Slider

കുമാരചരിതം

0
Image may contain: 1 person, beard

“ഡാ കുമാരാ, നീയിതു കുടിച്ചിട്ട് ഗ്ലാസ്സിങ്ക്ട് തന്നേന്‍....”
മയക്കത്തിലായിരുന്ന കുമാരന്‍ ചാടിയെണീറ്റ് ഗ്ലാസ്സിനായി കൈ നീട്ടിയതും അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നതും ഒരുമിച്ച്...
അയല്‍പ്പക്കത്തെ വീട്ടിലെ കല്യാണത്തലേന്ന് ഓടിനടന്ന്‍ പണിയെടുത്തതിന്‍റെ ക്ഷീണത്തില്‍, കല്യാണദിവസം ഊണുകഴിഞ്ഞുള്ള വെടിപറച്ചിലിനിടയില്‍ അറിയാതെ അങ്ങ് ഒറങ്ങിപ്പോയതാ നമ്മടെ കുമാരന്‍ ആശാരി. കുലുക്കിവിളിച്ചിട്ടും ഉണരാതിരുന്നപ്പോള്‍ രാജേട്ടനു തോന്നിയ കുസൃതിയാണ് ആദ്യം കേട്ടത്. എത്ര ഒറക്കത്തിലാണേലും കുടിക്കാന്‍ കൊടുത്താല്‍ കുമാരന്‍ എണീക്കും, അതാ....
“മനുഷ്യനെ ഒരു മാതിരി ആക്കരുത് ട്ടാ, രാജേട്ടാ നിങ്ങള്...”
“നീ പെണങ്ങല്ലേ കുമാരാ, ഇന്നലത്തേല് ഇനിം ബാക്കീണ്ട്, നമുക്ക് എടുക്കാടാ, നീയാദ്യം ആ മേശേം കസേരേം ഒക്കെ അടുക്കാന്‍ കൂട്....”
ഇതുകേട്ടതും കുമാരന്‍ വീണ്ടും ഉത്സാഹിയായി.
അതെ, കുമാരന്‍ എന്നും ഉത്സാഹിയായിരുന്നു... ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ സെന്ററില്‍ നിന്നും വീട്ടിലേയ്ക്കുള്ള വഴിയ്ക്ക് എനിക്ക് കൂട്ടു കിട്ടിയത് കുമാരനെയായിരുന്നു. വായനശാല എത്തിയപ്പോള്‍ അവിടെ മറ്റു കൂട്ടുകാര്‍ കൂട്ടം കൂടി നിന്ന്‍ എന്തോ പറഞ്ഞ് ഭയങ്കര ചിരി. ചെന്നപാടേ കുമാരന്‍ അവരടെ കൂടെ ചേര്‍ന്ന് ഒടുക്കത്തെ ചിരി. അന്തംവിട്ട ഞാന്‍ അയാളോട് ചോദിച്ചു, “ന്‍റെ കുമാരാ, നമ്മള്‍ ഒന്നിച്ചല്ലേ ഇവിടെവരെ വന്നേ, പിന്നെ തനിക്ക് മാത്രം എങ്ങനെ മനസ്സിലായി അവരെന്തിനാ ചിരിക്കണേ-ന്ന്...???”
“എന്ത് മനസ്സിലായീന്ന്, നമ്മള്‍ അവര് ചിരിക്കുമ്പോ കൂടെ ചിരിക്ക്യാ, പിന്നെ സാവകാശം കാര്യം ചോദിച്ചു മനസ്സിലാക്കാല്ലോ.... എല്ലാം ചോച്ചറിഞ്ഞ് ചിരിച്ചുവരുമ്പോ നമ്മള്‍ ഒറ്റയ്ക്ക് ചിരിക്കാറാവില്ലേ....”
അതെനിക്ക് പുതിയ അറിവായിരുന്നു, നിറകണ്ണോടെ നമിച്ചുപോയി....
ഒരു ദിവസം അമ്പലത്തീന്ന് വരുമ്പോള്‍ എന്‍റെ കൂടെ ചന്ദ്രനും ഉണ്ടാര്‍ന്നു , അതായത് കുമാരന്‍റെ ഒരു ബന്ധു. പിന്നില്‍നിന്നും ഒരു സൈക്കിള്‍ ബെല്‍ കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കുമാരന്‍. “ഡാ ചന്ദ്രാ, ഒന്ന് നിക്ക്ട്ടാ...” പറഞ്ഞതും ചന്ദ്രന്‍റെ നടത്തം വളരെ പതുക്കെയായി. എന്നാല്‍ കുമാരന്‍ സൈക്കിള്‍ നിര്‍ത്താതെ, ഞങ്ങളെ കടന്നുപോയി. മുന്നിലെ വളവും തിരിഞ്ഞു പോയ കുമാരന്‍ സൈക്കിള്‍ തള്ളിക്കൊണ്ട് അവിടന്നു തിരിച്ചുവരുന്നു. “നിക്കാന്‍ പറഞ്ഞിട്ട് സൈക്കിള്‍ നിര്‍ത്താതെ കടന്നുപോയിട്ട് ഇപ്പൊ തിരിച്ചുവരുന്നോ....???” എന്ന അര്‍ത്ഥത്തില്‍ തുറിച്ചുനോക്കിയ എന്നെ ഒന്ന് കണ്ണിറുക്കിക്കാട്ടീട്ട് കുമാരന്‍ പറഞ്ഞു, “സൈക്കിളിന് ബ്രേക്കില്ലടോ, ആ വളവു തിരിഞ്ഞ് ആ കേറ്റത്ത് എത്തിയാ വണ്ടി താനേ നിന്നോളൂല്ലോ, അപ്പൊ അവിടന്ന് തള്ളീട്ടു ഇങ്ങു പോന്നതാ....” ആ പ്രകൃതം അറിയാവുന്നോണ്ടാണ് ചന്ദ്രന്‍ സ്ലോ ആക്കീത്....
“അതുശരി, അതിനാണ് ആളില്ലാണ്ട് കെടക്കണ സാമീടെ പടിക്കലേയ്ക്ക് സൈക്കിള്‍ ഓടിച്ചുകേറ്റി പിന്നെ തിരിച്ച് തള്ളിക്കൊണ്ട് തന്‍റെ വീട്ടിലേയ്ക്ക് പോവാറുള്ളത് ല്ലേ, ഇപ്പോളല്ലേ കാര്യം പിടികിട്ടീത്....”
മറുപടിയായി കുമാരന്‍ മൂളിക്കൊണ്ട് ഇന്നസെന്റ് മോഡല്‍, നാണച്ചിരി ചിരിച്ചു.....
വായനശാലയില്‍ പട പറഞ്ഞിരിക്കുമ്പോളാണ് ഒരിക്കല്‍ ഒരു പാണ്ടിലോറിക്കാരന്‍ അടുത്തുള്ള ഓട്ടുകമ്പനിയിലേയ്ക്കുള്ള വഴി ചോദിയ്ക്കണത്. യാതൊരു സങ്കോചവും കൂടാതെ കുമാരന്‍ തമിഴില്‍ തന്നെ അയാള്‍ക്ക് വഴി പറഞ്ഞുകൊടുക്കുകയായിരുന്നു....
“അണ്ണേയ്, ഇവിടന്നു നേരെ പോയി ഫസ്റ്റ് ലെഫ്റ്റ് എടുത്ത് ശകലം പോയാ മതി, കമ്പനി കാണാം, ഡേയ്....”
വിഷുസംക്രാന്തീടന്ന് പതിവിലേറെ പണിയെടുത്ത് തളര്‍ന്ന് എളിയ്ക്ക് കൈയും കൊടുത്ത് നിന്നിരുന്ന അമ്മയോട് കുമാരന്‍ വര്‍ത്തമാനം പറയുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ കുളി കഴിഞ്ഞ് വീട്ടിനകത്തേയ്ക്ക് കേറുന്നത്.... ബഹുമാനപുരസ്സരം എന്‍റെ അമ്മയെ, അമ്മായി എന്നാണ് കുമാരന്‍ വിളിക്കാറ്...
“അമ്മായ്യേ, ചേട്ടേനെ ഒക്കെ കളഞ്ഞോ...??” (സംക്രാന്തീടെ അന്നത്തെ ചേട്ടയെ കളയല്‍) എന്ന ചോദ്യം കേട്ടുകൊണ്ടാണ് ഞാന്‍ ഉമ്മറത്തേക്ക് ചെല്ലുന്നത്.... ഒടനെ എന്നെ ചൂണ്ടി കുമാരന്‍,
“ഇല്ല്യല്ലോ, ചേട്ട പോയിട്ടില്ല-ല്ലോ, ദേ വരുണൂ-ന്ന്....”
അന്ന് മുഴുവന്‍ അമ്മയും ചേച്ചീം എന്നെ കാണുമ്പോ കാണുമ്പോ ഊറിയൂറി ചിരിക്കണ കാണാര്‍ന്നു.....
മറ്റെല്ലാ പണികളും ചെയ്യാന്‍ മിടുക്കന്‍ ആയിരുന്ന കുമാരന്‍ സ്വന്തം കുലത്തൊഴിലില്‍ മാത്രം, അത്ര പോരായിരുന്നു. മനയ്ക്കലെ പൊളിഞ്ഞുപോയ ചവിട്ടുപടി നന്നാക്കാന്‍ പോയതാ കുമാരന്‍... പടിയൊക്കെ കെട്ടി തേപ്പും കഴിഞ്ഞ് വൈകീട്ട് കൂലി വാങ്ങാന്‍ സമയമായപ്പോള്‍ തിരുമേനി വന്നിട്ട് പറഞ്ഞു,
“കുമാരാ, നീ കെട്ടിയ പടി കണ്ടപ്പോഴാ, ന്‍റെ ഇല്ലത്തിനൊരു ചെരിവുണ്ടെന്ന് മനസ്സിലായത്....”
കുമാരന്‍ കൂലിപോലും വാങ്ങാതെ അവിടന്ന്‍ അപ്രത്യക്ഷനാവുകയായിരുന്നു.....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo