Slider

എന്നിലേയ്ക്കൊരു പുനർജന്മം

0


ഭാരമില്ലാത്ത ഒരു കുഞ്ഞു മേഘം പോലെ ശൂന്യതയിൽ ഒഴുകി നടക്കുകയായിരുന്നു ഞാൻ. എനിക്കു ചുറ്റും കണ്ണഞ്ചിക്കുന്ന പ്രകാശമല്ലാതെ മറ്റൊന്നുമില്ല. ശാന്തം, നിശബ്ദം.
പെട്ടെന്ന് ആരോ എടുത്തെറിഞ്ഞ പോലെ ഞാൻ മറ്റെങ്ങോ എത്തിപ്പെട്ടു. ചുറ്റും മടുപ്പിക്കുന്ന ഗന്ധം. ആരോ ഉറക്കെ എന്തൊക്കെയോ പറയുന്നുണ്ട്. പശ്ചാത്തലത്തിൽ മോണിറ്ററിന്റെ അലാമും മുഴങ്ങുന്നുണ്ട്. ഒരു ഹോസ്പിറ്റൽ ഐ.സി.യുവിലാണ് താനെന്ന് മനസ്സിലായി. ഒരു ബെഡിനു ചുറ്റും അഞ്ചാറു പേർ കൂടി നിൽക്കുന്നു. ചുറ്റും മോണിറ്ററുകളും മറ്റു ആശുപത്രി ഉപകരണങ്ങളും.
നോ പൾസ്..... ആരോ പറഞ്ഞു.
ചാർജ് ടു ടു ഹൺട്രഡ്.....
ക്ലിയർ..... ചുറ്റും നിന്നവരിൽ പലരും ഒരടി പിന്നോട്ടു മാറി. ബെഡിലുള്ളത് ഞാൻ തന്നെയെന്ന് മനസ്സിലാക്കാൻ ഏതാനു സെക്കന്റുകൾ വേണ്ടി വന്നു. മൂക്കിലും വായിലും രണ്ടു കയ്യിലും കാലിലും വയറുകളും ട്യൂബുകളും.
ത്രീ......
ടു.....
വൺ.....
ഒപ്പം ഒരാൾ കയ്യിലെ പാഡിൽ എന്റെ നെഞ്ചത്തേയ്ക്കു വയ്ക്കുന്നു.
മേലാസകലം ആയിരം സൂചികൾ തുളച്ചുകയറുന്ന വേദനയോടൊപ്പം വീണ്ടും ഞാൻ എടുത്തെറിയപ്പെട്ടു.
വീണ്ടും അതേ സ്വപ്നം. സ്വപ്നമല്ല ഒരിക്കൽ അനുഭവിച്ചത് വീണ്ടും വീണ്ടും അനുഭവിക്കുന്നു. ആറു നിമിഷം നീണ്ട എന്റെ മരണത്തിൽ നിന്നുള്ള തിരിച്ചുവരവായിരുന്നു അത്. അതിനു ശേഷം ഒരു മാസത്തോളം പിന്നേയും ആശുപത്രിയിൽ. ഡിസ്ചാർജ്ജായി വന്നിട്ടു നാലു മാസം കഴിഞ്ഞു. ഇപ്പോഴും പലപ്പോഴും ഉണരുന്നത് അതേ സ്വപ്നത്തിലൂടെയാണ്.
നിയർ ഡെത്ത് എക്സ്പീരിയൻസ് വിത്ത് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ. വൈദ്യശാസ്ത്രത്തിന് എന്തുപേരുമിട്ടു വിളിക്കാം. എന്നും മരിച്ച് ജീവിക്കുന്നത് അധികമാർക്കും ലഭിക്കാത്ത അവസരമാണ്. അതിന് ശേഷം തനിക്കു വന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടു വരുന്നേയുള്ളു.
സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു. ചില്ലുജാലകത്തെ മറയ്ക്കുന്ന കർട്ടനുകൾക്കിടയിലൂടെ സൂര്യരശ്മികൾ മുറിയിൽ നിറയുന്നുണ്ട്. ഒപ്പം അമ്മ വളർത്തുന്ന ഇണക്കിളികളുടേയും പ്രാവുകളുടേയും പ്രഭാതവന്ദനവും കേൾക്കാം.
കുളിച്ചു റെഡിയായി അടുക്കളയിലെത്തി ആദ്യം അമ്മയ്ക്ക് ഒരു ഗുഡ് മോർണിംഗ് കിസ്. അച്ഛൻ പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു. അടുത്തെത്തി സുപ്രഭാതം പറഞ്ഞപ്പോഴേക്കും അച്ഛൻ പതിവുപോലെ കൈ കൊണ്ടു തടുത്തു.
എന്നോടൽപ്പം നീരസം കൂടെയുണ്ട് അച്ഛന് . അല്പമല്ല. കുറച്ചു കാര്യമായി തന്നെ. അതു വഴിയേ പറയാം.
ഉണർന്ന ഉടനെ മാതാപിതാക്കൾക്ക് സ്നേഹചുംബനം നൽകുന്ന സ്വഭാവം, അതും ഇപ്പോൾ തുടങ്ങിയതാണ്. അപകടത്തിനു മുമ്പ് ഞാനിങ്ങനെയൊന്നുമായിരുന്നില്ല. ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാറേയില്ല. അച്ഛനുമമ്മയുമൊരുമിച്ച് ദിവസത്തിൽ ഒരു നേരം പോലും ഭക്ഷണം കഴിക്കാറില്ല. അതിലവർക്കും പരാതിയുള്ളതായി തോന്നിയിട്ടില്ല. എനിക്കവസാനമായി അവരിൽ നിന്ന് ഒരുമ്മ കിട്ടിയതെന്നാണെന്നും ഓർമയില്ല.. ഞാൻ മരിച്ചിരുന്നെങ്കിൽ എനിക്കു കിട്ടുമായിരുന്നു അന്ത്യചുംബനം. പക്ഷെ അത് ഞാനറിയുമായിരുന്നോ? ഇപ്പോൾ തിരിച്ചു കിട്ടിയ അവസരം മുതലാക്കുകയാണ്. എനിക്കോർമ്മിക്കാൻ എന്നെയോർമ്മിക്കാൻ പ്രിയപ്പെട്ടവർക്കെല്ലാം എന്റെ സ്നേഹചുംബനം.
എന്നെ മനസ്സിന്റെ സമനില തെറ്റിയോ എന്ന് ചിലർക്ക് സംശയമുണ്ട്. അതിലൊരാളാണെന്റെ സ്വന്തം അച്ഛൻ. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരാളുടെ ജീവിതവിജയം മാസാമാസം ബാങ്കിലെത്തുന്ന തുകയെ മാത്രം വച്ച് അളക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ വക്താവാണദ്ദേഹം. ആറക്ക ശമ്പളം വാങ്ങുന്ന സോഫ്റ്റ് വെയർ എൻജിനീയറാണ് മകനെന്ന് അൽപം അഹങ്കാരത്തോടെ തന്നെ അച്ഛൻ പറയാറുണ്ട്. ഇപ്പോൾ ജോലി രാജിവച്ച് വീട്ടിൽ വെറുതെയിരിക്കുന്ന മകനെ അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാർ കരുതുന്നില്ല. അതാണ് നേരത്തേ പറഞ്ഞ നീരസത്തിനും കാരണം.
ജോലിക്ക് തുടരാൻ ഒന്നു ശ്രമിച്ചതാണ്. പക്ഷെ കഴിഞ്ഞില്ല. ഞാൻ മുൻകൈയെടുത്തു ചെയ്തുകൊണ്ടിരുന്ന പ്രോജക്ട് അവർ മറ്റൊരാളെ ഏൽപ്പിച്ചു. അയാൾ മുമ്പ് മുന്നോട്ടുവച്ചതും ഞാൻ തഴഞ്ഞതുമായ പല മാറ്റങ്ങളും എന്റെ സ്വപ്ന പദ്ധതിയിൽ ഞാൻ കണ്ടു. എന്റെ അഭാവത്തിൽ, കമ്പിനിയുടെ കിരീടത്തിലെ പൊൻതൂവലായേക്കാവുന്ന ഓർഡർ അവർ അടുത്തയാളെ ഏൽപിച്ചതെന്നിക്കു മനസ്സിലാക്കാം. കൂടെ ഒന്നു കൂടി മനസ്സിലായി. ഞാനില്ലെങ്കിൽ അവർക്കൊ ആ കമ്പിനിയില്ലെങ്കിൽ എനിക്കോ ഒന്നും നഷ്ടപ്പെടാനില്ലെന്ന് .
ഒരിക്കൽ ഒരു ലഹരിയായി ഞാൻ കൊണ്ടു നടന്നതാണെന്റെ തൊഴിൽ. ഡെഡ്ലൈനും, ടാർഗെറ്റ്സും, പ്രോഫിറ്റുമെല്ലാം എനിക്കന്നു ആവേശം പകർന്നിരുന്നു. ഇന്ന് അർത്ഥമില്ലാത്ത എന്തൊക്കെയോ ആയിക്കഴിഞ്ഞിരിക്കുന്നു. എന്നെ വീണ്ടും ചൂടു പിടിപ്പിക്കാൻ അതിനൊന്നുമാവുന്നില്ല. ഒരു നിമിഷം കൊണ്ടു തീരാവുന്ന ജീവിതം ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണം മാത്രമാക്കാൻ ഇനി എനിക്കാവില്ല. എനിക്കു ജീവിക്കണം. ജീവിതമെന്തെന്ന് അറിഞ്ഞ് ആസ്വദിച്ച് ജീവിക്കണം. ആ ജോലിയിൽ എനിക്കതിനാവില്ലെന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഞാൻ ജോലി രാജി വച്ചത്.
ഇത്രയും പറഞ്ഞപ്പോൾ മനസ്സിലായിക്കാണുമല്ലോ? അന്നത്തെ സംഭവത്തിനു മുമ്പുള്ള നിതിനല്ല ഞാനിപ്പോൾ. ഇതൊരു പുതിയ ജീവിതം. പുതിയ വ്യക്തിത്വം. അതോ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി മറച്ചു വച്ച എന്റെ യഥാർത്ഥ സത്തയോ? ജീവിതത്തിൻ വലിയ തിരിച്ചടികൾ നേരിടുന്നവർ കടന്നു പോകുന്ന അവസ്ഥകളിലൂടെയെല്ലാം ഞാനും കടന്നു പോയി. ഈ പുതിയ എന്നെ അംഗീകരിക്കാൻ തന്നെ ആദ്യം ബുദ്ധിമുട്ടായിരുന്നു. പഴയ നിതിനാവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജോലിയിൽ തിരിച്ചു പ്രവേശിച്ചതും പരാജയപ്പെട്ടപ്പോൾ രാജി വച്ചതും. പിന്നീട് എല്ലാവരോടും ദേഷ്യമായിരുന്നു. അപ്പോഴാണ് നഗരത്തിലെ പ്രസിദ്ധനായ സൈക്കോ തെറാപിസ്റ്റ് ഡോക്ടർ മൂർത്തിയെ കാണുന്നത്. അദ്ദേഹമാണ് പിന്നീടുള്ള ദിവസങ്ങളിൽ എന്നെ തന്നെ മനസിലാക്കാനും ഇപ്പോഴത്തെ മാനസീകാവസ്ഥയിലേക്ക് എത്താനും എന്നെ സഹായിച്ചത്.
ഒരു നല്ല കേൾവിക്കാരനായിരുന്നു ഡോക്ടർ. സമാന അനുഭവമുള്ളവരുടെ ഓർമ്മക്കുറിപ്പുകളും നിയർ ഡെത്ത് എക്സ്പീരീയൻസിനെ കുറിച്ചുള്ള ശാസ്ത്രാവലോകനങ്ങളും അദ്ദേഹമെനിക്ക് വായിക്കാൻ തന്നു.
ഞാൻ തന്നെ പിന്നെ നോവലുകളും കഥകളും മറ്റു ഭാഷാചിത്രങ്ങളും തേടിപ്പിടിച്ചു. അതിലെല്ലാം പ്രാധാന്യം കൊടുത്തിരുന്നത് മരണത്തിൽ നിന്ന് തിരിച്ചെത്തിയവർ നേടിയ അമാനുഷിക കഴിവുകൾക്കാണ്. എനിക്കുമങ്ങനെ ഒരു കഴിവു ലഭിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു മൂർത്തി സാറിന്റെ മറുപടി. ഉണ്ടാവാമെന്നോ അല്ലെങ്കിൽ അതെല്ലാം കെട്ടുകഥകളാണെന്നോ അദ്ദേഹം പറഞ്ഞില്ല. അല്ലെങ്കിലും അദ്ദേഹം വാക്കുകൾ പിശുക്കി ഉപയോഗിക്കാനിഷ്ടപ്പെടുന്ന ഒരാളാണ്.
രണ്ടു ദിവസം മുമ്പു കണ്ടപ്പോഴാണ് ഹോബികളെ കുറിച്ചദ്ദേഹം ചോദിച്ചത്. പണ്ടു ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ജലഛായത്തിലും ഓയിൽ പെയിന്റിലും ഒത്തിരി ചിത്രങ്ങൾ വരച്ചിരുന്നു. പക്ഷെ ഒരിക്കൽ പരീക്ഷയ്ക്ക് മാർക്കു കുറഞ്ഞതിന് ശിക്ഷയായി എന്റെ അച്ഛൻ എല്ലാം നശിപ്പിച്ചു. ഇനി വരയ്ക്കുന്നതിനേ പറ്റി മിണ്ടിപ്പോകരുതെന്നായിരുന്നു ശാസന. അച്ഛന്റെ പട്ടാള നയം അറിയാവുന്നത് കൊണ്ട് ആ ശീലം അന്നുപേക്ഷിച്ചതാണ്. ഡോക്ടർ അതിനെ പറ്റി വീണ്ടുമാലോചിക്കാൻ പറഞ്ഞു.
സംശയമായിരുന്നു കഴിയുമോ എന്ന്. ആദ്യം മൊബൈലിൽ ഒരു ഡ്രോയിംഗ് ആപ്പ് ഉപയോഗിച്ചു നോക്കി. എനിക്കിനിയും വരയ്ക്കാൻ കഴിയുമെന്നുറപ്പാക്കിയിട്ടാണ് ഇന്നലെ പോയി വേണ്ടതെല്ലാം വാങ്ങി വന്നത്. ഈസലും ക്യാൻവാസും അച്ഛന്റെ മുന്നിലൂടെ കൊണ്ടു പോകുന്നത് അദ്ദേഹം കണ്ടില്ലെന്ന് നടിച്ചു.
പ്രാതൽ കഴിഞ്ഞ് മുറിയിലെത്തിയപ്പോഴേക്കും അമ്മ ജനൽ വിരികൾ ഇരു വശങ്ങളിലേക്കും മാറ്റി ജനൽ തുറന്നിട്ടിരുന്നു. പുറത്തെ തോട്ടത്തിലെ മഞ്ഞ റോസാച്ചെടിയിലാണ് കണ്ണുടക്കിയത്. ഉയർന്നു നിൽക്കുന്നതണ്ടിൽ നാളെ വിരിയാനായി ഒരുങ്ങിനിൽക്കുന്ന പൂമൊട്ട്. അത് തന്നെയാവട്ടെ ആദ്യത്തെ ചിത്രം. നാളെ വിരിയുന്ന പൂവിനെ ഇന്നേ വരയ്ക്കാനൊരു മോഹം.
വരച്ച് തുടങ്ങിയപ്പോൾ മറ്റൊരു ലോകത്തായിരുന്നു ഞാൻ. അവിടെ ഞാനും റോസാച്ചെടിയും അതിൽ വിരിഞ്ഞു നിൽക്കുന്ന റോസാപുഷ്പവും മാത്രം.
അമ്മ വന്നു വിളിച്ചപ്പോഴാണ് സ്ഥലകാലബോധമുണ്ടായത്. അമ്മ അടുത്തുവന്നു ചിത്രത്തിലേക്ക് നോക്കികൊണ്ടു നിന്നു. തിരിഞ്ഞെന്നെ നോക്കിയ അമ്മയുടെ കണ്ണിൽ കണ്ണുനീരിന്റെ തിളക്കം ഞാൻ കണ്ടു.
എന്റെ കണ്ണാ എന്നമ്മ വിളിച്ചത് വിശ്വസിക്കാനാവാതെ ഞാനമ്മയെ തന്നെ നോക്കി നിന്നു. കുഞ്ഞിലേ അമ്മ വിളിച്ചിരുന്ന പേരാണ് കണ്ണൻ . പിന്നെയെപ്പോഴോ അതു നിലച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും.
" ആദ്യം വരച്ചത് തന്നെ പുഴുക്കുത്തേറ്റ പൂവാണല്ലോ കണ്ണാ. അതെന്തു പറ്റി?"
"അറിയില്ലമ്മേ. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. വരച്ചപ്പോൾ ഞാനറിഞ്ഞില്ല. ദേ, അമ്മയുടെ തോട്ടത്തിലെ ആ പൂമൊട്ട് വിരിയുന്നതാണ് ഞാൻ വരയ്ക്കാൻ ശ്രമിച്ചത്."
" പക്ഷെ അതിൽ പുഴുക്കുത്തുണ്ടോ? എനിക്ക് കാണുന്നില്ലല്ലോ?
കുറച്ചു ദിവസമായി ചോദിക്കണമെന്നു കരുതിയ ഒരു കാര്യം വീണ്ടും തികട്ടി വന്നു. അമ്മയുടെ രണ്ടു കയ്യും ചേർത്തു പിടിച്ചു ഞാൻ ചോദിച്ചു.
" അമ്മയുടെ മോനല്ല, ഇത് മറ്റാരോ ആണെന്ന തോന്നുന്നുണ്ടോ അമ്മയ്ക്ക്. അമ്മയുടെ കണ്ണനെ ഞാൻ നഷ്ടപ്പെടുത്തിയോ? ഞാനിങ്ങനെയായതിൽ സങ്കടമുണ്ടോ അമ്മയ്ക്ക്?"
"എന്താ മോനേ ഇത്? എനിക്ക് എന്റെ കുഞ്ഞിനെ തിരികെ കിട്ടിയ പോലെയാണ് തോന്നുന്നത്. അമ്മേ എന്നു വിളിച്ച് എപ്പോഴും എന്റെ സാരി തുമ്പിൽ പിടിച്ചു നടന്ന കുട്ടിയെ, നിറങ്ങളേയും പൂക്കളേയും ഇഷ്ടപ്പെട്ടിരുന്ന, കയ്യിൽ കിട്ടിയ കടലാസിലും ന്യൂസ് പേപ്പറിന്റെ വശങ്ങളിലും അച്ഛന്റെ ഓഫീസിലെ ഫയലിലെ പേപ്പറിലുമെല്ലാം ചിത്രങ്ങൾ വരച്ചിട്ടിരുന്ന ഒരു മൂന്നു വയസ്സുകാരനെ, അവനെയാണ് എനിക്ക് തിരിച്ചുകിട്ടിയത്. ഞാനും നിന്റെ അച്ഛനും ചേർന്ന് ഞങ്ങളുടെ ഇഷ്ടത്തിനും സ്വപ്നങ്ങൾക്കുമനുസരിച്ച് ശിക്ഷണവും ശിക്ഷയും ശാസനയും കൊണ്ട് മെനെഞ്ഞെടുത്ത നിതിനാണ് അന്ന് അപകടത്തിൽ പെട്ടത്. തിരിച്ചെത്തിയ നീയാണ് യഥാർത്ഥ നിതിൻ. ഇതാണ് എന്റെ മോൻ. എന്റെ കണ്ണൻ. "
അമ്മയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞൊഴുകുകയായിരുന്നു. ഇനിയും എനിക്ക് അമ്മയുടെ കണ്ണനായി ജീവിക്കണം. എന്റെ അമ്മയ്ക്കു വേണ്ടി.
പുറത്തെ തോട്ടത്തിലെ റോസാച്ചെടിയിലെ മഞ്ഞ പൂമൊട്ടിനുള്ളിൽ ഒരു കുഞ്ഞു പുഴു ഒരു പുതപ്പിൽ നിന്നെന്ന പോലെ തന്നെ മുട്ടയിൽ നിന്നും പുറത്തു വന്നു. തന്റെ കൺമുന്നിലുള്ളതെല്ലാം തിന്നു അത് തന്റെ ജീവിതം ആരംഭിച്ചു.
Hidy Rose
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo