Slider

പ്രേതം

0
Image may contain: 1 person, beard and indoor
11 മണിക്ക് ഉറങ്ങാൻ കിടന്നതാണ് ഒരു മണിയായിട്ടും ഉറക്കം വന്നില്ല ചിന്ത മുഴുവൻ നാളത്തെ മീറ്റിംഗിനെ കുറിച്ചാണ്. ആറു മാസമായി ബിസിനസ് വളരെ മോശമാണ്. ഒരു കാരണവശാലും നാളത്തെ മീറ്റിങ്ങ് ഫെയിൽ ആയിക്കൂടാ തിരിഞ്ഞും മറിഞ്ഞും കിടന്ന് രണ്ടു മണിയായി. വൈഫും മോളും ബോധം കെട്ട് ഉറങ്ങുന്നത് അസൂയയോടെ നോക്കികിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വാഷ് റൂമിൽ പോകാൻ ബെഡിൽ നിന്ന് എഴുന്നേറ്റു. നേരം വെളുത്തോ എന്നറിയാൻ അടുക്കളയുടെ വിൻഡോയിൽ കൂടി പുറത്തേക്ക്‌ നോക്കിയതാണ് എന്തോ ഒന്ന് കണ്ണിൽ പെട്ടു. പൊടിപിടിച്ചതുകൊണ്ട് ക്ലിയർ അല്ലാത്ത സ്ലൈഡിങ് വിൻഡോ പതുക്കേ തുറന്നു. എനിക്ക് തോന്നിയതല്ല എന്റെ മോളുടെ പ്രായം തോന്നിക്കുന്ന വെളുത്ത ഒരു സുന്ദരിക്കുട്ടി തൊട്ടടുത്ത ബിൽഡിങ്ങിലെ ബാൽക്കണിയിൽ നിന്ന് എന്നെ നൊക്കി ചിരിക്കുന്നു ഞാനും ചിരിച്ചു. ആ ബിൽഡിങ്ങിൽ മറ്റൊരു മുറിയിലും വെളിച്ചം ഇല്ല. ആ ബാൽക്കണിയിൽ മാത്രമേ ഒരു ചെറിയ വെളിച്ചം ഉള്ളൂ. ആ നേരത്തു ഒരു കൊച്ചുകുട്ടിയെ അവിടെ ഒറ്റക്ക് കണ്ടപ്പോൾ എനിക്കദ്ഭുതം തോന്നി. വാഷ് റൂമിലെ എക്സോസ്റ് ഫേനിന്റെ ഒച്ചകേട്ട് അത് ഓഫ്‌ ചെയ്ത് ഞാൻ തിരിച്ചു വന്നപ്പോൾ ആ കുട്ടിയെ അവിടെ കണ്ടില്ല ഞാൻ തിരിച്ചു വന്നു ബെഡിൽ കിടന്നു.
ആ ദിവസം എൻറെ മനസ്സിൽ ആ കുട്ടിയുടെ മുഖം തന്നെയായിരുന്നു. ഞാൻ വൈകീട്ട് ജോലി കഴിഞ്ഞ് വന്ന് വൈഫിനോടും പിന്നെ വാച്ചുമേനോടും കുട്ടിയെ കണ്ട ബിൽഡിങ്ങിന്റെ വാച്ചുമേനോടും കാര്യം പറഞ്ഞു. മൂന്ന് പേരും ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. എന്റെ ഒരു കൊളീഗിനോടും മറ്റു രണ്ടു സുഹൃത്തുക്കളോടും ഞാനീക്കാര്യം പറഞ്ഞു 'ഈ മെട്രോപൊളീറ്റിൻ സിറ്റിയിൽ പ്രേതമോ' ? പുച്ഛത്തോടെ അവരൊക്കെ എന്നോട് ചോദിച്ചു. എന്തൊക്കെ പറഞ്ഞാലും ഞാൻ കണ്ടതാണ് എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ചിരിച്ചതാണ്.
ഞാൻ എല്ലാ ദിവസവും രാവിലെയും വൈകീട്ടും സമയം കിട്ടുമ്പോഴൊക്കെ ഇടക്കിടക്ക് അവിടെ ചെന്ന് നോക്കുന്നത് കണ്ട് എനിക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് കരുതി വൈഫ് അമ്മയെ വിളിച്ച്‌ ഏതോ ഒരു അമ്പലത്തിലൽ വഴിപാട് കഴിക്കാൻ പറയുന്നത് കേട്ടു.
അടുത്ത അവധി ദിവസം വെള്ളിയാഴ്ച രാവിലെ താഴെ ബാർബർ ഷാപ്പിൽ പോയി ഷേവ് ചെയ്തുകൊണ്ടിരിക്കെ പാലക്കാട്ടുകാരനായ ആ ചേട്ടനോട് ഇതേ കാര്യം പറഞ്ഞു വലിയൊരാശ്വാസം ആ ചേട്ടൻ ചിരിച്ചില്ല, എന്നോടു പറഞ്ഞു ആ ബിൽഡിങ്ങിന്റെ തൊടടുത്ത ബിൽഡിങ്ങിൽ ഇരുപത് വർഷമായി ഒരു മെഡിക്കൽ ഷോപുണ്ട്. അതിന്റെ ഉടമ മഹ്‌റൂഫ് കാക്ക് ചിലപ്പോൾ എന്തെങ്കിലും അറിയുമായിരിക്കും.
പിറ്റേ ദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വന്ന് നേരെ പോയത് മെഡിക്കൽ ഷോപ്പിലേക്കാണ്. ഷോപ്പിൽ തിരക്കായത്‌ കാരണം മാറി നിന്നു. കുറച്ചു കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോൾ മഫറൂക്ക്കയെ പരിചയപ്പെടുകയും വന്ന കാര്യം ചെറിയ ഒരു ചമ്മലോടെ പറയുകയും ചെയ്തു. അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ ഒഴിവാക്കുക മാത്രം ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വാച്ച്മാൻ എന്നോട് മെഡിക്കൽ ഷോപ്പിലേക്ക്‌ ചെല്ലണമെന്ന് പറഞ്ഞു. ഞാൻ പോയി അദ്ദേഹം എന്നെ വളരെ സ്നേഹത്തോടെ അദ്ധേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു.
ഞാൻ കുട്ടിയെ കണ്ട ബിൽഡിങ്ങിൽ വർഷങ്ങൾക്ക് മുമ്പ് ഒരു ഫിലിപ്പീനി കുട്ടി ബാൽക്കണിയിൽ നിന്ന് വീണ് മരിക്കുകയും അന്ന് രാത്രി തന്നെ ആ കുട്ടിയുട അച്ഛനും അമ്മയും ആ ഫ്‌ളാറ്റിൽ വെച്ച് ആത്മഹത്യ ചെയ്തതായും അദ്ദേഹം പറഞ്ഞു. ഈ കാര്യം മുമ്പ് പറയാതിരുന്നത് ഈ ബിൽഡിങ്ങും അദ്ധേഹത്തിന്റെ മെഡിക്കൽ ഷോപ് ഇരിക്കുന്ന ബിൽഡിങ്ങും ഒരേ ആളുടേതായതിനാൽ നല്ലവണ്ണം ആലോചിച്ചതിനുശേഷം പറയാമെന്ന് കരുതിയായിരുന്നു. ഇത് ഇവിടെ പറഞ്ഞു നടക്കരുതെന്ന മുന്നറിയിപ്പും തന്നു.
പിന്നങ്ങോട്ടുള്ള ഏതാനും മാസങ്ങൾ സമയം കിട്ടുമ്പോഴൊക്കെ സ്പിരിറ്റിനെ കുറിച്ച് ഗൂഗിൾ സെർച്ചിങ്ങും നാട്ടിൽ ചില പുരോഹിതരോട് ഇതിനെപറ്റിയുള്ള ചാറ്റിങും ആയിരുന്നു. പക്ഷെ എനിക്ക് കൂടുതലായി ഒന്നും തന്നെ അറിയാൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ എന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചു ഞാനൊരാളെ കാണാൻ പോയി. ഒത്തിരി ശ്രമിച്ചിട്ടാണ് അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞത്. അദ്ദേഹം ഒരു ഇന്ത്യൻ സ്കൂളിൽ എച്ച്‌.ഒ.ടി ആണ് പ്രൊഫ.യേശുദാസ് സാർ പിഎച്ച്ഡി ആണ്. എല്ലാം കേട്ടതിനുശേഷം അദ്ദേഹം എന്നെ ചില കാര്യങ്ങൾ ധരിപ്പിച്ചു.
ഒരു വ്യക്തി തന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ തീരാതെ അപകടം സംഭവിച്ചു പെട്ടന്ന് മരണപ്പെടുന്നതിനെയാണ് 'ദുർമരണം' എന്ന് പറയുന്നത്. ജീവിച്ചിരിച്ചിരിക്കുന്ന ആളുകളുടെ സ്വഭാവം പോലെ തന്നെ തീർച്ചയായും സ്വസ്ഥത ഉണ്ടാകില്ല.(നമ്മളൊക്കെ ചിലത് ആഗ്രഹിച്ചിട്ട് നടക്കാതെ വരുമ്പോൾ വിഷമിക്കാറില്ലേ)
സ്പിരിറ്റ് രണ്ടു കാര്യങ്ങളാണ് എറ്റവും കൂടുതൽ ആഗ്രഹിക്കുക. മരണത്തിന് തൊട്ടുമുമ്പ് കണ്ട കാഴ്ച്ച വീണ്ടും കാണാൻ ആഗ്രഹിക്കുക, പിന്നെ തന്നെ എറ്റവും അധികം ഇഷ്ട്ടപ്പെട്ടിരുന്നവരുടെ അടുത്തിരിക്കാൻ ആഗ്രഹിക്കുക. ഞാൻ പറഞ്ഞ ഈ കാര്യങ്ങളൊക്കെ നിങ്ങൾ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം, പക്ഷെ ഇനി എന്നെ വന്ന് ബുദ്ധിമുട്ടിക്കരുത് അദ്ദേഹം പറഞ്ഞ് നിർത്തി.
എന്നാൽ ഞാൻ പറഞ്ഞ ഒരു കാര്യത്തോട് അദ്ദേഹം യോജിച്ചില്ല. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള ഉള്ള ഒരു കുട്ടി മരണപ്പെട്ടാൽ തന്റെ മാതാപിതാക്കളുടെ അടുത്തു വന്നു പോകാനാണ് എപ്പോഴും ആഗ്രഹിക്കുക എന്നാൽ ഈ കുട്ടിയുടെ കാര്യത്തിൽ അവരും മരണപ്പെട്ടു. അങ്ങനെയാണെങ്കിൽ ഈ സ്പിരിറ്റ് ഇവിടെ വരുന്നത് എന്തിന്??? അതായത് ഞാൻ അവിടെ കണ്ടത് മറ്റെന്തോ ആണ്, അല്ലെങ്കിൽ ആ കുടുമ്പത്തിന്‌ സംഭവിച്ചത് വേറെ എന്തോ ആണ്.
ഞാൻ എല്ലാ കാര്യങ്ങളും മഹ്‌റൂഫ്ക്കയെ അറിയിച്ചു. അദ്ദേഹം അന്നത്തെ മരണങ്ങളും അതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിച്ചറിയാൻ എന്നെ സഹായിക്കാമെന്നേറ്റു. ഒരുപാടു വർഷത്തെ മെഡിക്കൽ ഫീൽഡിലെ പരിജയം വെച്ച് അദ്ദേഹം മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് അന്ന് നടന്ന ചില കാര്യങ്ങൾ മനസിലാക്കി.
മരണശേഷം അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങൾ ഫിലിപ്പീൻസിലേക്ക് കൊണ്ടുപോയി. എന്നാൽ അച്ഛന്റെ പേരിന്റെ കാര്യത്തിൽ ആശയക്കുഴപ്പം വന്നതിനാൽ മരണപ്പെട്ട കുട്ടി ഇവരുടേതാണെന്ന് തെളിയിക്കാൻ ബന്തുക്കൾക്കായില്ല. അങ്ങനെ കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതത്തോടെ ഇവിടെ തന്നെ സംസ്കരിക്കുകയായിരുന്നു. കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി.
ഞാൻ വീണ്ടും യേശുദാസ് സാറിനെ ചെന്ന് കണ്ടു, അന്ന് സംഭവിച്ചതെല്ലാം അദ്ദേഹത്തെ അറിയിച്ചു.
എല്ലാം കേട്ടപ്പോൾ അദ്ധേഹത്തിന്റെ മനസിലും വിഷമമുണ്ടായി. സ്പിരിറ്റ് എന്നത് കുട്ടികൾ ഭക്ഷണം കഴിക്കാൻ വേണ്ടി പണ്ട് അമ്മമാർ കണ്ടുപിടിച്ച ഒരു നുണക്കഥയല്ല. ഇന്ന് ലോകത്തിലെ വികസിത രാജ്യങ്ങളിൽപ്പോലും മരണാനന്തര ജീവിതത്തെക്കുറിച്ചും, സ്പിരിറ്റുകളെക്കുറിച്ചും അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഒട്ടനവധി ആളുകളാണ്‌. സ്പിരിറ്റിൽ വിശ്വസിക്കുകയും, കൂടുതൽ അറിയാൻ ഒരുപാട്‌ സമയം കളയുകയും ചെയ്യുന്ന വിവിധ മേഖലകളിൽ അറിയപ്പെടുന്ന ബുദ്ധിരാക്ഷസന്മാരും ഉണ്ട്.
ഞാൻ കണ്ടത് ഒരു നല്ല സ്പിരിറ്റാണ് അതിനാൽ എന്തുകൊണ്ടും പേടിക്കണ്ട. നമ്മുടെ ചുറ്റിലും സ്പിരിറ്റുകളുണ്ട് എന്നാൽ എല്ലാവർക്കും അത് കാണാൻ കഴിയില്ല. നീ പേടിച്ചോടാതെ അതിനെ നോക്കി ചിരിക്കുക നിനക്ക് അതിനെകൊണ്ട് ഗുണമേ ഉണ്ടാകൂ. എപ്പോൾ വേണമെങ്കിലും നിനക്കെന്നെ വന്ന് കാണാം അദ്ദേഹം സമ്മതം തന്നു.
രാവിലെ ആറ് മണിക്ക് എനിക്ക് വളരെ ദൂരെ ഒരിടത്ത് എത്തേണ്ട ആവശ്യം ഉണ്ടായിരുന്നു. രണ്ടു മണിക്ക് അലാറം വെച്ച് എണീറ്റു നേരെ അടുക്കളയിലേക്ക് ചായ ഉണ്ടാക്കാൻ കയറി.
ആമ്പുലന്സിന്റെ ശബ്ദം കേട്ടു അടുക്കളയിലെ വിൻഡോയിലൂടെ റോഡിലേക്ക് നോക്കിയതാണ് ഞാൻ ഒരിക്കൽ കൂടി കാണാൻ ഒരുപാട്‌ ആഗ്രഹിച്ച ആ മുഖം അപ്പോൾ ആ ബാൽക്കണിയിൽ എന്നെ നോക്കി നിൽക്കുന്നു. എന്നാൽ ഇപ്രാവിശ്യം ചിരിക്കുകയായിരുന്നില്ല. എന്റെ മകളെ പാർക്കിൽ കളിക്കാൻ കൊണ്ടുപോകുംമ്പോൾ അവളെ പറ്റിക്കാൻ ഞാൻ ഒളിച്ചു നിൽക്കും ചുറ്റും നല്ലപോലെ നോക്കിയിട്ടും എന്നെ കാണാതെ വരുമ്പോൾ സങ്കടം വന്ന മോളുടെ മുഖമുണ്ട് അതാണ് ഞാനവിടെ കണ്ടത്‌.
ആറു മാസം മുമ്പ് നടന്ന കാര്യങ്ങൾ ഇപ്പോൾ എഴുതാൻ പ്രേരണ തന്നതും ഇതേ മുഖമാണ്‌.
ലിഷോയ് മതിലകം.
04/10/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo