Slider

കലന്തൻ ഗുരിക്കളും ഞാനും പിന്നെ ചവിട്ടും

0
Image may contain: 1 person, tree, closeup and outdoor

വളരെ വേദനയുള്ള സംഭവമാണ് ആ സമയത്തു നടന്നത്. സമയം ഏതാന്ന് വെച്ചാൽ നമ്മുടെ തല്ലുകൊള്ളി പ്രായം കൃത്യം നാലാം ക്ലാസ്. അനിയത്തി അന്ന് രണ്ടാം ക്ലാസ്സിൽ.
ആ കാലത്ത് അമ്മയും ഇളയമ്മയും ഒക്കെ മാക്സിയാണ് വീട്ടിൽ ധരിക്കാറുള്ളത്. ഒരു ദിവസം എനിക്കും വാങ്ങി തന്നു കുഞ്ഞു മാക്സി.
എന്താന്നറിയില്ല
അത് അങ്ങട് ഇട്ടപ്പോൾ ഒരു പൊടിക്ക് അഹങ്കാരം വന്നില്ലേ എന്നൊരു ഡൗട്ട്. വേറൊന്നുമല്ല അമ്മയെ പോലെ ഞാനും വലുതായി എന്നോരു അഹങ്കാരം. ആ അഹങ്കാരം കൊണ്ട് പോയി തീർത്തത് അനിയത്തിയുടെ അടുത്തു. അവളെ ഇടയ്ക്കിടെ ഉപദേേശി
ക്കുക. അങ്ങനെ അങ്ങനെ..
അന്ന് വൈകീട്ട് കളിക്കുമ്പോൾ ഞാൻ അനിയത്തിയുടെ മുടി ചീകാൻ വിളിച്ചു. എന്നോട് ഭയങ്കര ബഹുമാനം ആയതു കൊണ്ട് അവൾ മുഖവും തിരിച്ചു പോയി. ഇവളെ പിടിക്കാൻ ഞാൻ അകത്തു നിന്നും ഓടി പുറത്തേക്ക് വന്നു. അവളും ഓടി പിന്നാലെ ഞാനും. മാമനും അമ്മയും കോലായിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. ആര് ഇതൊക്കെ ശ്രദ്ധിക്കുന്നു.
അപ്പോഴായിരുന്നു അത് സംഭവിച്ചത്.
മാക്സി ആദ്യമായി ഇട്ടത് കൊണ്ട് അത് കാലിനു തടഞ്ഞു ഓട്ടം പിഴച്ചു .
അകത്തു നിന്ന് കോലായിൽ,അവിടെ നിന്നും ലാൻഡിംഗ് മുറ്റത്തേക്ക്. കൈ ചെന്ന് മുറ്റത്തെ കരിങ്കല്ലിനോട് ഇടിച്ചു.
ഉടൻ വന്നു എന്റെ ലോക പ്രശസ്ത കരച്ചിൽ. വലിയ വായിൽ നിലവിളിക്കിടയിൽ തന്നെ കുരുത്തക്കേടിനു മാമന്റെ കയ്യിൽ നിന്നും അടിയെന്ന ദക്ഷിണ കിട്ടി. ആ ദേഷ്യം തീർക്കാൻ നിലവിളി വോള്യം ഒന്നൂടെ കൂട്ടി ഞാൻ.
കുറച്ചു കഴിഞ്ഞു കൈ നീര് വെച്ചപ്പോൾ അമ്മയോട് മാമൻ പറയുകയാ നമ്മുക്ക് കലന്തൻ ഗുരിക്കളുടെ അടുത്തു പോവാം എന്നു. കലന്തൻ ഗുരിക്കളുടെ കയ്യിൽ ഇരിപ്പ് അതയാത് ഒടിവ് ചതവ് തീർക്കൽ രീതികൾ കേട്ട് പരിചയം ഉള്ള ഞാൻ ഇത് കേട്ടതും ജീവനും കൊണ്ട് ഓടി കട്ടിലിനടിയിൽ ഒളിച്ചു. നാട്ടിലെ ശങ്കരൻ ഡോക്ടറെ കാണിച്ചാൽ മതിയേ എന്നും പറഞ്ഞായി കരച്ചിൽ. വേറൊന്നുമല്ല ദശമൂലാരിഷ്ടത്തിന്റെ രുചി കൊണ്ടാണ്. എന്തായാലും അവർ എന്നെ മോഹനസുന്ദര വാഗ്ദാനങ്ങൾ ഒക്കെ നടത്തി കൊണ്ടു പോയി. ഓട്ടോ ജംഗ്ഷൻ എത്തി ഇടത്തോട്ട് തിരിയാതെ മാഹിക്ക് വിട്ടപ്പോൾ മനസിലായി പണി പാളിയെന്നു. വിശ്വാസ വഞ്ചകരായ അമ്മയെയും മാമനെയും കൂട്ടു നിന്ന ഓട്ടോക്കാരനെയും നോക്കി കരച്ചിൽ, ഈണവും താളവും ഇങ്ങനെ മാറി മാറി വന്നിട്ടും ആരുടെയും മനസ്സലിഞ്ഞില്ല.
ആദ്യമായിട്ടാവും സൈറണിട്ട് കൊണ്ട് ഒരു ഓട്ടോ പോയിട്ടുണ്ടാകുക.ആ സൈറൺ വേറെ ഒന്നും അല്ല എന്റെ വലിയ വായിലെ നിലവിളി തന്നെ.
ഒടുവിൽ ഗുരിക്കളുടെ വീട്ടിൽ. ചെല്ലുമ്പോൾ കാൽ കൈ നടു ഇത്യാദികളെ തൂക്കിയിട്ടും തടവിച്ചിട്ടും കുറെ പേർ.
എന്താണെന്നറിയില്ല ഇതൊക്കെ കാണുമ്പോൾ എന്റെ അസ്ഥാനത്തുള്ള ആ ചിരി വരും അപ്പോൾ. അമ്മ
എന്റെ വാ പൊത്തി പിടിച്ചിരുന്നു.
ഗുരിക്കൾ എന്റെ അടുത്തേക്ക് വന്നു.
മോളെ നോക്കട്ടെ..സ്നേഹത്തോടെ ഗുരിക്കളും എന്നെ തൊടണ്ട ദേഷ്യത്തോടെ ഞാനും.
രക്ഷയില്ല എന്നറിഞ്ഞതും മാമൻ എന്നെ പിടിച്ചു മടിയിൽ ഇരുത്തി. ഇടത് കൈ അമ്മ പിടിച്ചു വെച്ചു.
കലന്തൻ കൈ പിടിച്ചു നിവർത്തി തള്ളവിരൽ കൊണ്ട് അമർത്തി ഉഴിഞ്ഞതും എന്റെ വലതു കാൽ ഉയർന്നതും ഒന്നിച്ചായിരുന്നു. എന്റമ്മേ എന്നൊരു നിരങ്ങിയ നിലവിളി കേട്ടു നോക്കുമ്പോൾ ഗുരിക്കളുടെ വയറ്റിനായിന്നു ചവിട്ട് കൊണ്ടത്.
ഗുരിക്കൾ ദയനീയമായി വേദന സഹിച്ചു അമ്മയോട് ചോദിക്കുകയാ "ഇങ്ങക്ക് ആ കാലൊന്നു പിടിച്ചൂടെനോ ചേച്ചിയെ" എന്നു.
പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. ഒടുവിൽ ഒരു മാസം കൈ കഴുത്തിൽ തൂക്കിയിട്ട് നടത്തം. ആ ഒരു മാസം എന്റെ അമ്മയ്ക്ക് സമാധാനം, വീടിനു ശാന്തത ഒക്കെ കിട്ടി.
കൈയുടെ കെട്ടഴിക്കാൻ ചെന്നപ്പോൾ എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ട് കലന്തൻ ഗുരിക്കൾ തന്റെ മർമ്മ സ്ഥാനത്തെ രക്ഷിച്ചു ഒരടി ദൂരെ മാറി നിന്നു തന്റെ ശിഷ്യനെകൊണ്ട് കെട്ടഴിപ്പിക്കുക
യായിരുന്നു.
ഇന്നെങ്ങാനും ആണെങ്കിൽ ഡോക്ടർ എനിക്ക് മയക്ക് വെടി വെച്ചേനെ. പിന്നെ ഒരു സഞ്ചി നിറയെ ഗുളികയും കിട്ടിയേനെ.
അന്ന് വേദനയാണെങ്കിലും ഇന്ന് ഓർക്കാൻ സുഖമുള്ള നല്ലോർമ്മകൾ ആയി അതൊക്കെ...
 സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo