Slider

ദ്യുതി

0
ദ്യുതി
******
ഇനിയെന്തു ചെയ്യും? ഗതികെട്ട ഈ അലച്ചിൽ തുടങ്ങിയിട്ടിന്ന് മൂന്നു മാസം. ഇതും കൂട്ടി പതിനേഴാമത്തെ ഇന്റർവ്യൂ ആണ് ഒന്നുമൊന്നും ആകാതെ കഴിഞ്ഞത്.
ഭാവി അയാൾക്കു മുന്നിൽ സ്റ്റേറ്റ് ഹൈവേ പോലെ നീണ്ടു നിവർന്നു തിളച്ചു കിടന്നു. മൂന്നു മാസം മുമ്പ് ഇതേ ദിവസം എല്ലാമവസാനിപ്പിച്ച് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ഇത്രയും പരവേശം ഉണ്ടായിരുന്നില്ല. എന്നാലിപ്പൊ വല്ലാതെ പൊള്ളുന്നുണ്ട്. കള്ളപ്പേര് കിട്ടിയ തനിക്ക് ഈ നാട്ടിൽ ആര് ജോലി തരാൻ? അടിവയറ്റിൽ നിന്ന് ഒരു ഉഷ്ണക്കാറ്റ് അയാളുടെ ഉടലിലെമ്പാടും ചുറ്റിവരിഞ്ഞു. ഈ ഭൂമി മുഴുവൻ ചുട്ടുപഴുത്തോ? അയാൾ മെല്ലെ അടുത്തു കണ്ട പെട്ടിക്കടയിലേക്ക് നടന്നു.
''ചേട്ടാ ഒരു സോഡാ നാരങ്ങ ഉപ്പ് മതി...ങാ... പിന്നെ ഒരു വിൽസും"
എവിടെയാണ് പിഴച്ചത്? നാരങ്ങാ വെള്ളം ഒരിറക്ക് കുടിച്ച് ഒരു പുകയെടുത്തിട്ട് അയാൾ ചിന്തിച്ചു. ദിവ്യയേയും മോളേയും എങ്ങനെ ഫെയ്സ് ചെയ്യും? പോക്കറ്റിൽ കിടന്ന് മൊബൈൽ അടിച്ചു കൊണ്ടിരുന്നു.... ദിവ്യയാണ്.... അവളോടെന്തു പറയാൻ? അയാൾ ഫോൺ കട്ടു ചെയ്തു.
എന്തൊരഹങ്കാരമായിരുന്നു, സെയിൽസിലുള്ള എല്ലാവരേയും തോൽപ്പിച്ച് ഒന്നാമനാകാൻ ഉള്ള വാശി! കണക്കിന്റെ കളികൾ കൊണ്ട് പടുത്തുയർത്തിയ കൊട്ടാരത്തിലിരുന്ന് ടാർഗറ്റ് - അച്ചീവ്മെന്റ് - ഇൻസന്റീവ് - ബാങ്കിൽ നിറഞ്ഞു വരുന്ന പണം - ആ ഒരു ചിന്ത മാത്രം. അതിനായി എത്രയോ പേരേ ചവിട്ടിത്താഴ്ത്തി!... എത്ര പേരുടെ പണി കളഞ്ഞു!... എത്രയെത്ര കണ്ണീരു കണ്ടു!... അന്നതൊക്കെ ഒരു ഹരമായിരുന്നു, പ്രൊഫഷന്റെ ഭാഗം.
ഇന്ന്.... തോറ്റവർക്കൊപ്പമാണ് താൻ.
"ഡിയർ വിനീത് അലക്‌സ്....യു ഹാവ് എ ബ്രൈറ്റ് ഫ്യൂച്ചർ എഹെഡ്... പ്ലീസ് ഗീവ് അസ് യുവർ റെസിഗ്നേഷൻ ലെറ്റർ ആന്റ് ഫൈൻഡ് സം അദർ പ്രോമിസിംഗ് ജോബ്" എച്ച് ആർ മാനേജർ പറഞ്ഞത് സ്വൽപ്പം കടുപ്പിച്ചാണ്. പണ്ട് താൻ പലരോടും പറഞ്ഞ അതേ വാചകം.
കമ്പനിയുടെ പണം തന്റെ പേരിൽ മോഷ്ടിച്ചതാരാണ്? ഇന്നും അതൊരു മിസ്ട്രിയായി തുടരുന്നു. ഒരു പക്ഷെ അത് എല്ലാവരും ചേർന്നാകും.... കമ്പനിയുടെ നഷ്ടം പലിശയടക്കം തിരിച്ചടച്ചിട്ടും കിട്ടിയ ഈ ശിക്ഷ ദൈവം തന്നതാണ്. മറ്റുള്ളവരെ ദ്രോഹിച്ചതിനു കിട്ടിയ ശിക്ഷ. അദ്ദേഹത്തിന്റെ കോടതിയിലാണ് ശരിക്കുള്ള ശിക്ഷാവിധി....
മൊബൈലിന്റെ ശബ്ദം വിനീതിനെ വീണ്ടും ചിന്തകളിൽ നിന്നുണർത്തി... ഡിസ്പ്ലെയിൽ ദിവ്യയുടെ മുഖം കണ്ടപ്പോൾ വീണ്ടും ഫോൺ കട്ട് ചെയ്തു. ഇനിയും എത്ര നാളിങ്ങനെ അഭിനയിക്കും? ജോലി പോയ വിവരം ഇതുവരെ അവളറിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നു മാസമായി ആർക്കുമൊരു സംശയവും വരുത്താതെ തകർത്തഭിനയിക്കുന്നു. നയാ പൈസയില്ലാതെ ഈ നാട്ടിൽ ഇനി നിൽക്കാൻ പറ്റില്ല എങ്ങോട്ട് പോകും? എന്തു ചെയ്യും....
ഉണ്ടായിരുന്ന കരുതൽ സ്വർണ്ണവും ബാങ്ക് ബാലൻസും തീർന്നു. ഒരു പാട് ആഗ്രഹിച്ചു വാങ്ങിയ കാർ, ന്യൂ ജെൻ ബാങ്ക് ഗുണ്ടകൾ കൊണ്ടുപോയി... സ്വന്തമാക്കിയഹങ്കരിച്ച വീടും ഉടൻ പോകും. കൈയ്യിലാകെയുള്ളത് രണ്ടായിരം രൂപയും ദിവ്യയും ദ്യുതിമോളും മാത്രം...മിച്ച സമ്പാദ്യം... ത്ഫൂ അയാൾ നീട്ടിയൊന്ന് തുപ്പി.
ഇല്ല....ഇങ്ങനെ ഒരു തോറ്റവനായി, എല്ലാം നഷ്ടപ്പെട്ടവനായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്. അതെ! മരണം.... എല്ലാവരും ചേർന്ന് ചതിച്ചതാണെന്ന് എഴുതി വച്ചിട്ട് എല്ലാം മറന്നുള്ള ഒരു മടക്കയാത്ര. ദൈവത്തിനെ കാണാൻ പറ്റിയാൽ പറയണം "ഇനിയും ഇവരെത്തന്നെ കൂട്ടായ് തരണേ എന്ന് " പൊന്നുപോലെ നോക്കാൻ!... അവരോടൊപ്പം കൊതി തീരെ ജീവിക്കാൻ!...
അയാളടുത്തു കണ്ട കോഫീ ഷോപ്പിൽ കയറി. ഒരു കാപ്പിക്ക് ഓർഡർ കൊടുത്ത് ഫയലിൽ നിന്നും പേപ്പർ എടുത്ത് എന്തൊക്കെയോ എഴുതി മടക്കി ഭദ്രമായി പോക്കറ്റിലിട്ടു. വീണ്ടും വീണ്ടും മൊബൈൽ അടിക്കുന്നു, തുളുമ്പി വീണ കണ്ണീർ തട്ടിക്കളഞ്ഞ് അയാൾ ഫോൺ അറ്റന്റ് ചെയ്തു.
''അച്ഛാ ഇത് ഞാനാ എത്ര തവണ വിളിച്ചു... കിട്ടുന്നേയില്ല... അച്ഛനെപ്പൊ വരും? പിന്നേ.... അമ്മയ്ക്ക് ഭയങ്കര തലവേദന.... എന്തേലും മരുന്ന് വാങ്ങി കൊണ്ടു വരണേ.... വേഗം വാ അച്ചീ... എന്റെ ക്രിസ്മസ് കേക്ക് മറക്കല്ലേ"
"ഓകെ മോളെ അച്ഛൻ ദേ വന്നു കഴിഞ്ഞു."
ഒത്തിരി സ്നേഹം വരുമ്പോളാണ് ദ്യുതിമോളയാളെ അച്ചീ എന്ന് വിളിക്കുന്നത്. അവളേയും മോളേയും ഒന്നു കൂടി കാണണമെന്ന് തോന്നുന്നു. റെയിൽവ്വെ പാളത്തിൽ താൻ ഛിന്നഭിന്നമായി കിടക്കുന്നത് അവരെങ്ങനെ സഹിക്കും... ഈശ്വരാ!. വീട്ടിലെത്താറാകുമ്പോഴേക്കും എല്ലാമയാൾ ഉറപ്പിച്ചിരുന്നു. കൈയ്യിലെ കവറുകളിലൊന്നിലെ സ്ളീപ്പിംഗ് പിൽസ് ഭദ്രമായി ഡ്രോയിംഗ് റൂമിലെ ഷെൽഫിൽ വച്ച് കേക്ക് ദ്യുതിമോൾക്ക് കൊടുത്തിട്ട് തലവേദനയുടെ മരുന്നുമായി അയാൾ ദിവ്യയ്ക്കരികിൽ എത്തി.
"എവിടാരുന്നു? കുറേ തവണ വിളിച്ചു ഞാൻ... എന്തു പറ്റി ഏട്ടാ? എന്താ മുഖം വല്ലാതിരിക്കുന്നത് ?" ക്ഷീണിച്ച കണ്ണുകൾ മെല്ലെ തുറന്ന് ദിവ്യ എഴുന്നേറ്റിരുന്നു.
''നിന്റെ തലവേദന എങ്ങിനുണ്ട്? ഞാൻ ബാമിട്ടു തരാം... നീയെന്താ ലൈറ്റ് ഇടാത്തത്" തോളിൽ കൈവച്ച് ഒന്നമർത്തി അയാളവളെ കട്ടിലിലേക്ക് കിടത്തി.
നെറ്റിയിൽ മെല്ലെ തലോടിയപ്പോൾ ദിവ്യ കണ്ണുകളടച്ചു. ഒരു വേള അവൾ കണ്ണു തുറന്നു നോക്കിയപ്പോൾ അയാൾ കരയുകയായിരുന്നു.
''ദിവ്യാ... നമുക്ക് പിരിഞ്ഞാലോ?''
എന്താ ഇപ്പം അങ്ങനെ തോന്നാൻ...എന്നേയും മോളേയും നിങ്ങൾക്ക് മടുത്തോ?
"ഏയ് ഒരിക്കലും അങ്ങനെ പറയരുത് പിടിച്ചു നിൽക്കാൻ എനിക്കിനി വയ്യെടീ....എനിക്ക്.... എനിക്ക്.... പോണം. നിങ്ങളെയൊക്കെ വിട്ട് ആർക്കും വരാൻ പറ്റാത്ത ഒരു സ്ഥലത്ത്... നിങ്ങളൊക്കെ എന്നും ഇവിടുണ്ടാകും.... ഇവിടെ" അയാൾ സ്വന്തം നെഞ്ചിലേക്ക് രണ്ടു മൂന്ന് പ്രാവശ്യം ആഞ്ഞടിച്ചു.
പോക്കറ്റിൽ നിന്നു താഴെ വീണ കത്തെടുത്ത് നോക്കിയ ദിവ്യയിൽ നിന്ന് ഒരു ഏങ്ങലുയർന്നു.
"ഓ അപ്പൊ ഇതാരുന്നല്ലേ മനസ്സിൽ?" കരച്ചിലിനൊടുവിൽ അവൾ ചോദിച്ചു.
വിദൂരതയിലേക്ക് ദൃഷ്ടിയൂന്നി എന്തൊക്കെയോ പിറുപിറുത്ത് ഒരു ഭ്രാന്തനെപ്പോലെ നിൽക്കുകയായിരുന്നു അയാളപ്പൊ.
''പോണം... എനിക്ക് പോണം....നീയും മോളും നിന്റെ വീട്ടിൽ പോവണം നാളെത്തന്നെ.... എനിക്കാരേയും കാണണ്ട.... ആരേയും വേണ്ട ആരേയും''
തല വെട്ടിച്ച് ഒരു മാനസിക രോഗിയെപ്പോലെ അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.
ടപ്പ് -കൈ വീശി ഒറ്റയടിയായിരുന്നു.
"എന്തടാ പറഞ്ഞത് നീയൊറ്റക്ക് പോകുമെന്നോ? ഞങ്ങളില്ലാതെ നിനക്ക് പോകണം അല്ലേ? ഇതിനാണോ അച്ഛനേയും അമ്മയേയും കളഞ്ഞ് നിന്നെ മാത്രം വിശ്വസിച്ച് കൂടെയിറങ്ങി വന്നത്.... ഒറ്റയ്ക്ക് പോകും പോലും".
അവളയാളുടെ നെഞ്ചിലേക്ക് വീണു. അയാളാ വട്ടേ ഒരാശ്രയത്തിനെന്നോണം അവളെ മുറുകെ കെട്ടിപ്പിടിച്ചു.
''നിങ്ങളെ എനിക്കറിയാം... എനിക്കു മാത്രം... ആ മുഖം മാറുന്നതും മനസ്സ് നോവുന്നതും ഒക്കെ.... ഇതിങ്ങനെ എത്രനാൾ? ആ ടെൻഷനാ എനിക്കീ നശിച്ച തലവേദന തന്നത്. എനിക്കും ഇനി വയ്യ. ഞാനും മോളും നിന്റെ കൂടെ വരും.... തീർച്ച....ഞങ്ങളേയും കൊണ്ടു പോണം നീ പോകുന്നിടത്ത്". ദിവ്യ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു. സത്യത്തിൽ അത്ര സുന്ദരിയായി അവളെ ഇതിനു മുമ്പയാൾ കണ്ടിരുന്നില്ല.
"അച്ചീ... ഞാനും വരും... എന്നേയും കൊണ്ടോണേ"
"പോകാം മോളേ! നമുക്കൊരുമിച്ച് പോകാം... ദിവ്യേ നീ ജ്യൂസ് കലക്ക്".
മുൻവാതിലടച്ച് ലോക്ക് ചെയ്തിട്ട് അയാൾ തിരിയുമ്പൊ ഡൈനിംഗ് ടേബിളിലിരുന്ന് ദ്യുതി മോൾ എന്തോ എഴുതുന്നുണ്ടായിരുന്നു.
"മോള് പോയി കേക്ക് എടുത്തിട്ട് വാ മണി പത്തായി നമുക്ക് കഴിച്ചിട്ട് കിടക്കണ്ടേ?''
അവൾ പോകുന്നത് നോക്കിക്കൊണ്ട് അയാൾ ആ പേപ്പർ എടുത്ത് നോക്കി, അതൊരു കത്തായിരുന്നു.
എന്റെ സ്വന്തം അഞ്ജിതയ്ക്കും ശ്രേയയ്ക്കും,
പിന്നെ ബാക്കി ഫ്രണ്ട്സിനും...
ഞാൻ പോകുകയാണ്. നിങ്ങളെയെല്ലാം ഞാൻ മിസ് ചെയ്യും. ശ്രേയാ അഞ്ജിതാ നിങ്ങൾ കളിക്കാൻ പോവുമ്പൊ കൃഷ്ണയേയും കൂട്ടണം. വഴക്കൊക്കെ ഇട്ടാലും അവളൊരു പാവമല്ലേടാ.
ഇന്നലെ മഞ്ജു മിസ് എന്നെ അടിച്ചതിന് എനിക്ക് സങ്കടമൊന്നുമില്ലെന്ന് പറയണേ, ഞാൻ ഹോം വർക്ക് ചെയ്യാഞ്ഞല്ലേ.
പിന്നെ അഭിനവിനെ തള്ളിയിട്ടതിന് ഞാൻ അവനോട് സോറി പറഞ്ഞെന്ന് പറയണം. അവന് സ്വീറ്റ്സ് കൊടുക്കണം. ജ്യോതിർമയിയോട് ഞാൻ ചിക്കല്ല എന്നു പറയണം, അവൾക്കും സ്വീറ്റ്സ് കൊടുക്കണം.
ക്രിസ്മസ് പ്രോഗ്രാമിന് നമ്മുടെ ക്ലാസ് ഫസ്റ്റാവണം. ഞാനില്ല എന്ന് വച്ച് ഡാൻസ് പ്രോഗ്രാം കുളമാക്കരുത്. പിന്നെ നമ്മളുണ്ടാക്കിയ പുൽക്കൂട് ഇപ്പഴേ പൊളിക്കരുത് എന്ന് മിസിനോട് പറയണേ. എല്ലാരേം ഇനിയും കാണാൻ ഒത്തിരി കൊതിയുണ്ട്,
Good bye
ദ്യുതി വിനീത് .D
6B
കേക്കുമായി എത്തിയ ദ്യുതിമോളെ ഭ്രാന്തമായ ഒരാവേശത്താൽ അയാൾ വാരിയെടുത്തു. അവളേ ആദ്യം കാണും പോലെ ഒന്നു നോക്കി.
''എന്റെ പൊന്നുമോളേ ... അച്ചിയോട് പിണങ്ങല്ലേടി നീ" ദ്യുതിയുടെ നെറ്റിയിലും കവിളിലുമയാൾ ചുംബനം കൊണ്ട് മൂടി.
"നമ്മളൊരുമിച്ചല്ലേ പോവ്വാ അതു കൊണ്ട് അച്ചിയോട് ഞാൻ ചിക്കല്ല"
ഈ സമയം ദിവ്യ ടാങ്ക് കലക്കിയതുമായി എത്തി. മരവിച്ച് നിൽക്കുന്ന ദിവ്യയുടെ മുഖത്ത് നോക്കിക്കൊണ്ട്, നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അയാൾ സ്ലീപ്പിങ് പിൽസ് പാക്കറ്റ് പൊട്ടിച്ച് അതു മുഴുവൻ ജ്യൂസിലേക്കിട്ടു.
മരണത്തിനും ജീവിതത്തിനുമിടയിൽ ഇനി ആ പിൽസ് അലിയാനുള്ള സമയം മാത്രം....
ആ സമയം....
അവരിരുവരേയും ഞെട്ടിച്ചു കൊണ്ട് ദിവ്യയുടെ മൊബൈൽ ശബ്ദിച്ചു.
പരിചയമില്ലാത്ത നമ്പരിൽ നിന്നാണ് ... എടുക്കരുത് എന്ന് അയാളവളെ കണ്ണു കാണിക്കുമ്പോഴേക്കും ദ്യുതി ആ ഫോൺ അറ്റൻറ് ചെയ്തിരുന്നു.
***** ***** ***** ***** ***** ***** *****
"ഇനിയൊന്നും പേടിക്കാനില്ല ഷീ വിൽ ബി ആൾ റൈറ്റ് സൂൺ"
''താങ്ക് യൂ സോ മച്ച് ഡോക്ടർ"
ഡോ. ഷാനവാസിന്റ കൈ പിടിച്ച് പ്രഭാകരമേനോൻ ചെറുതായി ഒന്നു തേങ്ങി.
"ഏയ് അതിന്റെയൊന്നും ആവശ്യമില്ല. ഇവരെത്തിയപ്പോത്തന്നെ അംബികാമ്മയുടെ അസുഖമെല്ലാം മാറി.. മേനോൻ സാർ ഇനി കുറച്ച് റസ്റ്റ് എടുത്തോളൂ... ഞാനിവിടെത്തന്നെയുണ്ടാകും യു ക്യാൻ കാൾ മി അറ്റ് എനി ടൈം... ആൻറ് ഒൺ മോർ തിംഗ്....മോൾ മിടുക്കിയാ അവൾ കുറച്ച് സമയം അംബികാമ്മയുടെ അടുത്തിരിക്കട്ടേ ആസ് എ പാർട്ട് ഓഫ് ട്രീറ്റ്മെൻറ്''
ഡോക്ടർ മെല്ലെ തല തിരിച്ച് വിനീതിനു നേരേ കൈയ്യാട്ടി.
"ഇതാണല്ലേ അംബികാമ്മയുടെ മോളെയും കൊണ്ട് നാടുവിട്ട ആ നസ്രാണി ചെക്കൻ?"
"അതൊക്കെ ഞങ്ങളിന്നലെ രാത്രി തന്നെ പറഞ്ഞു തീർത്തു സാറേ... ഇവനെപ്പോലെ ഒരു മോന്റെ സ്നേഹം ഇത്രേം നാൾ വേണ്ടന്നു വച്ചതിനു കിട്ടിയ ശിക്ഷ ഈ ആശുപത്രിയിൽ കിടന്ന് അനുഭവിച്ച് തീർത്തു അല്ലേടാ മാപ്ലേ" വിനീത് നീട്ടിയ ചായ വാങ്ങിക്കൊണ്ട് മേനോനൊന്ന് ചിരിച്ചു.
"വെറും മാപ്ലയല്ലച്ഛാ... പുയ്യാപ്ല" വിനീതിന്റെ ആ കോമഡി രസിച്ചു കൊണ്ട് ദിവ്യയും ചായ മൊത്തിക്കുടിച്ചു.
അപ്പോൾ ഐ.സി.യുവിൽ തന്നേ നോക്കി കിടക്കുന്ന അമ്മമ്മയുടെ കൈയ്യിൽ മുത്തമിട്ട് അവരെ സന്തോഷത്തിന്റെ പുതു ലോകത്തേക്ക് തിരികെ കൊണ്ടുവരികയായിരുന്നു ദ്യുതിമോൾ.
- ഗണേശ് -
22-12-17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo