Slider

കൊപ്പര മുട്ടായി

0
Image may contain: 1 person

കടയിൽ പോയി തിരിച്ച്‌ വരുന്ന എന്നെ കാത്തിരുന്ന് പിന്നാലെ ഒരു കൊഞ്ചലോടെ അനിയത്തിയും കൂടി.
ആദ്യം ട്രൗസറിന്റെ കീശയിൽ തപ്പി നോക്കി.
നിരാശയോടെ എന്റെ
വായ മണത്ത്‌ നോക്കിയ അവൾ മുഖം വക്രീകരിച്ച്‌ വലിയ വായിൽ കരയാൻ തുടങ്ങുന്നതിനു മുന്നെ ഞാൻ അവളുടെ വാ പൊത്തിപിടിച്ചു.
"കരയരുത്‌ ന്തായാലും നാളെ കുഞ്ഞാട്ടൻ മാങ്ങി തരും."
അച്ഛനറിഞ്ഞാൽ മോക്കറിയാലോ കുഞ്ഞാട്ടനെ അടിക്കുംന്ന്"
അവളുടെ മുന്നിലിരുന്ന് മുഖത്ത്‌ ഒരു പ്രത്യേക ദൈന്യത വരുത്തി ഞാൻ പറഞ്ഞു.
നാളെ കിട്ടുമല്ലോന്നോർത്തോ അടി കാണാൻ കഴിയില്ലെന്ന് കരുതിയോ അവൾ കീഴടങ്ങി.
മുട്ടായി പല്ലിനു കേടാണെന്ന കണ്ടു പിടുത്തവും "പീട്യതീറ്റ" (കടയിൽ നിന്ന് വല്ലതും വാങ്ങി വഴി നീളെ തിന്നുന്ന ഇടപാട്‌) നിരോധിച്ചത്‌ കൊണ്ടും ഇവൾക്ക്‌ വീട്ടിൽ കൊണ്ട്‌ വന്ന് മുട്ടായി കൊടുത്താൽ എന്റെ കാര്യത്തിലൊരു തീരുമാനമാവുമെന്ന്‌ പറഞ്ഞാൽ ഇപ്പോ ഇവൾക്ക്‌ മനസ്സിലാവുകയും ഇല്ല.
അന്നൊക്കെ ദിവസവും വൈകുന്നേരം കടയിൽ പോക്ക്‌ ദിനചര്യയുടെ ഭാഗമാണു . അന്നന്നത്തെ വീട്ടുസാധനങ്ങൾ വാങ്ങിക്കാനേ പൈസ തികയൂ..
നൂറു ഗ്രാം പഞ്ചസാര,
ഇരുപത്തഞ്ച്‌ ഗ്രാം ചായപ്പൊടി,
അമ്പത്‌ ‌ ഗ്രാം പരിപ്പ്‌,
അമ്പത്‌ മില്ലി വെളിച്ചെണ്ണ
പിന്നെ അച്ചമ്മക്ക്‌ വെറ്റില, പുകയില തണ്ട്‌,
അച്ചനു സിസർ, ഇളയച്ഛനു ദിനേശ്‌ ബീഡി ഇതായിരിക്കും മിക്ക ദിവസങ്ങളിലെയും ലിസ്റ്റ്‌.
ചില ദിവസങ്ങളിൽ മാത്രം വാങ്ങിക്കുന്ന ഉപ്പ്‌, മുളക്‌, മൈദ ഇങ്ങനെയുള്ളവയിൽ ഞാൻ ചേർക്കുന്ന അഞ്ച്‌ പൈസയുടെയും പത്ത്‌ പൈസയുടെയും വർദ്ധനവ്‌ ഇന്ന് പറഞ്ഞാൽ ജി എസ്‌ ടി ഇതായിരുന്നു മുട്ടായി വാങ്ങിക്കാനുള്ള ആകെ വക.
മുട്ടായിയിൽ തന്നെ കൊപ്രമുട്ടായി ആയിരുന്നു എനിക്ക്‌ ഏറ്റവും ഇഷ്ടം.
ഈ പ്രത്യേക ദിവസങ്ങളിൽ സ്ഥിരമായി വാങ്ങിക്കുന്ന കടയിൽ പോകില്ല.
കാരണം അവിടുന്ന് വെട്ടിപ്പ്‌ നടത്തിയാൽ വീട്ടിൽ അറിയാൻ സാധ്യത കൂടുതലുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ കുറച്ച്‌ അപ്പുറത്തെ നാരായണാട്ടന്റെ കടയിൽ പോയിട്ടാ അന്നത്തെ സാധനങ്ങൾ വാങ്ങിക്കുന്നേ. അവിടെ പക്ഷെ കൊപ്രമുട്ടായി ഇല്ല . അവിടെ ഉള്ളത്‌ പച്ച കവറിൽ ചുറ്റിയ "പാരീസ്‌" മുട്ടായിയാ. അതിനന്ന് പതിനഞ്ച്‌ പൈസ ആയത്‌ കൊണ്ട്‌ മാത്രം എനിക്ക്‌ അത്‌ അത്ര ഇഷ്ടായിരുന്നില്ല. അവിടുന്ന് സാധനങ്ങളും വാങ്ങി നേരെ വാസുവാട്ടന്റെ കടയിൽ പോയാ കൊപ്ര മുട്ടായി വാങ്ങിക്കുക.
ചെറിയ ഒരു മുറി പീടിക.
മൺകലം, പായ, കയർ തുടങ്ങിയ സാധനങ്ങളും കുറച്ച്‌ മുട്ടായി ഭരണികളും മാത്രേ ഉള്ളായിരുന്നുള്ളൂ അവിടെ.
തടിച്ച്‌ കുറുകിയ ഉള്ളിൽ ധരിക്കുന്ന വെള്ള ബനിയനും വെള്ള മുണ്ട്‌ ഏകദേശം വയറിനു മുകളിൽ മടക്കി കുത്തിയും കാണുന്ന സ്ഥിര വേഷം.
മൂപ്പരുടെ ചെവിയിൽ വളർന്നിരിക്കുന്ന രോമങ്ങളുടെ നീളം എന്നും എനിക്ക്‌ കൗതുകമായിരുന്നു.
ഒരിക്കലും വലിയ തിരക്കില്ലാത്ത കട. അത്‌ കൊണ്ട്‌ തന്നെ മിക്ക ദിവസങ്ങളിലും വാസുവാട്ടൻ സൈഡിലെ ബെഞ്ചിൽ കിടന്നിട്ടാ ഉണ്ടാവുക. "വാസ്വാട്ടാ മുട്ടായി" ന്ന് പറഞ്ഞാൽ "അവിടുന്നെടുത്തോ" എന്ന് പറയും. ഒന്നോ രണ്ടോ മുട്ടായി എടുത്ത്‌ പൈസയും അവിടെ വച്ച്‌ വേഗം സ്ഥലം വിടും.
ആ കൊപ്രമുട്ടായി വായിലേക്കിട്ട്‌ കഴിഞ്ഞാ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല. പയ്യന്നൂർ കോളേജൊക്കെ പിന്നെ വന്നതല്ലേ. മുട്ടായി അലിഞ്ഞ്‌ തീർന്ന് ഒടുവിലാ കൊപ്രയും കൂടി നാവു കൊണ്ട്‌ നുണഞ്ഞ്‌ തീരുന്നത്‌ വരെ മനസ്സറിഞ്ഞ്‌ ആസ്വദിച്ച്‌ തിന്നും.
പിന്നീട്‌ ഒരു വെപ്രാളമാണു. വീട്ടിൽ മണക്കാതിരിക്കാൻ കുറേ ഉമി നീർ തുപ്പുകയും ഇറക്കുകയുമൊക്കെ ചെയ്താ സാധാരണ വീട്ടിലെത്തുന്നത്‌.
പക്ഷെ ഇവൾ ഒരു വട്ടം കണ്ടു പിടിച്ചു. അതിന്റെ മണം. അതിനു ശേഷം പിന്നാലെ കൂടിയിരിക്കുകയാ അവളും.
"അമ്മേ ഇന്ന് മോളെയും കൂട്ടാം കടയിൽ പോകുമ്പോ"
പതിവില്ലാത്ത ചോദ്യം കേട്ട്‌ സംശയത്തോടെ അമ്മ മുഖത്തേക്ക്‌ നോക്കി.
"വേഗം വരാമ്മേ"
ആദ്യം സമ്മതിച്ചില്ലെങ്കിലും അരസമ്മതം കിട്ടിയ ഉടനെ അവളുടെ കൈയ്യും പിടിച്ച്‌ ഊരു കണ്ടിയും ചാടി ഇറങ്ങി ഇടയിലൂടെ
വയലും മുറിച്ച്‌ കടന്ന് നാരായണാട്ടന്റെ കടയിലെത്തുമ്പോളേക്കും കിതപ്പ്‌ വന്നിരുന്നു. തിരക്കുകൾക്കിടയിലൂടെ കൈ നീട്ടി ചീട്ടും സഞ്ചിയും നൽകിയപ്പൊ അവളുടെ കണ്ണുകൾ മുഴുവൻ മുട്ടായി ഭരണിയിലായിരുന്നു. പാരീസ്‌ മുട്ടായിക്ക്‌ നേരെ വിരൽ ചൂണ്ടിയ അവളോട്‌ കണ്ണുകൾ കൊണ്ട്‌ അതല്ലേ വേറെയാ നല്ലത്‌ എന്ന് പറഞ്ഞെങ്കിലും അക്ഷമയായിരുന്നു അവളുടെ കണ്ണുകളിൽ. അവിടുന്ന് സാധനങ്ങളും ബാക്കി പൈസയും വാങ്ങി വാസുവാട്ടന്റെ കടയിലെത്തുമ്പോൾ വാസുവാട്ടൻ സന്ധ്യാ വിളക്ക്‌ വെച്ച്‌ കൈകൂപ്പി നിൽക്കുകയായിരുന്നു. അത്‌ കണ്ട്‌ വിളിച്ച്‌ ശല്ല്യപ്പെടുത്താതെ കാത്തു നിൽക്കെ അവൾ ഓരോ ഭരണിയും ചൂണ്ടി കാണിച്ച്‌ "ഇത്‌ വേണം ഇത്‌ വേണം" ന്ന് പറയുന്നുണ്ടായിരുന്നു.
വിളക്കിനു മുന്നിൽ തൊട്ട്‌ തൊഴുത്‌ കണ്ണു തുറന്ന വാസ്വാട്ടൻ എന്നെ കണ്ട ഉടനെ ചോദിച്ചു
"ന്താ നായരെ എന്താ വേണ്ടേ"
"രണ്ട്‌ കൊപ്പര മുട്ടായി വാസ്വാട്ടാ"
ഭരണി തുറന്ന് മുട്ടായി നീട്ടിയപ്പൊ എന്നെക്കാൾ മുന്നെ വാങ്ങുകയും വാങ്ങിയ ഉടനെ വായിലേക്കിടുകയും അത്‌ രണ്ട്‌ അണ്ണിയിലും സെറ്റ്‌ ചെയ്തു എന്നെ കാണിക്കുകയും ചെയ്തു അവൾ.
അപ്പൊ വാസ്വാട്ടൻ
"അല്ല അപ്പൊ നിനക്കൊ നായരേ"?
"എനിക്ക്‌ വേണ്ട വാസ്വാട്ടാ പൈസ ഇല്ലാ" ന്നും പറഞ്ഞ്‌ അവളെ കൈയും പിടിച്ച്‌ നടക്കാൻ തുടങ്ങിയപ്പൊ ഏയ് അത്‌ "ശരിയല്ലടോ പൈസ ഇഞ്ഞി പിന്ന തന്നേ"
ന്നും പറഞ്ഞ്‌ ഒരു മുട്ടായി എനിക്കും തന്നു വാസ്വാട്ടൻ. അതും വാങ്ങി ചിരിച്ചോണ്ട്‌ ഞങ്ങൾ രണ്ടാളും കടയിൽ നിന്നിറങ്ങി ഒരു നാലു സ്റ്റെപ്പ്‌ മുന്നോട്ട്‌ വച്ചേ ഉള്ളൂ..
മുന്നിൽ ഇളയച്ചൻ.
ഞങ്ങൾക്ക്‌ പൊതുവേ മൂപ്പരെ ഭയങ്കര പേടി ആയിരുന്നു. ഇനി ഈ മുട്ടായി തിന്നുന്നതും കൂടി കണ്ടാൽ വീട്ടിലറിയും പണിയാകെ പാളും. ഞാൻ പേടിയോടെ അനിയത്തിയുടെ മുഖത്തേക്ക്‌ നോക്കിയപ്പൊ അവളുടെ മുഖത്തിന്റെ രണ്ട്‌ ഭാഗവും സാധാരണ പോലെ.. മൂപ്പർ മുന്നിലും ഞങ്ങൾ പിന്നിലുമായി നടക്കാൻ തുടങ്ങി.
എന്റെ മുട്ടായി ശബ്ദമില്ലാതെ ഞാൻ കടിച്ച്‌ തിന്നു. മെല്ല അവളോട്‌ മുട്ടായി എവിടെന്ന് ചോദിച്ചപ്പൊ അവൾ ആദ്യം തിന്നെന്ന് പറഞ്ഞെങ്കിലും പിന്നീട്‌ വിഴുങ്ങി എന്ന് പറഞ്ഞപ്പൊ തൊട്ട്‌ എനിക്ക്‌ പേടിയാവാൻ തുടങ്ങി.
വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടും ഉറങ്ങാൻ കിടന്നിട്ടും ഒന്നും എനിക്കുറക്കം വന്നില്ല.
രാത്രിയിൽ ഉറങ്ങുന്ന അവളുടെ മൂക്കിൽ വിരൽ കൊണ്ട്‌ തൊട്ട്‌ ശ്വാസം നോക്കിയും
ഇടക്ക്‌ കൈ തട്ടി നോക്കിയും ഒക്കെ ജീവനുണ്ടെന്ന് ഉറപ്പ്‌ വരുത്തുന്നതിനിടയിൽ എപ്പൊളോ ഞാൻ ഉറങ്ങി പോയി.
പിറ്റേന്ന് സ്കൂൾ വിട്ട്‌ വന്ന് അവളെ കണ്ടതിനു ശേഷം മാത്രമേ എനിക്ക്‌ ശരിക്കും ജീവൻ തിരിച്ച്‌ കിട്ടിയിരുന്നുള്ളൂ.
ഇന്നും ആ കടയും അടുത്ത കാലത്ത് നമ്മളെ വിട്ടു പോയ വാസ്വാട്ടനും കുട്ടിക്കാലവും ഒക്കെ ഒരു കൊപ്പര മുട്ടായിയുടെ മധുരമായി ഉള്ളിൽ നിറയാറുണ്ട്‌..
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo