ഭാഗം 3 : ഒരു മെസ്സെൻജർ പ്രണയം :- മറുപടി എഴുതാനിരുന്നപ്പോൾ അവൾ പലതും ചിന്തിച്ചു: അതു കൊള്ളാം, ആ കക്ഷിക്ക് ചാരുകസേരയിൽ കിടന്ന് അയവിറക്കാൻ ഒരു പ്രണയം! അതാണു താനുമായി ആഗ്രഹിക്കുന്നത്. ആ കക്ഷിയെ ഒന്നു വട്ടം ചുറ്റിച്ചിട്ടു തന്നെ കാര്യം!! അയ്യോ പാവം! താനൊരുക്കുന്ന പ്രണയക്കുരുക്കിൽ വീണ് എന്തൊക്കെയാണാവോ പുള്ളി കാട്ടികൂട്ടാൻ പോകുന്നത്! എന്തുമാകട്ടെ, പക്വത വന്നു എന്നാണല്ലോ അറിയിച്ചിരിക്കുന്നത്. ആ പക്വത എത്രത്തോമുണ്ട് എന്ന് പരീക്ഷിച്ചറിഞ്ഞുകളയാം! എങ്കിലും തൽക്കാലം പ്രണയമൊന്നും പ്രകടിപ്പിക്കാതെ മറുപടി കൊടുക്കാം..!. ഇങ്ങനെ ചിന്തിച്ചിട്ട് അവൾ ഒരു മറുപടി എഴുതാൻ തുടങ്ങി: "പ്രിയ എഴുത്തുകാരാ, എഴുത്തുകാരിയായ എനിക്ക് താങ്കളുടെ പ്രണയാഭ്യർത്ഥന സ്വീകരിക്കണമെന്നു തന്നെയാണ് ആഗ്രഹം! പക്ഷെ താങ്കൾ ഒരു വിവാഹിതനും ഞാൻ അവിവാഹിതയും ആയതിനാൽ പ്രണയത്തിൽ ഒരു പൊരുത്തക്കേടുണ്ട് എന്ന് വിനീതമായി ഓർമപ്പെടുത്തട്ടെ! പരസ്പരം കാണില്ല എന്ന നിബന്ധന നമ്മൾക്കിടയിൽ ഉണ്ടെങ്കിൽ പോലും, ഞാൻ എന്നെങ്കിലും വിവാഹം കഴിച്ചേക്കാവുന്ന ആളെ മനസ്സുകൊണ്ട് വഞ്ചിക്കലായിരിക്കില്ലേ ഈ പ്രേമം എന്ന് ഞാൻ ഭയക്കുന്നു. താങ്കളാണെങ്കിൽ മനസ്സുകൊണ്ടാണെങ്കിലും ഭാര്യയെ വഞ്ചിക്കുകയല്ലേ എന്ന സംശയവും എനിക്കുണ്ട്. ഭാര്യ വച്ചുവിളമ്പി തരുന്ന ഭക്ഷണം കഴിച്ച് , അവൾ കഴുകി ഇസ്തിരിയിട്ട് തന്ന വസ്ത്രവും ധരിച്ച് നടക്കുന്ന താങ്കൾ മറ്റൊരാളോടുള്ള പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നത് ശരിയാണോ? ഞാനാണ് ആ ഭാര്യയെങ്കിൽ താങ്കളെ ഒലക്കക്കടിക്കും!. എന്റെ ഭർത്താവാകാൻ പോകുന്ന ആൾ എന്നെയല്ലാതെ മറ്റൊരു പെണ്ണിനെ മനസ്സിൽ പ്രണയിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് പരസ്പരം കാണാതെയാണെങ്കിൽ പോലും നമ്മൾ തമ്മിൽ പ്രണയിക്കുന്നത് ശരിയല്ലാ എന്നാണെന്റെ അഭിപ്രായം. അതുകൊണ്ട് നല്ല സുഹൃത്തായി തുടരാനാണ് എനിക്കിഷ്ടം എന്നറിയിക്കട്ടെ..." ഇത് വായിച്ച അയാൾ അതിന് മറുപടി എഴുതാനിരുന്നു... ചപലമായ ചിന്തകൾ അയാളിലക്ക് ഇരച്ച് കയറി. പ്രണയത്തെ ന്യായീകരിക്കും വിധം ഒരു മറുപടി എഴുതാനായി അയാൾ തല പുകഞ്ഞാലോചിച്ചു. അപ്പോൾ കുറേ ന്യായീകരണങ്ങൾ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി.. (തുടരും).
Kadarsha
Kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക