Slider

പകരം

0
പകരം
=====
ക്യാന്റീനിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴും അവളുടെ മനസ്സ് ഏതോ ലോകത്തിലായിരുന്നു. ഈയിടെയായി ചെയ്യുന്നതൊക്കെ യാന്ത്രികമായി തോന്നുന്നു. ഡോക്ടർ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.. "നിങ്ങളുടെ ഗര്ഭപാത്രത്തിനു ഒരു കുഞ്ഞിനെ താങ്ങാനുള്ള കഴിവില്ല".
ദൈവങ്ങളെ അന്ന് മുതൽ അവൾ വെറുക്കാൻ തുടങ്ങി. മനുഷ്യരെ ഒരിക്കലും ശപിച്ചിട്ടില്ലാത്ത അവൾ ദൈവങ്ങളെ ശപിക്കാൻ തുടങ്ങി. കുടുംബം ഒത്തുകൂടുന്നിടത്തു നിന്നും അവൾ ഒഴിഞ്ഞു മാറാൻ തുടങ്ങി..പലപ്പോഴും ആത്മഹത്യയെ കുറിച്ചോർത്തെങ്കിലും ഒരിക്കലും കുറ്റപ്പെടുത്താതെ എന്നും തന്നോടൊത്തു നിൽക്കുന്ന ആനന്ദിന്റെ മുഖം..അവന്റെ രാധികേ എന്നുള്ള വിളി.. അവളെ പലപ്പോഴും പിന്തിരിപ്പിച്ചു.
"രാധികേ നിനക്ക് ചായ മാത്രം മതിയോ.. ഞാൻ ഒരു പ്ലേറ്റ് ദോശക്കു ഓർഡർ ചെയ്തിട്ടുണ്ട്.. അതും കഴിച്ചു നമുക്കൊരു സിനിമക്ക് പോയാലോ"?
എന്നെ സന്തോഷിപ്പിക്കാൻ ആനന്ദ് എത്ര നന്നായി അഭിനയിക്കുന്നു.. തന്നോട് സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾ അടുത്ത സീറ്റിലിരുന്ന അമ്മയിലും കുഞ്ഞിലുമാണന്നു അവൾക്കു മനസ്സിലായി. അവളുടെ മനസ്സ് വീണ്ടും നീറിപുകഞ്ഞു. ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങി ഓട്ടോക്ക് കാത്തു നിൽക്കുമ്പോഴാണ് ഒരു കാർ അവർക്കു മുന്നിലായി വന്നുനിന്നത്. അതിൽ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഒരമ്മ തന്റെ കുഞ്ഞിനെ വാരിയെടുത്തു കാഷ്വാലിറ്റിയിലേക്ക് ഓടുന്നു. കൂടെ ആണുങ്ങളാരുമില്ല.. ആനന്ദ് രാധികയുടെ അനുവാദം പോലും ചോദിയ്ക്കാൻ നിൽക്കാതെ അവരുടെ പിന്നാലെ ഓടി. ആനന്ദിന്റെ പിന്നാലെയെത്തിയ രാധിക കണ്ടത് ഒരു പെൺകുഞ്ഞിനെയും മടിയിൽ വച്ചിരിക്കുന്ന ആനന്ദിനെയാണ്.അവൻ ആകെ വിയർത്തുതളർന്നിരിക്കുന്നു. രാധികയെ കണ്ടതും അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു. ആരാ ഏതാ എന്നൊന്നും അറിയില്ല.. കുഞ്ഞ് അപകടനിലയിലാണ്. കരൾരോഗം..കരൾ മാറ്റിവെക്കാതെ നിവൃത്തിയില്ല. സാമ്പത്തികമായികുഞ്ഞിനെ സഹായിക്കാൻ പല സംഘടനകളും വന്നിട്ടുണ്ട്. പക്ഷെ കുഞ്ഞിന് കരൾ നല്കാൻ ആരും തയ്യാറല്ല. അച്ഛനില്ലാതെയുണ്ടായ കുഞ്ഞാണ്. അതിന്റെ 'അമ്മ ആകെ തളർന്നിരിക്കുന്നു. അവരുടെ കരൾ ഈ കുഞ്ഞിന് നല്കാൻ പറ്റില്ലാന്ന് ഡോക്ടർമാർ പറഞ്ഞത്രേ. ഇന്നലെ വൈകിട്ട് രോഗം കുറഞ്ഞതിനെ തുടർന്ന് അവർ ഡിസ്ചാർജ് വാങ്ങി പോയതാണത്രേ.. ഇന്ന് രാവിലെആയപ്പോഴേക്കും വീണ്ടും രോഗം മൂർച്ഛിച്ചു.. ഇനി ലിവർ ട്രാൻസ്‌പ്ലാന്റഷൻ അല്ലാതെ മറ്റൊരു മാർഗവുമില്ല.അവരുടെ കൂടെ വന്ന ഡ്രൈവർ പറഞ്ഞുനിർത്തി. ആനന്ദിന്റെ കൈയിലിരിക്കുന്ന മഞ്ഞ നിറമുള്ള കുഞ്ഞിനെ രാധിക കണ്ണിമയ്ക്കാതെ നോക്കിനിന്നു. തൊട്ടടുത്തിരുന്നു കൈകൾ കൂപ്പി കാണാമറയാതിരിക്കുന്ന ദൈവത്തെ വിളിക്കുന്ന ആ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ചപ്പോൾ രാധികക്ക് തന്നിലൂടെ എന്തോ.. തിരിച്ചറിയാൻ പറ്റാത്ത എന്തോ ഒന്ന് കടന്നുപോകുന്നതായി തോന്നി.
ടെസ്റ്റ് എല്ലാം നടത്തി.. രാധികയുടെ കരൾകുഞ്ഞിന് ചേരുന്നതായിരുന്നു. സന്തോഷത്തോടെ അവൾ തന്റെ കരൾ ആ കുഞ്ഞിന് പകുത്തു നൽകി.
ഇതുപോലൊരു ഭാര്യയെ കിട്ടിയതാണ്തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു പറഞ്ഞു തന്റെ തലയിൽ വിരലോടിക്കുന്ന ആനന്ദ്..അവൾക്കു പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം അനുഭവപ്പെട്ടു. കുഞ്ഞിനെ ഉടനെയൊന്നും കാണാൻ പറ്റില്ലെങ്കിലും അവൾ സുഖം പ്രാപിച്ചുവരുന്നതിൽ അവൾ സന്തോഷിച്ചു. പല സംഘടനകളും സ്വരുക്കൂട്ടിയ ഒരു തുക പഞ്ചായത്തു പ്രസിഡന്റ് അവൾക്കു നൽകാൻ ശ്രമിച്ചെങ്കിലും രാധികയും ആനന്ദും അത് സ്നേഹപൂർവ്വം നിരസിച്ചു. രണ്ടാഴ്ച കഴിഞ്ഞു ആശുപത്രിയിൽനിന്നും തിരികെ പോകുമ്പോൾ കൊണ്ടുപോകാൻ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരമ്മയുടെ പ്രാർഥനയും ഏറെ സന്തോഷവും കൂടെയുള്ളതായി അവർക്കു തോന്നി.
മാസങ്ങൾകഴിഞ്ഞു.. രാധിക വീണ്ടും ജോലിക്കു പോയി തുടങ്ങി. ദൈവങ്ങളെ വെറുത്തിരുന്നു അവളിപ്പോൾ ആരും കാണാതെ ആ കുഞ്ഞിന് വേണ്ടി പ്രാർഥിക്കാറുണ്ട്. ഒരു ഞായറാഴ്ച ഉച്ച കഴിഞ്ഞു ഒരു സിനിമയും കണ്ടു പുറത്തു നിന്നും ഭക്ഷണവും കഴിച്ചു രാധികയും ആനന്ദും വീട്ടിലെത്തുമ്പോൾ മുറ്റത്തു തുമ്പിക്ക് പിന്നാലെ നടക്കുന്ന നീല ഫ്രോക്കിട്ട ഒരു പെൺകുട്ടി. വീടിന്റെ വരാന്തയിലെ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്ന സ്ത്രീ.. അന്ന്ആശുപത്രിയിൽ കണ്ട മുഖം..ആനന്ദ്ഓടിച്ചെന്നു കുഞ്ഞിനെ വാരിയെടുത്തു.അവളുടെ മഞ്ഞനിറമൊക്കെ പൂർണമായും മാറിയിരിക്കുന്നു. രാധികയെ കണ്ടതും ആ സ്ത്രീ ഓടി വന്നു കെട്ടിപിടിച്ചു. അവരുടെ കണ്ണുനീർ അവളുടെ ചുമലിലൂടെ താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു.
അകത്തു ചായ കുടിച്ചിരിക്കുമ്പോൾ ആ സ്ത്രീ ചോദിച്ചു.. എവിടെ നിങ്ങളുടെ കുഞ്ഞ്? ആനന്ദിന്റെ മുഖം വിവർണമാകുന്നത് കണ്ടു രാധിക വേഗത്തിലും അല്പം ഒച്ചകൂട്ടിയും പറഞ്ഞു "ഞങ്ങൾക്ക് കുട്ടികളില്ല.. എനിക്ക് പ്രസവിക്കാൻ കഴിയില്ല... എന്റെ ഗര്ഭപാത്രത്തിനു ഒരു കുഞ്ഞിനെ താങ്ങാൻ ശേഷിയില്ല". കൂസലില്ലാതെയുള്ള രാധികയുടെ മറുപടി ആനന്ദിനെ അമ്പരപ്പിച്ചു.
കുറച്ചു നേരത്തേക്ക് അവിടമാകെ നിശബ്ദത തളം കെട്ടി നിന്നു.
"നിങ്ങളുടെകുഞ്ഞിനെ ഞാൻ പ്രസവിച്ചുതരട്ടെ"? പെട്ടന്നുള്ളആ ചോദ്യം കേട്ട്ആനന്ദുംരാധികയും ഒന്ന് ഞെട്ടി..
"എനിക്ക് പണമൊന്നും വേണ്ട.. നമുക്ക് നാളെ തന്നെഒരു ഡോക്ടറെ പോയി കാണാം"...
വീണ്ടും മാസങ്ങൾ കഴിഞ്ഞുപോയി..ലേബർ റൂമിനു മുന്നിൽ ആനന്ദും രാധികയും അക്ഷമരായി കാത്തിരുന്നു. മഞ്ഞനിറം മാറിയ പെൺകുഞ്ഞു ആനന്ദിന്റെ മടിയിലിരുന്ന് ഉറങ്ങുന്നു. ഏകദേശം പുലർച്ചെ അഞ്ചു മണിയായിക്കാണും. നേഴ്സ് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞുമായി പുറത്തേക്കു വന്നു.ഒരു പെണ്കുഞ്ഞു.. ആ കുഞ്ഞിനെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോൾ പ്രസവിച്ചില്ലെങ്കിലും മാതൃത്വം എന്താണെന്നു രാധിക അറിയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ലേബർ റൂമിൽനിന്നും അവരെ ഉച്ചയോടെ റൂമിലേക്ക് മാറ്റി.
സ്റ്റീൽ പാത്രത്തിൽ നിന്നും പൊടിയരിക്കഞ്ഞി കോരിക്കൊടുക്കുന്ന രാധിക. സന്തോഷത്തോടെ അത് കുടിക്കുന്ന മഞ്ഞനിറമുണ്ടായിരുന്ന കുഞ്ഞിന്റെ 'അമ്മ.. അതുകണ്ടപ്പോൾ ആനന്ദിന്റെ മനസ്സ് പറഞ്ഞു.. "മനുഷ്യത്വം മരിച്ചിട്ടില്ല"!!..
ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ സന്തോഷത്തിനായി തന്റെ കരൾ പകുത്തു നൽകിയപ്പോൾ അവർ പ്രതിഫലമായി തിരിച്ചു നൽകിയത് അവൾക്കൊരു പുനർജ്ജന്മം തന്നെ ആയിരുന്നു. ദൈവം ചിലപ്പോൾ താമസിപ്പിക്കും.. പക്ഷെ ഒരിക്കലും മറക്കാറില്ല.
UmaPradeep, 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo