Slider

സ്നേഹത്തിന്റെ കാണാച്ചരടുകൾ

0
സ്നേഹത്തിന്റെ കാണാച്ചരടുകൾ
*********************************
"എവിടായിരുന്നു രണ്ടും ?"
ഉയര്‍ത്തി പിടിച്ച വടിയും കൊണ്ട് മാർട്ടിൻസാർ അലറി..
"ഞങ്ങള്‍ മൂത്രമൊഴിക്കാൻ പോയതാ...."
ചാടിക്കേറി ഷംസു പറഞ്ഞു
"ഉം മൂത്രമൊഴിക്കാൻ ... അല്ലേടാ..
അതും രണ്ടു പിരീഡ്...രണ്ട് പിരീഡ് മൂത്രം ഒഴിച്ചപ്പോ തീർന്നോ ?""
സാറിന്റെ ആ ചോദ്യത്തിന് മറുപടി അലൻ്റെ വകയായിരുന്നു
"ഇല്ല സാറേ കുറച്ച് അടുത്ത ഇൻ്റർവെല്ലിന് ബാക്കി വെച്ചിട്ടുണ്ട് ..."എന്നും പറഞ്ഞു അലനും ഷംസും കൂടി പരസ്പരം കണ്ണിറുക്കി ചിരിച്ചു.
മറുപടിയുടെ കേമത്തം മൂലം
സാറിൽ കേറിയ കലി നുരഞ്ഞുകേറി തലയെ പെരുപ്പിച്ചു
"നീട്ടട കൈ.."
അതൊരു അലർച്ചയായിരുന്നു..
അറിയാതെ നീണ്ട കൈയില്‍ വടി പലതവണ ഉയര്‍ന്നു താണു...
കൂടുതല്‍ കിട്ടിയത് അലനായിരുന്നു..
ചൂരലിൻ്റെ പാടുകൾ കൈയില്‍ വടുക്കൾ തീർത്തു ..നിന്നിടത്തു നിന്നും അലൻ ഉയര്‍ന്നു പൊങ്ങി ...
തൊട്ടടുത്ത ടീച്ചേഴ്സ് റൂമില്‍ എല്ലാവരും പകച്ചു നിന്നു ...നാളെ മാധ്യമങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകൾ ..
സർക്കാർ സ്കൂളിലെ ശിക്ഷണമുറ!
അരിശം തീർന്ന സാര്‍ വടി വലിച്ചെറിഞ്ഞ് ഓഫീസില്‍ നിന്നും ഇറങ്ങിപോയി...
വേദന കൊണ്ട് പുളഞ്ഞു അലനവിടെ തന്നെ മതിലില്‍ ചാരിയിരുന്നു പോയി
കൈകൾ തിരുമ്മികുടയുന്നതിന്റെ ഇടയ്ക്ക് അലൻ്റെ തുടയിൽ ഷംസു ഒന്നുകൂടി ഒന്ന് പിച്ചിപറഞ്ഞു..
"പതിനൊന്ന് മണിയുടെ ഇന്റർവെൽ ടൈമിന് ഇനീം നിനക്ക് ഏറുംപന്ത് കളിക്കണോടാ..?"
"കളിച്ചതാണോ കുഴപ്പം ..ഗേറ്റിന്
പുറത്തേക്ക്‌ നിന്നോട് ഓടാൻ ഞാൻ പറഞ്ഞോ. .?"
"ബാക്കി പുറത്തിറങ്ങിയിട്ട് ... നീ വാ.."ഷംസു ചെവിയിൽ പറഞ്ഞു..
അലൻ ഒന്നു മൂളി...പുറത്തേക്ക് നോക്കി ഇരുന്നു..
പിന്നെ മതിലില്‍ എന്തോ കുത്തിക്കുറിച്ചു
ഓഫീസിന് പുറത്ത് മാർട്ടിൻ സാർ വെരുകിനെ പോലെ..നടക്കുന്നു
ഏറും പന്ത് കളിച്ചു രണ്ട് പിരിയഡ് കഴിഞ്ഞപ്പോഴാണ് സ്കൂളില്‍ വന്നത് . ഗേറ്റ് പൂട്ടിയിരിക്കുന്നൂ...ഒന്നും നോക്കിയില്ല മതിലു ചാടി ..ഉച്ചക്കുള്ള ഇൻർവെൽ ടൈമിൽ ക്ലാസ്സിൽ കേറാൻ വേണ്ടി...ഒളിച്ചിരുന്നത് മൂത്രപ്പുരയിൽ ആണ്..
ബോധം കെടുമെന്ന് തോന്നിയപ്പോഴാണ് അവിടെ നിന്നും പുറത്ത് ചാടിയത്.. നേരെ മാർട്ടിൻ സാറിന്റെ മുന്നിൽ..
പുറത്ത് നടന്ന സാർ പെട്ടെന്ന് എന്തോ ഓർത്ത പോലെ ഓഫീസിനകത്ത് കേറി വന്ന് പറഞ്ഞു.
"എഴുന്നേറ്റ് പോടാ രണ്ടും..എനിക്ക് കാണണ്ട..."
ഓർഡർ കിട്ടേണ്ട താമസം ഷംസു ചാടി എഴുനേറ്റു അലനിട്ട്‌ തോണ്ടി..
അലൻ മടിച്ച് മടിച്ച്..ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് സാറിനെ തന്നെ നോക്കി നിന്നു.
ഷംസു ...അലനേം പിടിച്ച് വലിച്ച് ക്ലാസ്സിലേക്ക് നടന്നു..
അലൻ്റെ മനസ്സിൽ മുഴുവൻ സാറിന്റെ മുഖമായിരുന്നു...അരിശവും സങ്കടവും നിറഞ്ഞ മുഖം...
അപൂര്‍വമായി മാത്രമേ സാറിന്റെ ചുണ്ടിൽ ചിരി വിരുന്ന് വരാറുള്ളൂ.
ഇടനേരങ്ങളിൽ ക്ലാസ്സിലെത്തുന്ന സാറിന്റെ കനം പിടിപ്പിച്ച മുഖത്തെ നോക്കി അലൻ ചിരിക്കും..സാറു വീണ്ടും മുഖം കറുപ്പിച്ച് കണ്ണടക്കിടയിലൂടെ അവനെ നോക്കി കണ്ണുകൾ ഉരുട്ടും...അലൻവീണ്ടും സാറിനെ നോക്കി ചിരിക്കും...
അലന്റെ ചിരിയിൽ സാറെ ഒന്ന് ചിരിക്കൂ..എന്ന അപേക്ഷയുണ്ടാകും എപ്പോഴും...
അലന്റെ ചിരിക്ക് മുന്നിൽ...രോഷം മൂത്ത സാറിന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിടരും.
അത് കണ്ട് സായൂജ്യം പൂണ്ട്..അലൻ സാറിനെ നോക്കി തല കുലുക്കും..
ക്ലാസ്സിലെ ഇൗ പതിവ് കലാപരിപാടികൾ മുൻബെഞ്ചിലിരുന്നു അരങ്ങേറുന്നത് ആരും അറിയില്ലായിരുന്നു..
കുസൃതിയായിരുന്നു അലൻ..എങ്കിലും പഠിക്കാൻ മിടുക്കൻ.. എല്ലാ ഉഴപ്പിലും അവന്റെ പേരുണ്ടാകും..ക്ലാസ്സിന് പുറത്ത് മതിലിൽ ചാരി അവൻ നിൽക്കാത്ത ദിവസമില്ല..എപ്പോഴും അവന്റെ ചൂണ്ടിൽ ചി�രി മായാതെനിന്നു
മുൻബെഞ്ചിൽ ഇരുത്തിയ അവന്റെ തല എപ്പോഴും പിന്നിലേക്ക് തിരിഞ്ഞിരുന്നു .
ഷംസുവും അലനും ക്ളാസ്സിലെ തലതെറിച്ചവരായി മുദ്രകുത്തപ്പെട്ടു
അവരെ കൊണ്ട് പൊറുതി മുട്ടിയ ടീച്ചർമാർ..അലനെ അവരുടെ സീറ്റിന്റെ അടുത്ത് പലപ്പോഴും കൊണ്ടുചെന്നിരുത്തി
അവിടെ ഇരുന്നവൻ കൂട്ടുകാരോട് കയ്യും കണ്ണും കൊണ്ട് കഥ പറഞ്ഞു.
ടീച്ചേഴ്സ് റൂമിൽ അവൻ സംസാരവിഷയം ആയിരുന്നു..പരാതികൾ ഉയരുമ്പോഴും എല്ലാ ടീച്ചർമാരും അവനെ ജീവനായി സ്നേഹിച്ചു...രഹസ്യമായി അവന്റെ കുസൃതികൾ ആസ്വദിച്ചു..
ക്ലാസിൽ എത്തിയപ്പോൾ രണ്ട് പിരീയഡ് സ്കൂളിൽ നിന്നും ഏറുംപന്ത് കളിക്കാൻ ഓടിയ വീരസാഹസിക കഥ പറഞ്ഞു ഷംസു കൂട്ടുകാരുടെ ഇടയിൽ ഹീറോ ചമഞ്ഞു
ഉച്ചക്ക് ഇന്റർവെൽ ടൈമിൽ അലൻ പതിയെ ഓഫീസ്റൂമിൻ വാതിൽക്കൽ എത്തി തല അകത്തേക്ക് നീട്ടി..
ഏതോ ഫയലിൽ തല പൂഴ്ത്തിവെച്ച സാറ് ഇടക്കെപ്പോഴോ...അവനെ കണ്ടൂ.
"എന്താടാ...?"
അവൻ ചിരിച്ച് കൊണ്ട് ഒരം പൊക്കി..
"കാര്യം എന്താ..?"
"ഒന്നുല്യ.."
"എന്നാൽ നീ ക്ലാസ്സിൽ പോ.."
അലൻ വീണ്ടും അവിടെ തന്നെ നിന്നു സാറിന്റെ കണ്ണിലേക്ക് നോക്കി..
"നീ ഇങ്ങടുത്ത് വാ..."സാറവനെ അടുത്ത് വിളിച്ച്..അവന്റെ കൈയിൽ നോക്കി..
വലത് ഉള്ളംകൈ പൊട്ടിയിരിക്കുന്നു
സാറിന്റെ നെഞ്ചൊന്ന് പിടഞ്ഞു
"നിനക്ക് വേദനിക്കുന്നുണ്ടോടാ?"
"ഇല്ലസർ ..എനിക്ക് കൈക്ക് അല്ല വേദന ..എനിക്കറിയാം...എന്റെ കൈയിൽ പൊട്ടിയ പാട് തരുന്ന വേദനയേക്കാൾ സാറിന്റെ മനസ്സ് ഇപ്പോൾ വേദനിക്കുന്നുണ്ട്.
സാറിന്റെ നെഞ്ച് പിടക്കുന്നത് എനിക്ക് കാണാം സർ....വിഷമിക്കല്ലെ..എനിക്ക് വേദനയില്ല...സാറിന്റെ മനസ്സ് വേദനിപ്പിച്ചല്ലോ എന്ന വേദന മാത്രേ എനിക്കുള്ളൂ..എനിക്ക് ഇപ്പഴും ഇഷ്ടാണ് സാറിനെ ...ഒത്തിരി ഒത്തിരി ഇഷ്ടം. "
കണ്ണുകൾ നിറഞ്ഞിട്ടും ചുണ്ടിൽ വരുത്താൻ അവൻ ശ്രമിച്ച ചിരിയിൽ അവന് സാറിനോടുള്ള സ്നേഹത്തിന്റെ ആഴം തെളിഞ്ഞു നിന്നു..
"എന്റെ പൊന്നു മോനെ...."സാറിന്റെ ഉള്ളില്‍ നിന്നും ഉയരുന്ന വിളി അവൻ സാറിന്റെ മുഖത്ത്‌ നിന്നും വായിച്ചെടുത്തു.
ഒന്നു അവനെ ചേര്‍ത്ത് പിടിക്കാന്‍ മനസ്സു പറഞ്ഞെങ്കിലും പ്രധാനദ്ധ്യാപകനെന്ന സ്ഥാനപ്പേര് സാറിനെ അതില്‍ നിന്നും വിലക്കി
"ഞാൻ ചെല്ലട്ടെ സർ..."
മറുപടിക്കു കാത്ത് നിൽക്കാതെ അവൻ നടന്നു അകലുന്നതും നോക്കി മാർട്ടിൻ സർ നിന്നു..
അധ്യാപന ജീവിതത്തിലെ ആ അവിസ്മരണീയ നിമിഷത്തലെപ്പോഴൊക്കെയോ മാർട്ടിൻ സർ ഒരച്ഛനായി വേഷപ്പകർച്ച നടത്തിയിരുന്നു
അന്ന് സ്കൂളില്‍ നിന്നുമിറങ്ങാൻ നേരം സാറിന്റെ ഫോണൊന്നു ചിലച്ചു
"Alen s father" ഫോണിൻ്റെ ഡിസ്പ്ളേയിൽ പേരു തെളിഞ്ഞു വന്നു
മോൻ്റെ കൈകള്‍ കണ്ട രക്ഷിതാവ് ...
മാർട്ടിൻ സാർ ഫോണ്‍ തൊട്ടടുത്ത് നിന്നിരുന്ന ദിലീപ് സാറിനെ കാണിച്ചു
"എന്തിനാ സാറേ അടിക്കാന്‍ പോയേ?
പുലിവാലാകുമോ?"ദിലീപ് സാറ് ചോദിച്ചു
സാറൊന്നും മിണ്ടാതെ ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ചു പുറത്തേക്ക് നടന്നു
മടങ്ങി വന്ന മാർട്ടിൻ സാറിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു
"ഇന്നും മാറാത്ത മനുഷ്യരുണ്ട് മാഷേ..
കാലം എത്ര മാറിയാലും സ്നേഹത്തിന്റെ ഭാഷ തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യർ..
നിയമങ്ങള്‍ മനുഷ്യ നന്മക്കെങ്കിലും അതും ചൂണ്ടിക്കാട്ടി കഥകളെ ഉൗതിക്കാച്ചി റേറ്റിങ്ങ് നേടാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ ...
അലൻ ചെന്ന് വീട്ടില്‍ കഥകളെല്ലാം പറഞ്ഞു.. അവനിപ്പോഴും സങ്കടം മാറിയി്ല്ല ....ഞാന്‍ തല്ലിയതോർത്തല്ല ....എന്റെ മനസ്സ് അവനെ തല്ലിയപ്പോ വേദനിച്ചതോർത്ത്...അവൻ്റെ അപ്പച്ചന്‍ പറഞ്ഞതാ
മുഖത്ത് നിന്നും കണ്ണട ഊരിമാറ്റി കണ്ണുകള്‍ തുടച്ച് സാർ തുടര്‍ന്നു
"എന്തിനാണ് മാഷേ പരീക്ഷ കടലാസ്സില്‍ നമ്മള്‍ കോറിയിടുന്ന മാർക്ക്?
ജീവിതത്തില്‍ മനുഷ്യ മനസ്സുകളെ കാണാന്‍ കഴിയുമ്പോഴല്ലേ നമ്മള്‍ എല്ലാം വിജയിക്കുന്നത്.."
തുടച്ചു മിനുക്കിയ കണ്ണട മുഖത്ത് വീണ്ടും സ്ഥാപിച്ച് മാർട്ടിൻ സാര്‍ തന്റെ മുഖത്ത് ഗൌരവം വരുത്താന്‍ വ്യഥാ ഒരു ശ്രമം നടത്തിനോക്കി
ഓഫീസ് മുറിയിലെ ചുമരിൽ അലൻ കോറിയിട്ട വാക്കുകള്‍ ആരും കാണാതെ പതിഞ്ഞുകിടന്നു
Still i love u martin sir....

Shabna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo