Slider

കിറ്റ്കാറ്റ്

0
കിറ്റ്കാറ്റ്
---------------
രാവിലെ തന്നെ ഉണർന്നാൽ ആദ്യത്തെ കർമ്മം ഇപ്പോൾ ഫേസ്ബുക്ക് എടുത്ത് പുതിയ രചനകളുടെ കണക്കെടുക്കുക എന്നതാണ്. അത് കഴിഞ്ഞാൽ ഒരു കപ്പ് ചായയുമായി ലാപ്ടോപ്പിന്റെ മുമ്പിൽ വന്നിരിക്കും. പിന്നെ വായനയും ലൈക്കും കമന്റും ഒക്കെയാണ് നേരംപോക്ക്. അല്ല, നേരമ്പോക്കല്ല. ഇപ്പൊ ഇതാണെന്റെ ലോകം. അങ്ങിനെ വന്നിരുന്നപ്പോളാണ് ദിവ്യ എഴുതിയ 'അനോസ്മിയാ നല്ല സുഖമുള്ള അസുഖം' എന്ന രചന വായിച്ചത്. വായിച്ചു തീർന്നതും ഒരു ഇരുപത് വര്ഷം പുറകിലേക്ക് ഒന്ന് സഞ്ചരിച്ചു പോയി.
ഇരുപത് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1997 ജൂലൈ ഇരുപത്തിരണ്ടാം തിയ്യതി. അന്ന് ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന കാലം. ചെറിയ രീതിയിൽ ശ്വാസം മുട്ട് രോഗിയായിരുന്നത്കൊണ്ട് സ്കൂളിലും വീട്ടിലും കളികളിൽ ഒന്നും ഞാൻ ഏർപെടാറില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ലാട്ടോ. അസുഖം എന്നെ ഒന്നിനും സമ്മതിക്കാറില്ല. അതുകൊണ്ട് തന്നെ പഠനമാണ് എനിക്ക് താല്പര്യം. മിടുക്കിയായി പഠിക്കുന്ന എനിക്ക് (അന്നത്തെ കാര്യമാണുട്ടോ. അസുഖം മാറിയതോടെ പഠിപ്പും സ്വാഹാ...) അന്ന് ക്ലാസ്സിൽ ഏതോ ടെസ്റ്റ് പേപ്പറിന് ഫുൾ മാർക്ക് കിട്ടി.
അന്നൊക്കെ ടീവിയിൽ പരസ്യങ്ങളുടെ അതിപ്രസരം ഇന്നത്തെ അത്ര ഇല്ല. കിറ്റ്കാറ്റിന്റെ പരസ്യം കണ്ട ഞാൻ കൊതിമൂത്ത് നടക്കുന്നു. അസുഖക്കാരിയായത്കൊണ്ട് എനിക്കെന്ത് വാങ്ങിത്തരാനും അച്ഛനും അമ്മയ്ക്കും പേടിയാണ്. എന്ത് തിന്നുമ്പോളും തൊണ്ടയിൽ കുടുങ്ങുകയും പിന്നെ ചുമയും ശ്വാസം മുട്ടും വരികയും പതിവാണ്. അതുകൊണ്ട് ഇഷ്ടമുള്ളതൊന്നും തിന്നാൻ പറ്റാറില്ല. പക്ഷെ പരീക്ഷയുടെ വിജയത്തിന്റെ സന്തോഷത്തിൽ എനിക്ക് കിറ്റ്കാറ്റ് തിന്നണം എന്ന് വാശി പിടിച്ചു.
എന്റെ വാശിക്കുമുന്നിൽ എന്നും അച്ഛനും അമ്മയും തോറ്റു തന്നിട്ടേ ഉള്ളു. അതുകൊണ്ട് തന്നെ കിറ്റ്കാറ്റ് വാങ്ങുന്ന കാര്യം തീരുമാനമായി. അന്ന് അതിന് പത്തുരൂപയാണെന്നാണ് എന്റെ ഓർമ്മ. അന്ന് പത്തു രൂപക്ക് മിട്ടായി വാങ്ങുന്നതൊക്കെ സാധാരണക്കാരിൽ താഴെയുള്ള സൗകര്യത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് അഹങ്കാരമാണ്. എന്നാലും വാങ്ങി തരാമെന്ന് അമ്മ സമ്മതിച്ചു. അച്ഛന്റെ അനുവാദമില്ലാതെ അങ്ങനൊരു പതിവില്ലാത്തതാണ്. അച്ഛൻ വീട്ടിൽ ഇല്ലായിരുന്നതുകൊണ്ടോ എന്തോ അമ്മ പണം തന്നു.
ഞാനും എന്റെ ചേച്ചിയും കൂടി അത് വാങ്ങിവന്നു. ഒരു ചെറിയ പങ്ക് എനിക്കും ചേച്ചിക്കും തന്ന് ബാക്കിയുള്ളതിൽ നിന്ന് മൂത്ത ചേച്ചിക്കും ചേട്ടനും അച്ഛനും ഒക്കെ എടുത്തു വച്ചു. അമ്മ കഴിച്ചോ എന്ന് എനിക്കിന്നും നിശ്ചയമില്ല.
അച്ഛൻ വരുമ്പോളേക്കും കടയിൽ പോയി വരാമെന്ന് പറഞ്ഞ് അമ്മ പോയി. അല്പം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. പിന്നെ ചേട്ടനും ചേച്ചിയും വന്നു. പിന്നെയും വീട്ടിൽ ആരൊക്കെയോ വരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയും എനിക്ക് കിട്ടിയില്ല. എല്ലാവരുടെയും ഭാവങ്ങൾ മാറുന്നുണ്ട്. പക്ഷെ എന്നോടാരും ഒന്നും പറഞ്ഞില്ല.
ഏറെ നേരം കഴിയും മുൻപ് ബന്ധുക്കളൊക്കെ വന്നു. എന്നെയും ചേച്ചിമാരേയും കസിന്സിനെയും ഒക്കെ ചെറിയച്ഛന്റെ വീട്ടിലേക്ക് കൊണ്ട് പോയി. എനിക്ക് സത്യത്തിൽ അപ്പോൾ സന്തോഷമായിരുന്നു. അപ്രതീക്ഷിതമായി എല്ലാവരെയും കാണാൻ പറ്റിയല്ലോ...
പിറ്റേന്ന് ഞങ്ങളെ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോളാണ് സംഗതികൾ എനിക്ക് ഏകദേശം പിടി കിട്ടിയത്. അമ്മക്ക് ആക്‌സിഡന്റ്. തലയിൽ ചുറ്റികെട്ടി വച്ചിരിക്കുന്നു. അമ്മയുടെ ആ രൂപം എന്റെ ഉള്ളിൽ ആദ്യം പേടിയാണുണ്ടാക്കിയത്. സങ്കടം വന്നപ്പോൾ കരയാൻ തോന്നിയെങ്കിലും അന്നും ഇന്നും ഞാൻ മറ്റുള്ളവരുടെ മുമ്പിൽ കരയാതെ പിടിച്ചു നിൽക്കും.
ദിവസങ്ങൾ കഴിഞ്ഞ് അമ്മയെ വീട്ടിൽ കൊണ്ട് വന്നപ്പോളും ആ മുറിവ് കാണുമ്പോൾ എനിക്ക് ഭയം തന്നെ ആയിരുന്നു. തലക്ക് ഏറ്റ ക്ഷതത്തിൽ ഏതോ ഞരമ്പ് മുറിഞ്ഞു പോയെന്നും അമ്മക്ക് ഇനി ഒരിക്കലും ഒരു ഗന്ധവും കിട്ടില്ല എന്നും പിന്നീടാണറിഞ്ഞത്.
ആദ്യമൊക്കെ അതൊരു നല്ല അസുഖമാണെന്നാണ് കരുതിയത്. പക്ഷെ പിന്നീടാണ് അതിന്റെ ഭവിഷ്യത്ത് മനസ്സിലായത്. നാവിന്റെ രുചിക്ക് ആക്കം കൂട്ടുന്ന കൊതി പിടിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗന്ധം അമ്മക്കിന്നും അന്യമാണ്. അതിലും കഷ്ടം അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്‌താൽ ഒന്നും അമ്മക്ക് മനസ്സിലാവില്ല എന്നതാണ്. അന്നൊക്കെ ആ അവസ്ഥ വല്ലാത്ത പേടി എല്ലാവരിലും ഉണ്ടാക്കിയിരുന്നു. ഇരുപത് വർഷമായി അമ്മ ഈ അസുഖത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇരുപത് വർഷങ്ങൾ കഴിഞ്ഞു. അന്ന് കിറ്റ്കാറ്റ് തിന്നത് കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത് എന്ന മിഥ്യാ ധാരണ ഇന്നും മനസ്സിൽ കിടക്കുന്നു. ജീവിതത്തിൽ ആദ്യമായി കിറ്റ്കാറ്റ് തിന്നപ്പോൾ കിട്ടിയ സന്തോഷം എന്നെന്നേക്കുമായി അവിടെ അവസാനിച്ചു. പിന്നീട് ഇന്ന് വരെ ഞാൻ കിറ്റ്കാറ്റ് കഴിച്ചിട്ടില്ല.
നോട്ട്: ഇതൊരു നുണക്കഥയല്ല. ഒരിറ്റുപോലും വെള്ളം ചേർക്കാത്ത പച്ചയായ സത്യം.

samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo