Slider

ഒരു മാസം നീണ്ട പ്രണയ കഥ

0
Image may contain: 1 person, smiling, selfie and closeup

ഒരു അപകടത്തിൽ പെട്ടപ്പോൾ നനഞ്ഞു പോയ sslc ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ആണ് ഞാൻ പഴയ സ്കൂളിൽ വീണ്ടും ചെന്നത്. ആ മാവിൻ ചുവടും ,വരാന്തയും ,പുറം ചുവരിലെ നിറം മാത്രം മാറിയ പഴയ അതെ ക്ലാസ് മുറികളും നോക്കി ഹെഡ്മാസ്റ്ററിന്റെ മുറിയുടെ പുറത്തിട്ട കസേരകളിൽ ഒന്നിൽ മുഖത്ത് ഭവ്യതയും ,മാന്യതയും നിറച്ചു ഞാൻ അങ്ങനെ ഇരിക്കുകയാണ്. പഴയ മുഖങ്ങൾ ഒന്നും ഇനി കാണാൻ സാധ്യത ഇല്ല എന്നാണ് എന്റെ വിശ്വാസവും പ്രതീക്ഷയും.
പക്ഷെ...
സകല പ്രതീക്ഷയും നിമിഷങ്ങൾ കൊണ്ട് നഷ്ടമായി. ആദ്യം വന്നത് പഴയ സയൻസ് ടീച്ചർ ആയിരുന്നു. ഞാൻ എത്ര മാറിയിരിക്കുന്നു .എന്നിട്ടും ഒരൊറ്റ നോട്ടത്തിൽ ടീച്ചർ എന്നെ തിരിച്ചറിഞ്ഞു.പിന്നെ വിരമിച്ചിട്ടില്ലാത്ത എല്ലാ അദ്ധ്യാപകരും വന്നു പരിചയം പുതുക്കി. ഞാൻ അങ്ങനെ ഒതുങ്ങി നിൽക്കെ അടുത്ത ഷോക്ക് വീണ്ടും. ഹെഡ്മാസ്റ്റർ എന്റെ പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചർ . ഇത്തിരി വൈകി എങ്കിലും ഒരു മാസ്സ് എൻട്രി. അതോടെ ഉള്ള ആത്മവിശ്വാസം കൂടി പോയോ എന്ന് ഞാൻ സ്വയം സംശയിച്ചു നിന്നു. കാരണം ഇത്തിരി കുസൃതിയും ,അനുസരണക്കേടും ഒക്കെ ആയി വലിയ മാർക്ക് ഒന്നും ഇല്ലാതെ ആണല്ലോ ഞാൻ അവിടെ നിന്നും വന്നത്.
എല്ലാരും പരിചയം പുതുക്കി പോയി. ക്ലാസ് മുറികളിൽ കണക്കും ചരിത്രവും ശാസ്ത്രവും മുഴങ്ങി തുടങ്ങി. ഞാൻ എന്റെ കാര്യങ്ങൾ ശരിയാക്കാൻ അപേക്ഷയും കൊടുത്തു വീണ്ടും പുറത്തു കാത്തു നിൽക്കുകയാണ്.
പതിവ് പോലെ നേരം പോകാൻ മൊബൈൽ തന്നെ ശരണം. കണ്ണുകളും കാതും മനസ്സും അങ്ങനെ അതിൽ മുഴുകി നിൽക്കുമ്പോൾ ....
ഹായ് അമൽ ,എന്നെ ഓർമ്മയുണ്ടോ എന്നൊരു ചോദ്യം വന്നു വീണു. ഇത്തിരി ആൺ ശബ്ദം കലർന്ന സ്വരത്തിൽ...ഞാൻ മുഖമുയർത്തി നോക്കി..
അതെ. ഇത് അവൾ തന്നെയാണ്. എന്റെ ക്ലാസ് മേറ്റ് . ആ ചുരുണ്ട മുടിക്കും ,ചെറിയ കണ്ണുകൾക്കും ,ചുണ്ടിൽ ഒളിപ്പിച്ച ചിരിക്കും ഒട്ടും മാറ്റ് കുറയാതെ അവൾ വീണ്ടും. ഞങ്ങളുടെ പഴയ മലയാളം സാറിന്റെ മകൾ. ആശ. ആശാ മത്തായി .എന്റെ ഒരു മാസത്തെ പ്രണയ കഥയിലെ നായിക.
ഇത്തിരി ഫ്ലാഷ് ബാക്ക് ആവാം അല്ലെ.
പിറകിൽ നിന്നും രണ്ടാമത്തെ ബഞ്ചിൽ നടുവിൽ തന്നെ ആയി ഞാൻ ഇരിപ്പുണ്ട് പത്താം ക്ലാസ്സിൽ . ചുറ്റും ഇപ്പോൾ പുതിയ തലമുറ ചങ്ക് ബ്രോസ് എന്ന് പേരിട്ട നാല് മഹാൻമ്മാർ. ഇത്തിരി പഠനം ഒത്തിരി കുരുത്തക്കേടുകൾ. അതാണ് ഞങ്ങൾ. ക്ലാസ്സിലെ സകല പെൺകുട്ടികളെയും ഞങ്ങൾ കാമിനിമാർ ആക്കി കളയും. അവർ ജീവിതത്തിൽ അത് അറിഞ്ഞില്ലെങ്കിലും .പക്ഷെ ഒരിക്കലും വരാത്ത ഒരു പേര് ഈ നായികയുടെ ആയിരുന്നു. കാരണം മത്തായി സാറിന്റെ കയ്യിലെ ചൂരൽ , ചൂണ്ടു വിരലും അതിലെ നഖവും തന്ത വിരലിന്റെ കൂട്ടും കൂടി കിട്ടുന്ന പൊന്നീച്ച പാറുന്ന നുള്ളലുകൾ. ഇതൊന്നും പോരാതെ ആകെ ഇത്തിരി മാർക്ക് കിട്ടുന്ന ഏക വിഷയം ആയ ഒന്നും ആണ് മലയാളം.
ആ ഒന്നും കൂടി മത്തായി സാറിന്റെ പെങ്ങൾ ,അവരാണ് സയൻസ് ടീച്ചർ. അതും കൂടി മതിയല്ലോ തൃപ്തി ആവാൻ.
അങ്ങനെ ഒരു ദിവസം രാവിലേ ഉള്ള രണ്ടു വിഷയങ്ങൾ കഴിഞ്ഞ ചെറിയ ഇടവേളയിൽ ആണ് കൂട്ടത്തിലെ ഒരുത്തൻ ആ ബോംബിൽ തിരി കൊളുത്തിയത്. ആശ മിക്കവാറും അമലിനെ നോക്കുന്നു. അവൾക്ക് അവനോട് എന്തോ ഉണ്ട്.
ഒരു മിന്നൽ കൂടെ ചൂരൽ തരുന്ന വേദന ,നുള്ളുമ്പോൾ പോകുന്ന തൊലിന്റെ വിങ്ങൽ എല്ലാം കൂടി ആ മിന്നലിൽ കടന്നു വന്നു. ഇനി എങ്ങാനും ഉണ്ടാവുമോ ദൈവമേ.
പഠിക്കാൻ നേരം പോലും ക്ലാസ്സിൽ ശ്രദ്ധിക്കാത്ത എന്റെ കൂട്ടുകാർക്ക് പിന്നെ അതായി വിഷയം. വല്ലപ്പോഴും ഒന്ന് നോക്കിയാൽ , ചിരിച്ചാൽ ,രണ്ടു വാക്ക് അവൾ ചോദിച്ചാൽ എല്ലാം അവർ കഥ മെനയാൻ തുടങ്ങുകയായി. ക്ലൈമാക്സ് ഒന്ന് തന്നെ . അവൾക്ക് നിന്നോട് എന്തോ ഉണ്ട്.
ആദ്യ ആഴ്ച പ്രണയം നിശബ്ദമായി കടന്നു പോയി. പിന്നെ കളിക്കാൻ വിടുന്ന പീരിടുകളിൽ ഇവർ എന്നെയും കൊണ്ട് ചുമ്മാ അവർ ഇരിക്കുന്ന സ്ഥലങ്ങളിൽ നടക്കാൻ തുടങ്ങി ,അവൾ സ്കൂൾ വിട്ടു നടന്നു പോകുമ്പോൾ പിറകെ ഞങ്ങളും പോയി തുടങ്ങി. അവൾ മുഖത്തു പേടിയോടെ വേഗം നടക്കാനും തുടങ്ങി.
നീ എന്തായാലും ഒരു എഴുത്തു കൊടുത്തെ തീരൂ എന്നായി . വീണ്ടും ഒരു മിന്നൽ. അവസാനം എനിക്ക് വേണ്ടി അതും അവർ ഏറ്റെടുത്തു. ഒടുവിൽ ചൂരൽ ഭയത്തിൽ അത് ചുരുട്ടി കൂട്ടി അവർ തന്നെ വലിച്ചു കീറി കളഞ്ഞത് എന്റെ പുണ്യം.
ഒടുവിൽ അനിവാര്യമായത് സംഭവിച്ചു. പിറകിലൂടെ വൈകിട്ട് പോയ ഞങ്ങളെ പാതി വഴിയിൽ അന്ന് സ്വീകരിച്ചത് മത്തായി സാർ തന്നെ ആയിരുന്നു. വളരെ കാര്യമായി നടുറോഡിൽ നിന്ന് ഞാൻ ആ ഉപദേശം കേട്ടു. ഇനി ഇത്തരം കാര്യങ്ങൾ മേലിൽ ചെയ്യില്ല എന്ന സത്യവും ചെയ്യേണ്ടി വന്നു. അപ്പോൾ ഈ പ്രണയത്തിന് പ്രായം ഒരു മാസം.
ആ ആശയാണ് എന്റെ മുന്നിൽ. ഞാൻ ഇത്തിരി വിയർത്തോ ,വിറച്ചോ . അറിയില്ല.
പക്ഷെ അവൾ വളരെ കാര്യമായി എന്റെ വിശേഷങ്ങൾ തിരക്കി ,ഞാനും തിരികെ എല്ലാം ചോദിച്ചു . ക്ലാസ് ഉണ്ട് എന്ന് പറഞ്ഞു പോകുന്നതിനു മുന്നേ അവൾ മൂന്നു ബോംബ് ഇട്ടു.
ആദ്യം ഹെഡ് മാസ്റ്ററോട്
" ടീച്ചറെ ,ഇവന് വേഗം ശരിയാക്കി കൊടുക്ക് ,എന്റെ പിറകെ കാവൽ നിന്ന എന്റെ ആദ്യ കാമുകൻ ആണ് "
അകത്തു നിന്നും വന്ന ആ നോട്ടം എന്ത് വികാരത്തോടെ ആയിരുന്നോ എന്തോ നമ്മുടെ പ്രിൻസിപ്പലിന്റെ. ദൈവത്തിനറിയാം.
ഒരു ഇടവേള പോലും ഇല്ലാതെ എന്നോട് മാത്രമായി മെല്ലെ അടുത്ത ബോംബ്.
" അന്ന് പപ്പ ഞാൻ പറഞ്ഞിട്ട് വന്നതല്ല. ഒരാഴ്ച കൂടി കഴിഞ്ഞാൽ ചിലപ്പോ ഞാൻ നിന്റെ ലൈൻ ആയേനെ "
കള്ളച്ചിരിയോടെ അവൾ പറഞ്ഞു നിർത്തിയതും ഞാൻ ആ നടപ്പ് വീണ്ടും ഓർത്തു പോയി.
വീണ്ടും ഒന്നും കൂടി.
"നിനക്ക് തിരക്കില്ലെങ്കിൽ അടുത്ത പീരീഡ് ആവുമ്പോൾ ഒരു കാര്യം കൂടി പറയാം. നമ്മുടെ എൽദോസ് ഇല്ലേ ,നിന്റെ കൂട്ടുകാരൻ ,അവനും കൂടി അല്ലെ നിന്നെ പ്രണയിപ്പിച്ചത്. അവനും ഇവിടെ സാർ ആണ്. ആ സാർ ആണ് എന്റെ വീടിന്റെ സാറും. എന്റെ ഭർത്താവ്.
ബിജുമേനോൻ ഏതോ സിനിമയിൽ പറയുന്ന പോലെ "അടിപൊളി ,വാ പോവാം "എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.
അവളോട് സമയമില്ല പിന്നെയാവാം എന്നൊരു ഒഴുക്കൻ കാരണവും പറഞ്ഞു വേഗം ബൈക്കിൽ കയറി ഞാൻ ആ ഗേറ്റ് കടന്നു.
ഒരു ചിരി ഉണ്ടായിരുന്നു മുഖത്തും മനസ്സിനുള്ളിലും.
ഒരുമാസത്തെ പ്രണയത്തിന് ഒരുപാട് വര്ഷങ്ങള്ക്ക് ശേഷം ഒരുഗ്രൻ ക്ലൈമാക്സ് എഴുതിയ വലിയ എഴുത്തുകാരൻ ദൈവമേ. അങ്ങ് മഹാൻ ആവുന്നു

By: Amal 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo