"വ്യഭിചാരം ചെയ്തിട്ടുണ്ട്...!"
കുമ്പസാര കൂട്ടിൽ പാപം ഏറ്റു പറഞ്ഞ പത്തു വയസ്സുകാരന്റെ പാപം കേട്ട് ഫാദർ പന്തൽപറമ്പന്റെ കണ്ണുകൾ രണ്ടും വെളിയിലേക്ക് തള്ളി. വായ്‌നാറ്റം ഉണ്ടാവണ്ട എന്നു കരുതി ചവച്ചുകൊണ്ടിരുന്ന ബബിൾ ഗം അങ്ങനെ തന്നെ ഇറങ്ങിപ്പോയി.
ആദ്യ കുർബാന സ്വീകരണത്തിൽ ഭാഗമായി കുട്ടികളെ ആദ്യമായി കുമ്പസാരിപ്പിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ബിബിൻ തോമസ് തന്നെയല്ലേ ഇത് എന്നു ഒന്നുകൂടി നോക്കി. അതേ അവൻ തന്നെയാണ്.
"മോൻ വ്യഭിചാരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്...?"
"അത്.....ഞാൻ....വീട്ടുകാർ അറിയാതെ....."
"വീട്ടുകാർ അറിയാതെ...?"
"ബീഡി ഒക്കെ വലിച്ചിട്ടുണ്ട്"
"അപ്പൊ ബീഡി വലിച്ചതിനാണോ മോൻ വ്യഭിചാരം എന്നു പറഞ്ഞത്...?"
"അതെ"
ഫാദർ പന്തൽപറമ്പന്റെ ശ്വാസം നേരെ വീണു.
അല്ലേലും കുഞ്ഞുങ്ങളെ പറഞ്ഞിട്ട് എന്ത് കാര്യം. ആദ്യ കുർബാനക്ക് കുട്ടികളെ ഒരുക്കിയ സിസ്റ്റർ സോഫിയയെ പറഞ്ഞാൽ മതി. എട്ടാം ക്ലാസ്സിലെ ബയോളജി ടീച്ചറെ പോലെ പോർഷൻ സ്കിപ്പ് ചെയ്തു വിട്ടു കാണും. അല്ലേലും ഈ വ്യഭിചാരം ഒക്കെ ചെമ്പരത്തി പൂ വച്ച് പരാഗണം പഠിപ്പിക്കുന്ന പോലെ പഠിപ്പിക്കാൻ പറ്റില്ലല്ലോ
"മോൻ ഇനി മുതൽ വ്യഭിചാരം....അല്ല ബീഡി ഒന്നും വിളിക്കരുത് കേട്ടോ"
"ഓക്കേ ഫാദർ"
പാപം മോചിപ്പിച്ച്, തുവാലകൊണ്ടു നെറ്റിയിലെ വിയർപ്പ് തുടച്ച് അടുത്ത ആളുടെ കുമ്പസാരത്തിനായി ഫാദർ പന്തൽപറമ്പൻ വലത്തേക്ക് ചെരിഞ്ഞു
By: Simil Mathew
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക