്ട് അയാൾ പാൽപ്പൊടിയെടുത്ത് മെല്ലെയിളക്കി, ചൂടാറ്റി പാൽക്കുപ്പിയിൽ ഒഴിച്ച് , പാത്രത്തേൽ സ്പൂൺ വച്ച് കൊട്ടിക്കളിക്കുന്ന ദിയാമോളെ മടിയിൽ കിടത്തി പാൽക്കുപ്പി അവളുടെ വായിലേക്ക് വച്ചു കൊടുത്തു.
ദിയാ മോൾ പാത്രം കൊട്ടിക്കളിച്ച്, ശബ്ദമുണ്ടാക്കീട്ടു പോലും അമ്മു എഴുന്നേറ്റു വന്നില്ലല്ലോ .. എന്ന് ഒരു വേള അയാളോർത്തു.
ഇന്നലെ അമ്മു പറഞ്ഞ വാക്കുകൾ മാർട്ടിന്റെ മനസ്സിലേക്കോടിയെത്തി.
ചേട്ടാ.. നാളെ പള്ളിപ്പെരുന്നാളല്ലേ .. നമുക്ക് രാവിലെത്തെ കുർബാനയ്ക്ക് പോകാം .. പള്ളിയിൽ നിന്നും അമ്പ് പ്രദക്ഷിണവും കൂടിയിട്ട് വരാം.
അതിനെന്താ അമ്മൂ.. നമുക്ക് അങ്ങനെ ചെയ്യാം.. മാർട്ടിൻ അമ്മുവിനോട് പറഞ്ഞു.
ചേട്ടാ.. ഞാനൊരു കാര്യം പറയട്ടേ, എനിക്ക് നല്ല വിഷമം ഉണ്ട്. നമ്മുടെ രണ്ടു പേരുടേയും അപ്പനമ്മമാർ നമ്മളെ അംഗീകരിക്കാത്തത്. ദിയാ മോൾ ഉണ്ടായി, അതോടു കൂടിയെങ്കിലും പിണക്കമെല്ലാം മറക്കും, നമ്മളെ അംഗീകരിക്കും, ദിയാ മോളെ കൊഞ്ചിക്കും അങ്ങനെ എന്തെല്ലാം പ്രതീക്ഷകളായിരുന്നു. പള്ളിപ്പെരുന്നാൾ എല്ലാവർക്കും ഒരുമിച്ചു കൂടാം എന്നു നമ്മൾ രണ്ടു വീട്ടുകാരോടും കെഞ്ചിപ്പറഞ്ഞിട്ടു പോലും , നമ്മുടെ വീട്ടുകാർ ,നമുക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാൻ നില്ക്കാതെ , പെട്ടെന്ന് തന്നെ ഫോൺ കട്ടാക്കീല്ലേ ..? ഇനി അവർ വരുമായിരിക്കില്ല.. അല്ലേ ചേട്ടാ..
സാരമില്ല ടീ... ഒരു നാൾ അവർ വരും. നീ വിഷമിക്കാതിരി..
അതെയതേ.... ഇനി ഞാൻ മരിച്ചു പോയിട്ടായിരിക്കുമോ.. കാണാൻ വരിക.
നീ...ചുമ്മാതിരിക്കുന്നുണ്ടോ എന്റെ അമ്മുവേ.... വെറുതെ കരിനാക്കെടുത്തു വളയ്ക്കാതെ .
അല്ല.. ചേട്ടാ... നമുക്കെന്താണ് ഒരു കുഴപ്പം..? ചേട്ടനും , ഞാനും ബാങ്ക് ജീവനക്കാർ അല്ലേ ... നമുക്ക് നല്ല ശമ്പളവുമുണ്ട് ഇല്ലേ ... പിന്നെ അവർക്കെന്താണ് പ്രശ്നം..?
എന്റെ അമ്മൂ.., ഇനി അതു പ്രത്യേകിച്ചു പറയണോ... ഇത് എത്രാമത്തെ തവണയാണ്... ഞാൻ പറഞ്ഞിട്ടുള്ളതല്ലേ...
മാർട്ടിന്റെ വീട്ടുകാർക്ക് , മാർട്ടിനെക്കൊണ്ട് ഒരു കോളേജ് ലക്ചററെ കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം. അവർ അവരുടെ കുടുംബ സുഹ്യുത്തിന്റെ കോളേജദ്ധ്യാപികയായ മകളെ കണ്ടു വയ്ക്കുക മാത്രമല്ല , മകന്റെ അഭിപ്രായം ചോദിക്കാതെ അവർക്ക് വാക്കു കൊടുക്കുകയും ചെയ്തു.
പിന്നീട് ഈ വിവരം മാർട്ടിൻ അറിഞ്ഞപ്പോൾ, ട്രെയിനിംഗ് പീരിയഡിൽ പൊന്തി വന്ന അമ്മുവുമായുള്ള പ്രണയത്തെക്കുറിച്ചും, അവളെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും വീട്ടിൽ പറഞ്ഞു.
ഇത്രയും നാളും തന്റെ വാക്കിനോ, നോക്കിനോ , അപ്പുറം പോകാത്ത മാർട്ടിന്റെ ഇപ്പോഴത്തെ നിലപാട് കണ്ടപ്പോൾ, മാർട്ടിന്റെ അപ്പച്ചൻ നന്നായി എതിർത്തു. അപ്പച്ചനോട് , അമ്മു ബാങ്ക് ഉദ്യോഗസ്ഥയാണ് , അവളുടെ വീട്ടിൽ അവൾ ഒറ്റ മകളാണ് എന്നു മാർട്ടിൻ പറഞ്ഞെങ്കിലും, അപ്പച്ചൻ അത് ചെവിക്കൊള്ളാൻ പോലും തയ്യാറായില്ല.
" നീ എന്റെ മകനാണെങ്കിൽ, എന്റെ സുഹ്രുത്തിന് കൊടുത്ത വാക്ക് നീ പാലിച്ചേ തീരൂ " എന്ന് അപ്പച്ചൻ കർശനമായി പറഞ്ഞു. എന്നിട്ട് തുടർന്നു , എന്നെ ധിക്കരിക്കാനാണ് നിന്റെ ഭാവം എങ്കിൽ എന്റെ ഒരു ചില്ലിക്കാശോ, സ്വത്തോ ഒന്നും ഞാൻ നിനക്കു തരില്ല. അമ്മച്ചിയാണെങ്കിൽ അപ്പച്ചനെ പേടിച്ച് ഒന്നും പറഞ്ഞില്ല. അവർ കണ്ണീർ വാർത്തുകൊണ്ട് നിന്നു.
മാർട്ടിൻ അപ്പച്ചനോട് പറഞ്ഞു, "ഞാൻ അപ്പച്ചന്റെ മോനാണെങ്കിൽ എനിക്കുമുണ്ട് വാശി. ഇത് എന്റെ ജീവിതമാണ്. എന്റെ കാര്യത്തിൽ ഞാൻ തീരുമാനിക്കും."
അതേ സമയം അമ്മുവിന്റെ വീട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവളുടെ വീട്ടുകാർക്കും , അവരുടെ ഈ ബന്ധത്തിൽ താല്പ്പര്യമുണ്ടായിരുന്നില്ല. അവൾ ഒറ്റ മകളായിരുന്നു. ഒരു ഡോക്ടറെക്കൊണ്ട് മകളെ കെട്ടിക്കാനായിരുന്നു അവരുടെ താല്പര്യം.
ഒടുവിൽ, രണ്ടു വീട്ടുകാരുടേയും എതിർപ്പിനെ അവഗണിച്ച്, രജിസ്ട്രാഫീസിൽ വച്ച്, സഹപ്രവർത്തകരുടേയും, സുഹ്യുത്തുക്കളുടേയും സാന്നിധ്യത്തിൽ അവർ വിവാഹിതരാവുകയും, അവർ ജോലി ചെയ്യുന്ന ബാങ്കിനടുത്തു തന്നെ , എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഒരു വീട് വാടകയ്ക്ക് ലഭിക്കുകയും ചെയ്തു. അതോടു കൂടി അവരുടെ വീട്ടുകാർ അവരെ അകറ്റി നിർത്തി.
മാർട്ടിനും , അമ്മുവിനും വളരെയധികം വിഷമം ഉണ്ടാക്കിയെങ്കിലും, അവരുടെ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് ഭംഗം വരുത്താതെ അവർ ജീവിച്ചു. അതിന് ദൈവം കൊടുത്ത സമ്മാനമായി അവരുടെ ഇടയിലേക്ക് ദിയാ മോൾ കടന്നു വരികയും ചെയ്തു. അപ്പോഴെല്ലാം പിണക്കം മറന്ന് അവർ വരുമെന്ന് മാർട്ടിനും, അമ്മുവും പ്രതീക്ഷിച്ചിരുന്നു. എന്തോ .. അവർ വന്നില്ല.
ഇനി ഈ പള്ളിപ്പെരുന്നാളിനും അവർ വരുമോ? പേരക്കിടാവിനെ കാണാൻപോലും വരാത്തവരാണ്.
ഓരോന്നും പറഞ്ഞ് പരസ്പരം സമാധാനിപ്പിച്ച് ഏറെ വൈകിയാണ് രാത്രി ഉറങ്ങിയത്.
വീടിന്റെ കോളിംഗ് ബെല്ലടിച്ചപ്പോഴാണ് മാർട്ടിൻ ചിന്തകളിൽ നിന്നുണർന്നത്. അപ്പോഴേക്കും ദിയാ മോളുടെ പാൽക്കുപ്പി കാലിയായിരുന്നു.
ദിയാ മോളേ എടുത്തുകൊണ്ട്, മാർട്ടിൻ വാതിൽ തുറന്നപ്പോൾ , മാർട്ടിന്റെയും, അമ്മുവിന്റെയും മാതാപിതാക്കൾ പുറത്തു നില്ക്കുന്നതു കണ്ടപ്പോൾ മാർട്ടിൻ അത്ഭുതപരതന്ത്രനായി.
നീ .. എന്താടാ... കണ്ണു മിഴിച്ചിരിക്കുന്നെ .. വാതിക്കേല്ന്നു മാറെടാ ..ഉവ്വേ .. മോളേ.. നിന്റെ അപ്പുപ്പനാടാ ഞാൻ .. എന്നു പറഞ്ഞു കൊണ്ട്, മാർട്ടിന്റെ കൈയ്യിൽ നിന്നും ദിയാമോളെ വാങ്ങിക്കൊണ്ട് , മാർട്ടിന്റെ അപ്പച്ചനും , അമ്മച്ചിയും , അമ്മുവിന്റെ അപ്പച്ചനും , അമ്മച്ചിയും അകത്തേയ്ക്ക് കേറി വന്നു.
മാർട്ടിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
മോനേ, അമ്മു എന്തിയേ..? അമ്മുവിന്റെ അമ്മച്ചി തിരക്കി.
അവൾ ഉറങ്ങുകയാണ്. ഇപ്പോൾ വിളിക്കാം. അവൾക്ക് എന്തൊരു സന്തോഷമായിരിക്കും . ഈ പെരുന്നാളിന് നിങ്ങൾ വരുമോ എന്നുള്ള സന്ദേഹത്തിലായിരുന്നു. ഞാൻ അവളെ ഒന്നു വിളിക്കട്ടെ, എന്നു പറഞ്ഞിട്ട് മാർട്ടിൻ അമ്മുവിനെ വിളിക്കാൻ പോയി.
മുറിയിലേക്ക് വന്ന മാർട്ടിൻ , അമ്മു എഴുന്നേറ്റിട്ടില്ലെന്നു കണ്ടപ്പോൾ, അവളെ വിളിക്കാൻ ചെന്നു,
അമ്മൂ... ടി പെണ്ണേ... അമ്മൂ... എഴുന്നേല്ക്കെടീ... ഒരു സർപ്രൈസുണ്ട്.
മാർട്ടിൻ അമ്മുവിനെ കുലുക്കി വിളിച്ചു. എന്നിട്ടും അമ്മു എഴുന്നേറ്റില്ല.
മാർട്ടിൻ അമ്മുവിനെ നോക്കി, കണ്ണടച്ചു കിടക്കുന്ന അവളുടെ മുഖത്തെ ശാന്തത കണ്ടപ്പോൾ , മാർട്ടിന് എന്തെന്നില്ലാത്ത വേവലാതി വന്നു.
അമ്മൂ.... അമ്മൂ.. കണ്ണു തുറക്ക് അമ്മൂ...
മാർട്ടിന്റെ വെപ്രാളത്തിലുള്ള ശബ്ദം കേട്ട് അവരുടെ അപ്പനമ്മമാർ മുറിയിലേക്ക് കയറി വന്നു.
മോളേ... ഞങ്ങൾ വന്നു മോളേ.. പരിഭവങ്ങളെല്ലാം മാറ്റി വച്ച് ഞങ്ങളെ നോക്കെടീ... അമ്മുവിന്റെ അമ്മ പറഞ്ഞു.
മാർട്ടിൻ , അമ്മുവിന്റെ കിടപ്പ് കണ്ടിട്ട് അത്ര പന്തിയല്ല എന്നു തോന്നിയതിനാൽ , അവൻ അവിടെ നിന്നും ഇറങ്ങിയോടി തൊട്ടടുത്തു താമസിക്കുന്ന ഡോക്ടറങ്കിളിനെ വിളിച്ചു കൊണ്ടു വന്നു.
ഡോക്ടറങ്കിൽ അമ്മുവിനെ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ദിയമോൾ അമ്മുവിന്റെ ഉടുപ്പേൽ പിടിച്ചു വലിച്ചു അമ്മിഞ്ഞ കുടിക്കാൻ ശ്രമിക്കുകയായിരുന്നു.
പോയി... സൈലന്റ് അറ്റാക്കായിരുന്നു. ഉറക്കത്തിൽ സംഭവിച്ചത് . ഇത് സംഭവിച്ചിട്ട്, മണിക്കൂറുകൾ ആയി, അമ്മുവിനെ പരിശോധിച്ച ഡോക്ടർ, മാർട്ടിന്റെ തോളത്തു തട്ടി പറയുമ്പോൾ, പള്ളിയിൽ നിന്നുള്ള അമ്പ് പ്രദക്ഷിണം ഇറങ്ങുന്നതിന്റെ ഭാഗമായി കൂട്ടമണിയും , വെടിക്കെട്ടും ആരംഭിച്ചിരുന്നു.
സുമി ആൽഫസ്
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo