വിവാഹം എന്ന ആഘോഷം കഴിഞ്ഞതോടെ മറ്റ് ആഘോഷങ്ങൾ പതിയെ റ്റാ റ്റാ പറഞ്ഞിറങ്ങിപ്പോയി.
വല്ലപ്പോഴും അവളൊന്നു വീട്ടിൽ പോകാൻ തുടങ്ങുമ്പോൾ "ഇപ്പം പോവണോ?.... നിർബ്ബന്ധമാണോ?....നാളെ രാവിലെ തന്നെ ഇങ്ങുവരണേ....ഞാൻ രാവിലെ വിളിക്കാൻ വരാം." എന്ന സ്ഥിരം നമ്പർ വിട്ട്, അവളെ വീട്ടിലെത്തിക്കും. എന്നിട്ട് ഒറ്റവിടലാണ് കുട്ടുകാരോടൊപ്പം പഴയ തട്ടിക്കൂട്ടലുകളുടെ ഇടയിലേക്ക്....
അമ്മയുടെ നിരന്തര ഉപദേശത്താൽ മാനസാന്തരപ്പെട്ടു എന്നു കരുതിയ കൂട്ടുകാരെല്ലാം ജ്ഞാനസ്നാനം ചെയ്യാനായി നേരത്തേതന്നെ എത്തിയിട്ടുണ്ടാവും. ആഘോഷങ്ങൾ കഴിയുമ്പോൾ മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ "എന്നാടാ ഇനി ആ കൊച്ച് വീട്ടിൽപ്പോകുന്നത്? പോകുമ്പൊ അറിയിക്കണേ" എന്നു ജ്ഞാനസ്നാനികൾ വിഷമത്തോടെ പറഞ്ഞ് ആഗ്രഹിച്ച് പിരിയും.
ജോലി സംബന്ധമായി ഞങ്ങൾ രണ്ടാളും അനന്തപുരിയിൽ വീടെടുത്ത് താമസമായപ്പോൾ അതിനും ശുഭപര്യവസാനമായി. വീട്ടിൽപ്പോകുന്ന സമയം നടന്നിരുന്ന എന്റെ കാര്യങ്ങൾ യഥാസമയം അവളെ ആരോ അറിയിച്ചിരുന്നു എന്നത് അമ്മയുടെ പ്രത്യേക കമ്യൂണിക്കേഷൻ സ്കില്ലിന് ഒരു പൊൻ തൂവലായി ഇന്നും അവശേഷിക്കുന്നു.
അങ്ങനെ അന്യനിൽ നിന്ന് അംബിയിലേക്ക് മാറി പൂർണ്ണ ദൈവ വിശ്വസിയായി ഞാൻ കഴിഞ്ഞു വരവേയാണ് സുകുമാരൻ സാറിന്റെ റിട്ടയർമെന്റ് ദിവസം എത്തിയത്.
പതിവില്ലാതെ രാവിലെ ഞാൻ എഴുന്നേറ്റ് ചായയിട്ട് കൊണ്ടു കൊടുത്തപ്പോൾ അവളെന്നെ അക്കരെ അക്കരെ അക്കരെയിൽ മോഹൻലാൽ ശ്രീനിവാസനെ നോക്കും പോലെ നോക്കി. അത് കണ്ടില്ല എന്ന് നടിച്ച് ഞാൻ തേങ്ങാ തിരുമ്മി വച്ചു. പതുക്കെ അവളെ ഒന്ന് ഏറു കണ്ണിട്ട് നോക്കി ഫ്രിഡ്ജിൽ നിന്നും ദോശമാവ് എടുത്ത് പുറത്ത് വച്ചു.
''അല്ല നിങ്ങൾക്ക് വട്ടായോ?" ഞാൻ കൊടുത്ത കഷായം പോലത്തെ ചായ ഒരു സിപ്പെടുത്തിട്ട് അവൾ ചോദിച്ചു.
"ഇല്ലെടീ ഒന്നൂല്ല... നീയും ജോലിക്കു പോകുന്നതല്ലേ രാവിലെ ഇങ്ങനെ കഷ്ടപ്പെടുന്നതു കാണുമ്പൊ... ഉത്തരവാദിത്വവും സ്നേഹവും ഉള്ള ഭർത്താവെന്ന നിലയിൽ......''
"മതി...മതി... കഷ്ടപ്പെടണ്ട ഇന്ന് സുകുമാരൻ സാറിന്റെ റിട്ടയർമെന്റ് പാർട്ടിയാണല്ലേ... ആഘോഷിക്കാൻ പോണമായിരിക്കും വൈകിട്ട്?''
"സുകു സാർ...ശ്ശൊ! നീയെങ്ങനെ? ഇതൊക്കെ? അറിഞ്ഞു.... പിന്നെ സാറ് നിർബ്ബന്ധിക്കുമ്പൊ" ഞാൻ നസീർ സ്റ്റൈലിൽ ചോദിച്ചു.
"കൂടുതല് സത്യൻ കളിക്കാതെ മാഷേ നിങ്ങടെ ഓഫീസിലെ പത്മ ചേച്ചി പറഞ്ഞു. ഞാൻ ഇന്നലെ ബസിൽ വച്ചു കണ്ടാരുന്നു. പോന്നതൊക്കെ കൊള്ളാം ഞാനിവിടെ ഒറ്റയ്ക്കേ ഉള്ളൂ എന്നോർത്താ മതി".
വൈകുന്നേരം ഹോട്ടൽ റൂമിലെത്തുമ്പോൾ എല്ലാരും എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എത്തിയയുടൻ അവിടെത്തന്നെ ഒന്നു ഫ്രഷായി ഷോൾഡർ ബാഗിൽ ഒളിച്ചു കൊണ്ടുവന്ന ടീ ഷർട്ടൊക്കെയിട്ട് കാഷ്വൽ വെയറനായി മാറി. ഇനി ഞാൻ താമസിച്ച് വന്ന കാരണത്താൽ പാർട്ടി മാറ്റി വയ്ക്കുകയോ മറ്റോ ചെയ്താലോ എന്ന വിശാല മനസ്സുള്ളതിനാൽ വൈകിട്ട് വീട്ടിൽപ്പോലും കയറാതെയാണ് കാഷ്വൽ വെയറൻ അന്നവിടെ അവതരിച്ചത്.
ചെന്നപാടെ എന്നെക്കാൾ മുന്നെ എത്തിയ പാർട്ടി നടത്തിപ്പിന്റെ പ്രസിഡൻറും സെക്രട്ടറിയും രണ്ട് പ്രാവശ്യം വീതം "സ്നേഹിച്ചു".
''ബാക്കിയുള്ളവർ വരുമ്പോഴേക്ക് നമുക്കൊരു ഒരു ബേയ്സ്മെൻറ് ഇട്ട് നിൽക്കാം" പ്രസിഡൻറ് പറഞ്ഞു.
അപ്പൊഴേക്കും ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ അങ്ങനെ എല്ലാവരും (പിന്നീടങ്ങോട്ട് ഓഫീസിലെ എല്ലാ പരിപാടിയിലും ഞാനുൾപ്പെടെയുള്ള ഈ ഏഴു പേരാണ് സംഘാടക സമിതി) അവരോടൊപ്പം പരിപാടിയുടെ മുഖ്യ സ്പോൺസർ സുകുസാറും എത്തിച്ചേർന്നു.
ഇതിനകം ബെയ്സ്മെന്റ് പണി കഴിഞ്ഞ് ഞങ്ങൾ പതുക്കെ പില്ലർ വർക്കിലേക്ക് മാറിയിരുന്നു. ടേബിളിൽ സോഡ, ഗ്ലാസുകൾ ആഹാരസാധനങ്ങൾ എന്നിവയെല്ലാം നിരന്നു.
എല്ലാവരും അവരവരുടെ കൺസ്ട്രക്ഷൻ വർക്ക് സ്റ്റാർട്ട് ചെയ്തതിനൊപ്പം 'പ്രോഗ്രാം പവ്വേഡ് ബൈ' സുകുസാറിനെ കഴിയും വിധം പൊക്കി പൊക്കിയടിക്കാൻ തുടങ്ങി.
എല്ലാവരും അവരവരുടെ കൺസ്ട്രക്ഷൻ വർക്ക് സ്റ്റാർട്ട് ചെയ്തതിനൊപ്പം 'പ്രോഗ്രാം പവ്വേഡ് ബൈ' സുകുസാറിനെ കഴിയും വിധം പൊക്കി പൊക്കിയടിക്കാൻ തുടങ്ങി.
ജീവിതത്തിലിന്നു വരെ മനസ്സിൽ പോലും ഒരാളെ സഹായിക്കാൻ മെനക്കെടാത്ത, തനി വായിന്നോക്കിയായ സുകു സാർ ആനന്ദതുന്തിലനായി. എന്റെ ഊഴമെത്തിയപ്പോൾ "ഇദ്ദേഹം കണക്കിലെ രാവണാവതാരമായും സ്വഭാവ മഹിമയിൽ ശ്രീരാമനായും പലപ്പോഴും തോന്നീട്ടുണ്ട്" എന്നു വരെ വച്ചു കാച്ചി. ഞാനപ്പോൾ ഏതാണ്ട് സ്ട്രക്ച്ചർ വർക്ക് കംപ്ലീറ്റിംഗ് സ്റ്റേജിലായിരുന്നു.
കമ്മറ്റിക്കാരും സെക്രട്ടറിയും 'സുകുമാര ചരിതം' വിരചിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അകവും പുറവും ഏതാണ്ട് തേച്ചു കഴിഞ്ഞു. അടുത്തപടിയായി സ്ട്രക്ചറിൽ വൈറ്റ് സിമന്റ് അടിച്ചാലോ എന്നാലോചിച്ചു കൊണ്ടിരുന്നപ്പോളാണ് പ്രസിഡൻറ് പ്രസംഗിക്കാനെഴുന്നേറ്റത്.
പെട്ടെന്ന് മുന്നിലിരിക്കുന്നവർക്ക് എന്തോ ഒരു ഷെയ്പ്പ് വ്യത്യസം വരുന്നു. 70mm പടം 35 mm ൽ കാണിക്കും പോലെ എല്ലാവരും മൊത്തത്തിൽ ഒന്നു വലിഞ്ഞു പോയി. പ്രസിഡന്റിന്റെ പ്രസംഗം അടുപ്പിൽ ഒരു കുഴലുകൊണ്ടൂതും പോലെ ശബ്ദം ഏറിയും കുറഞ്ഞും ചെവിയിൽ വന്നടിച്ചു. മൊത്തത്തിൽ ഡിജിറ്റൽ ഡോൾബി ഇഫക്ട്..!
അതാ!! ചാരിയിരിക്കുന്ന സുകുസാറിന് രണ്ടാമതൊരു തല പ്രത്യക്ഷപ്പെടുന്നു. കൂടെയിരിക്കുന്ന കമ്മറ്റി മെമ്പർമാർക്കും രൂപപരിണാമങ്ങൾ സംഭവിച്ചു തുടങ്ങി. നോക്കി നിൽക്കവേ സുകുസാറിന് വീണ്ടും തലകൾ മുളച്ചു വന്നു. ഒരു പുകമറയ്ക്കപ്പുറം ബ്രഹ്മാവ് നിൽക്കും പോലെ മറുപടി പ്രസംഗത്തിനെഴുന്നേറ്റ് സുകുസാർ എന്തൊക്കെയോ അരുളിച്ചെയ്യുന്നു. എന്നെ ചൂണ്ടി എന്തൊക്കെയോ പറയുന്നു. ആ നാല് തലയും നാല് കൈകളും നോക്കി ഞാൻ പൂർണ്ണ ഭക്തനേപ്പോലെ തൊഴുതു നിന്നു.
വൈറ്റ് സിമന്റ് പണി പകുതിയാക്കി വച്ച് ഞാൻ മെല്ലെയെഴുന്നേറ്റു. അതിനു സഹായിച്ച സെക്രട്ടറിയെ ഭഗവാൻ അറുമുഖനായാണ് ഞാൻ കണ്ടത്. ചിക്കനും കപ്പയും പറ്റിയ കൈകളാൽ ആ സുബ്രഹ്മണ്യനേയും ഞാൻ തലകുനിച്ച് കൈകൂപ്പി വണങ്ങി.
തുടർന്ന് അതുവരെ പണിഞ്ഞതെല്ലാം വാഷ്ബേസിനിൽ പെയിൻറായി ഒഴുക്കി. തിരികെ കസേരയിലെത്തി പകുതിക്ക് വച്ചവസാനിപ്പിച്ച ആ വൈറ്റ് സിമന്റ് പ്രോജക്ട് ഒരിക്കൽക്കൂടി ആരംഭിക്കാൻ തുടങ്ങിയപ്പോഴേക്ക് ബ്രഹ്മാവും മുരുകനും ചേർന്നെന്നേ തടഞ്ഞു. അപ്പോഴേക്കും മറ്റു ദൈവങ്ങളും ചില അസുരൻമാരും ഒക്കെ അവിടെ എത്തിച്ചേർന്ന് 'മതിയാക്കെടാ' - 'ഇവനെ പറഞ്ഞ് വിട്' - 'ഓവറാണെന്ന് തോന്നുന്നു' ഇത്യാദി ജൽപ്പനങ്ങൾ പുറപ്പെടുവിച്ചു. അവിടെ ഒരു പാലാഴിമഥനം നടക്കാനുള്ള ഗൂഢാലോചന മനസ്സിലാക്കിയ, അതിനകം അമൃത് തറയിലും ടീഷർട്ടിലും തൂവിക്കളഞ്ഞ ഞാൻ ജോയിൻ സെക്രട്ടറി കാർത്തവീര്യാർജുനന്റെ 12 വെള്ളക്കുതിരയെ പൂട്ടിയ രഥത്തിൽ മറ്റ് ദേവൻമാരുടെ അകമ്പടിയോടെ വീട്ടിലേക്ക് യാത്രയായി. തുടർന്ന് എന്നെ വാടകവീടിനു മുന്നിൽ തളളി ദേവൻമാർ അപ്രത്യക്ഷരായി.
"ഏതവനാടാ രണ്ടു ലോറി കേറും വീതിയിൽ ഈ ഗേറ്റിവിടെ ഉണ്ടാക്കി വച്ചത് എന്തോന്നിത് ജയിലോ?" എന്ന് സ്വയം ചോദിച്ച് വാടക വീടിന്റെ വലിയ ഗേറ്റിനു മുമ്പിൽ എന്തുചെയ്യണമെന്നറിയാതെ കുറച്ചു നേരം ഞാൻ നിന്നു. വൻകിട സംഭവമായി തുടങ്ങി ഒടുക്കം പകുതിക്ക് വച്ച് കാശില്ലാതെ എല്ലാം വിറ്റ് തിരികെപ്പോകുന്ന ഒരു പ്രവാസിയുടെ അവസ്ഥയിലായിരുന്നു ആ കാഷ്വൽ വെയറൻ. സമയം ഏതാണ്ട് 11.30 ആയിരുന്നു അപ്പോൾ. ശബ്ദമുണ്ടാക്കാതെ ആ വലിയ ഗേറ്റിനു മുകളിലേക്ക് ഷോൾഡർ ബാഗുമായി പ്രവാസി പിടിച്ചു പിടിച്ചു കയറി.
ഗേറ്റിനു മുകളിൽ വലിഞ്ഞു പിടിച്ച് കയറി കുന്തം പോലെ മുകളിൽ വച്ചിരിക്കുന്ന ഗ്രില്ലിനിടയിലൂടെ ഒരു കാൽ അപ്പുറത്തെത്തിച്ചതും ഒരു വലിയ ശബ്ദത്തോടെ ഗേറ്റ് മലർക്കെ തുറന്നതും ഒരുമിച്ചായിരുന്നു. ആ ആയത്തിൽ വീണ്ടും ഗേറ്റ് ഒന്നടഞ്ഞ് ഒന്നുകൂടി തുറന്നു. ഞാനാവട്ടേ ചന്തി ഗേറ്റിൽ കുരുങ്ങി 'ലുട്ടാപ്പി കുന്തത്തിൽ വരുംപോലെ' ഗേറ്റിൽ ഒട്ടിപ്പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആടാൻ തുടങ്ങി....
ഗേറ്റിന്റെ ലോക്ക് തുറന്നിട്ട്, മറ്റുള്ളവർ കാണാതിരിക്കാൻ മുന്നിലെ ലൈറ്റും ഓഫ് ചെയ്ത് അതു വരെയും അത്താഴമുണ്ണാതെ കാത്തിരുന്ന ഭാര്യയുടെ മുന്നിലേക്ക് ലോകത്തൊരു ഭർത്താവും എടുക്കാത്ത "ഗേറ്റിൽ കുരുങ്ങിയ ലുട്ടാപ്പി അവതാരമായി" ഞാൻ എത്തിച്ചേർന്നു. അവളെക്കൊണ്ട് കാല് പിടിപ്പിച്ച് വലിച്ച് മറ്റേ കാലും ഇപ്പുറത്തെത്തിച്ചെങ്കിലും ഇറങ്ങുന്നവഴിയിൽ
ഷോൾഡർ ബാഗ് കുരുങ്ങി ലുട്ടാപ്പിയിൽ നിന്ന് ഞാൻ സ്പൈഡർമാനായി ഗേറ്റിനൊപ്പം രണ്ടു മൂന്നാവർത്തി തൂങ്ങിയാടി.
ഷോൾഡർ ബാഗ് കുരുങ്ങി ലുട്ടാപ്പിയിൽ നിന്ന് ഞാൻ സ്പൈഡർമാനായി ഗേറ്റിനൊപ്പം രണ്ടു മൂന്നാവർത്തി തൂങ്ങിയാടി.
"ഒന്നു നന്നായി തള്ളിയാൽ പോരാരുന്നോ... അതെങ്ങനാ വല്ല വെളിവും ഉണ്ടോ?'' എന്നെ വലിച്ച് താഴെയിട്ടു കൊണ്ടവൾ തുടർന്നു.
"നാളെ ഏതു പരുവത്തിൽ വന്നാ ലുട്ടാപ്പി എന്നെക്കൊണ്ട് കാല് പിടിപ്പിക്കുന്നത്?''
അതു കേട്ടിട്ടും ഒന്നും മിണ്ടാതെ, ഒട്ടും വയലന്റ് ആകാതെ കാഷ്വൽവെയറൻ - പ്രവാസി - ലുട്ടാപ്പി - സ്പൈഡർമാൻ എന്നീ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയിൽ നിന്ന് ദൈവഭക്തിയും അനുസരണാ ശീലവുമുള്ള ആ ജൻറിൽമാൻ കിടക്കയിലേക്ക് വീണു കണ്ണിറുക്കി അടച്ചു.
പിറ്റേന്ന് രാവിലെ ഗേറ്റ് തുറന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്....ചായയോടൊപ്പം ഒരു പ്രദർശനവുമവളൊരുക്കിയിരുന്നു. കീറിയ ബാഗ്, കുത്തിക്കിഴിഞ്ഞ് വാള് വീണ ടീ ഷർട്ട്, മൂട് കീറിയ പാൻറ്... ഞാനവളെ നോക്കിയൊന്നു ചിരിച്ചു.
തീർന്നില്ല....
കുന്തത്തിൽ വരുന്ന ലുട്ടാപ്പിയുടേയും സ്പൈഡർമാന്റയും ഓരോ സ്റ്റിക്കറും.....
- ഗണേശ് -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക