Slider

കുഞ്ഞിപെണ്ണിന്

0
പഴയതാണ്...ജിഷ വധക്കേസ് നടന്ന സമയത്ത് എഴുതിയത്...
കുഞ്ഞിപെണ്ണിന് രണ്ടീസായിട്ട് ഒരു ഏനക്കേട്....
പെണ്ണൊന്നും കഴിക്കുന്നില്ല
പണിയാന്‍ വന്നാലും ചടഞ്ഞു കൂടി ...
കുഞ്ഞിപെണ്ണിൻ്റെ അമ്മ മോളെ വഴക്ക് പറഞ്ഞു ..
വഴക്ക് കേൾക്കുന്നതിനിടെ പെണ്ണ് ഛർദ്ദിച്ചു...
വീണ്ടും വീണ്ടും ഛർദ്ദിച്ചു ..
വയറിന് വല്ല സൂക്കേടും?
ഛർദ്ദി നീണ്ടു .
പെണ്ണിന്റെ മട്ടും ഭാവവും കണ്ട് പെണ്ണിന്റെ തള്ള ചിരുതയുടെ ഉള്ളില്‍ വെള്ളിടി പൊട്ടി ..
തമ്പ്രാൻ ചതിച്ചോ ദൈവങ്ങളേ!
കഴിഞ്ഞ തവണ കെട്യോനില്ലാത്തപ്പോ തന്റെ കുടി നിരങ്ങിയ തമ്പ്രാൻ മോളെ പറ്റി ചോദിച്ചിരുന്നു .
ചോദ്യം ചെയ്യലിൽ മോള് പറഞ്ഞു .
തമ്പ്രാനല്ല...തമ്പ്രാൻകുട്ടിയാ..
ചിരുത ഓടി തമ്പ്രാൻ്റെ അടുത്ത് .
തമ്പ്രാനവളെ ആട്ടിയിറക്കി..
പിഴച്ച തള്ളേടെ മോളാ...
രാത്രിയ്ക്കു രാത്രി തമ്പ്രാൻ കുടിയിലെത്തി..
തമ്പ്രാൻകുട്ടീടെ അവശിഷ്ടം പേറിയ അടിവയറ് ചവിട്ടി മെതിച്ചു...
ആ ചവിട്ടിൽ ആദ്യത്തെ ഭ്രൂണം പുറന്തള്ളപ്പെട്ടു.
വീണ്ടും പൗർണമി വന്നു ....
അമാവാസി വന്നു .......
തമ്പ്രാൻകുട്ടിയ്ക്ക് വീണ്ടും പൂതി..വന്നു കൊണ്ടിരുന്നു .
കുഞ്ഞിപെണ്ണ് വീണ്ടും ഛർദ്ദിച്ചു...
ഇത്തവണ ചിരുത തമ്പ്രാൻ്റെ അടുത്ത് ഓടിയില്ല..
പകരം അവളെ പിടിച്ചു അയലത്തെ കോരനു കെട്ടിച്ചു ..
കോരൻ്റെ കുഞ്ഞായി തമ്പ്രാൻ കുട്ടി വളർന്നു...
തമ്പ്രാക്കൻമാർക്ക് വീണ്ടും വീണ്ടും പൂതി ഉണ്ടായി കൊണ്ടിരുന്നു ..
പൂതി മതിയാക്കാൻ കഴിയാതെ പോയ ചില ഹതഭാഗ്യരായ അടിയാപെണ്ണുങ്ങടെ ലൈംഗികാവയങ്ങളിൽ അരിശം മൂത്ത് കമ്പി അടിച്ചിറക്കീ എന്ന് ചരിത്രപുസ്തകം പറഞ്ഞു വെച്ചു .
കൊടികളുയർന്നു ..
കമ്മ്യൂണിസം വന്നു ..
ചോര ചിന്തിയ ചരിത്രം സ്വാതന്ത്ര്യം നേടി തന്നു..
ഇന്നലെകൾ ഇന്നായി മാറി....
എന്നിട്ടും ..
പെണ്ണിന്റെ മാനത്തിന്റെ വിലയിന്നും കടലാസൂകെട്ടിലും നിയമകുരുക്കിലും...
കമ്പികളും കമ്പിപ്പാരകളുമായി ചരിത്രം ആവർത്തിക്കുന്നു...
ചിരുതയും കെട്ട്യോനും തമ്പ്രാൻ്റെ മുറ്റത്ത് നട്ട മാവിന്ന് അമ്മച്ചിമാവായി.
കുടിയാന്‍മാർ പണം തേടി കടല് കടന്നു തമ്പ്രാക്കളായി.
പഴയ തമ്പ്രാക്കളുടെ പറമ്പുകൾ വാങ്ങി കൂട്ടി.
കോരൻ്റെ മോനും കടല് കടന്നു .
പണം വാരി.
കോരൻ്റെ പേരക്കുട്ടികൾ തമ്പ്രാൻ്റെ വീട്ടിലെ കുട്ടികള്‍ക്കൊപ്പം കുട്ടിയും കോലും കളിച്ചു.അച്ചനും അമ്മയും കളിച്ചു
ചരിത്രം അതിന്റെ കഥ പറച്ചില്‍ തുടർന്നപ്പോൾ ...
തമ്പ്രാൻ്റെ വീട്ടിലെ പേരക്കുട്ടിയിലൊരു പെണ്ണ് ഛർദ്ദിച്ചു
വീണ്ടും വീണ്ടും ഛർദ്ദിച്ചു..
വയറ്റിലെ ഏനക്കേടല്ലാത്രെ !
കോരൻ്റെ പേരക്കുട്ടികളിലൊന്നിൻ്റെ സ്നേഹസമ്മാനം...
ചരിത്രം കഥകള്‍ ആവർത്തിച്ചുകൊണ്ടിരുന്നു..
പുതിയ രൂപത്തില്‍ ഭാവത്തില്‍ ...
തമ്പ്രാൻ്റെ മുറ്റത്തെ അമ്മച്ചിമാവ് കട പുഴകി വീണു ..
പകരം വീണ്ടും തൈമാവ് കിളർത്തു ....

Shabna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo